Tuesday, 27 November 2012


ഒരുപാട് ഇടവഴികളുളെളാരിടത്തു നിന്നും
ഒരിടവഴിയുമില്ലാതലഞ്ഞ്
എല്ലാ വഴികളിലുമിടവഴി തേടി
ഒടുവിലീ വഴി നടക്കുന്നു...
ഈ വഴിയും
വഴിയൊടുക്കത്തിലെ വീടും
അവിടത്തെ ഒറ്റമുറിക്കട്ടിലും
അവിടത്തെയാകാശവും

Thursday, 15 November 2012


നടന്ന്..പിന്നെയും നടക്കുന്ന വഴി

ഈ വഴി അത്രയേറെ പ്രിയമാര്‍ന്നതാണ്. ക്ലാസ്സ്മുറിക്കകത്തെ പുതിയ വലിയ പാഠങ്ങളോ, മറക്കാനാകാത്ത അധ്യാപന അനുഭവമോ ഒന്നുമായിരുന്നില്ല ഈ കാമ്പസിനെ അടുപ്പിച്ചത്. എന്തോ ഒന്ന് എന്ന് ഒറ്റവാക്കില്‍ പറയുന്നതിനേക്കാള്‍ ചിലതുകള്‍ എന്നു പറയാന്‍ തന്നെയാണിഷ്ടം.
 
തിരുവനന്തപുരം ജീവിതത്തിന്റെ ഉരുവപ്പെടലും പരുവപ്പെടലിന്റെയും തുടക്കം ഇവിടത്തെ ക്ലാസ്മുറിയിലെ തനിച്ചുതാമസത്തില്‍ നിന്ന്. ഏകാന്തത രത്‌നഖനിയാണെന്ന് പറഞ്ഞ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ വാക്കുകള്‍ അത്ര തിളങ്ങുന്ന രത്‌നഖനിയല്ലെന്ന് ഓര്‍മ്മപ്പെടുത്തിയ രാത്രിയുടെ ഒറ്റപ്പെടലുകള്‍, മൊബൈല്‍ഫോണ്‍ ശബ്ദം പോലും ഞെട്ടിച്ചുകളഞ്ഞ നെഞ്ചിടിപ്പുകള്‍... എന്റെ നിസ്സഹായതയും ഇല്ലായ്മയും സര്‍ഗ്ഗാത്മകതയും കണ്ട, സംസാരിച്ച ചുവരുകളും ബെഞ്ചുഡസ്‌ക്കുകളും, ഭൗതിക, രസതന്ത്ര ശാസ്ത്രജ്ഞന്മാരും ടെസ്റ്റ്യൂബുകളും...മുഖം നോക്കാന്‍ കണ്ണാടിയില്ലാതെ മുഖം മറന്നു. പിന്നെപ്പിന്നെ രാത്രിയും ദിവസങ്ങളും കടന്ന് ചങ്ങാത്തവും ഇഷ്ടവും മുഖവും തന്ന് കൂട്ടുകാര്‍. വിരലിലെണ്ണാവുന്ന ആ അഞ്ചാറിഷ്ടങ്ങള്‍.. ഇതെഴുതുന്ന ദിവസവും കണ്ടുമുട്ടും വിധം നീണ്ടുനില്‍ക്കുന്ന അടുപ്പങ്ങള്‍..നടവഴിയും ക്ലാസ്മുറിയും കടന്ന് വര്‍ഷം മൂന്നിലെത്തുമ്പോഴും തിരുവനന്തപുരം നഗരമാകെത്തന്നെയും വിട്ടുപോകാത്ത കണ്ണിയായി പിടിച്ചുനിര്‍ത്തിയ സമ്പത്ത്. ഇപ്പോള്‍ (മുന്‍പും) തോന്നുന്നുണ്ട്; ഇവിടെക്കിട്ടിയ പ്രണയങ്ങളേക്കാള്‍ എത്രയോ വില പിടിച്ചതാണ് ഈ സൗഹൃദങ്ങളെന്ന്...