ആദ്യ ഐഎഫ്എഫ്‌കെ മുതല്‍ മേളയുടെ ഭാഗമാകുകയും ആദ്യത്തെ സെലക്ഷന്‍ കമ്മിറ്റി അംഗവുമായ മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ എംഎഫ് തോമസ് സംസാരിക്കുന്നു
ഫിലിം സൊസൈറ്റികളുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയാണ് ചലച്ചിത്രോത്സവങ്ങള്‍. പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫിലിം സൊസൈറ്റികള്‍ നടത്തിയിരുന്ന ചലച്ചിത്രോത്സവങ്ങളുടെ തുടര്‍ച്ചയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള പോലെ ഇത്ര വലിയൊരു ഫെസ്റ്റിവെലിലേക്ക് നയിച്ചത്. അതില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനമുണ്ട്. ഇത്തരം ഫെസ്റ്റിവെലുകളാണ് നല്ല സിനിമയുടെ വേര് ഉറപ്പിക്കുന്നത്. 1952 ല്‍ ബോംബെയില്‍ നടന്ന ഫിലിമോത്സവ് ആണ് ഇന്ത്യയിലെ നവസിനിമയുടെ തന്നെ തുടക്കത്തിന് കാരണമായത്. അതേ മാതൃകയിലായിരുന്നു ലോക സിനിമയുടെ 100-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സൂര്യ നടത്തിയ ഫിലിം ഫെസ്റ്റിവെല്‍. 100 സിനിമകളാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചത്.
ഇതിനെ തുടര്‍ന്നാണ് ആദ്യത്തെ ഐഎഫ്എഫ്‌കെ പിറവിയെടുക്കുന്നത്. 1994 ല്‍ കോഴിക്കോട് നടന്ന ആദ്യ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ പതിപ്പ് കെ. ജയകുമാറിന്റെ നേതൃമികവ് കൊണ്ടുകൂടിയാണ് സാധ്യമായതെന്ന് ഓര്‍മ്മിക്കുന്നു. അദ്ദേഹം കോഴിക്കോട് കളക്ടര്‍ ആയിരുന്നു. ആ പരിചയങ്ങളും പിന്തുണയും സംഘാടനത്തിനും സ്‌പോണ്‍സര്‍ഷിപ്പിനുമെല്ലാം കോഴിക്കോട്ടെ മേളയ്ക്ക് സഹായകമായി. കെടിസിയുടെ അമരക്കാരനും നിര്‍മ്മാതാവുമായിരുന്ന പി. ഗംഗാധരന്റെയും കോഴിക്കോട്ടെ കലാ, സാംസ്‌കാരിക മേഖലയുടെയും വലിയ പിന്തുണ ജയകുമാറിന് ലഭിച്ചിരുന്നു. ആദ്യ ഫിലിം ഫെസ്റ്റിവെലിന് സെലക്ഷന്‍ ഒന്നും ഇല്ലായിരുന്നു.
1995 ല്‍ തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ ഐഎഫ്എഫ്‌കെയില്‍ സെലക്ഷന്‍ സമ്പ്രദായം നിലവില്‍ വന്നു. അന്ന് മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ പി.കെ നായര്‍, കെ.ജി ജോര്‍ജ്, ജോണ്‍പോള്‍ തുടങ്ങിയവര്‍ക്കൊപ്പം അംഗമായി പ്രവര്‍ത്തിക്കാനായത് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വലിയ അഭിമാനമായി തോന്നുന്നു. നടന്‍ സുകുമാരന്‍ ആയിരുന്നു കെഎസ്എഫ്ഡിസി ചെയര്‍മാന്‍.
അന്ന് ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത് വലിയ ആവേശമായിരുന്നു. ഒന്നൊന്നര മാസം മുമ്പ് തന്നെ മാനസികവും ശാരീരികവുമായി അതിന് തയ്യാറെടുപ്പ് നടത്തിയിരുന്നു. സിനിമയുമായി അടുത്ത ബന്ധമുള്ള എല്ലാവരും തന്നെ അന്ന് ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തിരുന്നു.
പിന്നീട് ഷാജി എന്‍ കരുണ്‍ അക്കാദമി ചെയര്‍മാന്‍ ആയി വന്നപ്പോഴാണ് വ്യക്തമായ ദിശാബോധത്തോടെ ഐഎഫ്എഫ്‌കെ നടത്താന്‍ തുടങ്ങിയത്. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ വന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ലോകസിനിമയെ കുറിച്ചും ലോക ചലച്ചിത്ര മേളകളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവും കാഴ്ചപ്പാടുകളും ഉള്ളതുകൊണ്ടാണ് ആ ദിശാബോധം സാധ്യമായത്.
സിനിമയെ സ്‌നേഹത്തോടെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ കുറവാണെന്ന് തോന്നിയിട്ടുണ്ട്. ആളുകള്‍ ചലച്ചിത്ര മേളയ്ക്ക് എത്തി സിനിമ കാണുന്നു, പോകുന്നു. അതിനപ്പുറം നല്ല സിനിമയ്ക്കു വേണ്ടി നിലകൊള്ളുകയോ പിന്നീട് അത്തരം സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പോയി കാണുകയോ ചെയ്യുന്നില്ല. പഴയ തലമുറ അങ്ങനെയല്ല. അവര്‍ നല്ല സിനിമയ്ക്ക് വേണ്ടി നിലകൊള്ളുകയും ജീവിക്കുകയും ചെയ്തവരാണ്.
ഒട്ടേറെ പുതിയ ചലച്ചിത്രകാരന്മാരെ സൃഷ്ടിക്കാനായി എന്നതാണ് ഐഎഫ്എഫ്‌കെയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു. പുതിയ കാലത്തെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരെല്ലാം ഐഎഫ്എഫ്‌കെയില്‍ സിനിമ കണ്ട് വളര്‍ന്നവരാണ്. സനല്‍കുമാര്‍ ശശിധരന്‍, സുദേവന്‍, സജിന്‍ബാബു എന്നിവര്‍ ഉള്‍പ്പടെ കുറേപ്പേരുണ്ട്. ഇപ്പോഴും നിരവധി പുതിയ സംവിധായകര്‍ വന്നുകൊണ്ടിരിക്കുന്നു.
സിനിമയുടെ സെലക്ഷന്‍ പ്രധാനം
ലോകത്താകെ പഴയതു പോലെ നല്ല സിനിമകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് സൂക്ഷ്മമായി നോക്കുമ്പോള്‍ മനസ്സിലാകുന്നത്. മുമ്പ് കാനിലും ബെര്‍ലിനിലും വെനീസിലുമെല്ലാം അവാര്‍ഡ് ലഭിച്ച സിനിമകള്‍ അത്ര മികവുറ്റതായിരിക്കും. സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു അവ. പക്ഷേ കുറച്ച് വര്‍ഷങ്ങളായി കാനില്‍ വരുന്ന സിനിമകള്‍ പലതും അത്ര നല്ലതല്ല.
ലോകത്ത് മുഴുവന്‍ ഉള്ള ഈ പ്രവണത നമ്മുടെ ഫെസ്റ്റിവെലിനെയും ബാധിച്ചിട്ടുണ്ട്. അങ്ങനെ ഐഎഫ്എഫ്‌കെയിലേക്ക് നല്ല സിനിമകള്‍ എത്തുന്നില്ല. പലതവണ ഫെസ്റ്റിവെല്‍ പ്രീ-സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ നിലവാരത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. മുമ്പ് ഒന്നിനോടൊന്ന് മെച്ചമുള്ള സിനിമകള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് ഏത് തെരഞ്ഞെടുക്കണം ഏത് ഒഴിവാക്കണം എന്നത് പ്രയാസകരമായ ജോലിയായിരുന്നു.
ഫെസ്റ്റിവെലിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലെ സിനിമകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന സിനിമകള്‍ നമ്മള്‍ തന്നെയല്ലേ ആദ്യം കാണേണ്ടത്. മലയാള സിനിമയിലും ഈ നിലവാരത്തകര്‍ച്ച ഉണ്ട്. സിനിമയോട് കമ്മിറ്റ്‌മെന്റ് വേണം. സിനിമയെടുക്കുന്നവര്‍ ആ ബോധ്യവും ചുമതലയും നിര്‍വ്വഹിക്കണം.
മത്സരവിഭാഗം ചിത്രങ്ങളില്‍ പോലും ഈ നിലവാരത്തകര്‍ച്ച ഉണ്ട്. തെരഞ്ഞെടുക്കാന്‍ നല്ല സിനിമയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍കൂടി നിലവാരമില്ലാത്ത സിനിമകള്‍ തെരഞ്ഞെടുക്കാതിരിക്കാം. മോശം സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും. അത് നമ്മുടെ ചലച്ചിത്ര മേളയുടെ നിലവാരത്തെയും ബോധിക്കും. അത് ഗൗരവത്തോടെ കാണണം.
സമകാലിക ജനപഥം, 2025 ഡിസംബര്‍



.jpeg)
.jpeg)


.jpeg)

.jpeg)








