ഐ എഫ് എഫ് കെ-2012
നോസ് വെമോസ് പാപ്പാ
മെക്‌സിക്കോ/2011
ഏറ്റവും പ്രിയപ്പെട്ട ഒന്ന് നമുക്ക് തൊട്ടടുത്തുതന്നെ ഉണ്ടെന്ന തോന്നലുണ്ടായാല്‍ ലോകത്തിന്റെ ഒരറ്റത്തേയ്ക്കും സഞ്ചരിക്കേണ്ടതില്ല. ചിലത്, ചില ബന്ധങ്ങള്‍ അങ്ങനെയാണ്. നമ്മളെല്ലാം ഉണ്ടായ കാലം മുതലേ അന്വേഷിക്കുകയും ആവശ്യപ്പെടുകയും എത്തപ്പെടുകയും നഷ്ടപ്പെടുകയും പിന്നെയും തേടിനടക്കുകയും ചെയ്ത വികാരവിശേഷങ്ങള്‍. സ്‌നേഹം, വാത്സല്യം, പരിചരണം ഇങ്ങനെ പല പേരുകളിലുള്ള അന്വേഷണവും അനുഭവിക്കലും തുടരുന്നു. മനുഷ്യജീവിതത്തിന്റെ, അല്ലെങ്കില്‍ ജീവജാലങ്ങളുടെയാകെ ജീവിതത്തിന്റെ വലിയ ശരിയും സാധ്യതയുമാണത്.
ഇവിടെ ഈ സിനിമയില്‍ പിലാറിന് അച്ഛന്റെ മരണത്തോടെ നഷ്ടമാകുന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്താണിയാണ്. പക്ഷേ, മരണത്തിനുമപ്പുറത്തൊരു ശരിയും ജീവിതവും ചില ബന്ധങ്ങള്‍ക്കുണ്ടെന്ന് ഇഷ്ടപ്പെടാനാണ് പിലാറിനുമിഷ്ടം. അച്ഛന്റെ ജീവസ്സുറ്റ സാന്നിധ്യം നഷ്ടമായത് അംഗീകരിക്കാതെ അവള്‍ അച്ഛനോടൊപ്പം ഭക്ഷണം കഴിക്കുന്നു, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുന്നു, സംസാരിക്കുന്നു..
മാനസികമായ ശരികേട് എന്ന് ചുറ്റുമുള്ളവര്‍ക്ക് തോന്നലുളവാകുമെങ്കിലും അവളെ സംബന്ധിച്ച് അത് വിഷയമേ ആകുന്നില്ല. അവള്‍ അവളുടെ ജീവിതവും ഇഷ്ടങ്ങളുമാണ് ജീവിച്ചുതീര്‍ക്കുന്നത്. മറ്റു സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് പുറം സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അവള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗംഭീരമായി പരാജയപ്പെടുന്നു. അച്ഛനുണ്ടായിരുന്ന വീടും അച്ഛന്റെ സാന്നിധ്യവും വിട്ട് മറ്റെങ്ങും പോകാനാവില്ലെന്നും പോകാനില്ലെന്നുമുള്ള തിരിച്ചറിവ് അവളെ അതേ മണ്ണില്‍ത്തന്നെ തിരിച്ചെത്തിക്കുന്നു.
പുതിയൊരു ജീവിതകാലവുമായി ഇണക്കിനോക്കിയാല്‍ ഏകാന്തതയെ മറികടക്കാന്‍ സ്‌നേഹം ആവശ്യപ്പെടുന്ന ഒരു കൂട്ടത്തെ പ്രതിനിധീകരിക്കാം. ഏറ്റവും ആവശ്യമായ ഒന്നിനെ/ചുറ്റുപാടിനെ മറികടന്ന് പോകുക പ്രയാസമാണ് എല്ലാവര്‍ക്കും. വലിയൊരു ഇഷ്ടത്തേയും ആവശ്യത്തേയും മറികടക്കാന്‍ ആര്‍ക്കും പറ്റില്ല. അതാണ് പിലാറിനും സാധിക്കാത്തത്. മറികടന്ന് പോകുന്നവരെല്ലാം അഭിനയിക്കാനറിയുന്നവരും ചായംതേച്ച മുഖങ്ങളുടേയും ചിരികളുടേയും കൂട്ടുകാരുമാകുന്നു. പിലാറിന്റെ അല്ലെങ്കില്‍ അതുപോലൊരു ജീവിതത്തിന് പതിവ് ജീവിതനിറങ്ങളല്ല പരിചിതം. അതിന്റേത് മങ്ങിയ നിറങ്ങളില്‍ നിറങ്ങള്‍ സൃഷ്ടിക്കലാണ്. സിനിമയില്‍ മുഴുവന്‍ ആ നിറങ്ങളാണ്. അല്ലാത്ത നിറങ്ങള്‍ വന്നുചേരുമ്പോള്‍ തന്നെ പെട്ടെന്ന് മങ്ങലിലേക്കും പിലാറിലേക്കും തിരിച്ചെത്തുന്നു. അതുതന്നെയാണ് സിനിമയുടേയും ജീവിതത്തിന്റെയും ശരി.
ഇവാന്‍സ് വുമണ്‍
ചിലി/2011
സ്പാനിഷ് ഭാഷ സംസാരിക്കുന്ന ചിലിയന്‍ സിനിമ ഇവാന്‍സ് വുമണ്‍ രണ്ട് മനുഷ്യരിലൂടെ മാത്രം നീങ്ങുന്നു. പുറംലോകം കാണാതെ ഇവാന്റെ വീട്ടില്‍ കുട്ടിക്കാലം മുതല്‍ കഴിഞ്ഞുപോരുകയാണ് നതാലിയ. ഒരര്‍ഥത്തില്‍ വളര്‍ത്തച്ഛനും മുഴുവന്‍ രക്ഷിതാവുമാണ് ഇവാന്‍. അധികം സംസാരിക്കാതെ വീടിനുള്ളിലെ നിഴലിലും ഇരുട്ടിലും നോട്ടങ്ങളിലും ഇവര്‍ സംവദിക്കുന്നു. സിനിമയുടെ സഞ്ചാരത്തിന്റെ താളവും അതാണ്. പുറംലോകത്തിന്റെ നിറങ്ങളൊന്നും അറിയാതെയും നതാലിയ ചിത്രങ്ങള്‍ വരയ്ക്കുന്നു. ലൈംഗികചോദനകള്‍ ഉണരുന്നതോടെ തെറ്റിനും ശരിക്കുമിടയില്‍പ്പെട്ട സംഘര്‍ഷത്തിനും പുറംലോകത്തിന്റെ സ്വാതന്ത്ര്യവും അവള്‍ ആഗ്രഹിക്കുന്നുണ്ട്.
ജനലിനപ്പുറത്തെ പകലിന്റെ വെളിച്ചം ആദ്യമായി അറിഞ്ഞുനില്‍ക്കുന്ന നതാലിയ വല്ലാത്തൊരു ചിത്രവും പ്രതീകവുമാണ്. വെളിച്ചം, മരം, മണ്ണ്, കടല്‍ ഓരോ കാഴ്ചകളും പുതിയ കാഴ്ചകളാകുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം വിശാലമാണ്. പക്ഷേ നതാലിയയ്ക്ക് അത് ഒട്ടും പരിചിതമല്ല. ഒടുവില്‍ ഓടിപ്പോകുന്നുണ്ടവള്‍. സ്വാതന്ത്ര്യത്തിനും തടങ്കലിനുമിടയില്‍ ഏതെടുത്തണിയണമെന്നും എന്തൂരിവയ്ക്കണമെന്നുമുള്ള ചോദ്യവുമായി നില്‍ക്കുമ്പോള്‍ നമുക്കും തെരഞ്ഞെടുപ്പ് അവശേഷിക്കുന്നു.
ഒന്നര മണിക്കൂറിനോടടുത്ത് ദൈര്‍ഘ്യമുള്ള സിനിമ രണ്ട് മനുഷ്യരിലൂടെയും ഒരു വീട്ടകത്തിലും മാത്രം ചുറ്റപ്പെടുന്നു. പക്ഷേ ഇവിടെ വിരസതയ്ക്ക് സ്ഥാനമേതുമില്ല. എന്നാല്‍ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏറെ സ്ഥാനവും ബാക്കിവയ്ക്കുന്നു.
റോസ്
പോളണ്ട്/2012
യുദ്ധവും അധിനിവേശവും നാശം വിതച്ച മണ്ണില്‍നിന്നും ഉയിര്‍ക്കൊളളുന്ന വിശുദ്ധപ്രണയത്തിന്റെ പേരാണ് റോസ്. രണ്ടാം ലോക മഹായുദ്ധമാണ് കാലവും ഭൂമികയും. ജര്‍മ്മന്‍ സൈനികന്റെ വിധവയായ റോസിനെ തേടിയെത്തുന്ന തദേയൂസ് എന്ന പട്ടാളക്കാരന്‍. തദേയൂസിനോട് ഒരു താത്പര്യവും കാണിക്കാത്ത റോസ്. പിന്നീട് അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന വലിയ ഇഷ്ടം. യുദ്ധത്തിനും നാശങ്ങള്‍ക്കുമപ്പുറം അത് പിടിവിടാതെ പിന്തുടരുന്ന ജനങ്ങളേയും അവര്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളേയും സിനിമ കാണിക്കുന്നു.
സത്യസന്ധതയാണ് റോസ് സിനിമയുടെ ആവിഷ്‌ക്കാരത്തിലെ പ്രത്യേകത. യുദ്ധം പശ്ചാത്തലമാണ്. തുടര്‍ന്നുളള പീഡനങ്ങള്‍ നമ്മുടേതു കൂടിയാക്കിമാറ്റുന്ന അനുഭവിപ്പിക്കല്‍. ഇങ്ങനെയൊക്കെയായിരുന്നു ഒരു ജനത അനുഭവിച്ചിരുന്ന കാര്യങ്ങള്‍ എന്ന ഞെട്ടിപ്പിക്കല്‍. പിന്നെ പ്രണയം. ശരീരത്തിനുമപ്പുറത്ത് നമുക്കൊക്കെ പലപ്പോഴും എത്തിപ്പിടിക്കാനും പൊരുത്തപ്പെടാനും പറ്റാത്ത പ്രണയമാണ് റോസും തദേയൂസും അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും. അങ്ങനെയാണ് റോസ് പ്രണയകാവ്യമായി മാറുന്നത്. റോസ് വേഗമേറിയ സിനിമയല്ല. ശബ്ദങ്ങളേക്കാള്‍ നിശബ്ദത ഭരിക്കുന്നുണ്ട് സിനിമയെ. അതുതന്നെയാണ് ഇതിനെ മികച്ചൊരു സൃഷ്ടിയാക്കി മാറ്റുന്നതും.
ദ റെപ്പറ്റന്റ്
അള്‍ജീരിയ/2012
തീവ്രവാദവും മതവിദ്വേഷവും തുടച്ചുനീക്കാന്‍ കഴിയാത്ത ഒന്നായി തുടരുകയും അത് സൃഷ്ടിക്കുന്ന ഇരകളുടെ ജീവിതത്തേയും കാണിച്ചുതരുന്നു ദ റെപ്പറ്റന്റ്. സാര്‍വ്വലൗകികമായ ഈ വിഷയം എല്ലാ രാജ്യങ്ങളേയും അതിര്‍ത്തികളേയും ഭരിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അള്‍ജീരിയയാണ് ഇവിടെ ഭൂമിക. മലയിടുക്കുകളില്‍നിന്നും ഗ്രാമത്തിലേക്ക് മടങ്ങിപ്പോരുകയാണ് റാഷിദ്. കീഴടങ്ങലിനും ദേശീയ ഐക്യത്തിനും നിയമം പാലിക്കുന്നതിനും തയ്യാറാവുന്നുണ്ട് ഇയാള്‍. എന്നാല്‍ത്തന്നെയും അവയൊന്നും മറികടക്കാനാകാതെ അതില്‍ത്തന്നെ പെട്ടുപോകുന്ന നിസ്സഹായാവസ്ഥയേയും നേരിടേണ്ടിവരുന്നു.
തോക്കിന്‍മുനയിലാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോഴും നന്മയ്ക്ക് വേണ്ടിയുളള ശ്രമം നടത്തുന്നു. ചോരയും മാംസവും മരണവും പ്രദര്‍ശിപ്പിക്കാതെ മൂന്ന് വെടിയൊച്ചകള്‍കൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ. യാഥാര്‍ഥ്യം ബോധ്യപ്പെടുന്ന കാഴ്ചക്കാരന് അത് മാത്രം മതി ഞെട്ടലുണ്ടാക്കാനും ഭീതി അവശേഷിപ്പിക്കാനും.
ടുഡേ
സെനഗല്‍-ഫ്രാന്‍സ്/2012
ജീവിതത്തിലെ ഏറ്റവും അവസാനദിവസത്തെയും ഏറ്റവും സര്‍ഗ്ഗാത്മകമായി നേരിടുകയാണ് സാച്ചേ. അന്ത്യദിനമാണെന്ന് അറിയാം അയാള്‍ക്ക്. കരഞ്ഞും ഭീതിപ്പെട്ടും അതിനെ നേരിടുന്നതിനു പകരം ജന്മനഗരത്തിലെ പരിചിതസ്ഥലികളിലൂടെ സഞ്ചരിക്കുകയാണയാള്‍. പ്രിയപ്പെട്ടവരെയെല്ലാം കാണുന്നു, ഇഷ്ടവൃത്തികളില്‍ ഏര്‍പ്പെടുന്നു. കൂട്ടുകാര്‍, അയല്‍ക്കാര്‍, നഗരം, നഗരവാസികള്‍... ഒരു ദിനമൊട്ടാകെ സാച്ചെ ജീവിതത്തെ കാണുന്നു. ദിനാന്ത്യത്തില്‍ തിരികെ വീടെത്തി, വീട്ടുകാരനായി, ഭര്‍ത്താവും പിതാവുമായി ചുമരുകളിലും നിലത്തും മുറ്റത്തെ പൊടിമണ്ണിലുമൊക്കെ തന്നെക്കണ്ട്, പടര്‍ത്തി എത്ര തട്ടിമാറ്റിയാലും പിന്നെയും പറ്റിക്കൂടുന്ന, എന്തൊക്കെ പറഞ്ഞുനോക്കിയാലും തിരികെ പ്രതികരിക്കാതെ നേര്‍ത്തൊരു ചിരിയും ചിരിച്ച് മരണമെത്തുമ്പോള്‍ സാച്ചെയ്ക്ക് കീഴടങ്ങാതെ വയ്യ.
മരണമോ അനുബന്ധവിശേഷ ബഹളങ്ങളോ സിനിമ കാണിക്കുന്നില്ല. പക്ഷേ അറിയാനാകും ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലെ കുഞ്ഞുനൂലിഴയെ. കറുപ്പ്, വെളുപ്പ്, മതം, രാഷ്ട്രം, അതിര് ഇവയ്‌ക്കൊക്കെയപ്പുറം മനുഷ്യന്‍, ജീവിതം, മരണം, സ്‌നേഹം തുടങ്ങി ചില വാക്കുകള്‍ക്ക് എത്ര സാര്‍വ്വലൗകികമായ തലമാണുളളതെന്ന് ഓര്‍മ്മപ്പെടുത്തുന്നു ടുഡേ.
ഫിലിമിസ്ഥാന്‍
ഇന്ത്യ/2012
നിതിന്‍ കക്കറുടെ ഫിലിമിസ്ഥാന്‍. ദേശീയഗാനം പാടാതെ ഭാരതമാതാവിനെ വിളിക്കാതെ നിറയെ ദേശസ്‌നേഹം പകര്‍ന്നുതരുന്ന സിനിമ. ഹിന്ദുസ്ഥാന്‍, പാക്കിസ്ഥാന്‍, ഫിലിമിസ്ഥാന്‍ അങ്ങനെയൊരു ത്രിമാനമാനം ഈ സിനിമയ്ക്ക് നല്‍കാനാണ് തോന്നുന്നത്. ദേശസ്‌നേഹം വിളിച്ചോതുന്ന എത്ര സിനിമകളാണ് നമ്മള്‍ കണ്ടുകൂട്ടിയത്. മാനത്തുയര്‍ന്നു പറക്കുന്ന ദേശീയപതാക നോക്കി നമ്മളും വികാരം കൊണ്ട് തീയറ്ററില്‍ നിന്നിറങ്ങുന്ന ദേശസ്‌നേഹികളായി; പിന്നെ പഴയ കണക്കും.
ഫിലിമിസ്ഥാന്‍ ഇത്തരത്തിലൊന്നുമല്ല വ്യത്യസ്തമാകുന്നത്. ഒരു ഫെസ്റ്റിവല്‍ സിനിമയ്ക്കപ്പുറം നില്‍ക്കുമിത്. തീയറ്ററില്‍ റിലീസ് ചെയ്താലും വലിയൊരു വിജയത്തിലെത്തുന്നൊരു തലമുണ്ടിതിന്. ഹിന്ദി വിജയചിത്രങ്ങളുടെ ഫോര്‍മുലയിലും കച്ചവടത്തിലും നിന്ന് സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്നൊരനുഭവം വലുതാണ്. പ്രധാന കഥാപാത്രമായ സണ്ണിയുടെ കൂടെ നമ്മള്‍ പാക്കിസ്ഥാനിലേക്കും തിരികെ ഇന്ത്യയിലേക്കും യാത്ര ചെയ്യും. അതിര്‍ത്തിഗ്രാമത്തിലെ ജീവിതത്തില്‍ ഒപ്പം കൂടും. ഒടുവില്‍ സണ്ണിയെപ്പോലെ നമ്മളും പറയും- പാക്കിസ്ഥാനികള്‍ നല്ലതെന്ന്. അവര്‍ തിരിച്ചും പറയും ഇന്ത്യക്കാരന്‍ എന്റെ സഹോദരനാണ്. അങ്ങനെ നമ്മള്‍ സഹോദരങ്ങളാകും.
ഇന്ത്യയും പാക്കിസ്ഥാനും ഒരേ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചകളാണെന്നും സഹവര്‍ത്തിത്വത്തിന്റേതല്ലാതെ ഒരു പാതയും നമുക്ക് വേണ്ടെന്നും നമുക്ക് വിനിമയം ചെയ്യാനുളളത് ഒരേ ആശയവും വികാരവുമാണെന്നും ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമിടയ്ക്ക് നൂലിഴ പോലുമില്ലാതെ ഒന്നാകുന്നൊരു കാഴ്ചയും അവസ്ഥയും സംജാതമാകുന്നു.
ഐ ഡി
ഇന്ത്യ/2012
നമ്മളിലേക്കു തന്നെയുള്ള ഒരു നോട്ടമാണ് ഐ ഡി. പശ്ചാത്തലം മുംബൈ നഗരവും. ആള്‍ക്കൂട്ടത്തിനിടയില്‍ മുഖം നഷ്ടപ്പെട്ടുപോകുന്ന ഓരോ നഗരജീവിയുടേയും പ്രതിനിദാനമാകുന്നു സിനിമ. പ്രധാന കഥാപാത്രമായ ചാരുവിന്റെ വീട്ടില്‍ പെയിന്റിംഗ് ജോലിക്ക് വരുന്ന മനുഷ്യന്‍ മരിച്ചുപോകുന്നു. തിരിച്ചറിയാനുള്ള ഉപാധികളൊന്നും തന്നെ ശേഷിപ്പിക്കാതെ മരിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്. ശ്രമം പരാജയപ്പെട്ടുപോകുന്ന കാവ്യനീതി ആ സത്യം കൂടി വെളിവാക്കുന്നു. ഒരു മുഖത്തിന്റെ, മനുഷ്യന്റെ പ്രസക്തി അയാളുമായി ഏറ്റവുമടുത്ത ഇടങ്ങളും വ്യക്തികളുമാണ്. നഗരത്തില്‍ ആര്‍ക്കും മുഖമില്ല. അവിടെ തിരിച്ചറിയപ്പെടാതെ അനാഥമാക്കപ്പെട്ട് പോകുന്ന ജീവിതം ഏതുകാലത്തും പ്രസക്തമാണ്. സാഹിത്യത്തിലും സിനിമയിലും ഏറെ പറഞ്ഞിട്ടുമുണ്ടിത്. മനുഷ്യനുള്ളിടത്തോളം ഈ സമസ്യ തീരാത്തതുകൊണ്ട് ഇനിയും പറയപ്പെടുകയും ചെയ്യും.
സിനിമ വ്യത്യസ്തമാകുന്ന ചില കാര്യങ്ങളില്‍ ആദ്യത്തേത് ഗീതാഞ്ജലി താപ്പ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അഭിനയമികവ് തന്നെയാകും. മുംബൈ ചേരിപ്രദേശങ്ങളും നഗരജീവിതവും തിരക്കും ആവിഷ്‌കരിച്ചിരിക്കുന്നതിലെ കമാലിന്റെ മിടുക്ക്, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണ മികവ് ഐ ഡി ക്ക് ഐഡന്റിറ്റി നല്‍കുന്നുണ്ട്. പ്രത്യേകിച്ച് മുംബൈ നഗരത്തിന്റെ തിരക്കിനെ ഏറ്റവുമധികം എടുത്തുകാണിക്കുന്ന ട്രെയിനുകളുടെ ശബ്ദവും തിരക്കും ചേരിജീവിതത്തിന്റെ ശബ്ദായമാന അന്തരീക്ഷവും കേള്‍പ്പിക്കുന്നതില്‍ കാണിച്ച ശ്രദ്ധ. പിന്നെ അവയെല്ലാം പകര്‍ത്തിയെടുത്ത മധു നീലകണ്ഠന്റെ ക്യാമറയും.
ഹോളി മോട്ടോര്‍സ്
ഫ്രാന്‍സ്-ജര്‍മ്മനി/2012
യഥാര്‍ഥ, അയഥാര്‍ഥങ്ങള്‍ക്കിടയില്‍പ്പെട്ട് തിരിച്ചറിയപ്പെടാതെ പോകുന്ന കഥാപാത്രവും നമ്മളും. അതാണ് ഹോളി മോട്ടോര്‍സ്. മോണ്‍ഷ്യര്‍ ഓസ്‌കാര്‍- കൊലയാളി, യാചകന്‍, കമ്പനി മേധാവി, രാക്ഷസന്‍, തൊഴിലാളി, കുടുംബസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങള്‍ കെട്ടുന്നു. ഒറ്റ ദിവസത്തില്‍ ഇത്രയും വേഷങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ എവിടെത്തുടങ്ങി അവസാനിക്കുന്നു ഇവ എന്ന് ആശങ്ക തോന്നും; ഏതാണ് യഥാര്‍ഥ വേഷം എന്നതും.
ഭൂതകാലവും സ്ത്രീകളും ഇരകളും അടയാളങ്ങളുമെല്ലാം തേടിച്ചെല്ലുന്നുണ്ട് മോണ്‍ഷ്യര്‍. സമര്‍ഥനായ കൊലയാളിയാണ് അയാള്‍. തോക്കിനിരയാകുന്നുണ്ട്, പിന്നെയും അടുത്ത വേഷത്തിലേക്ക് സമയനിഷ്ഠ പാലിച്ച് കടന്നുചെല്ലുകയും. മാറ്റപ്പെടുകയും പുതിയതായിത്തീരുകയും ചെയ്യുന്ന സാക്ഷ്യപ്പെടുത്തലിന് നിദര്‍ശകമാക്കുകയാണ് സംവിധായകന്‍ തേടുന്ന വഴി. ഭ്രമാത്മകത എന്ന വാക്കിന്റെ അറ്റത്തോളമെത്തുന്ന ഭ്രമാത്മകത സിനിമയില്‍ അനുഭവിക്കാം.
കാറുകള്‍/യന്ത്രങ്ങള്‍ സംസാരിക്കുന്ന/ഭരിക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തിവെയ്ക്കുന്ന സിനിമയ്ക്കന്ത്യഭാഗത്തെ സീന്‍ വരുംകാലത്തേക്കുളള നോട്ടം കൂടിയാകുന്നു. ഡെനിസ് ലാവന്റ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചകള്‍ ഹോളി മോട്ടോര്‍സിന്റെ ഹൈലൈറ്റ് ആണ്.
ക്ലാന്‍ഡസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്
അര്‍ജന്റിന/2011
സിനിമയിലൂടെ സംവിധായകനായ ബെഞ്ചമിന്‍ ആവില സ്വന്തം കുട്ടിക്കാലത്തെക്കൂടിയാണ് പറഞ്ഞുപോകുന്നത്. സൈനിക സ്വേച്ഛാധിപത്യഭരണം നിലനിന്നിരുന്ന 1979-ലെ അര്‍ജന്റിനയാണ് പ്രതിപാദ്യമാകുന്നത്. ജുവാന്‍, ഏര്‍ണസ്റ്റോ എന്നിങ്ങനെ ദ്വിമുഖങ്ങളില്‍ ജീവിക്കേണ്ടിവരുന്ന അഞ്ചാംക്ലാസ്സുകാരന്റെ പ്രതിസന്ധികള്‍ സിനിമ കാണിച്ചുതരുന്നു.
ജുവാന്റെ മാതാപിതാക്കള്‍ സൈനിക ഭരണകൂടത്തോട് എതിരിടുന്നവരാണ്. കൂട്ടുകാരേയും പ്രണയിനിയേയും വീടിനേയും എല്ലാം വേണമവന്. ഇതിന്റെയെല്ലാം സംഘര്‍ഷത്തിലകപ്പെടുകയും നഷ്ടമാകുകയും ചെയ്യുമ്പോള്‍ കുട്ടിത്തത്തിനും മനുഷ്യന്റെ പ്രച്ഛന്നവേഷങ്ങള്‍ക്കും ഇടയില്‍പ്പെട്ടുപോകുന്നു ജുവാന്‍.
1979 കാലത്തിലൂടെ മാത്രമാണ് സിനിമ സഞ്ചരിക്കുന്നത്. അത് ഏറ്റവും മികച്ചതായി കൊണ്ടുവരാന്‍ ആവിലയ്ക്ക് കഴിയുന്നിടത്താണ് രണ്ടു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുളള സിനിമ ആസ്വാദ്യവും സംവേദനക്ഷമവുമാകുന്നത്.
ലൗ ലൈക്ക് പോയിസണ്‍
ഫ്രാന്‍സ്/2010
മതവിശ്വാസങ്ങള്‍ക്കും കൗമാരത്തിലെ ആശങ്കകള്‍ക്കും ലൈംഗിക ചോദനകള്‍ക്കുമിടയില്‍ പെട്ടുപോകുന്ന പതിന്നാലുകാരി അന്നയെ കേന്ദ്രമാക്കുന്നു ലൗ ലൈക്ക് പോയിസണ്‍. ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും അവധിക്കാലം ചെലവഴിക്കാന്‍ വീട്ടിലെത്തുന്ന അന്നയ്ക്ക് അച്ഛനമ്മമാരുടെ അകല്‍ച്ചയും മതവുമെല്ലാം സമ്മര്‍ദ്ദമുണ്ടാക്കുന്നു.
കൗമാരക്കാരിയിലൂടെ കഥ പറഞ്ഞുപോകുമ്പോള്‍ കാണുന്ന നിറങ്ങളും പുതുക്കവുമെല്ലാം സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയും യാത്രയുമെല്ലാം കഥാപാത്രങ്ങളാകുന്നു. പുതുമകളും പുതിയ കാര്യങ്ങള്‍ അറിയാനുളള വാഞ്ചയുമെല്ലാം ഏതൊരു കൗമാരക്കാരിയേയും പോലെ അന്നയേയും തേടിയെത്തുന്നുണ്ട്.
കൗമാരജീവിതത്തെ പ്രമേയമാക്കി ഫ്രാന്‍സില്‍ പുറത്തുവന്ന ഒരു കൂട്ടം സിനിമകളിലൊന്നാണ് ലൗ ലൈക്ക് പോയിസണ്‍. കേവലമായ ജീവിതചിത്രണങ്ങള്‍ക്കപ്പുറം മനസ്സിന്റെ തലങ്ങളിലേക്കുകൂടി സഞ്ചരിക്കുന്നുണ്ടെന്നത് ഈ സിനിമയെ വേറിട്ടുനിര്‍ത്തുന്നു.