ലാല്‍ജോസിന്റെ വേറിട്ട സിനിമ എന്നു പറയാം നീനയെ. പ്രത്യേകിച്ചും ചിത്രത്തിന്റെ ആദ്യപകുതിയില്‍ ആ പുതിയ കൈയൊപ്പ് വേറിട്ടുതന്നെ പതിഞ്ഞുകാണാം. സിനിമയ്‌ക്കൊരു പെണ്‍പേരിടാന്‍, കച്ചവടസാധ്യതകളെയും മുഖങ്ങളെയും പാടേ അവഗണിച്ചൊരു പരിശ്രമം നടത്താന്‍ തയ്യാറായ ലാല്‍ജോസിന്റെ പേരില്‍ തന്നെയാകും നീന വരുംകാലത്തും അറിയപ്പെടാന്‍ പോകുന്നത്. രാജേഷ് പിള്ളയുടെ മിലിയാണ് ഈയടുത്ത് ഇക്കൂട്ടത്തില്‍ ചേര്‍ത്തുവെയ്ക്കാനാകുന്ന വിധം പുറത്തിറങ്ങിയ മറ്റൊരു ചിത്രം.
എന്നാല്‍ നീന ഒരു ലാല്‍ജോസ് ചിത്രം എന്നുമാത്രം അടയാളപ്പെടുത്തിക്കൂടാ. സിനിമ പറഞ്ഞുവെയ്ക്കുന്ന പ്രമേയം, കഥാപാത്രങ്ങള്‍, അവരുടെ സഞ്ചാരം, ക്യാമറ, പശ്ചാത്തലസംഗീതം എന്നിവയെല്ലാം നീനയെ അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും മുകളില്‍ പ്രതിഷ്ഠിക്കാനുതകുന്നതാക്കിമാറ്റുന്നു. വിജയ്ബാബു, ദീപ്തി സതി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്ക് കരിയറിലെ മികച്ച കഥാപാത്രങ്ങളെയാണ് ചിത്രം സമ്മാനിക്കുന്നത്. ജോമോന്‍ ടി ജോണ്‍, ബിജിബാല്‍ എന്നിവരാണ് നീനയെ നമ്മളോടടുത്തുചേര്‍ക്കുന്നവരില്‍ മറ്റു പ്രധാനികള്‍.
'നീന' നീനയുടെ മാത്രം കഥയല്ല; വിനയ് പണിക്കരുടെയും നളിനിയുടെയും കൂടിയാണ്. രണ്ടോ മൂന്നോ കഥാപാത്രങ്ങളിലൂടെയും അവരുടെ മാനസിക വ്യാപാരങ്ങളിലൂടെയും മാത്രം കടന്നുപോകുന്ന സിനിമ സാധാരണ പ്രേക്ഷകരുടെ ആസ്വാദനതലത്തെ അത്രകണ്ട് തൃപ്തിപ്പെടുത്താന്‍ നിന്നുകൊടുക്കാറില്ല. എന്നാല്‍ നീനയ്ക്ക് അത്ര അകന്നു നില്‍ക്കാനുമാവില്ല. കാരണം ഈ നീന നമ്മളിലൊക്കെത്തന്നെയുണ്ട്. പരിഗണനയും സ്‌നേഹവും കിട്ടാന്‍ ആഗ്രഹിക്കാത്ത ഏതു മനുഷ്യരുണ്ട്. സാഹചര്യങ്ങളില്‍ പലതും പലരുമായിപ്പോകുന്ന മനുഷ്യന്‍ നടന്നുതീര്‍ക്കുന്നതും തിരിച്ചെത്തുന്നതും സ്‌നേഹത്തിന്റെ ഈ കരവലയത്തിലേക്കുതന്നെ. ഇന്നതിന്നാര്‍ക്ക് എന്ന് പറഞ്ഞും എഴുതിയും വെച്ചിട്ടുമുണ്ടെന്നു പറയുംപോലെ അതിലേക്കുള്ള സഞ്ചാരവും എത്തിപ്പെടലും തിരിച്ചറിവും തന്നെയാണ് ജീവിതം. ആ എത്തിപ്പെടലിനും തിരിച്ചറിവിനും മാത്രമേ ശാശ്വതീകരണമുള്ളൂ. നിലനില്‍പ്പ് തീരുമാനിക്കുന്നത് പ്രകൃതിയും സമൂഹവുമാണ്.
നീന താളം തെറ്റിയ ജീവിതത്തിന്റെ ഉടമസ്ഥയാണ്. തന്റെ വ്യക്തിത്വം തിരിച്ചറിയുന്ന അപൂര്‍വ്വം ചിലരിലേക്കുമാത്രം ഒതുങ്ങി, എന്നാല്‍ അന്തര്‍മുഖയാകാതെ ഇഷ്ടങ്ങളില്‍ അഭിരമിച്ച് ജീവിക്കുന്നവള്‍/വന്‍. നീനയുടെ എത്തിപ്പെടല്‍ വിനയ്പണിക്കരിലേക്കാണ്. എന്നാല്‍ വിനയ് അത്രകണ്ട് സ്വതന്ത്രനുമല്ല. അയാള്‍ നളിനിയുടെ ഉടമസ്ഥാവകാശത്തില്‍ എന്നേ ചുറ്റപ്പെട്ടു കഴിഞ്ഞയാളുമാണ്. ഈ മൂന്നു വ്യക്തികളുടെ തിരിച്ചറിവുകളും പരിവര്‍ത്തനങ്ങളും പ്രണയവും നൈരാശ്യവും കാമവും വിരഹവുമാണ് 'നീന'.
സമൂഹം നിശ്ചയിച്ച പാതയേക്കാള്‍ താന്‍ ആഗ്രഹിക്കുന്ന വഴിയേ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന നീന ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറാകുന്നുമുണ്ട്. ഇഷ്ടപ്പെടുന്നത് ശാശ്വതമായി ലഭിക്കില്ലെന്ന് തിരിച്ചറിയുന്ന നീന നഷ്ടപ്പെടുത്തലിനു മനസ്സൊരുക്കാന്‍ തയ്യാറുള്ളവള്‍ കൂടിയാകുന്നു. അപ്പോഴാണ് നീന നമ്മളെ പിന്തുടരുന്നതും കൊളുത്തിവലിക്കുന്നതും. നീനയുടെ കഥ രസിച്ച് കാണാനുള്ളതല്ല; കണ്ടറിയാനുള്ളതാണ്.
ഇത്രനാളും പരിചിതമല്ലാത്ത ചില സന്ദര്‍ഭങ്ങള്‍ അല്ലെങ്കില്‍ പുതുമകള്‍ സൃഷ്ടിക്കുന്നിടത്താണ് ഒരു സംവിധായകന്റെയും എഴുത്തുകാരന്റെയും ശേഷി നിര്‍ണ്ണയിക്കപ്പെടുന്നത്. അത്തരത്തില്‍ മികവുറ്റത് എന്നു പറയാവുന്ന ചില സീക്വന്‍സുകളുണ്ട് നീനയില്‍. നീനയ്ക്ക് വിനയിനോട് തോന്നുന്ന പ്രണയവും തിരിച്ച് വിനയിന് അങ്ങനെയാന്നുമില്ലെന്നും നളിനിയോടുള്ള അടുപ്പം എത്ര കണ്ട് തീവ്രമാണെന്നും കാണിക്കുന്ന സീന്‍ നോക്കുക. നീനയുടെ ഫോണ്‍കോള്‍ ലൗഡ്‌സ്പീക്കറിലിട്ട് ഭാര്യയായ നളിനിയുടെ അടുത്തിരുന്നാണ് വിനയ് സംസാരിക്കുന്നത്. അത്രമേല്‍ വികാരതരവും വിസ്‌ഫോടനാത്മകവുമായ ഒരു ഗാര്‍ഹിക, പ്രണയ, ജാരാന്തരീക്ഷത്തെ ഏറ്റവും നിര്‍മ്മലമായിട്ടാണ് സിനിമ കൈകാര്യം ചെയ്യുന്നത്. നീനയും നളിനിയും ആദ്യമായി കണ്ടുമുട്ടുന്ന കോഫിക്ലബ്ബ് സീനിലും ഈ മിതത്വവും പുതുമയും കാണാം. തമ്മില്‍ ഒരു കാര്യത്തിലും പൊതുവായ ഒരിഷ്ടമില്ലാത്ത നമുക്ക് ഒരിക്കലും കൂട്ടുകൂടാന്‍ പറ്റില്ലെന്നു നീനയുടെ പറച്ചില്‍. അതംഗീകരിച്ചുകൊണ്ടുള്ള നളിനിയുടെ മറുപടി, അതെ, ഒരു കാര്യത്തിലും പൊതുവായ ഒരിഷ്ടം നമുക്കിടയില്‍ പാടില്ല എന്ന്. ഇൗ വാചകവും സീനും കഥാപാത്രങ്ങളുടെ മനസ്സിലിരിപ്പില്‍നിന്നും ഉയര്‍ന്ന് സിനിമയുടെ വളര്‍ച്ചയിലേക്കും തുടര്‍ച്ചയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
മറ്റൊന്നു കൂടിയുണ്ട്; നീനയെന്ന് സിനിമയ്ക്ക് പെണ്‍പേരാണെങ്കിലും നീനയെന്ന നായിക സ്വതന്ത്രജീവിതം നയിക്കുന്നവളാണെങ്കിലും സിനിമയുടെ ചിന്ത പുരുഷകേന്ദ്രീകൃതമായിത്തന്നെ തുടരുകയും, പര്യവസാനിക്കുകയും ചെയ്യുന്നു. പരഗമനത്തിനും പ്രണയത്തിനും രതിക്കും പുരുഷനോളം സ്വാതന്ത്ര്യവും സാധ്യതകളും ചിന്തയില്‍പോലും സ്ത്രീക്ക് അചിന്ത്യവും അപ്രാപ്യവുമാണെന്ന് ഈ സിനിമയും പറഞ്ഞുവെയ്ക്കുന്നുണ്ട്.
സിനിമ എന്നത് രസംപിടിപ്പിക്കലിന്റെ തലവും അംശവും മാത്രം ഉള്‍ച്ചേര്‍ന്ന കലാരൂപമല്ല, ആസ്വാദനം, സാമൂഹികത തുടങ്ങിയ കലാധര്‍മ്മം കൂടി നിറവേറ്റാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് നീന പോലുള്ള സിനിമകള്‍ നല്‍കുന്നത്. ഈ നിറവേറ്റല്‍ ചിലപ്പൊഴെങ്കിലും ആവര്‍ത്തിക്കുമ്പോഴാണ് ചലച്ചിത്രവും കലാകാരനും പ്രേക്ഷകനോടും അതേസമയം സമൂഹത്തോടും കടപ്പെട്ടവനാകുന്നത്; അങ്ങനെയാണവ കാലങ്ങള്‍ക്കും ദിക്കുകള്‍ക്കും അതീതമാകുന്നതും.
സ്ത്രീശബ്ദം, ജൂണ്‍