തീയറ്റര്‍ നിറച്ച് ക്രിസ്മസ് ചിത്രങ്ങള്‍
തീയറ്ററുകളെ വീണ്ടും സജീവമാക്കി ക്രിസ്മസ് ചിത്രങ്ങള്‍. അവധിക്കാലവും പുതുവര്‍ഷവും ലക്ഷ്യമിട്ട് പുറത്തിറങ്ങിയ സിനിമകള്‍ക്ക് ഇടവേളയ്ക്കുശേഷം കുടുംബപ്രേക്ഷകരെയും തീയറ്ററുകളിലെത്തിക്കാനായി. ക്രിസ്മസിന് പുറത്തിറങ്ങിയ നാല് മലയാള ചിത്രങ്ങളും മികച്ച കളക്ഷനോടെ മുന്നേറുകയാണ്. സൂപ്പര്‍താരങ്ങളും അതിമാനുഷിക പ്രകടനങ്ങളുമില്ലാത്ത ഈ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രമായ ചാര്‍ലി ആണ് കൂട്ടത്തിലെ പ്രധാന റീലീസ്. ദിലീപ്-ഷാഫി ചിത്രം ടു കണ്‍ട്രീസ്, റോജിന്‍തോമസിന്റെ ജോ ആന്റ് ദ ബോയ്, നവാഗതനായ ജോണ്‍ വര്‍ഗ്ഗീസിന്റെ അടി കപ്യാരെ കൂട്ടമണി എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
ധനുഷിന്റെ തമിഴ് ചിത്രം തങ്കമകന്‍, പസങ്ക-2, ജയംരവിയുടെ ഭൂലോകം, ഹിന്ദി ചിത്രങ്ങളായ ബാജിറാവു മസ്താനി, ഷാരൂക് ഖാന്‍ ചിത്രം ദില്‍വാലെ, ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സ് എന്നിവയും മലയാള ചിത്രങ്ങളോട് മത്സരിക്കാന്‍ തീയറ്ററുകളിലുണ്ട്. ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളായ എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നിവയും തീയറ്ററുകളില്‍ ക്രിസ്മസ്, പുതുവര്‍ഷാഘോഷത്തിനുണ്ട്.
സിനിമാ പ്രേമികള്‍കള്‍ക്ക് തിരഞ്ഞെടുക്കാന്‍ വിവിധ ഭാഷകളിലായി പത്തോളം ചിത്രങ്ങളാണ് തീയറ്ററുകളിലുള്ളത്. ഈ തിരഞ്ഞെടുപ്പ് തന്നെയാണ് ഉത്സവകാലത്ത് തീയറ്ററുകളെ സജീവമായി നിര്‍ത്തുന്നത്. പുതിയ റിലീസുകള്‍ കാണാനും വലിയ വിജയം നേടി പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ അവധിക്കാലത്ത് കാണാന്‍ മാറ്റിവച്ചവരും തീയറ്ററുകളിലെത്തുന്നുണ്ട്. ഇതോടെ വര്‍ഷാവസാനം തീയറ്ററുകള്‍ സിനിമാസ്വാദകരെക്കൊണ്ട് സജീവമാകുകയാണ്. പുതുവര്‍ഷത്തെ പ്രത്യാശയോടെ കാണാനും ഇത് വഴിയൊരുക്കുന്നു.
'ചാര്‍ലി'-യുവത്വത്തിന്റെ ആഘോഷം
സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന മലയാളചിത്രം 'ചാര്‍ലി'യായിരിക്കും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ മുതല്‍ തുടങ്ങിയ കാത്തിരിപ്പിനാണ് ഡിസംബര്‍ 24ന് വിരാമമായത്. 'പ്രേമ'ത്തിനുശേഷം 2015ല്‍ ഒരു ചിത്രത്തിന് ലഭിച്ച വലിയ വരവേല്‍പ്പാണ് ചാര്‍ലിക്ക് ലഭിച്ചത്. റിലീസ് ദിനം തുടങ്ങിയ യുവപ്രേക്ഷകരുടെ തള്ളിക്കയറ്റം ഇപ്പോഴും തുടരുന്നു. ആദ്യ അഞ്ചുദിവസങ്ങളിലും ചാര്‍ലിക്ക് കേരളത്തിലെങ്ങും ഹൗസ്ഫുള്‍ ഷോകളുടെ കണക്കു മാത്രമാണ് പറയാനുള്ളത്. ദുല്‍ഖര്‍ സല്‍മാന്റെ വേറിട്ട ലുക്ക് ആണ് യുവാക്കളെ ചാര്‍ലിയിലേക്ക് അടുപ്പിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിനുശേഷം ദുല്‍ഖര്‍-പാര്‍വ്വതി കോമ്പോയും ആരാധകര്‍ക്ക് നന്നേ രസിച്ചു. ഹിറ്റ് ചിത്രങ്ങള്‍ മാത്രം ഒരുക്കിയിട്ടുള്ള മാര്‍ട്ടിന്‍ പ്രക്കാട്ടില്‍നിന്നും ഉത്സവകാലം ആഘോഷമാക്കാന്‍ മലയാളികള്‍ക്ക് മറ്റൊരു സിനിമ കൂടി ലഭിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രം എന്നാണ് ചാര്‍ലിയെപ്പറ്റി പ്രേക്ഷകരുടെ അഭിപ്രായം.
ടൂ കണ്‍ട്രീസ്
ഷാഫി ചിത്രം ടൂ കണ്‍ട്രീസിലൂടെ ജനപ്രിയനായകന്‍ ദിലീപ് തീയറ്ററുകളെ വീണ്ടും ചിരിപ്പറമ്പാക്കുകയാണ്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളില്‍ ട്രാക്ക് മാറി സഞ്ചരിച്ച ദിലീപ് പഴയ കോമഡി നമ്പറുകളുമായി ആരാധകരെ കൈയ്യിലെടുക്കുകയാണ് ടൂ കണ്‍ട്രീസില്‍. മൈ ബോസിനു ശേഷം മംമ്ത-ദിലീപ് ജോടി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഉണര്‍വ്വുണ്ടാക്കാന്‍ ടൂ കണ്‍ട്രീസിനാകുന്നുണ്ട്.
അവധിക്കാലത്ത് കുടുംബ പ്രേക്ഷകരെ തീയറ്ററുകളിലെത്തിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലുള്ള നടനാണ് ദിലീപ്. അത്തരത്തില്‍ കുടുംബ പ്രേക്ഷകരെ വീണ്ടും കൂട്ടത്തോടെ തീയറ്ററുകളിലെത്തിക്കാന്‍ ടൂ കണ്‍ട്രീസിലൂടെ ദിലീപിനായി. ടൂ കണ്‍ട്രീസ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്കു മുമ്പിലെ കുടുംബ പ്രേക്ഷകരുടെ വലിയ ക്യൂ ഇക്കാര്യം ശരിവെയ്ക്കുന്നു.
ജോ ആന്റ് ദ ബോയ്
'ഫിലിപ്‌സ് ആന്റ് ദ മങ്കിപെനി'നുശേഷം റോജിന്‍തോമസ് ഒരുക്കിയ ജോ ആന്റ് ദ ബോയ് കുടുംബപ്രേക്ഷകരെയാണ് ആകര്‍ഷിക്കുന്നത്. ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും തീയറ്ററിലെത്തിച്ച ചിത്രത്തില്‍ ബാലതാരമായ സനൂപ് സന്തോഷിന്റെ പ്രകടനമാണ് ഹൈലൈറ്റ്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരി മഞ്ജുവാര്യര്‍ ജോ എന്ന കഥാപാത്രമായി സനൂപിനൊപ്പം ചേരുമ്പോള്‍ ജോ ആന്റ് ദ ബോയ് ഉത്സവക്കാലം ആഘോഷമാകുന്നു.
അടി കപ്യാരെ കൂട്ടമണി
യുവാക്കളുടെ കൂട്ടായ്മയില്‍ ജനിച്ച 'അടി കപ്യാരെ കൂട്ടമണി' എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിന്റെ അണിയറയില്‍. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നമിതാ പ്രമോദ് എന്നിവര്‍ പ്രധാന താരങ്ങളാകുന്ന ചിത്രം യുവത്വത്തിന്റെ പ്രസരിപ്പും തമാശകളും ഊര്‍ജ്ജവും നിറച്ചാണ് മുന്നേറുന്നത്. ഉത്സവകാലം ആഘോഷിക്കാന്‍ തീയറ്ററിലെത്തുന്ന പ്രേക്ഷകരോട് നീതി പുലര്‍ത്തുന്ന ചിത്രമാണ് അടി കപ്യാരെ കൂട്ടമണി.
അന്യഭാഷാചിത്രങ്ങളും സജീവം
സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്രസിനിമ ബാജിറാവു മസ്താനിയാണ് തീയറ്ററിലുള്ള മറ്റൊരു ചിത്രം. ക്രിസ്മസിനു മുമ്പ് റിലീസ് ചെയ്ത ഈ ഹിന്ദി ചിത്രം മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയതോടെ പ്രധാന തീയറ്ററുകളില്‍ നിന്നും മാറ്റിയെങ്കിലും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. 120 കോടി മുതല്‍മുടക്കുള്ള ചിത്രം ഒരാഴ്ചകൊണ്ട് 147 കോടി നേടിക്കഴിഞ്ഞു.
രോഹിത് ഷെട്ടി ചിത്രം ദില്‍വാലെ മികച്ച കളക്ഷനുമായി തീയറ്ററുകളില്‍ തുടരുന്നു. 'ദില്‍വാലെ ജുല്‍ഹനിയാ ലൈ ജായേഗെ' യുടെ തുടര്‍ച്ച എന്ന് അവകാശപ്പെടുന്ന ചിത്രത്തിന്റെ ആകര്‍ഷകഘടകം ഷാരൂക്-കാജോല്‍ ജോടി തന്നെയാണ്. ഒരാഴ്ചകൊണ്ട് ഈ വര്‍ഷത്തെ മികച്ച മൂന്നാമത്തെ ബോക്‌സോഫീസ് കളക്ഷന്‍ നേടാന്‍ ദില്‍വാലേക്കായി. ആദ്യ എട്ടു ദിവസം ദില്‍വാലേ നേടിയത് 234 കോടിയാണ്.
തമിഴ് ചിത്രങ്ങളായ പസങ്ക, തങ്കമകന്‍, ഭൂലോകം എന്നിവയാണ് തീയറ്ററുകളിലുള്ള തമിഴ് ചിത്രങ്ങള്‍. ധനുഷ് ചിത്രം തങ്കമകന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ മറ്റ് ചിത്രങ്ങളേക്കാള്‍ മുമ്പിലാണ്. ഹോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താന്‍ സ്റ്റാര്‍ വാര്‍സ് സീരീസിലെ പുതിയ ചിത്രമായ 'ദ ഫോര്‍സ് അവേക്കന്‍സി'നാകുന്നുണ്ട്.
മാതൃഭൂമി, ഡിസംബര്‍ 29, 2015