ഫ്രെയിമില്‍ പടരുന്ന ചെങ്കൊടികള്‍
അസഹിഷ്ണുത പെരുക്കപ്പെട്ട്, ഞങ്ങളും നിങ്ങളുമെന്ന ചേരിതിരിവ് പ്രകടമായി, ഭിന്നബിംബങ്ങള്‍ മറനീക്കി തെരുവിലെത്തിയൊരു കാലം.
ഒന്നിച്ചുനില്‍ക്കുകയും ചേര്‍ന്നിരിക്കുകയും ചെയ്യേണ്ടത് മറ്റെന്തിനെക്കാളും പ്രധാനമാണെന്ന ചിന്ത പ്രവൃത്തിയിലെത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേടിയെടുത്ത മൂല്യങ്ങള്‍ നിലനിര്‍ത്തേണ്ടതും ഒന്നിച്ചുനില്‍പ്പിന്റെ സ്വരങ്ങള്‍ ഉയരേണ്ടതും ജനസഞ്ചയത്തിന്റെയാകെ ബാധ്യതയാകുന്ന കാലത്ത് സമൂഹത്തിന്റെ പരിച്ഛേദമെന്ന നിലയില്‍ കലയ്ക്ക് ഉത്തരവാദിത്തമേറെയാണ്. കലയിലേക്കുകൂടി പടര്‍ന്നെത്തുന്ന അസഹിഷ്ണുതയ്ക്ക് എതിര്‍വാക്കു നല്‍കേണ്ടത് കലയിലൂടെ തന്നെ.
...........
നിലനില്‍ക്കുന്ന സമൂഹത്തിന്റെ നേരായ രീതിയിലുള്ള മുന്നോട്ടുപോക്കിനും മനുഷ്യനീതിക്കും വിഘാധമാകുന്ന പ്രവൃത്തികള്‍ ഏതു കോണില്‍നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഏതുകാലത്തും ഏതുലോകത്തും ഏതു ഭൂപ്രദേശത്തും അത്തരം ചെറുത്തുനില്‍പ്പുകള്‍ സാധ്യമായിട്ടുണ്ട്. സംഘടിതരായ ഒരു കൂട്ടമാണ് അത്തരം വിപ്ലവങ്ങള്‍ ഫലവത്താക്കിയത്. ഇതിന്റെ പ്രതിഫലനം കലയ്ക്കുകൂടി പ്രചോദനമായിപ്പോന്നു. ലോകത്താകമാനമുള്ള കലയുടെ മാറ്റത്തിനു തന്നെ വഴിവച്ചത് അതതു കാലത്തുണ്ടായ നവമുതലാളിത്ത രീതികളോടും തൊഴിലാളി ചൂഷണത്തോടും തൊഴിലാളി-മുതലാളി വിവേചനത്തോടുമുള്ള എതിര്‍പ്പുകളായിരുന്നു. ഇതു കലയിലേക്ക് പറിച്ചുനട്ടപ്പോള്‍ തൊഴിലാളികള്‍ കണ്ടത് അവരുടെ ജീവതത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും ജനപ്രിയമാധ്യമമായ സിനിമയില്‍.
ചാര്‍ലി ചാപ്ലിന്‍, ബസ്റ്റര്‍ കീറ്റണ്‍, സെര്‍ജി ഐസന്‍സ്റ്റീന്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്രകാരന്മാര്‍ ഇത്തരം വിഷയങ്ങള്‍ ആദ്യകാലത്ത് കൈകാര്യം ചെയ്തു. വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമായ വന്‍കിട ഫാക്ടറി തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും അനീതിയും നിരന്തരം സിനിമകള്‍ക്ക് വിഷയമായി. ചാപ്ലിന്റെ മോഡേണ്‍ ടൈംസ് പോലുള്ള സിനിമകള്‍ ഇത് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്ത് ജനങ്ങളോട് സംവദിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ സിനിമയിലും ഇത്തരം പരിശ്രമങ്ങളുണ്ടായി.
തൊഴിലാളിവര്‍ഗ സിനിമകള്‍ മലയാളത്തില്‍
കമ്യൂണിസ്റ്റ് ചിന്തയില്‍ അധിഷ്ഠിതമായ ജീവിതം സിനിമയില്‍ കണ്ടപ്പോള്‍ അതുമായി താദാത്മ്യപ്പെടാന്‍ കേരളജനതയ്ക്ക് പ്രയാസമുണ്ടായില്ല. കമ്യൂണിസ്റ്റ് ആശയങ്ങളോടും ചിന്താഗതിയോടും ഏറെ അടുത്തുനില്‍ക്കുന്ന ഒരു പ്രദേശത്തില്‍നിന്നുണ്ടായ തൊഴിലാളിവര്‍ഗ സിനിമകള്‍ക്ക് വിഷയമായതും ഈ ആശയങ്ങള്‍ തന്നെ. തൊഴിലാളിവര്‍ഗത്തിന്റെ ഉന്നതിയും വളര്‍ച്ചയും സമത്വവും സാര്‍ഥകമാകുമെന്ന പ്രതീക്ഷ പങ്കുവച്ച ധാരാളം നോവലുകളും നാടകങ്ങളും മലയാളത്തില്‍ നിന്നുണ്ടായി. ഇതിനെ ഉപജീവിച്ചായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ ജീവിതം പറയുന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മൂലധനം, അനുഭവങ്ങള്‍ പാളിച്ചകള്‍, പുന്നപ്ര വയലാര്‍ പോലുള്ള സിനിമകള്‍ അറുപതുകളില്‍ ഉടലെടുത്തത്.
തിളച്ചുമറിഞ്ഞൊരു രാഷ്ട്രീയകാലത്തെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയസിനിമകളായിരുന്നു എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലുമുണ്ടായത്. തൊഴിലാളി പ്രസ്ഥാനങ്ങളെക്കാള്‍ നക്‌സല്‍ പ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥക്കാലവും ഇത്തരം സിനിമകള്‍ക്ക് വിഷയമായി. മീനമാസത്തിലെ സൂര്യന്‍, കബനീനദി ചുവന്നപ്പോള്‍, ചുവന്ന വിത്തുകള്‍, മുഖാമുഖം, ആരണ്യകം തുടങ്ങിയ സിനിമകള്‍ ഈ ഗണത്തില്‍ വന്നവയാണ്.
മലയാള സിനിമ വ്യാവസായികമായി ഉന്നതിയിലേക്കെത്തിയ എണ്‍പതുകളില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും മറ്റും ചുവടുപിടിച്ചുള്ള തീരക്കഥകളും വിപണി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ, കമ്യൂണിസ്റ്റ് സിനിമകളുമുണ്ടായി. അങ്ങാടി, ഈ നാട്, അടിമകള്‍ ഉടമകള്‍, വാര്‍ത്ത, ലാല്‍സലാം തുടങ്ങിയവ അവയില്‍ ചിലതാണ്.
തൊഴിലാളിവര്‍ഗ കഥകളെക്കാള്‍ വിറ്റുപോകുന്നത് കാലിക രാഷ്ട്രീയകഥകളാണെന്ന തിരിച്ചറിവില്‍ ഉണ്ടായ സിനിമകളായിരുന്നു തുടര്‍ന്നുവന്നത്. തൊണ്ണൂറുകളില്‍ വന്‍വിജയങ്ങള്‍ നേടിയ ഇത്തരം സിനിമകള്‍ക്ക് പിന്നീട് വിപണിമൂല്യം കുറയുന്നതാണ് കണ്ടത്. ഇടക്കാലത്തിനുശേഷം വെള്ളിത്തിരയില്‍ വീണ്ടും ചുവന്ന കൊടി പാറുന്ന കാഴ്ചയ്ക്കാണ് മെക്‌സിക്കന്‍ അപാരത, സഖാവ്, കോമ്രേഡ് ഇന്‍ അമേരിക്ക പോലുള്ള സിനിമകള്‍ ഇടനല്‍കുന്നത്.
കമ്യൂണിസ്റ്റ് സിനിമകള്‍ക്കിടയിലെ 'സഖാവ്'
അറുപതുകളിലെ നോവല്‍, നാടക അഡാപ്റ്റഡ് കമ്യൂണിസ്റ്റ് സിനിമകളുടെ കഥാ,കാല,വ്യക്തിപരിസരങ്ങളിലെ വ്യക്തതയോ എഴുപതുകളിലെ തിളച്ചുമറിഞ്ഞ കാലത്തിന്റെ നേര്‍മുദ്രകളായ സമാന്തര സിനിമകളുടെ തീക്ഷ്ണതയോ, എണ്‍പതുകളിലെ ടി.ദാമോദരന്‍ തൊഴിലാളി യൂണിയന്‍ തിരക്കഥകളുടെ കെട്ടുറപ്പോ അവകാശപ്പെടാനില്ലെങ്കിലും പ്രസക്തമായ ചില ഓര്‍മപ്പെടുത്തലുകള്‍ നല്‍കാന്‍ കഴിയുന്നു എന്നിടത്തുതന്നെയാണ് സിദ്ധാര്‍ഥ് ശിവയുടെ സഖാവിന്റെ നിലനില്‍പ്പ്.
സംഘടിത തൊഴിലാളി സമൂഹത്തെ വാര്‍ത്തെടുത്ത ഒരു കാലത്തെയും അതിനുപിന്നിലെ ത്യാഗത്തെയും ഓര്‍ത്തെടുക്കുന്ന സിനിമയ്ക്ക് പുതിയകാലത്ത് പ്രസക്തിയുണ്ട്. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് മുതലാളിത്ത, സവര്‍ണ ചൂഷണത്തിനെതിരെ പൊരുതിയ കാലത്തെ ഓര്‍ത്തെടുക്കുന്നുണ്ട് സഖാവ്. മാറിയ കാലത്തെ രാഷ്ട്രീയത്തിന്റെ ശരികളെ ചോദ്യംചെയ്യുകയും പുതുകാല വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തകനില്‍ എന്തുമാത്രം പ്രത്യയശാസ്ത്ര രാഷ്ട്രീയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന ചോദ്യവും സിനിമ മുന്നോട്ടുവയ്ക്കുന്നു. കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് അതിന് അവസരം കൈവരുന്നത്. കൃഷ്ണകുമാര്‍ വിദ്യാര്‍ഥി സംഘടനാ നേതാവാണ്. അയാള്‍ക്ക് ഭിവിയെപ്പറ്റി വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. പാര്‍ട്ടിയിലെ പടിപടിയായുള്ള മുന്നേറ്റവും കിട്ടാവുന്ന സ്ഥാനങ്ങളും ലക്ഷ്യമിട്ടാണ് അയാളുടെ പ്രവര്‍ത്തനം. എന്തു ചെയ്താലും അതിന്റെ പ്രയോജനം തന്റെ ഭാവിക്കൂ കൂടിയാകണമെന്ന നിഷ്‌കര്‍ഷ അയാളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ചെറിയ ലോകത്തിലെ കാഴ്ചകളും ഇത്തിരിവട്ടത്തിലെ പ്രവര്‍ത്തനപരിചയവും മാത്രം കൈമുതലായുള്ള അയാള്‍ താനെന്ന ലോകത്തിനുചുറ്റും മാത്രം കറങ്ങിത്തിരിയുമ്പോള്‍ അന്യമാകുന്നത് പുറത്തെ അതിവിശാലമായ ലോകവും വലിയ കാഴ്ചവട്ടങ്ങളുമാണ്.
കമ്യൂണിസ്റ്റുകാരനാകുകയെന്നാല്‍ സ്വയംത്യജിക്കുകയും നാടിനും തനിക്കുചുറ്റുമുള്ള ജനത്തിനും വേണ്ടി പ്രതിഫല, സ്ഥാനേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടുന്ന കര്‍ത്തവ്യമാണെന്ന വലിയ തിരിച്ചറിവ് ലഭിക്കുമ്പോള്‍ കൃഷ്ണകുമാര്‍ എന്ന വ്യക്തിയിലും സഖാവിലും മാറ്റങ്ങള്‍ കൈവരുന്നു.
കേരളത്തിന്റെ അതിവിദൂരമല്ലാത്തൊരു ഭൂതകാലത്തില്‍ ഇന്നിത്രയെങ്കിലും സ്വാതന്ത്ര്യത്തോടെയും സമത്വത്തോടെയും ജീവിക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഒരുപാടാളുകളുടെ അതിജീവന പോരാട്ടങ്ങളുടെ കഥയറിയാതെ ഒരാളും വിപ്ലവത്തിനിറങ്ങരുത്. അങ്ങനെയുള്ളൊരാള്‍ക്ക് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാവില്ലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. ഇവിടെ കൃഷ്ണകുമാറിന് പ്രചോദനമാകുന്നത് കൃഷ്ണനെന്ന തൊഴിലാളി നേതാവിന്റെ കഥയാണ്.
അസംഘടിതരായ തൊഴിലാളികള്‍ മുതലാളിമാരില്‍നിന്ന് സാമ്പത്തികമായും ശാരീരികമായും തൊഴില്‍പരമായും ചൂഷണം നേരിട്ടിരുന്ന കാലം. സംഘടിച്ചുനില്‍ക്കുക, സംഘടന എന്ന വാക്കുകള്‍പോലും അറിവില്ലാതിരുന്ന ഒരിടത്ത് അത്തരം നവചിന്തകള്‍ക്ക് നാമ്പിടുകയെന്ന കഠിനമായ പ്രവര്‍ത്തനവുമായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്കും ലയങ്ങളിലേക്കും നടന്നുകയറിച്ചെന്നയാളാണ് കൃഷ്ണന്‍. നാലുപേരില്‍നിന്ന് നാല്‍പ്പതും നാനൂറുമെന്ന തരത്തില്‍ തനിക്കൊപ്പം തൊഴിലാളികളെ അണിനിരത്താനും അവരുടെ ആവശ്യങ്ങള്‍ മുതലാളിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞ തൊഴിലാളിനേതാവ്. അയാള്‍ക്ക് ജീവിതം സമരമാണ്. വീടും വീട്ടുകാരിയും പോലും രണ്ടാമതാണ്. സ്വന്തം കല്യാണദിവസം പോലും മറന്നുപോകുന്ന കൃഷ്ണനെന്ന തൊഴിലാളി നേതാവിനെ സിനിമയില്‍ കാണാം. അയാളുടെ ജീവിതം തിരിച്ചറിയുമ്പോള്‍ ഇതൊട്ടും അതിശയോക്തിയായി തോന്നുകയുമില്ല.
ഒരുപാട് കൃഷ്ണന്മാരുടെ ഉറച്ച ശബ്ദത്താലും കാല്‍വെയ്പിനാലുമാണ് ഇന്ന് നമുക്കീ മണ്ണില്‍ കാലുറച്ചുനില്‍ക്കാനാകുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടപ്പെടാത്തതിന്റെ കാരണവും അതുതന്നെ.
പ്രസ്ഥാനത്തില്‍ കൃഷ്ണകുമാറിനെപ്പോലുള്ള അറിവില്ലാത്തവര്‍ കടന്നുവരുമ്പോള്‍ അവരെ തിരുത്താന്‍ ഒരുപാട് ഉപദേശങ്ങളുടെയോ ശാസനകളുടെയോ ആവശ്യമില്ല. കേവലമൊരു ജീവിതത്തെ പരിചയപ്പെടുത്തുന്നതിലൂടെ പരിവര്‍ത്തനം സംഭവിക്കുന്നത് മറ്റൊരു വ്യക്തിയുടെ ജീവിതത്തിനുതന്നെയാണ്. മുന്‍തലമുറ നിര്‍ത്തിയിടത്തുനിന്ന് പോരാട്ടം തുടങ്ങാന്‍ പ്രാപ്തനായ പുതിയൊരു സഖാവായിട്ടാണ് സിനിമയ്‌ക്കൊടുക്കം നമ്മളയാളെ കാണുക.
നവമുതലാളിമാരും തൊഴിലാളി, പരിസ്ഥിതി, ഭൂമി ചൂഷണങ്ങളും ഉണ്ടാകുമ്പോള്‍ അതിനു തടയിടാന്‍ മറുഭാഗത്തൊരു ശബ്ദമുണ്ടായേ തീരൂ. സഖാവ് സഞ്ചരിക്കുകയും സംവദിക്കുകയും ചെയ്യുന്നത് ഈ ഭൂമികയിലേക്കുതന്നെ. വിപ്ലവപ്രസ്ഥാനങ്ങളുടെ അലയൊലികള്‍ ഈ മണ്ണില്‍ ഒരിക്കലും നിലക്കില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കാന്‍ സിനിമയ്ക്കാകുന്നു. അന്തിമവിജയം ശരിപക്ഷത്തിനായിരിക്കുമെന്നും ഇരുട്ടിനെ തുരത്തി വെളിച്ചത്തിന്റെ ചൂട്ടുകറ്റകള്‍ വാനിലുയരുമെന്ന പ്രത്യാശയും സിനിമ നല്‍കുന്നു.
സഖാവിനെ വില്‍ക്കുന്നതെങ്ങനെ?
എളുപ്പം വിറ്റുപോകുന്ന ഒരു ഉത്പന്നമാണ് കമ്യൂണിസമെന്നത് കലാവിഷ്‌കാരകര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ കാലാകാലങ്ങളായി കമ്യൂണിസവും ചെങ്കൊടിയും വിഷയമാക്കിയ കലാപ്രകടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിനിമയിലും ഇത് ഒട്ടുമേ കുറവല്ല. അറുപതുകള്‍ തൊട്ടേ മലയാളസിനിമയില്‍ കമ്യൂണിസ്റ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് അതിന്റെ വിപണനസാധ്യതയെപ്പറ്റിയാണ് ചലച്ചിത്രകാരന്മാരും നിര്‍മാതാക്കളും ചിന്തിക്കുന്നത്. അപ്പോള്‍ മൂല്യങ്ങളെക്കാള്‍ ആവേശവും ഉപരിപ്ലവ വിപ്ലവവും സാധ്യമാക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നവയാണ് കൂടുതലായുണ്ടാകുന്നത്.
ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു അടുത്തിടെ പുറത്തിറങ്ങി തീയേറ്ററില്‍ വലിയ വിജയം നേടിയ ടോം ഇമ്മട്ടിയുടെ ഒരു മെക്‌സിക്കന്‍ അപാരതെയന്ന ചിത്രം. മൂല്യാധിഷ്ഠിതമായ രാഷ്ട്രീയാംശം തൊട്ടുതീണ്ടിയിട്ടില്ലാത്ത മെക്‌സിക്കന്‍ അപാരത ഏറ്റെടുത്ത യുവതലമുറയുടെ രാഷ്ട്രീയബോധത്തെപ്പറ്റി സന്ദേഹിക്കേണ്ടതുണ്ട്.
രണ്ടുതവണ ദേശീയ പുരസ്‌കാരം നേടിയ സിദ്ധാര്‍ഥ് ശിവയെന്ന സംവിധായകന്റെ സിനിമയെന്നതിനെക്കാള്‍ നിവിന്‍ പോളിയെന്ന ബ്രാന്‍ഡിന്റെ സിനിമയായിട്ടായിരിക്കും സഖാവ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക. വിറ്റുപോകുന്ന ഒരു ഉത്പന്നം (Commodity) കൈയ്യിലുണ്ടാകുമ്പോള്‍ അതിനെ പരമാവധി ലാഭത്തില്‍ വില്‍ക്കുക എന്ന കച്ചവടക്കാരന്റെ കണ്ണിനു തന്നെയാണ് ഇവിടെ പ്രാധാന്യം. വിപണിസാധ്യത ഉറപ്പുള്ള ഉത്പന്നത്തെ കൂടുതല്‍ ആകര്‍ഷകമാക്കി ആളുകളിലെത്തിക്കുന്ന ഉല്‍പാദകന്റെ മികവുതന്നെയാണ് ഇത്തരമൊരു കച്ചവടത്തില്‍ അളക്കപ്പെടുക. അല്ലെങ്കിലത് കച്ചവടക്കാരന്റെ പരാജയമായിട്ടായിരിക്കും വിലിരുത്തപ്പെടുക.
അപ്പോള്‍ ആളുകള്‍ (കാഴ്ചക്കാര്‍) ഈ ഉത്പന്നത്തില്‍നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ അതെല്ലാം നല്‍കാന്‍ വിപണി കൈയ്യാളുന്നവര്‍ ബാധ്യസ്ഥരാകുന്നു. ഇങ്ങനെ കാഴ്ച,കേള്‍വിശീലങ്ങളെ തൃപ്തിപ്പെടുത്തുന്നവിധം ഒരുങ്ങിയാണ് സഖാവ് എത്തിയിട്ടുള്ളത്. എന്തെല്ലാം പറഞ്ഞാല്‍ ആളുകള്‍ കൈയ്യടിക്കും, എന്തെല്ലാം കാണിച്ചാല്‍ ആളുകളില്‍ വിപ്ലവവീര്യമുയരും, എന്തെല്ലാം സന്ദേശങ്ങള്‍ നല്‍കണം, ഫ്രെയിമില്‍ വരുത്താവുന്ന കമ്യൂണിസ്റ്റ് ബിംബങ്ങള്‍ എന്നിവയെല്ലാം ആലോചിച്ചുറപ്പിച്ചും ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമാണ് സിനിമയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ അവര്‍ വിജയം കണ്ടിട്ടുമുണ്ട്.
ഈ വിധം കൃത്യമായ മുന്‍ധാരണയോടെ ഒരുക്കിയിട്ടുള്ള ഒരു സിനിമയില്‍ സിദ്ധാര്‍ഥ് ശിവയെന്ന ചലച്ചിത്രകാരന്റെ കഴിവുകളുടെ കൈയ്യൊപ്പുകള്‍ അന്വേഷിച്ചുപോയാല്‍ അതത്രമേല്‍ പ്രകടമായ ഒന്നായി കാണാന്‍ സാധിച്ചേക്കില്ല. വിറ്റുപോകുന്ന താരത്തിനുവേണ്ടിയുള്ള വെട്ടിത്തിരുത്തലുകള്‍ ഏല്‍ക്കപ്പെട്ട് സിനിമയ്ക്കായി തയ്യാറാകുന്ന തിരക്കഥയില്‍ സംവിധായകനും എഴുത്തുകാരനും ഏറെ വിട്ടുവീഴ്ചയ്ക്ക് തയ്യാറേകേണ്ടിവരും. കച്ചവടം ലക്ഷ്യമിട്ട് ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ വലിയ ചര്‍ച്ചയ്ക്കും പ്രസക്തിയില്ല. 101 ചോദ്യങ്ങള്‍, സഹീര്‍, ഐന്‍ തുടങ്ങിയ സിനിമകളില്‍ കണ്ട സിദ്ധാര്‍ഥ് ശിവയിലെ ക്രാഫ്റ്റ്മാന്റെ കൈയ്യടക്കം സഖാവില്‍ പ്രതീക്ഷിക്കരുതെന്ന് ചുരുക്കം.
നിവിന്‍പോളിയെന്ന സിനിമാ പൊളിറ്റീഷ്യന്‍
സഖാവില്‍ ഒരിടത്ത് നിവിന്‍ പോളിയുടെ കൃഷ്ണകുമാറെന്ന കഥാപാത്രത്തോട് അല്‍ത്താഫിന്റെ കഥാപാത്രം പറയുന്നുണ്ട്, നീ ഭയങ്കര ബോറാണ് ട്ടോ. നിന്റെ അഭിനയം ഓവറാണ്.'. ഇതിനു നിവിന്റെ മറുപടി 'ആക്ടിങ്ങിലല്ല കാര്യം, പ്ലാനിങ്ങിലാണ്' എന്നാണ്. ഇത് നിവിന്‍ പോളിയെന്ന താരത്തിന്റെ മറുപടി കൂടിയാണ്. അസാധാരണമായ അഭിനയശേഷിയുള്ള നടനല്ല നിവിന്‍. സ്വന്തം പരിമിതി മറ്റാരെക്കാളും തിരിച്ചറിഞ്ഞ് നിരന്തരപരിശ്രമംകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അയാള്‍ മലയാള സിനിമയില്‍ ഒരു മുന്‍നിര ഇടം സ്വന്തമാക്കിയത്.
നിലവില്‍ മലയാളത്തില്‍ ഏറ്റവുമധികം വാണിജ്യമൂല്യമുള്ള നടന്മാരില്‍ മുന്‍പന്തിയിലാണ് നിവിന്‍പോളി. കേവലം ഏഴുവര്‍ഷം കൊണ്ടാണ് ഈ നടന്‍ ഇത്തരമൊരു നേട്ടത്തിലേക്കുയര്‍ന്നത്. മറ്റൊരു യുവനടനും സാധിക്കാത്ത തരത്തില്‍ അയാളുടെ സിനിമകള്‍ നിരന്തരം വിജയിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനുപിന്നില്‍ നേരത്തെപ്പറഞ്ഞ പ്ലാനിങ്ങാണ്. ഇന്‍ഡസ്ട്രിയുടെ ഭാഗമായി വര്‍ഷങ്ങളോളം നിലനില്‍ക്കണമെന്ന അത്യധികമായ ആഗ്രഹംകൊണ്ട് അയാള്‍ വളരെ സൂക്ഷിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം ഇമേജിലും ഭാവിയിലും സൂക്ഷ്മതയുള്ള ഒരു രാഷ്ട്രീയക്കാരന്റെ കൂര്‍മതയാണ് നിവിന്‍ പുലര്‍ത്തിപ്പോരുന്നതെന്നു പറയേണ്ടിവരും. നാലുവര്‍ഷത്തിനിടെ നിവിന്‍ പോളി ഭാഗമായ ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നതുകൂടി ചിന്തിക്കണം.
സഖാവിലേക്കെത്തുമ്പോള്‍ കുറെക്കൂടി വളര്‍ച്ചചെന്ന പുതിയൊരു നടനെയാണ് കാണാനാകുക. ടൈപ്പ് കാസ്റ്റ് ആകുമോയെന്ന് കാണികള്‍ സംശയിച്ചിടത്തുനിന്നാണ് ഇയാള്‍ ആക്ഷന്‍ ഹീറോ ബിജുവും ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവും ഇപ്പോള്‍ സഖാവുമായി സംശയനിവാരണം വരുത്തിയിരിക്കുന്നത്. ഇവിടെയൊന്നും നിവിന്‍ പോളി നടത്തിയത് അസാധാരണമായ പ്രകടനമായിരുന്നില്ല, മറിച്ച് അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും പരിമിതികളുള്ള ഒരു നടന്റെ മിനുക്കിവാര്ത്തെടുക്കലിലേക്കു ള്ള യാത്രയുടെ ഘട്ടങ്ങളായിരുന്നു. എന്നാല്‍ ഇവിടെയൊന്നും അയാള്‍ പരാജയപ്പെട്ടുപോകുന്നുമില്ല.
സഖാവിലെ കൃഷ്ണകുമാറാകാന്‍ നിവിന്‍ പോളിയിലെ നടന് എളുപ്പം സാധിക്കും. അതയാളുടെ ജനപ്രിയ മാനറിസങ്ങളോട് ഏറെ അടുത്തുനില്‍ക്കുന്നതാണ്. അതേസമയം സഖാവ് കൃഷ്ണനാകാന്‍ ഈ നടന്‍ ഏറെ പണിപ്പെട്ടിരിക്കുമെന്നുറപ്പാണ് . മുപ്പതോ നാല്‍പ്പതോ വര്‍ഷം പിറകിലേക്കുപോയി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ശക്തനായൊരു നേതാവിന്റെ ശരീരഭാഷയിലേക്കെത്താന്‍ നിവിന്‍ പോളിയെന്ന നടന്‍ നടത്തുന്ന ഹോംവര്‍ക്കാണ് സഖാവെന്ന സിനിമയുടെ മറ്റൊരു ആകര്‍ഷണവും വെല്ലുവിളിയും.
സ്ത്രീശബ്ദം, മെയ്, 2017