പരിചിതനായ സച്ചിനും അപരിചിതനായ സച്ചിനും
ഇന്ത്യക്ക് ആരാണ് സച്ചിന്‍? കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കൊണ്ടാടപ്പെട്ട കായികതാരവും വ്യക്തിയുമാണ് സച്ചിന്‍. ഒരു കായികതാരം ആ നിലയില്‍ മാത്രമല്ലാതെ വ്യക്തിയെന്ന നിലയില്‍ക്കൂടി ആഘോഷിക്കപ്പെടുന്നതും മാതൃകയാക്കപ്പെടുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണ് സച്ചിന്റെ കാര്യത്തില്‍ നമ്മള്‍ കണ്ടത്. സച്ചിന്‍ ക്രിക്കറ്റ് മൈതാനത്ത് ഉണ്ടായിരുന്ന കാലയളവില്‍ എത്രപേരാണ് തങ്ങളുടെ കുഞ്ഞിന് സച്ചിനെന്ന പേരിട്ടിട്ടുള്ളതെന്ന ലളിതോദാഹരണം മാത്രമെടുത്താല്‍ ഈ കായികതാരം ഇന്ത്യന്‍ ജീവിതത്തിലുണ്ടാക്കിയ സ്വാധീനം എത്ര അടിത്തട്ടില്‍ വരെയാണെന്ന് മനസ്സിലാകും.
സച്ചിന്‍ ഇന്ത്യക്ക് കേവലമൊരു ക്രിക്കറ്റ് താരം മാത്രമായിരുന്നില്ല. 1990കള്‍ തൊട്ട് ഇന്ത്യന്‍ ജീവിതത്തെയും വിപണിയെയും ടെലിവിഷന്‍ സംസ്‌കാരത്തെയും വലിയ രീതിയില്‍ സ്വാധീനീച്ച സവിശേഷ വ്യക്തിത്വം കൂടിയാണ്. സച്ചിനുമുമ്പും ശേഷവും രാജ്യത്ത് പല കായികമേഖലയില്‍നിന്നായി ഒട്ടേറെ താരങ്ങള്‍ കടന്നുവന്നിട്ടുണ്ടെങ്കിലും ക്രിക്കറ്റെന്ന കായികയിനത്തിന് ആഗോളതലത്തില്‍ത്തന്നെ ഈ മുംബൈക്കാരന്‍ ഉണ്ടാക്കിക്കൊടുത്ത മേല്‍വിലാസവും വിപണിയും വലുതാണ്. തൊണ്ണൂറുകളില്‍ ഏകദിനക്രിക്കറ്റിന് ജനപ്രീതി വര്‍ധിച്ചതും ഇതു മുതലെടുത്ത് വന്‍കിട ബ്രാന്‍ഡുകള്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും മാര്‍ക്കറ്റിങ്ങിനുള്ള വഴിയുമായി ക്രിക്കറ്റ് മത്സരങ്ങള്‍ മാറിയതോടെ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റുകള്‍ ഈ കാലയളവിലെ പ്രത്യേകതയായി. അങ്ങനെ തൊണ്ണൂറുകളില്‍ കൊക്കക്കോള, പെപ്‌സി, എല്‍.ജി. അകായ്, വില്‍സ്, വീഡിയോകോണ്‍, ഹീറോ ഹോണ്ട തുടങ്ങിയ പേരുകളിലുള്ള ടൂര്‍ണമെന്റുകളും ഇന്ത്യ അതില്‍ പങ്കെടുക്കുന്ന പ്രധാന രാജ്യവും സച്ചിന്‍ പ്രധാന ആകര്‍ഷണവുമായി. ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കളത്തെ മികവിനെക്കാള്‍ വിപണിയില്‍ വളര്‍ച്ച കണ്ടെത്തിയ കാലം. പരസ്യക്കമ്പനിക്കാരുടെ പ്രധാന മോഡലായി ഈ കാലഘട്ടത്തില്‍ സച്ചിന്‍ മാറുകയും രാജ്യത്തെ ചേരികളിലും പിന്നോക്കപ്രദേശങ്ങളിലും വരെ ക്രിക്കറ്റ് ഇടം കണ്ടെത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവുമടിത്തട്ടിലേക്കുപോലും ഈ കായികമത്സരത്തെ എത്തിച്ച് ജനകീയമാക്കിയതില്‍ സച്ചിനെന്ന ബ്രാന്‍ഡിന്റെ മൂല്യം വിലമതിക്കാനാകാത്തതാണ്.
തൊണ്ണൂറുകളുടെ അവസാനകാലത്ത് ഒത്തുകളിവിവാദവും കോഴയാരോപണവും ക്രിക്കറ്റിനെ വിവാദക്കളത്തിലേക്കു വലിച്ചിഴക്കപ്പെടുകയും മുഹമ്മദ് അസ്ഹറുദ്ദീനെയും അജയ് ജഡേജയെയും പോലുള്ള വലിയ താരങ്ങള്‍ക്ക് വഞ്ചകരുടെ പരിവേഷം കൈവരികയും ചെയ്തതോടെ രാജ്യത്തെ ഒട്ടു ജനങ്ങള്‍ ക്രിക്കറ്റിനോട് മാനസികമായി അകന്നു. എങ്കിലും ക്രിക്കറ്റിനെ ജീവരക്തമായി കണ്ട വലിയൊരു വിഭാഗം ജനത സച്ചിനെന്ന ഒരേയൊരു പേരിലുള്ള വിശ്വാസംകൊണ്ട് പിന്നെയും ഇതിനെ നെഞ്ചോടുചേര്‍ത്തു. സച്ചിന്‍ കളങ്കിതനാകില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ അദ്ദേഹത്തിനു രക്ഷിക്കാനാകുമെന്നും അവര്‍ ഉറച്ചുവിശ്വസിച്ചു. ഈ വിശ്വാസത്തെ അവര്‍ ഇങ്ങനെ വിളിച്ചു. 'ക്രിക്കറ്റ് ഞങ്ങള്‍ക്ക് മതമാണെങ്കില്‍ സച്ചിന്‍ അതിലെ ദൈവമാണ്.'
മുംബൈയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച് 1989ല്‍ കറാച്ചിയില്‍ പാക്കിസ്ഥാന്റെ വിഖ്യാത പേസ് ബൗളിങ് ത്രയത്തെയും ലോകോത്തര സ്പിന്‍ ബൗളറെയും നേരിട്ടുതുടങ്ങിയ കരിയര്‍ 2013ല്‍ കൊല്‍ക്കൊത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റിന്‍ഡീസിനെതിരെ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം വിങ്ങിപ്പൊട്ടി. ഇനി സച്ചിന്‍ ക്രീസിലില്ല എന്ന വലിയ സത്യത്തെ ഉള്‍ക്കൊള്ളാനാകാതെ ഈഡനില്‍ വന്നുചേര്‍ന്ന ഒരു ലക്ഷത്തോളം കാണികള്‍ക്കും മത്സരം തത്സമയം ടെലിവിഷനില്‍ കണ്ട കോടിക്കണക്കിനാളുകള്‍ക്കും വികാരത്തള്ളിച്ച അടക്കാനായില്ല. ഒരു ദേശീയദുരന്തം പോലെയുള്ള വിടവാങ്ങല്‍. സകല കായികലോകത്തിനും അമ്പരപ്പും അത്ഭുതവും സമ്മാനിച്ച് ആ അഞ്ചരയടിമനുഷ്യന്റെ യാത്രപറയലില്‍നിന്ന് വിടുതികിട്ടാന്‍ ക്രിക്കറ്റ്‌പ്രേമികള്‍ക്ക് പിന്നെയും നാളുകള്‍ വേണ്ടിവന്നു. സച്ചിനില്ലാത്ത കളിക്കളങ്ങളിലേക്ക് ഇനി കളി കാണാനില്ലെന്നു തീരുമാനിച്ചവര്‍, ഒരു കാലത്ത് സച്ചിന്‍ കളിച്ചിരുന്ന കളിയായതുകൊണ്ടുമാത്രം വീണ്ടും ക്രിക്കറ്റ് കാണുന്നവര്‍, സച്ചിനെപ്പോലെയാകാന്‍ കളിക്കളത്തിലേക്കു വന്നവര്‍.. അങ്ങനെയങ്ങനെ പലതരം ആളുകള്‍. ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഉയരത്തിലുള്ള കായികയിനത്തെയും സച്ചിനെന്ന താരത്തെയും ഇന്ത്യന്‍ ജനത കണ്ടത് ഏറ്റവും വികാരപരമായാണ്. അങ്ങനെയല്ലാതെ കാണാന്‍ അവര്‍ക്കാവുമായിരുന്നില്ല.
രാജ്യത്തിന് ഇങ്ങനെയൊക്കെയായിരുന്ന, ഇപ്പൊഴുമിങ്ങനെയൊക്കെയായ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ക്രിക്കറ്റ് ഇതിഹാസത്തിന് നല്‍കുന്ന വലിയ അംഗീകാരമാണ് 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' എന്ന സിനിമ. ഇന്ത്യയെക്കുറിച്ച് ഏറ്റവും നന്നായി എഴുതിയവര്‍ വിദേശികളാണെന്നു പറയുന്നതുപോലെ സച്ചിനെന്ന ഇന്ത്യക്കാരനെക്കുറിച്ചുള്ള ഈ ചിത്രമൊരുക്കിയത് ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് എസ്‌കെയിനാണ്. സച്ചിന്റെ ക്രിക്കറ്റ് കരിയറിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' സിനിമയുടെ മേലങ്കികളെല്ലാം അഴിച്ചുവച്ച് യഥാതഥമായ ആവിഷ്‌കാരം കൊണ്ടാണ് വ്യത്യസ്തമാകുന്നത്. കാണികളെ ആകര്‍ഷിക്കാനുള്ള സിനിമാറ്റിക്ക് എലമെന്റുകളെല്ലാം മാറ്റിവച്ച് സച്ചിനുള്ള ഒരു 'ട്രിബ്യൂട്ട്' അതിന്റെ മുഴുവന്‍ ഗൗരവവും ഉള്‍ക്കൊണ്ട് നല്‍കാനാണ് സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നത്.
സച്ചിന്റെ ജീവിതം ഇത്തരത്തില്‍ പറയുന്നതു തന്നെയായിരിക്കും ഉചിതം. ചായക്കൂട്ടുകളും മസാലകളും ചേര്‍ക്കുന്നത് സച്ചിനെന്ന വ്യക്തിയോടുചെയ്യുന്ന നീതികേടായിരിക്കും. നോക്കിലും വാക്കിലും പ്രവൃത്തിയിലും അത്രമേല്‍ ശാന്തത പുലര്‍ത്തിപ്പോന്നിരുന്ന സച്ചിന്റെ ജീവിതത്തില്‍ പതിവ് ബോളിവുഡ് രസക്കൂട്ടുകള്‍ ചേര്‍ത്തിരുന്നെങ്കില്‍ ബോക്‌സോഫീസില്‍ വലിയ വിജയചരിത്രം തീര്‍ക്കുന്ന ചിത്രമായി ഇതു മാറിയേനെ. എന്നാല്‍ അങ്ങനെയല്ലാതായത് കാവ്യനീതി.
നമുക്ക് പരിചയമുള്ള സച്ചിനും അപരിചിതനായ സച്ചിനും സിനിമയില്‍ കടന്നുവരുന്നുണ്ട്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള സമയങ്ങള്‍, പവലിയനിയനിലെയും ഡ്രസ്സിങ് റൂമിലെയും ഉല്ലാസ,നിരാശാവേളകള്‍, സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന സന്ദര്‍ഭങ്ങള്‍ തുടങ്ങി അപരിചിതങ്ങളായ കാര്യങ്ങളയിരിക്കും കാണികളില്‍ കൗതുകമുണ്ടാക്കുക. ഒപ്പം സച്ചിന്റെ മികച്ച നേട്ടങ്ങളും അവിസ്മരണീയമായ മത്സരസന്ദര്‍ഭങ്ങളും ആസ്വാദകരില്‍ ഓര്‍മയുടെ വീണ്ടെടുപ്പും ആവേശവുമുണ്ടാക്കും.
സിനിമയെന്ന ലേബലില്‍ പുറത്തിറങ്ങിയെങ്കിലും ഡോക്യുമെന്ററി എന്ന വിശേഷണമാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന് ചേരുക. സച്ചിന്‍ നറേറ്റ് ചെയ്യുന്ന തരത്തില്‍ മുന്നോട്ടുപോകുന്ന ചിത്രത്തില്‍ സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതു വരെയുള്ള കാലയളവാണ് ചിത്രീകരിച്ചിട്ടുള്ളത്. കുട്ടിക്കാലത്തെ വികൃതിയായിരുന്ന സച്ചിന്‍, ക്രിക്കറ്റിലേക്ക് എത്തുന്നതിനായുള്ള പരിശ്രമങ്ങളും കഠിനാധ്വാനവും, കവി കൂടിയായ പിതാവ് രമേശ് ടെണ്ടുല്‍ക്കറും അമ്മ രജനിയും ചേട്ടന്‍ അജിത് ടെണ്ടുല്‍ക്കറുമടക്കമുള്ള കുടുംബാംഗങ്ങളടെ പിന്തുണ, ശിവാജി പാര്‍ക്കിലെയും ശാരദാശ്രമം സ്‌കൂള്‍ മൈതാനത്തിലെയും പരിശീലനം, രമാകാന്ത് അച്ചരേക്കര്‍ എന്ന സച്ചിനെ കണ്ടെത്തിയ കോച്ച്, സഹകളിക്കാരുടെ സച്ചിനുമൊത്തച്ചള്ള അനുഭവങ്ങള്‍ എന്നിവയെല്ലാം ചിത്രത്തില്‍ കടന്നുവരുന്നു.
കുട്ടിക്കാലം കാണിക്കുന്ന ഭാഗങ്ങളില്‍ മാത്രമാണ് ചിത്രം സിനിമാറ്റിക്ക് രൂപം കൈക്കൊള്ളുന്നത്. എന്നാല്‍ ഒരു സിനിമക്കഥ പോലെ കയറ്റിറക്കങ്ങളും സംഭവവികാസങ്ങളുമുള്ള സച്ചിന്റെ ജീവിതവും കരിയറും കാഴ്ചക്കാരെ വിരസരാക്കില്ല. കുട്ടിക്കാലത്തെ സച്ചിനായി എത്തിയ മിഖായേല്‍ ഗാന്ധി മികച്ച പ്രകടനംകൊണ്ട് നമ്മുടെ ഇഷ്ടം നേടിയെടുക്കുന്നു.
സച്ചിന്‍ കളത്തിലേക്കെത്തിയതുമുതല്ക്കു ള്ള പ്രധാന രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളും ക്രിക്കറ്റ് ലോകത്തെ സംഭവവികാസങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. രാജീവ് ഗാന്ധിയുടെ മരണം, ആഗോളവത്ക്കരണത്തിന്റെ കടന്നുവരവോടെ ലോകവിപണിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി, അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍, 2008ലെ മുംബൈ ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വാധീനിച്ചതെങ്ങനെയെന്നതിലേക് ക് ചിത്രം വിരല്‍ചൂണ്ടുന്നു.
1990കളില്‍ ലോകവിപണിയെ ഇന്ത്യ സ്വാഗതം ചെയ്തതോടെയാണ് ക്രിക്കറ്റിന്റെ വിപണനസാധ്യതയേറിയത്. ഈ വിപണിയില്‍ ഇന്ത്യ മുന്നോട്ടുവച്ച ഏറ്റവും വിറ്റുപോകുന്ന ഉത്പന്നമായിരുന്നു സച്ചിന്‍. സ്വകാര്യ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യ സ്ഥിരസാന്നിധ്യമായി. പ്രമുഖ പകമ്പനികളുടെയെല്ലാം പരസ്യപ്പലകകളില്‍ സച്ചിന്റെ മുഖം പ്രത്യക്ഷപ്പെട്ടു. ദൂരദര്‍ശന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുത്തതോടെ ക്രിക്കറ്റിന്റെ ജനകീയമുഖം ഇന്ത്യയില്‍ കൂടുതല്‍ തിളക്കമാര്‍ന്നു. ഇന്നത്തെപ്പോലെ പല സൂപ്പര്താരങ്ങളുടെതല്ലായിരുന് നു തൊണ്ണൂറുകളിലെ ഇന്ത്യന്‍ ക്രിക്കറ്റ്. സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഒറ്റ താരത്തിനുചുറ്റും ഇന്ത്യന്‍ ക്രിക്കറ്റ് മൈതാനം ചുരുങ്ങുകയും വലുതാകുകയും ചെയ്തു.
കളിക്കളത്തില്‍ സച്ചിനുണ്ടായ സമ്മര്‍ദ്ദങ്ങള്‍, അഞ്ജലിയുമായുള്ള വിവാഹം, അച്ഛന്റെ മരണം, ക്യാപ്റ്റന്‍സി, ബാറ്റിങ് ഫോം സമ്മര്‍ദ്ദങ്ങള്‍, ലോകകപ്പ് പരാജയങ്ങള്‍, പരാജയങ്ങളില്‍ ഉള്‍വലിയുന്ന സ്വഭാവമുള്ള സച്ചിനെ ഓരോതവണയും ആത്മവിശ്വാസത്തോടെ ക്രിക്കറ്റലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അഞ്ജലിയുടെ പരിശ്രമങ്ങള്‍, സച്ചിനെന്ന പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹകളിക്കാരുടെ മെന്റര്‍ തുടങ്ങിയ തലങ്ങളിലേക്കെല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്.
സച്ചിന്റെ സ്വകാര്യശേഖരത്തില്‍നിന്നുള്ള വീഡിയോകളും ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണ ദൃശ്യങ്ങളും സിനിമയുടെ പ്രധാന ഭാഗമാണ്. സച്ചിനുമായി നടത്തിയ അഭിമുഖങ്ങളും വിവിയന്‍ റിച്ചാര്‍ഡ്‌സ്, സുനില്‍ ഗാവാസ്‌കര്‍, സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, വി.വി.എസ്.ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, മഹേന്ദ്രസിങ് ധോണി, വിരാട് കോലി തുടങ്ങിയ കളിക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഭാഷണങ്ങളും എഡിറ്റുചെയ്ത് ചേര്‍ത്തിട്ടുണ്ട്.
ക്രിക്കറ്റിനെ ഗൗരവമായി പിന്തുടരുന്നവര്‍ക്ക് ഒരു ക്രിക്കറ്റ് മൈതാനത്തിലേതുപോലുള്ള ആരവവും തെല്ല് നൊമ്പരവും ഉണ്ടാക്കാന്‍ സിനിമയ്ക്കാകും. അതേസമയം മറ്റുള്ളവര്‍ക്ക് സച്ചിനെന്ന വ്യക്തിയെക്കാള്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് അയാള്‍ എന്തായിരുന്നു എന്നറിയാനുള്ള അവസരം കൂടിയാണിത്. കളിച്ച കാലമത്രയും നൂറുകോടി ജനതയുടെ വികാരവും ആശ്വാസവും പ്രതീക്ഷയുമായിരുന്നു അയാള്‍. ആ സാന്നിധ്യംപോലും ടീമിന് ആത്മവിശ്വാസം പകരുന്നതായിരുന്നു. 24 വര്‍ഷംനീണ്ട കരിയറില്‍ പല തലമുറയ്ക്കാണ് അയാള്‍ പ്രചോദനമായത്. ഈ കാലയളവില്‍ കപില്‍ദേവ് മുതല്‍ വിരാട് കോലി വരെയുള്ള വലിയ താരങ്ങളും മിന്നിക്കത്തി പെട്ടെന്ന് അപ്രത്യക്ഷരായവരുമായി എത്രയോപേര്‍ക്കൊപ്പം സച്ചിന്‍ കളിച്ചു.
ഇന്ത്യന്‍ കായികസമൂഹം മറ്റൊരു കളിക്കാരന്റെയും വിടവാങ്ങല്‍ ഇത്രമേല്‍ വികാരപരമായി എടുത്തിട്ടുണ്ടാവില്ല. സിനിമയില്‍പോലും ആ വിടവാങ്ങല്‍ പ്രസംഗം ആവര്‍ത്തിച്ചുകേള്‍ക്കുമ്പൊഴും കാണുമ്പൊഴും കാണികള്‍ പൂര്‍ണനിശബ്ദതയില്‍ നെടുവീര്‍പ്പിടുന്നവരായി മാറുന്നു.
മികച്ച കായികസിനിമകളുടെ കൂട്ടത്തില്‍ 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി'നെ ഉള്‍പ്പെടുത്താനായേക്കില്ല. എന്നാല്‍ പ്രചോദനാത്മകമായ ഒരു ജീവിതത്തെ അതേപടി കാണിച്ചുതന്ന സിനിമയെന്ന നിലയ്ക്ക് ഇത് എക്കാലത്തേക്കുമുള്ള ഒരു കൂട്ടിവയ്പാണ്. വരാനിരിക്കുന്ന തലമുറയ്ക്കുകൂടി കാണിച്ചുകൊടുക്കാവുന്ന ഉത്തമമായ വിജയമാതൃക. അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തിലൊരു സിനിമ സംഭവിക്കേണ്ടതായിരുന്നുവെന്നും അത് ഈ മാതൃകയില്‍ത്തന്നെ ചിത്രീകരിച്ചതാണ് ശരിയായ മാര്‍ഗമെന്നും പറയേണ്ടിവരും.
സ്ത്രീശബ്ദം, ജൂണ്‍ 2017