Wednesday, 6 February 2019

വിജയ് സൂപ്പറും പൗർണ്ണമിയും
എ ജിസ് ജോയ് ഫീൽ ഗുഡ് മൂവി


ജിസ് ജോയ് സിനിമകൾ എന്നൊരു ബ്രാൻഡ് ഭാവിയിൽ മലയാള സിനിമയിൽ സൃഷ്ടിക്കപ്പെടാനിടയുണ്ട്. എൺപതുകളിലെ ബാലചന്ദ്ര േേനാനെയൊക്കെപ്പോലെ സംവിധായകന്റെ പേരിൽ അറിയപ്പെടുന്ന, താരങ്ങളെക്കാൾ സംവിധായകൻ മിനിമം ഗാരന്റി ബ്രാൻഡായി മാറുന്ന സിനിമകൾ. വലിയ അവകാശവാദങ്ങൾ ഒന്നും മുന്നോട്ടുവയ്ക്കാതെ തിയേറ്ററുകളിലെത്തുകയും സിനിമ കണ്ടിറങ്ങുന്നവർക്ക് സുഖമുള്ള ഒരു നല്ല ഓർമ്മ സമ്മാനിക്കുകയും ചെയ്യുന്നവയാണ് ജിസ് ജോയ് സിനിമകൾ. സങ്കീർണ്ണമായ കഥാപശ്ചാത്തലമോ ഉപകഥകളോ ട്വിസ്റ്റുകളുടെ സാധ്യതയോ ഒന്നുമില്ലാതെ സ്വാഭാവികമായി അഭിനയിക്കുന്ന കഥാപാത്രങ്ങളും കഥയോട് ഇഴചേർന്ന് കടന്നുവരുന്ന ഹാസ്യവും ബന്ധങ്ങളുടെ ഊഷ്മളത ഓർമ്മപ്പെടുത്തുകയും തെല്ല് നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ചെറിയ സിനിമകളാണ് ജിസ് ജോയിയുടേത്. അതിവൈകാരികയും സംഘർഷങ്ങളുമില്ലാതെ ഇത്ര ലളിതമായും വാണിജ്യ സിനിമയെടുക്കാം എന്നു സ്വയം ശീലിക്കുകയും മറ്റു ചലച്ചിത്രകാര•ാരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ജിസ് ജോയ് എന്ന പുതിയ ബ്രാൻഡിന്റെ സാധ്യത തെളിഞ്ഞുവരുന്നത്.
   
     കലാപരമായ അതിമേ•യല്ല ജിസ് ജോയ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന കാണാൻ സുഖമുള്ള രസികൻ സിനിമയൊരുക്കുക എന്നതാണ് ജിസ് ജോയിയിലെ എഴുത്തുകാരന്റെയും സംവിധായകന്റെയും ലക്ഷ്യം. ഒരുപക്ഷേ പല ആവർത്തി പറഞ്ഞ കാര്യങ്ങൾ പുതിയ അന്തരീക്ഷത്തിൽ പറയുക തന്നെയാണ് ജിസ് ജോയ് ചെയ്യുന്നത്. വളരെ ബുദ്ധിപരമായി കാണികൾക്ക് എന്തു വേണമെന്ന് തിരിച്ചറിഞ്ഞ് അത് നൽകുക മാത്രമാണ് ഈ സംവിധായകൻ തന്റെ സിനിമയിൽ ചെയ്യുന്നത്. ആദ്യ സിനിമയായ ബൈസിക്കിൾ തീവ്സിൽ ജിസ് ജോയ് ഈ പരീക്ഷണത്തിന് തുടക്കമിട്ടിരുന്നെങ്കിലും രണ്ടാമത്തെ സിനിമയായ സൺഡേ ഹോളിഡേയിലാണ് കാണികൾ ഇതു തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. കണ്ടവർ പരസ്പരം പറഞ്ഞാണ് രണ്ടു വർഷം മുമ്പ് സൺഡേ ഹോളിഡേ തിയേറ്ററിൽ ശ്രദ്ധിക്കപ്പെടുന്ന വിജയം നേടിയത്. സൺഡേ ഹോളിഡേയുടെ പ്രമേയത്തിലെയും അവതരണത്തിലെയും ലാളിത്യവും സ്വാഭാവിക ഹാസ്യവും അപർണാ ബാലമുരളിയും ആസിഫ് അലിയും സിദ്ധിഖും അടക്കമുള്ളവരുടെ പ്രകടനവും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫീൽ ഗുഡ് മൂവി എന്ന വിശേഷണമാണ് സൺഡേ ഹോളിഡേയ്ക്ക് പ്രേക്ഷകർ ചാർത്തി നൽകിയത്.
    സൺഡേ ഹോളിഡേയുടെ സംവിധായകന്റെ പുതിയ സിനിമ എന്നതു തന്നെയായിരുന്നു വിജയ് സൂപ്പറും പൗർണ്ണമിയും റിലീസിംഗ് സമയത്തെ ആകർഷണം. സൺഡേ ഹോളിഡേയെപ്പോലെ ഫീൽ ഗുഡ് എന്ന പ്രയോഗത്തെ ശരിവയ്ക്കുന്ന സിനിമയാകാൻ വിജയ് സൂപ്പറിനും കഴിയുന്നുണ്ട്. രസകരമായി കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമയാണ് വിജയ് സൂപ്പറും പൗർണ്ണമിയും. നമുക്ക് പരിചിതമായ ജീവിത സാഹചര്യത്തിൽ ദിവസവും കണ്ടു പരിചയമുള്ള മനുഷ്യരെ തന്നെയാണ് ജിസ് ജോയ് ഇത്തവണയും കഥാപാത്രങ്ങളാക്കുന്നത്. അവരുടെ സംസാരവും പ്രവൃത്തിയും ജീവിത പരിസരവും തൊഴിലിടങ്ങളുമെല്ലാം നമ്മളോട് ഏറെ അടുത്തു നിൽക്കുന്നതു കൊണ്ടുതന്നെ സിനിയോട് ഒരുതരം അടുപ്പവും തോന്നും.
    കഥയിൽ വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണത്തിലെ ഒഴുക്കും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവുമാണ് വിജയ് സൂപ്പറിനും പൗർണ്ണമിക്കും കരുത്താകുന്നത്. ഒരു മുറിയിൽ രണ്ടു കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന ദൈർഘ്യമുള്ള ചില സീനുകൾ ചിത്രത്തിലുണ്ട്. എന്നാൽ അത് ഒട്ടും വിരസമാകാതെ അവതരിപ്പിക്കുന്നു എന്നതിലാണ് സംവിധായകന്റെ മിടുക്ക്.
   
       ആത്മവിശ്വാസമില്ലാത്ത നായക കഥാപാത്രവും ആത്മവിശ്വാസം മാത്രം കൈമുതലായുള്ള നായികയുമാണ് ചിത്രത്തിലെ കേന്ദ്രം. ജീവിതത്തിൽ വ്യക്തമായ ലക്ഷ്യമില്ലാത്ത അഭ്യസ്തവിദ്യരായ ശരാശരി മലയാളി യുവാക്കളുടെ പ്രതിനിധിയാണ് ആസിഫ് അലി അവതരിപ്പിക്കുന്ന വിജയ് എന്ന പേരിൽ മാത്രം സൂപ്പറായ കഥാപാത്രം. നായകനേക്കൾ പക്വത പുലർത്തുകയും ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ ഉള്ളവളും ബിസിനസ് കരിയറിൽ പലതവണ പരാജയപ്പെട്ടിട്ടും കൂടുതൽ മികച്ച വിജയത്തിനായി നിരന്തരം ശ്രമിക്കുകയും ചെയ്യുന്നവളാണ് പൗർണ്ണമി എന്ന നായിക. ഇരുവരുടേയും കഥാപാത്രങ്ങൾ ഒട്ടനവധി സിനിമകളിൽ നേരത്തെയും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത്തരം കഥാപാത്രങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് പകർത്താൻ ആസിഫിന്റേയും ഐശ്വര്യ ലക്ഷ്മിയുടേയും പ്രകടനത്തിനാകുന്നുണ്ട്. ചെറുപ്പക്കാർക്ക് പ്രചോദനമേകുന്ന കഥാപാത്രങ്ങളാകുമ്പോൾ തന്നെ കുടുംബ പ്രേക്ഷകരെ ആകർഷിക്കാനും വിജയ് സൂപ്പറിന്റേയും പൗർണ്ണമിയുടെയും കഥാന്തരീക്ഷത്തിന് സാധിക്കുന്നുണ്ട്. ആസിഫിന് ഏറെ സ്വാഭാവികമായി ചെയ്യാനാകുന്ന വീട്ടിലെ പയ്യൻ കഥാപാത്രങ്ങളുടെ കൂട്ടത്തിലാണ് വിജയിന്റെയും ഇടം. ഈ റോളിൽ ഒരിക്കൽകൂടി പ്രയാസമേതുമില്ലാതെ ആസിഫ് വിജയിക്കുകയും ചെയ്യുന്നു. നായകനേക്കാൾ ആത്മവിശ്വാസവും തന്റേടവുമുള്ള കഥാപാത്രങ്ങളാണ് ഞണ്ടുകളുടെ നാട്ടിൽ, മായാനദി, വരത്തൻ എന്നീ മുൻസിനിമകളിൽ ഐശ്വര്യ ചെയ്തത്. അവയുടെ തന്നെ തന്നെ തുടർച്ചയാണ് പൗർണ്ണമി എന്ന കഥാപാത്രവും. പതിവുപോലെ സിദ്ധിഖിന്റെയും രഞ്ജി പണിക്കരുടേയും മികവുറ്റ പ്രകടനവും സിനിമയ്ക്ക് കരുത്ത് പകരുന്നു.
    സൺഡേ ഹോളിഡേയിലേതു പോലെ മികച്ച പാട്ടുകൾ വിജയ് സൂപ്പറിൽ കാണാനായില്ലെങ്കിലും ഫോർ മ്യൂസിക്സിന്റെ പശ്ചാത്തല സംഗീതം സിനിയോട് ചേർന്നുനിൽക്കുന്നു. രണദിവെയുടെ ക്യാമറയും മികച്ചത്.

സ്ത്രീശബ്ദം, 2019 ഫെബ്രുവരി

Saturday, 2 February 2019

 
വ്യക്തിത്വമുള്ള സിനിമകളുടെ സ്രഷ്ടാവ്

ലെനിൻ രാജേന്ദ്രൻ സിനിമകളിലൂടെ..


'എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയ്ക്ക് വിരുദ്ധമായി സമ്മർദ്ദത്തിനു വഴങ്ങി ഞാനിന്നു വരെ സിനിമയെടുത്തിട്ടില്ല. ഒരു പക്ഷേ എനിക്കിഷ്ടപ്പെട്ട പല വിഷയങ്ങളിലേക്കും ക്യാമറ തിരിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകില്ല. നിർമ്മാണത്തിന്റെ ചില പ്രശ്നങ്ങൾ തന്നെയാണ് അതിനു കാരണം. സിനിമയ്ക്കു പണം മുടക്കുന്ന പ്രൊഡ്യൂസറുടെ ചിന്തകളോടു സമരസപ്പെട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ. എന്നു പറയുമ്പോൾ എനിക്കിതേ കഴിയൂ എന്ന് ഞാനദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് സമരസപ്പെടുക ഇന്നോളമുണ്ടായിട്ടില്ല. എനിക്കിത് പറയണം, ഞാനേ ഇത് പറയുകയുള്ളൂ എന്നൊക്കെയുള്ള തോന്നലുകളിൽ നിന്നാണ് എന്റെ ഓരോ സിനിമയും ജനിക്കുന്നത്.'

-ലെനിൻ രാജേന്ദ്രൻ




     ഐഡന്റിറ്റിയാണ് ലെനിൻ രാജേന്ദ്രൻ സിനിമകളുടെ സവിശേഷത. വേനലും മഞ്ഞും മഴയുമായി അത് ഋതുഭേദങ്ങളെ അടയാളപ്പെടുത്തുമ്പോഴും പൂർവ്വ മാതൃകകളില്ലാത്ത വിധം ഓരോ സിനിമകളും തികഞ്ഞ വ്യക്തിത്വം പുലർത്തിപ്പോരുന്നു. പ്രമേയങ്ങളുടെ വൈവിധ്യവും രാഷ്ട്രീയ നിലപാടുകളും വ്യത്യസ്തനാക്കിയ ലെനിൻ കലാമൂല്യവും കച്ചവടചേരുവകളും സമന്വയിപ്പിച്ചുകൊണ്ട് ജനകീയ സിനിമകളുടെ വഴി വെട്ടി മുന്നോട്ടുപോയ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ലെനിന്റെ ആദ്യസിനിമയായ 'വേനൽ' നൂറു ദിവസം തിയേറ്ററിൽ ഓടി. കലയിൽ വിട്ടുവീഴ്ചയില്ലാതെ കച്ചവടത്തിന്റെ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു അത്. അതുവരെ നിലനിന്ന സിനിമാ ധാരണകളെയെല്ലാം കീഴ്‌മേൽ മറിച്ചുകൊണ്ടായിരുന്നു ലെനിൻ 1981ൽ തന്റെ ആദ്യ സിനിമയുമായി വന്നത്. രണ്ടാം സിനിമയായ 'ചില്ലും' തിയേറ്റർ വിജയം നേടി. ഇതോടെ ലെനിൻ തന്റെ മേഖല സിനിമ തന്നെയെന്ന് ഉറപ്പിച്ചു. കലയുടെയും കച്ചവടത്തിന്റെയും സമന്വയം സാധ്യമാക്കിയ സംവിധായകൻ എന്ന നിലയിൽ ലെനിനെ മലയാള സിനിമ അടയാളപ്പെടുത്തുകയും ചെയ്തു.
   
      പി.എൻ മേനോനും അരവിന്ദനും അടൂരും മലയാള സിനിമയിൽ വേറിട്ട സമാന്തരപാതയ്ക്ക് വഴി വെട്ടി വിജയിക്കുകയും മറ്റൊരു വഴിയേ പവിത്രനും ബക്കറുമെല്ലാം സഞ്ചരിക്കുകയും കെ.ജി ജോർജും പത്മരാജനും ഭരതനും ഇതിന്റെ തുടർച്ച കണ്ടെത്തുന്നതിൽ വിജയിച്ചു പോരുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലയളവിൽ തന്നെയാണ് ലെനിൻ രാജേന്ദ്രൻ എന്ന അന്നത്തെ നവസംവിധായകനും പിറവി കൊള്ളുന്നത്.
   
       ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ മുൻ സിനിമയെ എവിടെയും കണ്ടുകിട്ടാത്ത വിധം പുതിയ സിനിമ സൃഷ്ടിക്കാൻ ലെനിന് സാധിച്ചിരുന്നു. ആദ്യ സിനിമയായ വേനൽ മുതൽ ലെനിനിൽ ഈ വേറിട്ടു നടപ്പ് തെളിഞ്ഞു കാണാം. ബന്ധങ്ങളുടെ തീവ്രതയും ആഴവും സൂക്ഷ്മമായി പഠനവിധേയമാക്കുകയായിരുന്നു ലെനിൻ വേനലിൽ ചെയ്തത്. ആർട്ട്, കമേഴ്സ്യൽ സങ്കേതങ്ങളിൽ പ്രത്യേകം തളച്ചിടാതെ പുതുതായൊരു ഇടം സൃഷ്ടിച്ചെടുക്കാനും ഈ സിനിമയ്ക്കായി. തിയേറ്ററിൽ വിജയം നേടിയതിനൊപ്പം മലയാളി കാഴ്ച ശീലത്തിന് നവഭാവുകത്വം നൽകുന്നതിലും വേനൽ വിജയിച്ചു. പാട്ടുകൾ സിനിമയിൽ സവിശേഷ സാന്നിദ്ധ്യമായി മാറ്റുന്ന രീതിക്കും ലെനിൻ വേനലിലൂടെ തുടക്കമിട്ടു. കവിതയും നാടൻ ചൊൽവഴക്കങ്ങളും പാട്ടുകളുമെല്ലാം ഒരുപോലെ തിരക്കഥയോട് ചേർത്ത് ഉപയോഗിക്കുന്ന രീതി ലെനിന് തന്റെ സിനിമകളിൽ അവലംബിച്ചു. വേനൽ തുടങ്ങുന്നതു തന്നെ കാവാലത്തിന്റെ ചൊൽപാട്ടിലൂടെയാണ്. രണ്ടാമത്തെ സിനിമയായ ചില്ലിലും ഇത് തുടർന്നു. ചില്ലിൽ പാട്ടുകളും കവിതകളും കുറേക്കൂടി ശക്തമായ സാന്നിദ്ധ്യമായി മാറുന്നുണ്ട്. തുടർന്നു വന്ന ലെനിന്റെ എല്ലാ സിനിമകളിലും പാട്ടുകൾക്ക് സവിശേഷ ഇടം നൽകുന്നത് കാണാം. പലപ്പോഴും സിനിമയോളമോ ചിലപ്പോൾ അതിന് മുകളിൽ തന്നെയും ഈ പാട്ടുകൾ അടയാളപ്പെടുത്തപ്പെടുകയും ചെയ്തു.
  
     ആദ്യ സിനിമ കൊണ്ടുതന്നെ മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ ശക്തനായ പ്രയോക്താവ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ലെനിൻ രണ്ടാമത്തെ സിനിമയോടെ തന്റെ ഇടം ഉറപ്പിക്കുകയായിരുന്നു. ആരുടേയും രീതി അനുകരിക്കാതെ, എന്നാൽ ആർക്കും അനുകരിക്കാനാകാത്ത ശൈലിയായിരുന്നു ലെനിന്റേത്. വേനലിലും ചില്ലിലും മലയാളി അനുഭവിച്ച ആസ്വാദനത്തിന്റെ നവ്യാനുഭൂതിയാണ് ഈ ചലച്ചിത്രകാരന്റെ പിന്നീടുള്ള സിനിമകൾക്കായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടിയത്. പോപ്പുലർ, ആർട്ട് ഫിലിം ധാരകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ലെനിന്റെ ഫിലിം മേക്കിംഗ് രീതിക്ക് വിപണിമൂല്യം കൂടി ലഭിച്ചതാണ് അത്തരം സിനിമ നിർമ്മിക്കുന്നവരിൽ ആത്മവിശ്വാസമുണ്ടാക്കിയത്. 1981, 82, 83 വർഷങ്ങളിൽ തുടർച്ചയായി ലെനിൻ സിനിമകൾ പുറത്തിറങ്ങി. മൂന്നാമത്തെ സിനിമയായ 'പ്രേംനസീറിനെ കാണ്മാനില്ല'  പേരിലെ പുതുമയും കഥാവതരണത്തിലെ മികവും കൊണ്ടാണ് ആകർഷിക്കപ്പെട്ടത്. വേനലിലും ചില്ലിലും ബന്ധങ്ങളുടെ തീവ്രതയും ശിഥിലതയും വിഷയമായപ്പോൾ 'പ്രേംനസീറിനെ കാണ്മാനില്ല' ഈ രണ്ടു സിനിമകളുടേയും പ്രമേയത്തിൽ നിന്ന് ഏറെ അകലം പാലിച്ചു. ഇതോടെ വ്യത്യസ്ത ജോണറുകൾ പരീക്ഷിക്കുന്ന സംവിധായകൻ എന്ന തലത്തിലേക്കായി ലെനിന്റെ മാറ്റം.
  
      തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് തന്നെ ലെനിനിലെ കലാകാരനും വിപ്ലവകാരിയും രൂപപ്പെട്ടിരുന്നു. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനായ ലെനിനോട് കലാലയ പഠനത്തിനു ശേഷം സിനിമയോ രാഷ്ട്രീയമോ? എന്ന് സഹപാഠികൾ ചോദിച്ചപ്പോൾ 'രാഷ്ട്രീയമുള്ള സിനിമാക്കാരൻ' എന്നായിരുന്നു മറുപടി. ഇത് അക്ഷരംപ്രതി പാലിക്കുന്നതായിരുന്നു ലെനിന്റെ പിന്നീടുള്ള കലാജീവിതം. വേനലിലും ചില്ലിലും ബന്ധങ്ങളുടെ സത്യസന്ധവും തീവ്രവുമായ നേരാവിഷ്‌കാരം കാണികളിൽ അനുഭവിപ്പിച്ച ലെനിൻ തികഞ്ഞ രാഷ്ട്രീയം പറഞ്ഞത് 1985ൽ പുറത്തിറങ്ങിയ 'മീനമാസത്തിലെ സൂര്യനി'ലായിരുന്നു. മലയാളത്തിലെ എണ്ണംപറഞ്ഞ രാഷ്ട്രീയ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന മീനമാസത്തിലെ സൂര്യൻ ഫ്യൂഡൽ വിരുദ്ധ പോരാട്ടം കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയായിരുന്നു. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു ഈ സിനിമയിൽ ലെനിൻ നടത്തിയത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പൊളിറ്റിക്കൽ ഫിലിം മേക്കറായ മൃണാൾ സെന്നിന് സഫലമാക്കാനാകാതെ പോയ സ്വപ്നമായിരുന്നു കയ്യൂരിന്റെ കഥ പറയുന്ന ഒരു മലയാളം സിനിമ. തികഞ്ഞ രാഷ്ട്രീയ നിലപാടുള്ള മറ്റൊരു ചലച്ചിത്രകാരന് ഇതേ പ്രമേയം സിനിമയാക്കാനായി എന്നത് കാവ്യനീതിയായിരിക്കാം. കേരളത്തിലെ മുഖ്യധാരാ സമര ചരിത്രത്തിൽ എവിടെയും രേഖപ്പെടാതെ പോയ കയ്യൂർ സമരത്തെ സിനിമയെന്ന കലയുടെ സാധ്യത ഉപയോഗിച്ച് സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും പ്രൗഢോജ്ജ്വലമായൊരു ഏടായി മാറുന്ന വിധം അവതരിപ്പിക്കുകയാണ് 'മീനമാസത്തിലെ സൂര്യനി'ൽ ലെനിൻ ചെയ്തത്. ഇത് തികഞ്ഞ സാമൂഹികബോധമുള്ള ഒരു പൗരന്റെ ചരിത്ത്രോടുള്ള കടമ നിറവേറ്റൽ കൂടിയായി മാറി.
  
       മീനമാസത്തിലെ സൂര്യനിലും മുൻ സിനിമകളിലെപ്പോലെ എം.ബി ശ്രീനിവാസന്റെ ഈണത്തിൽ മലയാളി എക്കാലത്തും ഓർത്തുവയ്ക്കുന്ന പാട്ടുകൾ സമ്മാനിക്കാൻ ലെനിൻ രാജേന്ദ്രനായി. നാലു സിനിമകളായപ്പോഴേക്കും ലെനിന്റെ സിനിമകളിലെ പാട്ടുകൾ മലയാളിയുടെ ചുണ്ടിൽ ചിരപ്രതിഷ്ഠ നേടുന്നവായിക്കഴിഞ്ഞിരുന്നു. ആ സിനിമകൾ പുറത്തിറങ്ങി നാലു പതിറ്റാണ്ടോടുക്കുമ്പോഴും പാട്ടുകളോടുള്ള ഇഷ്ടത്തിൽ കുറവില്ലെന്നതും അത് തലമുറകളിലേക്ക് കൈമാറാൻ തക്ക ശേഷിയുള്ള അതീവ ഹൃദ്യമായ ഈണങ്ങളായി നിലനിൽക്കുകയും ചെയ്യുന്നുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. വേനലിലെ 'കാന്ത മൃദുല', 'താഴിക ചൂടിയ', ചില്ലിലെ 'ഒരു വട്ടം കൂടി', 'ചൈത്രം ചായം ചാലിച്ചു', 'പോക്കുവെയിൽ പൊന്നുരുകി', മീനമാസത്തിലെ സൂര്യനിലെ 'മാരിക്കാർ മേയുന്ന' തുടങ്ങിയ പാട്ടുകളെല്ലാം മരണമില്ലാത്തവയായി ശേഷിക്കുന്നു.
  
      തിരുവിതാംകൂർ രാജഭരണകാലത്ത് കലയും സംഗീതവും സാഹിത്യവും ഏറ്റവുമധികം പോഷിപ്പിക്കപ്പെട്ട സ്വാതി തിരുനാൾ മഹാരാജാവിന്റെ സംഗീത ജീവിതം പ്രമേയമാക്കിയ 'സ്വാതി തിരുനാൾ' മീനമാസത്തിലെ സൂര്യനു ശേഷം ലെനിന്റെ അടുത്ത ചരിത്രാന്വേഷണമായിരുന്നു. കന്നട നടൻ അനന്ത് നാഗ് സ്വാതി തിരുനാളിന്റെ വേഷം ചെയ്ത സിനിമയിൽ അദ്ദേഹത്തിന് ശബ്ദം നൽകിയത് അന്നത്തെ മലയാള സിനിമയിലെ സവിശേഷ സാന്നിധ്യമായ വേണു നാഗവള്ളിയായിരുന്നു എന്നത് ഏറെ കൗതുകമുള്ള വാർത്തയായിരുന്നു. സ്വാതി തിരുനാൾ കീർത്തനങ്ങളും ഇരയിമ്മൻ തമ്പിയുടെ 'ഓമനത്തിങ്കൾക്കിടാവോ' പദ്യവുമടക്കം മുപ്പതോളം ഗാനശകലങ്ങളാണ് സ്വാതിതിരുനാൾ രാമവർമ്മയ്ക്കുള്ള സംഗീതാർച്ചന കൂടിയായ ഈ സിനിമയിൽ ഉൾപ്പെടുത്തിയത്. കലയിലും സംഗീതത്തിലും പ്രാവീണ്യവും കലാകാരന്മാർക്ക് പ്രോത്സാഹനവും നൽകുമ്പോൾ  രാജഭരണ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകുകയും അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്യുന്ന സ്വാതി തിരുനാളിന്റെ മാനസിക സംഘർഷങ്ങളിലേക്കു കടന്നു ചെല്ലുന്നുവെന്നതാണ് ലെനിന്റെ സ്വാതി തിരുനാളിനെ കേവലമൊരു ചരിത്ര സിനിമ എന്നതിൽ നിന്നും പുറത്തു കടത്തുന്നതും സ്വതന്ത്രാവിഷ്‌കാരമായി മാറ്റുന്നതും. മീനമാസത്തിലെ സൂര്യനു ശേഷം ലെനിന്റെ വലിയ കാൻവാസിലും താരസമ്പന്നവുമായ സിനിമ കൂടിയായിരുന്നു സ്വാതി തിരുനാൾ. വേനലിലും ചില്ലിലും മൂന്നോ നാലോ കഥാപാത്രങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ലെനിൻ സിനിമയുടെ ക്യാമറ കൂടുതൽ വ്യക്തികളിലേക്കും ഭിന്ന ഭൂമികയിലേക്കും പശ്ചാത്തലങ്ങളിലേക്കും കടന്നുചെല്ലുന്നത് മീനമാസത്തിലെ സൂര്യനും സ്വാതി തിരുനാളും ചെയ്‌തോടെയായിരുന്നു.
  
       വേനലിലും രമണി (ജലജ), ചില്ലിലും ആനി (ശാന്തീകൃഷ്ണ)സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന രീതിയാണ് ലെനിൻ രാജേന്ദ്രൻ സ്വീകരിച്ചത്. ജീവിത്തോട് തുറന്നു ചിരിച്ച് സന്തോഷിച്ചും പിന്നെ മൗനികളും നഷ്ടബോധം സംഭവിച്ചവരുമായി മാറുന്ന രമണിയും ആനിയും അമരരായ കഥാപാത്രങ്ങളാണ്. മീനമാസത്തിലെ സൂര്യനിൽ രേവതി (ശോഭന)യിലൂടെ സ്ത്രീകഥാപാത്ര പ്രാധാന്യം തുടരാൻ ശ്രദ്ധിക്കുന്ന സംവിധായകൻ സ്വാതി തിരുനാളിൽ ഒന്നിലേറെ സ്ത്രീകളുടെ അന്ത:സംഘർഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുാനും തയ്യാറാകുന്നുണ്ട്. ശ്രീവിദ്യയുടെ ഗൗരി പാർവ്വതി ഭായി, അംബികയുടെ നാരായണി, രഞ്ജിനിയുടെ സുഗന്ധവല്ലി എന്നിവരാണ് ആ സ്ത്രീകൾ.
    ചരിത്ര കഥാപാത്രങ്ങളിലെ നീതി തേടിയുള്ള അന്വേഷണം ലെനിൻ രാജേന്ദ്രൻ പിന്നീട് തുടരുന്നത് കുലത്തിലാണ്. സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആധാരമാക്കി ലെനിൻ സംവിധാനം ചെയ്ത കുലം, മാർത്താണ്ഡവർമ്മയെയല്ല മറിച്ച സുഭദ്രയെ ആണ് കേന്ദ്രമാക്കുന്നത്. തിരുവിതാംകൂർ ചരിത്രം സുഭദ്രയെന്ന സ്ത്രീയോടും അതിലൂടെ മറ്റെല്ലാ സ്ത്രീകളോടും എങ്ങനെ നീതി കാണിച്ചുവെന്നും തിരുവിതാംകൂറിന്റെ ചരിത്രം രാജാക്കന്മാരുടേതു മാത്രമല്ല അതിശക്തരായ സ്ത്രീകളുടേതു കൂടിയാണ് എന്ന ചരിത്രത്തിന്റെ പുനർവായന കൂടിയായിരുന്നു ലെനിൻ രാജേന്ദ്രൻ കുലത്തിലൂടെ നടത്തിയത്. അധികാരത്തിന്റെയും ആണത്തത്തിന്റെയും തന്ത്രങ്ങൾ തന്റെ മോഹങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുമ്പോൾ പ്രതിബന്ധങ്ങളിൽ തളരാതെ പോരാടുകയും പകരം വീട്ടുകയും ചെയ്യുന്ന ഉജ്ജ്വല സ്ത്രീകഥാപാത്രമായിരുന്നു ലെനിൻ കുലത്തിൽ സൃഷ്ടിച്ചത്. ഭാനുപ്രിയയ്ക്ക് കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന് സാധ്യമാക്കിയതും കുലത്തിലെ സുഭദ്രയിലൂടെയാണ്. സാഹിത്യസൃഷ്ടി സിനിമയാക്കുമ്പോഴത്തെ വെല്ലുവിളി ലെനിൻ രാജേന്ദ്രൻ മറികടന്നത് കെട്ടുറപ്പുള്ള തിരക്കഥയിലൂടെയാണ്.
       അംഗീകാരങ്ങൾക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വിശ്വപ്രസിദ്ധ ചിത്രകാരൻ രവിവർമ്മയുടെ ജീവിതഗതിയെയും മനോവ്യാപാരത്തെയും വേറിട്ടൊരു വീക്ഷണകോണിലൂടെ നോക്കിക്കണ്ടാണ് ലെനിൻ മകരമഞ്ഞ് ഒരുക്കിയത്. ചരിത്രവും പുതിയ കാലവും ഇടകലർത്തിക്കൊണ്ടുള്ള ആഖ്യാനമാണ് മകരമഞ്ഞിനെ നിരവധി ചലച്ചിമ്രേളകളിൽ ശ്രദ്ധേയമാക്കിയത്.
   
       എം.മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികൾ'ക്കും, മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി'യ്ക്കും ചലച്ചിത്രഭാഷ്യം നൽകുമ്പോഴും ലെനിന്റെ മുമ്പിൽ ഉണ്ടായിരുന്നത് ഈ വെല്ലുവിളിയായിരുന്നു. വേനലിനും ചില്ലിനും ശേഷം ബന്ധങ്ങളുടെ തീവ്രതയും പ്രണയവും ആവിഷ്‌കരിച്ച ലെനിൻ രാജേന്ദ്രൻ സിനിമയാണ് മഴ. കൗമാരക്കാരിയായ ഭദ്രയ്ക്ക് സംഗീതാധ്യാപകനായ രാമാനുജം ശാസ്ത്രിയോടുണ്ടായിരുന്ന സഫലമാകാതെ പോകുന്ന പ്രണയവും പൊരുത്തപ്പെടാത്ത വൈവാഹിക ജീവിതവും വീണ്ടും പഴയ പ്രണയത്തെ തേടിയുള്ള തിരിച്ചുവരവും ആവിഷ്‌കരിച്ച മാധവിക്കുട്ടിയുടെ ജനപ്രിയ കഥയ്ക്കാണ് ലെനിൻ ദൃശ്യഭാഷ്യം നൽകിയത്. മഴയും പ്രണയവും കാവ്യാംശസുന്ദരമായ പാട്ടുകളുമായപ്പോൾ മാധവിക്കുട്ടിയുടെ നീലാംബരിക്ക് ഉചിതമായ ചലച്ചിഭാഷ ചമയ്ക്കുന്നതിൽ ലെനിൻ രാജേന്ദ്രന് വിജയിക്കാനായി. കുമാരനാശന്റെ കരുണയെ പുതിയ സാഹചര്യത്തിലേക്ക് പറിച്ചുനടുന്ന ആഖ്യാനമാണ് ഇടവപ്പാതിയിൽ ലെനിൻ നടത്തുന്നത്. കരുണയിൽ ബുദ്ധഭിക്ഷുവും വാസവദത്തയുമെന്ന പോലെ ഇടവപ്പാതിയിൽ ബുദ്ധസന്ന്യാസിയെ പ്രണയിക്കുന്ന വേശ്യാലയത്തിലെ പെൺകുട്ടിയാണ് കേന്ദ്രം. പ്രണയത്തിന്റെ തീവ്രാവിഷ്‌കാരമാണ് ഇടവപ്പാതിയുടെ ഊർജ്ജം. പി.ചന്ദ്രമതിയുടെ വെബ്‌സൈറ്റ് എന്ന കഥയാണ് ലെനിന്റെ രാത്രിമഴയ്ക്ക് ആധാരം. സാഹിത്യകൃതികൾക്ക് സ്വതന്ത്ര തിരക്കഥയൊരുക്കാനുള്ള ലെനിന്റെ മികവ് ഒരിക്കൽകൂടി വെളിപ്പെടുകയായിരുന്നു രാത്രിമഴയിൽ.
   
       സ്വാതി തിരുനാളിനു ശേഷം പ്രധാന കഥാപാത്രമാകാൻ പുരാവൃത്തത്തിൽ ഓംപുരിയെയും ദൈവത്തിന്റെ വികൃതികളിൽ രഘുവരനെയുമാണ് ഇതര ഭാഷകളിൽ നിന്ന് ലെനിൻ കണ്ടെത്തിയത്. ഇതു രണ്ടുമാകട്ടെ ലെനിന്റെ മികച്ച പാത്രസൃഷ്ടികളായി മാറുകയും ചെയ്തു. പുരാവൃത്തത്തിലെ ജന്മിത്തത്തോട് ഒറ്റയ്ക്കു പൊരുതുന്ന രാമനെന്ന അതിശക്തനായ കഥാപാത്രമായി ഓംപുരി പരകായപ്രവേശം ചെയ്‌പ്പോൾ എന്തുകൊണ്ടാണ് ലെനിൻ മലയാളത്തിൽ തന്നെ പരിചിതനായ ഒരു നടനെ ഉപയോഗിക്കാതെ അന്യഭാഷ തേടിപ്പോയി എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുകയായിരുന്നു. കാടും കൃഷിയും ജൈവികതയും കഥാപാത്രങ്ങൾ തന്നെയാകുന്ന പുരാവൃത്തത്തിൽ ജന്മിത്തത്തിന്റെ കുടിലതകളെ രാമനെന്ന കഥാപാത്രത്തെ പ്രതിനിധാനം ചെയ്ത് ചോദ്യം ചെയ്യുകയാണ് സംവിധായകൻ. മലയാളത്തിലെ എക്കാലത്തെയും ജീവസ്സുറ്റതും തികഞ്ഞ സാമൂഹികപ്രതിബദ്ധത പുലർത്തുകയും ചെയ്യുന്ന ചിത്രമാണ് പുരാവൃത്തം.
    പുരോഹിതനും മായാജാലക്കാരനുമായ അൽഫോൻസച്ചന്റെയും മാഗിയുടെയും അന്തസംഘർഷങ്ങളിലൂടെ ജനിച്ചുജീവിച്ച ദേശത്തോടുള്ള മനുഷ്യന്റെ തീവ്രമായ അടുപ്പം ആവിഷ്‌കരിക്കുകയാണ് ദൈവത്തിന്റെ വികൃതികളിൽ. ലെനിൻ രാജേന്ദ്രന്റെ ഏറ്റവും പ്രശസ്തമായ സിനിമകളിലൊന്നായിട്ടാണ് ദൈവത്തിന്റെ വികൃതികളെ വിലയിരുത്തുന്നത്. രഘുവരന്റെയും ശ്രീവിദ്യയുടെയും പ്രകടനമികവാണ് സിനിമയുടെ ജീവൻ. മുകുന്ദൻ നോവലിൽ കൊണ്ടുവരുന്ന ദേശം, ദേശീയത, മനഷ്യനും ദേശവും തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ വിഷയങ്ങളെ തിരക്കഥയിലേക്ക് അതീവ ലളിതമായി ലെനിൻ കൊണ്ടുവരുന്നിടത്താണ് ദൈവത്തിന്റെ വികൃതികൾ കാണികളുമായി മറയില്ലാതെ സംവദിക്കുന്ന സിനിമയായി മാറുന്നത്. ദേശം എത്ത്രോളം മനുഷ്യനെ സ്വാധീനിക്കുന്നുണ്ട് എന്ന ആഗോളപ്രസക്തമായ വിഷയത്തിന്റെ സാധ്യത മുന്നോട്ടു വയ്ക്കുമ്പോഴാണ് ലെനിന്റെ ദൈവത്തിന്റെ വികൃതികൾ മലയാളത്തിന്റെ അതിരുകൾ വിട്ട് സഞ്ചരിക്കുന്ന സിനിമയായി മാറുന്നത്.
 
     സാമൂഹികപ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നതാണ് ലെനിൻ രാജേന്ദ്രന്റെ വചനം, അന്യർ എന്നീ സിനിമകളുടെ പ്രസക്തി. ഈ സിനിമകൾ ഇറങ്ങിയ കാലത്ത് രണ്ടും തിയേറ്ററിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാത്തവയാണ്. എന്നാൽ ആൾദൈവങ്ങളും ആശ്രമപ്രവർത്തനങ്ങളും ചാരിറ്റിയുമൊക്കെ എങ്ങിനെ മറ്റു അസന്മാർഗ്ഗിക പ്രവർത്തനങ്ങൾക്കും ധനസമ്പാദനത്തിനും മറയാകുന്നു എന്ന തുറന്നുകാണിക്കുന്ന വചനത്തിന്റെ പ്രമേയം മുപ്പത് വർഷങ്ങൾക്കിപ്പുറവും ഏറെ പ്രസക്തമാണ്. ലെനിൻ രാജേന്ദ്രനിലെ ക്രാന്തദർശിയായ തിരക്കഥാകൃത്തിനെ തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഈ സിനിമ നൽകുന്നത്. മതവർഗീതയും രാഷ്ട്രീയവും ഇടകലർന്ന് സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടകരമായ അന്തരീക്ഷത്തെയും കെട്ട കാലത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു അന്യരിൽ നടത്തിയത്.

പ്രസാധകൻ മാസിക, 2019 ഫെബ്രുവരി