* നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ലോക്ക് ഡൗണ്‍ കാലത്തിലൂടെ..
വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആറുപേര്‍. ഏതു തിരക്കിലും അല്പം ഇടവേള കിട്ടിയാല്‍ അവര്‍ വീട്ടില്‍ ഓടിയെത്തും. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച് കൊവിഡ് ലോക്ക് ഡൗണ്‍ മറ്റു പലരെയും പോലെ വീട്ടിലിരിപ്പിന്റെ തിക്കുമുട്ടലില്ലാത്ത കാലമാണ്. ഷൂട്ടിംഗ് തിരക്കുകളൊഴിഞ്ഞ് കൃഷ്ണകുമാറും മകള്‍ അഹാനയും മൂന്നര മാസമായി വീട്ടിലുണ്ട്. ഭാര്യ സിന്ധുവിനും മക്കള്‍ ദിയക്കും ഇഷാനിക്കും ഹന്‍സികയ്ക്കും തിരക്കില്ലാതെ താരങ്ങളെ വീട്ടില്‍ കിട്ടിയതിന്റെയും സന്തോഷം.
നിനച്ചിരിക്കാതെ ഒരു മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍ അതിനെ ചെറുക്കാനുള്ള പ്രധാന വഴി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതു മാത്രമാണെന്ന് തിരിച്ചറിഞ്ഞ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. തിരുവനന്തപുരം മരുതംകുഴിയിലെ 'സ്ത്രീ' എന്ന വീട്ടിലെ ആറുപേരും മൂന്നര മാസമായി സ്വയം തീരുമാനിച്ച ഒരു ക്വാറന്റൈന്‍ മൂഡിലാണ്. പുറത്തുപോകാന്‍ കഴിയാത്തതില്‍ ആര്‍ക്കും പരിഭവമില്ല. ഗൃഹാന്തരീക്ഷം എല്ലാവര്‍ക്കും നല്‍കുന്നത് ഫുള്‍ മോഡ് പോസിറ്റീവ് എനര്‍ജി. എല്ലാവരും അവരവരുടെ ക്രിയേറ്റിവിറ്റികളില്‍ സന്തോഷം കണ്ടെത്തുന്നു. സമയം പോകുന്നില്ല എന്ന പരാതി ആര്‍ക്കുമില്ല. 'സമയം പോരാ' എന്നു മാത്രം ഇടയ്ക്കിടെ പറയും.
* ഷൂട്ട് മുടക്കിയ കൊവിഡ്
ലോക്ക് ഡൗണ്‍ തുടങ്ങുമ്പോള്‍ രണ്ട് സിനിമകളുടെ ഷൂട്ടിലായിരുന്നു കൃഷ്ണകുമാര്‍. രണ്ടു പടത്തിലും തന്റെ സീനുകള്‍ പൂര്‍ത്തീകരിക്കാനായതിന്റെ ആശ്വാസമുണ്ട് അദ്ദേഹത്തിന്. എന്നാല്‍ സിനിമകളുടെ ഷൂട്ട് മുഴുവന്‍ പൂര്‍ത്തിയായില്ലെന്ന വിഷമവുമുണ്ട്. 'നാന്‍സിറാണി' എന്ന സിനിമയിലായിരുന്നു അഹാന അഭിനയിച്ചുകൊണ്ടിരുന്നത്. കോട്ടയത്തായിരുന്നു ഷൂട്ട്. ഇതിന്റെ 75 ശതമാനം ഷൂട്ട് പൂര്‍ത്തിയായി. ഇനി ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് അഹാനയുടെ പ്രത്യാശ. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയിലാണ് ഇഷാനി അഭിനയിച്ചിരുന്നത്. ഇതിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂര്‍ത്തിയായതാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസിന്റെ നായികയായിട്ടാണ് ഇഷാനി അഭിനയിക്കുന്നത്.
* വീട്ടിലിരിക്കൂ; എല്ലാം ശരിയാകുമെന്നേ..
'ഇപ്പോള്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം വീട്ടിലിരിക്കുക എന്നതാണ്. ഒഴിവാക്കാന്‍ പറ്റാത്ത അത്യാവശ്യ ജോലിയുള്ളവര്‍ മാത്രം പുറത്തിറങ്ങട്ടെ, അല്ലാത്തവര്‍ വീട്ടിലിരിക്കണം' - കൃഷ്ണകുമാര്‍ പറയുന്നു. അച്ഛന്റെ അഭിപ്രായത്തോട് മക്കള്‍ക്കും നൂറു ശതമാനം യോജിപ്പ്. 'വര്‍ക്ക് അറ്റ് ഹോം കഴിയുന്നവരെല്ലാം അങ്ങനെ ചെയ്യട്ടെ. എല്ലാം ശരിയാകുമ്പോള്‍ നമുക്ക് പഴയ പടി പുറത്തിറങ്ങാമല്ലോ..' - ദിയയും ഇഷാനിയും കൂട്ടിച്ചേര്‍ക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ചോടെ സിനിമയുള്‍പ്പെടെ എല്ലാ മേഖലയും പഴയതിനെക്കാള്‍ ഊര്‍ജ്ജത്തോടെ ഉണരുമെന്നാണ് കൃഷ്ണകുമാറിന്റെ കണക്കുകൂട്ടല്‍.
അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂ ട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഇവരുടെ ഡാന്‍സ്, പാട്ട്, ടിക് ടോക് വീഡിയോകള്‍ക്ക് സാമാന്യം ഫോളോവേഴ്‌സുമുണ്ട്. ലോക്ക് ഡൗണില്‍ സിനിമയുടെയും പഠനത്തിന്റെയും തിരക്കൊഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനുമായി. 'നാലു പേര്‍ക്കും അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുണ്ട്. അതില്‍ എങ്ങനെ ഇടപെടണമെന്ന് അവര്‍ക്ക് നമ്മളെക്കാള്‍ അറിയാം. അവരവരുടെ വെര്‍ച്വല്‍ ലോകത്ത് അവര്‍ ബിസിയാണ്. വര്‍ക്ക് അറ്റ് ഹോം അല്ലെങ്കില്‍ ജോലിക്കോ പഠിക്കാനോ പോകുന്ന ഫീല്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അവര്‍ ഫുള്‍ ടൈം എന്‍ഗേജ്ഡ് ആണ്. ഇക്കാര്യത്തില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്.'- കൃഷ്ണകുമാര്‍ പറയുന്നു. ഷൂട്ട് ചെയ്ത വീഡിയോകള്‍ എഡിറ്റ് ചെയ്യുന്നതു സ്വന്തമായി തന്നെ. എഡിറ്റിംഗില്‍ താത്പര്യമുള്ള അഹാന ഇക്കാര്യത്തില്‍ അനിയത്തിമാരെ സഹായിക്കും. ഉച്ച മുതല്‍ എല്ലാവരും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്‍പിലാകും. രാത്രി ഏറെ വൈകിയാണ് ഉറക്കം. ചിലപ്പോള്‍ രണ്ടുമണിയും മൂന്നുമണിയും വരെയാകും. ഷൂട്ട് ചെയ്ത വീഡിയോ അന്നുതന്നെ എഡിറ്റു ചെയ്ത് തീര്‍ക്കും. ഉണരുമ്പോള്‍ ഏറെ വൈകും. സമയമിങ്ങനെ വേഗത്തില്‍ ഓടിപ്പോകുന്നതുകൊണ്ട് ലോക്ക് ഡൗണില്‍ ബോറടി എന്ന സംഭവമേയില്ലെന്ന് നാലുപേരും ഒറ്റക്കെട്ടായി പറയുന്നു. മൂന്നര മാസമായി വീട്ടിലിരിക്കുകയാണെന്ന് തോന്നിയിട്ടേയില്ല. ഒരു മുഷിപ്പുമില്ല. എല്ലാ ദിവസവും ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യും. അപ്പോള്‍ നേരം പോകുന്നതറിയില്ല. 'നാലുപേരും കൂടിയാലോചിച്ചാണ് വീഡിയോകളുടെ തീം ഒക്കെ കണ്ടെത്തുന്നത്. സോളോ വീഡിയോ ചെയ്യുമ്പോഴും എല്ലാവരുടെയും ആശയങ്ങള്‍ അതിലുണ്ടാകും' - ഇഷാനിയുടെ വാക്കുകള്‍. എല്ലാത്തിനും അച്ഛന്റെ സഹായവുമുണ്ട്. തന്റെ ടിക് ടോക് വീഡിയോകളില്‍ പലതിലും അച്ഛന്‍ അഭിനയിച്ചു കണ്ടിട്ടില്ലേ എന്ന് ദിയയുടെ ചോദ്യം. അഹാനയും ദിയയും ഇഷാനിയും ലോക്ക് ഡൗണിനു മുമ്പ് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞയാഴ്ചയാണ് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. വൈറലായ ഈ വീഡിയോയുടെ എഡിറ്റിംഗ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം നേടിയിരുന്നു. അഭിനയത്തെ പോലെ പാഷന്‍ ആണ് തനിക്ക് എഡിറ്റിംഗുമെന്ന് അഹാന. ദിയയും ഹന്‍സികയുമാണ് ടിക് ടോക് ചെയ്യുന്നതില്‍ മുന്‍പില്‍. കൂടുതല്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതും രണ്ടുപേരും ചേര്‍ന്നു തന്നെ. കുഞ്ഞനുജത്തിയാണെങ്കിലും വീഡിയോ ചെയ്യാന്‍ ആശയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഹന്‍സികയാണ് ബാക്കിയുള്ളവര്‍ക്ക് മോഡല്‍. ഇപ്പോള്‍ ഹന്‍സികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കുമുണ്ട്. മക്കളുടെ വഴിയേ അച്ഛനും ഡിജിറ്റല്‍ ലോകത്ത് ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ തന്റെ യൂ ട്യൂബ് ചാനലിലൂടെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നത്.
* ഇനിയും യാത്ര ചെയ്യാമല്ലോ..
പുറത്തുപോകാന്‍ കഴിയാത്തതില്‍ ആര്‍ക്കും വിഷമമില്ല. അത്യാവശ്യത്തിനു മാത്രം പുറത്തുപോകുന്ന ശീലമുള്ളവരാണ് ഞങ്ങളെല്ലാവരും. വീട്ടിലിരിക്കുമ്പോള്‍ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ കുറേക്കൂടി സമയം കിട്ടുന്നു. യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ എല്ലാ വെക്കേഷനും സ്ഥിരമായി യാത്ര പോകുന്നവരൊന്നുമല്ല. എല്ലാവര്‍ക്കും സമയവും സൗകര്യവും ഒത്തുവരുമ്പോള്‍ യാത്ര ചെയ്യും. അതുകൊണ്ടുതന്നെ വേനലവധിക്കാലത്ത് യാത്ര പോയില്ലല്ലോയെന്ന നിരാശയൊന്നുമില്ല. എന്തായാലും കൊവിഡ് ഒക്കെ മാറിയാല്‍ പഴയ പോലെ ഇനിയും യാത്ര ചെയ്യാമല്ലോ. അതുവരെ സ്വസ്ഥമായി വീട്ടിലിരിക്കാം. ആരോഗ്യം ശ്രദ്ധിക്കാം.
* ഒന്നും മിസ് ചെയ്തില്ല
കൊവിഡിനെ ചെറുക്കാനായി നമുക്ക് ചെയ്യാനുള്ളത്, പുറത്തിറങ്ങാതിരിക്കുക എന്നതു മാത്രമാണ്. അത് നമ്മള്‍ കൃത്യമായി പാലിക്കുക. ഞങ്ങള്‍ ആറുപേരും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ വീട്ടിലാണ്. പച്ചക്കറിയും പലചരക്കു സാധനങ്ങളും ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങളെല്ലാം വീട്ടിലെത്തിച്ചുതരും. പരിസരത്തെ കച്ചവടക്കാര്‍ ഇങ്ങനെയൊരു സഹായം ലോക്ക് ഡൗണിന്റെ തുടക്കം മുതല്‍ ചെയ്തുതരുന്നത് വലിയ സഹായമായി. 'പിന്നെ പറഞ്ഞല്ലോ, ഞങ്ങള്‍ ആറുപേരും വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത്യാവശ്യത്തിനു മാത്രം യാത്ര ചെയ്യുന്നവര്‍. അതുകൊണ്ടുതന്നെ ഈ അടച്ചിരിപ്പ് ഒരു തരത്തിലും ബോറടിച്ചില്ല. ഒന്നും മിസ്സായതായും തോന്നുന്നില്ല. സൗഹൃദങ്ങളെല്ലാം ഫോണും സോഷ്യല്‍ മീഡിയയും വഴി തുടരുന്നു.'-കൃഷ്ണകുമാറിന്റെ വാക്കുകള്‍.
* വര്‍ക്കൗട്ടും കൃഷിത്തോട്ടവും
നഗരപരിധിയിലാണ് മരുതംകുഴിയിലെ വീട്. അതുകൊണ്ടു തന്നെ ഒരുപാട് സ്ഥലമൊന്നുമില്ല. വീടിനു പിറകിലെ അല്പം സ്ഥലത്ത് വലിയ മരങ്ങളാണുള്ളത്. കൂടെ കുറച്ച് പച്ചക്കറി കൃഷിയും. ചെടികളുടെ പരിപാലനത്തില്‍ ഗൃഹനാഥനാണ് താത്പര്യം കാട്ടാറ്. കുറേ സമയം അങ്ങനെ തന്നെ പോകുമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലമുണ്ട് കൃഷ്ണകുമാറിന്. ഷൂട്ടിംഗ് തിരക്കൊഴിഞ്ഞ ലോക്ക് ഡൗണില്‍ ഉറങ്ങാന്‍ ധാരാളം സമയം കിട്ടി. വര്‍ക്കൗട്ടും മുടക്കാറില്ല. ബാല്‍ക്കണിയിലാണ് വര്‍ക്കൗട്ടിനുള്ള സ്‌പേസ് അഹാനയും കണ്ടെത്തുന്നത്. റെസിഡന്‍ഷ്യല്‍ ലൈനിലെ റോഡില്‍ രാവിലെയോ വൈകിട്ടോ നടക്കാന്‍ പോകുന്നതാണ് സിന്ധു കൃഷ്ണകുമാറിന്റെ വ്യായാമരീതി. ചിലപ്പോള്‍ മക്കളാരെങ്കിലും കൂടെക്കൂടും. ലോക്ക് ഡൗണില്‍ ആള്‍ക്കാരുടെയും വാഹനങ്ങളുടെയും തിരക്കു കുറവാണ്. മ്യൂസിയത്തിലേതു പോലെ തണല്‍മരങ്ങളുമുണ്ട്. ഭക്ഷണകാര്യത്തില്‍ ആര്‍ക്കും പ്രത്യേക നിഷ്‌കര്‍ഷകളൊന്നുമില്ലെന്ന് സിന്ധു പറയുന്നു. 'രാത്രി ഏറെ വൈകി കിടക്കുന്നതാണ് മക്കളുടെ രീതി. എണീക്കാന്‍ വൈകുന്നതു കൊണ്ട് പലപ്പോഴും ഉച്ചയ്ക്കായിരിക്കും ഭക്ഷണം കഴിക്കുക. ലോക്ക് ഡൗണായതോടെ പുറത്തു പോകേണ്ടാത്തതിനാല്‍ ഇത് ശീലമായി. എന്നാലും ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കാന്‍ അവര്‍ മടികാണിക്കില്ല. അതൊരു ആശ്വാസമാണ്.'
* സിനിമ മാറും
വെബ് സീരീസുകള്‍ സ്ഥിരമായി കാണുന്നയാളാണ് അഹാന. താനുള്‍പ്പെടെ വലിയൊരു പങ്ക് ചെറുപ്പക്കാരും വെബ് സീരീസുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നു. വരുംകാല സിനിമ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണെന്ന കാര്യത്തില്‍ കൃഷ്ണകുമാറിനും സംശയമില്ല. എങ്കിലും വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ തുടരുമെന്നും രണ്ടു മീഡിയവും ഒരുപോലെ നിലനില്‍ക്കുമെന്നും കൊവിഡിനു ശേഷമുള്ള സിനിമയുടെ ഭാവിയെപ്പറ്റി രണ്ടുപേരും പറയുന്നു. ഡിജിറ്റല്‍ സിനിമ വ്യാപിക്കുന്നതോടെ ചെറിയ സിനിമകള്‍ക്ക് അസാമാന്യമായ സാധ്യത വരുമെന്നും സിനിമാ കുടുംബത്തിന്റെ വിലയിരുത്തല്‍.
* കൊവിഡ് എന്തു പഠിപ്പിച്ചു?
വൃത്തിയാണ് കൊവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠമെന്ന് ഈ കുടുംബത്തിന്റെ സാക്ഷ്യപ്പെടുത്തല്‍. നമ്മള്‍ വ്യക്തിശുചിത്വം സൂക്ഷിക്കുന്നവരാണെങ്കിലും പഴയതിനെക്കാള്‍ 50 ശതമാനമെങ്കിലും മാറ്റം വന്നിട്ടുണ്ട്. പുറത്തുപോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് കുളിക്കുന്നതിനെപ്പറ്റിയാകും ഇനി ആദ്യം ആലോചിക്കുക. ഷേക്ക് ഹാന്‍ഡും കെട്ടിപ്പിടിത്തവും ആളുകളെ ശത്രുക്കളാക്കിയേക്കാം. ആരും ഒന്നും ചെയ്യേണ്ടിവന്നില്ല. പ്രകൃതി തന്നെ സ്വയം ഒരു ശുചീകരണ പ്രക്രിയ നടത്തിയതായിട്ടാണ തോന്നുന്നത്. നമ്മള്‍ സ്വയം മാറണമെന്നും പ്രകൃതി പഠിപ്പിച്ചു.
മാധ്യമം കുടുംബം, 2020 ജൂലൈ