Friday, 18 June 2021

വൈവിധ്യത്തിന്റെ പൂര്‍ണത


 
വന്ദനത്തിലെ മാര്‍ഗരറ്റ് അന്തോണി റോഡ്രിഗസ് എന്ന മാഗി ആന്റിയും ബോയിംഗ് ബോയിംഗിലെ ഡിക്ക് അമ്മായിയും. സുകുമാരിയുടെ ഏറെ ജനകീയമായ ഈ പ്രിയദര്‍ശന്‍ കഥാപാത്രങ്ങള്‍ നോക്കുക. ഈ രണ്ടു സിനിമകളിലും ഉടനീളമുള്ള ചിരിയില്‍ ഭാഗമാകാന്‍ സുകുമാരിയുടെ ശരീരഭാഷയ്ക്കാകുന്നു. ബോയിംഗ് ബോയിംഗില്‍ അധികം സംസാരിക്കാത്ത ഡിക്ക് അമ്മായിയുടെ നോട്ടങ്ങളും നടത്തവുമെല്ലാം ചിരി സൃഷ്ടിക്കുന്നുണ്ട്. വന്ദനത്തിലെ മാഗി ആന്റിയാകട്ടെ മദ്യപിച്ച് ആവശ്യത്തില്‍ കൂടുതല്‍ സംസാരിക്കുന്നയാളാണ്. അവിടെയും സംസാരശൈലി കൊണ്ടും മെയ്വഴക്കം കൊണ്ടും ഈ നടി ചിരി പടര്‍ത്തുന്നു. 

വന്ദനത്തിനു പിറകെ അതേ വര്‍ഷം പുറത്തിറങ്ങിയ ദശരഥത്തിലെ കഥാപാത്രം ശ്രദ്ധിക്കുക. അതിലും മാഗി എന്നാണ് കഥാപാത്രത്തിന്റെ പേര്. അനാഥനായ നായക കഥാപാത്രത്തിന് വേലക്കാരിയായ മാഗിയോട് തോന്നുന്നത് അമ്മയോടുള്ള സ്‌നേഹമാണ്. തന്നെ മകനായി കണ്ടുകൂടേ എന്നു രാജീവ് ചോദിക്കുമ്പോള്‍ മാഗിയുടെ മുഖത്ത് ആര്‍ദ്രമായ മാതൃഭാവം നിറയുന്നു. ഇനി എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ തന്നെ പുറത്തിറങ്ങിയ പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തിലെ മാളുവമ്മയെ ശ്രദ്ധിക്കാം. മേല്‍പ്പറഞ്ഞവരൊന്നുമല്ല മാളുവമ്മ. ആണിനേക്കാളും പോന്ന തന്റേടിയായ, വേശ്യാലയ നടത്തിപ്പുകാരിയായ മാളുവമ്മയുടെ വാക്കും നോക്കും പ്രവൃത്തിയും ആരെയും കൂസാത്തതാണ്. ആരോടും ഇടയാനും വെല്ലുവിളിക്കാനും തയ്യാറുള്ള പ്രകൃതം. നടത്തത്തില്‍ പോലും താന്‍പോരിമ. മലയാള സിനിമയിലെ ആഴമുള്ള പാത്രസൃഷ്ടികളിലൊന്ന്.

ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ മേജര്‍ നായരുടെ ഭാര്യയും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ കോളനി സെക്രട്ടറിയും തലയണമന്ത്രത്തിലെ സുലോചന തങ്കപ്പനും സമൂഹത്തിലെ പരിഷ്‌കാരികളും സമ്പന്നകളുമായ സ്ത്രീകളുടെ പ്രതിനിധികളാണ്. ഇവര്‍ ക്ലബ്ബ് ലൈഫ് ഉള്‍പ്പെടെ ആധുനിക, ആഢംബര സൗകര്യങ്ങളോടും ജീവിത ശൈലിയോടും ഭ്രമപ്പെട്ട് ജീവിക്കുകയും അത്തരക്കാരോടു മാത്രം കൂട്ടുകൂടുന്നവരും മറ്റുള്ളവരോട് അതേ രീതിയില്‍ പെരുമാറുന്നവരുമാണ്. വേഷവിധാനത്തിലും സംസാരശൈലിയിലും ശരീരഭാഷയിലും സമൂഹത്തിലെ ഈയൊരു വിഭാഗം സ്ത്രീകളെ അതേപടി പകര്‍ത്തുകയാണ് സുകുമാരി. 


സുകുമാരിയെന്ന അഭിനേത്രി ഏതാണ്ട് ഒരേ കാലയളവില്‍ ചെയ്ത കഥാപാത്രങ്ങളിലെ വൈവിധ്യവും അവ സമൂഹത്തില്‍ പ്രതിനിധാനം ചെയ്യുന്ന ഇടങ്ങളിലെ വ്യത്യാസവും എത്രത്തോളമാണെന്ന് മേല്‍പ്പറഞ്ഞ സിനിമകളില്‍ പ്രകടമാണ്. ഏതേതു മികച്ചതെന്നു പറയാനാകാത്തത്രയും വൈവിധ്യമാണ് അവരുടെ നൂറുകണക്കിന് കഥാപാത്രങ്ങളടങ്ങിയ സുദീര്‍ഘമായ കരിയറിനുള്ളത്.

ആറര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ പത്തോളം ഭാഷകളില്‍ അഭിനയിക്കുകയും അതില്‍ പകുതിയോളം ഭാഷകളില്‍ സജീവമായി നിലകൊള്ളുകയും ചെയ്ത ഒരു അഭിനേത്രി ലോക സിനിമയിലെ തന്നെ അത്ഭുതമാണ്. ബാലതാരമായി കരിയര്‍ തുടങ്ങി പെണ്‍കുട്ടിയും യുവതിയും മധ്യവയസ്‌കയും അമ്മയും അമ്മൂമ്മയും മുത്തശ്ശിയുമായി പല തലമുറകള്‍ക്കു മുന്നിലെ വെള്ളിത്തിരയില്‍ സുകുമാരി നിറഞ്ഞുനിന്നു. ഏതാണ്ട് മലയാളി സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് സിനിമയുടെ സാങ്കേതിക വിദ്യയില്‍ സംഭവിച്ച പല മാറ്റങ്ങള്‍ക്കൊപ്പവും സുകുമാരി സഞ്ചരിച്ചു. ആദ്യ സൂപ്പര്‍താരമായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മുതല്‍ താരശൃംഖലയുടെ ഇങ്ങേത്തലയ്ക്കലുള്ള പൃഥ്വിരാജിനൊപ്പം വരെ അഭിനയിച്ചു.

ഒരു കഥാപാത്രത്തില്‍ നിന്ന് അടുത്തതിലേക്കുള്ള ദൂരമാണ് സുകുമാരിയിലെ നടിയെ വേറിട്ടു നിര്‍ത്തുന്നത്. കരിയറില്‍ ഒരിക്കല്‍ പോലും ഏതെങ്കിലും പ്രത്യേക കഥാപാത്രങ്ങളില്‍ സുകുമാരി ബ്രാന്‍ഡ് ചെയ്യപ്പെട്ടില്ല. നിശ്ചിത പ്രായം പിന്നിട്ടാല്‍ സ്ത്രീ അഭിനേതാക്കളെ പൊതുവേ അമ്മ, അമ്മായി, അമ്മൂമ്മ കഥാപാത്രങ്ങളില്‍ മാത്രമായി ഒതുക്കുകയാണ് പതിവ്. സുകുമാരിയെ സംബന്ധിച്ചും ഈ കീഴ്‌വഴക്കം തുടരേണ്ടി വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ത തരം കഥാപാത്രങ്ങളായി മാറാനുള്ള ശരീരഭാഷയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതു കാരണം നിശ്ചിത കഥാപാത്രങ്ങളില്‍ തന്നെ തളച്ചിടപ്പെട്ടില്ല. അമ്മ കഥാപാത്രങ്ങളായി സംഭാഷണങ്ങളിലും പെരുമാറ്റത്തിലും ക്ലിഷേ സാധ്യത ഏറെയായിരുന്നുവെങ്കിലും അതീവ ജാഗ്രതയോടെ എന്നാല്‍ ഏറ്റവും മെയ്വഴക്കത്തോടെ അവര്‍ ഇത്തരം സന്ദര്‍ഭങ്ങളെ മറികടക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തുനിന്ന് മാറി എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ജനപ്രിയ ധാരയിലെ പ്രധാന അഭിനേതാക്കളില്‍ ഒരാളായി മാറാന്‍ സുകുമാരിക്ക് സാധിച്ചത് കഥാപാത്രങ്ങളെ വൈവിധ്യമാക്കാനുള്ള ഈ കഴിവു കൊണ്ടാണ്. 


ഏറെ വിജയിച്ച ഒരു കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ അടുത്ത കഥാപാത്രത്തിലേക്ക് ബാധിക്കുന്ന അവസ്ഥാവിശേഷം സുകുമാരിയിലെ അഭിനേതാവിനെ സംബന്ധിച്ച് ബാധ്യതയാകുന്നില്ല. അത്രയധികം സിനിമകളില്‍ അഭിനയിക്കുമ്പോഴും കഥാപാത്രങ്ങളെ പ്രത്യേക അതിര്‍വരമ്പുകളിട്ടു തന്നെ നിര്‍ത്താന്‍ അവര്‍ക്കാകുന്നു. തമിഴ് ചുവയോടെ സംസാരിക്കുന്ന പാട്ടി, സമ്പന്നയായ കൊച്ചമ്മ, സാധാരണക്കാരിയായ വീട്ടമ്മ, സ്‌നേഹനിധിയായ മുത്തശ്ശി, വടക്കന്‍പാട്ട് കഥകളിലെ ആഢ്യസ്ത്രീ, കന്യാസ്ത്രീ, വേലക്കാരി, ആംഗ്ലോ ഇന്ത്യന്‍, തറവാട്ടിലെ തലമുതിര്‍ന്ന മുത്തശ്ശി തുടങ്ങി കഥാപാത്രങ്ങളിലെ വൈവിധ്യം സുകുമാരിയുടെ അതിദീര്‍ഘമായ കരിയറിലുടനീളം കാണാനാകും.

  ജയലളിതയുടെ അമ്മവേഷം ചെയ്തു തുടങ്ങിയ അഭിനേത്രി മാറിമാറി വന്ന ഒരുപാട് തലമുറയുടെ അമ്മയായി. അമ്മവേഷങ്ങളിലേക്കെത്തുമ്പോള്‍ ഡിക്ക് ആന്റിയുടെയും മിസിസ് വര്‍ക്കിയുടെയും സുലോചന തങ്കപ്പന്റെയും ശരീരത്തിന്റെ ഇളക്കങ്ങളും നടത്തയും സംസാരത്തിലെ ആംഗലേയചുവയും ഊര്‍ന്നുവീഴുന്നു. പകരം കണ്ണുകളില്‍ കരുണയും വാത്സല്യവും വാക്കുകളില്‍ നനവും കരുതലമുള്ള സ്ത്രീയായി എളുപ്പത്തില്‍ പരകായപ്രവേശം നടത്താനാകുന്നു. സന്മനസ്സുളളവര്‍ക്ക് സമാധാനം, ചിത്രം, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുളള, ദശരഥം, റാംജിറാവ് സ്പീക്കിങ്, ഏയ് ഓട്ടോ, കേളി, ആധാരം, പക്ഷേ, മീശമാധവന്‍, ക്ലാസ്‌മേറ്റ്‌സ്, മിഴി രണ്ടിലും, മിഴികള്‍ സാക്ഷി തുടങ്ങി നിരവധിയായ സിനിമകളില്‍ മക്കളോടുള്ള അകൈതവമായ സ്‌നേഹവും അലിവും നിറഞ്ഞ അമ്മയെ കാണാനാകും. സൂര്യഗായത്രി, ചാന്തുപൊട്ട്, അമ്മക്കിളിക്കൂട്, ഡയമണ്ട് നെക്ലേസ്, ചാന്തുപൊട്ട്, അച്ചുവിന്റെ അമ്മ, കിളിച്ചുണ്ടന്‍ മാമ്പഴം, ആകാശഗംഗ, കല്യാണ്‍ജി ആനന്ദ്ജി, സമ്മര്‍ ഇന്‍ ബത്‌ലഹേം, പ്രേംപൂജാരി തുടങ്ങിയ സിനിമകളില്‍ അമ്മൂമ്മയുടെയും മുത്തശ്ശിയുടെയും കരുതലും രസികത്തവുമാണ് കാണാനാകുക.

സിനിമ കറുപ്പിലും വെളുപ്പിലും നാടകീയതയിലും ഒതുങ്ങിനിന്ന കാലത്ത് വെള്ളിത്തിരയിലെത്തിയ സുകുമാരിയുടെ ആദ്യ ശ്രദ്ധേയ കഥാപാത്രം സത്യനും രാഗിണിയും കേന്ദ്ര കഥാപാത്രങ്ങളായി 1957-ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍ ആണ്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയായുള്ള ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ തൊള്ളായിരത്തി അറുപതുകളില്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി സുകുമാരി മാറി. കൊട്ടാരക്കരയുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താതെ വന്നപ്പോള്‍ നൃത്തസംഘാംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ഇതേ വര്‍ഷം തന്നെ കൂടപ്പിറപ്പ് എന്ന സിനിമയിലും അഭിനയിച്ചു. നായിക, ഉപനായിക, നായികയുടെ തോഴി, യുവതി, ഭാര്യ തുടങ്ങി യൗവന പ്രായത്തിലുള്ള കഥാപാത്രങ്ങളിലൂടെ ഈ കാലയളവില്‍ സാന്നിധ്യമറിയിച്ചു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരക്കേറിയ നടിയായി മാറാന്‍ സുകുമാരിക്കായി. ഓമനക്കുട്ടന്‍, അമ്മു, ഭൂമിയിലെ മാലാഖ, കളഞ്ഞുകിട്ടിയ തങ്കം, കായംകുളി കൊച്ചുണ്ണി, തച്ചോളി ഒതേനന്‍, യക്ഷി, ചേട്ടത്തി, കുഞ്ഞാലി മരക്കാര്‍, അന്വേഷിച്ചു കണ്ടെത്തിയില്ല, കരിനിഴല്‍, ഉദ്യോഗസ്ഥ, അശ്വമേധം, ശ്യാമളച്ചേച്ചി, കുപ്പിവള, ചിത്രമേള, നഗരമേ നന്ദി,  ഖദീജ, കളക്ടര്‍ മാലതി, അനാച്ഛാദനം തറവാട്ടമ്മ, ലക്ഷപ്രഭു, തുടങ്ങിയവ അറുപതുകളിലെ സുകുമാരിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. 


അറുപതുകളുടെ രണ്ടാം പകുതിയിലും എഴുപതുകളിലും ഷീലയും ശാരദയും തുടര്‍ന്ന് ജയഭാരതിയും മുന്‍നിര നായികമാരായതോടെ സുകുമാരിയെ തേടി നായികയുടെ തോഴി, സഹോദരി, അമ്മ തുടങ്ങിയ കഥാപാത്രങ്ങളാണ് എത്തിയത്. നടിമാര്‍ ഹാസ്യം ചെയ്യുകയെന്ന സമ്പ്രദായം ഇല്ലാതിരുന്ന കാലത്ത് ആ സങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ട് സുകുമാരി ഹാസ്യ വേഷങ്ങള്‍ ചെയ്തു തുടങ്ങി. ഒരു നടിയുടെ ശരീരം ഹാസ്യത്തിന് വഴങ്ങുന്ന തരത്തിലേക്ക് എളുപ്പത്തില്‍ മാറ്റപ്പെടുന്നത് വിസമയത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. അടൂര്‍ ഭാസി, എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി എന്നിവര്‍ക്കൊപ്പം സുകുമാരി ഹാസ്യരംഗങ്ങള്‍ സൃഷ്ടിച്ചു. അടൂര്‍ ഭാസിക്കും എസ്.പി പിള്ളയ്ക്കും ബഹദൂറിനുമായി തിരക്കഥയില്‍ പ്രത്യേകം സൃഷ്ടിച്ചിരുന്ന ഹാസ്യരംഗങ്ങളില്‍ മറ്റൊരു കഥാപാത്രമായി സുകുമാരി കൂടി ചേര്‍ക്കപ്പെട്ടു. അടൂര്‍ ഭാസിയാണ് സുകുമാരിയുടെ വിജയ ജോഡി. മുപ്പതിലേറെ ചിത്രങ്ങളിലാണ് ഇവര്‍ ഒരുമിച്ചഭിനയിച്ചത്. നായര് പിടിച്ച പുലിവാല് എന്ന സിനിമയിലെ 'വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും' എന്ന മുഴുനീള ഹാസ്യഗാനം ഈ ജോഡിയില്‍ നിന്നുണ്ടായ ഏറ്റവും വിജയകരമായ അഭിനയ മുഹൂര്‍ത്തങ്ങളിലൊന്നാണ്. പില്‍ക്കാലത്ത് രൂപപ്പെട്ട ഹാസ്യനായക-നായിക കോമ്പിനേഷനുള്‍ക്ക് പ്രേരകമായത് അടൂര്‍ ഭാസിയും സുകുമാരിയുമായിരുന്നു.

അറുപതുകളിലും എഴുപതുകളിലും ഹാസ്യവേഷങ്ങളില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ കേവലം അമ്മ, അമ്മൂമ്മ, അമ്മായിയമ്മ കഥാപാത്രങ്ങളില്‍ മാത്രമായി സുകുമാരിയുടെ തുടര്‍ദശകങ്ങള്‍ ഒതുങ്ങുമായിരുന്നു. സുകുമാരിയിലെ ഹാസ്യ അഭിനേതാവിന്റെ സാധ്യത കൂടി കണക്കിലെടുത്തു കൊണ്ടുള്ള വേഷങ്ങള്‍ പിന്നീട് സൃഷ്ടിക്കപ്പെടുന്നതിന് അടൂര്‍ ഭാസിയുടെയും മറ്റും കൂടെയുള്ള രസികത്തം നിറഞ്ഞ കഥാപാത്രങ്ങള്‍ അടിത്തറയായി. അതോടെ തൊള്ളായിരത്തി എണ്‍പതുകളില്‍ ജനപ്രിയ കച്ചവട കാഴ്ച ധാരകള്‍ക്ക് പ്രിയദര്‍ശന്‍, ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകര്‍ പുതിയ മുഖം നല്‍കിയപ്പോള്‍ അതില്‍ സുകുമാരിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതായി കാണാം. സുകുമാരിയിലെ അഭിനേത്രിയിലെ വൈവിധ്യവും അതിനു സമാന്തരമായി ജനപ്രിയതയും കൂടുതല്‍ കരുത്ത് പ്രാപിക്കുന്നതും ഈ ദശകത്തിലാണ്. 

പ്രിയദര്‍ശന്റെ പൂച്ചക്കൊരു മുക്കുത്തി, ഓടരുതമ്മാവാ ആളറിയം, ബോയിംഗ് ബോയിംഗ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ആര്യന്‍, വന്ദനം, കടത്തനാടന്‍ അമ്പാടി, മിഥുനം, തേന്മാവിന്‍ കൊമ്പത്ത്, ബാലചന്ദ്രമേനോന്റെ മണിച്ചെപ്പ് തുറന്നപ്പോള്‍, കാര്യം നിസാരം, കിലുകിലുക്കം, ഞങ്ങളുടെ കൊച്ചു ഡോക്ടര്‍, കുറുപ്പിന്റെ കണക്കുപുസ്തകം, സത്യന്‍ അന്തിക്കാടിന്റെ കിന്നാരം, അപ്പുണ്ണി, കളിയില്‍ അല്പം കാര്യം, അടുത്തടുത്ത്, അധ്യായം ഒന്നുമുതല്‍, ഗായത്രീദേവി എന്റെ അമ്മ, ടി.പി. ബാലഗോപാലന്‍ എം.എ, രേവതിക്കൊരു പാവക്കുട്ടി, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കുടുംബപുരാണം, അര്‍ത്ഥം, സസ്‌നേഹം, ഗോളാന്തര വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന വേഷങ്ങളായിരുന്നു സുകുമാരിക്ക് ലഭിച്ചത്. ഇവയില്‍ പലതും ഹാസ്യരസപ്രധാനമായ വേഷങ്ങളും സമൂഹത്തിലെ വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന വേഷങ്ങളുമായിരുന്നുവെന്നും കാണാം. കേവലം വീട്ടകത്തെ നേര്യതുടുത്ത അമ്മയില്‍ നിന്ന് വിമന്‍സ് ക്ലബ്ബിലേക്കും കോളനി പ്രവര്‍ത്തനങ്ങളിലേക്കും സ്‌കൂളിലേക്കും കന്യാസ്ത്രീ മഠത്തിലേക്കും രാഷ്ട്രീയ, പൊതു മണ്ഡലങ്ങളിലേക്കും സുകുമാരിയുടെ കഥാപാത്രങ്ങള്‍ കയറിച്ചെന്നു. 


ചട്ടക്കാരിയിലെ മാര്‍ഗരറ്റ്, കൂടെവിടെയിലെ സൂസന്‍, ഉണ്ണികളെ ഒരു കഥപറയാമിലെ കുഞ്ഞന്നാമ്മ, മീനമാസത്തിലെ സൂര്യനിലെ അബൂബക്കറിന്റെ ഉമ്മ, ദൂരെ ദൂരെ ഒരു കൂടു കൂട്ടാമിലെ ടീച്ചര്‍, കാര്യം നിസാരത്തിലെ ആനി, ഒരു വടക്കന്‍ വീരഗാഥയിലെ കണ്ണപ്പ ചേകവരുടെ ഭാര്യ, നിന്നിഷ്ടം എന്നിഷ്ടത്തിലെ കാക്കാത്തിയമ്മ, കമലദളത്തിലെ ഡാന്‍സ് ടീച്ചര്‍, ഉള്ളടക്കത്തിലെ മാനസിക രോഗി, തേന്മാവിന്‍ കൊമ്പത്തിലെ ഗിഞ്ചിമൂട് ഗാന്ധാരി, വല്ല്യേട്ടനിലെ കുഞ്ഞിക്കാവമ്മ, മഴത്തുള്ളിക്കിലുക്കത്തിലെ കിക്കിലി ചേട്ടത്തി, നിഴല്‍ക്കുത്തിലെ ആരാച്ചാരുടെ ഭാര്യ, നമ്മ ഗ്രാമത്തിലെ അമ്മിണി അമ്മാള്‍ തുടങ്ങി പല ദശകങ്ങളിലെ സുകുമാരി കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ അഭിനേത്രി കാത്തുവച്ച വൈവിധ്യത്തിന്റെ ആഴം പ്രകടമാകും.

കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച -6 2021 മാര്‍ച്ച്

https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-6