Monday, 6 December 2021

ചുരുളിയും ടൈം ലൂപ്പ് സങ്കേതം ഉപയോഗപ്പെടുത്തിയ സിനിമകളും


ചുരുളി എന്ന സിനിമയുടെ ഒടിടി റിലീസിനു ശേഷം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദമാണ് ടൈം ലൂപ്പ്. ടൈം ട്രാവല്‍ എന്നത് ടൈം മെഷീന്‍ എന്ന സാങ്കല്‍പ്പിക ഉപകരണം ഉപയോഗിച്ചുകൊണ്ടുള്ള ചലനം/സഞ്ചാരം ആണെങ്കില്‍ ടൈം ലൂപ്പ് അല്ലെങ്കില്‍ ടെമ്പറല്‍ ലൂപ്പ് എന്നത് ഫിക്ഷനിലെ ഒരു പശ്ചാത്തല ഉപകരണമാണ്. അതിലൂടെ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചുള്ള ഒരു കാലയളവ് വീണ്ടും അനുഭവിക്കുന്നു. ചിലപ്പോള്‍ ഒന്നിലധികം തവണ. ഈ ആവര്‍ത്തന ചക്രത്തില്‍ നിന്ന് പുറത്തുകടക്കാമെന്ന പ്രതീക്ഷയോടെയാണ് സഞ്ചാരം. 

ചുരുളിയുടെ തുടക്കത്തില്‍ പെരുമാടന്‍ വഴിതെറ്റിക്കുന്ന തിരുമേനിയുടെ കഥയും കാട്ടില്‍നിന്ന് തിരിച്ചിറങ്ങാന്‍ സാധിക്കാത്ത പോലീസുകാരുടെ അനുഭവവും ടൈം ലൂപ്പുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. തിരുമേനി ഇപ്പോഴും പലവഴി പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ആ കഥ അവസാനിക്കുന്നത്. നമ്മള്‍ ഇവിടെ വന്നിട്ട് ഒരുപാട് ദിവസമായതു പോലെ എന്നാണ് കാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം ഷാജീവന്‍ പറയുന്നത്. നിന്നെയിവിടെ മുമ്പും കണ്ടിട്ടുണ്ടല്ലോ എന്നാണ് ഷാജീവനോട് അവിടത്തെ സ്ഥിരതാമസക്കാര്‍ പരിചയം നടിക്കുന്നത്. ആ പ്രദേശത്തേക്കുള്ള ഷാജീവന്റെ ആദ്യവരവല്ലെന്നും പുറത്തുകടക്കാനാകാതെ അകപ്പെട്ടിരിക്കാമെന്നുമുള്ള സൂചന ഇതിലുണ്ട്.

ടൈം ലൂപ്പുകള്‍ നിരന്തരം പുനഃക്രമീകരിക്കപ്പെടുന്നുണ്ട്. ഒരു നിശ്ചിത വ്യവസ്ഥ പാലിക്കുമ്പോള്‍, ഉദാഹരണത്തിന് ഒരു കഥാപാത്രത്തിന്റെ മരണം അല്ലെങ്കില്‍ ക്ലോക്ക് ഒരു നിശ്ചിത സമയത്ത് എത്തുമ്പോള്‍ ലൂപ്പ് വീണ്ടും ആരംഭിക്കുന്നു. ഒരുപക്ഷേ ഒന്നോ അതിലധികമോ പ്രതീകങ്ങള്‍ മുമ്പത്തെ ലൂപ്പില്‍ നിന്നുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. സാധാരണയായി ഒരു കഥാപാത്രം എന്തെങ്കിലും കാരണത്താല്‍ ഒരു ദിവസത്തെയോ അനുഭവത്തെയോ പുനരുജ്ജീവിപ്പിക്കുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് ടൈം ലൂപ്പ് ഫിക്ഷനുകളും സിനിമകളും ആവിഷ്‌കരിക്കപ്പെടുന്നത്. ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ചുരുളി ചര്‍ച്ചയാക്കിയ ടൈം ലൂപ്പ് എന്ന സങ്കേതം നേരത്തെ പല വന്‍ ബജറ്റ് സയന്‍സ് ഫിക്ഷന്‍, ഹൊറര്‍, സൂപ്പര്‍ ഹീറോ സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. 

സമയത്തിനെതിരെ കുതിക്കുന്ന ലോല എന്ന കഥാപാത്രത്തിനൊപ്പം മൂന്ന് വ്യത്യസ്തയാത്രകള്‍ നടത്തുന്ന ടോം ടെക്കറിന്റെ അതിപ്രശസ്തമായ റണ്‍ ലോലാ റണ്‍ എന്ന ചിത്രം പൂര്‍ണമായും ടൈം ലൂപ്പ് ജോണര്‍ എന്നു വിശേഷിപ്പിക്കാനാകില്ലെങ്കിലും സമയത്തിന്റെയും സഞ്ചാരത്തിന്റെയും സാധ്യത തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരു നിമിഷത്തിന് അടുത്ത നിമിഷത്തെ മാറ്റിമറിക്കാനുള്ള ശേഷിയുണ്ടെന്ന് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ 20 മിനിട്ടിനുള്ളില്‍ 1 ലക്ഷം മാര്‍ക്ക് ആവശ്യമുള്ള ലോലയുടെ കഥപറഞ്ഞ ഈ ജര്‍മ്മന്‍ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.


റിച്ചാര്‍ഡ് എ. ലൂപോഫിന്റെ '12:01 പിഎം' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ജാക്ക് ഷോള്‍ഡറിന്റെ 12.01. 1993ല്‍ പുറത്തിറങ്ങിയ ഈ ഹോളിവുഡ് ചിത്രത്തില്‍ ലിസ ഫ്രെഡറിക്‌സ് എന്ന ശാസ്ത്രജ്ഞയ്‌ക്കൊപ്പം ജോലിചെയ്യുന്ന ബാരി തോമസിന് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം വീണ്ടും അനുഭവിക്കേണ്ടി വരുന്ന രീതിയിലാണ് ടൈം ലൂപ്പ് എന്ന സങ്കേതം ആവിഷ്‌കരിച്ചിരിക്കുന്നത്. വീട്ടിലേക്കുള്ള വഴിയില്‍ ലിസ വെടിയേറ്റ് വീഴുന്നത് ബാരി കാണുകയും പിറ്റേന്ന് രാവിലെ മുതല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. തനിക്കു ചുറ്റുമുള്ള ലോകം ഒരു ടൈം ലൂപ്പില്‍ കുടുങ്ങിയതായി ബാരി മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനം. 

അമേരിക്കന്‍ സറിയല്‍ സയന്‍സ് ഫിക്ഷന്‍ സൈക്കോളജിക്കല്‍ ത്രില്ലറായ ജെയിംസ് വാര്‍ഡ് ബിര്‍കിറ്റിന്റെ കോഹറന്‍സില്‍ സമയമല്ല, സ്ഥലമാണ് മതിഭ്രമമുണ്ടാക്കുന്നത്. ഒറ്റ രാത്രി നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. ഒരു പവര്‍ ഔട്രേജിലൂടെ വൈദ്യുതവെളിച്ചങ്ങള്‍ ഇല്ലാതാകുകയും ആ സമയം ആകാശത്ത് പ്രത്യക്ഷമാകുന്ന വാല്‍നക്ഷത്രത്താല്‍ സുഹൃത്തുക്കളായ എട്ടംഗ സംഘത്തിന് സംഭവിക്കുന്ന സ്ഥലവിഭ്രമവുമാണ് പ്രമേയം. ഒരു ഗണിതപ്രശ്‌നം പരിഹരിക്കുന്നതുപോലെ സംഭവത്തിന്റെ ചുരുളഴിക്കുന്ന അവതരണശൈലി കൊണ്ട് ഒട്ടേറെ കാഴ്ചക്കാരെ നേടിയെടുത്ത ഈ മിനിമല്‍ ബഡ്ജറ്റ് സിനിമ.

ദക്ഷിണ കൊറിയന്‍ മിസ്റ്ററി ത്രില്ലര്‍ 'എ ഡേ'യില്‍ ഒരു കുട്ടിയും മറ്റൊരു സ്ത്രീയും വാഹനാപകടത്തില്‍ മരണപ്പെടുകയും കുട്ടിയുടെ അച്ഛനിലും സ്ത്രീയുടെ ഭര്‍ത്താവിലും ആ ദിവസം ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതാണ് പ്രമേയം. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് അതിന് സാധിക്കുന്നുമില്ല. ഇതിന്റെ ചുരുളഴിക്കുകയാണ് 2017 ല്‍ പുറത്തിറങ്ങിയ ചോ സന്‍ ഹോയുടെ ഈ ചിത്രം. സമീപകാലത്ത് ഹോളിവുഡിനെ അത്ഭുതപ്പെടുന്ന തരത്തിലുള്ള ആക്ഷന്‍, ത്രില്ലര്‍, മിസ്റ്ററി സിനിമകള്‍ ഒരുക്കുന്നതില്‍ മികവു കാണിക്കുന്ന കൊറിയന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുണ്ടായ വേറിട്ട ചിത്രങ്ങളില്‍ ഒന്നായിട്ടാണ് എ ഡേയെ വിലയിരുത്തുന്നത്.


ടോം ക്രൂയിസും എമിലി ബ്ലണ്ടും മുഖ്യകഥാപാത്രങ്ങളാകുന്ന എഡ്ജ് ഓഫ് റ്റുമാറോയില്‍ യൂറോപ്പിന്റെ ഭൂരിഭാഗവും ഭാവിയില്‍ അന്യഗ്രഹ ജീവികള്‍ ആക്രമിക്കുന്നതാണ് പ്രമേയമാക്കുന്നത്. ടോം ക്രൂയിസ് അവതരിപ്പിക്കുന്ന പരിമിതമായ യുദ്ധപരിചയമുള്ള മേജര്‍ വില്യം കേജ് തന്റെ മേലുദ്യോഗസ്ഥരാല്‍ അന്യഗ്രഹ ജീവികള്‍ക്കെതിരായ ലാന്‍ഡിംഗ് ഓപ്പറേഷനില്‍ ചേരാന്‍ നിര്‍ബന്ധിതനാകുകയും ആക്രമണകാരികളെ പരാജയപ്പെടുത്താനുള്ള വഴി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ടൈം ലൂപ്പ് അനുഭവിക്കുകയുമാണ്. ആക്ഷന്‍ സീക്വന്‍സുകള്‍, സംവിധാനം, ഇതിവൃത്തം, അഭിനേതാക്കളുടെ പ്രകടനം എന്നിവയില്‍ നിരൂപക, പ്രേക്ഷക പ്രശംസ നേടാന്‍ 'ലിവ് ഡൈ റിപ്പീറ്റ്' എന്ന ടാഗ് ലൈനോടു കൂടി 2014 ല്‍ പുറത്തുവന്ന എഡ്ജ് ഓഫ് റ്റുമാറോയ്ക്കായി. ഹിറോഷി സകുറാസാകയുടെ 'ആള്‍ യു നീഡ് ഈസ് കില്‍' എന്ന ജാപ്പാനീസ് നോവലിനെ ആധാരമാക്കിയുള്ളതാണ് ഇതിന്റെ തിരക്കഥ.

ടൈം ലൂപ്പ് സിനിമകളില്‍ അവതരണത്തിലെ മികവുകൊണ്ട് അഭിനന്ദനമര്‍ഹിക്കുന്ന ചിത്രമാണ് ഡി.സി. ഹാമില്‍ട്ടന്റെ ദി ഫെയര്‍. അധികം കഥാപാത്രങ്ങളില്ലാത്ത ഈ ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറും യാത്രക്കാരിയുമാണ് മുഴുനീള സാന്നിധ്യമാകുന്നത്. നീണ്ടുപോകുന്ന ടൈം ലൂപ്പില്‍ പൂട്ടിയിടപ്പെടുന്ന ഇവരുടെ യാത്ര ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫെയര്‍ ഒരേസമയം ലളിതമായ ഘടനയുള്ള റോഡ് മൂവി കൂടിയാണ്. 

അമേരിക്കന്‍ സംവിധായകന്‍ ക്രിസ്റ്റഫര്‍ ലാന്‍ഡന്റെ സീക്വല്‍ സിനിമകളാണ് ഹാപ്പി ഡെത്ത് ഡേ (2017), ഹാപ്പി ഡെത്ത് ഡേ ടു യു (2019) എന്നിവ. തെരേസ ട്രീ ഗെല്‍ബ്മാന്‍ എന്ന കോളേജ് വിദ്യാര്‍ഥിനിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈ സിനിമകള്‍. പിറന്നാള്‍ ദിനത്തില്‍ ഒരു ആക്രമിയാല്‍ കൊല്ലപ്പെടുകയാണ് ഈ വിദ്യാര്‍ഥിനി. എന്നാല്‍ പിറ്റേ ദിവസം അവള്‍ ഉണരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ അവള്‍ വീണ്ടും അഭിമുഖീകരിക്കുന്നു. ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഇതിന്റെ കാരണത്തിലേക്കുള്ള അന്വേഷണമാണ് ഹാപ്പി ഡെത്ത് ഡേ. ഇതിന്റെ സീക്വലില്‍ കൊലയാളി പുതിയ ആളാണ്. പക്ഷേ ഗെല്‍ബ്മാന്‍ വീണ്ടും പിന്തുടരപ്പെടുന്നു. സാമ്പത്തികമായി വന്‍വിജയം നേടിയ ഡെത്ത് ഡേ സീക്വലുകള്‍ ടൈം ലൂപ്പ് സങ്കേതത്തെ ബ്ലാക്ക് കോമഡി, സ്ലാഷര്‍ ജോണറുമായി വിദഗ്ധമായി ചേര്‍ത്തുവയ്ക്കുന്നു. ജെസിക്ക റോത്തേയുടെ മികച്ച പ്രകടനവും ഒഴുക്കുള്ള ആഖ്യാനവും സീക്വലുകളെ ശ്രദ്ധേയമാക്കുന്നു.


2014ല്‍ പുറത്തിറങ്ങിയ ദി ഇന്‍സിഡന്റ് പ്രമേയപരിസരത്തില്‍ വ്യത്യസ്തയുള്ള ടൈം ലൂപ്പ് ചിത്രമാണ്. രണ്ടു ക്രിമിനല്‍ സംഘങ്ങളാണ് ഈ മെക്‌സിക്കന്‍ ചിത്രത്തില്‍ കേന്ദ്രമാകുന്നത്. കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് സംഘാംഗങ്ങള്‍ ടൈം ലൂപ്പില്‍ അകപ്പെടുന്നത്. ഒരു സംഘം കയറിത്തീരാത്ത ഗോവണിയിലും മറ്റൊരു കൂട്ടര്‍ തീര്‍ന്നുപോകാത്ത റോഡിലും. രണ്ടും സ്വയം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന് അന്ത്യമുണ്ടാകുന്നില്ല. അങ്ങനെ ലൂപ്പിനുള്ളില്‍ അകപ്പെട്ടവര്‍ക്ക് പ്രായമാകുകയാണ്. കുറ്റകൃത്യങ്ങള്‍, ക്രിമിനല്‍ സംഘങ്ങള്‍, ഗാങ് വാര്‍ തുടങ്ങി സമകാലിക മെക്‌സിക്കന്‍ സിനിമകളുടെ പതിവ് പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു തന്നെയാണ് സംവിധായകനായ ഐസക് എസ്ബാന്‍ ഈ സയന്‍സ് ഫിക്ഷന്‍ അവതരിപ്പിക്കുന്നത്.

സ്വീഡിഷ്-ഡെന്മാര്‍ക്ക് ചിത്രം 'കോകോ ഡി കോകോ ഡാ' ജിഗ്‌സോ പസില്‍ പോലെ കുരുക്കഴിക്കേണ്ടുന്ന ഒരു കളിയാണ്. കാട്ടിലേക്കുള്ള യാത്രയില്‍ ദമ്പതികള്‍ യക്ഷിക്കഥയിലെ കഥാപാത്രങ്ങളാല്‍ പിന്തുടരപ്പെടുകയും പീഡിപ്പിക്കപ്പെടുകയും രക്ഷപ്പെടാനാകാതെ ടൈം ലൂപ്പില്‍ അകപ്പെടുകയുമാണ്. അതോടെ കാട്ടിലേക്കുള്ള ദമ്പതികളുടെ സൈ്വര്യയാത്ര അത്യന്തം ഭയപ്പെടുത്തുന്നതായി മാറുന്നു. ദമ്പതികളുടെ മരിച്ച മകള്‍ക്ക് ജന്മദിനത്തില്‍ സമ്മാനമായി കിട്ടിയ സംഗീത ബോക്‌സിലെ കഥാപാത്രങ്ങളാണ് പീഡകര്‍. ഈ കഥാപാത്രങ്ങളാല്‍ ആവര്‍ത്തിച്ച് ഇരകളാക്കപ്പെടുന്ന ടൈം ലൂപ്പിലാണ് ദമ്പതികള്‍ കുടുങ്ങിപ്പോകുന്നത്. മുത്തശ്ശിക്കഥ പോലെ രസകരമായ ആഖ്യാനവും ആകാംക്ഷയുമാണ് ഈ ടൈം ലൂപ്പ് ചിത്രം കാണികള്‍ക്ക് അനുഭവപ്പെടുത്തുക.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബോട്ട് യാത്രയ്ക്കിടെ കൊടുങ്കാറ്റില്‍പെട്ട് ബോട്ടിലുള്ളവര്‍ മറ്റൊരു ക്രൂയിസ് കപ്പലില്‍ അഭയം പ്രാപിക്കുകയും തുടര്‍ന്നുള്ള വിനാശകരമായ സംഭവങ്ങളുമാണ് 2009 ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ സ്മിത്തിന്റെ ബ്രിട്ടിഷ് ടൈം ലൂപ്പ് സിനിമ ട്രയാംഗിള്‍ പ്രമേയമാക്കുന്നത്.

2012 ല്‍ തിയേറ്ററുകളില്‍ വന്‍വിജയം നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത 'ലൂപ്പര്‍' ടൈം ലൂപ്പ് സിനിമകള്‍ക്ക് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നതില്‍ വിജയിച്ച ചിത്രമാണ്.

ജാപ്പനീസ് ചിത്രം ഉര്‍സേയ് യറ്റ്‌സുരാ 2: ബ്യൂട്ടിഫുള്‍ ഡ്രീമറില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ തലേ ദിവസം വീണ്ടും വീണ്ടും ഓര്‍മ്മിക്കുന്ന കുട്ടികളാണ് ടൈം ലൂപ്പില്‍ അകപ്പെടുന്നത്. അമേരിക്കന്‍ ചിത്രം സാല്‍വേജിലാകട്ടെ ഒരേ ദിവസം പലതവണ കൊലപാതകത്തിന് ഇരയാകേണ്ടി വരുന്ന കഥാപാത്രമാണ് കേന്ദ്രം. 

പ്രീഡെസ്റ്റിനേഷന്‍ (ഓസ്‌ട്രേലിയ), ടൈം ലാപ്‌സ്, ദി എന്‍ഡ്‌ലെസ്, ക്രിസ്മസ് എവരി ഡേ, ക്യാമ്പ് സ്ലോട്ടര്‍ ബിഫോര്‍ ഐ ഫാള്‍ (അമേരിക്ക), ഗെയിം ഓവര്‍ (ഇന്ത്യ), റീസെറ്റ് (ചൈന) തുടങ്ങി നിരവധി ചിത്രങ്ങള്‍ ടൈം ലൂപ്പ് സങ്കേതത്തെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

മാതൃഭൂമി ഓണ്‍ലൈന്‍, 2021 നവംബര്‍ 23