18 വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ഐപിഎല്‍ ക്രിക്കറ്റ് കിരീടമണിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ വിജയാഹ്ലാദപ്രകടനത്തിന് അധിക മണിക്കൂറുകളുടെ ആയുസ്സുണ്ടായില്ല. ടീമിന്റെ വിക്ടറി പരേഡിനിടെ ബുധനാഴ്ച ബംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്നില്‍ സംഭവിച്ചത് ഇന്ത്യന്‍ കായികചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമായിരുന്നു. ഇഷ്ട ടീമിനെയും കളിക്കാരെയും അടുത്തുകാണാന്‍ ആവേശത്തോടെ ഒഴുകിയെത്തിയവര്‍ക്കാണ് തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ പൊലിഞ്ഞത്. ആറുവയസുകാരി ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
പതിനായിരക്കണക്കിന് ആളുകളെത്തിയപ്പോള്‍ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ചവര്‍ക്ക് അകത്തോട്ടും പുറത്തോട്ടും നീങ്ങാനായില്ല. തിരക്കില്‍ കൂട്ടമായി നിലത്തുവീണും ശ്വാസം മുട്ടിയുമാണ് ആളുകള്‍ക്ക് അപകടം സംഭവിച്ചത്. ആഘോഷത്തിനുള്ള സുരക്ഷിതമായ സാഹചര്യമൊരുക്കാതെ മനുഷ്യരെ അപകടത്തിലേക്ക് വിട്ടുകൊടുത്തവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ഐപിഎല്ലിന്റെ പതിനെട്ട് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബംഗളൂരു ടീം ചാമ്പ്യന്‍മാരായപ്പോള്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു ആരാധകര്‍. ഫൈനല്‍ ജയിച്ച രാത്രി തന്നെ നഗരത്തില്‍ വലിയ ആഘോഷപ്രകടനങ്ങളാണ് നടന്നത്. ഇതിനിടെയാണ് ജേതാക്കള്‍ക്കായി വിക്ടറി പരേഡ് നടത്താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കര്‍ണാടക സര്‍ക്കാരും തീരുമാനിക്കുന്നത്. അപകടസാധ്യത മുന്നില്‍കണ്ട് വിക്ടറി പരേഡിന് അനുമതി നല്‍കുന്നതില്‍ പോലീസ് ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സെക്രട്ടറിയറ്റും നിയമസഭയും ഉള്‍ക്കൊള്ളുന്ന വിധാന്‍സൗധയില്‍നിന്ന് വൈകിട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന ബസ്സില്‍ വിക്ടറി പരേഡ് നടത്തുമെന്നാണ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ രാവിലെ മുതല്‍ ഈ പ്രദേശത്തും സ്‌റ്റേഡിയത്തിന് സമീപത്തേക്കും ആളുകള്‍ ഒഴുകിയെത്തി. 5000 പോലീസുകാരാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ സ്റ്റേഡിയത്തിലും പരിസരത്തും പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനം ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിയതോടെ തിക്കും തിരക്കും വര്‍ധിച്ചു. അപ്രതീക്ഷിതമായ ഈ തള്ളിക്കയറ്റം നിയന്ത്രണവിധേയമാക്കാന്‍ പോലീസ് പാടുപെട്ടു. 40,000 പേര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തുമായി അതിന്റെ എത്രയോ ഇരട്ടി പേരാണ് തടിച്ചുകൂടിയത്. ടീം സ്റ്റേഡിയത്തില്‍ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പര്‍ മൂന്നിന് മുന്നിലാണ് കൂടുതല്‍ തിരക്കുണ്ടായത്. തിരക്ക് കൈവിട്ടതോടെ വിക്ടറി പരേഡ് ഉപേക്ഷിച്ച് ടീമിനെ സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ജൂണ്‍ 10 നകം സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സി.എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി ഹാജരായി.
ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിയുടെ മുന്നൊരുക്കത്തിന് ലഭിച്ചത് ചുരുങ്ങിയ സമയമായിരുന്നുവെന്ന് പ്രതികരിച്ച സിദ്ധരാമയ്യ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞു. ജില്ലാ ഭരണകൂടത്തില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിവിധ കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആര്‍സിബി ടീം, ഇവന്റ് മാനേജ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ദുരന്തത്തില്‍ അതീവ ദു:ഖിതരാണെന്നും റോയല്‍ ചലഞ്ചേഴ്‌സ് ടീം ഔദ്യോഗികവനയില്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞയുടന്‍ പരിപാടിയില്‍ മാറ്റം വരുത്തിയതായും പ്രാദേശിക ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായും ടീം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ ഫണ്ടും രൂപീകരിച്ചു.
ബംഗളൂരുവിലെ ദുരന്തത്തിന് കാരണം ആസൂത്രണത്തിലെ പാളിച്ചയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതികരിച്ചു. ഇത്തരം വലിയ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നടത്തേണ്ടതാണെന്നും സംഘാടകര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
രണ്ട് മാസത്തോളം നീണ്ട ആവേശകരമായ ക്രിക്കറ്റ് പോരാട്ടത്തില്‍ പുതിയ കിരീടാവകാശിയെ സമ്മാനിച്ചുകൊണ്ടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 18-ാം പതിപ്പിന് സമാപനമായത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 6 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇതിഹാസ താരം വിരാട് കോലിയും 18 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാക്കിയത്.
2008 ലെ ആദ്യ ഐപിഎല്‍ മുതല്‍ തുടര്‍ച്ചയായ 18 സീസണുകളില്‍ ഒരേ ടീമിനു വേണ്ടി മാത്രം കളിച്ച ഏക കളിക്കാരന്‍ വിരാട് കോലിയാണ്. ഇക്കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും അംബാസിഡറായി മാറിയ കോലിക്ക് ഒരു ഐപിഎല്‍ കിരീടം നേടാനായില്ല എന്ന കുറവാണ് ഇത്തവണ വഴിമാറിയത്. കാവ്യനീതി പോലെ ഐപിഎലിന്റെ പതിനെട്ടാം സീസണില്‍ ആ കിരീടം 18-ാം നമ്പര്‍ ജഴ്‌സിക്കാരന്റെ കൈകളിലെത്തി.
74 മത്സരങ്ങളിലായി 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. ലീഗ് റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയ പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ ക്വാളിഫയര്‍ ഘട്ടത്തില്‍ മത്സരിച്ചു. മാര്‍ച്ച് 22 ന് ആരംഭിച്ച ടൂര്‍ണമെന്റ് 13 വേദികളിലായിട്ടാണ് സംഘടിപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 9 ന് ഐപിഎല്‍ നിര്‍ത്തിവച്ചു. പിന്നീട് ആറ് വേദികളിലായി മെയ് 17 മുതല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചു.
താരപ്പൊലിമയിലും ആരാധകപിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ആര്‍സിബി. എന്നാല്‍ 18 വര്‍ഷമായി കിരീടം മാത്രം അകന്നുനിന്നു. ഏറെക്കുറെ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ടീം ഇത്രയും കാലം മുന്നോട്ടുപോയത്. പല നിര്‍ണായക മത്സരങ്ങളിലും കോലിക്ക് വേണ്ടത്ര പിന്തുണ നല്‍കാന്‍ ടീമംഗങ്ങള്‍ക്ക് സാധിച്ചില്ല. അതുകൊണ്ടു തന്നെ മുമ്പ് മൂന്നുതവണ ഫൈനലില്‍ എത്തിയിട്ടും കിരീടത്തില്‍ മുത്തമിടാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. അതിനിടയില്‍ ലോകോത്തര താരങ്ങള്‍ പലരും ആര്‍സിബിയില്‍ വന്നുപോയി. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ആദ്യ സീസണില്‍ കളിച്ചുതുടങ്ങിയ ആര്‍സിബിയെ കെവിന്‍ പീറ്റേഴ്‌സണ്‍, അനില്‍ കുംബ്ലെ, ഡാനിയല്‍ വെറ്റോറി, വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ നയിച്ചു. എന്നിട്ടും അകന്നുനിന്ന കിരീടമാണ് ഇന്ത്യക്ക് വേണ്ടി ഇതുവരെ ട്വന്റി-20 മത്സരം കളിച്ചിട്ടില്ലാത്ത മധ്യപ്രദേശുകാരന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയിലൂടെ ആര്‍സിബി സാധിച്ചെടുത്തത്. ഈ സീസണില്‍ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കേണ്ടിവന്ന രജത് പാടിദാറിന് മികച്ച രീതിയിലും ഒത്തിണക്കത്തോടെയും ടീമിനെ നയിക്കാനായി.
വ്യക്തിഗത മികവ് കൊണ്ടു മാത്രം കിരീടം നേടാനാവില്ല എന്ന തിരിച്ചറിവില്‍ 18-ാം സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലം മുതല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ആര്‍സിബി പദ്ധതികള്‍ തയ്യാറാക്കിയത്. ലേലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചെലവിടാതെ ആവശ്യമുള്ള പൊസിഷനുകളിലേക്ക് ഏറ്റവും മികച്ച കളിക്കാരെ കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ. മികച്ച ബാറ്റിംഗ് നിരയും മോശം ബൗളിംഗുമാണ് ആര്‍സിബിയെ മുന്‍ സീസണുകളില്‍ വലച്ചതെങ്കില്‍ ഇത്തവണ ബൗളിംഗ് നിര വിജയത്തില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ നേതൃത്വത്തില്‍ ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ക്രുണാല്‍ പാണ്ഡ്യ, സായുഷ് ശര്‍മ്മ എന്നിവരെല്ലാം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ഫൈനല്‍ മത്സരത്തില്‍ ക്രുണാലിന്റെ ഓവറുകള്‍ വിജയത്തില്‍ നിര്‍ണായകമായി. അതിനുള്ള അംഗീകാരമായി ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ക്രുണാലിനെ തേടിയെത്തുകയും ചെയ്തു.
ബാറ്റിംഗില്‍ പതിവുപോലെ വിരാട് കോലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട്, രജത് പടിദാര്‍, ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ലിയാം ലിവിങ്സ്റ്റണ്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരെല്ലാം മികച്ച പിന്തുണ നല്‍കി. ആര്‍സിബി വിജയിച്ച മത്സരങ്ങളിലെല്ലാം പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് വ്യത്യസ്ത കളിക്കാര്‍ ആയിരുന്നുവെന്നത് ഇത്തവണ അവര്‍ പുറത്തെടുത്ത ടീം ഗെയിമിനെ സാധൂകരിക്കുന്ന ഘടകമാണ്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓരോ കളിക്കാരനുമായി. മുന്‍ സീസണുകളില്‍ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിനെ മാത്രം ആശ്രയിക്കുന്ന ടീമായിരുന്നു ആര്‍സിബി. ഇത്തവണ മധ്യനിരയിലും ഫിനിഷിങ്ങിലും മികച്ച കളിക്കാരെ കൊണ്ടുവരാനായതിലെ മാറ്റം പ്രകടനത്തിലും ഫലം കണ്ടു. 15 കളികളില്‍ നിന്ന് 657 റണ്‍സുമായി വിരാട് കോലി ബാറ്റിംഗിലും 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളുമായി ഹെയ്‌സല്‍വുഡ് ബൗളിങ്ങിലും ആര്‍സിബിയുടെ പ്രകടനത്തില്‍ മികച്ചുനിന്നു.
17-ാം സീസണിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്,ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കും വന്‍ മുന്നേറ്റം നടത്താനായില്ല.
പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവ ഇക്കുറി മികച്ച പോരാട്ടം പുറത്തെടുത്ത ടീമുകളാണ്. റണ്ണേഴ്‌സ് അപ്പായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ് ഇത്തവണ ഏറ്റവുമധികം ഒത്തിണക്കം കാണിച്ച ടീമായി മാറി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് ക്വാളിഫയറിലേക്ക് പ്രവേശിച്ചത്. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ എന്ന വിശേഷണത്തിന് ശ്രേയസ് ഒരിക്കല്‍കൂടി അര്‍ഹനായി. കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കിയാണ് ശ്രേയസ് ഇത്തവണ പഞ്ചാബിനെ നയിക്കാന്‍ ഇറങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിംഗ് ബാറ്റര്‍ സായ് സുദര്‍ശന്‍ 759 റണ്‍സോടെ ഈ ഐപിഎലിലെ റണ്‍ വേട്ടക്കാരില്‍ മുന്നിലെത്തി ഓറഞ്ച് ക്യാപ്പിന് അര്‍ഹനായി. 25 വിക്കറ്റുകളോടെ ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണയാണ് ഇക്കുറി പര്‍പ്പിള്‍ ക്യാപ്പ് നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും വിലപ്പെട്ട കളിക്കാരനായി മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ആദരമര്‍പ്പിച്ചാണ് ഐപിഎല്‍ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ മേധാവികളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ക്ഷണിച്ചിരുന്നു.
https://www.youtube.com/watch?v=0wwFKTp80Cs
ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജൂണ്‍ 6






