Friday, 30 January 2026

കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വര്‍ഷത്തിലെത്തുമ്പോള്‍ -അഭിമുഖം: അടൂര്‍ ഗോപാലകൃഷ്ണന്‍/ എന്‍.പി മുരളീകൃഷ്ണന്‍


ഐഎഫ്എഫ്‌കെ 30 വര്‍ഷത്തിലെത്തുന്ന വേളയില്‍

കേരള രാജ്യാന്തര ചലച്ചിത്ര മേള 30 വര്‍ഷത്തിലെത്തുന്നു എന്നത് തീര്‍ത്തും അഭിമാനകരമായ കാര്യമാണ്. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും മികച്ച ഫെസ്റ്റിവെല്‍ എന്ന പദവി ഐഎഫ്എഫ്‌കെയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ കേരളീയര്‍ക്കെല്ലാം അഭിമാനിക്കാം. ഇത് ഘട്ടംഘട്ടമായൊരു വളര്‍ച്ചയാണ്. ഇത് തുടര്‍ച്ചയായി നടത്തിയ പരിഷ്‌കാരങ്ങളുടെ പരിണത ഫലമാണ്.

ആദ്യ ഫെസ്റ്റിവെല്‍ ഓര്‍മകള്‍

ആദ്യത്തെ ഐഎഫ്എഫ്‌കെ നടന്നത് കോഴിക്കോട്ട് ആയിരുന്നു. അന്ന് ഫെസ്റ്റിവെല്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഞാന്‍. പി.കെ നായര്‍ ആയിരുന്നു ഫെസ്റ്റിവെല്‍ ഡയറക്ടര്‍. അദ്ദേഹം പൂനെ ഫിലിം ആര്‍ക്കൈവില്‍ നിന്ന് കുറേ സിനിമകള്‍ കൊണ്ടുവന്നു. അല്ലാതെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച സിനിമകളും ചേര്‍ത്താണ് ചെറിയ രീതിയില്‍ ഫെസ്റ്റിവെല്‍ നടത്തിയത്. കെ.ജയകുമാര്‍ ആയിരുന്നു അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി. 

ഇത് സഞ്ചരിക്കുന്ന ഫെസ്റ്റിവെല്‍ ആകണമെന്ന് അന്ന് പലരും ആഗ്രഹിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നുവച്ചാല്‍ ഓരോ വര്‍ഷവും വ്യത്യസ്ത നഗരങ്ങളില്‍ സംഘടിപ്പിക്കുക എന്ന രീതി. അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. ഒരു രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരമായി ഒരു വേദിയുണ്ടാകണം. ആ ഒരു ഗൗരവം അതിന് നല്‍കേണ്ടതുണ്ട് എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. അങ്ങനെ പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു.


ഫിലിം പ്രിന്റിലെ സിനിമ

അന്ന് ഫിലിം പ്രിന്റില്‍ ആണ് സിനിമ കാണിച്ചിരുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് സിനിമകള്‍ അയക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമില്ലായിരുന്നു. ഫിലിം പ്രിന്റുകള്‍ വളരെ മോശമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത് എന്നതാണ് ഇതിനു കാരണം. പ്രിന്റ് തിരിച്ചുചെല്ലുമ്പോഴേക്ക് അതിലാകെ പൊട്ടലുകളും പോറലുകളും നിറഞ്ഞിരുന്നു. കളര്‍ പെന്‍സില്‍ കൊണ്ടാണ് ഫിലിമില്‍ അടയാളങ്ങള്‍ ഇടേണ്ടത്. അത് പിന്നീട് മായ്ച്ചുകളയാന്‍ കഴിയും. ഫിലിം പ്രിന്റിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.  ചുമതലപ്പെട്ടവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കി വേണമായിരുന്നു ഇതിന് പരിഹാരം കാണാന്‍. 

ഞാന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഫെസ്റ്റിവെലിന്റെ ഭാഗമായ തിയേറ്റുകളിലെ ഓപ്പറേറ്റര്‍മാര്‍ക്ക് ഫിലിം പ്രിന്റ് കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കി. അതിനു ശേഷം വിദേശത്ത് നിന്ന് ഇവിടേക്ക് വരുന്ന സിനിമകള്‍ കേടുപാടു കൂടാതെ തിരിച്ചയക്കാന്‍ നമുക്കായി. പ്രൊഫഷണലായിട്ടാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന തോന്നല്‍ അതിലൂടെ അവര്‍ക്കുമുണ്ടായി. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു.

ഒറ്റ അവാര്‍ഡില്‍ നിന്ന് കൂടുതല്‍ എണ്ണത്തിലേക്ക്

മികച്ച ഒരു സിനിമയ്ക്ക് മാത്രമായിരുന്നു ആദ്യം അവാര്‍ഡ് നല്‍കിയിരുന്നത്. ഒന്നിലധികം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ഞാന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടന്‍, മികച്ച നടി, കന്നിച്ചിത്രം, പ്രേക്ഷകരുടെ പുരസ്‌കാരം ഫിപ്രസി അവാര്‍ഡ് ഇതെല്ലാം തുടര്‍ന്ന് ഏര്‍പ്പെടുത്തി. ആകെ ഒരു സിനിമയ്ക്ക് മാത്രം അവാര്‍ഡ് നല്‍കുമ്പോള്‍ സമാന നിലവാരമുള്ള മറ്റ് ചിത്രങ്ങള്‍ പരിഗണിക്കപ്പെടാതെ പോകും. കൂടുതല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അക്കാരണം കൊണ്ടുതന്നെ കൂടുതല്‍ സിനിമകള്‍ മത്സരത്തിനു ലഭിക്കും.

മലയാളം സിനിമ ടുഡേ

മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗം ഉണ്ടാക്കിയതും ആ കാലത്താണ്. മത്സര വിഭാഗത്തില്‍ രണ്ട് മലയാളം സിനിമകളെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. ചിലപ്പോള്‍ മികച്ച നിലവാരത്തിലുള്ള വേറെയും നല്ല സിനിമകള്‍ ഉണ്ടായിരിക്കും. അവയെ പരിഗണിക്കുന്നതിനായിട്ടാണ് മലയാളം സിനിമ ടുഡേ എന്നൊരു വിഭാഗത്തിന് രൂപം കൊടുത്തത്. കേരളത്തില്‍ നിന്നുള്ള മികച്ച മൂന്നോ നാലോ സിനിമകളെ ഉള്‍പ്പെടുത്തിയുള്ള ഒരു പാക്കേജ് ആണ് അന്ന് ഉദ്ദേശിച്ചത്. അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ഉള്‍പ്പെടുത്തുന്നതൊന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോഴത് വലിയ എണ്ണമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ എന്ന സെക്ഷനും അന്ന് പുതിയതായി തുടങ്ങിയതാണ്. ഇതെല്ലാം ചലച്ചിത്ര മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ പങ്കാളിത്തമുണ്ടാക്കുന്നതിനുമായി ആവിഷ്‌കരിച്ചതാണ്. 


പാസില്‍ നിന്ന് ഡെലിഗേറ്റ്ഷിപ്പിലേക്ക്

സിനിമ കാണാന്‍ പാസ് വിതരണം ചെയ്യുന്നതായിരുന്നു ഐഎഫ്എഫ്‌കെയുടെ തുടക്കകാലത്ത് നിലനിന്നിരുന്ന സമ്പ്രദായം. പരിചയക്കാര്‍ക്കും ബന്ധമുള്ളവര്‍ക്കുമെല്ലാം സംഘാടകര്‍ പാസ് കൊടുക്കും. പക്ഷേ ഇതിന്റെയൊരു പ്രശ്‌നം ഭേദപ്പെട്ട സിനിമകള്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് പാസ് കിട്ടാതെ പോകുന്ന അവസ്ഥയുണ്ടാകുമെന്നതാണ്. സജീവ താത്പര്യമുള്ള പ്രേക്ഷകര്‍ പുറത്താക്കപ്പെടുകയും അല്ലാത്തവര്‍ പാസ് സമ്പാദിച്ച് അകത്ത് കയറുകയും ചെയ്തുപോന്നു.

ആ രീതിക്ക് ഒരു മാറ്റം വരുത്തണമെന്ന് തോന്നി. അങ്ങനെയാണ് പാസ് നിര്‍ത്തലാക്കി, നിശ്ചിത തുക ഡെലിഗേറ്റ് ഫീസ് വാങ്ങിക്കൊണ്ടുള്ള രജിസ്‌ട്രേഷന്‍ രീതി ഐഎഫ്എഫ്‌കെയില്‍ കൊണ്ടുവന്നത്. ഇതായിരുന്നു ഫെസ്റ്റിവെലിനെ സംബന്ധിച്ച് അന്നുണ്ടായതില്‍ വച്ച് ഏറ്റവും പ്രധാന പരിഷ്‌കാരം. ഈ രീതി പിന്നീട് ഇന്ത്യയിലെ എല്ലാ ഫെസ്റ്റിവെലുകളും അനുകരിച്ചു. മന്ത്രി തന്നെയായിരുന്നു അന്ന് ആദ്യത്തെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചത്.

മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ഓര്‍മ

ഐഎഫ്എഫ്‌കെയുടെ തുടക്കകാലത്തെ മറ്റൊരു ഓര്‍മ്മ മാധ്യമങ്ങളെ സംബന്ധിച്ചാണ്. ഫെസ്റ്റിവെലിന് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് വിമര്‍ശിക്കുകയെന്നത് അന്ന് ഒരു പതിവായിരുന്നു. ഇത് നിരന്തരം ആവര്‍ത്തിച്ചപ്പോള്‍ പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് ദയവായി അത് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു ചലച്ചിത്രമേള കേരളത്തിന് അഭിമാനകരമാണ്. കുറേയേറെപ്പേരുടെ അധ്വാനവും സര്‍ക്കാരിന്റെ സദുദ്ദേശവും അതിനു പിന്നിലുണ്ട്. നടത്തിപ്പിനെക്കുറിച്ച് മോശം വാര്‍ത്തകള്‍ മാത്രം ആവര്‍ത്തിക്കുമ്പോള്‍ പുറംലോകത്തിന് മേളയെ കുറിച്ചുള്ള അഭിപ്രായം മോശമാകും. കുറവുകള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവയ്ക്കാം. ഞങ്ങളത് പരിഹരിക്കാം. അല്ലാതെ മേളയെ തളര്‍ത്തരുത് എന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. അവര്‍ അത് ഉള്‍ക്കൊണ്ടു. പിന്നീട് മേളയെക്കുറിച്ച് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ആരും നല്‍കിയില്ല.

പകുതി ചെലവിലൊരു മേള

സര്‍ക്കാര്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു ഘട്ടത്തിലാണ് ഒരിക്കല്‍ ഐഎഫ്എഫ്‌കെ വന്നത്. ചെലവ് ചുരുക്കലിനു വേണ്ടി ആ വര്‍ഷം ഫെസ്റ്റിവെല്‍ വേണ്ടെന്നുവയ്ക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി നിര്‍ദേശിച്ചു. അക്കാദമി ചെയര്‍മാനായിരുന്ന ഞാന്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു രാജ്യാന്തര ചലച്ചിത്ര മേള ഇടയ്ക്കു വച്ച് നിര്‍ത്തിയാല്‍ പിന്നീട് തുടങ്ങാന്‍ എളുപ്പമല്ല. അത് മേളയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കും. മാത്രമല്ല, താങ്കളുടെ കാലത്താണ് ഫെസ്റ്റിവെല്‍ മുടങ്ങിയതെന്ന ചീത്തപ്പേരും വരും എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അപ്പോള്‍ എന്ത് ചെയ്യാം എന്ന ചോദ്യത്തിന് മറുപടിയായി, സാധാരണ ചെലവാക്കുന്നതിന്റെ പകുതി ചെലവില്‍ ഫെസ്റ്റിവെല്‍ നടത്താം എന്ന ആശയം മുന്നോട്ടുവച്ചു. അത് മുഖ്യമന്ത്രി അംഗീകരിച്ചു. അങ്ങനെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ഏറ്റവും ചെലവ് ചുരുക്കി ആ ഫെസ്റ്റിവെല്‍ നടത്തി. അതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മികച്ച ഫെസ്റ്റിവെല്‍ എന്ന അഭിനന്ദനവും നേടിയെടുക്കാനായി. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയാണ് ഐഎഫ്എഫ്‌കെയുടെ കാര്യത്തില്‍ ഉണ്ടായത്.


ഫിലിം പാക്കേജുകള്‍

ഐഎഫ്എഫ്‌കെയിലെ വിവിധ പാക്കേജുകള്‍ ഘട്ടംഘട്ടമായി വന്നതാണ്. ഫെസ്റ്റിവെല്‍ വലുതായപ്പോള്‍ പാക്കേജുകളുടെ എണ്ണവും കൂടി. ഡെലിഗേറ്റുകളും തിയേറ്ററുകളും വര്‍ധിച്ചപ്പോള്‍ സിനിമയുടെ എണ്ണവും കൂട്ടേണ്ടി വന്നു. കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്ടിവ്, ഓള്‍ഡ് ഫിലിം പാക്കേജ് അങ്ങനെ പല പാക്കേജുകള്‍. പല തരത്തിലുള്ള പ്രേക്ഷകര്‍ വരുമ്പോള്‍ വ്യത്യസ്ത പാക്കേജുകള്‍ നല്ലതാണ്. കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക സിനിമകള്‍ ഉള്‍പ്പെടുത്തിയത് തുടക്കം കാലം തൊട്ടുള്ള തീരുമാനമാണ്. 

ഫിലിം സൊസൈറ്റികളും ഐഎഫ്എഫ്‌കെയും

നമ്മുടെ നാട്ടില്‍ നിരവധി ഫിലിം സൊസൈറ്റികള്‍ ചെറിയ ഫെസ്റ്റിവെല്‍ നടത്തുണ്ടായിരുന്നു. പ്രധാന സിനിമകള്‍, പ്രധാന സംവിധായകര്‍, രാജ്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഫെസ്റ്റിവെലുകള്‍ നടത്തിയിട്ടുണ്ട്. ചിത്രലേഖ ഹംഗറി, ചെക്കോസ്ലോവാക്യ, പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ ഫെസ്റ്റിവെല്‍ നടത്തിയിട്ടുണ്ട്. ഫിലിം സൊസൈറ്റികളുടെ വളര്‍ച്ചയാണ് ഒരു തരത്തില്‍ ഐഎഫ്എഫ്‌കെയ്ക്ക് വഴിതെളിച്ചിട്ടുള്ളത്. ഫെസ്റ്റിവെലിന്റെ രൂപീകരണ ഘട്ടത്തില്‍ ഫിലിം സൊസൈറ്റികളുടെ മാതൃകയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടായിരുന്നു.

ഐഎഫ്എഫ്‌കെയും നവാഗത സംവിധായകരും

ധാരാളം ചെറുപ്പക്കാര്‍ക്ക് സിനിമയെടുക്കാന്‍ ഐഎഫ്എഫ്‌കെ സ്വാധീനമായിട്ടുണ്ട്. ഫിലിം സൊസൈറ്റികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ഫെസ്റ്റിവെലുകളാണ്. ഫിലിം സൊസൈറ്റികള്‍ പഴയതുപോലെ ഇപ്പോള്‍ സജീവമല്ല. ഐഎഫ്എഫ്‌കെയില്‍ പങ്കെടുത്ത് ലോകസിനിമകള്‍ കാണുകയും സിനിമയിലെ മാറ്റങ്ങളും ധാരകളും ഉള്‍ക്കൊള്ളുകയും സിനിമ നിര്‍മിക്കുവാന്‍ പ്രചോദിതരാകുകയും ചെയ്തിട്ടുള്ള നിരവധിയായ ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്. മലബാര്‍ പ്രദേശത്തു നിന്നൊക്കെ നിരവധി ചെറുപ്പക്കാര്‍ വര്‍ഷങ്ങളായി ഐഎഫ്എഫ്‌കെയില്‍ എത്തി സിനിമ കാണുകയും പിന്നീട് മികച്ച സിനിമകളെടുക്കുകയും ചെയ്തിട്ടുണ്ട്.

സെലക്ഷന്‍ പ്രധാനം

ഐഎഫ്എഫ്‌കെയുടെ ഗ്രാഫ് ഉയര്‍ന്നു. അതിനൊപ്പം ഓരോ വര്‍ഷം കഴിയുന്തോറും സിനിമയുടെ സെലക്ഷനും നന്നാവേണ്ടതുണ്ട്. വിദേശ മേളകളോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. നമ്മുടെ സെലക്ഷന്‍ നന്നാകണം. അതിലൂടെ മികച്ച സിനിമാനുഭവം പകരാന്‍ കഴിയണം. എന്നാല്‍ മാത്രമേ വമ്പിച്ച ആസ്വാദകവൃന്ദത്തോടുള്ള കടപ്പാട് നിര്‍വ്വഹിക്കപ്പെടൂ.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Wednesday, 21 January 2026

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാണ്ടുകള്‍


കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ അഭിമാന സ്തംഭമാണ് ഐഎഫ്എഫ്‌കെ. മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായി മാറാന്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി. ഇന്ത്യയിലെ മുന്‍നിര സാംസ്‌കാരിക പരിപാടികളില്‍ ഒന്നായി അംഗീകരിക്കപ്പെടുന്ന ഐഎഫ്എഫ്‌കെ സാംസ്‌കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനകേന്ദ്രീകൃതമായ ചലച്ചിത്രമേളയായി അറിയപ്പെടുന്ന ഐഎഫ്എഫ്‌കെ ലോകോത്തര സംവിധായകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധേയമാണ്. സമകാലിക ലോക സിനിമയിലെ ഏറ്റവും മികച്ച പാക്കേജുകളും മേളയെ വേറിട്ടുനിര്‍ത്തുന്നു.


ആദ്യ പതിപ്പ് കോഴിക്കോട്ട്

ആദ്യത്തെ ഐഎഫ്എഫ്‌കെ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട്ടാണ് നടന്നത്. ലൂമിയര്‍ ബ്രദേഴ്സിന്റെ ആദ്യ സിനിമയുടെ പൊതു പ്രദര്‍ശനത്തിന്റെ 100-ാം വാര്‍ഷികമായ 1994-ല്‍ ലോക സിനിമയുടെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ മേള നടന്നത്. സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് ഐഎഫ്എഫ്‌കെയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാര്‍ ആയിരുന്നു കേരളത്തിന് സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്രമേള എന്ന ആശയത്തിന് തുടക്കം കുറിച്ചത്.

എല്ലാ വര്‍ഷവും ഫെസ്റ്റിവെല്‍ നടത്തുകയെന്ന ആശയം അന്ന് ഇല്ലായിരുന്നു. വിജയിക്കുമോ എന്ന് ഉറപ്പില്ലാതെ ആശങ്കയോടെയാണ് ആദ്യത്തെ മേള നടന്നത്. അത് മറികടന്ന് ആദ്യത്തെ മേള വിജയകരമായി സംഘടിപ്പിക്കാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് (കെഎസ്എഫ്ഡിസി)സാധിച്ചു. ആദ്യത്തെ മേളയുടെ ബജറ്റ് നാല് ലക്ഷം രൂപയായിരുന്നു. 

അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു പ്രധാന വേദിയായിരുന്ന കോഴിക്കോട്  ടാഗോര്‍ തിയേറ്ററില്‍ ആദ്യത്തെ ഐഎഫ്എഫ്‌കെ ഉദ്ഘാടനം ചെയ്തത്. പൂനെ ഫിലിം ആര്‍ക്കൈവില്‍ നിന്നുള്ള സിനിമകളും പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച സിനിമകളുമടക്കം 100 സിനിമകളാണ് ആദ്യമേളയില്‍ പ്രദര്‍ശിപ്പിച്ചത്. നാഷണല്‍ ഫിലിം ആര്‍ക്കൈവിന്റെ  സ്ഥാപക ഡയറക്ടറായ പികെ നായരായിരുന്നു സിനിമകള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടന്നു.



വളര്‍ച്ചയുടെ ഘട്ടം

കോഴിക്കോട്ടെ മേള നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് 1995 നവംബറിലെ കേരളപ്പിറവി ദിനം തൊട്ട് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയുടെ രണ്ടാമത്തെ പതിപ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഇതിന് മുന്‍കൈ എടുത്തത്. തിരുവനന്തപുരം ടാഗോര്‍, കൈരളി, ശ്രീ, കലാഭവന്‍ തിയേറ്ററുകളിലായിട്ടാണ് ചലച്ചിത്രമേള അരങ്ങേറിയത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1998 ല്‍ ഫെസ്റ്റിവെല്‍ വീണ്ടും തിരുവനന്തപുരത്ത് നടന്നു.

1998-ല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതു വരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് മേള നടത്തിയിരുന്നത്. സിനിമയുടെ പ്രചാരണത്തിനായുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഐഎഫ്എഫ്കെയുടെ നടത്തിപ്പ് അക്കാദമിയെ ഏല്‍പ്പിച്ചു. പിന്നീട് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (എഫ്ഐഎപിഎഫ്) ഫെസ്റ്റിവലിന് അംഗീകാരം നല്‍കി.

1998 ഏപ്രിലില്‍ നടന്ന മൂന്നാം പതിപ്പില്‍ മലയാള സിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വിദേശ പ്രതിനിധികളെ കൊണ്ടുവന്നു. മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ആഫ്രോ-ഏഷ്യന്‍ സിനിമകള്‍ക്കുള്ള അവാര്‍ഡുകള്‍, മലയാളത്തിനും ഇന്ത്യന്‍ സിനിമയ്ക്കും പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ആശയങ്ങളും ആ വര്‍ഷം തന്നെ ആരംഭിച്ചു.

1999 ഏപ്രിലില്‍ കൊച്ചിയിലായിരുന്നു നാലാമത്തെ മേള. ആ വര്‍ഷം മത്സര വിഭാഗം സിനിമകള്‍ എന്ന പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയത് മേളയുടെ വളര്‍ച്ചയിലെ ശ്രദ്ധേയമായ നാഴികക്കല്ലായിരുന്നു. ഇതോടെ ഐഎഫ്എഫ്കെ ലോക ഭൂപടത്തില്‍ ഇടം നേടി. ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പുതിയ ചിത്രങ്ങളെയാണ് മത്സര വിഭാഗം പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. 

2000 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി കോഴിക്കോടാണ് അഞ്ചാമത് ഐഎഫ്എഫ്‌കെയ്ക്ക് ആതിഥേയത്വം വഹിച്ചത്. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കാണികളുടെ പങ്കാളിത്തമുള്ള മേളകളിലൊന്നായി ഇത് വളരെ പെട്ടെന്ന് മാറി. 2000 -ത്തിന്റെ തുടക്കത്തില്‍ മേളയുടെ സംഘാടനത്തിലും സ്വഭാവത്തിലും ഗുണനിലവാരത്തിലും വലിയ മാറ്റമുണ്ടായി.

ടൂറിംഗ് ഫെസ്റ്റിവെല്‍ എന്ന രീതി അവസാനിപ്പിച്ച് ഐഎഫ്എഫ്‌കെയ്ക്ക് ഒരു സ്ഥിരം വേദി വേണമെന്ന ആശയം രൂപപ്പെട്ടു. അതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ യശസ്സും ഗൗരവവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 2001 മുതല്‍ തിരുവനന്തപുരത്തെ ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദിയായി അംഗീകരിച്ചു. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കാണ് ഐഎഫ്എഫ്‌കെ പ്രാമുഖ്യം നല്‍കുന്നത്. ലോകസിനിമകളും മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം.



ഫെസ്റ്റിവെലിന്റെ ജനകീയതയും തലമുറ മാറ്റവും

ഡിസംബര്‍ മാസത്തെ ആദ്യ ആഴ്ചകളിലായി നടന്നുവരുന്ന ഫെസ്റ്റിവെല്‍ ഇന്ന് രാജ്യത്തെ ശ്രദ്ധേയ മേളകളിലൊന്നായി സിനിമാപ്രേമികള്‍ അംഗീകരിച്ചുകഴിഞ്ഞു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള 10000-ത്തില്‍ അധികം പ്രതിനിധികള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും മേളയുടെ ജനബാഹുല്യം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ സിനിമകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഒരു കാലത്ത് പോലും ആളുകള്‍ ഇപ്പോഴും ഫെസ്റ്റിവെലിനായി തിയേറ്ററുകളില്‍ വന്നുചേരുന്നു. ഇത് സിനിമയുടെ ബിഗ് സ്‌ക്രീന്‍ നല്‍കുന്ന മാന്ത്രികതയാണ്. തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനിടയില്‍ അവരില്‍ ഒരാളായി ഇരിക്കുമ്പോഴാണ് സിനിമയെന്ന കലാരൂപം നല്‍കുന്ന ആസ്വാദനക്ഷമത അതിന്റെ പൂര്‍ണതയിലെത്തുന്നത് എന്ന മനോവികാരം തന്നെയാകാം കാണികളെ ചലച്ചിത്ര മേളയിലേക്ക് പിന്നെയും ആകര്‍ഷിക്കുന്ന ഘടകം.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ചലച്ചിത്രമേളകള്‍ക്ക് ഒരു ഉന്നത മനോഭാവം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പാസുകള്‍ നല്‍കുന്നതിലൂടെയും അത്തരം സിനിമകള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിലൂടെയുമാണ് ആ ഇടത്തെ ജനാധിപത്യവല്‍ക്കരിച്ചത്. തീര്‍ച്ചയായും ഐഎഫ്എഫ്‌കെയുടെ രീതിയും മറിച്ചായിരുന്നില്ല. പരീക്ഷണാര്‍ഥം നടത്തിയ ആദ്യ മേളയും തുടര്‍ന്ന് തുടക്കകാലത്തെ ചില മേളകളിലും ഒരു വിഭാഗം കാണികള്‍ മാത്രമായിരുന്നു മേളയുടെ ഭാഗമായത്. പിന്നീട് ഘട്ടംഘട്ടമായാണ് കൂടുതല്‍ പേരിലേക്കും സാമാന്യ ജനതയിലേക്കും മേള വളര്‍ച്ച പ്രാപിച്ചത്.

തുടക്കകാലത്ത് മുതിര്‍ന്നവരുടെ പ്രാതിനിധ്യമായിരുന്നു ഐഎഫ്എഫ്‌കെയില്‍ കൂടുതലെങ്കില്‍ ചെറുപ്പക്കാരുടെ മേള എന്ന നിലയിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്ന സവിശേഷത. ഗൗരവമായി സിനിമയെ സമീപിച്ചിരുന്ന ഒരുകൂട്ടം മധ്യവയസ്‌കരായ മനുഷ്യരുടെ ഇടമായി മാത്രം നിലനിന്നിരുന്ന ചലച്ചിത്ര മേളയിലേക്ക് പെട്ടെന്നാണ് ചെറുപ്പക്കാരും വിദ്യാര്‍ഥികളുമായ ഒരു തലമുറ കടന്നുവന്നത്. സിനിമ കാണുന്ന ശീലത്തില്‍ വന്ന മാറ്റവും ലോകസിനിമയെ വലിയ സ്‌ക്രീനില്‍ അടുത്തുകാണാനുള്ള അവസരവും ഇവരെ ഐഎഫ്എഫ്‌കെയിലേക്ക് അടുപ്പിച്ചു. ചലച്ചിത്ര പഠനം സിലബസിന്റെ ഭാഗമായതും ഒരു കാരണമായി.

പുതുതലമുറ സിനിമ കാണാനെത്തുന്നത് ബൗദ്ധികവ്യായാമം എന്ന നിലയില്‍ മാത്രമല്ല. വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച തെരുവുകളെ അലങ്കരിക്കുന്ന ഒരു ജനക്കൂട്ടം കൂടിയായി അവര്‍ മാറുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഐഎഫ്എഫ്‌കെ കാഴചവൃന്ദത്തില്‍ സംഭവിച്ച ഒരു പ്രധാന മാറ്റമാണിത്. വിപണിയിലെ പുതിയ ഫാഷന്‍, വസ്ത്രധാരണ ട്രെന്‍ഡുകളെ ചേര്‍ത്തുവച്ച് യാഥാസ്ഥിതിക ചലച്ചിത്ര പ്രേമികളില്‍ നിന്ന് വേറിട്ട കാണികളുടെ ഒരു മുഖം ഇത് ഐഎഫ്എഫ്‌കെയ്ക്ക് നല്‍കിയിട്ടുണ്ട്.

മറ്റൊരു പ്രധാന വശം മേളയിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു എന്നതാണ്. ഇപ്പോള്‍ സിനിമ കാണാന്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നു. ചലച്ചിത്ര പ്രവര്‍ത്തന മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചതും വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുടെ സാന്നിധ്യവും ഈ എണ്ണപ്പെരുക്കത്തിലെ വസ്തുതകളാണ്.



മലയാള സിനിമയിലെ സ്വാധീനം

മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഐഎഫ്എഫ്‌കെയ്ക്ക് സുപ്രധാന പങ്കുണ്ട്. ലോക സിനിമയിലെ മാറ്റങ്ങള്‍ മേള മലയാള സിനിമയ്ക്ക് കാണിച്ചുകൊടുത്തു. സിനിമാഭിരുചിയുള്ള ചെറുപ്പക്കാര്‍ക്ക് ലോക സിനിമയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത് കേരള രാജ്യാന്തര ചലച്ചിത്ര മേളയാണ്. ലോക സിനിമയുമായുള്ള സമ്പര്‍ക്കം യുവചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത തരം കഥകള്‍ കൈകാര്യം ചെയ്യാനുള്ള ധൈര്യം നേടിക്കൊടുത്തു. ഇത് ഐഎഫ്എഫ്‌കെ നല്‍കിയ സ്വാധീനം കാരണമാണ്. ഇന്ന് വേറിട്ട പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ മലയാള സിനിമയ്ക്ക് സാധിക്കുന്നത് ഐഎഫ്എഫ്‌കെ നല്‍കിയ പരിശീലനവും ധൈര്യവും കൊണ്ടു കൂടിയാണ്. ഐഎഫ്എഫ്‌കെ തങ്ങളുടെ ചലച്ചിത്ര വിദ്യാലയമാണെന്ന് അഭിപ്രായപ്പെട്ട നിരവധി പുതുതലമുറ സംവിധായകരുണ്ട്. മലയാളികളുടെ ചിന്താഗതിയെ രൂപപ്പെടുത്തിയ മേള പ്രേക്ഷകരുടെ കാഴ്ചനിലവാരം വര്‍ധിപ്പിച്ചു. ഈ മാറ്റങ്ങള്‍ ക്രമാനുഗതമായി സംഭവിച്ചതാണ്. വ്യത്യസ്ത ആഖ്യാനങ്ങള്‍ കാണുമ്പോള്‍ കാഴ്ചപ്പാടുകളും മാറുന്നു. മുഖ്യധാര, സമാന്തര സിനിമാ പ്രവര്‍ത്തകരെ ഒരുപോലെ ആകര്‍ഷിക്കാന്‍ ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ട്.



പാക്കേജുകളും പുരസ്‌കാരങ്ങളും

എട്ട് ദിവസത്തെ ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍, മലയാളം സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, വേള്‍ഡ് സിനിമ, കണ്‍ട്രി ഫോക്കസ്, പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെ റിട്രോസ്പെക്റ്റീവ്‌സ്, കണ്ടംപററി ഫോക്കസ്, ഹോമേജുകള്‍, വിവിധ ക്യൂറേറ്റഡ് പാക്കേജുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകളുടെ പ്രദര്‍ശനം നടത്തുന്നു. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം ഓപ്പണ്‍ ഫോറം, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. വാര്‍ഷിക അരവിന്ദന്‍ മെമ്മോറിയല്‍ പ്രഭാഷണം ഫെസ്റ്റിവലിലെ പ്രധാന പരിപാടികളിലൊന്നാണ്. ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ചലച്ചിത്ര സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. സിനിമ കാണുന്നതിനൊപ്പം സംവിധായകരോടും സാങ്കേതിക പ്രവര്‍ത്തകരോടും സംവദിക്കാന്‍ കാണികള്‍ താത്പര്യപ്പെടുന്നുണ്ട്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം, മികച്ച സംവിധായകനുള്ള രജത ചകോരം, മികച്ച നവാഗത സംവിധായകന്‍, അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ പ്രേക്ഷക പുരസ്‌കാരം, മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നാറ്റ്പാക് പുരസ്‌കാരം, മികച്ച ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള ഫിപ്രെസി അവാര്‍ഡ്, മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള കെ.ആര്‍. മോഹനന്‍ അവാര്‍ഡ്, ഹസന്‍കുട്ടി അവാര്‍ഡ് (മീരാ നായര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുടങ്ങിയവയാണ് മേളയില്‍ നല്‍കുന്ന അംഗീകാരങ്ങള്‍. സിനിമാ മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ചലച്ചിത്രകാരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നു.

സമകാലിക ജനപഥം, 2025 ഡിസംബര്‍