Thursday, 18 April 2013

ഒറ്റ ഫ്രേമിലൊതുങ്ങാത്ത വൈവിധ്യം




ചിലത് അങ്ങനെയാണ് എത്ര ചേര്‍ത്തുവെച്ചാലും ഒറ്റ ഫ്രേമില്‍ ഒതുക്കുക അസാധ്യമായ പരിശ്രമമാകും. അത്രമാത്രം പരന്നൊഴുകുന്ന വിശേഷസരണിയായി അതങ്ങനെ തുടര്‍ന്നുപോകും. സുകുമാരിയെന്ന അഭിനേത്രിയുടെ കഥാപാത്രങ്ങളെ എടുത്തുനോക്കിയാല്‍ ഈയൊരു വിശേഷത വ്യക്തമാകും. അത്രയധികം വറൈറ്റിയാണ് അവര്‍ കാത്തുസൂക്ഷിച്ചത്. ഒരു കഥാപാത്രത്തെ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒരുപാടെണ്ണം ഒരേ നേരം ഓടിവരുന്നത്രയും വൈവിധ്യം അതില്‍ നിറഞ്ഞുകാണാം.
   മലയാള സിനിമയുടെ ആകെ വര്‍ഷപ്പഴക്കമെടുത്താല്‍ അതിലൊരു മുക്കാല്‍ പങ്കും സുകുമാരിയുടെ അഭിനയത്തിന്റെ പകര്‍ന്നാട്ടം കണ്ടതാണ്. തമിഴില്‍ അരങ്ങേറി പല ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലായിരുന്നു പരിപൂര്‍ണ്ണത കൈവന്നത്. 1957-ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍ അഭിനയവഴിയിലെ ആദ്യ ശ്രദ്ധേയ കഥാപാത്രമായപ്പോള്‍ അറുപതുകള്‍ സുകുമാരിയുടേതായി മാറി. ഓമനക്കുട്ടന്‍, അമ്മു, ഭൂമിയിലെ മാലാഖ, കളഞ്ഞുകിട്ടിയ തങ്കം, കായംകുളി കൊച്ചുണ്ണി, തച്ചോളി ഒതേനന്‍, യക്ഷി, ചേട്ടത്തി, കുഞ്ഞാലി മരക്കാര്‍, അന്വേഷിച്ചു കണ്ടെത്തിയില്ല,  ഉദ്യോഗസ്ഥ, അശ്വമേധം, ശ്യാമളച്ചേച്ചി, കുപ്പിവള, ചിത്രമേള, നഗരമേ നന്ദി,  ഖദീജ, കളക്ടര്‍ മാലതി, അനാഛാദനം തറവാട്ടമ്മ, ലക്ഷപ്രഭു, തുടങ്ങിയവ അറുപതുകളിലെ സുകുമാരിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
   മലയാളത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാറായ തിക്കുറുശ്ശി മുതല്‍ പ്രേംനസീര്‍, സത്യന്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയോടൊപ്പം വരെ സുകുമാരി അഭിനയിച്ചു. കാലവും തലമുറകളും മാറിവരുമ്പോഴും അവിടെയെല്ലാം സ്വന്തം സ്‌പേസ് കണ്ടെത്താന്‍ കഴിയുകയെന്ന ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ശേഷീ പരീക്ഷണത്തെ അറുപതാണ്ടുകളാണ് ഈ നടി മറി കടന്നതെന്നോര്‍ക്കുമ്പോള്‍ സിനിമയ്ക്കും കാലത്തിനും അവരെ എത്രമാത്രം ആവശ്യമായിരുന്നെന്നും പ്രതിഭയുടെ മാനദണ്ഡം മുഴുവനായും ശരിയായ അളവ് കാണിക്കുന്നുവെന്നും മനസ്സിലാവും.
  ജയലളിതയുടെ അമ്മവേഷം ചെയ്തു തുടങ്ങിയ അഭിനേത്രി മാറിമാറി വന്ന ഒരുപാട് തലമുറയുടെ തന്നെ അമ്മയായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ അമ്മവേഷങ്ങളുടെ ജനകീയത കണ്ണു നനയിച്ചും വാത്സല്യം ചൊരിഞ്ഞും സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയും ആസ്വാദകരുടെ സ്വന്തമാകുകയായിരുന്നു. സന്മനസ്സുളളവര്‍ക്ക് സമാധാനം, ചിത്രം, ഹിസ് ഹൈനസ് അബ്ദുളള, ദശരഥം, റാംജിറാവ് സ്പീക്കിങ്, ആധാരം, മീശമാധവന്‍, അമ്മക്കിളിക്കൂട്, മഴത്തുള്ളിക്കിലുക്കം, ക്ലാസ്‌മേറ്റ്‌സ്, ചാന്തുപൊട്ട്, മിഴികള്‍ സാക്ഷി അങ്ങനെ ഒരുപാട് സിനിമകളിലെ സുകുമാരിയമ്മ..
  ഇവിടെയാണവര്‍ ഇമേജുകളില്‍ തളച്ചിടപ്പെടുകയെന്ന ദുര്യോഗത്തെ മറികടക്കുന്നത്. അതുതന്നെയാണ് ആ റേഞ്ച് വെളിപ്പെടുത്തുന്ന ഘടകവും. തമിഴ് ബ്രാഹ്മിണ്‍, ആംഗ്‌ളോ ഇന്ത്യന്‍ ആന്റി, സമ്പന്നയായ കൊച്ചമ്മ, വടക്കന്‍പാട്ട് കഥകളിലെ ആഢ്യസ്ത്രീ, സിസ്റ്റര്‍.. സുകുമാരിയുടെ ഇത്തരം വേഷങ്ങളെല്ലാം ആവര്‍ത്തിക്കപ്പെടുമ്പോഴും പകര്‍ന്നുതരുന്നൊരു ഭംഗിയും ദൃഢതയുമുണ്ട്. ഒരു അഭിനേതാവ് എത്തരത്തില്‍ സ്വയം മറികടക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാരുന്നു അങ്ങനെ ആ കഥാപാത്രങ്ങള്‍.
   ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങി എണ്‍പതുകളിലെ ജനപ്രിയ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സുകുമാരിയുടെ കഥാപാത്രങ്ങള്‍ ഏറെ ചിരിപ്പിച്ചതോടൊപ്പം വേരുളള ഹാസ്യവേഷങ്ങളായി ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചും പിന്നെയും കാണാന്‍ തോന്നുന്നൊരു രസതന്ത്രമായി സവിശേഷം നിലകൊള്ളുകയും ചെയ്യുന്നു.
   ഏറെ കലാപാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തില്‍നിന്നും നൃത്തവൈഭവം കൂടി സ്വായത്തമാക്കി സിനിമയിലെത്തിയ സുകുമാരി തുടക്കകാലം മുതല്‍ റോളുകളിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിമാര്‍ ഹാസ്യം ചെയ്യുകയെന്ന രീതി ഇല്ലാതിരുന്നൊരു കാലത്ത് ആ സങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ട് സുകുമാരി അടൂര്‍ ഭാസിക്കൊപ്പം മത്സരിച്ചഭിനയിച്ചു. നായര് പിടിച്ച പുലിവാല് എന്ന സിനിമയിലെ വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും എന്ന മുഴുനീള ഹാസ്യഗാനം ഇതിന് ദൃഷ്ടാന്തമാണ്. ഒരു പക്ഷേ പില്‍ക്കാലത്ത് രൂപപ്പെട്ട ഹാസ്യനായക-നായിക കോമ്പിനേഷനുകളുടെ തുടക്കമിടാനും ഈ ജോഡിയുടെ വിജയം പ്രേരകമായി.
   നടനചാരുത വെള്ളിവെളിച്ചത്തില്‍ നിന്നുമകന്ന് നിത്യശാന്തിയിലേക്ക് ആണ്ടുപോകുമ്പോള്‍ മലയാള സിനിമയുടെ ഒരു കാലഘട്ടവും കൂടി ഒപ്പം സുഷുപ്തിലാഴുകയാണ്. ഒറ്റ ഫ്രേമിലൊതുക്കാനാകും ക്യാമറാക്കണ്ണിലെയും അക്ഷരത്തിലെയും മരണത്തെ...  ഒതുക്കാനാവില്ല അവര്‍ തന്ന ചിരിയും കണ്ണു നനച്ചിലും വൈവിധ്യവും...

ജനയുഗം, 2013 മാര്‍ച്ച് 27

Sunday, 7 April 2013



നവസിനിമ അഥവാ ഓരോ കാലത്തേയും വഴിമാറിനടപ്പ് 

മുഖ്യധാരയില്‍ നിലനില്‍ക്കുകയും ഭരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം എന്നും സിനിമയിലുണ്ടാകും. അവര്‍ അപനിര്‍മ്മിക്കുന്ന ഒരു വിജയമാതൃകയെ പിന്തുടരാനായിരിക്കും ഭൂരിഭാഗത്തിന്റേയും ശ്രമം. അതൊരു തരത്തില്‍ ഒരെളുപ്പമാര്‍ഗ്ഗത്തിലൂടെയുളള വഴിനടത്തവുമാകും. അപൂര്‍വ്വം ചിലര്‍ വഴിമാറി നടക്കും. വഴി വെട്ടുകയും അതുവഴി നടക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യും. അവരെ പുതുനിര, പുതുശബ്ദം എന്നിങ്ങനെയെല്ലാം പേരുചൊല്ലി വിളിക്കും.
പിറവിയുടെ എണ്‍പതാണ്ടുകള്‍ പിന്നിട്ട മലയാള സിനിമയെ എടുത്താല്‍ മുന്‍ വിജയഘടകങ്ങള്‍ സമം ചേര്‍ത്ത് വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കാനുളള ശ്രമങ്ങള്‍ ഏതു കാലത്തുമുണ്ടായതായി ദൃശ്യമാകും. മറുവഴിയേ ഓരം ചേര്‍ന്ന് ആളും ആരവവുമൊഴിഞ്ഞ പാതയില്‍ ചിലര്‍ നടന്നു. മറ്റു ചിലത് ബഹളത്തിനിടയില്‍ നിലനില്‍പ്പ് നഷ്ടപ്പെട്ട് ഉഴന്നു. ഇനിയും ചിലത് കണ്ണും കാതും കുളിര്‍പ്പിച്ച് കോടികളുടെ കിലുക്കവും തീയറ്ററില്‍ മൂന്നക്ക ദിവസങ്ങളുടെ വിജയക്കണക്കും സൂചിപ്പിച്ച് ആഘോഷങ്ങളായി. മറിച്ചു സഞ്ചരിക്കുന്നവയ്ക്ക് ഇതൊന്നും അവകാശപ്പെടാനാവില്ല. എന്നാല്‍ അവയില്‍ പലതും സഞ്ചരിക്കുക കണ്ണിനും കാതിനുമൊപ്പം ഹൃദയവഴി കൂടിയായിരിക്കും.
നവസിനിമ ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രം സംഭവിക്കുന്നതല്ല. അന്‍പതുകളില്‍ തീയറ്ററുകളില്‍ വിജയം കണ്ട ചില ഹിറ്റുകളിലൂടെ മലയാള സിനിമ ഒരു ജനപ്രിയ കലാരൂപം എന്ന നിലയില്‍ മുഖം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതിന്റെ പ്രതിഫലനമെന്നോണം അറുപതുകളില്‍ കൂടുതല്‍ സിനിമകളുണ്ടാകുകയും ജനങ്ങളോട് അടുക്കുകയും ചെയ്തു.
എഴുപതുകള്‍ കേരളസമൂഹം വലിയ പരിവര്‍ത്തനത്തിന് വിധേയമായൊരു കാലഘട്ടമെന്ന നിലയില്‍ സാഹിത്യത്തിലും കലയിലും ആ മാറ്റം പ്രകടമായി. ബൗദ്ധികചിന്തയിലുണ്ടായ ഉണര്‍വ് അത്തരം സിനിമകള്‍ ഉരുത്തിരിയാനിടയാക്കി. പുതിയ ആശയങ്ങളും പരീക്ഷണങ്ങളുമായി  പുതിയ ആളുകള്‍ കടന്നുവന്നു. മുഖ്യധാരയ്ക്ക് ഭീഷണിയോ വഴിമുടക്കലോ ആകാതെ അവര്‍ നടന്നുനീങ്ങി. വ്യത്യസ്ത കാഴ്ചാവഴി കണ്ട പ്രേക്ഷകന് അത് നവമായി അനുഭവപ്പെട്ടു. ഈ വഴിവെട്ടലിന് എഴുപതുകളില്‍ ഉച്ചപ്പടം എന്നൊരു പേരും ഉരുവപ്പെട്ടതായി കാണാം.
ഔട്ട്‌ഡോറിലേക്ക് ആദ്യം സഞ്ചരിച്ച പി എന്‍ മേനോന്റെ ഓളവും തീരവും പറഞ്ഞ കഥയിലും പറച്ചില്‍ രീതിയിലും പുതുമ സ്വീകരിച്ചു. 1970 ല്‍ ഈ സിനിമ കൊണ്ടുവന്നത് വിപ്ലവമായിരുന്നു. 72-ല്‍ ജോണ്‍ എബ്രഹാം വിദ്യാര്‍ഥികളേ ഇതിലേയുമായി സിനിമയുടെ വലിയ സ്‌ക്രീനിലേക്ക് കടന്നുവന്നു. വിപ്ലവവും രാഷ്ട്രീയാവബോധവും സമൂഹസിരകളില്‍ ചൂട് പടര്‍ത്തിയ കാലം അത്തരം സിനിമകള്‍ ആവശ്യപ്പെട്ടപ്പോള്‍ പി എ ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍, മണിമുഴക്കം, ചുവന്ന വിത്തുകള്‍ എന്നിവ ഉണ്ടായി.
എഴുപതുകളില്‍ മുഖ്യധാരാ സ്‌ക്രീനില്‍ സ്ഥിരമായി എഴുതപ്പെട്ട ശശികുമാര്‍, കെ എസ് സേതുമാധവന്‍, രാമു കാര്യാട്ട്, കുഞ്ചാക്കോ, എ ബി രാജ്, വിന്‍സെന്റ്, തോപ്പില്‍ ഭാസി, അപ്പച്ചന്‍ എന്നീ സംവിധായക നാമങ്ങള്‍ നിലനില്‍ക്കെ തന്നെ ഹരിഹരന്‍, ജേസി, ഭരതന്‍, ജി അരവിന്ദന്‍, കെ ജി ജോര്‍ജ്, മോഹന്‍, അടൂര്‍, രാജീവ്‌നാഥ് എന്നിങ്ങനെ പുതിയ പേരുകളും മലയാള സിനിമ കേട്ടുതുടങ്ങി.
അരവിന്ദന്റെ ഉത്തരായനം, ഭരതന്റെ പ്രയാണം, മോഹന്റെ രണ്ടു പെണ്‍കുട്ടികള്‍, കെ ജി ജോര്‍ജിന്റെ സ്വപ്നാടനം, ഉള്‍ക്കടല്‍, അടൂരിന്റെ കൊടിയേറ്റം, പവിത്രന്റെ ഉപ്പ്, യൂസഫലി കേച്ചേരിയുടെ നീലത്താമര, രാജീവ്‌നാഥിന്റെ തീരങ്ങള്‍, ടി വി ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി, തുടങ്ങിയ സിനിമകള്‍ എഴുപതുകളുടെ രണ്ടാംഘട്ടത്തില്‍ പുതിയ സമീപനങ്ങള്‍ പറഞ്ഞുവന്നു.
മലയാള സിനിമ വ്യവസായത്തിലും കലയിലും ഏറ്റവും ഔന്നത്യത്തിലേക്കുയര്‍ന്ന എണ്‍പതുകളിലും മേല്‍പ്പറഞ്ഞ സമീപനത്തിന്റെ തുടര്‍ച്ചയെന്നോണമുളള സിനിമകളുണ്ടായി. ശാലിനി എന്റെ കൂട്ടുകാരി, ഒരു കഥ ഒരു നുണക്കഥ (മോഹന്‍), തകര, നിദ്ര, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ലോറി (ഭരതന്‍), എസ്തപ്പാന്‍, ചിദംബരം, പോക്കുവെയില്‍, ഒരിടത്ത് (ജി അരവിന്ദന്‍) വേനല്‍, ചില്ല് (ലെനിന്‍ രാജേന്ദ്രന്‍), ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ (കെ ജി ജോര്‍ജ്), കള്ളന്‍ പവിത്രന്‍, നവംബറിന്റെ നഷ്ടം, ദേശാടനക്കിളി കരയാറില്ല, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പെരുവഴിയമ്പലം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, സീസണ്‍ (പത്മരാജന്‍), മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്നെന്നും കണ്ണേട്ടന്റെ, നോക്കത്താദൂരത്ത് കണ്ണുംനട്ട് (ഫാസില്‍), നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, ആരണ്യകം (ഹരിഹരന്‍) സുഖമോ ദേവി, സര്‍വകലാശാല (വേണു നാഗവളളി) എന്നിങ്ങനെ എടുത്തു പറയാവുന്നവ നിരവധി.
മലയാളി ജീവിതത്തില്‍ ഗള്‍ഫ് പണം നിര്‍ണ്ണായക സാന്നിധ്യമായി മാറിയ എണ്‍പതുകളില്‍ ജീവിതനിലവാരത്തിലും കാഴ്ചവട്ടത്തിലും വ്യതിയാനമുണ്ടായി. സിനിമ വ്യവസായം എന്ന നിലയില്‍ മാറിയ സാഹചര്യത്തില്‍ മൂല്യവത്തായ സിനിമകള്‍ക്കും ഇടമുണ്ടായെന്നത് ശ്രദ്ധേയമായ കാര്യമാണ്. തീയറ്ററുകള്‍ നിറഞ്ഞുകവിയുന്ന തിരക്കും കൂടുതല്‍ തീയറ്ററുകള്‍ നിര്‍മ്മിക്കപ്പെടാനുള്ള പ്രേരണയും ഈ കാലഘട്ടത്തിലെ കച്ചവട സിനിമകള്‍ ഓര്‍മ്മിപ്പിച്ച പടി അത്തരത്തില്‍ കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറത്തേക്കൊരു വ്യാപനം സിനിമക്കുണ്ടായി. കച്ചവടവും കലയും സമാന്തരഘടനയും ഒത്തുചേര്‍ന്നൊരു വലിയ ഭൂമിക എണ്‍പതുകളുടെ സിനിമ കണ്ടു.
തൊണ്ണൂറുതുടക്കത്തിലും ഇത് തുടര്‍ന്നുകണ്ടു. എന്നാല്‍ എഴുപതുകളിലോ എണ്‍പതുകളിലോ ഉണ്ടായ വഴിമാറ്റസിനിമയെ തൊണ്ണൂറുകളില്‍ കാണാന്‍ സാധിക്കുകയില്ല. കോമഡി ട്രാക്കും താരങ്ങളുടെ ഒറ്റയാള്‍ പ്രകടനവും സിനിമയെ ഭരിച്ചു. ഇടയ്‌ക്കൊക്കെ എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് എന്ന് ചോദിച്ച് ചില ശബ്ദങ്ങള്‍ കടന്നുവന്നെങ്കിലും അത് കൂട്ടായൊരു ഒച്ചയായി മാറിയില്ല.
പുതു സഹസ്രാബ്ദത്തുടക്കത്തില്‍ നായകരൂപങ്ങളെല്ലാം അവതാരങ്ങളാകുകയും ഉഗ്രമൂര്‍ത്തികളെ കണ്ട് ജനങ്ങള്‍ പേടിക്കുകയും ചെയ്തു. തമാശനായകന്മാരുടെ തുടര്‍ച്ചയുമുണ്ടായപ്പോള്‍ കണ്ട കാഴ്ചകളുടെ ആവര്‍ത്തനങ്ങള്‍ മാത്രമായി സിനിമ വ്യാവസായികമായി തകരുകയും കല എന്ന നിലയില്‍  അടയാളപ്പെടുത്താനാകാതെ ഉഴറുകയും ചെയ്തു. തീയറ്ററുകള്‍ അടച്ചുപൂട്ടി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറഞ്ഞ് സിനിമ ആളൊഴിഞ്ഞ പ്രദേശമായി അവശേഷിച്ചു.
ദശകത്തിന്റെ ഒടുക്കം ചില നല്ല ശ്രമങ്ങളും പരീക്ഷണങ്ങളുമായി കുറച്ചുപേര്‍ മുന്നോട്ടുവന്നു. ആരും പുതിയവരായിരുന്നില്ല. മുന്‍ മാതൃകകളില്‍  സ്വയം മടുത്ത് തിരുത്തലിനു തയ്യാറായി വന്നവരില്‍ രഞ്ജിത്തും ശ്യാമപ്രസാദുമെല്ലാം ഉണ്ടായിരുന്നു. കൈയൊപ്പ്, തിരക്കഥ, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കേരളാ കഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് തുടങ്ങിയ സിനിമകളുമായി രഞ്ജിത്ത് വഴി കാണിച്ചു കൊടുത്തപ്പോള്‍ കഴിവും ആത്മാര്‍പ്പണവും കൈമുതലായുള്ള ഒരുപാടുപേര്‍ മുന്നോട്ടുവന്നു. ഏറെക്കാലം സൂപ്പര്‍താരങ്ങള്‍ ഭരിച്ച സിനിമയില്‍ അടഞ്ഞിരുന്ന വഴി തുറക്കാനുള്ള ധൈര്യം വീണ്ടെടുക്കലായി മാറി ഈ കാലം. രഞ്ജിത്ത് ചിത്രങ്ങള്‍ക്ക് പുറമേ ശ്യാമപ്രസാദിന്റെ ഋതു, രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചര്‍ എന്നിവയും പുതുനിരക്കാര്‍ക്ക് ആത്മവിശ്വാസമേകി. ഋതു പുതിയ ജനറേഷന്‍ സിനിമകളുടേയും താരങ്ങളുടേയും ജീവിതത്തിന്റേയും പ്രഖ്യാപനമായി.
2011 എന്ന വര്‍ഷം ഇത്തരം ചിത്രങ്ങളുടെ സജീവത കൊണ്ടുതന്നെ കാഴ്ചക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ ചര്‍ച്ചയായി. രാജേഷ് പിള്ളയുടെ ട്രാഫിക്ക് പുതുനിര സിനിമയുടെ വേഗവും അടയാളപ്പെടുത്തലുമായി. ഇതിനെ തുടര്‍ന്ന് ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, സമീര്‍ താഹിറിന്റെ ചാപ്പാ കുരിശ്, മാധവ് രാംദാസിന്റെ മേല്‍വിലാസം, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ, വി കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്നീ സിനിമകള്‍ വേറിട്ട വഴി കാണിച്ചു.
തൊട്ടടുത്ത വര്‍ഷം കൂടുതല്‍ സിനിമകള്‍ ഈ വഴി നടന്നു. ഈ അടുത്ത കാലത്ത്, നിദ്ര, സെക്കന്റ് ഷോ, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ക്‌ലേസ്, ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത്, സിനിമാ കമ്പനി, ഫ്രൈഡേ, ഒഴിമുറി, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, ടാ തടിയാ തുടങ്ങിയവ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. 80-കള്‍ക്കു ശേഷം നൂറിലേറെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യവസായം പച്ചപ്പ് കാണിച്ചുതുടങ്ങുകയും ചെയ്തു.
അന്നയും റസൂലും, നീ കൊ ഞാ ചാ, നത്തോലി ഒരു ചെറിയ മീനല്ല, ഷട്ടര്‍, കിളി പോയി, ആമേന്‍ തുടങ്ങി ഈ വര്‍ഷത്തുടക്കത്തിലും നവസിനിമയുടെ ഗണത്തിലെ രൂപം മാറിയ നല്ല സിനിമകള്‍ കാണാന്‍ കഴിയുമ്പോള്‍ മലയാള സിനിമ നല്ല മാറ്റത്തിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് സംശയലേശമന്യേ പറയാം.
വിദേശത്തും ഉത്തരേന്ത്യയിലുമൊക്കെ വിജയം കണ്ട മള്‍ട്ടിപ്ലക്‌സുകളും മാളുകളും കേരളത്തില്‍  വന്നുതുടങ്ങുകയും ജീവിതരീതിയിലെ മാറ്റം അടയാളപ്പെടുത്തുന്ന തരത്തിലുള്ള സിനിമകള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പുതിയൊരു സിനിമാ സംസ്‌കാരമാണ് വളര്‍ന്നുവരുന്നത്. 200ഉം 300ഉം സീറ്റുകളുളള മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ വിജയമാകുമ്പോള്‍ ന്യൂ ജനറേഷന്‍ എന്ന പ്രയോഗത്തിന് കാലത്തിന്റെ പുതിയ അര്‍ഥം കൈവരുന്നു.
ആഖ്യാനത്തിലും ടെക്‌നിക്കല്‍ മേഖലയിലും കാലഘട്ടങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പുതുമ ജനിപ്പിക്കുന്നതാണ്. പുതിയ രീതികളും സമീപനങ്ങളും ഉണ്ടാകുകയും മാറ്റങ്ങളെ അതതു തലമുറ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ നവം എന്ന വാക്കിന് പുതുമ മായില്ല. അങ്ങനെ പുതിയ ജനറേഷനും സിനിമയും നവംനവങ്ങളായി പുനര്‍നിര്‍മ്മിക്കപ്പെട്ടു കൊണ്ടേയിരിക്കും.