Thursday, 18 April 2013

ഒറ്റ ഫ്രേമിലൊതുങ്ങാത്ത വൈവിധ്യം




ചിലത് അങ്ങനെയാണ് എത്ര ചേര്‍ത്തുവെച്ചാലും ഒറ്റ ഫ്രേമില്‍ ഒതുക്കുക അസാധ്യമായ പരിശ്രമമാകും. അത്രമാത്രം പരന്നൊഴുകുന്ന വിശേഷസരണിയായി അതങ്ങനെ തുടര്‍ന്നുപോകും. സുകുമാരിയെന്ന അഭിനേത്രിയുടെ കഥാപാത്രങ്ങളെ എടുത്തുനോക്കിയാല്‍ ഈയൊരു വിശേഷത വ്യക്തമാകും. അത്രയധികം വറൈറ്റിയാണ് അവര്‍ കാത്തുസൂക്ഷിച്ചത്. ഒരു കഥാപാത്രത്തെ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒരുപാടെണ്ണം ഒരേ നേരം ഓടിവരുന്നത്രയും വൈവിധ്യം അതില്‍ നിറഞ്ഞുകാണാം.
   മലയാള സിനിമയുടെ ആകെ വര്‍ഷപ്പഴക്കമെടുത്താല്‍ അതിലൊരു മുക്കാല്‍ പങ്കും സുകുമാരിയുടെ അഭിനയത്തിന്റെ പകര്‍ന്നാട്ടം കണ്ടതാണ്. തമിഴില്‍ അരങ്ങേറി പല ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലായിരുന്നു പരിപൂര്‍ണ്ണത കൈവന്നത്. 1957-ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍ അഭിനയവഴിയിലെ ആദ്യ ശ്രദ്ധേയ കഥാപാത്രമായപ്പോള്‍ അറുപതുകള്‍ സുകുമാരിയുടേതായി മാറി. ഓമനക്കുട്ടന്‍, അമ്മു, ഭൂമിയിലെ മാലാഖ, കളഞ്ഞുകിട്ടിയ തങ്കം, കായംകുളി കൊച്ചുണ്ണി, തച്ചോളി ഒതേനന്‍, യക്ഷി, ചേട്ടത്തി, കുഞ്ഞാലി മരക്കാര്‍, അന്വേഷിച്ചു കണ്ടെത്തിയില്ല,  ഉദ്യോഗസ്ഥ, അശ്വമേധം, ശ്യാമളച്ചേച്ചി, കുപ്പിവള, ചിത്രമേള, നഗരമേ നന്ദി,  ഖദീജ, കളക്ടര്‍ മാലതി, അനാഛാദനം തറവാട്ടമ്മ, ലക്ഷപ്രഭു, തുടങ്ങിയവ അറുപതുകളിലെ സുകുമാരിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
   മലയാളത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാറായ തിക്കുറുശ്ശി മുതല്‍ പ്രേംനസീര്‍, സത്യന്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയോടൊപ്പം വരെ സുകുമാരി അഭിനയിച്ചു. കാലവും തലമുറകളും മാറിവരുമ്പോഴും അവിടെയെല്ലാം സ്വന്തം സ്‌പേസ് കണ്ടെത്താന്‍ കഴിയുകയെന്ന ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ശേഷീ പരീക്ഷണത്തെ അറുപതാണ്ടുകളാണ് ഈ നടി മറി കടന്നതെന്നോര്‍ക്കുമ്പോള്‍ സിനിമയ്ക്കും കാലത്തിനും അവരെ എത്രമാത്രം ആവശ്യമായിരുന്നെന്നും പ്രതിഭയുടെ മാനദണ്ഡം മുഴുവനായും ശരിയായ അളവ് കാണിക്കുന്നുവെന്നും മനസ്സിലാവും.
  ജയലളിതയുടെ അമ്മവേഷം ചെയ്തു തുടങ്ങിയ അഭിനേത്രി മാറിമാറി വന്ന ഒരുപാട് തലമുറയുടെ തന്നെ അമ്മയായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ അമ്മവേഷങ്ങളുടെ ജനകീയത കണ്ണു നനയിച്ചും വാത്സല്യം ചൊരിഞ്ഞും സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയും ആസ്വാദകരുടെ സ്വന്തമാകുകയായിരുന്നു. സന്മനസ്സുളളവര്‍ക്ക് സമാധാനം, ചിത്രം, ഹിസ് ഹൈനസ് അബ്ദുളള, ദശരഥം, റാംജിറാവ് സ്പീക്കിങ്, ആധാരം, മീശമാധവന്‍, അമ്മക്കിളിക്കൂട്, മഴത്തുള്ളിക്കിലുക്കം, ക്ലാസ്‌മേറ്റ്‌സ്, ചാന്തുപൊട്ട്, മിഴികള്‍ സാക്ഷി അങ്ങനെ ഒരുപാട് സിനിമകളിലെ സുകുമാരിയമ്മ..
  ഇവിടെയാണവര്‍ ഇമേജുകളില്‍ തളച്ചിടപ്പെടുകയെന്ന ദുര്യോഗത്തെ മറികടക്കുന്നത്. അതുതന്നെയാണ് ആ റേഞ്ച് വെളിപ്പെടുത്തുന്ന ഘടകവും. തമിഴ് ബ്രാഹ്മിണ്‍, ആംഗ്‌ളോ ഇന്ത്യന്‍ ആന്റി, സമ്പന്നയായ കൊച്ചമ്മ, വടക്കന്‍പാട്ട് കഥകളിലെ ആഢ്യസ്ത്രീ, സിസ്റ്റര്‍.. സുകുമാരിയുടെ ഇത്തരം വേഷങ്ങളെല്ലാം ആവര്‍ത്തിക്കപ്പെടുമ്പോഴും പകര്‍ന്നുതരുന്നൊരു ഭംഗിയും ദൃഢതയുമുണ്ട്. ഒരു അഭിനേതാവ് എത്തരത്തില്‍ സ്വയം മറികടക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാരുന്നു അങ്ങനെ ആ കഥാപാത്രങ്ങള്‍.
   ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങി എണ്‍പതുകളിലെ ജനപ്രിയ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സുകുമാരിയുടെ കഥാപാത്രങ്ങള്‍ ഏറെ ചിരിപ്പിച്ചതോടൊപ്പം വേരുളള ഹാസ്യവേഷങ്ങളായി ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചും പിന്നെയും കാണാന്‍ തോന്നുന്നൊരു രസതന്ത്രമായി സവിശേഷം നിലകൊള്ളുകയും ചെയ്യുന്നു.
   ഏറെ കലാപാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തില്‍നിന്നും നൃത്തവൈഭവം കൂടി സ്വായത്തമാക്കി സിനിമയിലെത്തിയ സുകുമാരി തുടക്കകാലം മുതല്‍ റോളുകളിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിമാര്‍ ഹാസ്യം ചെയ്യുകയെന്ന രീതി ഇല്ലാതിരുന്നൊരു കാലത്ത് ആ സങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ട് സുകുമാരി അടൂര്‍ ഭാസിക്കൊപ്പം മത്സരിച്ചഭിനയിച്ചു. നായര് പിടിച്ച പുലിവാല് എന്ന സിനിമയിലെ വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും എന്ന മുഴുനീള ഹാസ്യഗാനം ഇതിന് ദൃഷ്ടാന്തമാണ്. ഒരു പക്ഷേ പില്‍ക്കാലത്ത് രൂപപ്പെട്ട ഹാസ്യനായക-നായിക കോമ്പിനേഷനുകളുടെ തുടക്കമിടാനും ഈ ജോഡിയുടെ വിജയം പ്രേരകമായി.
   നടനചാരുത വെള്ളിവെളിച്ചത്തില്‍ നിന്നുമകന്ന് നിത്യശാന്തിയിലേക്ക് ആണ്ടുപോകുമ്പോള്‍ മലയാള സിനിമയുടെ ഒരു കാലഘട്ടവും കൂടി ഒപ്പം സുഷുപ്തിലാഴുകയാണ്. ഒറ്റ ഫ്രേമിലൊതുക്കാനാകും ക്യാമറാക്കണ്ണിലെയും അക്ഷരത്തിലെയും മരണത്തെ...  ഒതുക്കാനാവില്ല അവര്‍ തന്ന ചിരിയും കണ്ണു നനച്ചിലും വൈവിധ്യവും...

ജനയുഗം, 2013 മാര്‍ച്ച് 27

No comments:

Post a Comment