Thursday, 20 February 2014

ഒരു മാസത്തിനപ്പുറം അവള്‍ ഇങ്ങനെയാണ്‌!  
(തുലാത്തുമ്പിയുടേയും തൊട്ടാവാടി മരത്തിന്റേയും കഥ)

അവളുടെ പേര്‌ തുലാത്തുമ്പി
ഒടുക്കം മടങ്ങുമ്പോള്‍
അടുത്ത തുലാമാസത്തില്‍
കാണാമെന്നാണ്‌ പറഞ്ഞത്‌
 

അവളിലേക്കുള്ള വഴി
ഇടുങ്ങിയതും വന്യവും.

നിറയെ പൂക്കളുള്ളൊരു
കാട്ടില്‍ വച്ചാണ്‌ കണ്ടത്‌

തുലാം ഒന്നുമുതല്‍
സ്‌നേഹത്തിന്റെ ലോകത്ത്‌
ഒരുപാട്‌
ജീവിക്കണമെന്ന്‌.

അല്‌പ വിട്ടുനില്‍പ്പ്‌,
പെട്ടെന്നൊരു ദിവസം
ലോകം വിരസമായത്‌.

തെളിഞ്ഞ വെള്ളത്തില്‍
മുഖം നോക്കിയിരിക്കാന്‍
ലോകത്തിന്റെ ശാന്തത
മുഴുവന്‍ വേണം
നീയൊരു വല്ലാത്ത ഗാനമാണ്‌.

ചുരം കയറിപ്പോകുന്നൊരു
ബസ്സിന്റെ അരികുജനാല
തണുത്ത പട്ടണത്തിലെ
മഞ്ഞിലും ഇലകളിലും
പ്രണയം പടര്‍ത്തി
അതിലെ
തുള്ളികളാകണം.

ആദ്യകറുപ്പ്‌ /മദ്യപാനം

മായം കലര്‍ന്ന
മനസ്സിനോടും
നൈസര്‍ഗ്ഗികമല്ലാത്ത
സംസാരങ്ങളോടും വെറുപ്പ്‌.

കണ്ടെത്തല്‍
: തെളിവെള്ളത്തില്‍ ആല്‍ക്കഹോള്‍ വീഴുമ്പോള്‍
പരിശുദ്ധി നഷ്‌ടമാകുന്നു.

ആദ്യ
സത്യപ്രഖ്യാപനം
: ഇതിനാല്‍ ഞാന്‍ മദ്യപാനം നിര്‍ത്തുന്നു. ഇതിലും വലിയ ലഹരിയും സന്തോഷവും ഉണ്ട്‌. അത്‌ നീയാണെന്ന്‌ ബോധ്യപ്പെടുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

തുടര്‍ച്ച : ഓര്‍ക്കാപ്പുറത്തൊരുമ്മ കൊണ്ട്‌
മയില്‍പ്പീലിയാക്കല്‍ പ്രക്രിയ.

ഒരു മനസ്സ്‌ പൂവ്‌
മറ്റേത്‌ മുള്ള്‌.
വൈരുധ്യങ്ങള്‍ക്കിടയിലെ
തീര്‍പ്പുകള്‍
അറിയുമെന്ന്‌ കരുതട്ടെ!

കാറ്റായി
തണുപ്പായി
പുതപ്പിലെ ചൂടായി
വിരസതയാകെ
പൂനിലാവാക്കി
വേദനയാകെ
പാല്‍ക്കടലാക്കി
കണ്ണീര്‍ക്കടലിലെ
മഴനീര്‍ക്കാടുകള്‍ക്കിടയില്‍ നാം
പവിഴങ്ങളായിടും നാളെന്ന്‌!

തലവര : മുന്‍ പ്രണയത്തിലെ
ചുംബനകഥകളുടെ
ആവിഷ്‌ക്കാരം
സത്യസന്ധതയ്‌ക്ക്‌ പ്രതിഫലം
ക്ഷമിക്കല്‍.

മൂന്ന്‌ കവിത
സ്‌നേഹം നിറഞ്ഞ കുറിപ്പ്‌
സുന്ദരമായ രണ്ട്‌ കണ്ണുകള്‍.
ഇവ അടങ്ങിയ കത്ത്‌
സ്റ്റാമ്പൊട്ടിക്കാത്തതിനാല്‍
നഷ്‌ടപ്പെടുന്നു.

അന്വേഷണം
സ്ഥലം പോസ്റ്റ്‌മാസ്റ്ററില്‍ നിന്നും
ജനറല്‍ പോസ്റ്റ്‌ ഓഫീസ്‌
ഏറ്റെടുക്കുന്നു.

കാണാത്ത നായികേടെ ഫോട്ടോ
കൂട്ടുകാരനാല്‍ നഷ്‌ടപ്പെട്ട
സിനിമേലെ നായകന്റെ
സങ്കടമോര്‍മ്മ.
 

നിന്റെ
ഉമിനീര്‌
കണ്ണുനീര്‌
ബാഷ്‌പനീര്‌
എല്ലാം എനിക്ക്‌ ജീവനാണ്‌.
നിന്നെ നനയ്‌ക്കുന്ന
വെള്ളത്തുള്ളികള്‍
നിശ്വാസം കലര്‍ന്ന കാറ്റ്‌
മൂളുന്ന പാട്ട്‌
എല്ലാം എനിക്ക്‌ ഭ്രാന്താണ്‌.


പാതിരാവ്‌
വീടിന്റെ വാതിലില്ലാ മുറി
മധ്യദൂര ദൃശ്യം
 

ഉപയോഗപ്പെടുത്താത്ത
പേനയും പുസ്‌തകങ്ങളും.
പത്രമാപ്പീസിലെ ജോലിയും തീര്‍ന്ന്‌
അവന്‍ ഫോണില്‍ വരുന്നതും കാത്ത്‌
കണ്ണിമ വെട്ടാതെ ഇരിക്കുന്ന
വലിയ കണ്ണുകളുള്ള പെണ്‍കുട്ടി.
സൈലന്റ്‌ മോഡിലിരിക്കുന്ന
ഫോണ്‍ സ്‌ക്രീനിലേക്ക്‌ അമരുന്ന
അവന്റെ ചുണ്ടുകള്‍.

അവന്റെയൊഴുക്കില്‍
അവള്‍ക്ക്‌
നനയാതിരിക്കാന്‍ കഴിഞ്ഞില്ല.
കാറ്റും മഴയും മിന്നലും
അവനായിരുന്നു.
അവന്റെയുള്ളില്‍
എവിടെയൊക്കെയോ അവളും
പ്രപഞ്ചത്തിന്റെ
ഓരോ അണുവിലും
അവര്‍ക്ക്‌
സഞ്ചരിക്കാനാവുമായിരുന്നു
കടലാഴങ്ങളെ മുഴുവന്‍
കൈവെള്ളയിലൊതുക്കി ചിരിച്ച്‌
അവര്‍ സൂര്യനെ തോല്‍പ്പിച്ചു
അവളുടെ ധമനികളില്‍
നൂറു നൂറു ചെമ്പരത്തികള്‍ പൂത്തു
അതിലൊക്കെയും അവന്റെ
ഭ്രാന്തുണ്ടായിരുന്നു.

എഴുതിയാലുമെഴുതിയാലും
ഒടുങ്ങാത്ത ഭ്രാന്തായി
കടലാസുകളെയാകെ
ശ്വാസം മുട്ടിച്ച്‌
അവര്‍ ശരീരമെഴുതി.
 

തുലാമാസത്തില്‍
തുലാത്തുമ്പിയും
തൊട്ടാവാടിയും
മിണ്ടാതെയും പറയാതെയുമിരുന്ന
പകല്‍ പരിഭവം.

തുലാവര്‍ഷം
ഇടയ്‌ക്കൊന്നു കനത്തു
അതില്‍പ്പിന്നെയാകാം
വെയില്‍ വന്നിട്ടും
ഇടയ്‌ക്കൊക്കെയുള്ള തണുപ്പ്‌.

ഇവിടെ വച്ചാണവര്‍
ചൂടും തണുപ്പും
കൈമാറിയത്‌.

ഇന്നും മഴ പെയ്‌തു
തുലാത്തുമ്പി തണുത്തുവിറച്ച്‌
മൂടിപ്പുതച്ചു കിടന്നു.

ചരിത്രപ്രസിദ്ധമാകാന്‍ പോകുന്ന
രണ്ടാം സത്യലംഘനം
ഇന്നാണ്‌ സംഭവിച്ചത്‌
തെളിവെള്ളത്തില്‍
മൂന്ന്‌ പെഗ്ഗ്‌ xxx വീണു.   

ശേഷിപ്പുകള്‍:
(1) നിന്നെച്ചൊല്ലി
ഞാനൊഴുക്കുന്ന
ആദ്യ കണ്ണുനീര്‍.

(2) ചഞ്ചലമായ
മനസ്സിനോട്‌
എന്തു പറയാന്‍.

(3) പരസ്‌പരവിശ്വാസത്തിന്റെ
കടയ്‌ക്കല്‍ കൊണ്ട്‌ ഒരു വെട്ട്‌.

(4) തീരുമാനങ്ങള്‍ കഠിനമാകും
അടിമത്തമെന്നൊക്കെ തോന്നാം.

(5) ഒരുപാടധികം സ്‌നേഹിച്ചതിനാലാകാം
ഇപ്പൊഴീ ഭ്രാന്തമായ വേദന
സ്വയം വെറുക്കുക.

(6) ഞാന്‍ ഭ്രാന്തിയാകുന്നു
നീ കാരണം.

അസ്വസ്ഥതയ്‌ക്കൊക്കെ മേല്‍
പുലര്‍കാലത്ത്‌
കായലും പുഴയും താണ്ടി
ഒരു തൊട്ടാവാടി മരമങ്ങനെ
ഒഴുകിവന്നു
തുലാത്തുമ്പിയെ കാണാന്‍.

തുലാമാസമൊടുങ്ങാന്‍
എട്ടു ദിനമിരിക്കെ
ഒരെട്ടാം ദിവസം
ആകെ നെഞ്ചിടിപ്പും
കണ്ണു നിറച്ചും
തുലാത്തുമ്പിയും
തൊട്ടാവാടിയും കണ്ടു.

തുലാത്തുമ്പിക്കിത്ര നാളും
തോന്നാത്ത
ഉന്മാദമൊക്കെയുമുണ്ടായി.

എന്തോ
ഒരു മാസത്തിനിപ്പുറം
അവളിങ്ങനെയാണ്‌.

ഇലകളെയാകെ ചിരിപ്പിച്ച്‌
ഒരു വേനലും തന്ന്‌
കടന്നു പോകുമ്പോള്‍
തുലാത്തുമ്പീ,
വരും തുലാമാസ
മഴയിലേക്കിറങ്ങി വരുമ്പോഴും
ഈ മരമാകെ
വേരാഴ്‌ത്തി,
ഇലയൊക്കെയും കൂമ്പി
വിളി കേള്‍ക്കാതെയാകുമ്പോള്‍
നിറഞ്ഞു പോകരുതേ
നിന്റെ വലിയ കണ്ണുകള്‍,
തീര്‍ന്നു പോകരുതേ
ഉന്മാദമൊക്കെയും.

 പൂരണം

ചിലത്‌ പൂക്കും 
കായ്‌ക്കും. 
പഴുക്കാമരങ്ങളില്‍ 
കണ്ണേറുകൊള്ളും.
കറുപ്പുരാശികള്‍
നിറച്ചിത്രമേകുമ്പോള്‍ 
ഓര്‍ത്തുപോകാറുണ്ട്‌ 
നിറഞ്ഞുതൂവിയത്‌ 
ഇടനെഞ്ചിന്‍ 
കുറിക്കുകൊണ്ടത്‌ 
പിന്നെയും
പൂരണപ്രക്രിയയില്‍
മുഴുമിക്കാതെ പോയ
നിന്റെയുമെന്റെയും
നിഴല്‍ച്ചിത്രങ്ങള്‍. 

Thursday, 13 February 2014

മഴയിറമ്പില്‍

 എല്ലാ മഴയും 
പെയ്‌തു തീരുന്നൊരു 
നാളുവരും. 
അന്നു നീ മറന്നുവച്ച 
കുടക്കീഴില്‍ 
നട്ട വെയിലിലേക്കിറങ്ങി 
നമുക്കു നടക്കണം. 
മഴയില്ലാ താഴ്‌വരയില്‍ചെന്ന്‌ 
തോരാതെ തോരാതെ പെയ്‌ത്‌ 
കുത്തിയൊലിച്ചിറങ്ങി 
ഒരുമിച്ചസ്‌തമിക്കണം