അക്ഷരസാഗരം ശാന്തമായി
ഭാഷയിലെ നെല്ലും പതിരും വേർതിരിച്ചുതരാൻ ഇനി പന്മനയില്ല. ഭാഷയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി നല്ല മലയാളം എഴുതാൻ സദാ പ്രേരിപ്പിച്ച് എല്ലാവരുടെയും ഗുരുവായി മാറിയ പന്മന രാമചന്ദ്രൻ നായർക്ക് തലസ്ഥാന നഗരം യാത്രചൊല്ലി. പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപനത്തിലെ ശിഷ്യസമ്പത്തും സഹാദ്ധ്യാപകരും പന്മനയെ വായിച്ചറിഞ്ഞവരും സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ വ്യക്തികളും പ്രിയപ്പെട്ട പന്മന സാറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വഴുതക്കാട്ടെ 'കൈരളി'യിലും തൈക്കാട് ശാന്തികവാടത്തിലുമെത്തി.
വിദ്യാഭ്യാസ കാലം തൊട്ടുള്ളതാണ് പന്മന രാമചന്ദ്രൻ നായർക്ക് തിരുവനന്തപുരവുമായുള്ള ബന്ധം. ഗവ.ആർട്‌സ് കോളേജിൽ ഇന്റർമീഡിയറ്റ് (പ്ലസ്ടു) പഠിക്കാനായിട്ടാണ് 1950ൽ പന്മന തിരുവനന്തപുരത്ത് എത്തുന്നത്. ഈ കാലത്താണ് സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാകുന്നത്. കോളേജിലെ അദ്ധ്യാപകരും സാഹിത്യകുതുകികളായ സഹപാഠികളും പന്മനയുടെ കഴിവുകളെ പോഷിപ്പിച്ചു. പഠനശേഷം പന്മനയിൽ ഗ്രന്ഥശാല സ്ഥാപിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പന്മന രാമചന്ദ്രൻപിള്ളയിലെ സാമൂഹ്യപ്രവർത്തകനെയും എഴുത്തുകാരനെയും ഊതിക്കാച്ചിയെടുത്തത് ഗ്രന്ഥശാലാ പ്രവർത്തനമാണ്.
തിരുവനന്തപുരത്തേക്കുള്ള പന്മനയുടെ രണ്ടാംവരവ് പി.ജി പഠനത്തിനായിട്ടാണ്. കുട്ടിക്കാലം തൊട്ടേ കവിതയെഴുതിത്തുടങ്ങിയ പന്മനയ്ക്ക് ചങ്ങമ്പുഴയോടായിരുന്നു ആരാധന. ചങ്ങമ്പുഴ ഇരുന്നു പഠിച്ച ക്ലാസിൽ പഠിക്കണമെന്ന് അതിയായ മോഹം തോന്നി. പക്ഷേ ബിരുദം സയൻസിലായിരുന്നു. ഉപഭാഷയായി പഠിച്ചത് സംസ്‌കൃതവും. പ്രസിദ്ധീകരിച്ച മലയാളം കവിതകളുടെ കോപ്പിയും വച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം എം.എയ്ക്ക് അപേക്ഷിച്ചു. പ്രവേശനം കിട്ടിയില്ല. പ്രൊഫ. കോന്നിയൂർ മീനാക്ഷിയമ്മയായിരുന്നു വകുപ്പദ്ധ്യക്ഷ. നിരന്തര ശല്യം കാരണം വകുപ്പ് ഉപാദ്ധ്യക്ഷനായ ഇളംകുളം കുഞ്ഞൻപിള്ളയുമായി ആലോചിച്ച് പന്മനയെക്കൊണ്ട് ഒരു ഉപന്യാസമെഴുതിച്ചു. ഉപന്യാസം രണ്ടപേർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഒരു സ്‌പെഷ്യൽ കേസായി യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം എം.എയ്ക്ക് പ്രവേശനം കിട്ടി. നോവലിസ്റ്റായി അന്നേ അറിയപ്പെട്ടിരുന്ന ജി.വിവേകാനന്ദനായിരുന്നു കോളേജിലെ പ്രിയ സുഹൃത്ത്. എം.എ പരീക്ഷയിൽ ഒന്നാംറാങ്കും ഡോഗോദവർമയുടെ പേരിലുള്ള മെഡലും വാങ്ങി മീനാക്ഷിയമ്മ ടീച്ചറോടും ഗോദവർമ സാറിനോടും പന്മന നീതികാട്ടി.
തിരുവനന്തപുരത്തെ പഠനവും ജീവിതവും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായുള്ള ബന്ധവും പന്മയിലെ സാഹിത്യപ്രവർത്തകനെ വളർത്തി. കേരള ഗ്രന്ഥശാലാ സംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്മന ഗ്രന്ഥാലോകം മാസികയുടെ സഹപത്രാധിപരായി. എസ്.ഗുപ്തൻനായർ ആയിരുന്നു പത്രാധിപർ. 1959 ൽ ഗ്രന്ഥാലോകം വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കാൻ ഭരണസമിതി തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തെ സാഹിത്യകാരന്മാരെ നേരിട്ടു കണ്ട് സൃഷ്ടികൾ വാങ്ങുന്ന ജോലി പന്മനയ്ക്കായിരുന്നു. അതിനിടയിൽ കേശവദേവിനെക്കൊണ്ട് ഗ്രന്ഥാലോകത്തിന്റെ വശേഷാൽ പതിപ്പിൽ 'വായനശാല വാസൂള്ള' എന്ന കഥ എഴുതിക്കാൻ കഴിഞ്ഞതാണ് അവിസ്മരണീയമായ സംഭവം. കഥയ്ക്കുള്ള 75 രൂപ പ്രതിഫലം നൽകിയപ്പോൾ 50 രൂപ മതിയെന്നുപറഞ്ഞ് 25 രൂപ മടക്കി പന്മനയെ ഏൽപ്പിച്ചു.
ശൂരനാട് കുഞ്ഞൻപിള്ള എഡിറ്ററായിരുന്ന മലയാളം ലക്‌സിക്കനിൽ രണ്ടുവർഷം ജോലിചെയ്ത ശേഷമാണ് കോളേജ് അദ്ധ്യാപനത്തിലേക്ക് കടന്നത്. പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവകോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യയനത്തിനു ശേഷമാണ് പന്മന താൻ പഠിച്ച കലാലയമായ യൂണിവേഴ്‌സിറ്റി കോളേജിലേക്കു വരുന്നത്. ഇതോടെ തിരുവനന്തപുരവുമായുള്ള ബന്ധം വീണ്ടും തുടരാൻ അവസരമൊരുങ്ങി. പിന്നീട് വിരമിക്കുന്നതുവരെ യൂണിവേഴ്‌സിറ്റി കോളേജിൽ തുടർന്ന പന്മനയ്ക്ക് തലസ്ഥാനത്ത് വലിയ ശിഷ്യസമ്പത്തും ബന്ധങ്ങളും ലഭിച്ചു. ശിഷ്യരെക്കാളേറെ പന്മനയുടെ ഭാഷാശൈലീ പുസ്തകങ്ങൾ വായിച്ചുണ്ടായ ആരാധകരായിരുന്നു ഏറെയും.
1987ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാള വിഭാഗം മേധാവിയായാണ് അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ പന്മന മുന്നോട്ടുവച്ച അഞ്ചു നിർദ്ദേശങ്ങൾ സമൂഹശ്രദ്ധ പിടിച്ചുപറ്റി. അതേവർഷം സർവകലാശാലയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സമിതിയംഗം എന്ന നിലയ്ക്ക് വിഖ്യാത ചരിത്രകാരൻ എ.ശ്രീധരമേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി പുറത്തിറക്കാനും മുൻകൈയെടുത്തു.
വഴുതക്കാട് ഗാന്ധിനഗറിൽ 'കൈരളി'യിലെ വിശ്രമകാലത്ത് ഭാഷാശുദ്ധിയുമായി ബന്ധപ്പെട്ട മേഖലയിൽ പന്മന കൂടുതൽ സജീവമായി. ശിഷ്യരും ഭാഷാപ്രേമികളും ഈ കാലത്ത് നിരന്തരം പന്മനയെ കാണാൻ വീട്ടിലേക്ക് എത്തുമായിരുന്നു. ശിഷ്യന്മാർ ചേർന്ന് 'കൈരളിയുടെ കാവലാൾ' എന്ന പേരിൽ ശതാഭിഷേകഗ്രന്ഥം പുറത്തിറക്കിയിരുന്നു. ഭാഷയ്ക്കായി എഴുതാനും ശബ്ദമുയർത്താനും പ്രായം ഒരിക്കലും പന്മനയ്ക്ക് തടസ്സമാകയിരുന്നില്ല. ഭാഷാപരമായ സംശയങ്ങൾ ചോദിച്ചുകൊണ്ട് എല്ലാ ദിവസവും ആരെങ്കിലും വിളിക്കുകയോ നേരിട്ടെത്തുകയോ ചെയ്യുമായിരുന്നു. ആശുപത്രിയിലാകുന്നതിനു ദിവസങ്ങൾ മുമ്പ് വരെ ഈ പതിവ് തുടർന്നു. അദ്ധ്യാപകന്റെ അവധാനതയോടെ അവയ്‌ക്കെല്ലാം മറുപടി പറയാൻ അദ്ദേഹം ശ്രദ്ധിച്ചു. തെറ്റ് തിരുത്താനും നല്ല മലയാളം എഴുതിപ്പിക്കാനും കൈരളീമുറ്റത്തെ കസേരയിൽ ഇനി ആ സാന്നിദ്ധ്യമില്ലെന്ന തിരിച്ചറിവ് ഏറെ വേദനയുണ്ടാക്കുന്നതാണ്.
കേരളകൗമുദി, 2018 ജൂൺ 7