Wednesday, 10 April 2019

ലൂസിഫർ എന്ന സ്ഥിരം രക്ഷക വിപണി സമവാക്യം


മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കുകയും മലയാള സിനിമ താനെന്ന ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യണമെന്ന വലിയൊരു സ്വപ്നമുണ്ട് പ്രിഥ്വിരാജിന്. ഇത് അദ്ദേഹം പലതവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകാൻ സക്രി്ര്രപിൽ മാത്രം വിശ്വാസമർപ്പിച്ച് താരമൂല്യവും വിജയ സാധ്യതയും  നോക്കാതെ അഭിനയിച്ച് പ്രിഥ്വി ഇതിനെ സാധൂകരിക്കാറുമുണ്ട്. ഇങ്ങനെ വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു ടോട്ടൽ സിനി മാൻ സംവിധായകനാകുമ്പോൾ കാണികളുടെ പ്രതീക്ഷ ഏറെ വലുതായിരിക്കും;സ്വാഭാവികമായും അയാളുടെ സമ്മർദ്ദവും. ഇതിനെ അതിജീവിക്കാൻ ലോകനിലവാരവും കലാമൂല്യവുമൊക്കെ രണ്ടാമത്തെ സിനിമ തൊട്ടാകാം, ആദ്യം സേഫ് സോണിൽ നിന്നൊരു വിപണി വിജയം നേടുക എന്നതായിരിക്കാം ലളിതമായി പ്രിഥ്വിരാജ് ചിന്തിച്ചിരിക്കുക.
അതാണ് ഇപ്പോൾ ബുദ്ധിപരമായി നടപ്പാക്കിയിട്ടുള്ളതും.   മോഹൻലാലിനെപ്പോലെ മലയാള സിനിമയിൽ എറ്റവും വാണിജ്യ മൂല്യമുള്ള നടനെ പ്രധാന കഥാപാത്രമാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലർ. പ്രീ റിലീസിംഗിൽ ഇത്തരത്തിലൊരു പരസ്യം വരുമ്പെഴേ സിനിമ പകുതി വിജയിച്ചുകഴിഞ്ഞു. റിലീസ് ദിവസം മുതൽക്കുള്ള ജനസമ്മതിയെല്ലാം ബോണസാണ്.
       മോഹൻലാലിനെ കാണികൾക്ക് ഏതു രൂപത്തിൽ കാണാനാണ് ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് തയ്യാറാക്കിയ സ്‌ക്രി്ര്രപാണ് ലൂസിഫറിന്റേത്. ലാലിന്റെ നടത്തം, നോട്ടം, മുണ്ടുടുക്കൽ, ഫൈറ്റ്, പഞ്ച് ഡയലോഗ്, രക്ഷകവേഷം, അണികൾക്കു മുന്നിലെ നേതാവ്, എന്തിന് കുഞ്ഞിനെ നെഞ്ചിൽ കിടത്തി കഥ പറയുന്ന ആർദ്രതയുള്ള ശബ്ദമുള്ള ലാലിനെപ്പോലും കാണികളുടെ മനസ്സറിഞ്ഞ് മുരളി ഗോപി എഴുതി വച്ചിരിക്കുന്നു. എന്നാൽ സ്റ്റീഫൻ നെടുമ്പള്ളിയെക്കൊണ്ട് നിരന്തരം നെടുങ്കൻ ഡയലോഗ് പറയിപ്പിക്കനോ കഥാഗതിക്ക് ചേരാതെ വെറുതെ സീനുകളിൽ കയറ്റി നിർത്തനോ ഒരുമ്പെടുന്നുമില്ല. ഇക്കാര്യത്തിൽ പ്രിഥ്വിരാജ് എന്ന അരങ്ങേറ്റ സംവിധായകനെ അംഗീകരിക്കണം. മോഹൻലാലിലെ താരത്തെ അദ്ദേഹം പേടിക്കുകയല്ല, ആവശ്യത്തിനു മാത്രമെടുത്ത് ഉപയോഗിക്കുകയാണ് ചെയ്തത്. ആ കരിസ്മ പൂർണമായി അനുഭവിക്കാനുമാകുന്നുണ്ട്; കാഴ്ചയിലും ചെറുനോട്ടത്തിലും മുരടനക്കത്തിൽ പോലും കാണികൾക്കത് കിട്ടുന്നു. (സ്റ്റീഫൻ നെടുമ്പള്ളി ബൈബിൾ പഴയ നിയമത്തിലെ ഒരു വാചകം പറയുന്നുണ്ട് സിനിമയിൽ. കൈയടിയില്ലാത്ത സംഭാഷണമാണ്. ഒരു നിമിഷം കണ്ണടച്ച് തിയേറ്ററിലെ ആ ശബ്ദത്തിനു മാത്രം ചെവിയോർത്തു നോക്കൂ. സംസാരത്തിലെ താളത്തിൽ പോലും അനുഭവിക്കാനാകും ആ കരിസ്മ.)
    
        മൂന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ ലാലിന്റെ അത്ര തന്നെ സ്‌ക്രീൻ സ്‌പേസ് പ്രതിനായകനായ വിവേക് ഒബ്രോയിക്കുമുണ്ട്. നിയന്ത്രിതാഭിനയത്തിലെ അങ്ങേയറ്റത്തെ സാന്നിധ്യമായി വിവേക് ഈ വില്ലൻ വേഷത്തെ ഗംഭീരമാക്കുന്നുമുണ്ട്. ഒരുപാട് സീനുകളിൽ ഇല്ലെങ്കിൽ പോലും ടൊവിനോയുടെ ജതിൻ രാംദാസ് ആണ് ലൂസിഫറിലെ മറ്റൊരു ആകർഷണവും ഊർജവും. മഞ്ജുവാര്യരുടെ റോൾ മധ്യവയസ്സിലെത്തിയ മറ്റേതൊരു നടിക്കും ചെയ്യാവുന്നതേയുള്ളു. പ്രത്യേകിച്ച് അഭിനയ സാധ്യതകളൊന്നുമില്ല, പക്ഷേ നിലവിൽ മലയാള സിനിമയിലെ മാർക്കറ്റിംഗ് സ്ട്രാറ്റജി അനുസരിച്ച് ഇതുപോലൊരു മോഹൻലാൽ ചിത്രത്തിൽ മഞ്ജുവാര്യർ എന്ന നായികയ്ക്ക് തന്നെ ഏറ്റവും മൂല്യം.
      ലൂസിഫർ അത്ഭുതത്തിന്റെ പരകോടിയോ എനിക്ക് ശേഷം പ്രളയമോ അല്ല. (അങ്ങനെ പ്രചരിപ്പിക്കപ്പെടുമെങ്കിലും) കണ്ടിരിക്കാവുന്ന, ഇടയ്‌ക്കൊക്കെ അൽപം ലാഗ് തോന്നിക്കുന്ന സാധാരണ എന്റർടെയ്നർ മാത്രമാണ്. വില്ലൻ, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങി അടുത്തിടെ ഇറങ്ങിയ മോഹൻലാൽ സിനിമകളിൽ മെച്ചപ്പെട്ടത് എന്നു പറയാം. ഒടിയന്റെ റിലീസിനു മുമ്പ് അണിയറക്കാർ നടത്തിയ ഓവർ ഹൈപ്പ് പ്രതികൂലമായെങ്കിൽ, ലൂസിഫറിന്റെ കാര്യത്തിൽ അങ്ങനെയൊരു പബ്ലിസിറ്റി ഉണ്ടായില്ല എന്നതും തുണയായി.
          എൺപതുകളിൽ മലയാളത്തിലെ അൾട്രാ ഹെവി പൊളിറ്റിക്കൽ ത്രില്ലറുകൾ എഴുതിയിട്ടുള്ള ടി.ദമോദരൻ മാഷിന്റെ സ്‌ക്രി്ര്രപുകളിൽ പഴുതുകളില്ലായിരുന്നു എന്നതും തറനിരപ്പിൽ തൊട്ടു നിൽക്കുന്നു എന്നതുമായിരുന്നു സവിശേഷത. പൊളിറ്റിക്കൽ ത്രില്ലർ വിശേഷണത്തിൽ എത്തുന്ന ലൂസിഫറിലാകട്ടെ മോഹൻലാലിന്റെ കരിസ്മ മാറ്റി നിർത്തിയാൽ ഫേളോ ചെയ്യാൻ പ്രയാസമുള്ളതും മുറുക്കമില്ലാതെ അയഞ്ഞു കിടക്കുകയും ചെയ്യുന്ന സ്‌ക്രി്ര്രപിംഗ് ഏരിയകൾ ഏറെയാണ്. ടി. ദമോദരൻ ഐ.വി ശശി രാഷ്ടീയ വാണിജ്യ സിനിമകൾ അവയുടെ എഴുത്തിലെയും ആഖ്യാനത്തിലെയും  വിശാലതയും സമഗ്രതയും കൊണ്ടാണ് വിജയം നേടിയതെങ്കിൽ, പുതിയകാല 'പൊളിറ്റിക്കൽ ത്രില്ലറുകൾ' ചെറിയ ചിന്തകളുടെ നീട്ടിപ്പരത്തലും ആഘോഷങ്ങളും മാത്രമാണ്.
     
      മാസ് എന്ന പ്രയോഗം പലയിടങ്ങളിലും ലൂസിഫറിനോട് ചേർന്നുനിൽക്കും. എന്നാൽ മാസ് ആന്റ് ക്ലാസ് എന്നൊരു പ്രയോഗത്തെ ഈ സിനിമയോട് ചേർത്ത് പലയിടങ്ങളിലും പ്രയോഗിച്ചതായി കണ്ടു. ക്ലാസ് എന്ന വാക്ക് എല്ലായിടങ്ങളിലും അനാവശ്യമായി ചേർത്ത് ഉപയോഗിക്കേണ്ട ഒരു വാക്കല്ല; ഏറെ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതുമാണ്. മലയാള സിനിമയിൽ അത്യപൂർവ്വമായി മാത്രം നമ്മൾ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണത്.
(സാന്ദർഭികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ ലൂസിഫർ കാണുന്നതിനു മുമ്പ് ഐ.വി ശശി പദ്മരാജൻ സിനിമ 'ഇതാ ഇവിടെ വരെ' വീണ്ടും കണ്ടിരുന്നു. 42 വർഷമായി ആ സിനിമ ഇറങ്ങിയിട്ട്. ഇപ്പോൾ കാണുമ്പോഴും ഏറ്റവും പുതിയ സിനിമ കാണുന്നത്രയും ഫ്രഷ്‌നെസും മുറുക്കവുമാണ് ആ സ്‌ക്രി്ര്രപിനും ആഖ്യാനത്തിനും. ഇതു പോലുള്ള സിനിമകളെ ക്ലാസ് എന്നോ ക്ലാസിക്ക് എന്നോ ഒക്കെ വിളിക്കാമെന്ന് തോന്നുന്നു.)
      ഇന്ത്യൻ രാഷ്ട്രീയം എന്ന ലോകത്തിലെ വലിയ കോമഡിയെന്ന് സിനിമയിൽ ടോവിനോയുടെ കഥാപാത്രം തന്നെ വിശേഷിപ്പിക്കുന്ന ഇടത്തേക്കുള്ള ഫണ്ടിംഗ് ഏജൻസികളും അവർ നടപ്പിലാക്കുന്ന അജണ്ടയും അതിന്റെ ഇരകളായ രാഷ്ട്രീയ പാർട്ടികളും മീഡിയയുമാണ് ലൂസിഫറിലെ കഥാപരിസരം. സാധാരണ ജനങ്ങൾക്ക് വലിയ റോളില്ലാത്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ മേഖലയിൽ നടക്കുന്ന നെറികേടുകളെപ്പറ്റി പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത് വെറുതെയെങ്കിലും ഒരു ഓർമപ്പെടുത്തലിന് ഈ സിനിമ പ്രേരകമയേക്കും.
      ആദ്യ സിനിമ തന്നെ ലോക നിലവാരത്തിൽ എത്തിക്കാൻ പ്രയാസമാണ്. അസാമാന്യ പ്രതിഭയും വിപണി സമവാക്യങ്ങളെ മുഖവിലയ്‌ക്കെടുക്കാത്ത മാനസിക ധൈര്യവുമുണ്ടായിരിക്കണം. അടൂരിന്റെ സ്വയംവരം അങ്ങനെയായിരുന്നു, ലെനിൻ രജേന്ദ്രന്റെ വേനലും, ഒറ്റ സിനിമയെടുത്ത അജയന്റെ പെരുന്തച്ചനും, ഒടുവിൽ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയും അങ്ങനെയായിരുന്നു. ഏറ്റവുമടുത്ത് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിനും ഒരു ലോക മുഖമുണ്ട്. പ്രിഥ്വിരാജിന്റെ രണ്ടാമത്തെ സിനിമ ഇത്തരത്തിൽ ഭാഷയ്ക്കും ദേശത്തിനും അതീതമായി ലോക മുഖം കാണിക്കുന്നതായിരിക്കുമെന്ന് പ്രത്യാശിക്കാം.

സ്ത്രീശബ്ദം, 2019, ഏപ്രിൽ
കുമ്പളങ്ങിയിലെ ദേശവും മനുഷ്യരും

തറവാട്ടിൽ പിറന്നതിന്റെ അന്തസ്സും മഹിമയും ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു ശീലം ഇടക്കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്നു. പ്രത്യേകിച്ചും മലയാള സിനിമ ആൾക്കൂട്ടക്കൂത്തായി മാറിയ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും. അന്നത്തെ പല സിനിമകളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലും അവയുടെ ഭൂമികയിലുമെല്ലാം ഈ സവിശേഷ സ്വഭാവം നിലനിന്നു പോന്നു. ഇത് കാണികളിൽ പുതിയൊരു കാഴ്ചശീലവും തങ്ങളുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാൻ കഴിയാത്ത പുതിയൊരു തരം സവർണരും അമാനുഷികരുമായ മനുഷ്യരെയും വെള്ളിത്തിരയിൽ സൃഷ്ടിക്കാനും ഇടയാക്കി. തങ്ങളുടെ വീട്ടകവും വീട്ടുപരിസരവുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നിരന്തരം ചെയ്ത് ആളുകളിൽ അത്ഭുതത്തിന്റെയും ആരാധനയുടെയും വീരരസം പകർന്ന് താരരൂപങ്ങളായി നിലകൊണ്ട ഇവരിൽ നിന്ന് ഇറങ്ങിപ്പോരാൻ മലയാള സിനിമയ്ക്ക് ഏറെക്കാലമെടക്കേണ്ടി വന്നു. പൂർണമായും ഇപ്പോഴും വിടുതി നേടാനുമായിട്ടില്ല. അവസരം കിട്ടിമ്പോഴെല്ലാം ഈ കുല, വീര പുരുഷന്മാർ അവതാരപ്പിറവിയെടുത്തു കൊണ്ടേയിരിക്കുന്നു. ഇത് സിനിമയിലലും സമൂഹപരിസരത്തും ഒരപോലെയാണ്. അനുകൂല സാമൂഹിക സാഹചര്യങ്ങൾ വരമ്പോഴാണ് അകമേ അധികം ആഴത്തിലല്ലാതെ വേരോടിക്കിടക്കുന്ന സവർണ, പുരുഷ ചിന്താഗതികളും മേൽക്കോയ്മകളുമെല്ലാം മറനീക്കി പുറത്തുവരുന്നത്.
    മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിലേതു പോലെ ഒട്ടമേ കുലമഹിമയില്ലാതെ, വ്യത്യസ്ത തന്തമാർക്കും തള്ളമാർക്കും പിറന്ന മക്കൾ, ഒരു തുരുത്തിലെ പുറംവാതിൽ പോലുമില്ലാത്ത ചായം പൂശാത്ത ചെറുകൂരയിൽ കലഹിച്ചും സ്‌നേഹിച്ചും, കുടിച്ചും വലിച്ചും നാട്ടുനടപ്പ് തെറ്റിച്ച് ഇഷ്ടപ്പെട്ട പെണ്ണുങ്ങളെ കൂടെക്കൊണ്ടുവന്നു പൊറുപ്പിക്കുന്നതും പ്രമേയമാക്കി സിനിമ ചെയ്യുന്നതു ചിന്തിക്കാനുള്ള ശേഷി പോലും മേൽപ്പറഞ്ഞ കാലത്തെ മുഖ്യധാരാ സിനിമയ്ക്കില്ലായിരുന്നു. അങ്ങനെ ചിന്തിക്കാനും അതിനെ ജനപ്രിയമാക്കി അവതരിപ്പിക്കാനും കഴിയുന്നു എന്നതാണ് പുതുകാല മലയാള സിനിമയുടെ ഏറ്റവും ഗുണപരമായ മാറ്റം. നേരത്തെപ്പറഞ്ഞ തറവാട്ടു സിനിമകളിലെ തറനിരപ്പിൽ തൊടാത്ത മനുഷ്യരുടെ ചെയ്തികളും സംഭാഷണങ്ങളും കണ്ടും കേട്ടും അന്തം വിട്ടിരിക്കേണ്ടി വന്ന ഹതഭാഗ്യരായ കാണികളായിരുന്നു ഏറെക്കാലം നമ്മൾ.
      
       കുമ്പളങ്ങി നൈറ്റ്സിൽ എത്തമ്പോഴാകട്ടെ അതിലെ നെപ്പോളിയന്റെ മക്കളെയും അവരുടെ വീടും അവർ ചെയ്യുന്ന ജോലികളും അവരുടെ ജോലിയില്ലായ്മയും സംസാരവും തമാശയും പ്രണയവും സങ്കടങ്ങളുമെല്ലാം അടുത്തറിയാനും നമ്മളെത്തന്നെ ബന്ധപ്പെടുത്താനുമാകുന്നു. തിയേറ്റർ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഫ്രാങ്കിയുമെല്ലാം വേമ്പനാട്ടു കായലിന്റെ തീരത്ത് കുമ്പളങ്ങിയിലോ പള്ളിത്തോടോ കായലിൽ വലയെറിഞ്ഞോ തോണി തുഴഞ്ഞോ ഏതെങ്കിലും തുരുത്തിൽ ആരോടെങ്കിലും വർത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് തോന്നും. യാഥാർഥ്യത്തോട് അത്രയും ചേർന്നുനിന്നാണ് മധു സി.നാരായണനും ശ്യാം പുഷ്‌കരനും ഷൈജു ഖാലിദും കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും അവതരിപ്പിച്ചിരിക്കുന്നത്. സങ്കീർണതകളിലേക്കും ബാഹ്യലോകത്തിലേക്കും ഉപകഥകളിലേക്കും പോകാതെ ഒരു ദേശത്തിലേക്കു മാത്രം ചുരുങ്ങുന്നതിന്റെ എല്ലാ വലുപ്പവും സൗന്ദര്യവും കുമ്പളങ്ങിക്കുണ്ട്.
     രണ്ടു തരം മനുഷ്യരെയാണ് ശ്യാം പുഷ്‌കരൻ കുമ്പളങ്ങി നൈറ്റ്സിൽ എഴുതി വയ്ക്കുന്നത്. ഫഹദ് അവതരിപ്പിക്കുന്ന ഷമ്മി ശരാശരി മലയാളി ആണധികാര ബോധത്തിന്റെ പ്രതിനിധി തന്നെയാണ്. ഞാനാണ് വീടിന്റെയും വീട്ടിലെ പെണ്ണുങ്ങളുടെയും സർവ്വനാഥൻ, എന്റേതാണ് അവസാന വാക്ക് എന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. പെണ്ണുങ്ങൾ കൂടുതലായൊന്നും പറയേണ്ട, അതിന് ഇവിടെ ആണുങ്ങളുണ്ട് എന്നാണ് ഷമ്മി പറയുന്നത്. സദാ ഒരുങ്ങി, മീശയും മുടിയും ചീകി വെട്ടിയൊതുക്കി സുന്ദരപുരുഷനായി നടക്കുന്ന അയാളെ ഭരിക്കുന്നതാകട്ടെ പ്രാകൃത വികാരങ്ങൾ മാത്രമാണ്. ഇതപോലുള്ള മനുഷ്യരെ നമ്മുടെ സാമൂഹിക ചുറ്റുപാടിലാകെ കാണാം. പുറമേയ്ക്ക് സുന്ദര,മാന്യ രൂപങ്ങൾ. അകമേ നവോത്ഥാനത്തിന്റേയോ പരോഗമനത്തിന്റെയോ വെളിച്ചമെത്തുകയോ മാറ്റങ്ങളെ തിരിച്ചറിയുകയോ ഉൾക്കൊള്ളുകയോ ചെയ്യാനാകാത്തവർ.
   

         ഇനി നെപ്പോളിയന്റെ മക്കളാകട്ടെ തറനിരപ്പിൽ തൊട്ട് മനുഷ്യന്റെ ഉള്ളറിഞ്ഞ്, സകലതിനെയും സ്‌നേഹത്തോടെ സ്വീകരിക്കാൻ തക്ക വലിയ മനസ്സുള്ളവരാണ്. പുറമേ നിന്ന് ഷമ്മിയുടെ അടക്കമുള്ളവരുടെ നോട്ടത്തിൽ നെപ്പോളിയന്റെ പിള്ളേര് തല്ലിപ്പൊളികളും അടുപ്പിക്കാൻ കൊള്ളാത്തവരും യാതൊരു കുലമഹിമയും പേറാത്തവരും വെളിപ്പറമ്പിൽ താമസിക്കുന്നവരുമാണ്. നല്ല ചിരി കുടുംബത്തിന്റെ സൂര്യപ്രകാശമമെന്ന പ്രയോഗത്തോട് ചേർന്നു നിൽക്കമ്പോഴാകട്ടെ നെപ്പോളിയന്റെ പുറംവാതിലില്ലാത്ത വീടിനു തന്നെയാണ് ഷമ്മിയുടെ അടച്ചുറപ്പും ഭംഗിയുമുള്ള വീടിനേക്കാൾ തിളക്കം. നല്ല കുടുംബങ്ങൾക്ക്  ഒരു സംസ്‌കാരമുണ്ട് അത് നമ്മൾ കാത്തു സൂക്ഷിക്കണം എന്ന ബോബിയുടെ പറച്ചിലിന് സംസാരശേഷിയില്ലാത്ത ബോണിയിലൂടെ സിനിമ നൽകുന്ന മറുപടി മലയാളി സമൂഹത്തിന്റെ കപട സദാചാര ബോധത്തിനാകെയുള്ളതാണ്. ശരാശരി ജീവിത നിലവാരത്തിന് താഴെയുള്ള ഭൂരിപക്ഷ മലയാളികളുടെ പ്രതിനിധികളാണ് നെപ്പോളിയന്റെ മക്കൾ. അവർക്ക് അതിസമ്പന്നരാകണമെന്നോ വീടിന്റെ വലുപ്പത്തിലോ വാഹനത്തിലോ പണത്തിലോ മറ്റുള്ളവരുമായി മത്സരിക്കണമെന്നോ ഇല്ല. അന്നന്നത്തെ ഭക്ഷണവും അതിനുള്ള ഉപാധിയുമാണ് അവരെ സംബന്ധിച്ച് വലിയ കാര്യം. അടിപിടി കൂടുമെങ്കിലും അവരുടെ പിണക്കങ്ങൾ അധികനേരം നീളില്ല. തുറന്ന സംസാരവും ചിരിയും തന്നെയാണ് അവർക്കിടയിൽ 'എന്റെ മുരിങ്ങാമരച്ചോട്ടിലെ വലിയ ആകാശം' എന്ന സങ്കല്പം തീർക്കുന്നത്.
    
        സോഫയിൽ തേങ്ങ കാർന്നു തിന്ന് കിടന്ന് സിനിമാ വാരിക വായിക്കുന്ന മനുഷ്യൻ മുതൽ ഒരു വേള മനോനില തെറ്റിയെന്ന തോന്നലിൽ 'എന്നെയൊന്ന് ഡോക്ടറുടെയടുത്ത് കൊണ്ടപോകാമോ'യെന്ന് അനിയനോട് ചോദിക്കുകയും പിന്നീട് ഡോക്ടറുടെ നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരയുന്ന ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്റേതടക്കമുള്ള നിരവധിയായ സ്വാഭാവിക ഭാവങ്ങളുള്ള സജിയുടെ മുഖവും ശരീരവുമാണ് ഈ സിനിമയിലെ കഥാപാത്ര സൃഷ്ടിയുടെ പ്രബലമായ മാനുഷിക മുഖം. സൗബിൻ ഷാഹിർ എന്ന നടൻ സ്‌ക്രീനിൽ വരമ്പോഴെല്ലാം ചിരി പ്രതീക്ഷിച്ച് അതിന് തയ്യാറെടുക്കുന്ന ഓഡിയൻസിന് സജിയിലൂടെ അയാൾ പകരം നൽകുന്നത് നിയന്ത്രിതാഭിനയത്തിന്റെ അസാധാരണ മുഖമാണ്. താൻ മൂലം കൊല്ലപ്പെടുന്ന കൂട്ടുകാരന് ജീവിതത്തിലൂടെ ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ കർമ്മം അശരണയായ അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുക്കുക എന്നതാണ്. അവരുമായി തോണി തുഴഞ്ഞ് തന്റെ വീട്ടിലേക്ക് വരുന്ന സജിയിൽ മനുഷ്യരൂപം പൂണ്ട മാലാഖയെ തന്നെയാണ് കാണാനാകുക.
    ബോബിയുടെയും ബേബിയുടെയും പ്രണയം മാമൂലുകൾക്കും ഒത്തുതീർപ്പുകൾക്കുമപ്പുറത്തെ സാധാരണക്കാരന്റെ ജീവിതത്തിന്റെ വേരാഴമുൾക്കൊള്ളുന്നതാണ്. ഒരു പെൺകുട്ടിക്ക് കയറിച്ചെല്ലാൻ പറ്റാത്ത വീട് എന്നു സ്വന്തം വീട്ടുകാർ കൂടി പറയമ്പോഴും അവൾക്ക് പ്രണയിയിലും അവർക്കിടയിലെ പ്രണയത്തിലും അവന്റെ വീട്ടിലും വിശ്വാസമുണ്ട്.
    മണ്ണിലേക്കും മനുഷ്യനിലേക്കും പ്രാദേശികതയിലേക്കും കൂടുതൽ വേരുകളാഴ്ത്തി ഇറങ്ങിച്ചെല്ലുന്നതിലൂടെയാണ് സിനിമ അതിന്റെ വിതാനം കൂടുതൽ വലുതാകുകയാണ്. അങ്ങനെയാണ് കലാസൃഷ്ടിക്ക് കാലത്തിനും ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനുമാകുന്നത്. ഈയൊരു സവിശേഷത കുമ്പളങ്ങി നൈറ്റ്സിലുടനീളം തെളിഞ്ഞു കാണാം. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, സൗബിൻ ഷാഹിറിന്റെ പറവ, രാജീവ് രവിയുടെ കമ്മട്ടിപ്പാടം തുടങ്ങി അടുത്ത കാലത്തിറങ്ങിയ പല മുഖ്യധാരാ മലയാള സിനിമകൾക്കും ഇതേ പ്രത്യേകത അവകാശപ്പെടാനാകും.

ആരോഗ്യപ്പച്ച മാസിക, 2019 മാർച്ച്‌