Saturday, 11 May 2019


 

പെൺസ്വപ്‌നങ്ങൾക്ക് അതിരുകളില്ല

അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരണമെന്നാണ് ചെറുപ്പം തൊട്ട് പല്ലവി കണ്ട സ്വപ്നം. അവളുടെ ഒരേയൊരു സ്വപ്‌നവും ഇതായിരുന്നു. ഈ ഒറ്റ ആഗ്രഹത്തിനു പിറകെ കൗതുകം കളയാതെയും തീവ്രമായ ആത്മാർഥയോടെയും സഞ്ചരിച്ച് അവൾ അതിൽ എത്തിച്ചേരുന്നു. അതിനിടയിൽ അവിചാരിതമായി ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെ പോലും ലക്ഷ്യത്തിനു വേണ്ടി അവൾ മറികടക്കുന്നു.
         പെൺസ്വപ്‌നങ്ങൾക്ക് ആരൊക്കെയാണ് അതിരു നിശ്ചയിക്കുന്നതെന്നും, ഒരേയൊരു ജീവിതത്തിലെ വലിയ സ്വപ്‌നത്തിനു പിറകെ പോകാൻ പെണ്ണിന് അതിരുകൾ തടസ്സമാകരുതെന്നും ഓർമ്മിപ്പിക്കുകയാണ് മനു അശോകന്റെ ആദ്യ സിനിമയായ 'ഉയരെ'. ആണിന് തടസ്സങ്ങളില്ലാതെ സ്വതന്ത്ര സഞ്ചാരത്തിന് ഇടമൊരുക്കി കൊടുക്കുന്ന ലോകം പെണ്ണിന് ഇപ്പൊഴും ഒരുപാട് അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് മറികടക്കുന്നവരെല്ലാം അഹങ്കാരികളും ദുർനടപ്പുകാരികളും സമൂഹത്തിന്റെ നേർ സഞ്ചാരത്തിനു ചേരാത്തവരുമാണ്. സ്ത്രീകളുടെ കാര്യത്തിൽ ഈ സങ്കുചിത മനസ്സ് കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് കേരളത്തിന്റേത്. നവോത്ഥാനം തൊലിപ്പുറമേ മാത്രം ഏറ്റിട്ടുള്ള ഒരു സമൂഹം സ്ത്രീകളെ അടുക്കളയിൽ തന്നെ നിലനിർത്താൻ ഇഷ്ടപ്പെടുന്നു. സ്ത്രീകളുടെ സ്വതന്ത്ര അഭിപ്രായങ്ങളെയും എഴുത്തിനെയുമെല്ലാം അത് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇത്തരമൊരു സാമൂഹികാന്തരീക്ഷത്തിൽ നിന്ന് മുഖ്യധാരയിലേക്ക് എത്തപ്പെടുന്ന സ്ത്രീകൾക്ക് പ്രാഥമിക പിന്തുണ കിട്ടേണ്ടത് കുടുംബത്തിൽ നിന്നുമാണ്. ഇത് ഉറപ്പാക്കുന്നതോടെ മറ്റ് തടസ്സങ്ങൾ മറികടക്കുകയെന്നത് അവളെ സംബന്ധിച്ച് അത്ര പ്രയാസകരമായ പ്രവൃത്തിയാകില്ല.
        

       ചെറുപ്പം തൊട്ടേ പൈലറ്റാകാൻ ആഗ്രഹിക്കുന്ന പല്ലവിയുടെ സ്വപ്നങ്ങൾ തിരിച്ചറിയുന്നതും പ്രോത്സാഹിപ്പിക്കുന്നതും അവളുടെ അച്ഛനാണ്. വലിയ സ്വപ്നങ്ങൾ കാണാൻ മകളെ പ്രേരിപ്പിക്കുന്ന ഈ അച്ഛൻ തന്നെയാണ് അവളുടെ വലിയ ഊർജ്ജം. അതേ സമയം തന്നെ അതിരുകളില്ലാതെയും എറ്റവും സ്വാർഥയോടെയും സ്‌നേഹിക്കുന്ന ഒരു കാമുകനുമുണ്ട് പല്ലവിക്ക്. അവളുടെ സ്വപ്നങ്ങളെക്കാൾ ഒരുമിച്ചുള്ള ജീവിതമാണ് ഗോവിന്ദിന് പ്രധാനം. പല്ലവിക്കാകട്ടെ തന്റെ സ്വപ്നങ്ങളെ പോലെ പ്രധാനമാണ് തന്റെ പ്രണയവും. എന്നാൽ തന്റെ സ്വപ്നങ്ങൾക്ക് ഗോവിന്ദ് അതിരു നിശ്ചയിക്കുമ്പോൾ വലിയൊരു ഇഷ്ടത്തെ മറികടക്കാനും അവൾ തയ്യാറാകുന്നുവെന്നതാണ് പ്രധാനം. ഈ ഒരു തെരഞ്ഞെടുപ്പാണ് ജീവിതത്തിൽ നിർണായകം. ചിലർ ലക്ഷ്യത്തിനിടെ വീണു പോകുന്നതും മറ്റു ചിലർ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് സഞ്ചാരം തുടരുന്നതും നിർണായക വേളയിലെ ഈ തീരുമാനത്തിലെ ശരിതെറ്റുകളുടെ തെരഞ്ഞെടുപ്പിലൂടെയാണ്.
         ഡിഗ്രി പഠനം പാതിയിൽ അവസാനിപ്പിച്ചാണ് മുംബൈയിൽ പൈലറ്റ് ട്രെയിനിംഗ് അക്കാദമിയിൽ പല്ലവി ചേരുന്നത്. പറക്കാനുള്ള സ്വപ്‌നത്തിലേക്ക് നടന്നടുക്കവെയാണ് പ്രണയത്താൽ കണ്ണു കാണാതായ സ്വാർഥനായ കാമുകൻ പല്ലവിയെ ആസിഡ് ആക്രമണത്തിനു ഇരയാക്കുന്നത്. എല്ലാം അവസാനിച്ചേക്കാവുന്ന ഇടത്തു നിന്ന് ആത്മവിശ്വാസവും തോൽക്കാൻ തയ്യാറാകാത്ത മനസ്സും കൈമുതലാക്കി പിന്നെയും പല്ലവി പറന്നുയരുന്നിടത്താണ്  'ഉയരെ'യുടെ ആകാശം വിസ്തൃതമാകുന്നത്.
     
      


 

പാർവതിയെന്ന തെളിച്ചമുള്ള നടിയും പെണ്ണും

പാർവതിയാണ് ഉയരെ എന്ന സിനിമയുടെ ഊർജ്ജ ഉറവിടം. ഈ കേന്ദ്രത്തെ ചുറ്റുന്നവരാണ് ആസിഫ് അലിയുടെയും ടൊവിനോ തോമസും അടക്കമുള്ള ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെല്ലാം. കാമുകനാൽ ആസിഡ് ആക്രമണത്തിന് വിധേയയായിട്ടും സ്വപ്നങ്ങൾക്ക് വിമാനച്ചിറക് വിരിച്ച് പറക്കുന്ന 'ഉയരെ'യിലെ പല്ലവിയിൽ പാർവതിയെ തന്നെ കാണാനാകും. ഈ കലാകാരിക്കും അവരുടെ സിനിമകൾക്കും  നേരെ അത്രയധികം ആക്രമണമാണ് കേരളത്തിലെ സൈബർ ആൺസമൂഹം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. രണ്ടു വർഷമായി ഇത് മാറ്റമില്ലാതെ തുടരുന്നു. പാർവതിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും അവരുമായി ബന്ധപ്പെട്ട ഓൺലൈൻ പോർട്ടലുകളിലെ വാർത്തകൾക്കു താഴെയും ഈ സഭ്യേതര കമന്റുകളും ആക്രമണങ്ങളും കാണാം. ഇതിനിടെ ഇറങ്ങിയ പാർവതിയുടെ സിനിമകൾക്കെതിരെയും ഇവർ കൂട്ടമായി ആക്രമിച്ചു. പാർവതിയുടെ സിനിമകൾ ബഹിഷ്‌കരിക്കുക എന്ന തരത്തിൽ സോഷ്യൽ മീഡിയ കാമ്പയിൻ തന്നെ ഉണ്ടായി. സിനിമയിൽ അഭിനയിക്കുകയും നായക നടന്മാരെ പുകഴ്ത്തി സംസാരിക്കുകയും മാത്രം ചെയ്യേണ്ട പെണ്ണ് സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും പറയുന്നു എന്നതാണ് പാർവതിക്കു മേൽ ആരോപിക്കപ്പെടുന്ന കുറ്റം. ഇതാണ് കേരളത്തിലെ 'ആണുങ്ങളെ' ചൊടിപ്പിച്ചത്.
എത്ര വിചിത്രവും ഭീകരവുമാണ് കേരളത്തിന്റെ ആൺകോയ്മാ  സംസ്‌കാരം. പ്രബുദ്ധത കൊട്ടിഘോഷിക്കുന്ന ഒരു മുഴുത്ത ഫേക്ക് ഐഡന്റിറ്റിയാണ് കേരളത്തിന്റേത്. കഴിവുറ്റ ഒരു നടിയുടെ പ്രതിഭയെ പ്രയോജനപ്പെടുത്തേണ്ട വർഷങ്ങളാണ് ഇതിനിടയിൽ കടന്നുപോകുന്നത്.
       പാർവതിയെ പോലൊരു നടിക്ക് സിനിമ ഇല്ലാതിരിക്കരുത്. പാർവതിയിലൂടെ മലയാള സിനിമയ്ക്ക് ഇനിയും ഏറെ അംഗീകാരങ്ങൾ നേടാനുണ്ട്. 'ഉയരെ' അത് ഒന്നുകൂടി തെളിയിക്കുന്നുണ്ട്. 'ഉയരെ' ഒരു ശരാശരി സിനിമയാണ്. സ്‌ക്രി്ര്രപിൽ കുറേക്കൂടി മുറുക്കവും ആഖ്യാനത്തിൽ കുടുതൽ പുതുമയും കൊണ്ടുവരാനായിരുന്നെങ്കിൽ അസാധാരണമാകുമായിരുന്ന സാധാരണ സിനിമ. പക്ഷേ സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും അതിലെ പോസിറ്റിവിറ്റിയും കൊണ്ട് കാണികളിൽ ഫീൽ ഗുഡ് മൂഡ് ഉണ്ടാക്കാൻ 'ഉയരെ'യ്ക്കാകും.

   


'ഉയരെ'യിലെ ടോട്ടൽ എനർജി പാർവതിയുടെ പല്ലവി എന്ന കഥാപാത്രമാണ്. ഒരുപക്ഷേ പാർവതിക്കു മാത്രം പൂർണത നൽകാൻ സാധിക്കുന്നത്. സേറയെയും കാഞ്ചനമാലയെയും സമീറയെയും ടെസയെയും പോലെ സിനിമയുടെ ടോട്ടാലിറ്റിയെക്കാൾ മികവു കാണിക്കുന്ന കഥാപാത്രമാണ് പല്ലവിയും. കഥാപാത്രങ്ങൾക്ക് ഇയ്രേറെ പൂർണത നൽകാനും കൂടെ അഭിനയിക്കുന്ന പ്രധാന നായക കഥാപാത്രങ്ങളെക്കാളും, സിനിമയെക്കാളും മുമ്പിൽ നിൽക്കാൻ കഴിഞ്ഞിട്ടും പാർവതിക്ക് അവസരങ്ങളില്ലെന്നതാണ് വലിയ ദുര്യോഗം. ഒരു വർഷത്തിനു ശേഷമാണ് നിലവിൽ മലയാള സിനിമയിൽ എറ്റവും റേയ്ഞ്ചുള്ള, അടുത്തിടെ സംസ്ഥാന, ദേശീയ, ഗോവൻ ചലച്ചിത്ര മേള പുരസ്‌കാരങ്ങൾ നേടിയ ഈ നടിയുടെ ഒരു സിനിമ പുറത്തിറങ്ങുന്നത്. ഇത്രയും ഇടവേള വരുന്നതും അവസരങ്ങൾ കുറയുന്നതും പാർവതിക്ക് അഭിനയശേഷി കൈമോശം വന്നിട്ടില്ല. സൈബർ മലയാളി ആൺസമൂഹത്തെ മലയാള സിനിമാ വിപണി അത്രയധികം പേടിക്കുന്നതുകൊണ്ടാണ്. രണ്ടു  വർഷത്തിനിടെ പാർവതിക്കും അവരുടെ സിനിമകൾക്കെതിരെയും ഉണ്ടായിട്ടുള്ള സൈബർ ആക്രമണം 'ഉയരെ'യുടെ കാര്യത്തിലും മാറ്റമില്ല. സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്കും വാർത്തകൾക്കും താഴെയെല്ലാം ഈ ആക്രമണം കാണാം. പാർവതി അഭിനയിച്ചാൽ സിനിമ കാണില്ലെന്നതാണ് ഇവരുടെ ഭാഷ്യം. ഇതു പറയാൻ ഉപയോഗിക്കുന്ന ഭാഷയാകട്ടെ ഒട്ടും സഭ്യവുമല്ല. എന്നാൽ ഉയരെ നല്ല അഭിപ്രായങ്ങളും സജീവമായ അഭിനന്ദനങ്ങളും കേൾപ്പിച്ചു തുടങ്ങിയതോടെ സൈബർ ആക്രമണത്തിന് അല്പം അയവു വന്നിട്ടുണ്ട്. ആത്യന്തികമായി കല തന്നെയാകണം മുന്നിൽ നിൽക്കേണ്ടതെന്ന് വെളിവാക്കുകയാണിത്.

സ്ത്രീശബ്ദം, 2019 മേയ്

തമിഴ് സിനിമ തീർക്കുന്ന അത്ഭുതങ്ങൾ അവസാനിക്കുന്നില്ല

നാടകീയ, രാജാപ്പാട്ട് ആവിഷ്‌കാരങ്ങളിലും വീരേതിഹാസങ്ങളിലും താരശരീരത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുപോന്ന തമിഴ് സിനിമയുടെ വേറിട്ട ശൈലി കെ.ബാലചന്ദറിലും ഭാരതീരാജയിലും ബാലു മഹേന്ദ്രയിലും മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നു. സാധാരണ ജീവിതത്തിൽ അസാധ്യമായ കാര്യങ്ങൾ വെള്ളിത്തിരയിൽ ചെയ്തുപോരുന്ന വീര നായകന്മാരായിരുന്നു എക്കാലത്തും തമിഴ് ആസ്വാദത വൃന്ദത്തെ തൃപ്തിപ്പെടുത്തിയിരുന്നത്. സ്വാഭാവികമായും അവരിൽ അത്തരമൊരു കാഴ്ചശീലവും ബോധവും ഉടലെടുക്കുകയും ചെയ്തു.
    മലയാള സിനിമ പല കാലങ്ങളിലായി പരീക്ഷണ, സമാന്തര സിനിമകൾക്കു പിറകേ പോയപ്പോഴും ഇതിൽ നിന്ന് വിട്ടുനിൽക്കുന്നതായിരുന്നു തമിഴ് സിനിമയുടെ ശീലം. തൊള്ളായിരത്തി എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും മലയാള സിനിമയിൽ ഉടലെടുത്ത നവ തരംഗത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അതിനെ മാതൃകയാക്കുകയും ചെയ്ത ഒരു തലമുറ രണ്ടായിരത്തിനു ശേഷമാണ് തമിഴ് സിനിമയിൽ രൂപപ്പെട്ടത്. ശെൽവരാഘവൻ, ചേരൻ, ബാല, സമുദ്രക്കനി, ശശികുമാർ, വസന്തബാലൻ, അമീർ സുൽത്താൻ, മിഷ്‌കിൻ, വെട്രിമാരൻ തുടങ്ങി വലിയൊരു നിര സംവിധായകരാണ് ഈ നിരയിലുണ്ടായിരുന്നത്. നിലനിൽക്കുന്ന കാഴ്ചശീലത്തിന് മാറ്റം വേണമെന്ന ചിന്ത ഉടലെടുത്തതോടെ വേറിട്ട സൃഷ്ടികളുമുണ്ടായി. അങ്ങനെയാണ് പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ സുബ്രഹ്മണ്യപുരം, നാടോടികൾ, പരുത്തിവീരൻ, വെണ്ണിലാ കബഡിക്കുഴു തുടങ്ങിയ പുതിയ ചലച്ചിത്ര ഭാഷ സംസാരിക്കുന്ന സിനിമകൾ തമിഴിൽ സൃഷ്ടിക്കപ്പെട്ടത്. 2000മുതൽ 2010 വരെ ഒറ്റയ്ക്കും തെറ്റയ്ക്കും നിർമ്മിക്കപ്പെട്ട ഇത്തരം സിനിമകൾക്ക് സജീവമായ തുടർച്ച ഉണ്ടായത് 2015 ഓടെയാണ്.
  

പുതിയ ചിന്താധാരകൾ വരുന്നു



     ഒരു വശത്ത് സൂപ്പർ താരങ്ങളുടെ മാസ് മസാല ചിത്രങ്ങൾ സ്ഥിരം ചേരുവകൾ ചേർത്ത് ശരാശരി ആസ്വാദകരെ തൃപ്തിപ്പെടുത്തി സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കുമ്പോഴാണ് മറുവശത്ത് തമിഴ് സിനിമയെ നിലവാരത്തിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉന്നതിയിൽ പ്രതിഷ്ടിക്കുന്ന സിനിമകളുമുണ്ടായത്. എല്ലാത്തരം സിനിമകളെയും ഉൾക്കൊള്ളാനുള്ള ഇടവും കാണികളും തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടായി എന്നതാണ് ശ്രദ്ധേയമായ വസ്തുത. തമിഴ് ഗ്രാമങ്ങളിലെ നിറമില്ലാത്ത ജീവിതങ്ങളും ജാതിയുടെ പേരിൽ നിലനിൽക്കുന്ന വേർതിരിവുകളും സംഘർഷങ്ങളും അധികാരത്തിന്റെ ഇടപെടലുകളും സാമൂഹിക സംഭവങ്ങളോടുള്ള പ്രതികരണവും തികഞ്ഞ സാമൂഹിക ബോധവും പ്രകടിപ്പിക്കുന്നവയായിരുന്നു തമിഴ് നവ സംവിധായകരിൽ നിന്ന് ഉണ്ടായ ഇത്തരം സിനിമകൾ.
  
      കാർത്തിക് സുബ്ബരാജ് (ജിഗർതണ്ട, ഇരൈവി), നളൻ കുരമസ്വാമി (സൂതു കവും) ത്യാഗരാജൻ കുമാരരാജ (ആരണ്യകാണ്ഡം), പാ രഞ്ജിത് (അട്ടക്കത്തി, മദ്രാസ്), വെട്രിമാരൻ (വിസാരണൈ, ആടുകളം), ലെനിൻ ഭാരതി (മെർക്കു തൊടർച്ചി മലൈ), രാംകുമാർ (രാക്ഷസൻ), അറിവഴകൻ (കുറ്റം 23) വിജയ് മിൽട്ടൺ (ഗോലിസോഡ, കടുഗ്), ഗണേഷ് (എട്ട് തോട്ടകൾ), സുരേഷ് സങ്കയ്യ (ഒരു കിടായിൻ കരുണൈ മനു), രാജുമുരുഗൻ (ജോക്കർ), എം. മണികണ്ഠൻ (കാക്കമുട്ടൈ, കുട്രമേ തണ്ടനൈ), അശ്വനി അയ്യർ തിവാരി (അമ്മ കണക്ക്), വിജയ് കുമാർ (ഉറയടി), എസ്.യു അരുൺകുമാർ (പന്നയാരും പദ്മിനിയും) തുടങ്ങിയ സിനിമകളിലൂടെ പുതുതലമുറ ചലച്ചിത്രകാരൻമാർ മുഖ്യധാരാ ചലച്ചിത്ര ഭാഷയുടെ പൊതുരീതികളെ പാടേ മാറ്റിപ്പണിതു. ഉള്ളടക്കത്തിലും പരിചരണത്തിലും സമകാലീനതയോട് സത്യസന്ധത പുലർത്തുകയും ഇതര ഇന്ത്യൻ പ്രാദേശിക ഭാഷാ ചിത്രങ്ങളെ മറികടക്കാനും ഇതോടെ തമിഴ് സിനിമയ്ക്കായി.
 
 

പരിയേറും പെരുമാളിന്റെ അംബേദ്കർ മുഖം

പുതിയ ചിന്താധാരയിൽ സജീവമായി ചർച്ച ചെയ്യപ്പെട്ട ചില സിനിമകളിലേക്ക് സഞ്ചരിക്കുമ്പോൾ അവ തമിഴ് ജീവിതവുമായി തമിഴൻ എന്ന വികാരവുമായും ഏറ്റവുമടുത്ത് നിൽക്കുന്നവയാണെന്ന് കാണാം. പാ രഞ്ജിത് നിർമ്മിച്ച് മാരി സെൽവരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം തമിഴിൽ ഏറ്റവുമധികം നിരൂപക പ്രശംസ നേടിയ 'പരിയേറും പെരുമാൾ' സമൂഹത്തിൽ നിലനിൽക്കുന്ന ജാതീതയിലേക്ക് മറയില്ലാതെ ക്യാമറ വയ്ക്കുകയാണ്. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇപ്പൊഴും ഹോട്ടലുകളിൽ ദളിതർക്ക് ഡിസ്‌പോസിബിൾ ഗ്ലാസിൽ ചായ നൽകുന്നുണ്ട്. കുപ്പിഗ്ലാസുകളാണെങ്കിൽ ഇതിനടിയിൽ നിറങ്ങൾകൊണ്ട് പ്രത്യേക അടയാളംവെച്ചാണ് ദളിതർക്കും ഉയർന്ന ജാതിയിൽപ്പെട്ടവർക്കും ചായ നൽകുന്നത്. പരിയേറും പെരുമാളിന്റെ അവസാന ഷോട്ട് ഇങ്ങനെയുള്ള രണ്ടു ഗ്ലാസുകളിലാണ് ചെന്നു നിൽക്കുന്നത്.
    ഒരേ തെരുവിൽ രണ്ടു ബാലവാടികൾ നിലനിൽക്കുന്ന ഗ്രാമങ്ങൾ. അതിലൊന്ന് ദളിത് കുട്ടികൾക്കു മാത്രമുള്ളത്. സ്‌കൂളുകളിൽ ദളിതർ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത ഉയർന്ന ജാതിയിലെ കുട്ടികൾ, ദളിതർക്കും ഉയർന്ന ജാതിയിൽപ്പെട്ടവർക്കും വേവ്വേറെ ശ്മശാനങ്ങൾ, മൃതദേഹം കൊണ്ടുപോകാൻ  പ്രത്യേകം വഴികൾ, ദളിതരുടെ മുടി വെട്ടാൻ പല ബാർബർമാരും മടികാട്ടുന്നു, ദളിതർക്ക് പ്രവേശനം നിഷേധിക്കുന്ന ക്ഷേത്രങ്ങൾ, നാട്ടുകൂട്ടത്തിന്റെ കല്പനകൾ, ഊരുവിലക്ക്.. തമിഴ് ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകുന്ന യാഥാർഥ്യങ്ങളാണിത്.
    ഞാൻ ആരാണ്? നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്തുകൊണ്ടാണ് എപ്പൊഴും എല്ലായിടത്തും നിങ്ങൾ മുന്നിലും ഞങ്ങൾ പിന്നിലുമാകുന്നത്? എന്തിനാണ് നിങ്ങൾ ഞങ്ങളെയിങ്ങനെ വേട്ടയാടുന്നത്?.. കാലങ്ങളായി ഓരോ കീഴ്ജാതിക്കാരനും ചോദിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യങ്ങളാണ് പരിയേരും പെരുമാളും ആവർത്തിക്കുന്നത്. അത് വ്യക്തമാക്കുന്നത് ഈ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ഇതുവരെ ഇന്ത്യൻ സമൂഹത്തിനായിട്ടില്ല എന്നതാണ്.
    2013ൽ പുറത്തിറങ്ങിയ നാഗ്രാജ് മഞ്ജുളെയുടെ മറാത്തി സിനിമ 'ഫാൻട്രി'ക്കു ശേഷം ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയെ ഉള്ളോടെ തുറന്നുകാട്ടുകയാണ് പരിയേറും പെരുമാൾ.
      തമിഴ്‌നാട്ടിലെ തിരുനെൽവേലിക്കും തിരുച്ചെന്തൂരിനും ഇടയിലുള്ള പുളിയങ്കുളം ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. കീഴ്ജാതിക്കാർ കൂട്ടത്തോടെ കാർഷിക ജീവിതവും നായാട്ടും കബഡി കളിയുമെല്ലാമായി കഴിഞ്ഞുകൂടുന്ന ഗ്രാമം. മേൽജാതിക്കാർ പുളിയങ്കുളം ഗ്രാമവാസികളെ അടുപ്പിക്കാറില്ല. പുളിയങ്കുളത്തു നിന്നാണെന്നറിഞ്ഞാൽ ബസ്സിൽ അടുത്ത സീറ്റിൽ പോലും ഇരിക്കില്ല. സ്വന്തം ഗ്രാമത്തിന്റെ അതിർത്തിവരെ പുളിയങ്കുളത്തുകാർ സന്തോഷവാന്മാരാണെങ്കിലും പുറത്ത് പൊലിസിൽ നിന്നും ഉയർന്ന ജാതിക്കാരിൽ നിന്നും അവർക്ക് നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണ്ടുമടുത്താണ് പരിയൻ അംബേദ്കറിനെ പോലെ ഒരാളായിത്തീരാൻ ആഗ്രഹിക്കുന്നത്. കീഴ്ജാതിക്കാരുടെ പ്രശ്‌നങ്ങളിൽ അവർക്കു തുണയാകാനാണ് പരിയൻ വക്കീൽ പഠനത്തിനു പഠിക്കുന്നത്. അവിടെയും അവന് നേരിടേണ്ടി വരുന്നത് ജാതി പീഡനമാണ്. എന്നാൽ 'എന്തുകൊണ്ട് ഞാൻ, നീ എന്ന വിവേചനം എന്നു ചോദിച്ച് അവൻ അതിനോട് കലഹിക്കുകയും മറികടക്കുകയും ചെയ്യുന്നുണ്ട്. 'ജാതി ഇവിടെത്തന്നെയുണ്ട്, എല്ലാവരിലും, എങ്ങും പോകാതെ. അത് ഏറ്റവും നന്നായി തിരിച്ചറിയുന്നത് കീഴ്ജാതിക്കാർക്കാണ്.' എന്നു പറഞ്ഞാണ് പരിയേറും പെരുമാൾ അവസാനിക്കുന്നത്.



വടചെന്നൈ എന്ന പിരീഡ് സിനിമ

തമിഴ് ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ഗുണ്ടാജീവിതവും തലമുറകളിലേക്ക് നീണ്ടുപോകുന്ന കുടിപ്പകയുമാണ് വെട്രിമാരന്റെ വടചെന്നെയിൽ വിഷയമാകുന്നത്. 2012 ജൂണിലും ഓഗസ്റ്റിലുമായി റിലീസ്  ചെയ്ത അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വസേപൂർ സീക്വൽസിനു ശേഷം തലമുറകളിലേക്ക് നീണ്ടുപോകുന്ന കുടിപ്പകയും സംഘർഷവും അതിജീവനവും പ്രമേയമാക്കുന്ന ഇന്ത്യൻ പിരീഡ് മൂവിയാണ് വടചെന്നൈ. തമിഴിലെ ഗാങ്‌സ് ഓഫ് വസേപൂർ എന്നു പറയാം. ഗാങ്‌സ് ഓഫ് വസേപൂറിന് 1940 മുതൽക്ക് തൊണ്ണൂറുകൾ വരെയുള്ള ദീർഘകാല കുടിപ്പകയുടെ കഥയാണ് പറയാനുള്ളതെങ്കിൽ തൊള്ളായിരത്തി എൺപതുകൾ മുതൽക്കാണ് വടചെന്നൈയിലെ മനുഷ്യരുടെ കഥ തുടങ്ങുന്നത്. പിരീഡ് ഗാങ്സ്റ്റർ എന്നതിനൊപ്പം തികഞ്ഞ സാമൂഹികതയും രാഷ്ട്രീയബോധവും പുലർത്തുന്ന സിനിമ എന്ന തരത്തിലാണ് വടചെന്നൈ വേറിട്ടുനിൽക്കുന്നത്. തീരദേശ ജനതയുടെ ചേരിജീവിതം, ജനിച്ച മണ്ണിലെ നിലനിൽപ്പ്, വീട്, അതിജീവനം, രാഷ്ട്രീയ, കോർപ്പറേറ്റ്, ഗുണ്ട ഇടപെടൽ, ചൂഷണം അതിനെതിരെയുള്ള ചെറുത്തുനിൽപ്പ് ഇവയെല്ലാം കടന്നുവരുമ്പോൾ ഗാങ്സ്റ്റർ ജോണർ എന്നതിൽ നിന്ന് ഒരു തികഞ്ഞ തമിഴ് മനിതർ സിനിമയായി വടചെന്നൈ വളരുന്നു.
      മൂന്ന് ഭാഗങ്ങളുള്ള സിനിമ എന്ന നിലയിൽ കഥാപാത്രങ്ങളുടെ വിശദാംശങ്ങളിലേക്കും സംഭവ പരമ്പരകളിലേക്കും കടന്നുചെന്നുള്ള ആഖ്യാനമാണ് വടചെന്നൈയുടേത്.
       വെട്രിമാരന്റെ മുൻസിനിമകളായ 'ആടുകള'ത്തിലെ കോഴിപ്പോരും നാട്ടിൻപുറവും, 'വിസാരണൈ'യിലെ ലോക്കപ്പും സാധാരണക്കാരന്റ നിസ്സഹായാവസ്ഥയും വടചെന്നൈയിലേക്കെത്തുമ്പോൾ കുടിപ്പകയും ജയിൽജീവിതത്തിന്റെ വേറിട്ട കാഴ്ചകളും ഇൻഡോർ ഗെയിമായ കാരംസിന്റ സാധ്യത കഥയിൽ ഉപയോഗപ്പെടുത്തിയുമാണ് വെട്രിമാരൻ അത്ഭുതം തീർക്കുന്നത്. ഒരു പിരീഡ് സിനിമ നിർമ്മിക്കുന്നതിലെ വൈഷമ്യങ്ങളെ അതിലളിതമായാണ് വെട്രിമാരനിലെ പ്രതിഭാധനനായ സംവിധായകൻ മറികടക്കുന്നത്. സംവിധായകൻ തന്നെ തയ്യാറാക്കിയ തിരക്കഥയിലെ കെട്ടുറപ്പാണ് രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയെ വിരസതയില്ലാത്ത കാഴ്ചയാക്കി മാറ്റുന്നത്. ഒരേസമയം സിനിമാസ്വാദകരെ തൃപ്തിപ്പെടുത്താനും സിനിമാ പഠിതാക്കൾക്ക് പാഠപുസ്തകമായി മാറാനും കഴിയുന്നിടത്താണ് വെട്രിമാരന്റെയും വടചെന്നൈയുടെയും തമിഴ് സിനിമയുടേയും വിതാനം വലുതാകുന്നത്.


ത്രില്ലർ ആഖ്യാനത്തിലെ പുതുമ


ത്രില്ലർ സിനിമകളുടെ ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമയും തമിഴ് ഇൻഡസ്ട്രിയെ വേറിട്ടുനിർത്തുന്നു. ലോ ബജറ്റിലും ബിഗ് ബജറ്റിലും ഒരുപോലെ ത്രില്ലർ സിനിമകൾ തമിഴിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. മുൻനിര താരങ്ങളില്ലാതെ നിർമ്മിച്ച ത്രില്ലർ സിനിമകൾ പലതും തമിഴ് നാട്ടിൽ വലിയ വിജയമായതാണ് ഈ ജോണർ തുടർച്ചയായി പരീക്ഷിക്കാൻ തമിഴിലെ നവ സംവിധായകരെ പ്രേരിപ്പിച്ചത്. മേക്കിംഗിൽ നിലനിർത്തുന്ന പുതുമ തന്നെയാണ് ഇത്തരം സിനിമകളുടെ കാഴ്ചയെ സവിശേഷമാക്കുന്നത്. ഇക്കൂട്ടത്തിൽ അടുത്ത കാലത്തിറങ്ങിയ പ്രേംകുമാറിന്റെ രാക്ഷസൻ എടുത്തു പറയേണ്ട സിനിമയാണ്. ഓരോ നിമിഷവും കാഴ്ചയെ വലിഞ്ഞുമുറുക്കാൻ ശേഷിയുള്ള തിയേറ്റർ അനുഭവമാണ് ഈ സിനിമ. തിയേറ്ററിൽ നിന്ന് തന്നെ അറിയേണ്ട അനുഭവം എന്ന തരത്തിലാണ് രാക്ഷസൻ അടക്കമുള്ള ത്രില്ലർ സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു നിമിഷവും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാനോ പാഴാക്കാനോ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്ന ആഖ്യാന വേഗവും പുതുമയും ശബ്ദ, ദൃശ്യ സമ്പന്നതയുമാണ് ഇവയ്ക്ക് ത്രില്ലർ ഗണത്തിൽ പുതുമ കൈവരുത്തുന്നത്.




സൂപ്പർ ഡീലക്‌സ് എന്ന അൾട്ടിമേറ്റ്

അടുത്തടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്ത രണ്ട് സിനിമകൾ. പ്രിഥ്വിരാജിന്റെ ലൂസിഫറും ത്യാഗരാജൻ കുമാരരാജയുടെ സൂപ്പർ ഡീലക്‌സും. ഒന്ന് മലയാളത്തിലും മറ്റേത് തമിഴിലും. ഷാജി കൈലാസ് കട്ട് പറഞ്ഞ് നിർത്തിയിടത്തു തന്നെയാണ് പ്രിഥ്വിരാജിന്റെ ലൂസിഫറിന്റെ സ്ഥാനമെങ്കിൽ, സിനിമയെന്ന മീഡിയത്തിൽ സ്വയം സമർപ്പിച്ച് തന്റെ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയാണ് ത്യാഗരാജൻ. മറാത്തി, ബംഗാളി, മലയാളം അടക്കം ഇന്ത്യയിലെ മെച്ചപ്പെട്ട സിനിമാ സംസ്‌കാരമുളള മറ്റേതൊരു പ്രാദേശിക ഭാഷയും ചിന്തിക്കാത്തത്രയും ഉയരത്തിലാണ് നിലവിലെ തമിഴ് സിനിമയെന്ന് സൂപ്പർ ഡീലക്‌സ് ഒന്നു കൂടി ഉറപ്പിക്കുന്നു. അത്രമാത്രം പൊളിറ്റിക്കലായും നവീനമായുമാണ് തമിഴ് സിനിമ കാണികളോട് സംവദിക്കുന്നത്. രാക്ഷസനും പരിയേറും പെരുമാളും മെർക്കു തൊടർച്ചി മലൈയും വട ചെന്നൈയുമൊക്കെ ദ്യശ്യപരിചരണത്തിൽ തീർത്ത അത്ഭുതങ്ങളുടെ തുടർച്ചയാണ് സൂപ്പർ ഡീലക്‌സ്. മേക്കിംഗിന്റെ സൂക്ഷ്മതയിലും പൂർണതയ്ക്കായുള്ള അത്യധ്വാനത്തിലും തിരക്കഥയിലെ ഇഴയടുപ്പത്തിലും ഇവയ്‌ക്കെല്ലാം മുകളിലും. റിയലിസവും സെമി ഫാന്റസിയും ചേർന്നൊഴുകുന്ന സിനിമയുടെ ഒരു ഫ്രെയിമും പാഴല്ല. ഫ്രെയിമിൽ വരുന്ന ഒരു വസ്തു പോലും വെറുതെയാകുന്നില്ല. കഥാപാത്രങ്ങളൊന്നും താരങ്ങളല്ല, ഒന്നാന്തരം മനുഷ്യരാണ്. (വിജയ് സേതുപതിയും രമ്യാ കൃഷ്ണനും സാമന്തയും ഫഹദും പോലും) ജീവിതത്തിന്റെ വഴിയും വിതാനവും സാധ്യതയും ഇങ്ങനെ കൂടിയാണ് എന്നു ജീവിച്ച് കാണിച്ചു തരുന്ന മനുഷ്യർ. എന്തിനാണ് ഒരു സിനിമയ്ക്ക് ഒന്നിലേറെ പേർ ചേർന്ന് തിരക്കഥയെഴുതുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൂപ്പർ ഡീലക്‌സ് അതിനും ഉത്തരം തരും. മിഷ്‌കിൻ, നളൻ കുമാരസ്വാമി, നീലൻ കെ.ശേഖർ പിന്നെ സംവിധായകനും ചേർന്നാണ് സൂപ്പർ ഡീലക്‌സിന് സ്‌ക്രി്ര്രപ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നിലേറെ പേരുടെ ചിന്ത പ്രവർത്തിച്ച തിരക്കഥയുടെ പൂർണതയാണ് ഈ സിനിമയുടെ അവതരണ മികവിന് കാരണം.

പഞ്ചായത്ത് രാജ്, 2019 ഏപ്രിൽ