Thursday, 15 September 2022

പ്രകൃതിയെ അറിയാന്‍ പഠിപ്പിച്ച ഓണക്കാലങ്ങള്‍ - അഭിമുഖം കെ.കെ. ശൈലജ/ എന്‍.പി. മുരളീകൃഷ്ണന്‍


'ഓണം നമ്മള്‍ മലയാളികളുടെ ഏറ്റവും ആഹ്ലാദകരമായ ആഘോഷമാണ്. ഇപ്പോള്‍ മലയാളികളുടേതു മാത്രമല്ല, മലയാളികള്‍ മുഖേന ലോകത്തെമ്പാടും ഈ സമഭാവനയുടെ ആഘോഷം നടക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ രീതി സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് മാറിമാറി വരുന്നുണ്ട്. എങ്കിലും ഐതിഹ്യവും പൊതുധാരയും ഒരിക്കലും മാറില്ല എന്നതാണ് നമ്മള്‍ കാണുന്നത്.' സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജ ടീച്ചര്‍ സമ്പന്നമായ ഓണം ഓര്‍മ്മകളിലൂടെയും കുടുംബ, പൊതുപ്രവര്‍ത്തന ജീവിതത്തിലൂടെയും കടന്നുപോകുന്നു.

കുട്ടിക്കാലത്തെ ഓണം

ഞങ്ങളുടെ കുട്ടിക്കാലത്ത് വളരെ ആഹ്ലാദകരമായ ഓണാഘോഷമാണ് നടന്നിരുന്നത്. അതിന് പ്രകൃതിയുടെയും നാട്ടിന്‍പുറത്തിന്റെയും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെയും ഊഷ്മളമായ അനുഭവങ്ങളുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഒറ്റപ്പെട്ട്, അടച്ചിടപ്പെട്ട് നടത്തുന്ന ഓണാഘോഷമായിരുന്നില്ല ഞങ്ങളുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. 1960 കളിലും 70 കളിലുമെല്ലാം എന്നെ സംബന്ധിച്ച് എന്റെ കുട്ടിക്കാത്തെ ഓണാഘോഷം എന്നു പറയുന്നത് അതീവ മധുരസ്മൃതികളാണ്. 

ഞങ്ങള്‍ അയല്‍വക്കത്തുള്ള കുട്ടികളെല്ലാം ഒരുമിച്ചാണ് പൂക്കളം ഒരുക്കുന്നതിന് ആവശ്യമായ പൂക്കള്‍ ശേഖരിക്കാന്‍ പോകുന്നത്. അത് യഥാര്‍ഥത്തില്‍ പ്രകൃതിയെ പഠിക്കുക കൂടിയാണ്. ഏതെല്ലാം തരത്തിലുള്ള പൂക്കളാണ് നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം വിരിഞ്ഞു നില്‍ക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത് ഓണക്കാലത്താണ്. നേരം വെളുക്കുമ്പോള്‍, മഞ്ഞ് പോകുന്നതിനു മുമ്പേ ശേഖരിച്ചില്ലെങ്കില്‍ ചില പൂക്കള്‍ ഉണങ്ങിപ്പോകും. അതുകൊണ്ട് ഒന്നുകില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം അല്ലെങ്കില്‍ പുലര്‍ച്ചെ അഞ്ച് മണി കഴിഞ്ഞ ഉടനെ പൂക്കള്‍ ശേഖരിക്കുക എന്നതായിരുന്നു രീതി. തലേനാള്‍ തന്നെ പൂക്കുട്ട മെടഞ്ഞ് വച്ചിരിക്കും. തെങ്ങിന്റെ കുരുത്തോല ഉപയോഗിച്ചുകൊണ്ടാണ് ഈ പൂക്കുട്ടകള്‍ ഒരുക്കിയിരുന്നത്. ഇളയമ്മയും അമ്മയുമൊക്കെ ചേര്‍ന്നാണ് പൂക്കുട്ടകള്‍ മെടഞ്ഞിരുന്നത്. പൂക്കുട്ടകള്‍ ഇല്ലാത്തവര്‍ വലിയ ഇലകള്‍ കുമ്പിളു കുത്തിയാണ് പൂക്കള്‍ ശേഖരിച്ചിരുന്നത്. ഒരുപാട് പൂക്കള്‍ ശേഖരിക്കാന്‍ വലിയ കുട്ടകളൊക്കെയുണ്ടാകും. വൈകുന്നേരം പൂക്കള്‍ ശേഖരിച്ച് വന്നാല്‍ അത് വാടിപ്പോകാതാരിക്കാന്‍ വെള്ളം തെളിച്ച് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിച്ചുവയ്ക്കും. പുലര്‍ച്ചെയാണെങ്കില്‍ ടോര്‍ച്ചൊക്കെ കൊണ്ടാണ് പോകുക. ഒരു തരം മത്സരമായിരുന്നു അത്. ചില കാടുകളില്‍ കാശിത്തുമ്പയുണ്ടാകും. ഒരു പ്രദേശം മുഴുവന്‍ കാശിത്തുമ്പയായിരിക്കും. ചില മേഖലകളില്‍ ഓണപ്പൂ എന്നറിയപ്പെടുന്ന, മലബാറില്‍ കണ്ണിപ്പൂ എന്നറിയപ്പെടുന്ന ഇളം റോസ് നിറത്തിലുള്ള പൂക്കളായിരിക്കും. അത് ശേഖരിക്കാന്‍ വലിയ പാടാണ്. തീരെ ചെറുതാണ്. പക്ഷേ അത് കുറേയധികം നുള്ളിയെടുത്ത് പൂക്കളമൊരുക്കുമ്പോള്‍ അപാരമായ സൗന്ദര്യമാണ്. ഓണത്തിന് ധാരാളമായി ഉപയോഗിക്കുന്ന മറ്റൊരു പൂവ് അരിപ്പൂവ് ആണ്. ചിലയിടത്ത് അതിന് കൊങ്ങിണിപ്പൂവ് എന്നാണ് പേര്. നല്ല കമ്മലു പോലെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍. അത് നല്ല ചുവന്ന നിറത്തിലുണ്ടാകും. ഞങ്ങളുടെ കുട്ടിക്കാലത്ത് ചുവന്ന അരിപ്പൂവും മഞ്ഞ അരിപ്പൂവുമാണ് ഉണ്ടായിരുന്നത്. അത് നിറയെ ഉണ്ടായിരുന്നു. ഒരു ചെടിയില്‍ നിന്നു തന്നെ ഒരുപാട് പൂക്കള്‍ കിട്ടും. ഇതിനെല്ലാം വെവ്വേറെ പൂക്കുട്ടകളാണ് കരുതിയിരുന്നത്. ഇങ്ങനെ എല്ലാ പൂക്കുട്ടകളും നിറച്ച് ആര്‍പ്പുവിളിച്ചാണ് മടങ്ങുന്നത്. 


കുട്ടികളുടെ ഓരോരോ ചങ്ങാതികൂട്ടങ്ങളുണ്ടാകും. പൂക്കള്‍ ധാരാളമുള്ള പ്രദേശത്ത് ആദ്യം എത്തണം എന്ന നിര്‍ബന്ധത്തില്‍ മൂന്നും നാലും പേരടങ്ങിയ കുട്ടികളുടെ സംഘങ്ങളായിട്ടാണ് പോകുന്നത്. പൂ പറിച്ചു കഴിഞ്ഞാല്‍ ആര്‍ക്കെങ്കിലും കുറഞ്ഞുകഴിഞ്ഞാല്‍ ഞങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. അത്രയും സ്‌നേഹമായിരുന്നു പരസ്പരം ഉണ്ടായിരുന്നത്. നേരം വൈകി വന്നവര്‍ക്കും അധികം കിട്ടാത്തവര്‍ക്കും ധാരാളം പൂവ് കിട്ടിയവര്‍ പങ്കുവയ്ക്കും. 

വലിയ കുന്നിന്‍പുറത്തൊക്കെ പോയി പൂ പറിക്കാറുണ്ട്. അതുപോലെ കുന്നിന്‍ചെരുവിലൊക്കെ ഉള്ള പൂക്കള്‍, പാറമടക്കുകളിലൊക്കെ വളര്‍ന്നുനില്‍ക്കുന്ന കടുംചുവപ്പ് നിറത്തിലുള്ള കോഴിപ്പൂ, നല്ല വള്ളിയായി കുലകളില്‍ പടര്‍ന്നുകിടക്കുന്ന മഞ്ഞ നിറത്തിലും ഇളം റോസ് നിറത്തിലും വയലറ്റ് നിറത്തിലുമുള്ള അടുമ്പൂ.. അതൊക്കെ ഞങ്ങള്‍ ശേഖരിക്കും. വയല്‍വരമ്പിലാണ് കാക്കപ്പൂ ഉണ്ടാകുന്നത്. വയലില്‍ നിന്ന് ധാരാളം പൂക്കള്‍ കിട്ടും. വയലും തോട്ടിറമ്പുകളും മലമടക്കുകളുമെല്ലാം ഓണനാളുകളില്‍ ഞങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാന ഇടങ്ങളാണ്. 

ഇഴജന്തുക്കളൊക്കെയുള്ള കാട്ടില്‍ കുട്ടികള്‍ പൂ പറിക്കാന്‍ പോകുന്നത് അമ്മമാര്‍ക്കൊക്കെ വലിയ ആശങ്കയാണ്. തിരിച്ചെത്തുന്നതുവരെ ഈ ആവലാതിയുണ്ടാകും. പക്ഷേ ഞങ്ങള്‍ വലിയൊരു നിധി ശേഖരിക്കാന്‍ പോകുന്നതു പോലെയാണ് പൂ പറിക്കാന്‍ പോകുന്നത്. പൂ പറിച്ചുവന്ന് രാവിലെ ഏഴു മണിയോടെ മുറ്റത്ത് പൂക്കളം തീര്‍ക്കാന്‍ തുടങ്ങും. അതിമനോഹരമായ പൂക്കളം. അത്തത്തിന് ചെറിയ പൂക്കളമിട്ട് പിന്നെ ഓരോ നാളിലും ചുറ്റും വളയങ്ങള്‍ തീര്‍ത്ത് പൂക്കളത്തിന്റെ വലുപ്പമങ്ങനെ വലുതാകുകയാണ്. അവസാന നാളില്‍ ഏറ്റവും വലിയ പൂക്കളമൊരുക്കും. അവസാന നാളുകളിലേക്ക് നമ്മുടെ വരുതിയിലുള്ള പൂക്കളൊക്കെ കരുതിവയ്ക്കും. പൂവ് വിലയ്ക്കു വാങ്ങുകയെന്ന ഏര്‍പ്പാടേ ഉണ്ടായിരുന്നില്ല.


ഓണത്തിന്റെ സമയത്ത് മലബാര്‍ മേഖലയില്‍ തെക്കന്‍ ജില്ലകളില്‍ ഉണ്ടായിരുന്നത്ര ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ പൂക്കളം തീര്‍ക്കലും സദ്യയൊരുക്കലുമാണ് പ്രധാനം. ഞങ്ങള്‍ കുറേക്കൂടി വലുതായപ്പോഴാണ് പൂക്കള മത്സരങ്ങളും ചെറിയ തോതില്‍ കലാപരിപാടികളുമൊക്കെ നാട്ടില്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ക്ലബ്ബുകളും വായനശാലകളുമൊക്കെ ഓണാഘോഷം സംഘടിപ്പിച്ചു തുടങ്ങിയതോടെ നാടകങ്ങള്‍, കുട്ടികളുടെ കലാപരിപാടികള്‍ ഒക്കെ വയ്ക്കും. 

വീട്ടിലെ ഓണം

ഓണത്തിന് സദ്യ ഒരുക്കുന്നത് വീട്ടുകാര്‍ എല്ലാവരും കൂടിയാണ്. ചിലപ്പോള്‍ അടുത്തടുത്തുള്ള രണ്ടുമൂന്ന് വീട്ടുകാരൊക്കെ ഒരുമിച്ചു കൂടി സദ്യയൊരുക്കി ഓണമാഘോഷിക്കും. കുട്ടികള്‍ക്കൊക്കെ വലിയ സന്തോഷമാണത്. എന്റെ വീട്ടില്‍ പുറത്തു നിന്ന് ധാരാളം ആള്‍ക്കാരുണ്ടായിരിക്കും. ഞങ്ങളുടേത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബമായതു കൊണ്ടുതന്നെ ചുറ്റുപാടിലെ ആളുകളുമായി അഭേദ്യബന്ധമുണ്ട്. അത് ജാതിമതത്തിന് അതീതമായ ബന്ധമാണ്. ഞങ്ങളുടെ വീട്ടില്‍ പൂക്കളം തീര്‍ക്കാന്‍ അയല്‍പക്കത്തെ കുട്ട്യാലിക്കയുടെ വീട്ടില്‍നിന്ന് സുഹ്‌റയും നസീറുമൊക്കെ വരും. അവര്‍ പൂ പറിക്കാനും ഞങ്ങളുടെ കൂടെ വരാറുണ്ട്. അത് ഹിന്ദുക്കളുടെ ആഘോഷം, മുസ്ലീങ്ങളുടെ ആഘോഷം എന്നൊന്നും ഞങ്ങള്‍ നോക്കാറില്ല. ഉച്ചയ്ക്ക് സദ്യയുണ്ണാന്‍ അന്നമ്മച്ചേടത്തിയും വര്‍ക്കിച്ചേട്ടനും കദീസുമ്മയും പോലുള്ള ഒരുപാടാളുകള്‍ വീട്ടില്‍ ഉണ്ടാകും. ഇവരെല്ലാം ഒരുമിച്ചിരുന്നാണ് ഞങ്ങളുടെ വീട്ടില്‍ ഓണമുണ്ണുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായ പാര്‍ട്ടി സഖാക്കളെയും അമ്മാവന്‍ സദ്യയുണ്ണാന്‍ ക്ഷണിക്കും. മുസ്സീങ്ങളുടെ പെരുന്നാളിന് ഞങ്ങള്‍ അങ്ങോട്ടും പോകും. ക്രിസ്ത്യാനികളുടെ ആഘോഷത്തിന് അവരുടെ വീട്ടില്‍ പോയി കുരിശപ്പമൊക്കെ കഴിക്കും. നാട്ടിന്‍പുറത്ത് ഈ ആഘോഷങ്ങളെല്ലാം എല്ലാവര്‍ക്കുമുള്ളതാണ്. ക്രിസ്ത്യാനികളുടെ പെരുനാളിന് ഞങ്ങളെല്ലാം പള്ളിയിലുണ്ടാകും. 

പഠനകാലത്തെ ഓണം

സ്‌കൂളിലും ഓണാഘോഷം നല്ല രീതിയില്‍ തന്നെ ഉണ്ടായിരുന്നു. വീട്ടില്‍ പൂക്കളമിടുന്നതിനു പുറമേ ഒരു പങ്ക് പൂക്കള്‍ സ്‌കൂളിലും കൊണ്ടുപോകുമായിരുന്നു. അപ്പോള്‍ അതിനായും പൂക്കള്‍ ശേഖരിക്കണം. പൂക്കള മത്സരത്തില്‍ പങ്കെടുക്കാനും നല്ല പൂക്കളം ഒരുക്കാനും ഓരോ ക്ലാസിലെയും കുട്ടികള്‍ക്കും വാശിയാണ്. ചെറിയ ക്ലാസ് മുതല്‍ക്ക് അങ്ങനെയാണ്. ഹൈസ്‌കൂളില്‍ ഒക്കെ ആകുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പൂക്കളങ്ങളൊരുക്കാന്‍ തുടങ്ങി. പല പ്രദേശത്തുനിന്നു വരുന്ന കുട്ടികള്‍ വ്യത്യസ്ത പൂക്കള്‍ കൊണ്ടുവരും. അങ്ങനെ പൂക്കളത്തിന് നല്ല വൈവിധ്യമുണ്ടാകും. സ്‌കൂള്‍ കാലത്ത് തന്നെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പക്ഷേ ഓണാഘോഷത്തിലും പൂക്കളമത്സരത്തിലുമെല്ലാം കെഎസ്‌യു എന്നോ എസ്എഫ്‌ഐ എന്നോ ഭേദമില്ലാതെ എല്ലാവരും ഒരുമിച്ച് പങ്കുചേര്‍ന്നിരുന്നു. ഇത് ഹൃദ്യമായ ഒരോര്‍മ്മയാണ്.


കോളേജിലേക്ക് എത്തുമ്പോഴേക്ക് വില കൊടുത്ത് പൂക്കള്‍ വാങ്ങുന്ന ഒരു രീതിയിലേക്ക് എത്തിയിരുന്നു. കര്‍ണാടകയിലെ വിരാജ്‌പേട്ടില്‍ നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ വിദ്യാര്‍ഥികള്‍ പിരിവെടുത്താണ് വാങ്ങിയിരുന്നത്. വിരാജ്‌പേട്ടില്‍ നേരിട്ട് പോയും പൂക്കള്‍ വാങ്ങിയിരുന്നു. വലിയ സഞ്ചികളില്‍ നിറയെ പൂക്കള്‍ വാങ്ങിക്കൊണ്ടുവന്ന് പൂക്കളമൊരുക്കും. നാടന്‍ പൂക്കളുടെ മണവും ഹൃദ്യതയും വൈവിധ്യവും ഒരിക്കലും ഈ പൂക്കള്‍ക്ക് കിട്ടാറില്ല. ജമന്തിയും മല്ലിയും പോലുള്ള പൂക്കളാണ് എപ്പോഴും കിട്ടിയിരുന്നത്. പൂക്കളത്തിന് വൈവിധ്യം തീര്‍ക്കാന്‍ ഈ പൂക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. നാട്ടിന്‍പുറത്ത് ഞങ്ങള്‍ കഷ്ടപ്പെട്ട് പറിച്ചു കൊണ്ടുവന്ന് ഒരിക്കിയിരുന്ന പൂക്കളത്തിന്റെ ഹൃദ്യത ഒന്നു വേറെയായിരുന്നു. എങ്കിലും കോളേജിലെ ഈ പൂക്കളം തീര്‍ക്കല്‍ സൗഹൃദത്തിന്റെ ഒരു വലിയ വേദിയായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായും ആണ്‍, പെണ്‍ ഭേദമില്ലാതെയുമാണ് ഈ പൂക്കളം ഒരുക്കിയിരുന്നത്. 

സംഘടനാ കാലം

സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ യുവവജന സംഘടനയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ പൂക്കള മത്സരമൊക്കെ സംഘടിപ്പിക്കാറുണ്ടായിരുന്നു. മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം കുറേക്കൂടി പൊലിമയുള്ളതാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഓണക്കളികളും ഊഞ്ഞാലാട്ടവുമൊക്കെ തെക്കന്‍ പ്രദേശത്തെ അപേക്ഷിച്ച് അത്രത്തോളം മലബാറില്‍ ഉണ്ടായിരുന്നില്ല. മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ത്രീകളെ ഇതില്‍ പങ്കാളികളാക്കി ഊഞ്ഞാലാട്ടവും കലാമത്സരങ്ങളും കായികമത്സരങ്ങളും സംഘടിപ്പിക്കാന്‍ ശ്രദ്ധിച്ചു. ഓണത്തിന്റെ ഐതിഹ്യങ്ങള്‍ സംസാരിക്കുന്നതിനുള്ള പൊതുസമ്മേളനങ്ങള്‍ ചേരും. വലിയ പങ്കാളിത്തമാണ് അതിലെല്ലാം ഉണ്ടാകുക. ചിലയിടത്ത് മറ്റു മതസ്ഥരെ കൂടി പങ്കെടുപ്പിക്കുന്നതിന് ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനുമെല്ലാം ചേര്‍ന്ന് സമൂഹ ഓണസദ്യ ഒരുക്കാറുണ്ട്. ഇപ്പോള്‍ പല സംഘടനകളും അത് ചെയ്യുന്നുണ്ട്. പക്ഷേ ഞങ്ങൡിന് തുടക്കമിടുമ്പോള്‍ മറ്റാരും ഈ രംഗത്തുണ്ടായിരുന്നില്ല. ഏതെങ്കിലുമൊരു പൊതുസ്ഥലത്താണ് ഓണസദ്യ സംഘടിപ്പിക്കുന്നത്. ഓരോ കറികള്‍ ഓരോ വീട്ടില്‍ നിന്നും കൊണ്ടുവരും. ചോറു മാത്രം പാകം ചെയ്യും. ഇതര മതസ്ഥരെ കൂടി ഇതില്‍ പങ്കാളികളാക്കി എല്ലാവരും ഒരേ ഇടത്തിരുന്ന് ഓണമുണ്ണുക. വലിയ കൂട്ടായ്മ ഉണ്ടാക്കുന്നതിനും എല്ലാവര്‍ക്കും സൗഹൃദവും സ്‌നേഹവും പുലര്‍ത്തുന്നതിനുള്ള നല്ലൊരു വേദിയാണിത്. 

ദു:ഖഭരിതമായ ഓണക്കാലങ്ങള്‍

കമ്മ്യൂണിസ്റ്റ് കുടുംബം ആയതുകൊണ്ടുതന്നെ ചില ഓണക്കാലത്ത് അമ്മാവനൊക്കെ ഏതെങ്കിലും കേസില്‍പെട്ട് ജയിലിലായിരിക്കും. അങ്ങനെയുള്ള സങ്കടകരമായ ഓണക്കാലങ്ങള്‍ കുട്ടിക്കാലത്തെ ഓര്‍മ്മയിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒക്കെ അമ്മാവന്‍ ജയിലിലായിരുന്നു. ആഘോഷിക്കേണ്ട ദിവസങ്ങള്‍ അതിന് കഴിയാതിരുന്നപ്പോഴാണ് മനസ്സ് ഏറ്റവും നൊന്തിരുന്നത്. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന അവസരത്തിലാണ് അമ്മാവന്‍ ജയിലിലാകുന്നത്. ഞങ്ങളുടെ വീട് അപ്പോള്‍ ഒരു മരണവീട് പോലെയായിരിക്കും. എന്റെ അമ്മമ്മയ്ക്കുള്ള ഒരേയൊരു മകനാണ് ഈ അമ്മാവന്‍. ബാക്കി നാലും പെണ്ണുങ്ങളാണ്. എന്റെ ഒരേയൊരു അമ്മാവന്‍. അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. ആ കാലത്തെ ഓണം ഒരു ദു:സ്വപ്‌നം പോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. എല്ലായിടത്തും കുട്ടികള്‍ പൂക്കളൊക്കെ പറിക്കാന്‍ പോകുമ്പോള്‍ അതിനൊന്നും മനസ്സില്ലാതെയായിരുന്നു എന്റെ ഓണക്കാലം.

പൊതുപ്രവര്‍ത്തന തിരക്കുകള്‍ക്കിടയിലെ ഓണം

പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ ഏറിയപ്പോഴും ഓണാഘോഷങ്ങളില്‍ ഉപേക്ഷ വരുത്തിയിട്ടില്ല. എന്നാല്‍ ഓരോ ദിവസവും പൂക്കളം തീര്‍ത്ത് ഓണപ്പരിപാടികളില്‍ മുഴുകി ഓണമാഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഏറ്റവും സങ്കടകരമായ കാര്യം എന്താണെന്നാല്‍, ഞങ്ങള്‍ കുട്ടിക്കാലത്ത് നാട്ടിന്‍പുറത്ത് ഉല്ലസിച്ചുനടന്നതു പോലെ ഓണം ആഘോഷിക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്കും അവകാശമുണ്ടല്ലോ. എന്നാല്‍ എന്റെ മക്കള്‍ ജനിക്കുമ്പോഴേക്ക് ഞാന്‍ പൊതുപ്രവര്‍ത്തനത്തില്‍ ഇടപെട്ടിരുന്നു. അവര് 86 ലും 87 ലുമാണ് ജനിക്കുന്നത്. അപ്പോള്‍ ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നന്നായി മുഴുകി കഴിഞ്ഞിരുന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമൊക്കെയായിരുന്നു അപ്പോള്‍. ദിവസവും പരിപാടികളുണ്ടാകും. അതിനായുള്ള ഓട്ടത്തിലാണ്. അതിനിടയില്‍ സ്‌കൂളില്‍ പോകണം, പഠിപ്പിക്കണം. അതിന്റെയെല്ലാം ഇടയില്‍ വീട്ടില്‍ തന്നെ തങ്ങി കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവരെ പൂക്കള്‍ ശേഖരിക്കാന്‍ അയക്കാനും പൂക്കളമൊരുക്കാനുമൊന്നും കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും ചുറ്റുവട്ടത്തെ കാട്ടിലും പാടത്തുമൊക്കെ പൂക്കളും കുറഞ്ഞു തുടങ്ങിയിരുന്നു. അതുകൊണ്ട് വീടിന് പരിസരത്തെ പൂക്കളൊക്കെയാണ് മക്കള്‍ ശേഖരിച്ചിരുന്നത്. അവര്‍ക്കൊപ്പം പൂര്‍ണമായി അതില്‍ മുഴുകാന്‍ സാധിക്കാത്തതിന്റെ വിഷമമുണ്ടായിരുന്നു. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവര്‍ക്കൊപ്പം പൂക്കളും തീര്‍ക്കാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരാനും ശ്രദ്ധിച്ചിരുന്നു. 


സാമൂഹികപ്രവര്‍ത്തകരായി മാറുമ്പോള്‍ ഓണം പൊതു ആഘോഷമായി മാറുകയും അതിനൊപ്പം പങ്കുചേരുകയും ചെയ്യേണ്ടിവരും. അപ്പോള്‍ കുടുംബവുമൊത്തുള്ള ഓണാഘോഷത്തിന് നമ്മള്‍ തന്നെ സമയം കണ്ടെത്തണം. എല്ലാ ഓണക്കാലത്തും ഓണാഘോഷ പരിപാടികള്‍ക്ക് പോകേണ്ടിവരും. അപ്പോള്‍ വീട്ടിലെ സ്വകാര്യ നിമിഷങ്ങള്‍ തീരെ കുറഞ്ഞുപോകുന്നു എന്നൊരു ബുദ്ധിമുട്ട് അതിനകത്തുണ്ട്. എങ്കിലും ഓണത്തിന് വീട്ടില്‍ രാവിലെ മുതല്‍ പൂക്കളമൊരുക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇപ്പോഴും സമയം കണ്ടെത്താറുണ്ട്. അപ്പോഴും പരിപാടികള്‍ വച്ച് ആളുകള്‍ വിളിക്കും. തിരുവോണ ദിവസം കഴിയുന്നതും രാവിലെ പൊതുപരിപാടികള്‍ക്ക് പോകില്ല. വൈകിട്ട് പോകേണ്ടിവരും. എന്തെങ്കിലും പരിപാടി ഉറപ്പായും ഉണ്ടാകും. 

എന്റെ വീട്ടിലുള്ളതു പോലെ തന്നെ കല്യാണം കഴിഞ്ഞ് ഭാസ്‌കരേട്ടന്റെ വീട്ടില്‍ വന്നപ്പോഴും കുടുംബസമേതമാണ് ഓണമാഘോഷിക്കുക. ഓണത്തിനും വിഷുവിനുമെല്ലാം ഞങ്ങളെല്ലാവരും ഒന്നിച്ചുചേരും. ഭാസ്‌കരേട്ടന്റെ സഹോദരി, സഹോദരന്‍ അവരുടെ കുടുംബം.. ഞങ്ങടെ ഈ മൂന്നു കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നിട്ടാണ് ഓണം ആഘോഷിക്കുക. അപ്പോള്‍ മറ്റു സമുദായത്തിലുള്ളവരേയും ഉച്ചയ്ക്ക് ഓണമുണ്ണാന്‍ വിളിക്കും. അവരൊന്നും വരാതെ ഭാസ്‌കരേട്ടന് തൃപ്തിയാകില്ല. ഭാസ്‌കരേട്ടന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലത്ത് ഇതര മതത്തിലെ കൗണ്‍സിലര്‍മാരെയെല്ലാം ഓണത്തിന് വിളിച്ച് അവരുടെയെല്ലാം കൂടെയിരുന്ന് ഊണ് കഴിക്കുമ്പോള്‍ കിട്ടുന്നൊരു സുഖം വേറെയില്ല. 


പ്രകൃതി മാറുന്നു, ഓണം മാറുന്നു

ഞങ്ങളുടെ കുട്ടിക്കാലത്ത് പൂക്കളുടെ ധാരാളിമ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. എന്റെ മക്കളുടെ കുട്ടിക്കാലത്ത് പൂക്കള്‍ നല്ലതുപോലെ കുറഞ്ഞു. പഴയ പല പൂക്കളും കാണാനേ കിട്ടുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്നതിന്റെയടുത്ത് കാശിത്തുമ്പയൊന്നും ഇല്ലായിരുന്നു. കാക്കപ്പൂവും അരിപ്പൂവുമൊന്നും വയല്‍വരമ്പിലും കുന്നിലുമില്ല. മക്കള്‍ക്ക് ഇതൊക്കെ കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ പൂക്കള്‍ ധാരാളമായി വളര്‍ന്നുനില്‍ക്കുന്ന ഒരു കാഴ്ച അവര്‍ക്ക് അന്യമായിരുന്നു. കൃഷി കുറഞ്ഞതും വയലിലും പ്രകൃതിയിലുമെല്ലാം വന്ന മാറ്റവുമായിരിക്കാം വയല്‍പൂക്കളെല്ലാം കുറയാന്‍ കാരണം. പുതിയ തലമുറയ്ക്ക് ഇതൊന്നും പരിചയമാകാതെ പോകുന്നു എന്ന സങ്കടം തോന്നാറുണ്ട്. എങ്കിലും ഓണം ആഘോഷിക്കാനായി മക്കള്‍ പൂവ് വാങ്ങിക്കൊടുക്കാന്‍ പറയും, വാങ്ങിക്കൊടുക്കും. അങ്ങനെ പൂക്കളമൊരുക്കും. ഇപ്പോള്‍ എന്റെ മക്കള്‍ക്ക് മക്കളായി. അവരും കുഞ്ഞുമക്കളെ കാണിക്കാനായി പൂക്കളം ഒരുക്കുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ ആ സമ്പന്നമായ ഓര്‍മ്മകള്‍ പുന:സൃഷ്ടിക്കാനാകുന്നില്ല. എല്ലാവരും ഒത്തുചേര്‍ന്നു തന്നെ ഓണം ആഘോഷിക്കുന്നുണ്ട്. എന്നാല്‍ പ്രകൃതിയുമായി ഒത്തുചേര്‍ന്നൊരു ഓണാഘോഷമാക്കി മാറ്റാനാകുന്നില്ല. ചെറിയ മക്കള്‍ക്ക് അവരുടെ ഈ അനുഭവം അവരുടെ മികച്ച ഓണാഘോഷമായി കാണും. നമുക്ക് പഴയ തലമുറയ്ക്ക് പഴയ സമ്പന്നമായ ഓണക്കാലം കണ്ടതുകൊണ്ടാണ് പുതിയ കാലം അത്രത്തോളം ആര്‍ദ്രത കൈവരിക്കുന്നില്ല എന്ന തോന്നലുണ്ടാകുന്നത്. 

ഇപ്പോള്‍ എല്ലാവരും ഒന്നിച്ച് ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും ഒത്തുചേര്‍ന്ന് ആഹാരം ഉണ്ടാക്കുന്നതിലെ അധ്വാന സുഖമൊന്നും പലയിടത്തും ഇപ്പോള്‍ കിട്ടുന്നില്ല. പലപ്പോഴും ഇന്‍സ്റ്റന്റ് ഓണമായിപ്പോകുന്നുണ്ടെന്ന് തോന്നാറുണ്ട്. പലരും ഓണസദ്യ പുറത്ത് ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഹോട്ടലില്‍ നിന്ന് നല്ല രുചിയില്‍ ഓണസദ്യ കിട്ടാറുണ്ടെന്ന് പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും വീട്ടില്‍ തേങ്ങയൊക്കെ അരച്ചുണ്ടാക്കുന്ന സാമ്പാറിന്റെയും കറികളുടെയും രുചിയൊന്നും എനിക്കൊരിക്കലും പുറത്തുനിന്ന് അനുഭവപ്പെടാറില്ല. പക്ഷേ പലര്‍ക്കും ഓണസദ്യയുടെ രുചി ഹോട്ടലിലൂടെ ലഭിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ഗള്‍ഫിലൊക്കെ ഇത്തരം പാക്കേജുണ്ട്. മോനൊക്കെ അത് പറയാറുണ്ട്. പക്ഷേ കഴിയുന്നതും എല്ലാവരും ഒത്തുചേര്‍ന്ന് സദ്യയൊരുക്കുന്നതാണ് ഏറ്റവും നല്ല അനുഭവമെന്ന് എനിക്ക് ഇപ്പോഴും തോന്നാറുണ്ട്.


തെക്കന്‍ ജില്ലകളിലൊക്കെ മൂന്നും നാലും ദിവസത്തെ ഓണാഘോഷമുണ്ട്. ഉത്രാട നാളിലും തിരുവോണത്തിനുമാണ് മലബാറില്‍ പ്രധാനമായും ഓണം ആഘോഷിക്കുന്നത്. ഈ രണ്ടു ദിവസം കഴിയുന്നതും പൊതുപ്രവര്‍ത്തന തിരക്കൊക്കെ മാറ്റിവച്ച് വീട്ടില്‍ എത്താറുണ്ട്. മഹിളാ അസോസിയേഷന്റെ സെക്രട്ടറി ആയിരുന്ന സമയത്ത് മഹിളാ അസോസിയേഷന്റെ യൂണിറ്റുകള്‍ ഓണാഘോഷം നടത്തണം എന്ന് തീരുമാനിച്ചിരുന്നു. ചിലയിടത്ത് ഡിവൈഎഫ്‌ഐയുമായും ബാലസംഘവുമായും ചേര്‍ന്നുകൊണ്ടും ചിലയിടത്ത് ക്ലബ്ബുകളും വായനശാലകളുമായി ചേര്‍ന്നുകൊണ്ടും ചിലയിടത്ത് മഹിളാ അസോസിയേഷന്‍ തനിച്ചും ഓണാഘോഷം നടത്താറുണ്ട്. അതില്‍ നേതൃത്വപരമായി ഇടപെടാനും വിജയമാക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 

കൗതുകകരമായ ഓണാനുഭവം

സാഹസികമായി പൂക്കള്‍ ശേഖരിക്കുക എന്നതു തന്നെയാണ് ഏറ്റവും കൗതുകകരമായ ഓര്‍മ്മ. കുന്നിലും കാട്ടിലും ഉയരത്തിലുമൊക്കെ കേറി പൂ പറിക്കും. എത്ര പൂക്കള്‍ പറിച്ചാലും മതിയാകില്ല. ഒരിക്കല്‍ പൂക്കള്‍ പറിച്ചുപറിച്ച് ഒരു മണ്‍തിട്ടയില്‍ കയറി പൂപറിക്കുമ്പോള്‍ തിട്ടയിലെ മണ്ണ് ഊര്‍ന്ന് താഴേക്കുവീണ് പരിക്കേറ്റ അനുഭവമുണ്ട്. അതിന് വീട്ടില്‍നിന്ന് വഴക്കൊക്കെ കേട്ടു. പക്ഷേ എന്നാലും നമ്മള്‍ വീണ്ടും സാഹസികമായ പൂപറിക്കല്‍ യാത്ര തുടരും. കൂട്ടത്തിലെ ഏതെങ്കിലും കുട്ടിയെ മാവേലി വേഷം കെട്ടിച്ച് കുടയൊക്കെ ചൂടി ചെണ്ടകൊട്ടി നാടു മുഴുവന്‍ സഞ്ചരിച്ചിരുന്നത് കുട്ടിക്കാലത്തെ മറ്റൊരു നല്ല ഓണം ഓര്‍മ്മയാണ്. ഇതിലൊക്കെയുപരി ഓണക്കോടി കിട്ടും എന്നതാണ് ഓണത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാര്യം. 


സമൂഹത്തിനും ഓണത്തിനും മാറ്റം വന്നു

ഓണം സമഭാവനയുടെ സങ്കല്‍പ്പമാണ്. മാവേലി നാടു വാണിടും എന്ന പാട്ടിലുള്ളത് എന്തൊരു മഹത്തരമായ സങ്കല്‍പ്പമാണ്. കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം. കള്ളപ്പറയും ചെറുനാഴിയും ആധികളും വ്യാധികളും ഇല്ലാത്ത കാലം.. അങ്ങനെയൊരു രാജാവും ഭരണകാലവും ഉണ്ടായിരുന്നിരിക്കാം. അത്ര സുന്ദരമായ ഒരു വ്യവസ്ഥിതിയില്‍ മാറ്റം വന്നു. അടിമയും ഉടമയും ജ•ിയും കുടിയാനുമുണ്ടായി. ലാഭേച്ഛ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന മുതലാളിത്തം എല്ലായിടത്തും പിടിമുറുക്കി. ഇത് അതിസമ്പന്നരെയും അതിദരിദ്രരെയും സൃഷ്ടിച്ചു. ഇപ്പോള്‍ അതാണ് ലോകം അനുഭവിക്കുന്ന അവസ്ഥ. ഇത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ട് സമഭാവനയുടെ ആഘോഷമായ ഓണത്തെ സന്തോഷത്തോടെ വരവേല്‍ക്കുകയും എല്ലായിടത്തും സോഷ്യലിസത്തിന്റെ സമഭാവന പുലരുന്ന ചൂഷണമില്ലാത്ത നല്ലൊരു നാളെയെ പ്രതീക്ഷിക്കുകയും ചെയ്യുകയാണ് നാം വേണ്ടത്. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആശയവും ഇതു തന്നെയാണ്. ഓണവും കമ്മ്യൂണിസവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതും ഇത്തരത്തില്‍ തന്നെ.

കാണം വിറ്റും ഓണം ഉണ്ണുക എന്ന പ്രയോഗത്തിനും വലിയ അര്‍ഥവ്യാപ്തിയുണ്ട്. അതിദരിദ്രമായിരുന്ന ഒരു കാലത്ത് എത്ര പ്രയാസപ്പെട്ടായാലും ഓണദിവസത്തില്‍ സദ്യയൊരുക്കാന്‍ എല്ലാവരും തയ്യാറാകും. ഇപ്പോള്‍ കേരളത്തിന് അങ്ങനെയൊരു ദാരിദ്രമായ സാമൂഹികാവസ്ഥയില്ല. വിഭവങ്ങള്‍ എല്ലാവരിലേക്കും കൃത്യമായി എത്തുന്ന ഭരണനിര്‍വ്വഹണ സംവിധാനം നമുക്കുണ്ട്. ഇന്ന് ഓണം ഉണ്ണാന്‍ കാണം വില്‍ക്കുകയൊന്നും വേണ്ട. മിക്കവാറും വീട്ടില്‍ എന്നും ഓണസദ്യ തന്നെയാണ്. മൂന്നും നാലും കറികള്‍ കൂട്ടിയാണ് മിക്ക വീടുകളിലും ഉണ്ണുന്നത്. അതുകൊണ്ടുതന്നെ ഓണസദ്യയ്ക്ക് മുമ്പുണ്ടായിരുന്ന രുചി കുറഞ്ഞുപോയതായും തോന്നാം. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഓണസദ്യ പ്രത്യേക അനുഭവമായി തോന്നണമെന്നില്ല. അവര്‍ അധികം കഴിക്കണമെന്നുമില്ല. ഞങ്ങളുടെ കുട്ടിക്കാലത്ത് ഓണദിവസം വറുത്തരച്ച സാമ്പാറൊക്കെ കൂട്ടി നല്ല മണവും രുചിയുമായി വയറുമുട്ടെ കഴിക്കുമായിരുന്നു. മലബാര്‍ മേഖലയില്‍ ഓണത്തിനും നല്ല മത്സ്യവും മാംസവുമൊക്കെ നിര്‍ബന്ധമാണ്. കോഴിയിറച്ചിയൊക്കെ എപ്പോഴെങ്കിലുമാണ് വാങ്ങാറ്. ഓണത്തിന് ഇറച്ചിയൊക്കെ ഉണ്ടാകും. എപ്പോഴെങ്കിലും കഴിക്കുമ്പോള്‍ ആഹാരത്തിന് കിട്ടുന്ന ഒരു പ്രത്യേക സ്വാദുണ്ട്. അതായിരുന്നു ഞങ്ങള്‍ ഓണസദ്യയില്‍ അനുഭവിച്ചിരുന്നത്. 


ഓണത്തിനും സമൂഹത്തിനും വലിയ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ ഓലപ്പുരകള്‍ കാണാനാകില്ല. നല്ല റോഡുകളും പാലങ്ങളും വാഹനസൗകര്യങ്ങളും വന്നു. വലിയ തോതില്‍ നാട് മാറി. അതിനനുസരിച്ച് ഓണവും മാറിയിട്ടുണ്ട്.

കുടുംബവും പൊതുപ്രവര്‍ത്തനവും

രാഷ്ട്രീയപ്രവര്‍ത്തകരെ സംബന്ധിച്ച് കുടുംബവും പൊതുപ്രവര്‍ത്തനവും നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇതു രണ്ടും ഒരുമിച്ച് കൊണ്ടുപോകണം. കുടുംബം സമൂഹത്തിന്റെ ഒരു യൂണിറ്റാണ്. സാമൂഹികപ്രവര്‍ത്തകര്‍ കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ്. എന്നാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും മറന്ന് പുറത്ത് ചെലവഴിക്കുന്നതും ശരിയല്ല. രാഷ്ട്രീയപ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വളരെ പ്രയാസകരമാണ്. കുട്ടികളുടെ വളര്‍ച്ചയും കളികളും കൊഞ്ചലുമെല്ലാം വലിയ അനുഭവങ്ങളാണ്. പക്ഷേ രാവിലെ മുതല്‍ രാത്രി വരെ രാഷ്ട്രീയ, പൊതുപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുടുംബത്തിലെ ഇത്തരം നുറുങ്ങു സന്തോഷങ്ങള്‍ പലതും നഷ്ടമാകും. എങ്കിലും ഒത്തുചേരുന്ന സമയത്ത് പരസ്പരം വര്‍ത്തമാനം പറഞ്ഞും പാട്ടുപാടിയും തമാശ പറഞ്ഞും ഇതു നികത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്. വീട്ടിലെത്തിയാല്‍ പോയ സ്ഥലത്തെ വിശേഷങ്ങളും സന്തോഷ വര്‍ത്തമാനങ്ങളും പറഞ്ഞ് കുടുംബവുമായുള്ള ആ പാലം വിട്ടുപോകാതെ സൂക്ഷിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. രാഷ്ട്രീയവും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമാണ്. ഇത് രണ്ടും യോജിപ്പിക്കുന്നതിലാണ് സൗന്ദര്യമിരിക്കുന്നത്.


ഹാ
പ്പിനെസ് ഇന്‍ഡെക്‌സ് വര്‍ധിപ്പിക്കണം

ലോകത്തെ സന്തോഷസൂചികയുടെ പട്ടികയില്‍ ഇന്ത്യ വളരെ പിറകിലാണ്. സന്തോഷമില്ലാത്ത ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കേരളവും ഇക്കാര്യത്തില്‍ പുരോഗതി പ്രാപിക്കേണ്ടതുണ്ട്. ഈ ഹാപ്പിനെസ് ഇന്‍ഡെക്‌സ് വര്‍ധിപ്പിക്കണമെന്നതായിരിക്കണം ഓണക്കാലത്തെ നമ്മുടെ ലക്ഷ്യം. വര്‍ഗീയ ലഹളകളില്ലാതെ, ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഇന്ത്യയിലെ പൗരന്മാരാണ് എന്ന നിലയില്‍ ഒരുമിച്ച് ചേര്‍ന്ന് ആ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. അത് നഷ്ടപ്പെടുത്താന്‍ ഒരു ഭാഗത്തുനിന്ന് വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭരണഘടന പോലും വെല്ലുവിളിയിലാണ്. ഓണക്കാലത്ത് നമ്മള്‍ മുന്നോട്ടുവയ്‌ക്കേണ്ട വലിയൊരു സന്ദേശം ഭരണഘടനയെ തകര്‍ക്കില്ലായെന്നും മതേതരത്വത്തെ സംരക്ഷിക്കും എന്നതു കൂടിയാണ്. 

ജനങ്ങളുടെ സ്‌നേഹം

രാഷ്ട്രീയരംഗത്ത് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റാനാകും എന്നാണ് എനിക്ക് തോന്നുന്നത്. ധാരാളം വിമര്‍ശനങ്ങളൊക്കെ ഉണ്ടാകും. ആ വിമര്‍ശനങ്ങള്‍ പോസിറ്റീവായി എടുത്താല്‍ നമ്മള്‍ ആ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കുറേക്കൂടി മുന്നേറും. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലും മന്ത്രി ആയതിനു ശേഷവും ഞാന്‍ പരിശ്രമിച്ചിട്ടുള്ളത് നമ്മള്‍ കാണുന്ന ഈ സ്വപ്‌നത്തിലേക്ക് എത്തിച്ചേരും വിധം സമൂഹത്തെ എങ്ങനെ മാറ്റിയെടുക്കാം എന്നതിനാണ്. ഒരു നാടിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇത് എളുപ്പം സാധിക്കില്ല. വളരെ പ്രയാസകരമായി വാശിയോടെ ഇടപെട്ട് മത്സരിച്ച് സാധിച്ചെടുക്കേണ്ടി വരും. ഇത് സാധിച്ചെടുക്കുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. അത് വളരെ വലുതാണ്. പേരാവൂര്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ഉരുപ്പംകുറ്റി എന്ന മലമ്പ്രദേശത്ത് വൈദ്യുതി എത്തിച്ചത് അതുപോലെയുള്ള ഒരു അനുഭവമാണ്. അവിടത്തെ ജനങ്ങള്‍ ഇപ്പോഴും അത് ഓര്‍മ്മിക്കുന്നുണ്ട്. അങ്ങനെയുള്ള നൂറുനൂറനുഭവങ്ങളുണ്ട്. 


മന്ത്രിയായപ്പോള്‍ തന്നെയാണ് ജനങ്ങളുടെ ഈ സ്‌നേഹം കൂടുതലായി അനുഭവിക്കാനായത്. മന്ത്രി എന്ന നിലയിലുള്ള മികവ് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം. പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താന്‍ സാധിച്ചത് അത്തരത്തിലുള്ള അനുഭവമാണ്. പ്രതിസന്ധികള്‍ വരുമ്പോള്‍ ഇതേ അവസ്ഥയാണ്. ഭയചകിതരായി നില്‍ക്കുന്ന ഒരു ജനതയുടെ മുന്നില്‍ ഭയം കാണിക്കാന്‍ ഒരു മന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ സാധിക്കില്ല. അപ്പോള്‍, ഇത് നമുക്ക് ഒരുമിച്ച് നേരിടാം എന്നു പറഞ്ഞ് ധൈര്യം നല്‍കുകയാണ് വേണ്ടത്. നിപ്പ വൈറസ് വെല്ലുവിളി ഉയര്‍ത്തിയ വേളയില്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. ഇങ്ങനെ നിരന്തരമായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കൊരു സ്‌നേഹമുണ്ടാകും. ആ സ്‌നേഹത്തിനെ മറ്റാര്‍ക്കും തല്ലിക്കെടുത്താന്‍ പറ്റില്ല. ഒരുപക്ഷേ അപവാദപ്രചരണമോ ബോധപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാനുള്ള പരിശ്രമമോ ഒക്കെയുണ്ടാകാം. മാധ്യമങ്ങളും അതിന് കൂട്ടു നിന്നേക്കാം. നമുക്ക് സ്വയം വിശ്വാസമുണ്ടെങ്കില്‍ പ്രശംസയിലോ കുറ്റപ്പെടുത്തലിലോ അമിതമായി വീണുപോകില്ല. നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രം മതി. ജനങ്ങള്‍ സ്‌നേഹിച്ചോളും. ആ സ്‌നേഹം ഇപ്പോഴും എനിക്ക് കിട്ടുന്നുണ്ട്. കുട്ടികളും പ്രായമുള്ളവരുമൊക്കെ ഒരു വിളിയിലും മറ്റും ഈ സ്‌നേഹം സദാ പ്രകടിപ്പിക്കുന്നുണ്ട്. അതെല്ലാം നമുക്ക് കൂടുതല്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ്. പ്രായവും സാഹചര്യവും അനുവദിക്കുന്നിടത്തോളം പ്രവര്‍ത്തിക്കും. ഇന്ന മേഖലയില്‍ എന്നൊന്നുമില്ല. നമുക്ക് എവിടെയാണോ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അവിടെനിന്ന് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. അതാണ് എന്റെ ആഗ്രഹം. 

അക്ഷരകൈരളി, 2022 ആഗസ്റ്റ്-സെപ്റ്റംബര്‍

No comments:

Post a Comment