ആഗ്രഹിച്ച ജീവിതം നഷ്ടപ്പെട്ടിടത്തു നിന്ന് തിരിച്ചു കിട്ടുന്നുവെന്ന തോന്നലുളവാക്കിക്കൊണ്ട് വീണ്ടുമത് തട്ടിയകന്നു പോകുമ്പോഴത്തെ ബാലചന്ദ്രന്റെ നിസ്സഹായത നഷ്ടപ്രണയത്തിന്റെ എക്കാലത്തെയും മായാത്ത ചിത്രമാണ്. നമ്മളെ പോലെ സ്നേഹിക്കാന്‍ നമുക്കേ കഴിയൂ. ബാലേട്ടന്‍ പോകണം. കുട്ടികള്‍ക്കൊപ്പം സന്തോഷമായി ജീവിക്കണം എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് നന്ദിനി അയാളെ യാത്രയാക്കുമ്പോള്‍ ഇരുവരുടെയും ഉള്ളം കരയാതെ കരയുന്നുണ്ടാകണം. എത്ര ആശ്വാസവാക്കാലും മായ്ക്കാനാകാത്തവണ്ണം പ്രണയത്തിന്റെ അദൃശ്യമായ നൂലിഴ അവരില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. കൈവെള്ളയില്‍ നിന്ന് എത്താമരക്കൊമ്പിലേക്ക് ഒരിക്കല്‍കൂടി അകന്നുപോകുന്ന സ്വപ്നം കണ്ട ജീവിതം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന ബോധ്യം ഇരുവരെയും വല്ലാതെ വീര്‍പ്പുമുട്ടിച്ച് പിടിമുറുക്കുന്നുണ്ട്. നന്ദിനിയെ വിട്ട് കാറ് അകന്നുപോകുമ്പോള്‍ ബാലചന്ദ്രന്റെ നിസ്സഹായതയും തീരാനഷ്ടവും നിഴലിക്കുന്ന മുഖം നമ്മെ വല്ലാതെ നോവിപ്പിക്കും, പിന്തുടര്‍ന്ന് വേട്ടയാടും. ബാലചന്ദ്രനും നന്ദിനിയും ഒരുമിക്കേണ്ടവരായിരുന്നു എന്ന തോന്നല്‍ അവരുടെ ബന്ധത്തിന്റെ ആഴം പോലെ നമ്മളിലും അത്രമാത്രം വേരാഴ്ത്തിയിരിക്കുന്നു.
മോഹന്റെ പക്ഷേ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളാണ് മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബാലചന്ദ്രനും നന്ദിനിയും. പ്രണയം പശ്ചാത്തലമായി വരുന്ന മലയാള സിനിമകളില്‍ എക്കാലവും കാണികളെ പിന്തുടരുന്ന ക്ലൈമാക്‌സുകളില്‍ ഒന്നാണ് പക്ഷേയിലേത്. പ്രതികൂല സാഹചര്യങ്ങളാല്‍ ഒന്നിക്കാന്‍ കഴിയാതെ പോയ നന്ദിനിക്കും ബാലചന്ദ്രനും ഒരുമിച്ചു ജീവിക്കാന്‍ ഒരവസരം കൂടി കാലം നല്‍കുകയാണ്. പൊരുത്തക്കേടുകള്‍ നിറഞ്ഞ ദാമ്പത്യത്തില്‍ നിന്നുള്ള വിടുതി പ്രഖ്യാപിക്കല്‍ കൂടിയായിരുന്നു ബാലചന്ദ്രനത്. എന്നാല്‍ ജീവിതം ഒരിക്കല്‍കൂടി പരുഷമായ യാഥാര്‍ഥ്യത്തിന്റെ മുഖം ബാലചന്ദ്രനു മുന്നില്‍ തുറന്നിടുമ്പോള്‍ അത് രണ്ടു മനുഷ്യര്‍ക്കിടയില്‍ ഒരു മനുഷ്യായുസ്സില്‍ തീരാനിടയില്ലാത്ത തീവ്രമായ സങ്കടത്തിലേക്കു കൂടി വലിച്ചിടുകയായിരുന്നു.
പക്ഷേയിലെ ക്ലൈമാക്‌സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അതിതീവ്രമായ ഒരു വൈകാരികാടുപ്പത്തിന്റെ ഒന്നുചേരാനുള്ള വെമ്പലാണ് ഒരു വശത്തെങ്കില്‍ അനിവാര്യമായ കൂടിച്ചേരലാണ് മറുവശത്ത് സംഭവിക്കുന്നത്. ഇതില്‍ ഏതിനോടു വേണമെങ്കിലും പ്രേക്ഷകന് ചേര്‍ന്നുനില്‍ക്കാം. സമൂഹം ശരിയെന്നു നിശ്ചയിച്ചിട്ടുള്ള അനിവാര്യതയോടൊപ്പമാണ് ഈ സിനിമ ചേരുന്നത്.
മുഖ്യധാരാ സിനിമയില്‍ പ്രണയം കഥാപശ്ചാത്തലമാകുന്നവ ഭൂരിഭാഗവും ശുഭപര്യവസായി ആയിരിക്കുകയാണ് പതിവ്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളും അസംഭവ്യമെന്ന് തോന്നുന്ന കാര്യങ്ങളും സിനിമയില്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. സാധാരണ ജീവിതത്തില്‍ മതം, ജാതി, സാമ്പത്തികാന്തരം, നിറം, സാമൂഹിക പദവി, തൊഴില്‍ തുടങ്ങിയ വിവിധ ഘടകങ്ങളാല്‍ എതിര്‍ക്കപ്പെട്ടേക്കാവുന്ന ബന്ധങ്ങളെല്ലാം സിനിമയില്‍ അതിവേഗം പ്രശ്‌നവത്കരിക്കപ്പെടുകയും ശുഭകരമായ അന്ത്യത്തിലേക്ക് എത്തുകയുമാണ് പതിവ്. നടപ്പു ജീവിതത്തില്‍ എങ്ങനെ തന്നെയായിരുന്നാലും കലാരൂപത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ഉത്തമ ഗുണവാന്മാരായി ചിത്രീകരിച്ചു പോരുകയെന്ന കലാനുശീലനത്തില്‍ നിന്ന് രൂപപ്പെട്ടതാണിത്. വാണിജ്യ സിനിമകള്‍ ഭൂരിഭാഗവും ഇത്തരത്തില്‍ പ്രണയത്തെ ചിത്രീകരിച്ചപ്പോള്‍ പ്രണയനഷ്ടത്തെ വിഷയവത്കരിച്ചും സിനിമകളുണ്ടായി.
രണ്ടു വ്യക്തികള്‍ക്കിടയിലെ തീവ്രമായ അടുപ്പവും അവര്‍ക്ക് ഒന്നുചേരാനാകാതെ പോകുന്ന ജീവിത യാഥാര്‍ഥ്യവും സിനിമ പലകുറി വിഷയമാക്കിയിട്ടുണ്ട്. പലപ്പോഴും അവനവന്റെ ജീവിതത്തോട് ചേര്‍ത്തുവായിക്കാനും ബന്ധപ്പെടുത്താനും സാധിക്കുമ്പോഴാണ് ഈ സിനിമകള്‍ പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്നത്. പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്നതിലപ്പുറം ഭാഗ്യം മറ്റൊന്നുമില്ലല്ലോ. അതുകൊണ്ടുതന്നെ അതുളവാക്കുന്ന നഷ്ടബോധം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇത്തരം സിനിമകള്‍ സൃഷ്ടിക്കുന്ന വൈകാരികാവസ്ഥയും പ്രിയപ്പെട്ടതു തന്നെയായിരക്കും. മനുഷ്യരുടെ ഈ ആന്തരിക ചോദന തിരിച്ചറിഞ്ഞ് വാര്‍ക്കുന്നിടത്താണ് പ്രണയ സിനിമകളുടെ കെട്ടുറപ്പ് നിലകൊള്ളുന്നത്.
ഗൗരി തന്നെ തിരിച്ചറിയാതെ വരുമ്പോഴുള്ള നിസ്സഹായതയും അതുണ്ടാക്കുന്ന തിക്കുമുട്ടലും ഇനിയൊരിക്കലും അവള്‍ തനിക്ക് സ്വന്തമല്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുമായി നരേന്ദ്രന്‍ തിരിച്ചിറങ്ങുമ്പോഴത്തെ നഷ്ടബോധം അയാള്‍ക്കൊപ്പം പ്രേക്ഷകനിലും കനത്ത ശൂന്യത നിറയ്ക്കുകയായിരുന്നു. ഹൈറേഞ്ച് ഇറങ്ങി അകന്നുപോകുന്ന നരേന്ദ്രന്റെ കാറിന്റെ പശ്ചാത്തലത്തിലാണ് പത്മരാജന്റെ ഇന്നലെ അവസാനിക്കുന്നത്. ഒരു സിനിമ കണ്ടുതീര്‍ന്നിട്ടും എഴുന്നേല്‍ക്കാനാകാതെ നമ്മളെയത് കെട്ടിവരിഞ്ഞിടുന്ന അവസ്ഥയാണ് ഇന്നലെ കാഴ്ചക്കാരനില്‍ ഉളവാക്കുക. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ കാണിക്കുമ്പോള്‍ അതില്‍ ഒന്നിലെങ്കിലും ഗൗരി തന്നെ ഓര്‍മ്മിച്ചിരുന്നെങ്കിലെന്ന നരേന്ദ്രന്റെ പ്രതീക്ഷയും അതു പരാജയപ്പെടുമ്പോഴത്തെ നഷ്ടബോധവും അത്രയെളുപ്പം കാണിയില്‍ നിന്ന് പിടിയയഞ്ഞു പോകില്ല. എല്ലാ പ്രതീക്ഷകളും അവസാനിച്ച് തനിച്ചായിപ്പോകുന്ന നരേന്ദ്രനെ നമ്മള്‍ പിന്തുടരും. അയാളുടെ തീരാവേദനയെ ഇടയ്ക്കിടെ അയവിറക്കും. എന്നെങ്കിലും ഗൗരിയിലേക്ക് ഓര്‍മ്മയുടെ നനുത്ത നൂലിഴകള്‍ തിരിച്ചെത്തുമെന്നും ആ വേളയില്‍ അവള്‍ ഉറപ്പായും ആദ്യം ഓര്‍മ്മിക്കുക നരേന്ദ്രനെ തന്നെയായിരിക്കുമെന്നും വെറുതെയെങ്കിലും കാണികള്‍ പ്രതീക്ഷ വയ്ക്കും.
തന്നെ കാത്തിരിക്കുന്ന കൊലക്കയറെന്ന യാഥാര്‍ഥ്യം ഉള്ളില്‍ പേറിക്കൊണ്ടായിരുന്നു വിഷ്ണു അത്രയേറെ ചിരിച്ചതും കൂടെയുള്ളവരെ സന്തോഷിപ്പിച്ചതും. ആദ്യം തോന്നിയ ഇഷ്ടക്കേട് മാറി പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കുമുള്ള ചിന്ത വന്നു തുടങ്ങുമ്പോഴാണ് കല്യാണിയെ പിരിഞ്ഞ് വിഷ്ണുവിന് പോകേണ്ടി വരുന്നത്. അതൊരു അനിവാര്യതയായിരുന്നു. എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോയെന്നും ജീവിക്കാന്‍ ഇപ്പോഴൊരു കൊതി തോന്നുന്നുവെന്നും വിഷ്ണു പറയുമ്പോള്‍ അങ്ങനെയൊരു ഇളവ് നിയമം വിഷ്ണുവിന് അനുവദിച്ചിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും കല്യാണിക്കൊപ്പം ആഗ്രഹിച്ചുപോകുന്നവരാണ് പ്രേക്ഷകനും. പ്രിയദര്‍ശന്റെ ചിത്രം മലയാളി ഏറ്റവുമധികം ആവര്‍ത്തിച്ചു കണ്ടിട്ടുള്ള സിനിമകളിലൊന്നാണ്. സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ക്കും നിറഞ്ഞ ചിരിക്കുമപ്പുറം ഇങ്ങനെയൊരു നൊമ്പരത്തിന്റെ ഏട് ബാക്കിവച്ചതു കൊണ്ടായിരിക്കാം ഒരുമിക്കാതെ പോയ വിഷ്ണുവിനെയും കല്യാണിക്കുട്ടിയെയും നമ്മള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നത്.
ട്രാഫിക്ക് സിഗ്നലില്‍ ഇരുദിശകളിലേക്കായി തെളിയുന്ന പച്ചവെളിച്ചം ഗാഥയ്ക്കും ഉണ്ണിക്കും ഇരുവഴിയേ പോകാനുള്ള സൂചനയാണ്. ആ നിമിഷം ഇരുവരില്‍ ആരുടെയെങ്കിലും കണ്ണുകള്‍ അറിയാതെയെങ്കിലും ഒന്ന് ഉടക്കിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുന്നവരാണ് നമ്മള്‍. ഫോണ്‍ എടുക്കാത്തതും വീടിന്റെ താക്കോല്‍ വലിച്ചെറിയാന്‍ തോന്നിയതുമായ നിമിഷങ്ങളെ പഴിക്കുന്നവരാണ് ഏറിയ പങ്കും. കുഞ്ഞുകുഞ്ഞു വഴക്കും തെറ്റിദ്ധാരണകളും ആഗ്രഹിച്ച ജീവിതം അവര്‍ പോലും അറിയാതെ അവരില്‍നിന്ന് വഴിമറഞ്ഞു പോകുകയാണ്. എവിടെ അകന്നാലും ആരുടെ കൂടെ ജീവിച്ചാലും മറക്കില്ലെന്നും വെറുക്കില്ലെന്നും ഇരുവരും ആവര്‍ത്തിക്കുമ്പോഴും എവിടെ വച്ചെങ്കിലും അവര്‍ കണ്ടുമുട്ടുമെന്നതില്‍ കാണികള്‍ പ്രതീക്ഷ വയ്ക്കുന്നു.
ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കാണുന്ന ഉണ്ണികൃഷ്ണന്റെയും മീരയുടെയും ജീവിതത്തില്‍ കാലം കാത്തുവച്ചത് കുറേക്കൂടി പരുഷമായ മറ്റൊരു അടരായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ മറ്റു തടസ്സങ്ങളില്ലാതിരുന്ന വേളയിലാണ് ഉണ്ണിക്ക് മറ്റു ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത്. അങ്ങനെ മറ്റുള്ളവര്‍ക്കു വേണ്ടി സ്വപ്‌നം കണ്ട ജീവിതം വേണ്ടെന്നു വയ്‌ക്കേണ്ടിവരുന്നു. മീരയെ പിരിഞ്ഞുള്ള ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടില്ലാതിരുന്ന ഉണ്ണിക്ക് കരളു പറിയുന്ന വേദനയിലും അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വരുന്നു. ടി കെ രാജീവ്കുമാറിന്റെ പവിത്രത്തിലെ മീരയും ഉണ്ണിയും. മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുന്ന ത്യാഗത്താല്‍ ഒരുമിക്കാനാകാതെ പോകുന്ന രണ്ടുപേര്‍.
നഷ്ടപ്രണയത്തിന്റെ ഉദാത്ത ചിത്രണമായി എക്കാലവും മലയാളം വാഴ്ത്തിയിട്ടുള്ളത് രാമു കാര്യാട്ടിന്റെ ചെമ്മീനിനെയാണ്. കരയിലിരിക്കുന്ന അരയത്തിപ്പെണ്ണ് പിഴച്ചാല്‍ കടലില്‍പോയ അരയന് അപകടം സംഭവിക്കുമെന്ന മിത്തിനെയാണ് തകഴി നോവലാക്കി വികസിപ്പിച്ചത്. നോവലിന് ദൃശ്യഭാഷ്യം നല്‍കിയപ്പോള്‍ കറുത്തമ്മയും പരീക്കുട്ടിയും മലയാള സിനിമയ്ക്ക് മറക്കാനാകാത്ത പ്രണയികളായി. പ്രണയികളുടെ ഒരുമിക്കലിനേക്കാള്‍ മരണമാണ് അതിനെ അനശ്വരമാക്കിയത്. അതുകൊണ്ടു തന്നെയാണ് ഉദാത്തമെന്ന് പില്‍ക്കാലത്ത് അത് ആഘോഷിക്കപ്പെട്ടതും. മരണമാണ് പ്രണയത്തിന്റെ ശാശ്വതീകരണം എന്നതെല്ലാം തികച്ചും ആപേക്ഷികമായ ചിന്തയാണ്. എന്നാല്‍ക്കൂടി ചെമ്മീന്റെ വിജയത്തെ തുടര്‍ന്ന് പ്രണയികളുടെ മരണം ആഘോഷിക്കപ്പെടുന്ന പതിവ് തെല്ലിട മലയാള സിനിമയിലുണ്ടായി. ഒരു വിജയചിത്രത്തിന്റെ മാതൃക പിന്തുടരുകയെന്ന വിപണിയുടെ കേവല താത്പര്യത്തില്‍ നിന്ന് ഉണ്ടായതാണിത്.
സല്ലാപം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പഞ്ചാബിഹൗസ്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങിയ സിനിമകളില്‍ പ്രണയത്തിന്റെ ഒരു തരം വിട്ടുകൊടുക്കല്‍ കാണാനാകും. ഇത് ബോധപൂര്‍വ്വമുള്ള വിട്ടുകൊടുക്കല്‍ അല്ല. അത്യന്തം നിസ്സഹായമായ ഒരു ജീവിതാവസ്ഥയില്‍ മറ്റു വഴികളില്ലാതെയാണ് അവര്‍ പ്രിയപ്പെട്ടവരെ വിട്ടുനല്‍കാന്‍ തയ്യാറാകുന്നത്. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചെറുപ്രായത്തില്‍ ചുമലിലേറ്റേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലാണ് സല്ലാപത്തിലെ നായകന്‍ പ്രണയിനിയെ കൈവിടുന്നത്. ദാരിദ്ര്യം നിറഞ്ഞ ഗൃഹാന്തരീക്ഷത്തില്‍ ഒരാള്‍ക്കു കൂടി പായ് വിരിക്കാനുള്ള സ്ഥലം പോലുമില്ലെന്ന അങ്ങേയറ്റത്തെ ഗതികേടാണ് അയാള്‍ അവള്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നത്. തങ്ങളുടെ പ്രണയജീവിതം അങ്ങനെയാണ് രാധയ്ക്കും ശശിക്കുമിടയില്‍ മറ്റൊരു പരിസമാപ്തിയിലെത്തുന്നത്. വലിയൊരു നോവ് ഉള്ളിലൊളിപ്പിച്ചു ചിരിക്കുന്നവരാണ് കൃഷ്ണഗുഡിയിലെ മീനാക്ഷിയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയും. വീണ്ടും പ്രണയിക്കപ്പെടുന്നതിലെ സന്തോഷം അനുഭവിക്കുമ്പോഴും അവര്‍ക്കുള്ളില്‍ മറ്റാരുമറിയാത്ത യാഥാര്‍ഥ്യത്തിന്റെ നെരിപ്പോട് കെടാതെ എരിയുന്നുണ്ട്. ഈ കനലും തങ്ങളുടെ നിസ്സഹായതയും തിരിച്ചറിയുമ്പോഴാണ് നിരഞ്ജനും അഖിലചന്ദ്രനും തങ്ങളുടെ പ്രിയപ്പെട്ടവളെ മറ്റൊരാള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറാകുന്നത്. കുട്ടിക്കാലം തൊട്ട് സ്വന്തമെന്നു കണ്ട് സ്‌നേഹിച്ചയാളെയാണ് ഒരു സവിശേഷ സാഹചര്യത്തില്‍ സുജാത മറ്റൊരു പെണ്‍കുട്ടിക്ക് വിട്ടുകൊടുക്കുന്നത്. ഉള്ളില്‍ അത്രയധികം പ്രണയം സൂക്ഷിക്കുമ്പോഴും അയാളുടെ നല്ല ജീവിതം മാത്രം ആഗ്രഹിച്ചുകൊണ്ടാണ് അവളുടെ മനസ്സ് ഈ വിശാലതയിലേക്കെത്തുന്നത്. ഉടനീളം തുറന്ന ചിരി മാത്രം നല്‍കിക്കൊണ്ടാണ് റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസിലെ ഈ ക്ലൈമാക്‌സ് നോവ് പടര്‍ത്തുന്നത്.
വന്ദനത്തിന്റെ ക്ലൈമാക്‌സിന് സമാനമായി നേരിയ ഒരു അത്ഭുതം സംഭവിച്ചിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചുപോകുന്ന പശ്ചാത്തലമാണ് ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ, ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലേതും. ആദ്യം ഫോണ്‍കോളിലും പിന്നീട് ട്രാഫിക്ക് സിഗ്നലിലും പരസ്പരം നഷ്ടപ്പെടുന്ന വന്ദനത്തിലെ നായികാനായകന്മാരെ പോലെ റോഡിലെ മറ്റൊരു കുരുക്കില്‍ അകപ്പെട്ടാണ് അയാളും ഞാനും തമ്മിലിലെ നായകന് പ്രണയിനിയെ നഷ്ടമാകുന്നത്. ആ ഗതാഗതക്കുരുക്ക് എളുപ്പം നീങ്ങിയെങ്കിലെന്നും നായകന്‍ മറ്റേതെങ്കിലും വാഹനത്തില്‍ കയറി ലക്ഷ്യത്തിലെത്തിയിരുന്നെങ്കിലുമെന്ന് കാണികള്‍ ആഹ്രിച്ചുപോകും. എന്നെന്നും കണ്ണേട്ടനില്‍ ക്ലൈമാക്‌സില്‍ നായികാനായകന്മാര്‍ പരസ്പരം കാണുന്നില്ല. അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന രാധികയെ അവസാനമായി കാണാനുള്ള കണ്ണന്റെ ശ്രമം പരാജയപ്പെടുന്നതു പോലെ തന്റെ പ്രണയം പ്രകടിപ്പിക്കാനായി അവള്‍ കരുതിയ തൂവാല അവനു നല്‍കാനും ഉപേക്ഷിച്ചുപോയ തൂവാല അവന് കണ്ടെത്താനുമാകുന്നില്ല.
നഷ്ടപ്രണയത്തിന്റെ മറ്റൊരു ഉദാത്തീകരണം രഞ്ജിത്തിന്റെ ചന്ദ്രോത്സവത്തില്‍ കാണാനാകും. വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്തു നിന്ന് ജന്മനാട്ടില്‍ തിരിച്ചെത്തുന്ന ചിറയ്ക്കല്‍ ശ്രീഹരിയുടെ ഓര്‍മ്മകളിലൂടെയും ആത്മഭാഷണങ്ങളിലൂടെയുമാണ് ഇന്ദുലേഖയുമായുള്ള പ്രണയത്തിന്റെ ആഴം വെളിപ്പെടുന്നത്. എത്ര മായ്ച്ചിട്ടും മായാത്തത്രയും ആഴമുള്ള ഓര്‍മ്മകളും നഷ്ടവുമാണ് അവര്‍ക്ക് പരസ്പരം സംഭവിച്ചത്. അവളുടെ ജീവിതത്തിന് കാവലായി അയാള്‍ എപ്പോഴുമുണ്ടായിരുന്നു. ഒടുക്കം രോഗാതുരനായി ശ്രീഹരി ചികിത്സയ്ക്ക് പോകുമ്പോള്‍ ജീവിതത്തിലേക്കും നഷ്ടമായ പ്രണയകാലത്തിലേക്കും അവര്‍ തിരിച്ചെത്തുമെന്നതില്‍ പ്രതീക്ഷ വയ്ക്കാനാണ് കാണികള്‍ക്ക് താത്പര്യം.
മരണവും വിരഹവും വിളക്കി ചേര്‍ക്കാതെ പോയ ബന്ധങ്ങള്‍ അമരം, ക്ഷണക്കത്ത്, മിന്നാരം, മഴ, മേഘമല്‍ഹാര്‍, തീര്‍ഥാടനം, പ്രണയം, അന്നയും റസൂലും, എന്ന് നിന്റെ മൊയ്തീന്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളില്‍ കാണാം. ഒരു പ്രത്യേക സാഹചര്യത്തില്‍ പിരിയേണ്ടിവരികയും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുകും ചെയ്യുന്നവരാണ് മേഘമല്‍ഹാറിലെയും പ്രണയത്തിലേയും തീര്‍ഥാടനത്തിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷവും പരസ്പരം സൂക്ഷിച്ചു പോരുന്ന ബന്ധത്തിന്റെ ആഴം അവര്‍ തിരിച്ചറിയുന്നുണ്ട്. ജീവിതം മറ്റൊന്നാണെന്ന ബോധ്യവും ഒപ്പം അവരില്‍ ഉണ്ടാകുന്നു. എങ്കിലും പോയ കാലത്തെയും വര്‍ത്തമാനകാലത്തില്‍ അവിചാരിതമായി തിരിച്ചുകിട്ടിയ നല്ല നിമിഷങ്ങളെയും താലോലിക്കുന്നവരാണിവര്‍. തൊട്ടടുത്ത് സാന്നിധ്യമായി ഉണ്ടായിരുന്നിട്ടും ഒരുമിക്കാന്‍ കഴിയാതെ ജീവിതം നല്‍കുന്ന മറ്റൊരനുഭവമാണ് പൊറിഞ്ചുവിനും മറിയക്കുമുള്ളത്. എന്ന് നിന്റെ മൊയ്തീനില്‍ മൊയ്തീനും കാഞ്ചനയ്ക്കും മരണമാണ് ഒന്നിക്കാന്‍ വിഘാതമാകുന്നത്. ഇതില്‍ മറ്റൊരു അടരായി അപ്പുവിന് കാഞ്ചനയോടുള്ള നിഷ്‌കളങ്ക പ്രണയം കൂടി കടന്നുവരുന്നുണ്ട്.
തൂവാനത്തുമ്പികള്‍, രാമന്റെ ഏദന്‍തോട്ടം, മായാനദി എന്നീ സിനിമകളില്‍ സഫലമാകാത്തതെങ്കിലും തീവ്രമായ ബന്ധങ്ങളുടെ ആവിഷ്‌കാരങ്ങള്‍ കാണാനാകും. തൂവാനത്തുമ്പികളിലെ നായകനായ ജയകൃഷ്ണന് ആദ്യമായി തീവ്രാനുരാഗം തോന്നുന്നത് ക്ലാരയോടാണ്. തിരിച്ചും അതേ അടുപ്പം തോന്നുന്നുവെങ്കിലും ജീവിതത്തെ മറ്റൊരു വിതാനത്തില്‍ കാണുന്നയാളാണ് ക്ലാര. അതുകൊണ്ടുതന്നെ ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് പൂര്‍ണമായി കടന്നുചെല്ലാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. മാലിനിയും രാമനും ഒരുമിക്കേണ്ടവരായിരുന്നു എന്ന ചിന്ത അവശേഷിപ്പിച്ചാണ് രാമന്റെ ഏദന്‍തോട്ടം പൂര്‍ണമാകുന്നത്. എന്നാല്‍ രാമനാകട്ടെ ക്ലാരയെപ്പോലെ മറ്റൊരു ജീവിതം ആഗ്രഹിക്കുന്നയാളും തന്റെ സ്വകാര്യതകളെയും സന്തോഷങ്ങളെയും സ്വാതന്ത്ര്യങ്ങളെയും മാനിക്കുന്നയാളുമാണ്. മായാനദിയിലെ നായകന്‍ കളങ്കിതനാണ്. അയാളെ പ്രണയിക്കുന്നുവെങ്കിലും നായിക അതിന് പൂര്‍ണത നല്‍കാത്തത് ഈ കളങ്കം കൊണ്ടുതന്നെയാണ്. കൊലപാതകിയായ അയാളെ അനിവാര്യമായ അന്ത്യത്തിലേക്ക് പറഞ്ഞുവിടാന്‍ അവള്‍ തയ്യാറാകുന്നതും അതുകൊണ്ടുതന്നെ.
മാതൃഭൂമി ഓണ്‍ലൈന്‍, 2022 ഒക്ടോബര്‍ 14, ഷോ റീല്‍ 33
No comments:
Post a Comment