ഹൃദയശംഖില്‍ കോരിയെടുത്ത ഗംഗാതീര്‍ഥം പോലെ..സഹസ്രദള പത്മത്തില്‍ വീണ മഞ്ഞുതുള്ളി പോലെ.. നമ്മള്‍ കൊതിയോടെ, നിറവോടെ ലാളിച്ചുപോയി! മലയാളിയുടെ സിനിമാസ്വാദന ശീലത്തെ പോഷിപ്പിച്ച എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ദേവാസുരത്തിന്റെ നൂറാംദിന പോസ്റ്ററിലെ പരസ്യവാചകമാണിത്. ഈ വിഷുക്കാലത്ത് ദേവാസുരം എന്ന ജനപ്രിയ സിനിമ മലയാളി ജീവിതത്തിനൊപ്പം 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇക്കഴിഞ്ഞുപോയ മുപ്പതാണ്ടും മലയാളിയുടെ സിനിമാസ്വാദനത്തിലും ചര്‍ച്ചയിലും ദേവാസുരവും അതിലെ കഥാപാത്രങ്ങളും സജീവമായി ഉണ്ടായിരുന്നു. അതിനിടയില്‍ തലമുറ പലതു കടന്നുപോയി. ആഖ്യാന, സാങ്കേതിക, ആസ്വാദന ശൈലിയിലെ നിരവധിയായ മാറ്റങ്ങള്‍ക്ക് സിനിമ വിധേയമായി. അപ്പോഴെല്ലാം മേല്‍പരാമര്‍ശിച്ച നൂറാംദിന പോസ്റ്റര്‍ വാചകത്തിലെ അതേ ലാളിത്യവും പൂര്‍ണതയും തന്നെയാണ് മലയാളി ദേവാസുരമെന്ന സിനിമയോട് സൂക്ഷിച്ചുപോരുന്നത്.
അപൂര്‍വ്വം ചില സിനിമകള്‍ക്കു മാത്രമാണ് ഇവ്വിധം വര്‍ഷങ്ങളോളം ഒരു പ്രേക്ഷകസമൂഹത്തിന്റെ കാഴ്ചശീലത്തിന്റെ ഭാഗമാകാനും ദിനംദിനം നവ്യമാകുന്ന അനുഭൂതി ഭിന്ന തലമുറ കാണികള്‍ക്ക് പ്രദാനം ചെയ്യാനുമാകാറുള്ളത്. അത്തരമൊരു സിനിമാനുഭവമാണ് മലയാളിക്ക് ദേവാസുരം എന്ന ഐ.വി. ശശി-രഞ്ജിത് സിനിമ. വര്‍ഷങ്ങള്‍ക്കിപ്പുറവും ദേവാസുരത്തിന്റെ കാഴ്ചക്കാരില്‍ കുറവുണ്ടായിട്ടില്ല. സിനിമയിലെ ഓരോ രംഗവും പശ്ചാത്തലവും കഥാപാത്രങ്ങളും സംഭാഷണവും അവര്‍ക്ക് കാണാപ്പാഠമാണ്. മംലഗശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും ഭാനുമതിയും വാര്യരുമെല്ലാം അവര്‍ക്ക് തൊട്ടു പരിചിതവട്ടത്തുള്ള മനുഷ്യരാണ്. ഏഴിലക്കര ദേശവും ഭഗവതിയും ഉത്സവവും മംഗലശ്ശേരി തറവാടുമെല്ലാം കേവലം സിനിമയിലെ ഭൂമികയും പശ്ചാത്തലങ്ങളും മിത്തുകളുമല്ല, തങ്ങളുടെ ദേശപരിധിയിലുള്ളവ തന്നെയായി മാറുന്നു. സിനിമയെന്ന കലാരൂപത്തിന്റെ ജനപ്രിയത എത്രത്തോളമെന്നതിന് കാണികള്‍ സാക്ഷ്യംവയ്ക്കുന്ന നിദര്‍ശകമാകുന്നു ദേവാസുരം. വര്‍ഷങ്ങള്‍ കഴിയുന്തോറും വീര്യമേറുന്നൊരു വീഞ്ഞാണീ സിനിമ. അതിലെ കഥാപാത്രങ്ങളുടെ വീരസ്യത്തിനും ഗരിമയ്ക്കും പൊലിമ കുറഞ്ഞിട്ടേയില്ല. അവരുടെ സംഭാഷണങ്ങളുടെ മൂര്‍ച്ചയ്ക്കും ബന്ധങ്ങളുടെ ഇഴയടുപ്പത്തിനും വൈരത്തിന്റെ വീര്യത്തിനും യാതൊരു മാറ്റവുമില്ല.
ഒരു സിനിമ അതിന്റെ ഉളളടക്കം, ആഖ്യാനം, കഥാപാത്ര നിര്‍മ്മിതി, കഥാപശ്ചാത്തലം, ലൊക്കേഷന്‍ തുടങ്ങിയവയില്‍ ഏതിലെങ്കിലും പില്‍ക്കാല സിനിമകള്‍ക്ക് പ്രചോദനമേകുന്ന വിധം ശ്രദ്ധേയമാകുമ്പോഴാണ് അവയെ ട്രെന്‍ഡ് സെറ്റര്‍ എന്നു സിനിമാ വ്യവസായം വിളിക്കാറ്. മുപ്പതു വര്‍ഷം മുന്‍പ് റിലീസ് വേളയില്‍ ദേവാസുരം ഇപ്പറഞ്ഞ ഘടകങ്ങളിലെല്ലാം തന്നെ തരംഗം തീര്‍ക്കുകയായിരുന്നു. പൂര്‍വ്വമാതൃകയില്ലാത്ത സൃഷ്ടിയായിരുന്നു ദേവാസുരം. നിലനിന്നിരുന്ന വിജയഘടകങ്ങള്‍ യോജിപ്പിച്ച് ഗ്രാമീണ-ഹാസ്യ-കുടുംബ ചിത്രങ്ങള്‍ ഒരുക്കിപ്പോന്ന രഞ്ജിത്തിലെ തിരക്കഥാകാരന്‍ മുല്ലശ്ശേരി രാജഗോപാല്‍ എന്ന മനുഷ്യന്റെ ജീവിതത്തെ ദേവാസുരത്തിന്റെ കഥാപരിസരത്തിലേക്ക് മാറ്റിയെഴുതുകയായിരുന്നു. അത് രഞ്ജിത്തിന്റെ ഏറ്റവും പണിക്കുറ തീര്‍ന്ന ശില്‍പ്പമായി അടയാളപ്പെടുത്തപ്പെട്ടു. യഥാര്‍ഥ ജീവിതത്തില്‍ നിന്ന് സിനിമാറ്റിക്കായ അംശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് രാജഗോപാലിനെ നീലകണ്ഠനെന്ന പേരില്‍ സൃഷ്ടിച്ചു. നീലകണ്ഠന് എതിരിടാന്‍ മുണ്ടയ്ക്കല്‍ ശേഖരനെന്ന സാങ്കല്‍പ്പിക വൈരിയുടെ നിര്‍മ്മിതിയും നടത്തി. വള്ളുവനാടിന്റെയും ഭാരതപ്പുഴയുടെയും ഭൂമികയിലേക്ക് മലയാള സിനിമയുടെ ക്യാമറയെ കുറേക്കൂടി ആഴത്തില്‍ പറിച്ചുനടുക കൂടിയായിരുന്നു ഈ പാത്രസൃഷ്ടികള്‍ക്കൊപ്പം രഞ്ജിത്തും ഐ.വി ശശിയും സാധ്യമാക്കിയത്. അതില്‍പിന്നെ വള്ളുവനാടിന്റെയും ഭാരതപ്പുഴമണലിന്റെയും കേരളീയതയില്‍ നിന്ന് ഇതര കേരളീയ ഭൂപ്രകൃതിയിലേക്കും വീടകങ്ങളിലേക്കും മാറാന്‍ മലയാള സിനിമ പിന്നെയും ഏറെ വര്‍ഷങ്ങളെടുത്തു.
കുലം, ജാതി, നിലം, സമ്പത്ത്, തറവാട്ടുമഹിമ, പ്രൗഢി, തലയെടുപ്പ്, ബന്ധു-സുഹൃദ് വലയം എന്നിവയിലെല്ലാം ഏഴിലക്കര ദേശത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പാത്രസൃഷ്ടിയായിരുന്നു നീലകണ്ഠനും ശേഖരനും. ദേവനും അസുരനും എന്ന് എളുപ്പം രൂപപ്പെടുത്താവുന്ന ദ്വന്ദ്വങ്ങളില്‍ ഇവരെ സമം ചേര്‍ക്കുമ്പോഴും ആരാണ് ദേവനെന്നും അസുരനെന്നും ഒരു വേള സംശയം തോന്നുന്ന പാത്രസൃഷ്ടികളാകുന്നു ഇവ. ദേവാസുര സങ്കല്‍പ്പങ്ങളിലെ നന്മതിന്മ ദ്വന്ദ്വങ്ങള്‍ ഇരുവരിലും ഒരുപോലെ ആവേശിച്ചിട്ടുണ്ട്. ശേഖരനാണ് അസുരന്‍. എന്നാല്‍ നീലകണ്ഠനിലും പ്രതിനായക സ്വഭാവമുണ്ട്. അതേസമയം പൊറുക്കാനും സഹിക്കാനുമാകുന്ന, തെറ്റു പറ്റുകയും തെറ്റിന് പ്രായശ്ചിത്തം ചെയ്യാനും പുതിയ ജീവിതം നയിക്കാനും തയ്യാറാകുന്ന സാധാരണ മനുഷ്യനാണ് നീലകണ്ഠന്‍. മുണ്ടയ്ക്കല്‍ ശേഖരനെന്ന പ്രതിനായകന്‍ കേവലം പ്രതിനായകന്‍ മാത്രമാകുന്നില്ല, നായകനെപ്പോലെ അസ്ഥിത്വമുള്ള കഥാപാത്ര നിര്‍മ്മിതിയാണതും. അതുകൊണ്ടുതന്നെ നായകനു പോന്ന പ്രതിനായകനെയും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്നു. മുണ്ടയ്ക്കല്‍ ശേഖരനില്ലാതെ മംഗലശ്ശേരി നീലകണ്ഠന് പൂര്‍ണതയില്ല. തിരിച്ചുമങ്ങനെ തന്നെ. കൊണ്ടും കൊടുത്തും ജയിച്ചും തോറ്റും മല്ലിട്ടും തളര്‍ന്നും പിന്നെയും അവര്‍ത്തിക്കുന്ന ചാക്രികസഞ്ചാരത്തിന്റെ പാരസ്പര്യമുണ്ട് ഇവരുടെ ജീവിതത്തിന്. തനിക്കു താന്‍ പോന്ന ഈ ദ്വന്ദ്വ കഥാപാത്ര നിര്‍മ്മിതിയുടെ വിജയം പില്‍ക്കാലത്ത് ഒട്ടനവധി സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നതു കണ്ടു.
മലയാളത്തിലെ എക്കാലത്തെയും കരുത്തുറ്റ നായകസൃഷ്ടികളിലൊന്നാണ് നീലകണ്ഠന്‍. മോഹന്‍ലാലിന്റെ അഭിനയജീവിതത്തെ മറ്റൊരു വിതാനത്തിലേക്ക് പറിച്ചുനടുക കൂടിയായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം ചെയ്തത്. നീലകണ്ഠന് മുമ്പും ശേഷവും എന്ന രീതിയില്‍ മോഹന്‍ലാലിനെ അടയാളപ്പെടുത്താവുന്ന നായക ബിംബവത്കരണമാണ് ഈ കഥാപാത്രം സാധ്യമാക്കിയത്. നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണത എന്ന ടാഗ്‌ലൈന്‍ പിന്നീട് പൂവള്ളി ഇന്ദുചൂഡന്‍ എന്ന നരസിംഹത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ് നല്‍കിയതെങ്കിലും അതിനേക്കാള്‍ കുറേക്കൂടി പൂര്‍ണത അവകാശപ്പെടാനാകുക നീലകണ്ഠനാണ്. ഇന്ദുചൂഡന്‍ നായകത്വത്തിലെ അതിമാനുഷികതയിലാണ് പരിപൂര്‍ണത കൈവരിക്കുന്നതെങ്കില്‍ ഒരേസമയം ദേവ, അസുര ഭാവങ്ങള്‍ ഉള്ളിലാവാഹിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നയാളാണ് നീലകണ്ഠന്‍. അമാനുഷികനാകാന്‍ വേണ്ടി അമാനുഷിക പ്രവൃത്തികള്‍ ചെയ്യുന്നില്ല നീലകണ്ഠന്‍. സന്ദര്‍ഭവശാലുള്ള കേവല മാനുഷിക പ്രതികരണങ്ങളാണ് അയാള്‍ നടത്തുന്നതെല്ലാം. ആത്മാഭിമാനം വ്രണപ്പെട്ട് തകര്‍ന്നു പോകുകയും പൊട്ടിക്കരയുകയും നിരാശനാകുകയും പരാജയമടയുകയും പരിഹാസമേല്‍ക്കുകയും എല്ലാം സഹിക്കുകയും ഒടുക്കം ഹതാശനായി ഒരിക്കല്‍ താന്‍ അപഹസിച്ച് ഇറക്കിവിടുകയും പിന്നീട് അഭയം നല്‍കിയവളുമായവളുടെ തോളില്‍ ചാഞ്ഞ് പിച്ചവച്ച് ജീവിതത്തിലേക്ക് തിരിച്ചു നടന്നുതുടങ്ങുകയും ചെയ്യുന്നു അയാള്‍. ദേവനും അസുരനുമല്ലാത്ത, എല്ലാം സഹിക്കാനും മറക്കാനുമാകുന്ന മണ്ണില്‍ കാലുതൊട്ട പച്ച മനുഷ്യന്റെ ഭാവമാണ് നീലകണ്ഠനെ കൂടുതല്‍ ഉദാത്ത നായക സങ്കല്‍പ്പമാക്കുന്നത്. വിജയം മാത്രം ശീലിച്ചയാളല്ല നീലകണ്ഠന്‍. ധീരോദാത്തനും അതിപ്രതാപവാനും ഉന്നതകുല ജാതനുമായ മഹാകാവ്യ നായകന്റെ ലക്ഷണഗുണങ്ങളടങ്ങിയ നായകന്‍ എതിര്‍ക്കപ്പെടാത്ത വീരസ്യത്തില്‍നിന്ന് നിനച്ചിരിക്കാതെ താഴേക്കു നിപതിക്കുന്നു. ഈ വേദനയില്‍ പാടേ തകര്‍ന്ന് ഉള്ളുരുകിപ്പോകുന്നുണ്ടയാള്‍. ജയത്തിന്റെ മഹത്വംപോലെ പരാജയത്തിന്റെയും നിരാശയുടെയും ഒറ്റപ്പെടലിന്റെയും വേദനയും അയാള്‍ക്കറിയാം. വീരസ്യത്തിനൊപ്പം ഈ ഉള്ളുരുക്കവും ഒറ്റപ്പെടലും മനുഷ്യന്റെ മഹാസങ്കടങ്ങളും ദൗര്‍ബല്യങ്ങളുമാണ് നീലകണ്ഠനെ ഉദാത്ത നായകനാക്കുന്നതും പ്രേക്ഷകമനസ്സില്‍ നിലനിര്‍ത്തുന്നതും. അന്തിമ വിജയത്തിനോ വീരനോ അമാനുഷികനോ ആകാന്‍ വേണ്ടിയോ അല്ല, സ്വസ്ഥമായി ജീവിക്കാന്‍ വേണ്ടിയാണ് ഒടുക്കം അയാള്‍ ശേഖരന്റെ ഒരു കൈ വെട്ടിയെടുക്കുന്നത്.
നീലകണ്ഠനും ശേഖരനുമെന്ന പോല്‍ ദേവാസുരത്തിലെ മറ്റൊരു ദ്വന്ദമാണ് ഭാനുമതിയും നീലകണ്ഠനും. ഒരിക്കല്‍ ഭാനുമതിയെയും അവളുടെ കലാസപര്യയെയും അവഹേളിച്ച നീലകണ്ഠന്‍ ജീവിതത്തില്‍ വീണുപോകുമ്പോള്‍ കൈത്താങ്ങാകുന്നത് അവള്‍ തന്നെയാണ്. നീലകണ്ഠന് ജീവിതത്തിലെ തെറ്റുകള്‍ തിരുത്താനും മറ്റൊരു മനുഷ്യനാകാനുമുള്ള അവസരമാകുന്നു അത്. ആ സാന്നിധ്യമില്ലെങ്കില്‍ നീലകണ്ഠന് ഒരു രണ്ടാം ജീവിതം സാധ്യമാകില്ലായിരുന്നു. നീലകണ്ഠനിലെ മനുഷ്യനും നായകസങ്കല്‍പ്പത്തിനും പൂര്‍ണത പകരുന്നത് ഭാനുമതിയാണ്. ഭാനുമതി കരുത്തയായ സ്ത്രീയാണ്. നീലകണ്ഠനു പോലും അവളുടെ കത്തുന്ന കണ്ണുകള്‍ക്കും തീക്ഷ്ണതയ്ക്കും കണ്ഠക്ഷോഭത്തിനും മുന്നില്‍ തലകുനിക്കേണ്ടിയും മറുപടിവാക്കില്ലാതെയുമാകുന്നുണ്ട്. ഈ സ്ത്രീസാന്നിധ്യത്തിന്റെ ശക്തിയൊന്നു കൊണ്ടു തന്നെ ദേവാസുരം രണ്ട് പുരുഷപ്രജകളുടെ തലയെടുപ്പിന്റെയും വീരസ്യത്തിന്റെയും പോരാട്ടത്തിന്റെയും കഥ മാത്രമാകുന്നില്ല, കരുത്തയായൊരു സ്ത്രീയുടെ കനല്‍ കെടാത്ത പ്രോജ്ജ്വലതയുടെ അധ്യായം കൂടിയായി അത് നിലകൊള്ളുന്നു. 'ഇനിയീ കാലില്‍ ചിലങ്കയണിയില്ല' എന്ന ഭാനുമതിയുടെ പ്രഖ്യാപനത്തിലാണ് നീലകണ്ഠന്റെ സിംഹാസനം ആദ്യമായി കുലുങ്ങിത്തുടങ്ങുന്നത്. ആ ശാപവാക്കുകളില്‍ നിന്നാണ് പിന്നീടുള്ള നീലകണ്ഠന്റെ അപചയങ്ങള്‍ക്ക് തുടക്കമാകുന്നത്. ഒടുക്കം കാവ്യനീതി പോലെ നീലകണ്ഠന്റെ ഉള്ളുരുക്കങ്ങള്‍ കെടുത്തുന്ന പുണ്യതീര്‍ഥമായി ഭാനുമതി മാറുകയും ചെയ്യുന്നു.
മനുഷ്യജീവിതത്തിലെ ഭിന്ന സംഭവ ഗതികളും ഉയര്‍ച്ചതാഴ്ചകളും സംഘര്‍ഷങ്ങളും താള-ക്രമബദ്ധമായി അവതരിപ്പിച്ചിടത്തായിരുന്നു ദേവാസുരം കാണികളോടു സംവദിക്കുന്നതില്‍ വിജയിച്ചത്. നീലകണ്ഠന്റെയും ബന്ധപ്പെട്ടു വരുന്നവരുടെയും ജീവിതം പറഞ്ഞുപോകുന്നതില്‍ സുഭദ്രമായൊരു തുടര്‍ച്ചയുണ്ടായിരുന്നു. ഒരു നൂലിഴയില്‍ മുത്തു കൊരുക്കും പോലെ ശ്രദ്ധാപൂര്‍വ്വം ചെയ്തുവച്ച ഈ കര്‍മ്മമാണ് ദേവാസുരത്തെ വര്‍ഷങ്ങള്‍ക്കിപ്പുറം പഴക്കം ചെല്ലാത്തതും പുതുമ ചോരാത്തതുമായ കലാസൃഷ്ടിയായി നിലനിര്‍ത്തിയത്. ആവര്‍ത്തന കാഴ്ചാമൂല്യം കാത്തുസൂക്ഷിക്കുന്ന ഏതൊരു സിനിമയ്ക്കും മികച്ച രീതിയില്‍ എഴുതപ്പെട്ട തിരക്കഥയുടെയും അതിനോട് പൂര്‍ണനീതി പുലര്‍ത്തുന്ന ആഖ്യാനത്തിന്റെയും പിന്‍ബലമുണ്ടായിരിക്കും. ദേവാസുരം കാലാതിവര്‍ത്തിയാകുന്നത് ഇത്തരമൊരു തിരക്കഥയുടെയും അവതരണത്തിന്റെയും പൂര്‍ണതയിലാണ്.
ആത്മാവുള്ള കഥാപാത്രങ്ങളാണ് ദേവാസുരത്തിന്റെ നട്ടെല്ല്. സുപ്രധാന കഥാപാത്രങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി നിലകൊള്ളുമ്പോള്‍ തന്നെ ചെറിയ കഥാപാത്രങ്ങളിലും ഈ ദൃഢത വിട്ടുകളയുന്നില്ല. വെറുതെ വന്നുപോകുന്ന ഒരു കഥാപാത്രത്തെയും ഈ സിനിമയില്‍ കാണാനാകില്ല. കേന്ദ്രപ്രമേയത്തോട് ബന്ധമില്ലാത്ത പെരിങ്ങോടന്‍ എന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രം പോലും പില്‍ക്കാലത്ത് എത്രമാത്രം ജനകീയമായി മാറിയെന്നത് ഈ സിനിമയിലെ ഉദാത്ത പാത്രസൃഷ്ടിക്കുള്ള നീതീകരണമാണ്. സിനിമ ആവശ്യപ്പെടുന്ന ഒരു സന്ദര്‍ഭത്തിലാണ് പെരിങ്ങോടന്റെ പ്രത്യക്ഷപ്പെടല്‍. ജീവിതത്തില്‍ തിരിച്ചടികളേറ്റ് കഴിയുന്ന വേളയില്‍ വാര്യരെയും ഭാനുമതിയെയും മറ്റ് ഉറ്റസൗഹൃദങ്ങളെയും പോലെ നീലകണ്ഠന് ഔഷധമാകുന്നു പെരിങ്ങോടന്റെയും സാന്നിധ്യം. ക്ഷേത്രസന്നിധിയില്‍ കൊട്ടിപ്പാടുന്നത്രയും പവിത്രമായാണ് പെരിങ്ങോടന്‍ നീലകണ്ഠന്റെ മുമ്പില്‍ നിന്നു പാടുന്നത്. 'വന്നോ ഊരുതെണ്ടി' എന്ന നീലകണ്ഠന്റെ പരിചയപ്പെടുത്തലില്‍ ഉണ്ട് പെരിങ്ങോടന്‍ അലഞ്ഞ ജീവിതമത്രയും. ഇങ്ങനെ തിരക്കഥയുടെ നൂലിഴയില്‍ സശ്രദ്ധം കോര്‍ത്തെടുത്ത കഥാപാത്രങ്ങളോരോന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നു. അങ്ങനെ ദേവാസുര കഥയിലെ അപ്രധാനികള്‍ പോലും കനപ്പെട്ട സാന്നിധ്യങ്ങളായി മാറുന്നു.
പ്രേക്ഷകരെ സംബന്ധിച്ച് അവരുടെ വിനോദ താത്പര്യത്തെ തൃപ്തിപ്പെടുത്തുന്ന ആസ്വാദന ഗുണങ്ങള്‍ ഒത്തുചേരുന്ന സിനിമയാണ് ദേവാസുരം. അവര്‍ ഈ സിനിമ ആവര്‍ത്തിച്ചു കാണാന്‍ താത്പര്യപ്പെടുന്നുണ്ട്. ഒരു സിനിമ ആവര്‍ത്തിച്ചു കാണുന്നതിനുള്ള അളവുകോലായി പ്രേക്ഷകര്‍ സാധാരണ കണക്കാക്കിപ്പോരുന്നത് അതിന്റെ വിനോദമൂല്യവും വിരസതയില്ലായ്മയും ഹാസ്യരസവുമാണ്. ടെലിവിഷന്‍ സ്‌ക്രീനിങ്ങിലും മറ്റ് സ്‌ക്രീനിങ് പ്ലാറ്റ്‌ഫോമുകളിലും ആവര്‍ത്തിച്ചു കാണപ്പെടുന്ന സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത് ഹാസ്യരസപ്രദാനങ്ങളായ സിനിമകളായിരിക്കും. ഇത്തരുണത്തില്‍ തമാശ രംഗങ്ങള്‍ ഒട്ടുമേ ഇല്ലാത്ത അതീവഗൗരവമാര്‍ന്ന ജീവിത സന്ദര്‍ഭങ്ങള്‍ വിളക്കിച്ചേര്‍ത്ത സിനിമയായ ദേവാസുരത്തിന് പ്രേക്ഷകരുടെ ആസ്വാദനമൂല്യത്തെ പ്രചോദിപ്പിക്കുന്ന ചില ഗുണങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. അതില്‍ സുപ്രധാനം, വ്യക്തികള്‍ക്കിടയില്‍ ഒരിക്കലും തീരാത്ത ദ്വന്ദ്വ സംഘര്‍ഷം എന്ന ഘടകം തന്നെയാണ്. ഇത്തരമൊരു ചോദന ഏതൊരു മനുഷ്യനിലും ഉള്ളടങ്ങിയിട്ടുണ്ട്. കൊണ്ടും കൊടുത്തുമുള്ള ഈ സംഘര്‍ഷത്തിന്റെ കയറ്റിറക്കങ്ങളാണ് ദേവാസുരത്തിന്റെ കേന്ദ്രപ്രമേയം. അതിന് പശ്ചാത്തലമാകുന്നതാകട്ടെ കാവുകളും ദേവീസാന്നിധ്യവും ആചാരപ്പെരുമയുമുള്ള വള്ളുവനാടന്‍ ഗ്രാമീണ ദേശവും. തങ്ങളെപ്പോലുള്ള മനുഷ്യരും, ആചാരവും വിശ്വാസവും മൂപ്പിളമത്തര്‍ക്കങ്ങളും കാവും ഉത്സവവുമെല്ലാം കാണികള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടുത്താനാകും. അതിശയോക്തിയുടെ ചേര്‍പ്പില്ലാതെ വ്യക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്കും ഊഷ്മളമായ ബന്ധങ്ങള്‍ക്കുമൊപ്പം ഒരു ദേശത്തിന്റെ കഥ കൂടിയാണ് ദേവാസുരം പറയുന്നത്.
എം.ടി തുടങ്ങിവയ്ക്കുകയും മറ്റു തിരക്കഥാകാര•ാര്‍ പിന്തുടരുകയും ചെയ്ത വള്ളുവനാടന്‍ ജീവിതവും മിത്തുകളും ആചാരപ്പെരുമയും നായര്‍ തറവാടുകളും ഭാരതപ്പുഴയും മലയാള സിനിമയ്ക്ക് വേറിട്ടൊരു ദേശചരിത്രത്തെയും രീതിശാസ്ത്രത്തെയും അടയാളപ്പെടുത്തുകയായിരുന്നു. ഇതിനെയാണ് രഞ്ജിത്ത് മറ്റൊരു വിതാനത്തില്‍ പുന:പ്രതിഷ്ഠാപനം നടത്തുന്നത്. ദേവാസുരത്തിന്റെ ജനപ്രിയതയോടെ വള്ളുവനാടന്‍ ശൈലി മലയാള സിനിമയില്‍ കുറേക്കൂടി പ്രബലമാകുകയായിരുന്നു. കാവും അമ്പലവും ഉത്സവങ്ങളും നായര്‍ തറവാടുകളും അതിനുമുമ്പ് ഇത്രമേല്‍ ആഘോഷമാക്കിയിട്ടില്ല മലയാള സിനിമ. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട വള്ളുവനാടന്‍ പശ്ചാത്തല തരംഗത്തിന് തുടക്കമിടുകയായിരുന്നു ദേവാസുരം. ഏഴിലക്കരയെന്ന സാങ്കല്‍പ്പിക ദേശത്തെ മംഗലശ്ശേരി, മുണ്ടയ്ക്കല്‍ തുടങ്ങിയ പ്രബല നായര്‍ തറവാടുകളിലെ മാധവമേനോന്‍, നീലകണ്ഠന്‍, ശേഖരന്‍ തുടങ്ങി തലപ്പൊക്കമുള്ള നായന്മാരെ സൃഷ്ടിച്ചതിലൂടെ ജന്മിത്തം നിലനിന്നിരുന്ന ഒരു കാലത്തെ ഫ്യൂഡല്‍ മാടമ്പിത്തത്തെ ഓര്‍മ്മിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുകയായിരുന്നു ദേവാസുരം. ഈ സിനിമ സൃഷ്ടിച്ച ജനപ്രിയത ഇത്തരത്തിലുള്ള നിരവധിയായ ഫ്യൂഡല്‍ നായക-പ്രതിനായക ബിംബങ്ങളുടെ ജനനത്തിന് മലയാള സിനിമയുടെ പില്‍ക്കാല പതിറ്റാണ്ട് സാക്ഷ്യം വഹിച്ചു. നീലകണ്ഠനെന്ന ദൈവനാമം പിന്നീട് ജഗന്നാഥന്‍, പരമേശ്വരന്‍, ഇന്ദുചൂഡന്‍ തുടങ്ങി നിരവധിയായ പേരുകളില്‍ പുനരവതരിക്കപ്പെട്ടു. ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട് ഈ ജനപ്രിയതയുടെ പിന്‍തുടര്‍ച്ച.
ദേവാസുരവും അതിനെ പിന്‍പറ്റി പുറത്തുവന്ന സമാന മാതൃകയിലുള്ള സിനിമകളും വള്ളുവനാടിന്റെ ഭൂമികയെ സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ ജനപ്രിയമാക്കുകയായിരുന്നു. അതുവരെ എണ്ണം കൊണ്ട് ഒരു സിനിമയുടെ ചിത്രീകരണത്തിന് മാത്രം സാക്ഷ്യം വഹിച്ച വരിക്കാശ്ശേരി മനയ്ക്ക് ദേവാസുരത്തില്‍ നീലകണ്ഠന്റെ മംഗലശ്ശേരി തറവാടായതോടെ പെരുമയേറി. പിന്നീട് സിനിമാ ചിത്രീകരണത്തിനും മന നേരില്‍ കാണാനുമുള്ള തിരക്കിനും മുപ്പതാണ്ടിലെത്തുമ്പോഴും ശമനമില്ല. ദേവാസുരത്തിന് പശ്ചാത്തലമായ വള്ളുവനാടന്‍ ഗ്രാമങ്ങളിലേക്കും ക്ലൈമാക്‌സ് ചിത്രീകരിച്ച പരിയാനമ്പറ്റ ഭഗവതി ക്ഷേത്രമടക്കമുള്ള വള്ളുവനാടന്‍ കാവുകളിലേക്കുള്ള സഞ്ചാരങ്ങള്‍ സിനിമാസ്വാദകര്‍ക്ക് തീര്‍ഥാടനം പോലെയാണ്. ഒരു സിനിമയ്ക്ക് വെള്ളിത്തിരയ്ക്കകത്തും പുറത്തും പ്രേക്ഷകരെ എത്രത്തോളം സ്വാധീനിക്കാനും പിന്തുടരാനുമാകുമെന്നതിന്റെ പ്രഖ്യാതമായ സൂചകമാണ് മുപ്പതാണ്ട് പിന്നിട്ടിട്ടും തുടരുന്ന ദേവാസുരത്തിന്റെ ജനപ്രിയത.
മാതൃഭൂമി ഓണ്‍ലൈന്‍, 2023 മാര്‍ച്ച് 27 ഷോ റീല്‍ 39
No comments:
Post a Comment