കാണികളെ രസിപ്പിക്കാന്‍ ഹാസ്യകഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന പതിവ് സിനിമ പണ്ടു തൊട്ടേ ശീലിച്ചു പോന്നിട്ടുണ്ട്. മുഖ്യപ്രമേയത്തോട് ചേര്‍ന്നും അല്ലാതെയും ഇത്തരം കഥാപാത്രങ്ങളെ സനിമ വാര്‍ക്കുന്നതു കാണാം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹോളിവുഡില്‍ ബസ്റ്റര്‍ കീറ്റണും ചാര്‍ലി ചാപ്ലിനും ഉള്‍പ്പെടെയുള്ളവരുടെ ഹാസ്യനായകന്മാര്‍ ലോകമൊട്ടാകെയുള്ള പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ളവരാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഹാസ്യകഥാപാത്രങ്ങളെ പ്രത്യേകം സൃഷ്ടിക്കാതെ തന്നെ നിറഞ്ഞ ചിരി സൃഷ്ടിക്കുകയായിരുന്നു ചാപ്ലിനും കീറ്റണും. തൊഴിലില്ലായ്മ, സ്വത്വ പ്രതിസന്ധി, വിവേചനം, ദരിദ്ര-സമ്പന്ന അന്തരം തുടങ്ങി ചുറ്റുപാടില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു ഈ സിനിമകള്‍. ഈ മാതൃക പില്‍ക്കാലത്ത് ലോകമെമ്പാടുമുള്ള മുഖ്യധാരാ സിനിമ അംഗീകരിക്കുകയും പിന്തുടര്‍ന്നു പോരുകയും ചെയ്യുന്നതാണ്.
ഹോളിവുഡിനെ അപേക്ഷിച്ച് ചിരിപ്പിക്കുന്ന നായകന്മാരെ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ സിനിമ പിന്നെയും ഏറെക്കാലമെടുത്തു. മുഖ്യധാരാ ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ ഗൗരവമാര്‍ന്ന കഥാപാത്രങ്ങളെയും റൊമാന്റിക്, ആക്ഷന്‍ ഡ്രാമകളിലെ സ്ഥിരം സാന്നിധ്യവുമായപ്പോള്‍ അപൂര്‍വ്വം ചില മുന്‍നിര നായകന്മാര്‍ക്ക് മാത്രമാണ് പ്രേക്ഷകരില്‍ ചിരി സൃഷ്ടിക്കാന്‍ സാധിച്ചത്.
ഇന്ത്യന്‍ വാണിജ്യ സിനിമ അതിന്റെ പ്രാംരംഭകാലം തൊട്ട് പാട്ടുകള്‍ക്കും സ്റ്റണ്ട് ചിത്രീകരണങ്ങള്‍ക്കുമൊപ്പം കാണികളെ ആകര്‍ഷിക്കാന്‍ തമാശ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന പതിവ് തുടര്‍ന്നു പോന്നു. ഇത് കേന്ദ്ര പ്രമേയത്തോടു ചേര്‍ന്നും പലപ്പോഴും പ്രമേയത്തോട് ബന്ധമില്ലാതെയും ചേര്‍ത്തിരുന്നു. ആളുകളെ ചിരിപ്പിക്കുക എന്ന ഉദ്ദേശം വച്ച് മാത്രം ചേര്‍ക്കുന്ന ഈ രംഗങ്ങളിലൂടെ ഹാസ്യനടന്മാര്‍ എന്ന പ്രബല വിഭാഗം തന്നെ സിനിമയിലുടലെടുക്കുകയും ചെയ്തു. ഹിന്ദി സിനിമ തുടക്കമിട്ട ഈ ശൈലി പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമകളുടെ തിരക്കഥാ രചനാ ഘട്ടത്തിലും നിര്‍ണായക ഇടം നേടി. ആദ്യകാലത്ത് പ്രഹസനങ്ങളിലും നാടകങ്ങളിലും വിദൂഷക, ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അതേ ചുമതലയാണ് സിനിമയിലെ ഹാസ്യനടന്മാര്‍ക്കുമുണ്ടായിരുന്നത്. മുതുകുളം, നാണപ്പന്‍, വാണക്കുറ്റി, എസ് പി പിള്ള തുടങ്ങിയവര്‍ മലയാള സിനിമയുടെ തുടക്കത്തിലും പിന്നീട് ബഹദൂര്‍, അടൂര്‍ ഭാസി തുടങ്ങിയവരിലൂടെ തുടര്‍ന്ന് അജു വര്‍ഗീസിലും ഹരീഷ് കണാരനിലുമെത്തി നില്‍ക്കുന്നു ഇത്. നായകന്‍ ഗൗരവതരമായ കാര്യങ്ങള്‍ ചെയ്യുകയും ഈ ഗൗരവ കാഴ്ചകളുടെ ആധിക്യത്തില്‍ നിന്ന് കാണികളെ തെല്ല് ലഘൂകരിച്ച് രസിപ്പിക്കുന്നതാണ് ഹാസ്യതാരങ്ങളുടെ ചുമതല.
ഹാസ്യനടന്മാരില്ലാതെ തന്നെ കാണികളെ ചിരിപ്പിക്കുന്ന ദൗത്യം മലയാള സിനിമയില്‍ ആദ്യം ഏറ്റെടുക്കുന്ന മോഹന്‍ലാല്‍ ആണ്. നായക നിരയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിനായക, ഉപനായക കഥാപാത്രങ്ങള്‍ക്കൊപ്പം ഹാസ്യരസപ്രദായിയായ വേഷങ്ങള്‍ കൂടി അണിയാന്‍ മോഹന്‍ലാല്‍ തയ്യാറായി. നേരത്തെ മുതുകുളം രാഘവന്‍ പിള്ളയും ബഹദൂറും അടൂര്‍ ഭാസിയുമെല്ലാം മുഴുനീള ടൈറ്റില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നായക നിരയില്‍ നില്‍ക്കുന്നൊരാള്‍ ഹാസ്യ കേന്ദ്രീകൃത വേഷങ്ങളിലേക്ക് മാറുന്നത് 1980 കളിലെ മലയാള സിനിമയ്ക്ക് പുതുമയായിരുന്നു. വാണിജ്യ, മധ്യവര്‍ത്തി, സമാന്തര ധാരകളിലെല്ലാം മലയാള സിനിമയുടെ സുവര്‍ണകാലമായ 1980 കള്‍ സ്വതവേ കലാപരമായി ഗൗരവ സ്വഭാവവും സാമൂഹികതയും പുലര്‍ത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ മോഹന്‍ലാലിന് തൊട്ടുമുമ്പുള്ള നായകന്മാരെല്ലാം ഉത്തരവാദിത്തങ്ങള്‍ പേറുന്നവരും ഗൗരവ പ്രകൃതിക്കാരുമായിട്ടാണ് കാണാനാകുക. റൊമാന്റിക് നായകന്മാരില്‍ പോലും ഹാസ്യരസങ്ങള്‍ പ്രായേണ കുറവായിരുന്നു.
ആദ്യകാല പ്രിയദര്‍ശന്‍ കഥാപാത്രങ്ങളാണ് മോഹന്‍ലാലിലെ ചിരിപ്പിക്കുന്ന നായകനെ ആദ്യം കണ്ടെത്തുന്നത്. വില്ലത്തരങ്ങളും സംഘര്‍ഷങ്ങളുമായി മുന്നോട്ടുനടന്ന നടനിലെ ചിരിയെ പ്രിയദര്‍ശന്‍ പുറത്തെടുത്തു. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തി ഈ ഗണത്തിലെ ആദ്യത്തേതാണ്. തുടര്‍ന്നുവരുന്ന ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ മുകേഷിനെയും ശ്രീനിവാസനെയുമാണ് പ്രിയദര്‍ശന്‍ ചിരിപ്പിക്കുന്ന നായകന്മാരാക്കുന്നത്. ബോയിങ് ബോയിങ്, അരം പ്ലസ് അരം സമം കിന്നരം എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മോഹന്‍ലാലിലെയും മുകേഷിലെയും അനായാസതയെ പ്രിയദര്‍ശന്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി. മലയാളികള്‍ ആവര്‍ത്തിച്ചുകാണുന്ന ഹാസ്യസിനിമകളുടെ കൂട്ടത്തിലാണ് 38 വര്‍ഷത്തിനു ശേഷവും ഇവ രണ്ടിന്റെയും ഇടം. ധീം തരികിട തോം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, അയല്‍വാസി ഒരു ദരിദ്രവാസി എന്നീ സിനിമകളാണ് തുടര്‍ന്ന് ഈ രണ്ട് നായകന്മാരുടെയും ഹാസ്യത്തിലെ അനായാസത വെളിവാക്കുന്നവയായി വരുന്നത്.
ഈ സിനിമകള്‍ സൃഷ്ടിച്ച ചിരിയും ജനപ്രിയതയും കൈമുതലാക്കിയാണ് 1980 കളുടെ രണ്ടാം പകുതിയില്‍ മറ്റ് സംവിധായകരും നായകന്മാരെക്കൊണ്ട് ഹാസ്യം ചെയ്യിപ്പിക്കാന്‍ തയ്യാറാകുന്നത്. അഭിനയിച്ചു ഫലിപ്പിക്കാന്‍ അങ്ങേയറ്റം പ്രയാസകരമായ ഹാസ്യരസം എല്ലാ നായകന്മാര്‍ക്കും വഴങ്ങുന്നതായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് മോഹന്‍ലാലിനെയും മുകേഷിനെയും ശ്രീനിവാസനെയും തൊട്ടുപിന്നാലെ ജയറാമിനെയും ജഗദീഷിനെയും സിദ്ധിഖിനെയും തേടി ഹാസ്യരസ പ്രധാനമായ നായക വേഷങ്ങള്‍ എത്തുന്നത്. ഒട്ടേറെ ഹാസ്യചിത്രങ്ങള്‍ ഈ ധാരയില്‍ ഉടലെടുത്തെങ്കിലും ഗൗരവതരമാര്‍ന്ന കഥാപശ്ചാത്തലങ്ങള്‍ ഹാസ്യത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി അവതരിപ്പിക്കുന്ന ശൈലിയാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്. ഇതിന് മികച്ച ഉദാഹരണങ്ങളാണ് പ്രിയദര്‍ശന്റെ താളവട്ടവും ചിത്രവും. ഈ സിനിമകളും അതിലെ നായകന്മാരും കുറേയധികം ചിരിപ്പിച്ച് ഒടുവില്‍ പ്രേക്ഷകരില്‍ നൊമ്പരം അവശേഷിപ്പിച്ച് മടങ്ങുന്നവരാണ്. ചിത്തരോഗാശുപത്രിയും രോഗികളും പശ്ചാത്തലമാകുന്ന താളവട്ടവും, കൊലക്കയറിലേക്ക് ചുരുക്കം ചില നാളുകള്‍ മാത്രം ബാക്കിയുള്ള ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രവും ഹാസ്യത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതീവ ഗൗരവമാര്‍ന്ന സിനിമകള്‍ മാത്രമായി മാറുമായിരുന്നു. അവ പ്രേക്ഷകര്‍ ഇത്രകണ്ട് സ്വീകരിക്കപ്പെടണമെന്നുമില്ല. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, അക്കരെയക്കരെയക്കരെ എന്നീ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ സിനിമകളെല്ലാം മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളികളുടെ ആവര്‍ത്തനക്കാഴ്ചയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതും അവയുണ്ടാക്കിയ ചിരിയിലൂടെല്ലാതെ മറ്റൊന്നുമല്ല. ഈ സിനിമകളിലെല്ലാം അനായാസമായി ചിരി സൃഷ്ടിക്കുന്ന മോഹന്‍ലാലിനെ നായക കഥാപാത്രത്തെയാണ് സംവിധായകന്‍ പ്രയോജനപ്പെടുത്തുന്നത്. ചിരിപ്പിക്കുന്ന സഹകഥാപാത്രങ്ങള്‍ കഥാപശ്ചാത്തലത്തില്‍ വേറെയുമുണ്ടായിരുന്നെങ്കിലും ഈ ചിരിക്ക് നായകന്‍ തന്നെ നേതൃത്വം നല്‍കുന്നത് പ്രേക്ഷകര്‍ക്ക് പുതുമയായിരുന്നു. മലയാളത്തില്‍ മറ്റേതു നായക നടന്മാരേക്കാള്‍ പ്രേക്ഷകാംഗീകാരവും ആരാധനയും മോഹന്‍ലാല്‍ നേടിയെടുക്കാനും നിലനിര്‍ത്താനും കാരണം ഹാസ്യരംഗങ്ങളിലെ ഈ അനായാസതയും അനുകരിക്കാനാകാത്ത ഈ ശൈലിയും ഉണ്ടാക്കിയ അടിത്തറയായിരുന്നു. മറ്റു നായകന്മാര്‍ക്കാര്‍ക്കും ഹാസ്യരംഗങ്ങളിലെ ഈ അസാമാന്യ മിഴിവും ഒഴുക്കും അവകാശപ്പെടാനാകില്ല. അത് ഹാസ്യനടന്മാരുടെ മാത്രം കുത്തകയായി അവശേഷിച്ചു. ഹാസ്യനടന്മാര്‍ മോഹന്‍ലാലിന്റെ കോമ്പോ ആയി വരുമ്പോള്‍ ആ സീക്വന്‍സുകള്‍ക്ക് ഉണ്ടാകുന്ന ഊര്‍ജ്ജം ഒന്നു വേറെയാണ്. പപ്പുവും മാളയും മാമുക്കോയയും ജഗതിയും ഇന്നസെന്റും ശ്രീനിവാസനും മുകേഷും ജഗദീഷും തൊട്ട് ഏറ്റവും പുതിയ തലമുറയിലെ ഹാസ്യതാരങ്ങള്‍ക്കൊപ്പം വരെയുള്ള ഹാസ്യരംഗങ്ങള്‍ ഇതിന് നിദര്‍ശകമാണ്. ശ്രീനിവാസനും മുകേഷും ഉള്‍പ്പെടെ നന്നായി ഹാസ്യം വഴങ്ങുന്ന നടന്മാരുടെ മികച്ച പ്രകടനങ്ങള്‍ക്കും മോഹന്‍ലാലിനൊപ്പമുള്ള കോമ്പോ സീനുകളാണ് സാക്ഷ്യം.
ഉത്തരവാദിത്തമുള്ള തൊഴിലോ സ്ഥാനമാനങ്ങളോ ഏറ്റെടുക്കേണ്ടിവരുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ പോലും ചിരിയുണ്ടാക്കുന്നുണ്ട്. പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചിരിയുടെ ഈ മേല്‍വിലാസത്തില്‍ നിന്നാണ് തൊഴിലന്വേഷകനും ജീവിതപ്രാരാബ്ധങ്ങളും എന്നാല്‍ ശുഭപ്രതീക്ഷ സൂക്ഷിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ പ്രതീകങ്ങളായ കഥാപാത്രങ്ങളെ സത്യന്‍ അന്തിക്കാട് സൃഷ്ടിക്കുന്നത്. ഈ നായക കഥാപാത്രങ്ങളെല്ലാം ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ഥ്യങ്ങളെ ചിരി കൊണ്ട് നേരിട്ടവരായിരുന്നു. ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേല്‍പ്പ്, മഴവില്‍ക്കാവടി, തലയണമന്ത്രം തുടങ്ങിയ സിനിമകളെയെല്ലാം മധ്യവര്‍ത്തി മലയാളി ജീവിതത്തിന്റെ തത്രപ്പാടുകളുടെ നേര്‍ചിത്രമെന്നതിനൊപ്പം നിറചിരിയോടെയാണ് പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ചെയ്ത നായക കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് പിന്നീട് ശ്രീനിവാസനും ജയറാമും ചെയ്യുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍, പാവം പാവം രാജകുമാരന്‍, എന്നോടിഷ്ടം കൂടാമോ, ആയുഷ്‌കാലം തുടങ്ങിയ കമലിന്റെ ജനപ്രിയ ചിത്രങ്ങളിലെല്ലാം ശ്രീനിവാസന്‍, ജയറാം, മുകേഷ് എന്നിവരുടെ നായക കഥാപാത്രങ്ങള്‍ ചിരിപ്പിക്കുന്നവര്‍ കൂടിയാണ്.
മോഹന്‍ലാലില്‍ തുടങ്ങിയ ചിരിപ്പിക്കുന്ന നായക കഥാപാത്രങ്ങളുടെ തുടര്‍ച്ച 1990 കളില്‍ തുടങ്ങുന്ന പതിറ്റാണ്ടിലുടനീളം കാണാം. ജഗദീഷും സിദ്ധിഖും അടക്കമുള്ളവര്‍ ഈ പട്ടികയില്‍ ചേരുന്നതും ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. മോഹന്‍ലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയും ചിരിപ്പിക്കുന്ന നായകന്മാര്‍ക്കൊപ്പം ചെറിയ ബജറ്റിലുള്ള ഒട്ടേറെ ചിത്രങ്ങളാണ് 1990 കളുടെ ആദ്യപകുതിയില്‍ സിദ്ധിഖും ജഗദീഷും ഉള്‍പ്പെടെയുള്ള തൊട്ടു താഴേ നിരയിലുള്ള നായകന്മാരില്‍ നിന്നുണ്ടായത്. സിദ്ധിഖ് ലാലിന്റെ റാംജിറാവ് സ്പീക്കിങ്ങിന്റെ അത്ഭുത വിജയമാണ് ഹാസ്യം മികച്ച രീതിയില്‍ വഴങ്ങുന്ന നായകന്മാരെ പ്രേക്ഷകര്‍ കുറേക്കൂടി ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ഈ കൂട്ടുകെട്ടിന്റെ തന്നെ ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറും വന്‍വിജയങ്ങളായതോടെ മുകേഷും ജഗദീഷും സിദ്ധിഖുമെല്ലാം ഹാസ്യനായക•ാരായി. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ കോമഡി ചിത്രങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ ഉതകുന്നതായിരുന്നു ഈ സിദ്ധിഖ് ലാല്‍ ചിത്രങ്ങളുടെ തുടര്‍വിജയം. ഈ മാതൃക പിന്തുടര്‍ന്ന് വിജിതമ്പി, അനില്‍ബാബു, തുളസീദാസ്, സുനില്‍, ഹരിദാസ്, രാജസേനന്‍, നിസാര്‍ തുടങ്ങി നിരവധി സംവിധായകര്‍ ഹാസ്യസിനിമകളൊരുക്കി. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒട്ടേറെ മികച്ച സിനിമകള്‍ക്ക് തൊണ്ണൂറുകളില്‍ പിറവിയെടുത്തെങ്കിലും ഹാസ്യ സിനിമകളുടെ എണ്ണപ്പെരുക്കത്തിനു കൂടിയാണ് ഈ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്.
കിലുക്കം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങള്‍ 1990 കളില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ചിരിത്തുടര്‍ച്ചയായി. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുകയും ആവര്‍ത്തിച്ചു കാണുകയും ചെയ്യുന്ന ചിത്രങ്ങളുടെ കൂട്ടത്തിലുള്ള ഇവയ്‌ക്കെല്ലാമുള്ള സാമ്യത അവയിലുള്ളടങ്ങിയിരിക്കുന്ന നിറഞ്ഞ ചിരിയാണ്. നായകനില്‍ തുടങ്ങുന്ന ചിരി ഓരോ ചെറു കഥാപാത്രങ്ങളിലേക്കും പടരുന്നു. അങ്ങനെ ആ ചിരി പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്കും നിറയുന്നു. യോദ്ധാ, വിയറ്റ്‌നാം കോളനി, ബട്ടര്‍ഫ്‌ളൈസ്, മണിച്ചിത്രത്താഴ്, മാന്ത്രികം, ഹരികൃഷ്ണന്‍സ്, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിലും തൊണ്ണൂറുകളില്‍ ലാല്‍ചിരി തുടര്‍ന്നു.
മോഹന്‍ലാലിനു പുറമേ ചിരിയില്‍ തീര്‍ത്ത ജയറാമിന്റെ നായക വേഷങ്ങളാണ് 1990 കളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയത്. കുടുംബ സദസ്സുകളുടെ നായകനെന്ന് അക്കാലത്ത് പേരെടുത്ത ജയറാമിന്റെ കഥാപാത്രങ്ങളിലെല്ലാം ഈ ഹാസ്യരസം ഗുണം ചെയ്തു. മോഹന്‍ലാലിനെയും മുകേഷിനെയും പോലെ ഹാസ്യരംഗങ്ങളിലെ അനായാസതയും ടൈമിംഗുമാണ് ജയറാമിന്റെ നായക വേഷങ്ങളെയും തുണച്ചത്. മിമിക്രി വേദിയിലെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ അനുഭവപരിചയം ഹാസ്യരംഗങ്ങളിലെ വഴക്കത്തിന് ജയറാമിനെ സഹായിച്ചു. ജീവിതപ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന സാധാരണക്കാരനായ നായകന്റെ ആവലാതികളിലെല്ലാം ചിരി മുന്നിട്ടുനിന്നു. രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ വന്‍വിജയം ജയറാമിന്റെ താരമൂല്യം ഉയര്‍ത്തി. തുടര്‍ന്ന് കാവടിയാട്ടം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പുതുക്കോട്ടയിലെ പുതുമണവാളന്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, അരമനവീടും അഞ്ഞൂറേക്കറും, സൂപ്പര്‍മാന്‍, തൂവല്‍ കൊട്ടാരം, ദില്ലിവാല രാജകുമാരന്‍, കിലുകില്‍ പമ്പരം, ദി കാര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, പട്ടാഭിഷേകം, ഫ്രണ്ട്‌സ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ തൊണ്ണൂറുകളിലെ സിനിമകളിലെ ജയറാമിലെ ചിരിപ്പിക്കുന്ന നായകനെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
ജയറാമിന്റെ നേര്‍തുടര്‍ച്ചയായിരുന്നു ദിലീപിന്റെ നായക വേഷങ്ങള്‍. ജയറാം വേണ്ടെന്നുവച്ച റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായി. 2000 ത്തിന്റെ തുടക്കത്തില്‍ നരസിംഹത്തിന്റെ അഭൂതപൂര്‍വ്വമായ വിജയത്തോടെ മോഹന്‍ലാലും മലയാള സിനിമയും നായകസങ്കല്‍പ്പങ്ങളുടെ മറ്റൊരു ദിശയിലേക്ക് മാറുകയും ഈ തരംഗത്തെ പിന്തുടരാന്‍ ഇന്‍ഡസ്ട്രി നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. വാര്‍പ്പുമാതൃകയില്‍ മെനഞ്ഞെടുത്ത അമാനുഷികവൃത്തികളുമായി ഇതിനെ പിന്തുടര്‍ന്നുവന്ന സിനിമകള്‍ക്ക് തുടര്‍പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ഈ വേളയില്‍ മലയാള സിനിമാ വ്യവസായത്തെ താങ്ങിനിര്‍ത്തിയത് ദിലീപിന്റെ ഹാസ്യനായക കഥാപാത്രങ്ങളായിരുന്നു. ഈ പറക്കുംതളിക, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം, കുബേരന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, തിളക്കം, സിഐഡി മൂസ, വെട്ടം, കൊച്ചിരാജാവ്, പാണ്ടിപ്പട, ചാന്ത്‌പൊട്ട്, വിനോദയാത്ര തുടങ്ങിയ സിനിമകളെല്ലാം തിയേറ്ററില്‍ വന്‍വിജയങ്ങളായി. അനായാസം ഹാസ്യം കൈകാര്യം ചെയ്യാനാകുന്ന നായകന് എല്ലാത്തരം പ്രേക്ഷകരെയും എളുപ്പത്തില്‍ ആകര്‍ഷിക്കാനായി. വലിയ ശരീരമായിട്ടു പോലും അതിനെ അനായാസമായി കൈകാര്യം ചെയ്യുന്നതിലാണ് ജയറാം വിജയിച്ചതെങ്കില്‍ ചാര്‍ലി ചാപ്ലിനെയും ബസ്റ്റര്‍ കീറ്റണെയും പോലെ ചെറിയ ശരീരത്തിന്റെ സാധ്യത ഹാസ്യത്തിനായി ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ് ദിലീപ് വിജയകരമായി പരീക്ഷിച്ചത്. സംഭാഷണങ്ങള്‍ കൊണ്ടല്ലാതെ ശരീരത്തിന്റെ കുറവുകളിലും, ശരീരത്തിന്റെ വഴക്കം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓട്ടത്തിലും ചാട്ടത്തിലും തെന്നിവീഴലിലുമെല്ലാം ദിലീപ് ചിരി സൃഷ്ടിച്ചു.
മോഹന്‍ലാല്‍ മുതല്‍ ദിലീപ് വരെയുള്ള ഹാസ്യം മികച്ച രീതിയില്‍ വഴങ്ങുന്ന ഈ നായകന്മാരെ പിന്തുണയ്ക്കുന്നതിനായി ഹാസ്യരംഗങ്ങളില്‍ ചില താരങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു. കുതിരവട്ടം പപ്പുവും മാമുക്കോയയും ഇന്നസെന്റും ജഗതി ശ്രീകുമാറും ശ്രീനിവാസനും ജഗദീഷും ഇന്ദ്രന്‍സും പ്രേംകുമാറും കലാഭവന്‍ മണിയും ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും സലിംകുമാറും സുരാജ് വെഞ്ഞാറമൂടും അടക്കമുള്ളവര്‍ ഈ റോളില്‍ തിളങ്ങിയവരാണ്. എന്നാല്‍ ഈ ഹാസ്യരസം ഉടലെടുക്കുന്നതിനായി നായകന്‍ എപ്പോഴും മുന്നണിയിലുണ്ടാകുന്നുവെന്നതാണ് സവിശേഷത.
ദിലീപിനു ശേഷം ജയസൂര്യ, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിരി സൃഷ്ടിക്കുന്നതില്‍ വിജയിച്ച നായകന്മാര്‍. സ്വപ്‌നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചോക്കളേറ്റ്, ലോലിപോപ്പ്, ഇവര്‍ വിവാഹിതരായാല്‍, ഗുലുമാല്‍, ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, ത്രീ കിംഗ്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, ആട്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ജയസൂര്യയുടെ ചിരിപ്പിക്കുന്ന നായകനെ കാണാം. സംഭാഷണങ്ങളിലും പെരുമാറ്റത്തിലുമുള്ള സ്വാഭാവിക നര്‍മ്മമാണ് ചിരിപ്പിക്കാനായി ജയസൂര്യ പ്രയോജനപ്പെടുത്തുന്നത്. ഗൗരവതരമായ കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യുന്ന നടനാണ് ജയസൂര്യ. എന്നാല്‍ അതിന്റെ ഇടവേളകളില്‍ തേടിയെടുത്തുന്ന കഥാപാത്രങ്ങളിലും ഹാസ്യത്തിന്റെ വഴക്കം കൈവിടാതെ സൂക്ഷിക്കാന്‍ കഴിയുന്നതിലാണ് ഈ നടന്റെ വിജയം.
അയല്‍പക്കത്തെ പയ്യന്‍ ഇമേജാണ് പോയ പതിറ്റാണ്ടില്‍ നിവിന്‍ പോളിയിലെ നായകനെ ജനപ്രിയനാക്കിയത്. കരിയരിന്റെ തുടക്കത്തില്‍ വലിയ പ്രത്യേകതകളൊന്നുമില്ലാതെ കൂട്ടത്തിലൊരു നായകന്‍ എന്ന ഇമേജില്‍ നിന്ന് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയാണ് സാധാരണക്കാരന്റെ മുഖവും സംസാരശൈലിയും നര്‍മ്മഭാവങ്ങളും കൊണ്ട് നിവിന്‍പോളിയെ ശ്രദ്ധേയനാക്കുന്നത്. നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം തുടങ്ങിയവ നിവിന്‍ പോളിക്ക് ഈ ഇമേജ് നിലനിര്‍ത്തുന്നതില്‍ സംഭാവന ചെയ്ത സിനിമകളാണ്. അജു വര്‍ഗീസാണ് ഹാസ്യരംഗങ്ങളില്‍ നിവിന്‍പോളിയുടെ പെര്‍ഫെക്ട് കോമ്പോ എന്ന നിലയില്‍ പേരെടുത്തത്.
മെട്രോ ബോയ് ഇമേജില്‍ നിന്ന് ഫഹദ് ഫാസില്‍ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനാകുന്നത് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയോടെയാണ്. ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയവയാണ് കഥാപാത്രത്തിന് യോജിക്കും വിധം സ്വാഭാവിക ഹാസ്യം കൊണ്ട് ഫഹദ് ശ്രദ്ധേയനാകുന്ന മറ്റു സിനിമകള്‍.
മാതൃഭൂമി ഓണ്‍ലൈന്‍, 2023 ജൂണ്‍ 9, ഷോ റീല്‍ 42
No comments:
Post a Comment