71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്‌കാരമായ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇത്തവണ 2023 ല്‍ പുറത്തിറങ്ങിയതും സെന്‍സര്‍ ചെയ്തതുമായ സിനിമകള്‍ പരിഗണിച്ചാണ് നിര്‍ണയിച്ചത്.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത് ഫെയില്‍ ആണ് മികച്ച ചിത്രം. ഫ്ളവറിംഗ് മാന്‍ മികച്ച നോണ്‍-ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ഗോഡ് വള്‍ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ മികച്ച ഡോക്യുമെന്ററി പുരസ്‌കാരവും നേടി. ദി കേരള സ്റ്റോറിയിലൂടെ സുദീപ്‌തോ സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം.
ജവാന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാനും ട്വല്‍ത് ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേയിലെ അഭിനയത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്റെയും റാണി മുഖര്‍ജിയുടെയും ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണിത്. 2015 നു ശേഷം കരിയറില്‍ അപ്രതീക്ഷിത പരാജയങ്ങള്‍ നേരിട്ട ഷാരൂഖ് ഖാന്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വിജയത്തിലെത്തിക്കാനും അതില്‍ ജവാനിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചത് ഷാരൂഖിന്റെ അഭിനയ ജീവിതത്തില്‍ വലിയ തിളക്കമായി.
പ്രേക്ഷക-നിരൂപക ശ്രദ്ധ ഒരുപോലെ നേടിയ ട്വല്‍ത് ഫെയിലിലെ വിക്രാന്ത് മാസിയുടെ അനിതരസാധാരണ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ തിളക്കമുള്ള പുരസ്‌കാരങ്ങള്‍ നേടി പുരസ്‌കാര പ്രഖ്യാപന വേളയില്‍ ശ്രദ്ധേയമായ പേരായി മാറിയ ട്വല്‍ത് ഫെയില്‍ യഥാര്‍ഥ ജീവിതത്തെ ആധാരമാക്കിയ ചിത്രമാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ശര്‍മ്മ എന്ന യഥാര്‍ഥ കഥാനായകന്റെ ജീവിതത്തിനുള്ള ആദരം കൂടിയായി ഈ സിനിമ മാറുന്നു.
മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ആദ്യമായി സ്വന്തമാക്കിയ ദേശീയ പുരസ്‌കാരത്തെ 'തന്റെ നീണ്ട യാത്രയ്ക്കും കലയോടുള്ള സമര്‍പ്പണത്തിനുമുള്ള അംഗീകാരം' എന്നാണ് റാണി മുഖര്‍ജി വിശേഷിപ്പിച്ചത്. മക്കളെ തിരികെ ലഭിക്കാന്‍ നോര്‍വെയിലെ നിയമ വ്യവസ്ഥയ്‌ക്കെതിരെ പേരാടിയ ഇന്ത്യക്കാരിയായ അമ്മയുടെ യഥാര്‍ഥ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന ചിത്രമൊരുക്കിയത്.
മലയാളത്തിന്റെ അഭിമാനമുയര്‍ത്തി വിജയരാഘവനും ഉര്‍വശിയും മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. പൂക്കാലം എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ മികച്ച സഹനടനായത്. ഉള്ളൊഴുക്കിലെ അഭിനയ മികവാണ് ഉര്‍വശിയെ സഹനടി പുരസ്‌കാരത്തിലെത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഉര്‍വശിയെ തേടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. 2006 ല്‍ അച്ചുവിന്റെ അമ്മയിലൂടെയാണ് ആദ്യമായി ഉര്‍വശിക്ക് ദേശീയ അംഗീകാരം ലഭിച്ചത്. ഉള്ളൊഴുക്കിലെ ലീലാമ്മ എന്ന കഥാപാത്രമായി ഉര്‍വശിയുടെ ഭാവതീവ്രമായ പ്രകടനം പ്രേക്ഷകരുടെ ഉള്ളുലയ്ക്കാന്‍ പോന്നതായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും ഉര്‍വശി അര്‍ഹയായിരുന്നു. വിജയരാഘവന്‍ ആദ്യമായാണ് ദേശീയ പുരസ്‌കാരം നേടുന്നത്. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു വിജയരാഘവന്‍ പൂക്കാലത്തില്‍ അഭിനയിച്ചത്. 100 വയസ്സുള്ള അപ്പൂപ്പന്‍ വേഷത്തില്‍ അസാധാരണമായ പകര്‍ന്നാട്ടമാണ് വിജയരാഘവന്‍ ഈ സിനിമയ്ക്കായി നടത്തിയത്.
പാര്‍ക്കിംഗ് എന്ന തമിഴ് ചിത്രത്തിലൂടെ മുത്തുപേട്ടൈ സോമു ഭാസ്‌കര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനോടൊപ്പം പങ്കിട്ടു. ഗുജറാത്തി ചിത്രമായ വാഷിലൂടെ ജാനകി ബോഡിവാലയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കുവെച്ചു.
മുതിര്‍ന്ന അഭിനേതാക്കളായ ഉര്‍വശിക്കും വിജയരാഘവനും പുറമേ പുരസ്‌കാര നേട്ടത്തിലൂടെ മലയാളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ മിഥുന്‍ മുരളിക്കും മോഹന്‍ദാസിനുമായി. പൂക്കാലത്തിലൂടെയാണ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളി സ്വന്തമാക്കിയത്. 2018 എന്ന ചിത്രത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ദാസ് നേടിയത്. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള നെഗല്‍ ദി ക്രോണിക്കിള്‍ ഓഫ് പാഡിമാന്‍ പ്രത്യേക പരാമര്‍ശം നേടി. എം.കെ. രാംദാസാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി ചിത്രം അനിമലിന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിന്‍ സുധാകരനും ഹരിഹരന്‍ മുരളീധരനും അവാര്‍ഡിന് അര്‍ഹരായി. ഈ ചിത്രത്തിന്റെ റീ റെക്കോര്‍ഡിംഗിന് മലയാളിയായ എംആര്‍ രാജാകൃഷ്ണന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മറാഠി ചിത്രം ആത്മ പാംഫ്‌ളറ്റിലൂടെ ആസിഷ് ബെന്‍ഡ മികച്ച പുതുമുഖ സംവിധായകനായി. കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് 2023 ലെ ജനപ്രിയ സിനിമ. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി മേഘ്‌ന ഗുല്‍സാറിന്റെ ഹിന്ദി ചിത്രം സാം ബഹാദൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സുധാകര്‍ റെഡ്ഡി യക്കാന്തി സംവിധാനം ചെയ്ത മറാഠി ചിത്രം നാള്‍-2 കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്സ് ഗെയിമിംഗ് ആന്‍ഡ് കോമിക് വിഭാഗത്തില്‍ മികച്ച ചിത്രമായി ഹനു-മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗിദ്ദ് ദി സ്‌കാവെഞ്ചര്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
പാര്‍ക്കിംഗ് ആണ് മികച്ച തമിഴ് സിനിമ. എ ജാക്ക് ഫ്രൂട്ട് ഹിസ്റ്ററി മികച്ച ഹിന്ദി സിനിമയ്ക്കും ഭഗവന്ത് കേസരി തെലുങ്ക് സിനിമയ്ക്കും കണ്ടിലു-ദ റേ ഓഫ് ഹോപ്പ് കന്നഡ സിനിമയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞൈടുക്കപ്പെട്ടു.
ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരം ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മൊഹപത്ര സ്വന്തമാക്കി. ബേബിയിലൂടെ പി.വി.എന്‍.എസ് രോഹിത് മികച്ച ഗായകനും ജവാനിലൂടെ ശില്‍പാ റാവു മികച്ച ഗായികയുമായി. ജി വി പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. തമിഴ് ചിത്രം വാത്തിയിലെ ഗാനങ്ങളാണ് ജി വി പ്രകാശ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഹിന്ദി ചിത്രം അനിമലിലൂടെ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 332 എന്‍ട്രികളും, നോണ്‍-ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 115 എണ്ണവുമാണ് പുരസ്‌കാരത്തിന് മത്സരിക്കാനായി ജൂറിക്ക് മുന്നില്‍ എത്തിയത്. ഇതിനു പുറമേ 27 പുസ്തകങ്ങളും, 16 നിരൂപക സമര്‍പ്പണങ്ങളും അവാര്‍ഡ് പരിഗണനയ്ക്കായി എത്തി. അശുതോഷ് ഗോവാരിക്കര്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെയും പി.ശേഷാദ്രി നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെയും ജൂറി ചെയര്‍പേഴ്സണായി.
കോവിഡിനെ തുടര്‍ന്ന് 2021-22 ല്‍ പുരസ്‌കാര വിതരണം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2022 ലെ പുരസ്‌കാരങ്ങളാണ് നല്‍കിയത്.
ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ആഗസ്റ്റ് 4








