Monday, 11 August 2025

ആശങ്ക വേണ്ട; കോവിഡ് വാക്‌സിനുകളും ഹൃദയാഘാത മരണങ്ങളും തമ്മില്‍ ബന്ധമില്ല


ഇന്ത്യയില്‍ കോവിഡിനു ശേഷമുള്ള കാലയളവില്‍ ചെറുപ്പക്കാര്‍ക്ക് പെട്ടെന്ന് മരണം സംഭവിക്കുന്നതുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നടത്തിയ വിപുലമായ പഠനങ്ങളില്‍ കോവിഡ്-19 വാക്‌സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു. മാറിയ ജീവിതശൈലിയും വ്യക്തികളില്‍ നേരത്തെ തന്നെയുള്ള ശാരീരിക പ്രശ്‌നങ്ങളുമാണ് പെട്ടെന്നുള്ള മരണത്തിന് പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് യുവാക്കളുടെ പൊടുന്നനെയുള്ള അസ്വാഭാവിക മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കോവിഡ് കാലയളവിനു ശേഷം കാരണം വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള  മരണങ്ങളെ സംബന്ധിച്ച് രാജ്യത്തെ ഒട്ടേറെ ഏജന്‍സികള്‍ പഠനം നടത്തിയിരുന്നു. ഇത്തരം മരണങ്ങളും കോവിഡ്-19 വാക്‌സിനുകളും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് ഈ പഠനങ്ങളിലൂടെ സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ പഠനങ്ങള്‍ ഇന്ത്യയിലെ കോവിഡ് -19 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ജനിതക സവിശേഷതകള്‍, ജീവിതശൈലി, മുന്‍പേ തന്നെയുണ്ടായിരുന്ന ശാരീരികപ്രശ്‌നങ്ങള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം.

18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പ്രത്യേക കാരണങ്ങള്‍ മൂലമെന്ന് വിശദീകരിക്കാനാകാത്ത മരണങ്ങള്‍ സംഭവിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഐസിഎംആറും എന്‍സിഡിസിയും സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. വിശദമായ പഠനങ്ങളുടെ ഭാഗമായി വ്യത്യസ്ത ഗവേഷണ സമീപനങ്ങള്‍ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങള്‍ നടത്തി. ഒന്ന് മുന്‍കാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് തത്സമയ അന്വേഷണം ഉള്‍പ്പെടുന്നതുമാണ്.  

ഐസിഎംആറിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി 'ഇന്ത്യയിലെ 18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള ആളുകളില്‍ കാരണം വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ - എ മള്‍ട്ടിസെന്‍ട്രിക് മാച്ച്ഡ് കേസ്-കണ്‍ട്രോള്‍ സ്റ്റഡി' എന്ന തലക്കെട്ടില്‍ നടത്തിയ ആദ്യ പഠനം, 2023 മെയ് മുതല്‍ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 തൃതീയ പരിചരണ സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് നടത്തിയത്. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും മധ്യേ ആരോഗ്യവാന്മാരായി കാണപ്പെട്ടെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളെ ആധാരമാക്കിയാണ് പരിശോധന നടത്തിയത്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്, യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഈ പഠനം തെളിയിച്ചു.

2018 നും 2023 നും ഇടയില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നടന്ന രണ്ട് പഠനങ്ങളാണ് കോവിഡ് വാക്‌സിന്‍ അപകടകാരിയല്ലെന്ന് തെളിയിക്കാന്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് മുമ്പും ശേഷവും ഹൃദയാഘാത മരണങ്ങളുടെ പഠനമാണ് പ്രധാനമായും നടന്നതെന്ന് എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. അഭിഷേക് യാദവ് പറയുന്നു. കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കോവിഡിന് ശേഷം പെട്ടെന്നുള്ള ഹൃദയാഘാതങ്ങളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് ഈ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 




ഐസിഎംആറുമായി ചേര്‍ന്ന് എയിംസ് 2023 ല്‍ ആരംഭിച്ച പഠനം തുടരുകയാണ്. രണ്ട് വര്‍ഷം കൂടിയാണ് ഇതിന്റെ കാലാവധി. ഇതുവരെ 230 മരണങ്ങള്‍ പഠനവിധേയമാക്കി. ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ കുടുംബാരോഗ്യ ചരിത്രം, ഡിഎന്‍എ പരിശോധന തുടങ്ങിയ വിവിധ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്. 230 കേസുകളില്‍ പകുതിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ്. യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളുടെ പൊതുവായ കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദീര്‍ഘകാല പഠനമാണിത്. പഠനത്തില്‍ നിന്നുള്ള ഡാറ്റയുടെ ആദ്യ വിശകലനം ഹൃദയാഘാതം അല്ലെങ്കില്‍ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഈ പ്രായത്തിലുള്ളവരില്‍ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാരണങ്ങളുടെ പാറ്റേണില്‍ വലിയ മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാനമാണ്. വിശദീകരിക്കാനാകാത്ത ഭൂരിഭാഗം മരണങ്ങളിലും, ജനിതക ഘടകങ്ങളാണ് കാരണമായി വിശദീകരിക്കപ്പെടുന്നത്. പഠനം പൂര്‍ത്തിയായതിനു ശേഷം അന്തിമ ഫലങ്ങള്‍ പുറത്തു വിടും.

ഇന്ത്യയിലെ യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതല്‍ സമഗ്രമായ  ധാരണ ഈ രണ്ട് പഠനങ്ങളും നല്‍കുന്നു. കോവിഡ്-19 വാക്‌സിനുകള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനേഷനല്ല മറിച്ച നേരത്തെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് ഇരുപഠനങ്ങളും പറയുന്നുണ്ട്.

കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്നും മരണനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡല്‍ഹി എയിംസിലെ  അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കരണ്‍ മദന്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ സമയത്ത്, ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം വാക്‌സിനുകളാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കുറവാണെന്ന് ഐസിഎംആറും എയിംസും നടത്തിയ പഠനം ചൂണ്ടികാട്ടുന്നുവെന്ന്   കാര്‍ഡിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. രാജീവ് നരംഗ് പറഞ്ഞു. ഓക്‌സഫഡ്-ആസ്‌ട്രെനിക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന് 62.1 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് എയിംസിലെ കമ്മ്യൂണിറ്റി വിഭാഗത്തിലെ ഡോ. സഞ്ജയ് റായ് പറയുന്നു. രാജ്യത്ത് കഴിഞ്ഞ മാസം വര്‍ധിച്ച കോവിഡ് കേസുകളില്‍ ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്.

യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി, ഈ മരണങ്ങള്‍ക്ക് കോവിഡ് 19 അണുബാധയോ കോവിഡ് വാക്‌സിനുകളോ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ മാസം ഇരുപതിലേറെ പേര്‍ ഹൃദയാഘാതത്താല്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ച്ചയായുള്ള മരണങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം തേടുകയായിരുന്നു ലക്ഷ്യം. സമിതിയുടെ പഠനത്തില്‍ കോവിഡ് 19 വാക്‌സിനുകള്‍ ദീര്‍ഘകാലത്തേക്ക് ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി കണ്ടെക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നു. ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ പെട്ടെന്ന് വര്‍ധിച്ചതിന് പിന്നില്‍ പെരുമാറ്റപരവും ജനിതകപരവും പാരിസ്ഥിതികപരവുമായ നിരവധി അപകടസാധ്യതകള്‍ ഇതിന് കാരണമാകാം. കോവിഡ് മഹാമാരി കഴിഞ്ഞ് മൂന്ന് വര്‍ഷമായതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഹൃദയാഘാതങ്ങള്‍ നേരിട്ട് കോവിഡ് അണുബോധയോ വാക്‌സിനേഷനോ മൂലമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിംഹാന്‍സ്, സെന്റ് ജോണ്‍ മെഡിക്കല്‍ കോളേജ്, ബിഎംസിആര്‍ഐ, മണിപ്പാല്‍ ആശുപത്രി, രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആസിഎംആര്‍-എന്‍സിഡിഐആര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം, പക്ഷാഘാതം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

ഹൃദ്രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും അവബോധം പകരാനും പ്രതിരോധത്തിനുമുള്ള വിപുലമായ പദ്ധതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. മദ്യപാനം, പുകയില, അമിതവണ്ണം, സമ്മര്‍ദ്ദം, ജനിതക ഘടകങ്ങള്‍ തുടങ്ങിയവയാണ് ഹൃദയാഘാത മരണങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായക തെളിവുകളില്ലാത്ത അനുമാനങ്ങളില്‍ അധിഷ്ഠിതമായ അവകാശവാദങ്ങള്‍ വാക്‌സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കുന്നതില്‍ വാക്‌സിനുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്‌സിന്‍ പേടിയ്ക്ക് കാരണമാവുകയും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇന്ത്യാ ഗവണ്മെന്റ് സദാ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ജൂലൈ 7

No comments:

Post a Comment