Saturday, 21 February 2026

നല്ല സിനിമയുടെ വേര് അഭിമുഖം- എംഎഫ് തോമസ്/ എന്‍.പി മുരളീകൃഷ്ണന്‍


ആദ്യ ഐഎഫ്എഫ്‌കെ മുതല്‍ മേളയുടെ ഭാഗമാകുകയും ആദ്യത്തെ സെലക്ഷന്‍ കമ്മിറ്റി അംഗവുമായ മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ എംഎഫ് തോമസ് സംസാരിക്കുന്നു


ഫിലിം സൊസൈറ്റികളുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയാണ് ചലച്ചിത്രോത്സവങ്ങള്‍. പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫിലിം സൊസൈറ്റികള്‍ നടത്തിയിരുന്ന ചലച്ചിത്രോത്സവങ്ങളുടെ തുടര്‍ച്ചയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള പോലെ ഇത്ര വലിയൊരു ഫെസ്റ്റിവെലിലേക്ക് നയിച്ചത്. അതില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനമുണ്ട്. ഇത്തരം ഫെസ്റ്റിവെലുകളാണ് നല്ല സിനിമയുടെ വേര് ഉറപ്പിക്കുന്നത്. 1952 ല്‍ ബോംബെയില്‍ നടന്ന ഫിലിമോത്സവ് ആണ് ഇന്ത്യയിലെ നവസിനിമയുടെ തന്നെ തുടക്കത്തിന് കാരണമായത്. അതേ മാതൃകയിലായിരുന്നു ലോക സിനിമയുടെ 100-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സൂര്യ നടത്തിയ ഫിലിം ഫെസ്റ്റിവെല്‍. 100 സിനിമകളാണ് ഇതില്‍ പ്രദര്‍ശിപ്പിച്ചത്.

ഇതിനെ തുടര്‍ന്നാണ് ആദ്യത്തെ ഐഎഫ്എഫ്‌കെ പിറവിയെടുക്കുന്നത്. 1994 ല്‍ കോഴിക്കോട് നടന്ന ആദ്യ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ പതിപ്പ് കെ. ജയകുമാറിന്റെ നേതൃമികവ് കൊണ്ടുകൂടിയാണ് സാധ്യമായതെന്ന് ഓര്‍മ്മിക്കുന്നു. അദ്ദേഹം കോഴിക്കോട് കളക്ടര്‍ ആയിരുന്നു. ആ പരിചയങ്ങളും പിന്തുണയും സംഘാടനത്തിനും സ്‌പോണ്‍സര്‍ഷിപ്പിനുമെല്ലാം കോഴിക്കോട്ടെ മേളയ്ക്ക് സഹായകമായി. കെടിസിയുടെ അമരക്കാരനും നിര്‍മ്മാതാവുമായിരുന്ന പി. ഗംഗാധരന്റെയും കോഴിക്കോട്ടെ കലാ, സാംസ്‌കാരിക മേഖലയുടെയും വലിയ പിന്തുണ ജയകുമാറിന് ലഭിച്ചിരുന്നു. ആദ്യ ഫിലിം ഫെസ്റ്റിവെലിന് സെലക്ഷന്‍ ഒന്നും ഇല്ലായിരുന്നു. 

1995 ല്‍ തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ ഐഎഫ്എഫ്‌കെയില്‍ സെലക്ഷന്‍ സമ്പ്രദായം നിലവില്‍ വന്നു. അന്ന് മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ പി.കെ നായര്‍, കെ.ജി ജോര്‍ജ്, ജോണ്‍പോള്‍ തുടങ്ങിയവര്‍ക്കൊപ്പം അംഗമായി പ്രവര്‍ത്തിക്കാനായത് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വലിയ അഭിമാനമായി തോന്നുന്നു. നടന്‍ സുകുമാരന്‍ ആയിരുന്നു കെഎസ്എഫ്ഡിസി ചെയര്‍മാന്‍.

അന്ന് ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത് വലിയ ആവേശമായിരുന്നു. ഒന്നൊന്നര മാസം മുമ്പ് തന്നെ മാനസികവും ശാരീരികവുമായി അതിന് തയ്യാറെടുപ്പ് നടത്തിയിരുന്നു. സിനിമയുമായി അടുത്ത ബന്ധമുള്ള എല്ലാവരും തന്നെ അന്ന് ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തിരുന്നു.

പിന്നീട് ഷാജി എന്‍ കരുണ്‍ അക്കാദമി ചെയര്‍മാന്‍ ആയി വന്നപ്പോഴാണ് വ്യക്തമായ ദിശാബോധത്തോടെ ഐഎഫ്എഫ്‌കെ നടത്താന്‍ തുടങ്ങിയത്. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ വന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ലോകസിനിമയെ കുറിച്ചും ലോക ചലച്ചിത്ര മേളകളെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവും കാഴ്ചപ്പാടുകളും ഉള്ളതുകൊണ്ടാണ് ആ ദിശാബോധം സാധ്യമായത്.

സിനിമയെ സ്‌നേഹത്തോടെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ കുറവാണെന്ന് തോന്നിയിട്ടുണ്ട്. ആളുകള്‍ ചലച്ചിത്ര മേളയ്ക്ക് എത്തി സിനിമ കാണുന്നു, പോകുന്നു. അതിനപ്പുറം നല്ല സിനിമയ്ക്കു വേണ്ടി നിലകൊള്ളുകയോ പിന്നീട് അത്തരം സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പോയി കാണുകയോ ചെയ്യുന്നില്ല. പഴയ തലമുറ അങ്ങനെയല്ല. അവര്‍ നല്ല സിനിമയ്ക്ക് വേണ്ടി നിലകൊള്ളുകയും ജീവിക്കുകയും ചെയ്തവരാണ്. 

ഒട്ടേറെ പുതിയ ചലച്ചിത്രകാരന്മാരെ സൃഷ്ടിക്കാനായി എന്നതാണ് ഐഎഫ്എഫ്‌കെയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു. പുതിയ കാലത്തെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരെല്ലാം ഐഎഫ്എഫ്‌കെയില്‍ സിനിമ കണ്ട് വളര്‍ന്നവരാണ്. സനല്‍കുമാര്‍ ശശിധരന്‍, സുദേവന്‍, സജിന്‍ബാബു എന്നിവര്‍ ഉള്‍പ്പടെ കുറേപ്പേരുണ്ട്. ഇപ്പോഴും നിരവധി പുതിയ സംവിധായകര്‍ വന്നുകൊണ്ടിരിക്കുന്നു.

സിനിമയുടെ സെലക്ഷന്‍ പ്രധാനം


ലോകത്താകെ പഴയതു പോലെ നല്ല സിനിമകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് സൂക്ഷ്മമായി നോക്കുമ്പോള്‍ മനസ്സിലാകുന്നത്. മുമ്പ് കാനിലും ബെര്‍ലിനിലും വെനീസിലുമെല്ലാം അവാര്‍ഡ് ലഭിച്ച സിനിമകള്‍ അത്ര മികവുറ്റതായിരിക്കും. സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു അവ. പക്ഷേ കുറച്ച് വര്‍ഷങ്ങളായി കാനില്‍ വരുന്ന സിനിമകള്‍ പലതും അത്ര നല്ലതല്ല. 

ലോകത്ത് മുഴുവന്‍ ഉള്ള ഈ പ്രവണത നമ്മുടെ ഫെസ്റ്റിവെലിനെയും ബാധിച്ചിട്ടുണ്ട്. അങ്ങനെ ഐഎഫ്എഫ്‌കെയിലേക്ക് നല്ല സിനിമകള്‍ എത്തുന്നില്ല. പലതവണ ഫെസ്റ്റിവെല്‍ പ്രീ-സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയുടെ നിലവാരത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. മുമ്പ് ഒന്നിനോടൊന്ന് മെച്ചമുള്ള സിനിമകള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് ഏത് തെരഞ്ഞെടുക്കണം ഏത് ഒഴിവാക്കണം എന്നത് പ്രയാസകരമായ ജോലിയായിരുന്നു.

ഫെസ്റ്റിവെലിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലെ സിനിമകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന സിനിമകള്‍ നമ്മള്‍ തന്നെയല്ലേ ആദ്യം കാണേണ്ടത്. മലയാള സിനിമയിലും ഈ നിലവാരത്തകര്‍ച്ച ഉണ്ട്. സിനിമയോട് കമ്മിറ്റ്‌മെന്റ് വേണം. സിനിമയെടുക്കുന്നവര്‍ ആ ബോധ്യവും ചുമതലയും നിര്‍വ്വഹിക്കണം. 

മത്സരവിഭാഗം ചിത്രങ്ങളില്‍ പോലും ഈ നിലവാരത്തകര്‍ച്ച ഉണ്ട്. തെരഞ്ഞെടുക്കാന്‍ നല്ല സിനിമയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍കൂടി നിലവാരമില്ലാത്ത സിനിമകള്‍ തെരഞ്ഞെടുക്കാതിരിക്കാം. മോശം സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും. അത് നമ്മുടെ ചലച്ചിത്ര മേളയുടെ നിലവാരത്തെയും ബോധിക്കും. അത് ഗൗരവത്തോടെ കാണണം.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Sunday, 15 February 2026

കിം കി ഡുക്കിനെ മലയാളിയാക്കി


ഒരൊറ്റ പേര് ഒരു പടുകൂറ്റന്‍ ഫുട്‌ബോള്‍ / ക്രിക്കറ്റ് മൈതാനത്തെ നിറയ്ക്കുന്നത് പോലെയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചില സംവിധായകരുടെ സിനിമകള്‍ക്ക് ആളു കയറുന്നത്. സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം, ഴോണര്‍, കാലികപ്രസക്തി, രാജ്യം തുടങ്ങി ഒരു സിനിമ കാണാന്‍ കാണികള്‍ മാനദണ്ഡമായി എടുക്കുന്ന വിഷയങ്ങളൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. സംവിധായകന്‍ എന്ന ഒറ്റപ്പേര് ആണ് അതിനെല്ലാം ഉപരിയായി മുന്നില്‍ വരുന്നത്. അത് ആ ചലച്ചിത്രകാരന്‍ തന്റെ മാസ്റ്റര്‍പീസ് ആയ ഒരു സിനിമ കൊണ്ടോ ഒന്നിലധികം സിനിമകള്‍ കൊണ്ടോ കണികളില്‍ മുമ്പ് ഉണ്ടാക്കിയെടുത്ത സ്വാധീനം കാരണമാണ്. 

പെഡ്രോ അല്‍മദോവര്‍, അലക്‌സാണ്ടര്‍ സുകുറോവ്, അബ്ബാസ് കിരോസ്തമി, മൊഹ്‌സീന്‍ മക്ബല്‍ബഫ്, ജാഫര്‍ പനാഹി, അസ്ഹര്‍ ഫര്‍ഹാദി, മജീദ് മജീദി, ലാന്‍സ് വോന്‍ട്രയര്‍, കിം കി ഡുക്ക്, അലെജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു തുടങ്ങിയ സംവിധായകരുടെ പേരുനോക്കി സിനിമ കാണുന്നവരാണ് ഐഎഫ്എഫ്‌കെയിലെ കാണികള്‍. ഇൗ സംവിധായകര്‍ക്ക് മേളയില്‍ സവിശേഷമായ ഒരു ആരാധകവൃന്ദമുണ്ട്. ഓരോ വര്‍ഷവും മേളയുടെ സ്‌ക്രീനിംഗ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രേക്ഷകര്‍ ആകംക്ഷയോടെ നോക്കുന്നത് ഈ വലിയ പേരുകളുടെ സാന്നിധ്യം ഉണ്ടോ എന്നതു കൂടിയാണ്. ഇതിനൊപ്പം സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന അതികായന്‍മാരും അനശ്വരരുമായ സംവിധായകരുടെ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ താത്പര്യപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. പലപ്പോഴും അവരുടെ റെട്രോസ്‌പെക്ടിവ് പാക്കേജിനെ കാത്തിരിക്കുന്ന കാണികളും ഐഎഫ്എഫ്‌കെയുടെ ഭാഗമാണ്.

ഇറാനിയന്‍ സിനിമകളോടുള്ള ആരാധന

ഇറാനിയന്‍ സിനിമകള്‍ക്കും സംവിധായകര്‍ക്കും വലിയ ആരാധകവൃന്ദമാണ് ഐഎഫ്എഫ്‌കെയിലുള്ളത്. അബ്ബാസ് കിയരോസ്തമി, അസ്ഹര്‍ ഫര്‍ഹാദി, ജാഫര്‍ പനാഹി, മജീദ് മജീദി, മൊഹ്‌സിന്‍ മക്ബല്‍ബഫ് തുടങ്ങിയ ചലച്ചിത്രകാരന്‍മാരുടെ സിനിമകളെല്ലാം തന്നെ ലോകത്തെ മറ്റേതു മേളകളിലെയും പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇറാനിയന്‍ സിനിമ ഐഎഫ്എഫ്‌കെയിലെ ഏറ്റവും ജനപ്രീതിയുള്ള പാക്കേജുകളില്‍ ഒന്നാണ്. 

കാണ്ഡഹാര്‍ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ മക്ബല്‍ബഫിന്റെ ദി ഗാര്‍ഡ്‌നര്‍, ദി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി സിനിമകളാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതില്‍ ദി പ്രസിഡന്റ് കാണികളുടെ ആവശ്യാര്‍ഥം ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങളിലൂടെ മേളയില്‍ വലിയ ആഘോഷമായിട്ടുള്ള ചിത്രമാണ്. 

വെറ്റ് ബലൂണ്‍, മിറര്‍ തുടങ്ങിയ സിനിമകളിലൂടെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ ദി സര്‍ക്കിള്‍, ടാക്‌സി, ത്രീ ഫെയ്‌സസ് എന്നീ ചിത്രങ്ങളും കാണികളെ വലിയ രീതിയില്‍ ആകര്‍ഷിച്ചു.

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, കളര്‍ ഓഫ് പാരഡൈസ് എന്നീ ക്ലാസിക് ചിത്രങ്ങളിലൂടെയാണ്  മജീദ് മജീദി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാകുന്നത്. ദി സോങ് ഓഫ് സ്പാരോസ്, ബിയോണ്ട് ദി ക്ലൗഡ്‌സ്, മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്, സണ്‍ ചില്‍ഡ്രന്‍ എന്നിവയും ഐഎഫ്എഫ്‌കെയില്‍ കാണികള്‍ക്കു മുന്നിലെത്തി.

എബൗട്ട് എല്ലി, എ സെപ്പറേഷന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് അസ്ഹര്‍ ഫര്‍ഹാദി ഐഎഫ്എഫ്‌കെയിലെ ജനപ്രിയ സംവിധായകരുടെ കൂട്ടത്തിലേക്ക് വരുന്നത്. ഈ രണ്ട് സിനിമകള്‍ക്കും ഐഎഫ്എഫ്‌കെയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഫര്‍ഹാദിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ സെയില്‍സ്മാന്‍, എവരിബഡി നോസ് എന്നീ ചിത്രങ്ങളും കാണികളെ കൈയിലെടുത്തു. ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്‌കെയിലെ ഉദ്ഘാടന ചിത്രമായിരുന്നു എവരിബഡി നോസ്.


സുകുറോവും അല്‍മദോവറും

ഭ്രമാത്മകവും ദൃശ്യചാരുതയും നിറഞ്ഞ ഫ്രെയിമുകളാല്‍ പരമ്പരാഗത ആഖ്യാനശൈലിയെ ലംഘിച്ചുകൊണ്ടുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോഫോണിയ 20-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് പ്രദര്‍ശിപ്പിച്ചത്. 22-ാമത് ഐഎഫ്എഫ്‌കെയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം സുകുറോവിന് സമ്മാനിച്ചിരുന്നു. സുകുറോവിന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന റഷ്യന്‍ ആര്‍ക്ക്, മദര്‍ ആന്‍ഡ് സണ്‍, ഫൗസ്റ്റ്, ഫാദര്‍ ആന്‍ഡ് സണ്‍ തുടങ്ങിയ സുകുറോവ് ചിത്രങ്ങളും ഐഎഫ്എഫ്‌കെ കാണികള്‍ക്കു മുന്നിലെത്തി.

വിഖ്യാത സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവര്‍ ആണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ കാണികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു സംവിധായകന്‍. ബ്രോക്കണ്‍ എംബ്രേസസ്, പെയിന്‍ ആന്റ് ഗ്ലോറി, പാരലല്‍ മദേഴ്‌സ്, ദി റൂം നെക്‌സ്റ്റ് ഡോര്‍ എന്നീ സിനിമകളും മേളയില്‍ കാണികളെ ആകര്‍ഷിച്ചു.

ഡാനിഷ് സംവിധായകന്‍ ലാര്‍സ് വോന്‍ട്രയറുടെ ആല്‍ക്കെമിസ്റ്റ് 2009 ലെ മേളയിലാണ് പ്രദര്‍ശിപ്പിച്ചത്. ഒരേസമയം ആശ്ചര്യവും അസ്വസ്ഥതയും തോന്നിപ്പിക്കുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സിനിമയിലൂടെ വോണ്‍ട്രയര്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആരാധകരെ സൃഷ്ടിച്ചു. മേളയില്‍ പ്രദര്‍ശിപ്പിച്ച മെലങ്കോളിയ, നിംഫോമാനിക്, ദി ഹൗസ് ദാറ്റ് ബില്‍റ്റ് ജാക്ക് എന്നീ സിനിമകളും വോന്‍ട്രയറുടെ കൈയൊപ്പ് പതിഞ്ഞവയായിരുന്നു.

ബ്യൂട്ടിഫുള്‍, ബേര്‍ഡ്മാന്‍, തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയാണ് അലജാന്‍ഡ്രോ ഇനാരിറ്റു എന്ന പ്രശസ്ത മെക്‌സിക്കന്‍ സംവിധായകന്‍ മേളയുടെ പ്രിയം നേടിയത്. 

പാരസൈറ്റിന്റെ ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകപ്രശസ്തനായ ബോങ് ജൂന്‍ ഹോ ഐഎഫ്എഫ്‌കെയിലും ജനകീയനാണ്.

കിം കി ഡുക്കിന്റെ ഐഎഫ്എഫ്‌കെ

'സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ്' എന്ന സിനിമയിലൂടെയാണ് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേയനാകുന്നത്. ഋതുക്കളുടെ പരിണാമങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സപ്രിംഗ് സമ്മറിന്റെ ദൃശ്യഭാഷയും ആഖ്യാനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്പ്രിംഗ് സമ്മറിനെ തുടര്‍ന്നാണ് കിം കി ഡുക്കിന് ഇന്നുകാണുന്ന ആരാധകരും കിം സിനിമകള്‍ക്കായുള്ള കാത്തിരിപ്പും രൂപപ്പെട്ടത്. 

സ്പ്രിംഗ് സമ്മറിനെ തുടര്‍ന്ന് സമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, ദി ബോ, ഡ്രീം, ടൈം എന്നീ സിനിമകള്‍ പ്രേക്ഷകരില്‍ കിമ്മിലുള്ള പ്രതീക്ഷയെ വളര്‍ത്തി. ഓരോ വര്‍ഷത്തെയും മേളയുടെ ഷെഡ്യൂള്‍ കിട്ടുമ്പോള്‍ കിം കി ഡുക്കിന്റെ സിനിമയുണ്ടോ എന്ന അന്വേഷണത്തിലേക്ക് ഡെലിഗേറ്റ്‌സിനെ നയിക്കാന്‍ കിമ്മിന്റെ പ്രതിഭയ്ക്ക് സാധിച്ചു. 

കിമ്മിന് ഏറ്റവുമധികം ആരാധകരുള്ള നാടുകളിലൊന്നായ കേരളത്തില്‍ അദ്ദേഹം എത്തിയത് 2013 ലാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ അതിഥിയായി കിം കി ഡുക്ക് എത്തിയപ്പോള്‍ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന സ്വീകരണമാണ് അന്ന് തിരുവനന്തപുരം നല്‍കിയത്. ഐഎഫ്എഫ്‌കെയോട് ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന പേരായി അതോടെ കിം കി ഡുക്ക് മാറുകയായിരുന്നു. ഫെസ്റ്റിവെലില്‍ സിനിമ കാണാന്‍ എത്താത്തവര്‍ പോലും ഐഎഫ്എഫ്‌കെയോട് ചേര്‍ത്ത് ഈ പേരു പറയാന്‍ ശീലിക്കും വിധം കിം കി ഡുക്കിന്റെ പ്രശസ്തിയും ആരാധകക പിന്തുണയും വളര്‍ത്താന്‍ ഈ മേള നിര്‍ണായകമായി.

കിം കി ഡുക്കിന്റെ മാനസികതലത്തില്‍ വന്ന വ്യതിയാനങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യു-സിനിമ അരിരംഗ് 2011ല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 2012ല്‍ പിയാത്ത, 2013ല്‍ മോബിയസ്, 2014ല്‍ വണ്‍ ഓണ്‍ വണ്‍ എന്നീ സിനിമകളാണ് ഐഎഫ്എഫ്‌കെ കാണികള്‍ക്ക് മുന്നിലെത്തിയത്. ഇവ മുന്‍ കിം സിനിമകളുടെ നിലവാരം സൂക്ഷിക്കുന്നവയല്ലെങ്കില്‍ പോലും ജനകീയത കൊണ്ട് വന്‍ജനക്കൂട്ടത്തെ തിയേറ്ററിലേക്ക് ആകര്‍ഷിച്ചു.

     സ്റ്റോപ്പ്, ദി നെറ്റ്, ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍ എന്നീ കിം സിനിമകള്‍ പിന്നീട് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചു.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Friday, 13 February 2026

ചലച്ചിത്ര മേള ഒരു സാംസ്‌കാരിക വിനിമയം കൂടിയാണ് - അഭിമുഖം- കെ.പി കുമാരന്‍/എന്‍.പി മുരളീകൃഷ്ണന്‍


 തിരുവനന്തപുരം വേദിയായ ഐഎഫ്എഫ്‌ഐയുടെ പ്രചോദനം

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ) മുമ്പ് രാജ്യത്തെ പല നഗരങ്ങളിലായിട്ടാണ് നടന്നിരുന്നത്. 1988 ല്‍ ഫെസ്റ്റിവെലിന് തിരുവനന്തപുരം വേദിയായി.  നോണ്‍-കോമ്പിറ്റിറ്റിവ് ഫിലിമോത്സവ് എന്ന രീതിയിലാണ് അന്ന് ഐഎഫ്എഫ്‌ഐ തിരുവനന്തപുരത്ത് നടന്നത്. നിരവധി ലോകസിനിമകള്‍ കാണാനുള്ള അവസരം ഇതിലൂടെ കാണികള്‍ക്ക് ലഭിച്ചു. ഇൗ അനുഭവം കേരളത്തിന് സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്ര മേള എന്ന ആശയത്തിന് പ്രചോദനമായിട്ടുണ്ട്. നമ്മുടെ മേളയ്ക്കായുള്ള 'ഒരു വേക്ക് അപ്പ് കോള്‍' എന്നു പറയാം. 

കേരളത്തിന് ഒരു സിനിമാ സംസ്‌കാരമുണ്ട്

ഐഎഫ്എഫ്‌കെ പോലെയൊരു മേള ആരംഭിക്കാനും അത് തുടര്‍ച്ചയായി സംഘടിപ്പിക്കാനും സാധിച്ചത് കേരളത്തിന് ഒരു മികച്ച സിനിമാ സംസ്‌കാരമുള്ളതു കൊണ്ടാണ്. സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഭരണകര്‍ത്താക്കളുടെയും പിന്തുണ മേളയ്ക്ക് എല്ലാ കാലത്തും ലഭിച്ചിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചാല്‍ ഒരു മേള നടത്താനാകില്ലല്ലോ. അതിന് അതതു കാലത്ത് ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണ കൂടി വേണം. എന്നാലേ എല്ലാവരും ഒത്തുചേര്‍ന്നുള്ള ഒരു മേള സംഘടിപ്പിക്കാനും വിജയത്തിലെത്തിക്കാനുമാകൂ. ഐഎഫ്എഫ്‌കെയുടെ കാര്യത്തില്‍ ആ പിന്തുണ എല്ലാക്കാലത്തും മികച്ച രീതിയില്‍ തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആരംഭിച്ചതും ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിച്ചതും പിന്നീട് ചലച്ചിത്ര അക്കാദമിക്ക് തുടക്കമിട്ടതുമെല്ലാം കേരളത്തിന്റെ സിനിമാ സംസ്‌കാരത്തിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയുടെ പ്രതിഫലനമാണ്. സിനിമയെയും ചലച്ചിത്ര മേളയെയും സംബന്ധിച്ച് സര്‍ക്കാര്‍ ഒരുക്കുന്ന അനുകൂല സാഹചര്യം ഏറെ പ്രധാനമാണ്. കെഎസ്എഫ്ഡിസിയും പിന്നീട് ചലച്ചിത്ര അക്കാദമിയും സ്ഥാപിച്ചതിലൂടെ ഐഎഫ്എഫ്‌കെയുടെ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനായി. 

അന്താരാഷ്ട്ര നിലവാരമുള്ള മേള

രാജ്യാന്തര ചലച്ചിത്ര മേള എന്ന പേരിനൊത്ത പെരുമയിലേക്ക് പെട്ടെന്നു തന്നെ എത്താന്‍ ഐഎഫ്എഫ്‌കെയ്ക്കായി. ആദ്യത്തെ മേള ആര്‍ക്കൈവ്‌സില്‍ നിന്നും മറ്റും സിനിമകള്‍ സംഘടിപ്പിച്ച് നടത്തുകയായിരുന്നു. പിന്നീട് വിദേശ രാജ്യങ്ങളില്‍ നിന്ന് സിനിമകള്‍ എത്തിക്കാനും പ്രദര്‍ശിപ്പിക്കാനുമായി. ഈയൊരു വളര്‍ച്ചയും സ്വീകാര്യതയും വേഗത്തില്‍ സംഭവിച്ച ഒന്നാണ്. തീര്‍ത്തും സന്തോഷമുളവാക്കുന്ന കാര്യമാണത്. അത് നേരത്തെ പറഞ്ഞതു പോലെ കേരളത്തിന്റെ സിനിമാ, സാംസ്‌കാരിക മുഖത്തിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്.

ചെറുപ്പക്കാരുടെ മേള

ഐഎഫ്എഫ്‌കെയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം ഇത് ചെറുപ്പക്കാരുടെ മേള എന്ന നിലയിലാണ്. തുടക്കകാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഓരോ വര്‍ഷം ചെല്ലുന്തോറും ചലച്ചിത്ര മേള കാണാനെത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നതാണ്. സിനിമയെ ഗൗരവുമായി കാണുന്നവരായിരിക്കുമല്ലോ അവരെല്ലാം. അതില്‍ പലരും പിന്നീട് സിനിമാപ്രവര്‍ത്തകരായി മാറിയിട്ടുമുണ്ട്. ഇത് മേള കൊണ്ട് മലയാള സിനിമയ്ക്ക് ഉണ്ടായ ഒരു ഗുണപരമായ മാറ്റമാണ്.


സാധ്യമാകുന്ന സാംസ്‌കാരിക വിനിമയം

ഒരു രാജ്യാന്തര ചലച്ചിത്ര മേള സാധ്യമാക്കുന്നത് സാംസ്‌കാരിക വിനിമയം കൂടിയാണ്. പല രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ നമുക്കു മുന്നില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ പല തലത്തിലുള്ള അറിവും അനുഭവങ്ങളും ജീവിതങ്ങളുമാണ് മുന്നില്‍ തെളിയുന്നത്. അത് പൂര്‍ണമായ തലത്തില്‍ ഉള്‍ക്കൊണ്ടു വേണം സിനിമ കാണാന്‍. പുതിയ തലമുറ കാണികളോട് എനിക്ക് അതാണ് പറയാനുള്ളത്. അത് ഉപദേശമായിട്ടല്ല, പുതിയ തലമുറ പൊതുവേ ഗൗരവമുള്ള കാര്യങ്ങളോട് വിമുഖത കാണിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ കാലത്ത് സിനിമ പൂര്‍ണമായും സാമ്പത്തിക നേട്ടമാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ അതിനൊപ്പം ഗൗരവമുള്ള സിനിമകള്‍ കാണാനുള്ള ഇടം കൂടി സാധ്യമാകണം. ഐഎഫ്എഫ്‌കെ പോലുള്ള മേളകള്‍ സൃഷ്ടിക്കുന്നത് ആ ഇടമാണ്. അത് നിലനില്‍ക്കണം.

സാംസ്‌കാരിക ജീവിതത്തിലെ പ്രതിഫലനം

ഐഎഫ്എഫ്‌കെ പോലെയൊരു മേള വിജയകരമായി നടത്തിക്കൊണ്ടുപോകാന്‍ കേരളത്തിനാകുന്നുണ്ട്. ഓരോ വര്‍ഷവും അതിന്റെ നിലവാരം വര്‍ധിക്കുന്നു. കാണികളുടെ എണ്ണവും വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ സാംസ്‌കാരിക ജീവിതത്തിലും സമൂഹത്തിലും മേള ഏതു തരത്തിലുള്ള സ്വാധീനവും മാറ്റവുമുണ്ടാക്കി എന്നതു കൂടി ചിന്തിക്കേണ്ടതാണ്. മേളയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അര്‍ഥപൂര്‍ണമായ സിനിമകള്‍ ഉണ്ടാകുന്നുണ്ടോ എന്നതും പരിശോധിക്കണം.

സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചവര്‍

നമ്മുടെ ചലച്ചിത്ര മേള 30 വര്‍ഷത്തിലെത്തുമ്പോള്‍ സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച നിരവധി പേരെ ഓര്‍മ്മിക്കുന്നു. പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അരവിന്ദന്‍, ജോണ്‍ എബ്രഹാം, അസീസ്.. അങ്ങനെ പോകുന്നു പേരുകള്‍. കഴിവുള്ളവരും ശ്രദ്ധിക്കപ്പെടാതെ പോയവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അവരെയെല്ലാം നമ്മള്‍ ഓര്‍മ്മിക്കണം.

വ്യക്തിപരമായ സന്തോഷം

എന്റെ സിനിമകളില്‍ പലതും ഐഎഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചുവെന്നത് വ്യക്തിപരമായ സന്തോഷമാണ്. അതിഥിയും തോറ്റവും ആകാശഗോപുരവും ഗ്രാമവൃക്ഷത്തിലെ കുയിലുമെല്ലാം പല വര്‍ഷങ്ങളില്‍ മേളയില്‍ കാണികളുടെ മുന്നിലെത്തി.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Monday, 9 February 2026

പ്രളയത്തിലും കോവിഡിലും മുടങ്ങാതെ ഫെസ്റ്റിവെല്‍ - അഭിമുഖം -കമല്‍/എന്‍.പി മുരളീകൃഷ്ണന്‍


കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സജീവ സാന്നിധ്യമായ സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ മേളയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഓര്‍മ്മിക്കുന്നു.

ആദ്യ മേള മുതല്‍ കാണിയായും സംഘാടകനായും

1994 ലെ കോഴിക്കോട് ഫെസ്റ്റിവെല്‍ മുതല്‍ കാണിയായും സംഘാടകനായും ഐഎഫ്എഫ്‌കെയുടെ ഭാഗമാണ് ഞാന്‍. സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇടയ്ക്ക് മൂന്നോ നാലോ ഫെസ്റ്റിവെലുകള്‍ക്ക് പങ്കെടുക്കാനായില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഞാന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ ആയിരുന്നു. ചലച്ചിത്ര അക്കാദമിയുടെ രൂപീകരണ കാലം മുതല്‍ പല ഫെസ്റ്റിവെലുകളിലും സെലക്ഷന്‍ കമ്മിറ്റിയിലും സംഘാടക സമിതിയിലും പ്രവര്‍ത്തിച്ചു. പെരുമഴക്കാലം മത്സരവിഭാഗത്തിലും എന്റെ മറ്റ് പല സിനിമകളും ഐഎഫ്എഫ്‌കെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചതാണ് സംവിധായകന്‍ എന്ന നിലയിലുള്ള ഐഎഫ്എഫ്‌കെ ഓര്‍മ.

ഒളിമങ്ങാത്ത കൈരളിപ്പടവുകള്‍

ഫെസ്റ്റിവെലിന് തിരുവനന്തപുരം സ്ഥിരം വേദിയായതു മുതല്‍ കൈരളി തിയേറ്റര്‍ ആയിരുന്നല്ലോ പ്രധാന വേദി. ഫെസ്റ്റിവെല്‍ ഓഫീസും അവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കൈരളി തിയേറ്റര്‍ കോംപ്ലക്‌സും കൈരളിപ്പടവുകളും വലിയ അനുഭവവും ഓര്‍മ്മയുമാണ്. ആ പടവുകളില്‍ ഇരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യാത്ത സിനിമാ പ്രവര്‍ത്തകരും കാണികളും ഉണ്ടായിരിക്കില്ല. തീര്‍ച്ചയായും ഞാനും അക്കൂട്ടത്തില്‍ ഒരാളാണ്. മൃണാള്‍ സെന്‍ ഐഎഫ്എഫ്‌കെയില്‍ എത്തിയത് ഓര്‍ത്തുപോകുന്നു. അദ്ദേഹവും കൈരളിപ്പടവുകളില്‍ ഇരുന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൈരളി തിയേറ്ററിനു പുറത്ത് ഫോട്ടോ എടുത്തതും തമ്പാനൂരില്‍ വച്ച് ചായ കുടിച്ചതും വ്യക്തിപരമായി മധുരമുള്ള ഓര്‍മയാണ്.

ചര്‍ച്ചകളുടെയും ഐക്യദാര്‍ഢ്യങ്ങളുടെയും വേദി

ലോകസിനിമയുടെ കാഴ്ചയ്ക്ക് വേദിയൊരുക്കുമ്പോള്‍ തന്നെ തിയേറ്ററിനു പുറത്തെ ആഘോഷങ്ങളുടെയും ചര്‍ച്ചകളുടെയും കൂടി ഇടമാണ് ഐഎഫ്എഫ്‌കെ. ഈയൊരു രീതി ആദ്യകാലം തൊട്ടേ രൂപപ്പെട്ടതായി ശ്രദ്ധിച്ചിട്ടുണ്ട്. ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഐഎഫ്എഫ്‌കെ വേദിയൊരുക്കുന്നു. ഓപ്പണ്‍ ഫോറത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകളാണ് നടക്കുന്നത്. 

അതത് കാലത്തെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും ഐഎഫ്എഫ്‌കെ നിലപാട് വ്യക്തമാക്കാറുണ്ട്. അങ്ങനെ തിയേറ്ററിന് പുറത്തേക്ക് കൂടി വളരുന്ന മേള കൂടിയാണ് നമ്മുടേത്. 

സിനിമകളുടെ സെലക്ഷന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തനം

മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്ക് മത്സരവേദി ഒരുക്കാന്‍ തയ്യാറായി എന്നത് ഐഎഫ്എഫ്‌കെയുടെ രാഷ്ട്രീയ പ്രഖ്യാപനമായി കാണാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. യുദ്ധം, ആഭ്യന്തര കലാപങ്ങള്‍, പലായനം, അഭയാര്‍ഥി പ്രശ്‌നം എന്നിവ ചര്‍ച്ചചെയ്യുന്ന സിനിമകളോട് എല്ലാ കാലത്തും ഐഎഫ്എഫ്‌കെ ഐക്യദാര്‍ഢ്യപ്പെട്ടിട്ടുണ്ട്. അത്ര പരിചിതമല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രദര്‍ശനം ഐഎഫ്എഫ്‌കെയില്‍ ഉണ്ടായിട്ടുണ്ട്. ഇറാന്‍ സിനിമകള്‍ക്ക് കേരളത്തില്‍ ഇത്ര ജനകീയത നല്‍കിയതും ഐഎഫ്എഫ്‌കെയാണ്. അതേസമയം യൂറോപ്പില്‍ നിന്നുള്ള മികച്ച സംവിധായകരുടെ സിനിമകളുടെ പ്രദര്‍ശനത്തിനും നമ്മള്‍ വേദിയൊരുക്കി.


പ്രളയ, കോവിഡ് കാലങ്ങളിലെ ഫെസ്റ്റിവെല്‍ നടത്തിപ്പ്

2016 ലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആകുന്നത്. അഞ്ചര വര്‍ഷത്തിനിടെ നേട്ടങ്ങള്‍ക്കൊപ്പം നിരവധി വെല്ലുവിളികളിലൂടെയും കടന്നുപോയി. ശാസ്തമംഗലത്തെ വാടകക്കെട്ടിടത്തില്‍ നിന്ന് ചലച്ചിത്ര അക്കാദമിയെ കിന്‍ഫ്ര പാര്‍ക്കിലേക്ക് കൊണ്ടുപോകാനായി. ഗവേഷണ കേന്ദ്രവും ആര്‍ക്കൈവ്, ഫിലിം റിസ്റ്റൊറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.

2018 ല്‍ പ്രളയത്തെ തുടര്‍ന്ന് ഐഎഫ്എഫ്‌കെ നടത്തണോ എന്ന ആശങ്ക സര്‍ക്കാരിനുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചലച്ചിത്രമേള നടത്തേണ്ട എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം. എന്നാല്‍ മേള മുടങ്ങിയാല്‍ ഫെസ്റ്റിവെല്‍ ലൈസന്‍സ് ഉള്‍പ്പെടെ ഭാവിയില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഞാനും ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ബീനാപോളും മുഖ്യമന്ത്രിയെ ചെന്നുകണ്ട് പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന ഘട്ടത്തില്‍ സര്‍ക്കാരിന് ഐഎഫ്എഫ്‌കെയ്ക്ക് ഫണ്ട് അനുവദിക്കാന്‍ പറ്റില്ലെന്നും അക്കാദമി പ്ലാന്‍ ഫണ്ടില്‍ നിന്ന് ഫെസ്റ്റിവെലിനായി പണം ചെലവഴിക്കനുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. അങ്ങനെ ചെലവ് കുറച്ചും സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കിയുമാണ് ആ വര്‍ഷത്തെ ഫെസ്റ്റിവെല്‍ നടത്തിയത്. ആ സവിശേഷ സാഹചര്യത്തില്‍ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി വര്‍ധിപ്പിച്ചു. എന്നാല്‍ ഡെലിഗേറ്റുകള്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. 2019 ല്‍ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചിട്ടും ഫെസ്റ്റിവെല്‍ നടത്താന്‍ കഴിഞ്ഞു.

ഇതുപോലെ മറ്റൊരു പ്രതിസന്ധി വന്നത് 2020 ല്‍ കോവിഡ് കാലത്തായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഫെസ്റ്റിവെല്‍ നടത്തുക, അല്ലെങ്കില്‍ ഫെസ്റ്റിവെല്‍ നടത്താതിരിക്കുക എന്ന രണ്ടു വഴികളാണ് മുന്നിലുണ്ടായിരുന്നു. ഫെസ്റ്റിവെലിനായി ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് അപകടം വരുത്തിവയ്ക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ സംഘാടകര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് നാല് സ്ഥലങ്ങളിലായി ഫെസ്റ്റിവെല്‍ നടത്താമെന്ന തീരുമാനത്തിലെത്തിയത്. 

തിരുവനന്തപുരം, തലശ്ശേരി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് ഫെസ്റ്റിവെല്‍ നടത്തിയത്. ഓരോ ഫെസ്റ്റിവെലിനും ഇടയില്‍ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. ചലച്ചിത്ര സംഘടനകളുടെയെല്ലാം നല്ല പിന്തുണയും ആ മേളയ്ക്ക് ലഭിക്കുകയുണ്ടായി. കോവിഡ് പ്രോട്ടോക്കോള്‍ കാരണം വിദേശ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ കഴിയാതിരുന്ന മേള കൂടിയായിരുന്നു അത്. 

ദേശീയഗാന വിവാദവും പ്രതിസന്ധിയും

സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ ഇതു സംബന്ധിച്ച് ഐഎഫ്എഫ്‌കെയിലും ചില വിവാദങ്ങളുണ്ടായി. മേളയില്‍ എല്ലാ പ്രദര്‍ശനത്തിനു മുമ്പും ദേശീയഗാനം കേള്‍പ്പിച്ചിരുന്നു. നിശാഗന്ധിയില്‍ ഇതിനെതിരെ ചില ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചു. അവരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. അപ്പോള്‍ ഒരു വിഭാഗം സംഘടനകള്‍ എനിക്കെതിരെ രംഗത്തെത്തുകയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ഇത് ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട ഒരു പ്രധാന ഓര്‍മയാണ്.

നവാഗത സംവിധായകരെ സൃഷ്ടിക്കുന്ന മേള

ഒട്ടനവധി ചെറുപ്പക്കാരെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് ഐഎഫ്എഫ്‌കെയാണ്. ലോക സിനിമ കാണാന്‍ അവസരം ലഭിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ മലയാള സിനിമയുടെ പുത്തന്‍ പതാകവാഹകരായി തന്നെ മാറുകയാണുണ്ടായത്. പലര്‍ക്കും സിനിമയെടുക്കാന്‍ പ്രചോദനമായതും അവരിലെ സിനിമാന്വേഷിയെ പ്രചോദിപ്പിച്ചതും ഈ മേളയാണ്. ഐഎഫ്എഫ്‌കെയില്‍ കാണിയായി എത്തുകയും പിന്നീട് സിനിമയെടുത്ത് ഇതേ മേളയില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. അതുകൊണ്ടു തന്നെ നവസിനിമാ പ്രവര്‍ത്തകരെ നിര്‍മ്മിക്കുന്ന വലിയൊരു പ്രവര്‍ത്തനം കൂടി ഐഎഫ്എഫ്‌കെ നിര്‍വഹിക്കുന്നുണ്ട്.

കാണികളിലെ തലമുറ മാറ്റം

ഐഎഫ്എഫ്‌കെയുടെ ആദ്യ പതിപ്പുകളില്‍ സജീവമായിരുന്ന പലരും ഇപ്പോഴില്ല. ആ തലമുറയില്‍ ഭൂരിഭാഗവും മരിച്ചുപോയി. ജീവിച്ചിരിക്കുന്ന പലരും പ്രായാധിക്യത്താലും മറ്റും സജീവമല്ല. ഫെസ്റ്റിവെലിനെ സംബന്ധിച്ച് ഇതൊരു തലമുറ മാറ്റമാണ്. കാണികളുടെ പുതിയ തലമുറ രൂപപ്പെട്ടുകഴിഞ്ഞു.

സമകാലിക ജനപഥം, 2025 ഡിസംബര്‍

Thursday, 5 February 2026

പ്രേക്ഷകര്‍ വളര്‍ത്തിയ മേള - അഭിമുഖം- ബീനാപോള്‍/എന്‍.പി മുരളീകൃഷ്ണന്‍



കേരള രാജ്യാന്തര മേളയുടെ നാള്‍വഴിയിലെ ഏറ്റവും പ്രധാന മുഖങ്ങളിലൊന്നാണ് പ്രശസ്ത ഫിലിം എഡിറ്റര്‍ ബീനാപോള്‍. ദീര്‍ഘകാലം ഐഎഫ്എഫ്കെയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച ബീനാപോള്‍ ലോക സിനിമയിലേക്കും സംവിധായകരിലേക്കുമുള്ള മേളയുടെ പാലമായിരുന്നു. നിരവധി മികച്ച സിനിമകള്‍ കേരള രാജ്യാന്തര മേളയില്‍ എത്തിക്കുകയും ലോകോത്തര സംവിധായകരെ ഐഎഫ്എഫ്കെയില്‍ പങ്കെടുപ്പിക്കുകയും ചെയ്തതിലൂടെ മേളയുടെ ഖ്യാതി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബീനാപോള്‍ ഐഎഫ്എഫ്കെ 30 വര്‍ഷത്തിലെത്തുന്ന വേളയില്‍ സംസാരിക്കുന്നു.

1. കേരള രാജ്യാന്തര ചലച്ചിത്ര മേള 30-ാം വര്‍ഷത്തിലേക്ക് കടക്കുകയാണല്ലോ. ഈ അവസരത്തില്‍ ഐഎഫ്എഫ്കെ സംഘാടനത്തില്‍ ദീര്‍ഘകാലം ഉണ്ടായിരുന്നയാള്‍ എന്ന നിലയിലുള്ള പ്രതികരണം ?

ചലച്ചിത്രമേള തുടക്കം മുതല്‍ക്കുള്ള അതിന്റെ പാരമ്പര്യം നിലനിര്‍ത്തി തുടരുന്നത് കാണുന്നതില്‍ വളരെ സന്തോഷമുണ്ട്. മേളയുടേത് മികച്ച സംഘാടനമാണ്. പ്രൊഫഷണല്‍ ഫിലിം മാര്‍ക്കറ്റ് ആരംഭിച്ചത് ഏറെ സ്വാഗതാര്‍ഹമാണ്.

2. . ഐഎഫ്എഫ്കെയുടെ രൂപീകരണത്തെയും അതിന്റെ നാള്‍വഴികളെയും കുറിച്ചുള്ള ഓര്‍മ്മകള്‍

മേളയുടെ ആദ്യ നാളുകള്‍ കഠിനമായിരുന്നു. ആശയവിനിമയത്തിനുള്ള സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും ലഭ്യമല്ലായിരുന്നു. ഇപ്പോള്‍ ലിങ്കുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാകുന്ന ഫിലിം പ്രിന്റുകള്‍ കൊണ്ടുപോകുന്നതിനെ ആശ്രയിക്കേണ്ടിവന്നു. പ്രോഗ്രാമും സംഘാടനവും ഇന്റര്‍നെറ്റ് വളരെ എളുപ്പമാക്കി. ഓണ്‍ലൈന്‍ പാസ് റിസര്‍വേഷനുകളും തത്സമയ വിവരങ്ങളും ഉപയോഗപ്പെടുത്തി ഇപ്പോള്‍ മേള കാണികളുടെ കൂടുതല്‍ അടുത്തെത്തി.

3. മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍, ഓര്‍മകള്‍, സെലക്ഷന്‍ പ്രോസസിലെ വെല്ലുവിളികള്‍

തുടക്കത്തില്‍ പ്രധാന പ്രശ്‌നം സെയില്‍സ് ഏജന്റുമാരെയും ചലച്ചിത്രകാരന്മാരെയും ഇതൊരു വിശ്വസനീയമായ മേളയാണെന്ന് ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ഇന്ന് ഈ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നില്ല. ഇപ്പോള്‍ ഐഎഫ്എഫ്‌കെയില്‍ പല സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. മികച്ച നിലവാരമുള്ളതും പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായതുമായ സിനിമകള്‍ തിരഞ്ഞെടുക്കുക എന്നതാണ് സെലക്ഷന്‍ കമ്മിറ്റികളെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളി. മറ്റ് വിധത്തില്‍ കാണാത്ത സിനിമകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതും പ്രധാനമാണ്.


4. സര്‍ക്കാര്‍ തലത്തിലുള്ള പിന്തുണ, കാണികളില്‍ നിന്നുള്ള അനുഭവങ്ങള്‍

കേരള സര്‍ക്കാര്‍ എപ്പോഴും മേളയുടെ പ്രാധാന്യത്തില്‍ വിശ്വസിക്കുന്നു. ഈ പിന്തുണ അതിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. മറ്റ് ആഘോഷങ്ങളെ അപേക്ഷിച്ച് ചലച്ചിത്രമേളയ്ക്ക് വളരെ കുറഞ്ഞ ബജറ്റ് മാത്രമേയുള്ളൂ. പക്ഷേ ഒരു സംസ്ഥാനത്തെ സംബന്ധിച്ച് അത് അനാവശ്യമായി തോന്നിയേക്കാം. എന്നാല്‍ കേരള സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ആവശ്യമായ ഫണ്ട് എപ്പോഴും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ ഫിലിം സൊസൈറ്റി പശ്ചാത്തലവും സിനിമാസാക്ഷരരായ പ്രേക്ഷകരുമുള്ള കേരളത്തില്‍ സര്‍ക്കാരില്‍ നിന്ന് ഈ പിന്തുണ ആവശ്യമാണ്. ഡെലിഗേറ്റുകള്‍ മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു. അവര്‍ വളരെ വിവേകമതികളുമാണ്. പ്രേക്ഷകരുമായുള്ള ഊഷ്മളമായ ഇടപെടലും അടുത്ത ബന്ധവും കാരണം  ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തിലേക്ക് വരാന്‍ ഇഷ്ടപ്പെടുന്നു.

5. മേളയ്ക്ക് ഇന്നുകാണുന്ന ജനകീയയിലേക്ക് എത്തിക്കാന്‍ തുടക്കകാലത്ത് എന്തെല്ലാം ആശയങ്ങളും നടപടികളും കൈക്കൊണ്ടു?

ഏറ്റവും പ്രധാനം എല്ലാവര്‍ക്കും പാസ് ലഭ്യമാക്കുക എന്നതായിരുന്നു. ഐഎഫ്എഫ്‌ഐയിലെ ആദ്യകാലങ്ങളില്‍ കോണ്‍ടാക്റ്റുകള്‍ ഇല്ലെങ്കില്‍ പാസ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ്, തിരുവനന്തപുരത്തെ പ്രത്യേകതയായ അടുത്തടുത്തുള്ള തിയേറ്ററുകള്‍, ഡെലിഗേറ്റുകള്‍ക്കായി സൗജന്യ ഓട്ടോസവാരി തുടങ്ങിയത് എന്നിവയെല്ലാം ഇതിനെ ഒരു ജനപ്രിയ സാംസ്‌കാരിക പരിപാടിയാക്കി മാറ്റുന്നതിന് കാരണമായി.

6. സിനിമയുടെ സെലക്ഷന്‍ മാനദണ്ഡങ്ങള്‍, ജൂറി? മറ്റ് രാജ്യങ്ങളില്‍ നിന്ന് സിനിമകള്‍ ക്ഷണിക്കുമ്പോഴത്തെ പ്രതികരണം? വിദേശ സംവിധായകര്‍ ഉള്‍പ്പെടെയുള്ള അതിഥികളെ കൊണ്ടുവന്നതിന്റെ അനുഭവങ്ങള്‍?

ആദ്യകാലങ്ങളില്‍ സിനിമകള്‍ കണ്ടെത്താനും അവ തെരഞ്ഞെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പ്രോഗ്രാമര്‍മാരുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു. അതില്‍നിന്ന് സിനിമകള്‍ തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഓരോ ഫിലിം പാക്കേജിനും ഒരു സെലക്ഷന്‍ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമ കാണല്‍, ചര്‍ച്ച, അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവയിലൂടെയാണ് എല്ലായ്‌പോഴും സിനിമകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്.

പലപ്പോഴും നമ്മള്‍ ശരിക്കും ആഗ്രഹിച്ച സിനിമകള്‍ ലഭിക്കില്ല. ഒരുപക്ഷേ അത് മറ്റൊരു ഫെസ്റ്റിവലില്‍ ആയിരുന്നതിനാലോ സ്‌ക്രീനിംഗ് ഫീസ് ഉയര്‍ന്നതായതിനാലോ ആയിരിക്കും. യഥാര്‍ത്ഥ സ്‌ക്രീനിംഗിന്റെ പ്രക്രിയ വളരെ നീണ്ടതായിരുന്നു. അതിഥികളെ ക്ഷണിക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയായിരുന്നു. ഏജന്റുമാര്‍ വഴി ഞങ്ങള്‍ ശ്രമിച്ചില്ല. വര്‍ഷങ്ങളായി വ്യക്തിപരമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയാണ് അതിഥികള്‍ വന്നുതുടങ്ങിയത്. ഹെര്‍സോഗ്, കിം കി ഡുക്ക്, ഗൊദാര്‍ദ് എന്നിവര്‍ ബന്ധപ്പെടാന്‍ പ്രയാസമുള്ളവരും ബോധ്യപ്പെടുത്താന്‍ പ്രയാസമുള്ളവരുമായിരുന്നു. സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിച്ചതിലൂടെയാണ് അവരെ ഐഎഫ്എഫ്‌കെയുടെ ഭാഗമാക്കാന്‍ സാധിച്ചത്.

6. ഐഎഫ്എഫ്‌കെ 30 വര്‍ഷത്തിലെത്തുമ്പോള്‍, ആ പെരുമയ്‌ക്കൊത്ത വളര്‍ച്ച എത്രമാത്രം നേടിയെന്നാണ് തോന്നുന്നത്? ലോകത്തെ ഇതര ചലച്ചിത്ര മേളകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഇടം എവിടെയാണ്?

ഐഎഫ്എഫ്‌കെ സ്വന്തമായി ഒരു ഇടം സൃഷ്ടിച്ചു. ചുവന്ന പരവതാനിയും താരങ്ങളുമുള്ള ഒരു ആഢംബര ഉത്സവം എന്ന നിലയിലല്ല, മറിച്ച് പ്രേക്ഷകരുടെ അഭൂതപൂര്‍വ്വമായ പങ്കാളിത്തം, മികച്ച സംഘാടനം, നൂതനമായ പ്രോഗ്രാമിംഗ് എന്നിവയെല്ലാം കൊണ്ടാണിത്. ഐഎഫ്എഫ്‌കെ താരതമ്യപ്പെടുത്താവുന്ന മേളകള്‍ കുറവാണ്. പുതിയ തലമുറയിലെ സംവിധായകരില്‍ അത് ചെലുത്തുന്ന സ്വാധീനവും വളരെ ശ്രദ്ധേയമാണ്.

7. ഐഎഫ്എഫ്‌കെ മലയാള ചലച്ചിത്ര മേഖലയിലും ചലച്ചിത്രാസ്വാദന സമൂഹത്തിലും ഉണ്ടാക്കിയ സ്വാധീനം എത്രമാത്രമാണ്?

കേരളത്തിലെ സിനിമാ നിര്‍മ്മാണത്തിലും സിനിമയുടെ കാഴ്ച സംസ്‌കാരത്തിലും ഐഎഫ്എഫ്‌കെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഐഎഫ്എഫ്‌കെയിലെ അവരുടെ കാഴ്ചാനുഭവങ്ങളിലൂടെയും ഇടപെടലുകളിലൂടെയും വ്യത്യസ്ത തരം കഥകള്‍ പറയാന്‍ തങ്ങള്‍ക്ക് എങ്ങനെ ആത്മവിശ്വാസം ലഭിച്ചുവെന്ന് പല ചലച്ചിത്ര പ്രവര്‍ത്തകരും എന്നോട് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഫിലിം സ്‌കൂളുകള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഐഎഫ്എഫ്‌കെ നിരവധി യുവാക്കള്‍ക്ക് ഫിലിം മേക്കിംഗ് പഠിപ്പിച്ചു.

സമകാലിക ജനപഥം, 2025 ഡിസംബര്‍