Wednesday, 22 April 2015

ജനസമ്പര്‍ക്ക പരിപാടി

ഒറ്റയ്‌ക്കൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ സ്‌നേഹ

സ്‌നേഹയ്ക്ക് വയസ്സ് പതിനാറ്. ജീവിതത്തോട് പൊരുതുകയാണ് ഈ പെണ്‍കുട്ടി. തണലും തണുപ്പുമില്ലാത്ത അവളുടെ ജീവിതയാത്രയ്ക്ക് തുണയേകാന്‍ ആരുമില്ലെന്നതാണ് വലിയ ദുര്യോഗം. എങ്കിലും അത്രയെളുപ്പം ജീവിതത്തോട് തോറ്റു പിന്മാറാന്‍ സ്‌നേഹ തയ്യാറല്ല. തനിച്ചായാലും ജീവിക്കണം. അതിനുള്ള വഴി വെട്ടിത്തെളിക്കും എന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ് മുഖ്യമന്ത്രിയെ കാണാന്‍ സ്‌നേഹയെത്തി. അവളുടെ വരവ് വെറുതെയായില്ല. ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കാത്ത കൊച്ചു പെണ്‍കുട്ടിയുടെ വിഷമതകള്‍ മുഖ്യമന്ത്രി തിരിച്ചറിഞ്ഞു.
കൈവിട്ടു പോകുമായിരുന്ന ജീവിതം തിരികെപ്പിടിക്കാന്‍ പ്രായം പരിമിതിയാകില്ല എന്ന് ലോകത്തോട് പറയുകയാണ് തിരുവനന്തപുരം പെരുങ്കടവിള സ്വദേശിയായ സ്‌നേഹ. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എത്തിയത് തനിച്ചാണ്. കൂടെ വരാനോ വഴി കാണിക്കാനോ ആരുമില്ലാത്ത പെണ്‍കുട്ടിയുടെ പക്വതയാര്‍ന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ കരുതല്‍ പരിപാടിയിലേക്ക് എത്തിച്ചത്.
സ്‌നേഹയുടെ അമ്മ മാനസിക രോഗിയാണ്. രക്താര്‍ബുദം ബാധിച്ച് ഏക സഹോദരന്‍ കഴിഞ്ഞ വര്‍ഷം മരണത്തിനു കീഴടങ്ങി. അച്ഛന്‍ രോഗബാധിതനും. കൂലിപ്പണിക്ക് ഇടയ്ക്ക് മാത്രം പോകാന്‍ സാധിക്കും. പോരാത്തതിന് അമിത മദ്യപാനിയും. താമസം രണ്ട് സെന്റ് സ്ഥലത്തെ തകര്‍ന്നുവീഴാറായ ഷെഡ്ഡില്‍. ഇത്തരമൊരു ജീവിതാവസ്ഥയ്ക്കു മുന്നില്‍ ഈ പെണ്‍കുട്ടിക്ക് ജീവിക്കാന്‍ വഴികളെല്ലാമടയുകയായിരുന്നു. ഒരു കൗമാരക്കാരി തളര്‍ന്നുപോകാന്‍ ഇതുതന്നെ ധാരാളം. എന്നാല്‍ സ്‌നേഹ ജീവിക്കാന്‍ തീരുമാനിച്ച് മുന്നോട്ടുനടന്നു. ആ നടത്തമാണ് മുഖ്യമന്ത്രിയുടെ കരുതല്‍ പരിപാടിയിലും സ്‌നേഹയെ എത്തിച്ചത്.
ബന്ധുക്കളും അധ്യാപകരും വല്ലപ്പോഴും നല്‍കുന്ന സഹായത്തെ ആശ്രയിച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ ജീവിതം. സ്‌നേഹ സ്വയം തീരുമാനിച്ചാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിഗണന കിട്ടിയിരുന്നില്ല. ഇത്തവണ പരിപാടിയിലേക്ക് പരിഗണന കിട്ടിയപ്പോള്‍ മറ്റൊന്നിനുമായില്ലെങ്കിലും അമ്മയുടെ ചികിത്സയ്ക്കുള്ള സഹായമെങ്കിലും തരപ്പെടുമെന്ന പ്രതീക്ഷയോടെ എത്തിയ സ്‌നേഹയ്ക്ക് നിരാശപ്പടേണ്ടി വന്നില്ല. ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് മുഖ്യമന്ത്രി അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് അമ്മയുടെ ചികിത്സയും വീടിന്റെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സ്‌നേഹയിപ്പോള്‍. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായം തണലായതോടെ പഠനവും ജീവിതവും തിരികെപ്പിടിക്കാമെന്ന ഉറപ്പ് കൂടിയാണ് പൊലിസുകാരിയാകാന്‍ ആഗ്രഹിക്കുന്ന സ്‌നേഹയ്ക്ക് ലഭിച്ചത്.

വീക്ഷണം, ഏപില്‍ 21

No comments:

Post a Comment