Wednesday, 4 March 2015

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി കേരളത്തിന്റെ നാളുകള്‍

ധോണിയുടെ പിന്‍ഗാമിയായി സഞ്ജു വി സംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കാക്കുന്ന കാലം ഇനി വിദൂരമാകില്ല. പി പ്രശാന്ത്, പ്രശാന്ത് പരമേശ്വരന്‍, റൈഫി വിന്‍സന്റ് ഗോമസ്, സന്ദീപ് വാര്യര്‍, വി എ ജഗദീഷ് തുടങ്ങി പിന്നെയും പ്രതിഭാധനരായ കേരള താരങ്ങള്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതും സ്വപ്‌നമാകില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ വരും നാളുകളില്‍ അടയാളപ്പെടുത്താന്‍ പോകുന്ന പ്രധാന പേരുകളിലൊന്ന് കേരളത്തിന്റെതാകുമെന്ന് തീര്‍ച്ച്.
ബി സി സി ഐ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള ടി.സി. മാത്യുവിന്റെ വിജയത്തിലൂടെ വരുംകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളം നിര്‍ണായകശക്തിയായി മാറുമെന്ന സൂചനയാണ് നല്‍കുന്നത്. കഴിവുള്ള കളിക്കാര്‍ക്കു മുമ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതില്‍ ഇനി തുറന്നുകിട്ടും. സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള ഒരുപിടി പ്രതിഭകളെ രാജ്യാന്തര ക്രിക്കറ്റിലേക്ക് കൈപിടിച്ചു നടത്താന്‍ ടി സി മാത്യുവിന്റെ നേതൃത്വം ഗുണം ചെയ്യും.
പ്രതിഭയും പ്രയത്‌നവും ആവോളമുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ എത്തിപ്പെടാത്ത നിരവധി കളിക്കാരാണ് കേരളത്തില്‍ നിന്നുണ്ടായിട്ടുള്ളത്. പത്തുവര്‍ഷം മുമ്പുവരെ ഇന്ത്യന്‍ ടീം എന്നത് ഒരു കേരള കളിക്കാരന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടാകാനിടില്ല. അവര്‍ക്ക് കഴിവില്ലാഞ്ഞിട്ടല്ലായിരുന്നു അത്. മറിച്ച് അവരുടെ പേരു പരാമര്‍ശിക്കാന്‍ പോലും അധികാര കേന്ദ്രത്തില്‍ ഒരാളില്ലായിരുന്നു. തൊട്ടയല്‍പ്പക്ക സംസ്ഥാനങ്ങളായ കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി ടെസ്റ്റ് താരങ്ങള്‍ വരെ ഉണ്ടായപ്പോള്‍ കേരളം സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പില്‍ അജ്ഞാത ഭൂപ്രദേശമായി നിലകൊണ്ടു. രാഷ്ട്രീയത്തിന്റെയും ലോബികളുടെയും പിടിയലമര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനില്‍ കയറിപ്പറ്റുക കേരളത്തില്‍നിന്നുള്ള ഏത് കഴിവുള്ള കളിക്കാരനെ സംബന്ധിച്ചും അക്കാലത്ത് ബാലികേറാമലയായി മാറി. പ്രതിഭാധനനായ ഒരു കളിക്കാരന്റെ പോലും മനസ്സ് മടുത്തുപോകുന്ന അവസ്ഥ. ലോകം തിരിച്ചറിയുന്ന ലെഗ് സ്പിന്നറായി മാറുമായിരുന്ന അനന്തപദ്മനാഭനില്‍ എണ്ണിത്തുടങ്ങാവുന്ന നിരവധി കളിക്കാരുടെ കരിയറാണ് അതോടെ ഒന്നുമല്ലാതെ അവസാനിച്ചത്. ഒരു ശ്രീശാന്ത് അല്ലാതെ കേരള ക്രിക്കറ്റിന് രാജ്യാന്തര തലത്തില്‍ എടുത്തുകാണിക്കാന്‍ ഒന്നുമില്ലെന്നതായി ഭൂതകാല സത്യം.

ഭൂതകാലം എന്തുതന്നെയായിരുന്നാലും അത് മാറാന്‍ പോകുന്നു എന്ന ശുഭവാര്‍ത്തയാണ് ടി സി മാത്യുവിലൂടെ കേരളത്തിന് ലഭിച്ചിട്ടുള്ളത്. ഐ പി എല്ലും രഞ്ജി ട്രോഫിയും ദക്ഷിണമേഖലയും ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ തിളങ്ങുന്ന കേരള താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഏതാണ്ട് ഉറപ്പാക്കാം.
എസ്.കെ. നായര്‍ക്കുശേഷം ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് മറ്റൊരു മലയാളി ബി സി സി ഐയുടെ ഉന്നതതലത്തില്‍ എത്തുന്നത്. ഏറെക്കാലം ബി സി സി ഐ സെക്രട്ടറിയും ട്രഷററുമായിരുന്നു എസ്.കെ. നായര്‍. അദ്ദേഹത്തിന്റെ കാലത്താണ് ടിനു യോഹന്നാനിലൂടെ ഇന്ത്യന്‍ ടീമില്‍ ആദ്യമായൊരു മലയാളി ഇടം പിടിക്കുന്നത്.
ചേരിതിരിവ് രൂക്ഷമായ ബി.സി.സി.ഐ.യില്‍ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ പക്ഷക്കാരനായ ടി.സി. മാത്യുവിന് നിര്‍ണായക സ്വാധീനമായിരിക്കും ബോര്‍ഡിലുണ്ടാകുക. ഭാരവാഹികളിലെ ഏക ദക്ഷിണേന്ത്യന്‍ക്കാരന്‍ കൂടിയാണ് മാത്യു. കര്‍ണാടകവും തമിഴ്‌നാടും പോലുള്ള ശക്തമായ അസോസിയേഷനുകളുടെ കൂടി സമ്മര്‍ദശക്തിയാവും ഇനി മുതല്‍ ബോര്‍ഡില്‍ ഈ മലയാളി. പശ്ചിമ മേഖലയുടെ ചുമതലയാണ് മാത്യുവിനുള്ളത്.
ഐ.പി.എല്‍ കോഴവിവാദം ബി.സി.സി.ഐയെ പ്രതികൂട്ടിലാക്കിയ പ്രതിസന്ധികാലത്താണ് മാത്യു ബോര്‍ഡിന്റെ അമരത്തെത്തുന്നത്. ബോര്‍ഡിന്റെ ദൈനംദിന പ്രവത്തനങ്ങള്‍ കോടതിയുടെ നിരീക്ഷണവലയത്തിലാവുകയും ഐ.എസ്.എല്ലിന്റെ വരവോടെ ക്രിക്കറ്റിന്റെ ജനപ്രിയതയ്ക്ക് വലിയൊരളവ് ഇടിവു വരികയും ചെയ്യുന്ന കാലത്ത് ചുമതലയേല്‍ക്കുന്നത് മാത്യുവിന്റെ വെല്ലുവിളി ഇരട്ടിയാക്കിയിരിക്കുകയാണ്.
ക്രിക്കറ്റ് ഭരണത്തില്‍ സജീവമാകും മുന്‍പ് തൊടുപുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായിരുന്നു. 1997 മുതല്‍ കെ.സി.എ.യുടെ ട്രഷററായിട്ടായിരുന്നു ഭരണരംഗത്ത് സജീവമായത്. 2005 വരെ ഈ സ്ഥാനം വഹിച്ചു. തുടര്‍ന്ന് എട്ട് വര്‍ഷം അസോസിയേഷന്‍ സെക്രട്ടറിയായി. കഴിഞ്ഞ വര്‍ഷം പ്രസിഡന്റുമായി. ഇതിനിടെ ബി.സി.സി. ഐ.യുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു മാത്യു. 2007 മുതല്‍ 2012 വരെ ബി.സി.സി. ഐ. വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്നു. 2010 മുതല്‍ ബി.സി.സി.ഐ. ഫിനാന്‍സ് കമ്മിറ്റിയിലും ഐ.പി.എല്‍ ഗവേണിങ് ബോഡിയിലും അംഗമാണ്. കഴിഞ്ഞ വര്‍ഷം യുവ ക്രിക്കറ്റര്‍മാരെ വാര്‍ത്തെടുക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനുമായി. കേരള ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പലതിനും തുടക്കം കുറിച്ചത് മാത്യു സെക്രട്ടറിയായിരുന്ന കാലത്താണ്. 2004ല്‍ ശ്രീലങ്കയിലും 2007ല്‍ സിംബാബ്‌വെ, കെനിയ എന്നിവിടങ്ങളിലും 2010ല്‍ ഇംഗ്ലണ്ടിലും പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ മാനേജരും  ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെയും ചെയര്‍മാനായി.

വീക്ഷണം, മാര്‍ച്ച് 3


No comments:

Post a Comment