Thursday, 10 November 2016

ചില പുലിമുരുകന്‍ ചിന്തകള്‍

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് മുന്നേറുകയാണ് വൈശാഖിന്റെ പുലിമരുകന്‍. മനുഷ്യനും മൃഗവും തമ്മിലുള്ള പക അടിസ്ഥാനപ്രമേയമാക്കിയ സിനിമ മോഹന്‍ലാല്‍ എന്ന താരശരീരത്തിന് മലയാളി പ്രേക്ഷകരുടെ കാഴ്ചശീലത്തില്‍ എന്തുമാത്രം സ്വാധീനമുണ്ടാക്കാനാകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.
സാധാരണ മനുഷ്യന് അസാധ്യമായതെല്ലാം വെള്ളിത്തിരയില്‍ നമ്മളെ പ്രതിനിധീകരിച്ചുകൊണ്ടെത്തുന്ന നായകന്‍ സാധിക്കുന്നുവെന്നും അയാളുടെ വീരരസപ്രധാനമായ ആംഗ്യവിക്ഷേപാദികളിലും ചെയ്തികളിലും ഭ്രമിച്ചുവശപ്പെടേണ്ടവരാണ് നമ്മളെന്നും പറയുന്ന സിനിമ താരാധിപത്യത്തിലൂന്നിയ കാഴ്ചശീലത്തെ അരക്കിട്ടുറപ്പിക്കുകയാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ അമാനുഷിക ചെയ്തികളെ കളിയാക്കാന്‍ ഇനി മലയാളി പ്രേക്ഷകര്‍ക്ക് അവകാശമില്ല. അവര്‍ അത്രമാത്രം പ്രോത്സാഹനമാണ് മുരുകന്റെ അതിമാനുഷികതയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.



മുരുകനും മോഹന്‍ലാലും

കൂപ്പില്‍ തടിയെടുപ്പും മരംവെട്ടും തേനെടുപ്പും കാടുമായി ബന്ധപ്പെട്ട മറ്റു കായികാധ്വാനം വേണ്ട ജോലികളെല്ലാം ചെയ്ത് ചെറുപ്പം മുതല്‍ കാടറിഞ്ഞ് ജീവിച്ച ഒരാളാണ് മുരുകന്‍. ഇയാള്‍ കാടിനോടു ചേര്‍ന്നുകിടക്കുന്ന പുലിയൂര്‍ എന്ന ഗ്രാമത്തിന്റെ രക്ഷകന്‍ കൂടിയാണ്. നാട്ടില്‍ പുലിയിറങ്ങിയാല്‍ ഗ്രാമം മുരുകനെ മനസ്സില്‍ ധ്യാനിക്കുന്നു. കാടിന്റെയും പുലിയുടെയും മണം പോലുമറിയുന്ന മുരുകന്‍ പുലിയെ കീഴടക്കി ഗ്രാമവാസികളെ രക്ഷിക്കുന്നു.
ഇങ്ങനെ ചെറുപ്പം മുതല്‍ മുരുകന്‍ കൊന്നൊടുക്കിയ പുലികളുടെ എണ്ണം നിരവധിയാണെന്ന് ഊഹിക്കാം. പക്ഷേ, ഒന്നിനും തെളിവില്ല. അതുകൊണ്ടുതന്നെ മുരുകനെ വനപാലകര്‍ക്ക് പിടികൂടാനാവുന്നില്ല. ഈ വനപാലകര്‍ക്കും മുരുകനാണ് അവസാന ആശ്രയകേന്ദ്രമെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കണം. നിലനില്‍ക്കുന്ന നിയമവ്യവസ്ഥിതികളെക്കാള്‍ നായകന്റെ പ്രവൃത്തിയുടെ മൂല്യത്തെ ഇവര്‍ നന്ദിയോടെ സ്മരിക്കുന്നു, വാഴ്ത്തുന്നു.

ഇത്രയും ധീരോദാത്തനും അതീവകായികശേഷിയ്ക്കുടമയും അശരണര്‍ക്ക് നാഥനുമായ പുലിമുരുകനായി എത്തുന്ന മോഹന്‍ലാലെന്ന താരശരീരമാകട്ടെ ഇതിനുവേണ്ട യാതൊരു ശരീരശേഷിയുമുള്ളയാളല്ല. ഒട്ടും സമതുലനമല്ലാത്തതും അയഞ്ഞതും ഇളകിയാടുന്നതുമായ ശരീരം ഉപയോഗിച്ചാണ് മുരുകന്‍ വേട്ടയ്ക്കിറങ്ങുന്നതും പുലിയെ കീഴടക്കുന്നതുമെന്നതും അവിശ്വസനീയമായി തോന്നാം.
സിനിമയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരശരീരങ്ങളും യഥാര്‍ഥജീവിതത്തോട് അടുത്തുനില്‍ക്കുന്ന തരത്തിലേക്ക് മാറിത്തുടങ്ങിയ കാലത്താണ് മുരുകനാകാന്‍ ചുവന്ന കവിളുകളും, തയമ്പുവീഴാത്ത ചുവപ്പുരാശി പടര്‍ന്ന കൈകളുമായി മോഹന്‍ലാല്‍ അരങ്ങുതകര്‍ക്കാന്‍ എത്തുന്നതെന്നതാണ് വിരോധാഭാസം. എന്നാല്‍ പുലിമുരുകനിലെ സഹകഥാപാത്രങ്ങളെപ്പോലെ ഭൂരിപക്ഷ ആരാധക കാണികളും മോഹന്‍ലാലിന്റെ ഇത്തരമൊരു ശരീരംകൊണ്ട് ഇങ്ങനെയൊക്കെ കാണിക്കാന്‍ സാധിക്കുമോ എന്ന യുക്ത്യധിഷ്ഠിത ചിന്തയ്ക്ക് കടന്നുവരാന്‍ യാതൊരു ഇടവും നല്‍കുന്നില്ല.
തന്റെ പരിമിതിയുള്ള ഈ ശരീരത്തില്‍നിന്നുകൊണ്ട് സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ ചടുലത പുറത്തെടുത്ത് പ്രേക്ഷകപ്രീതി നേടുന്നുണ്ട്. അഭിനയത്തോടുള്ള ഈ നടന്റെ അദമ്യമായ ആവേശവും പരിശ്രമവുമായിരിക്കണം പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കാന്‍ സാധിപ്പിക്കുന്നത്.


വിപണിമൂല്യം

ഇനി മറുചിന്തയാകട്ടെ, ഇത്തരമൊരു വേഷം അവതരിപ്പിക്കാന്‍ മലയാളസിനിമയില്‍ നിലവില്‍ ആരുമില്ലെന്നായിരിക്കും. ശരിയതല്ല, ഇത്തരമൊരു വേഷം ഏല്‍പ്പിച്ച് വിപണിമൂല്യം നേടാന്‍തക്ക പ്രാപ്തനായ മറ്റൊരു താരം മലയാളത്തിലില്ല എന്ന കച്ചവടക്കണ്ണാണ് മോഹന്‍ലാലിനെ പുലിമുരുകനാക്കി ചായംതേച്ചുകൊടുക്കാന്‍ നിര്‍മാതാവിനെയും അണിയറക്കാരെയും പ്രേരിപ്പിച്ചിരിക്കുക. സിനിമയില്‍ ശരീരത്തിന് പ്രാധാന്യമുണ്ടെന്ന തിരിച്ചറിവില്‍ ജിമ്മില്‍ ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്ന താരങ്ങള്‍ മറ്റു ഭാഷകളിലെപ്പോലെ ഇപ്പോള്‍ മലയാളത്തിലുമുണ്ട്. ഇവര്‍ ഓരോ സിനിമയ്ക്കനുസരിച്ചും ശരീരത്തിന് മാറ്റം വരുത്താന്‍ തയ്യാറാകുന്നു. അവരെ ഉപയോഗിച്ചാല്‍ കാട്ടില്‍ ജീവിക്കുന്ന ഒരാളുടെ ഉറച്ച ശരീരം കിട്ടുമായിരിക്കും. പക്ഷേ വിപണിമൂല്യം കിട്ടില്ല. അങ്ങനെ സംവിധാകന്റെയും നിര്‍മാതാവിന്റെയും കണ്ണ് കഥാപാത്രത്തിന്റെ ശാരീരിക വിശ്വാസ്യതയെക്കാള്‍ വിപണിയിലുള്ള വിറ്റുവരവിന്മേല്‍ ഉടക്കുകയും മോഹന്‍ലാല്‍ എന്ന ഇപ്പൊഴും കിടയറ്റ ഉത്പന്നത്തിലേക്ക് ചെന്നെത്തുകയും ചെയ്യുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഭിനയിച്ച ഇരുപതിലേറെ ചിത്രങ്ങളില്‍ നാലു സിനിമകള്‍ മാത്രം സാമ്പത്തികവിജയത്തിലെത്തിക്കാന്‍ കഴിഞ്ഞ നായകനാണ് ഇദ്ദേഹമെന്ന് ഓര്‍ക്കണം.(മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നുകൂടിയാണ് പുലിമുരുകന്‍) ഇതേ കാലയളവില്‍ മറ്റു പല പുതിയ താരങ്ങളും തുടര്‍ച്ചയായി കോടികളുടെ കിലുക്കം കേള്‍പ്പിക്കുകയും ചെയ്തു. പക്ഷേ, മോഹന്‍ലാല്‍ മുണ്ട് മടക്കിക്കുത്തിയാല്‍, മീശ പിരിച്ചാല്‍, വില്ലന്മാരെ ഇടിച്ചുനിരത്തി പഞ്ച് ഡയലോഗ് പറഞ്ഞ് നമുക്കുനേരെ കണ്ണുചിമ്മിക്കാണിച്ചാല്‍, ഇത്തരത്തിലുള്ള മുന്‍കാല സിനിമകളിലെ വിജയ ഫോര്‍മുലകള്‍ സമം ചേര്‍ത്താല്‍, നിസ്സാരമായി തീയേറ്ററിലേക്ക് ഓടിയെത്താവുന്നതേയുള്ളൂ മലയാളി പ്രേക്ഷകന്റെ കലാസ്വാദനമൂല്യമെന്നത് നന്നായി പണിയും പള്‍സുമറിയാവുന്ന ഒരു ചലച്ചിത്രകാരന് എളുപ്പം ചിന്തിച്ചെടുക്കാനാകും. സംവിധായകന്‍ രഞ്ജിത്തിനാണ് ഇക്കാര്യം ഏറ്റവുമെളുപ്പത്തില്‍ സ്വരുക്കൂട്ടിയെടുത്ത് പരിചയം. ഇപ്പോള്‍ തങ്ങള്‍ക്കുമിതറിയാമെന്ന് ഉദയകൃഷ്ണനും വൈശാഖും കൂടി തെളിയിച്ചിരിക്കുന്നു.


മോഹന്‍ലാലിന്റെ കിടപ്പറത്തമാശകള്‍

മോഹന്‍ലാലിലെ നടനുമാത്രം മലയാളി കല്‍പ്പിച്ചുനല്‍കുന്ന ചില അവകാശങ്ങളുണ്ട്. അയാള്‍ക്ക് ദ്വയാര്‍ഥപ്രയോഗങ്ങളും അശ്ലീലങ്ങളുമാകാമെന്നതാണത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകളിലും കഥാപരിസരം ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും ഇത്തരം വൃഥാവ്യായാമങ്ങള്‍ മുറയ്ക്കു കാണാം. ഇത് ആസ്വാദകര്‍ക്കുവേണ്ടി തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കുന്നതാണെന്ന് മുഴച്ചുനില്‍പ്പ് കാണുമ്പോള്‍ മനസ്സിലാകും.

മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ ദൃശ്യത്തില്‍ മീന അവതരിപ്പിക്കുന്ന ഭാര്യാകഥാപാത്രത്തോടാണ് ഇത്തരത്തിലുള്ള കിടപ്പറത്തമാശകളെങ്കില്‍ മുരുകനിലെത്തുമ്പോള്‍ കമാലിനി മുഖര്‍ജിയെന്ന ഭാര്യയോടാണെന്നുമാത്രം. തന്മാത്ര, റണ്‍ ബേബി റണ്‍, ഭ്രമരം, ശിക്കാര്‍ തുടങ്ങിയ സിനിമകളിലെല്ലാം ഇതുകാണാം. ഒരുപക്ഷേ കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി മറ്റേതൊരു നടനേക്കാളുമുപരി ഇയാളെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നതുകൊണ്ടായിരിക്കാം ഈ സൗജന്യം. ഇടക്കാലത്ത് പുതുതലമുറ സിനിമകളില്‍ അശ്ലീല സംസാരമുണ്ടെന്നു പരക്കെ ചര്‍ച്ചചെയ്യാന്‍ തയ്യാറായ മലയാളി മോഹന്‍ലാലിന്റെ കിടപ്പറഭാഷണങ്ങള്‍ കേട്ട് രസിക്കുന്നവനായി തുടരുന്നു.


സ്ത്രീവിരുദ്ധത

താരകേന്ദ്രീകൃത സിനിമകളുടെ പതിവു ക്ലിഷേകളാല്‍ സമ്പന്നമാണ് പുലിമുരുകനും. നായകനെ പ്രകീര്‍ത്തിക്കാന്‍ മത്സരിക്കുന്ന കഥാപാത്രങ്ങള്‍ ഇവിടെയും ധാരാളമുണ്ട്. ഇതിനുപുറമെ നായകന്റെ സൗന്ദര്യത്തിലും വിരരസത്തിലും മയങ്ങുന്നവളായി ഒരു സ്ത്രീകഥാപാത്രവും. ഇവര്‍ക്ക് സിനിമയില്‍ പ്രത്യേകിച്ച് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. മുരുകനെ കാണണം, കാമിക്കണം എന്ന വിധേനയുള്ള നോട്ടങ്ങളും വിചാരങ്ങളുമായി സദാസമയം നടക്കുന്ന കഥാപാത്രം സ്ത്രീവിരുദ്ധമായ പാത്രസൃഷ്ടിക്ക് ഒന്നാന്തരം ഉദാഹരണമാണ്. പ്രശസ്ത തെന്നിന്ത്യന്‍ നായിക നമിതയുടെ സമ്പന്നമായ ശരീരമാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളതെന്നു കൂടി ചിന്തിച്ചാല്‍ സംവിധായകന്റെ കച്ചവടത്തിലെ വക്രവഴികളില്‍ നമ്മള്‍ സ്തബ്ധരായിപ്പോകും.


കൈവിട്ടുപോകുന്ന താരാരാധന

ആഖ്യാനവഴികളില്‍ പുതുമ തേടുന്ന സിനിമകളോട് മുഖം തിരിക്കുകയും സ്ഥിരം കച്ചവട ഫോര്‍മുലകളില്‍ അഭിരമിക്കുകയും ചെയ്യുന്ന മലയാളി കാഴ്ചശീലത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പുലിമുരുകന്‍ നേടുന്ന വലിയ വിജയം. മലയാള സിനിമയുടെ വിപണിനേട്ടത്തിന് ഇത് വലിയ ഗുണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു വിഭാഗം മലയാളി പ്രേക്ഷകര്‍ ഇത്തരം സിനിമകളെ സമീപിക്കുന്ന രീതിയില്‍ സംശയം പുലര്‍ത്തേണ്ടിയിരിക്കുന്നു. കേവല താരാരാധനയിലോ താരപ്രകീര്‍ത്തനങ്ങളിലോ വലിയ രീതിയില്‍ ആനന്ദം കണ്ടെത്തുന്നവരായി അവര്‍ മാറിയിട്ടുണ്ട്.

തീയേറ്ററില്‍ സിനിമ നേരായവിധം ആസ്വദിക്കാന്‍ മറ്റു പ്രേക്ഷകന് അവസരം നല്‍കാത്ത വിധമുള്ള അച്ചടക്കമില്ലാത്ത ആസ്വാദനശീലം സിനിമയേക്കാള്‍ വ്യക്ത്യാധിഷ്ഠിത ആരാധനയുള്‍ച്ചേര്‍ന്ന ഒരു കാഴ്ചവൃന്ദം രൂപപ്പെട്ടുവരുന്നതിന്റെ അപകടകരമായ സൂചനയാണുണ്ടാക്കുന്നത്. ഇത്തരം താരാധിപത്യ സിനിമയെ യാതൊരു തരത്തിലും എതിര്‍ക്കരുതെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നുമുള്ള അലിഖിതവാഴ്ച പോലും അരങ്ങേറുന്നുണ്ട്. പുലിമുരുകനെച്ചൊല്ലി അടുത്തിടെ സമൂഹമാധ്യമങ്ങളിലുണ്ടായ ആശാസ്യമല്ലാത്ത ചര്‍ച്ചകള്‍ ഇതിനെ സാധൂകരിക്കാന്‍ പോന്നതാണ്.


സ്ത്രീശബ്ദം, നവംബര്‍ 2016

No comments:

Post a Comment