Sunday, 23 October 2016

ചെറുപ്പത്തിനൊപ്പമൊരു 'ആനന്ദ'യാത്ര

ചെറുപ്പത്തിനൊപ്പമൊരു യാത്ര പോയാലെങ്ങനെയിരിക്കും? ഒട്ടും മുഷിയില്ലെന്നു തന്നെയായിരിക്കും മറുപടി. ചെറുപ്പത്തിന്റെ രസങ്ങളും ചുറുചുറുക്കും പ്രസരിപ്പുമായി അത്തരമൊരു യാത്രയാണ് 'ആനന്ദം'. ഈ യാത്രയില്‍ നിറയെ രസങ്ങള്‍ മാത്രമേയുള്ളൂ. അത് നമ്മുടെയൊക്കെ അനുഭവമാണ്. നമ്മളെത്തന്നെ കണ്ട്, ഓര്‍മിച്ച്, അറിഞ്ഞ് ഒരു യാത്ര.
വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ആനന്ദം. അതു തന്നെയാണ് അനൗണ്‍സ് ചെയ്തതു മുതല്‍ക്ക് ഈ സിനിമയെ ശ്രദ്ധേയമാക്കിയതും.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് മുതല്‍ തന്റെ കൂടെയുള്ള യൂണിറ്റില്‍ വിനീതിനുള്ള വിശ്വാസം കൊണ്ടായിരിക്കണം ആനന്ദം പോലൊരു സിനിമ നിര്‍മിക്കാന്‍ തയ്യാറായത്. പതിമൂന്നു വര്‍ഷമായ സിനിമാജീവിതത്തില്‍ താന്‍ കൈവച്ച എല്ലാ മേഖലകളിലും വിജയിച്ചുവെന്ന വിനീതിന്റെ സവിശേഷതയിലേക്കുള്ള പുതിയ പേരാണ് ആനന്ദത്തിന്റെത്. ഇത്തവണ നിര്‍മാതാവിന്റെ പുതിയ കുപ്പായമണിഞ്ഞ വിനീതിന് തെറ്റിയില്ല. താന്‍ പണം മുടക്കിയത് ഒരു മികച്ച സിനിമയ്ക്കുവേണ്ടിയാണെന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. അതിനൊപ്പം ഈ സിനിമ നിര്‍മാതാവിന് നേട്ടമുണ്ടാക്കുമെന്ന കാര്യത്തിലും സംശയമില്ല.
പരിചിതരായ താരങ്ങളില്ലാതെ പുതിയ കുറെ ചെറുപ്പക്കാരെ അവതരിപ്പിച്ച സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ വരവേല്‍പ്പാണ് യുവപ്രേക്ഷകര്‍ നല്‍കിയത്.
സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ മുഴുവന്‍സമയ ആനന്ദം നല്‍കുന്ന ഒരു യാത്രാനുഭവമാണ് ഈ സിനിമ. വിരസതയ്ക്ക് ഇടനല്‍കാതെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ വേഗത്തില്‍ മുന്നോട്ടുപോകുന്ന സിനിമയില്‍ വലിയ സസ്പെന്‍സുകള്‍ക്കോ ട്വിസ്റ്റുകള്‍ക്കോ ഇടമില്ല. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ അവരുടെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെ ഭാഗമായി നടത്തുന്ന യാത്രയില്‍ നമ്മളും ഒരാളായി കൂടെച്ചേരുന്നുവെന്ന അനുഭമായിരിക്കും പ്രേക്ഷകനിലുണ്ടാകുക. എല്ലാ തരക്കാര്‍ക്കും ആനന്ദം ഇഷ്ടമാകും. ചെറുപ്പം സൂക്ഷിക്കുന്നവര്‍ക്ക് കുറച്ചേറെയും ചെറുപ്പക്കാര്‍ക്ക് പൂര്‍ണമായും രസിക്കുമെന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ.

നമ്മുടെയൊക്കെ കലാലയ ജീവിതത്തിലെ ഒരേടു കൂടിയാണീ സിനിമ. എന്തു രസമുള്ള കാലമായിരുന്നു അതെന്ന് ഓര്‍ക്കാനും നമ്മളെത്തന്നെ ഒന്നുകൂടി ചികയാനും സിനിമ അവസരം നല്‍കുന്നു.
ആനന്ദത്തില്‍ സംവിധായകന്‍ കരുതിവെച്ചിരിക്കുന്ന ഒരേയൊരു സസ്പെന്‍സ് നിവിന്‍പോളിയാണ്. സിനിമയുടെ പോസ്റ്ററിലോ ട്രെയിലറിലോ പ്രത്യക്ഷപ്പെടാത്ത യുവ സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായ പ്രത്യക്ഷപ്പെടല്‍ ആനന്ദത്തിന് നല്‍കുന്ന ബോണസ് വലുതാണ്.
ആദ്യസിനിമയിലൂടെ ശ്രദ്ധേയമായ തുടക്കം നേടാന്‍ സംവിധായകന്‍ ഗണേഷ് രാജിനായി. നേരത്തിനും പ്രേമത്തിനും ശേഷം ആനന്ദ്.സി.ചന്ദ്രന്‍ ക്യാമറയിലെ മിഴിവും പുതുമയും ആനന്ദത്തില്‍ ആവര്‍ത്തിക്കുന്നു. ആനന്ദ് പകര്‍ന്നുനല്‍കുന്ന ഹംപിയുടെയും ഗോവയുടെയും ദൃശ്യഭംഗി സിനിമയുടെ മികവിന് ഗുണം ചെയ്യുന്നുണ്ട്.

ചിത്രഭൂമി, ഒക്ടോബര്‍ 22, 2016

No comments:

Post a Comment