ടേക്ക് ഓഫ്
മലയാള സിനിമയുടെ പുതിയ ആകാശം
മലയാള സിനിമ പുതിയ വിതാനത്തിലേക്ക് എത്തിയിരിക്കുകയാണ് ടേക്ക് ഓഫിലൂടെ. മലയാളം ഇതുവരെ പറയാത്ത ഒരു മേഖലയിലേക്കാണ് ടേക്ക് ഓഫിന്റെ നോട്ടം. ചില പ്രത്യേക കഥകളിലെയും ഭൂമികകളിലെയും അനുകൂല സാഹചര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ താത്പര്യപ്പെടുന്ന മലയാള സിനിമയെ ആഗോളചിന്തയിലേക്ക് ഉയര്‍ത്താനുതകുന്ന തരത്തിലുള്ള ഒരു ചുവടുവെപ്പാണ് ടേക്ക് ഓഫിലൂടെ മഹേഷ് നാരായണന്‍ നടത്തുന്നത്. ആഗോളശ്രദ്ധ നേടിയ ഒരു വിഷയത്തിലേക്കും ചിന്തയിലേക്കും പ്രേക്ഷകനെ എത്തിക്കുക വഴി വലുതാകുന്നത് നമ്മുടെ സിനിമയും കാഴ്ചവട്ടവുമാണ്.
2014ല്‍ ഇറാക്കിലെ തിക്രിതില്‍ ഐ.എസ്. ഭീകരന്മാരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമവും അതിന്റെ വിജയവുമാണ് സിനിമയ്ക്ക് ഇതിവൃത്തമാകുന്നത്. ഇത് അത്രമേല്‍ യഥാര്‍ഥമായും എന്നാല്‍ സിനിമാറ്റിക്ക് എലമെന്റുകള്‍ വിട്ടുപോകാതെയും അവതരിപ്പിച്ചിരിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള മേക്കിങ് എന്ന് ഒറ്റവാക്കില്‍ പറയാവുന്ന സിനിമയുടെ നിലനില്‍പ്പിന് നട്ടെല്ലാകുന്നത് പി.വി.ഷാജികുമാറും സന്തോഷ് നാരായണനും ചേര്‍ന്നെഴുതിയ തിരക്കഥയും സോനു ജോണ്‍ വര്‍ഗീസിന്റെ ക്യാമറയും സന്തോഷ് രാമന്റെ കലാസംവിധാനവും ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവുമാണ്. സംഭാഷണങ്ങളും കഥാപാത്രങ്ങളും യഥാര്‍ഥ ജീവിതത്തോട് നൂലിഴയില്ലാതെ അടുത്തുനില്‍ക്കുന്നു.
രാജേഷ് പിള്ളയുടെ ട്രാഫിക്കിനുശേഷം ഒരു ദൗത്യനിര്‍വഹണ (Mission oriented subjects) സിനിമ കൂടി വിജയത്തിലെത്തിയിരിക്കുകയാണ്. സിനിമാറ്റിക്ക് ആകാതെ എളുപ്പം പാളിപ്പോകാവുന്ന വിഷയം ചടുലതയും ഗൗരവവും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചായിരുന്നു ട്രാഫിക്ക് കാണികളെ ആകര്‍ഷിച്ചത്. ട്രാഫിക്കിന്റെ ചുവടുപിടിച്ച് സമയത്തെയും മനുഷ്യരെയും ഇണക്കിച്ചേര്‍ത്ത സിനിമകള്‍ കുറവെങ്കിലും പിന്നെയുമുണ്ടായി. എന്നാല്‍ വേഗവും സൂക്ഷ്മതയും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ടേക്ക് ഓഫ് ഈ ഗണത്തില്‍ ഒരു സമ്പൂര്‍ണ ദൗത്യനിര്‍വഹണവിജയമെന്ന തരത്തിലാണ് ശ്രദ്ധേയമാകുന്നത്.
ജീവിതത്തില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവങ്ങളും, ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മനുഷ്യര്‍ നടത്തുന്ന പോരാട്ടവും ഹോളിവുഡ് സിനിമകളില്‍ കണ്ടുപരിചയിച്ചിട്ടുണ്ട്. ഇവിടെ യഥാര്‍ഥ സംഭവത്തെ അധികരിച്ചുള്ളതായതുകൊണ്ടുതന്നെ ദൗത്യനിര്‍വഹണം അതീവ യാഥാര്‍ഥ്യബോധത്തോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പിടിയിലകപ്പെട്ട ദിവസങ്ങളില്‍ ആ മനുഷ്യജീവികള്‍ അനുഭവിച്ച ദുരിതങ്ങളും കുടുംബത്തിന്റെ ആവലാതികളും ജീവിതത്തെച്ചൊല്ലിയുള്ള പ്രതീക്ഷകളും ബുദ്ധിപൂര്‍വമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ചടുലതകളും സിനിമയെ ഭിന്നവഴികളിലേക്കുള്ള സഞ്ചാരത്തിന് പ്രാപ്തമാക്കുന്നു. നഴ്‌സുമാരെ മോചിപ്പിക്കാനായി ഔദ്യോഗിക തലത്തില്‍ നടക്കുന്ന ഇടപെടലുകള്‍ യാഥാര്‍ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നതായി കാണാം. അമാനുഷികമോ അവിശ്വസനീയമോ ആയ യാതൊന്നും ഈ തലത്തില്‍ സിനിമയെ പിടികൂടുന്നില്ല.
രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മനോജ് എന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ഫഹദ് ഫാസില്‍ ഒരു മികച്ച നടനു മാത്രം സാധിക്കുന്ന അപാരമായ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ടേക്ക് ഓഫിലെ മികച്ച സാന്നിധ്യമാകുന്നു. അനിതരസാധാരണമായ മെയ്യൊതുക്കത്തോടെ ഈ നടന്‍ തന്റെ ഗ്രാഫ് പിന്നെയും വലുതാക്കുകയാണ്. ഒരു കഥയുടെയോ സിനിമയുടെയോ പൂര്‍ണതയ്ക്കും മുന്നോട്ടുപോക്കിനും ഒരു കഥാപാത്രം അത്രമേല്‍ പ്രധാന സാന്നിധ്യമാകുന്ന അവസ്ഥയുടെ ഉത്തമ ദൃഷ്ടാന്തമാണ് ഫഹദിന്റെ ഈ കഥാപാത്രം. ഇത് ഈ സിനിമയുടെ രണ്ടാംപകുതിക്ക് നല്‍കുന്ന ഊര്‍ജം ചെറുതൊന്നുമല്ല.
പാര്‍വതിയെപ്പോലുള്ള ഒരു നടിയുടെ സാന്നിധ്യം നിലവില്‍ മലയാള സിനിമയില്‍ ലഭ്യമാകുമ്പോള്‍ ഇതിലെ പ്രധാന കഥാപാത്രത്തെ കണ്ടെത്തുന്നതില്‍ ടേക്ക് ഓഫ് ടീമിന് അധികസമയം ചിന്തിക്കേണ്ടി വന്നുകാണില്ല. അസാധാരണമാം വിധം പ്രശംസനീയമാണ് ഈ നടിയുടെ പരകായപ്രവേശങ്ങള്‍. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാലയല്ല ചാര്‍ലിയിലെ ടെസ. ടേക്ക് ഓഫിലെ സമീറയിലെത്തുമ്പോള്‍ പൂര്‍വ വിജയമാതൃകകളെല്ലാം ഒഴിഞ്ഞുപോയ ഒരു പുതിയ നടിയെയാണ് കാണാനാകുക. പ്രയാസമേറിയ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന ഒരു കഥാപാത്രത്തെ പ്രകടനത്തിലെ അനായാസതകൊണ്ടാണ് ഈ നടി ഇത്തവണ മറികടക്കുന്നത്.
പന്ത്രണ്ടുവര്‍ഷം എഡിറ്റര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച മഹേഷ് നാരായണന്‍ ടേക്ക് ഓഫ് പോലെയൊരു സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയപ്പോള്‍ സിനിമാലോകത്തിന്റെ മുഴുവന്‍ പ്രശംസയ്ക്കാണ് പാത്രമാകുന്നത്. ഈ സിനിമയുടെ പ്രമോഷനായി മലയാള സിനിമാപ്രവര്‍ത്തകര്‍ മുഴുവനായി സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. സാര്‍വലൗകികമായ ഒരു വിഷയം കൈകാര്യം ചെയ്തതിനുളള അംഗീകാരം കൂടിയായിരുന്നു ഇത്.
ഇറാക്കിലെ തീവ്രവാദ ഭീകരത നിറഞ്ഞുനില്‍ക്കുന്ന തിക്രിത്, മൊസൂള്‍ നഗരങ്ങള്‍, കിര്‍ഗിസ്ഥാന്‍ അതിര്‍ത്തികള്‍, പട്ടാള, തീവ്രവാദ ക്യാമ്പുകള്‍, യുദ്ധമുഖങ്ങള്‍, ഭരണകൂട ഇടപെടലുകള്‍, മനുഷ്യന്റെ അരക്ഷിതാവസ്ഥ, ജീവിതത്തിനും മരണത്തിനുമിടയിലുളള നൂല്‍പാലവഴികള്‍ തുടങ്ങി സഞ്ചരിക്കുന്ന അനേകവഴികളെ യാഥാര്‍ഥ്യത്തോടെ ചിത്രീകരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. പരിമിതികള്‍ വിട്ട് പുതിയ ആകാശം തേടുന്ന ഒരു സിനിമാപ്രദേശത്തെ കൂടിയാണ് ഇതിലൂടെ കേരളം അടയാളപ്പെടുത്തുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുക്കിയെന്ന് ചിന്തിച്ചേക്കാവുന്ന തരത്തില്‍ ഇറാക്കിലെ വിവിധ പ്രദേശങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സെറ്റ് വലിയ കൈയ്യടിക്ക് അര്‍ഹമാണ്. സിനിമയും സംവിധായകനും ആവശ്യപ്പെടുന്നതിലും ഉയരത്തിലെത്തുന്ന ഒരു കലാസംവിധായകന്റെ സാന്നിധ്യമാണ് ഇവിടെ കാണാനാകുക.
മതബിംബങ്ങളെ അടയാളപ്പെടുത്തുമ്പൊഴും വികാരങ്ങള്‍ വ്രണപ്പെടാതെയും എന്നാല്‍ ജീവിതസ്വാതന്ത്ര്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പും ടേക്ക് ഓഫില്‍ കാണാം. തന്നെ ആശ്രയിക്കുന്നവര്‍ക്ക് തുണയാകാന്‍ ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കേണ്ടിവരുന് നവളാണ് സമീറയെന്ന കഥാപാത്രം. ഈ തീരുമാനങ്ങളെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കുടുംബത്തിനും മതത്തിനും സമൂഹത്തിനും അംഗീകരിക്കേണ്ടിവരുന്നു. അതേസമയം വിശുദ്ധയുദ്ധം നയിക്കാന്‍ ഇറാക്കില്‍ എത്തപ്പെടുന്ന മലയാളിയെയും ചിത്രം കാണിക്കുന്നുണ്ട്. ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനും ഈയവസരത്തില്‍ സിനിമയ്ക്ക് സാധിക്കുന്നു.
നഴ്‌സുമാര്‍ ദൈവത്തിന്റെ മാലാഖമാരാണ്. എന്നാല്‍ ഈ മാലാഖമാരുടെ ജീവിതസ്ഥിതിയെപ്പറ്റി ആരും അന്വേഷിക്കാറില്ലെന്ന് സിനിമ തുറന്നുപറയുന്നു. ആഭ്യന്തരകലാപവും ഭീകരവാദവും തുറന്ന മുഖം കാട്ടുന്ന നാടുകളിലേക്ക് അപകടമറിഞ്ഞിട്ടും കേരളത്തില്‍നിന്നും മറ്റും നഴ്‌സുമാര്‍ പണിയെടുക്കാന്‍ ചെല്ലുന്നത് കഷ്ടപ്പാടുകൊണ്ടുതന്നെയാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം പുലരില്ലെന്നും പഠിക്കാനെടുത്ത ലോണുപോലും തിരിച്ചടയ്ക്കാനാവില്ലെന്നുമുള് ള തിരിച്ചറിവില്‍ ഇത്തരം രാജ്യങ്ങളിലെ ആശുപത്രികളുടെ പരസ്യത്തില്‍ കാണുന്ന വലിയ അക്ക ശമ്പളങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കാളേറെ ജീവിതം പച്ചപിടിക്കുമെന്ന പ്രതീക്ഷയാണ് നഴ്‌സുമാര്‍ കാണുന്നത്. 2014ല്‍ ഇറാക്കിലകപ്പെട്ട നഴ്‌സുമാരില്‍ ഭൂരിഭാഗവും വിഷമം പിടിച്ച ജീവിതാവസ്ഥയിലുള്ളവരായിരുന്നു. സിനിമയില്‍ ഇറാക്കില്‍ അകപ്പെട്ട ഒരു കഥാപാത്രം പറയുന്നതു നോക്കുക-' ഇവിടെനിന്ന് രക്ഷപ്പെട്ട് തിരിച്ചുചെന്നാല്‍ ഒരു ദിവസത്തെ സന്തോഷമൊക്കെ കാണും. രണ്ടാംദിവസം മുതല്‍ നമ്മള്‍ ജോലിയില്ലാത്തവരാണ്. ശമ്പളമില്ലാത്തവരാണ്. സന്തോഷമെല്ലാം പടിമറയും. ഇതേ വീട്ടുകാര്‍ തന്നെ തിരിച്ചുപറയാന്‍ തുടങ്ങും.' രക്ഷാദൗത്യത്തിനൊപ്പം ജീവിതത്തിന്റെ യാഥാര്‍ഥ്യത്തിലേക്കും കൂടി ഇതിലൂടെ സിനിമ വിരല്‍ ചൂണ്ടുന്നു.
രാജ്യസ്‌നേഹം വാനോളം ഉയര്‍ത്തിവിടുന്നതിനുപകരം രാജ്യത്തെ നയതന്ത്ര വിഷയങ്ങളിലെ പാളിച്ചകളും ഉദ്യോഗസ്ഥരുടെ അലംഭാവങ്ങളും ചിത്രം പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം അവസരങ്ങളിലാണ് ചിത്രം കൂടുതല്‍ സത്യസന്ധമാകുന്നത്. തീവ്രദേശീയതയല്ല, ദേശീയതയാണ് വേണ്ടത്. ഭീകരരില്‍നിന്ന് മോചിതരായി എത്തുന്ന നഴ്‌സുമാര്‍ ഇന്ത്യന്‍ പതാക വഹിച്ച് തങ്ങളെ കാത്തുനില്‍ക്കുന്ന ബസ്സിനരികിലെത്തുമ്പോള്‍ പശ്ചാത്തലത്തില്‍ പതിയെ കേള്‍ക്കുന്ന ദേശീയഗാനത്തിന്റെ ഈണം അതുകൊണ്ടുതന്നെ വലിയ തോതില്‍ പ്രചോദിതമാകുന്നു.
സ്ത്രീശബ്ദം, ഏപ്രില്‍ 2017
സമീപ കാല മലയാള സിനിമകളേക്കാൾ എല്ലാ അർത്ഥത്തിലും എല്ലാ തലങ്ങളിലും മികവും പുതുമയും സമ്മാനിച്ച ഒരു സിനിമ. പാർവ്വതിയുടെ സമീറ എന്ന കഥാപാത്രം തന്നെയാണ് ടേക് ഓഫിനെറ് ആത്മാവ്. ശാരീര ഭാഷയിലും വേഷ പകർച്ചയിലും പ്രകടനത്തിലുമൊന്നും തന്നോളം പോന്ന മറ്റൊരു ന്യൂ ജനറേഷൻ നടൻ വേറെയില്ല എന്ന് അടിവരയിട്ടു പറയുന്നതാണ് ഫഹദ് ഫാസിലിന്റെ ഇന്ത്യൻ അംബാസിഡർ വേഷം. ഒതുക്കമാർന്ന അഭിനയ ശൈലിയിലൂടെ ഷഹീദ് എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ കുഞ്ചാക്കോ ബോബനും സാധിച്ചിട്ടുണ്ട്. സാങ്കേതിക മികവും എഡിറ്റിങ്ങിലെ ചടുലതയുമാണ് ടേക് ഓഫിന്റെ മറ്റൊരു എടുത്തു പറയേണ്ട കാര്യം. അന്താരാഷ്‌ട്ര സിനിമകളോട് പോലും മത്സരിക്കാൻ തക്ക മികവുറ്റ മേക്കിങ്ങിലൂടെ മലയാള സിനിമയുടെ യശസ്സുയർത്താൻ ടേക് ഓഫിന് സാധിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ മലയാള സിനിമയുടെ കൂടി 'ടേക്ക് ഓഫ്' ആയി മാറുകയാണ് മഹേഷ് നാരായണന്റെ ആദ്യ സിനിമാ സംരംഭം. മലയാള സിനിമ പറന്നുയരുമ്പോൾ രാജേഷ് പിള്ളയെ നന്ദിപൂർവ്വം സ്മരിച്ചു പോകുകയാണ് പ്രേക്ഷക സമൂഹം.
ReplyDelete