ഒരാള്‍ക്ക് എത്ര മണ്ണുവേണം?
ചോദ്യം ആവര്‍ത്തിച്ച് ആറടി
വീട്ടില്‍നിന്ന് പുറത്താക്കിയ അമ്മയ്ക്ക് അന്ത്യവിശ്രമത്തിന് ആറടി നല്‍കാതെ മകന്‍. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ ഹരിപ്പാട്ടെ കുടുംബവീട്ടില്‍ത്തന്നെ അമ്മയുടെ സംസ്‌കാരം നടന്നു.
അമ്മയില്‍നിന്ന് പത്തുസെന്റ് സ്ഥലം എഴുതിവാങ്ങിയശേഷം മകനും മരുമകളും ചേര്‍ന്ന് എണ്‍പത്തിരണ്ടുകാരിയായ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കുകയായിരുന്നു. കൊട്ടാരക്കരയിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഈ അമ്മയെ ഏറ്റെടുത്തു. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അമ്മ മരിച്ചു. മൃതദേഹം കുടുംബവീട്ടില്‍ കൊണ്ടുവന്നെങ്കിലും മകന്‍ അവിടെ സംസ്‌കാരത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. പോലീസ് സംരക്ഷണത്തില്‍ സംസ്‌കാരം നടത്താനുള്ള നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്ക് ആര്‍.ഡി.ഒ. നിര്‍ദേശം നല്‍കി. വൈകാതെ പോലീസ് സംരക്ഷണത്തില്‍ കുടുംബവീട്ടില്‍ത്തന്നെ സംസ്‌കാരം നടന്നു.
-'പെറ്റമ്മയ്ക്ക് ആറടി മണ്ണ് നല്‍കാതെ മകന്‍; പോലീസ് കാവലില്‍ ചിതയൊരുങ്ങി' എന്ന തലക്കെട്ടില്‍ അടുത്തിടെ വന്ന പത്രവാര്‍ത്തയുടെ ചുരുക്കരൂപമാണിത്. ഈ വാര്‍ത്ത കേരളത്തില്‍നിന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് തെല്ലു ഭീതിയില്‍ ഇതിനെ സമീപിക്കേണ്ടിവരുന്നതും.
ഭൂമിയിലെ വാസം പൂര്‍ത്തിയാക്കി മനുഷ്യന്റെ മടക്കം ആറടി മണ്ണിലേക്കാണ്. ഉള്ളവനും ഇല്ലാത്തവനുമെല്ലാം ഇതില്‍ സമന്മാര്‍ തന്നെ. എന്നാല്‍ ഇല്ലാത്തവന് ഈ ആറടിയും അത്ര സുരക്ഷിതമല്ലെന്നുവേണം കരുതാന്‍. ജീവിതനിലവാരവും അതിന്റെ ഗതിവേഗവും ഏറെ വര്‍ധിച്ചെങ്കിലും ആറടി സ്വന്തമായില്ലാത്തവന്റെ അരക്ഷിതാവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. ചുറ്റുപാടിലെ വികസനത്തള്ളിച്ചയില്‍ ഭൂമിയില്ലാതായവനും കുടിയൊഴിപ്പിക്കപ്പെട്ടവനും ഒരു മനുഷ്യായുസ്സില്‍ ഇത്തിരിയോളം ഭൂമി സ്വന്തമാക്കാന്‍ കഴിയാത്തവനുമെല്ലാം ആറടിയുടെ ഭീതിയില്‍ ജീവിതം കഴിച്ചുകൂട്ടുന്നവരായിരിക്കും.
കഥാകൃത്ത് ഇ.സന്തോഷ്‌കുമാര്‍ 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' എന്ന കഥയിലൂടെ ഉന്നയിക്കുന്ന ചോദ്യവും മറ്റൊന്നല്ല. ഇതിനെ അവലംബമാക്കി പ്രശാന്ത്.സി. തിരക്കഥയെഴുതി സജി പാലമേല്‍ ഒരുക്കിയ ചിത്രമാണ് 'ആറടി'. ഏതുകാലത്തും ഏതുലോകത്തും പ്രസക്തമായ ആറടിമണ്ണിനുവേണ്ടി അതില്ലാത്തവന്‍ നടത്തുന്ന നെട്ടോട്ടം കേരളത്തിന്റെ സമകാലിക സാമൂഹിക, രാഷ്ട്രീയാവസ്ഥയില്‍ പറയുകയാണ് ആറടിയില്‍.
സംസ്‌കൃത പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ദളിതനായ കുഞ്ഞിക്കോരന്‍മാഷ് മരിച്ചപ്പോള്‍ പൊതുദര്‍ശനത്തിനുവയ്ക്കാന്‍ പോലും ആരും ഒരിടം നല്‍കിയില്ല. പൊതുശ്മശാനമില്ലാത്തിനാല്‍ ഒരു ദിവസം മുഴുവന്‍ മൃതദേഹവുമായി ബന്ധുക്കള്‍ക്ക് അലയേണ്ടിവരുന്നു. ഒടുവില്‍ പാതയോരത്തെ ഒറ്റമുറിവീടിന്റെ അടുക്കളയുടെ തറ പൊളിച്ച് സംസ്‌കാരം നടത്തുന്നു. ഈ സംഭവത്തില്‍ ഒരുപക്ഷേ നമുക്കത്ര പുതുമ തോന്നിയേക്കില്ല. കേരളത്തിലെ ആദിവാസി ഊരുകളിലും പിന്നോക്ക പ്രദേശങ്ങളിലും ഇത്തരം ശവസംസ്‌കാരങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. ഈ സ്ഥിതിക്കും ദളിതനോടുള്ള മനോഭാവത്തിനും ഇനിയും മാറ്റം വന്നിട്ടില്ലെന്ന് ആറടി പറഞ്ഞുവെയ്ക്കുന്നു.
മരിച്ചയാളുടെ കൊച്ചുമകനെ രാഷ്ട്രീയപ്രവര്‍ത്തകനും ദളിത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇവിടെ സ്വന്തം പാര്‍ട്ടിയില്‍പെട്ടവരുടെ ജാതിബോധം മറനീക്കി പുറത്തുവരുന്നുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കാന്‍ പാര്‍ട്ടി ഓഫീസില്‍ അനുമതി ലഭിക്കുന്നില്ല. പാര്‍ട്ടിയില്‍ അത്തരമൊരു കീഴ്‌വഴക്കമില്ലെന്നു പറഞ്ഞാണ് ഒഴിവാക്കപ്പെടുന്നത്. നാട്ടിലെ വിദ്യാലയത്തിലോ പുഴക്കരയിലോ പോലും ഇടപെടലുകള്‍ കാരണം സ്വാതന്ത്ര്യസമര സേനാനിയുടെ മൃതദേഹം തള്ളപ്പെടുന്നു.
റോഡ് വികസനത്തിനായി ഉണ്ടായിരുന്ന മുറ്റവും വിട്ടുകൊടുക്കേണ്ടിവന്നവരാണ് കുഞ്ഞിക്കോരന്‍ മാഷിന്റെ വീട്ടുകാര്‍. ഒടുവില്‍ മൃതദേഹം വീടിനകത്ത് അടക്കംചെയ്തശേഷം പാതിരാത്രി കൊച്ചുമകന്‍ നോക്കിനില്‍ക്കുന്നത് വികസനത്തിന്റെ പ്രതീകമായ വീതികൂട്ടിയ പാതയിലേക്കും അതില്‍ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലും കണ്ണില്‍ തുളച്ചുകയറുന്ന ഇരുട്ടിലേക്കുമാണ്. ഇരുട്ട് ഇവിടെ ദളിതവസ്ഥയുടെ മാറാത്ത പ്രതീകം തന്നെയാകുന്നു. ചുറ്റിലും മാറ്റം വരുമ്പൊഴും ഓരം ചേര്‍ക്കപ്പെട്ടവന്റെ ദൈന്യത ഇന്നും അതേപടി തുടരുന്നുവെന്ന് സിനിമ പറയുന്നു. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടത് അവര്‍ തന്നെയാണ്. ഭൂരിപക്ഷ ശബ്ദങ്ങള്‍ക്കുമുമ്പില്‍ അത് നേര്‍ത്തില്ലാതാകുന്നതായാണ് നമ്മുടെ അനുഭവപരിസരത്തെ കാഴ്ച വ്യക്തമാക്കിത്തരുന്നത്.
ഏറെ സാമൂഹികപ്രസക്തമായ ഒരു വിഷയം പറഞ്ഞ് ആദ്യസിനിമയിലൂടെ സജി പാലമേല്‍ മലയാളത്തിലെ നവാഗത സംവിധായകരുടെ കൂട്ടത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പല വിഷയങ്ങളിലേക്ക് വ്യതിചലിക്കാതെ പറയാന്‍ ഉദ്ദേശിച്ച കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന രീതിയാണ് ആറടിയില്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലത്തോട് നീതിപുലര്‍ത്തുന്ന സിനിമ സാമൂഹിക, രാഷ്ട്രീയ, മത, ജാതി ചിന്താഗതിയില്‍ കേരളീയസമൂഹത്തിന് ഉണ്ടായിരിക്കുന്ന മാറ്റങ്ങളെയും തൊട്ടുപോകുന്നുണ്ട്.
താരസമ്പന്നമോ പണക്കൊഴുപ്പോ ഇല്ലാത്ത ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നവരെയെല്ലാം ദിവസജീവിതത്തില്‍ കണ്ടുമുട്ടുന്നവരായി തോന്നും. ഇത്തരമൊരു സിനിമയ്ക്കു വേണ്ടതും അതുതന്നെ.
മലയാള സിനിമ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇത്തരം ചെറിയ സിനിമകള്‍ക്കായി ഒരിടം തുറന്നുവച്ചിട്ടുണ്ട്. കെ.ആര്‍.മനോജ്, മനോജ് കാന, സുദേവന്‍, സനല്‍കുമാര്‍ ശശിധരന്‍, പി.എസ്.മനു, സജിന്‍ബാബു, ഷാനവാസ് നരണിപ്പുഴ തുടങ്ങി ഒട്ടേറെ സംവിധായകര്‍ ഈ വഴി സഞ്ചരിച്ച് വിജയം കണ്ടവരാണ്.
വേറിട്ട ആഖ്യാനവും സാമൂഹികബോധവും വിഷയവൈവിധ്യവും നേരിട്ടുള്ള പറച്ചില്‍ശൈലിയുമെല്ലാം ഈ സമാന്തരപാതയെ പുതിയൊരു പൊതുബോധത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. തീയേറ്റര്‍ വിജയം ലക്ഷ്യമാക്കി ഇറങ്ങുന്നവയല്ല ഇവരുടെ സിനിമകള്‍. എന്നാല്‍ക്കൂടി വ്യക്തമായ ധാരണയും ഉറച്ച ലക്ഷ്യബോധവും ഇവര്‍ക്കുണ്ട്. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന പുതിയ പേരാണ് ആറടിയുടെ സംവിധായകന്റെത്. സാമ്പത്തികപിന്തുണയോ വിതരണക്കാരോ നിര്‍മാതാക്കളോ പോലുമില്ലാതെ ഇവര്‍ കഷ്ടപ്പെട്ട് സിനിമയെടുക്കാന്‍ തയ്യാറാകുന്നത് കലയോടുള്ള അര്‍പ്പണബോധം കൊണ്ടുതന്നെയാണ്. ഈ ആത്മാര്‍ഥതയില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന രചനകളാണ് മലയാളത്തില്‍നിന്ന് പുതിയകാലത്ത് ലോകസിനിമാ കാഴ്ചക്കാരിലേക്ക് അഭിമാനത്തോടെ സമര്‍പ്പിക്കാനാകുന്നതും.
സ്ത്രീശബ്ദം, മാര്‍ച്ച്, 2017
No comments:
Post a Comment