Saturday, 22 July 2017

ഒത്തിരി വെട്ടവുമായി മിന്നാമിനുങ്ങ്

മറ്റുള്ളവര്‍ക്ക് വഴിയും വെട്ടവുമേകാന്‍ സ്വയം എരിഞ്ഞുജീവിക്കുന്ന സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമയാണ് മിന്നാമിനുങ്ങ്. ജീവിതപ്രാരാബ്ധങ്ങളില്‍ നട്ടംതിരിയുമ്പോഴും അവള്‍ മറ്റുള്ളവരുടെ അത്താണിയും പ്രതീക്ഷയുമാണ്. അവള്‍ ആരെയും നിരാശരാക്കുന്നുമില്ല. ഉദാത്തമായ മാതൃത്വത്തിന്റെയും പൊള്ളുന്ന ജീവിതാവസ്ഥകളുടെയും നേര്‍ക്കാഴ്ചയാണ് അനില്‍ തോമസിന്റെ മിന്നാമിനുങ്ങ്. ഒരു പൂര്‍ണ സ്ത്രീകേന്ദ്രീകൃത സിനിമയെന്ന് മിന്നാമിനുങ്ങിനെ വിശേഷിപ്പിക്കാം.
അവാര്‍ഡിനര്‍ഹമായ സിനിമ എന്ന തരത്തില്‍ മിന്നാമിനുങ്ങിനെ വിവേചിച്ചുകാണേണ്ടതില്ല. എല്ലാത്തരം പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ ഒട്ടും വിരസതയില്ലാതെയാണ് അനില്‍തോമസ് ചിത്രം ഒരുക്കിയിട്ടുള്ളത്. മനുഷ്യരുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ വിഷയമാക്കുമ്പോള്‍ തന്നെ ജീവിക്കുന്ന കാലത്തോടു നീതിപുലര്‍ത്തിയുള്ള ആവിഷ്‌കരണമാണ് ചിത്രത്തിന്റേത്. മനോജ് രാംസിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. നാടകീയതയില്ലാതെ ജീവിതത്തോട് ഏറെ അടുത്തുനില്‍ക്കുന്നതാണ് സംഭാഷണങ്ങള്‍. തിരുവനന്തപുരത്തിന്റെ ഗ്രാമവും നഗരവുമാണ് പശ്ചാത്തലമാകുന്നത്.

ദിവസജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന ഒട്ടേറെ മനുഷ്യര്‍ ചുറ്റിലുമുണ്ട്. അവരുടെ നിറമില്ലാത്ത ജീവിതവും അതേസമയം അവര്‍ക്കുചുറ്റിലുമുള്ള നിറമുള്ള മറ്റൊരു ലോകവും മിന്നാമിനുങ്ങിലൂണ്ട്. രണ്ടു തലമുറയുടെ ജീവിതാന്തരവും അനുഭവങ്ങളുടെ വ്യത്യാസവും സിനിമയില്‍ കടന്നുവരുന്നു. എത്ര കഷ്ടപ്പെട്ടും ആശ്രയിക്കുന്നവര്‍ക്ക് തുണയാകുന്നവരും എന്തു ചെയ്തിട്ടായാലും സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന മറ്റൊരു തലമുറയെയും ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

സുരഭി ലക്ഷ്മിയുടെ പ്രകടനമാണ് ഈ സിനിമയുടെ മുതല്‍ക്കൂട്ട്. ഒരു സാധാരണ സിനിമയിലെ അസാധാരണമായ പ്രകടനം എന്ന് സുരഭിയുടെ പ്രകടനത്തെ വിലയിരുത്താനാകും. കുടുംബം നോക്കാനും മകളെ പഠിപ്പിക്കാനും അച്ഛനെ ശുശ്രൂഷിക്കാനും പെടാപ്പാടുപെടുന്ന സാധാരണക്കാരിയുടെ  പ്രതിനിധിയാണ് സുരഭിയുടെ കഥാപാത്രം. ശാരദയുള്‍പ്പടെയുള്ള പഴയകാല നടിമാര്‍ ഒട്ടേറെത്തവണ ചെയ്തിട്ടുള്ള ഈ മാതൃകയിലുള്ള കഥാപാത്രം പുതിയകാലത്തെ ഒരു നടി എങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചുവെന്നതിലാണ് പുതുമ. നാടകീയതയ്‌ക്കോ അമിതാഭിനയത്തിനോ സാധ്യതയുണ്ടാകുമായിരുന്ന കഥാപാത്രത്തെ അസാധാരണമായ കൈയ്യടക്കം കൊണ്ടാണ് സുരഭി മറികടക്കുന്നത്. ജീവിതപ്രശ്‌നങ്ങളോട് നിരന്തരം ഇടപെടേണ്ടിവരുന്ന ഒരു സാധാരണ വീട്ടമ്മയെ സുരഭി ശരീരംകൊണ്ടും ശബ്ദംകൊണ്ടും ഭാവങ്ങള്‍കൊണ്ടും മികവുറ്റതാക്കി. പ്രത്യേകിച്ചും സിനിമയിലെ ക്ലൈമാക്‌സ് സീനുകളിലും പ്രേംപ്രകാശുമൊത്തുള്ള കോമ്പോ സീനുകളിലും. ദേശീയ പുരസ്‌കാരം തീര്‍ത്തും അര്‍ഹമായ അംഗീകാരമായിരുന്നുവെന്ന് സുരഭി ഓരോ കാഴ്ചക്കാരനെക്കൊണ്ടും പറയിപ്പിക്കുമെന്ന് തീര്‍ച്ച.

പ്രേംപ്രകാശും കൃഷ്ണന്‍ ബാലകൃഷ്ണനുമാണ് ശ്രദ്ധേയപ്രകടനം നടത്തിയ മറ്റു രണ്ടു താരങ്ങള്‍. പ്രേംപ്രകാശ് തഴക്കമുള്ള അഭിനേതാവ് നടത്തുന്ന പ്രകടനം അനായാസം ആവര്‍ത്തിച്ചെങ്കില്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍ തനിക്ക് ലഭിക്കുന്ന ചെറിയ കഥാപാത്രങ്ങളില്‍ പോലും വരുത്താറുള്ള പരിപൂര്‍ണത മിന്നാമിനുങ്ങിലെ പ്രഭുവിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്. സുരഭിയുടെ മകളുടെ വേഷം ചെയ്ത റബേക്ക സന്തോഷിന്റെ പ്രകടനവും മികച്ചതായി.
പശ്ചാത്തലസംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഔസേപ്പച്ചന്റെ അനുഭവപരിചയം മിന്നാമിനുങ്ങിന് ഗുണംചെയ്യുന്നുണ്ട്. എന്‍.ഹരികുമാറിന്റെ ശബ്ദമിശ്രണവും കെ.ശ്രീനിവാസിന്റെ എഡിറ്റിങ്ങും സുനില്‍ പ്രേമിന്റെ ക്യാമറയും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റു മികവുകളാണ്.

ചിത്രഭൂമി, ജൂലൈ 22, 2017

Thursday, 13 July 2017



ഫഹദ് ഫാസില്‍ ആഘോഷചിത്രത്തിന്റെ ഭാഗമാകുമ്പോള്‍

ഫഹദ് ഫാസിലിനെ ഒരു നടന്‍ മാത്രമായാണ് മലയാളി പ്രേക്ഷകര്‍ കണ്ടുപോരുന്നത്. മികവുറ്റ അഭിനയേശഷികൊണ്ട് ആസ്വാദകരുടെ ഈ അഭിപ്രായത്തെ ഫഹദ് സാധൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ ഒരു വ്യവസായം എന്ന നിലയില്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായ ഒരു പ്രധാന നടനെ സംബന്ധിച്ചിടത്തോളം സിനിമകളുടെ വാണിജ്യവിജയം വളരെ പ്രധാനമാണ്. മിക്ക നടന്മാരും ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തി പരിപാലിച്ചുപോരുന്നതും അതുകൊണ്ടുതന്നെ. ഫാന്‍സ് പിന്തുണകൊണ്ടുമാത്രമാണ് പലപ്പൊഴും ശരാശരി നിലവാരത്തിലുള്ള സിനിമകള്‍ തീയേറ്ററില്‍ വലിയ വിജയം നേടുന്നത്. ഈ രീതിയിലുള്ള വിജയക്കണക്ക് മിക്ക നടന്മാര്‍ക്കും പറയാനുണ്ടാകും. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഇത്തരത്തില്‍ നടന്മാരുടെ ഫാന്‍സ് വിജയിപ്പിച്ച ചിത്രങ്ങള്‍ ഏറെയാണ്. സിനിമയുടെ റിലീസ് നാളുകളില്‍ ഇവര്‍ ഉണ്ടാക്കുന്ന വ്യാജ അഭിപ്രായങ്ങളിലും തരക്കേടില്ലാത്തതിനെ വളരെ മികച്ചതെന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളിലും പ്രേക്ഷകര്‍ വീണുപോകുന്നതും സാധാരണം. മുഖ്യധാരാ കച്ചവട സിനിമാരംഗം കാലാകാലങ്ങളായി ശീലിച്ചുപോരുന്ന സ്വഭാവമാണിത്. 



മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ഈ താരാധിപത്യത്തിലും താരാരാധന സംഘത്തിലും അഭിരമിക്കാത്തയാളാണ്. അതയാള്‍ പലപ്പൊഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. നല്ല സിനിമകള്‍ കാണാന്‍ ആളുകളെത്തും എന്ന ഒരു വിശ്വാസം തന്നെയാണ് ഈ പറച്ചിലിനുപിന്നില്‍. ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമകള്‍ ഫഹദ് ഏറ്റെടുക്കാറുമില്ല. അതിനുപുറത്തെ ഒരു ആരാധകവൃന്ദമാണ് ഫഹദിനു സ്വന്തമായുള്ളത്. ഇത് നടനെന്ന തരത്തില്‍ വിജയവും വാണിജ്യസിനിമയിലെ താരമെന്ന രീതിയില്‍ അയാളുടെ പരാജയവുമാണ്. കോടിക്ലബ്ബുകളുടെ കണക്കില്‍ ഒരിക്കലും നമുക്ക് ഫഹദിനെ കാണാനാകില്ല. ഇടക്കാലത്ത് ഇതയാള്‍ക്ക് വലിയ തിരിച്ചടിയാകുകയും ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്തിരിക്കേണ്ട ഘട്ടം വരെയെത്തുകയുംചെയ്തു. ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരം'എന്ന ചിത്രമാണ് ഈ അവസ്ഥയില്‍നിന്ന് ഫഹദിനെ രക്ഷിച്ചത്. മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ് എന്നിങ്ങനെ ഫഹദിലെ നടനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളില്‍നിന്ന് അത്രയൊന്നും അഭിനയിക്കാനില്ലാത്ത ആഘോഷ മൂഡിലുള്ള ഒരു ഉത്സവകാല ചിത്രത്തിലേക്ക് ഫാന്‍സ് മേളങ്ങളുടെയോ സചിത്ര താര ഫഌക്‌സ് ബോര്‍ഡ് ബഹളങ്ങളുടെയോ പിന്തുണയില്ലാത്ത ഒരു നടന്‍ എത്തുമ്പോള്‍ ആ സിനിമ എങ്ങനെ ഏറ്റെടുക്കപ്പെടുമെന്നതിലാണ് പ്രസക്തി.

ആഘോഷസിനിമകളിലേക്കുള്ള ഫഹദ് ഫാസിലിന്റെ പ്രവേശനംകൊണ്ടാണ് റാഫി സംവിധാനം ചെയ്ത പുതിയ ചിത്രമായ റോള്‍ മോഡല്‍സ് ശ്രേേദ്ധയമാകുന്നത്. റോള്‍ മോഡല്‍സ് തീര്‍ത്തും സാധാരണമായ ഒരു റാഫി ചിത്രമാണ്. തീയേറ്ററുകളില്‍ ദിവസങ്ങളോളം ചിരി പടര്‍ത്തി കോടികള്‍ കൊയ്തിട്ടുള്ള റാഫി-മെക്കാര്‍ട്ടിന്‍ സഖ്യത്തിലെ റാഫി ജയറാം, ദിലീപ് തുടങ്ങി തന്റെ വിജയനായകന്മാരെ മാറ്റിനിര്‍ത്തി ഫഹദിനെ നായകനാക്കുമ്പോള്‍ ആഘോഷം എത്രകണ്ട് വിജയിക്കും എന്നതുതന്നെയാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. റാഫിമെക്കാര്‍ട്ടിന്‍ പുതുക്കോട്ടയിലെ പുതുമണവാളനോ, പഞ്ചാബിഹൗസോ, തെങ്കാശിപ്പട്ടണമോ എടുക്കുമ്പോഴുള്ള ആരാധനാകാലമല്ല ഇപ്പോള്‍. പഴയ താരങ്ങള്‍ക്കുപകരം പുതിയ താരങ്ങള്‍ വന്നെങ്കിലും താരാരാധന പുതിയ മേളക്കൊഴുപ്പിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി പുതുതലമുറയില്‍ വിജയിച്ച താരങ്ങളെല്ലാം സിനിമയുടെ പ്രചാരണത്തിന് ഫാന്‍സിനെയും ആഘോഷങ്ങളെയും മാറ്റിനിര്‍ത്താറില്ലെന്ന് ശ്രദ്ധിക്കണം. ഉത്സവകാലത്ത് തീയേറ്ററിലെത്തിയ ഫഹദ് ചിത്രത്തിന് സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കാനായിട്ടുണ്ടെങ്കിലും ഓളം സൃഷ്ടിക്കാനായിട്ടില്ല. അമിതമായ ഫാന്‍സ് ബഹളങ്ങളും താരങ്ങളുടെ പേരിലുള്ള മത്സരങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതാണെങ്കില്‍ക്കൂടി സിനിമയുടെ വിജയത്തിന് അത് നല്ല രീതിയില്‍ ഗുണം ചെയ്യുമെങ്കില്‍ മാര്‍ക്കറ്റിങ് എന്ന തരത്തില്‍ അതിനെ സ്വീകരിക്കുകതന്നെ വേണം.

പതിവുരീതിയിലുള്ള ചിരിപ്പടങ്ങളിലെ കാഴ്ചകള്‍ തന്നെയാണ് റോള്‍ മോഡല്‍സിലുമുള്ളത്. പറഞ്ഞുപഴകിയ കെട്ടുറപ്പില്ലാത്ത തിരക്കഥയെ ഹാസ്യംകൊണ്ട് മറച്ച് മുന്നോട്ടുപോകുന്ന പതിവു രീതി. വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിരിതീര്‍ക്കാന്‍ ഫഹദിനൊപ്പമുള്ളത്. ഫഹദ് അവതരിപ്പിക്കുന്ന നായകന് ഈ ചിരിക്കാഴ്ചയില്‍ വലിയ പങ്കില്ലെന്നുവേണം പറയാന്‍. കോളേജ് കാലം മുതല്‍ റോള്‍ മോഡല്‍സ് എന്നു വിളിപ്പേരുള്ള നാലുപേരുടെ സൗഹൃദസംഘത്തിന്റെ കഥയാണിത്. ഗൗതം (ഫഹദ് ഫാസില്‍) എന്ന വ്യക്തിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. ഗൗതമിന്റെ കോളേജ് ജീവിതത്തിനിടയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവും അയാളെ തിരിച്ചുകൊണ്ടുവരാന്‍ കൂട്ടുകാര്‍ നടത്തുന്ന ശ്രമവുമാണ് സിനിമയുടെ ഇതിവൃത്തം. 
ആദ്യപകുതിയില്‍ ചിരി തീര്‍ക്കുന്ന ചിത്രത്തിന്റെ രണ്ടാംപകുതി കഥയിലെ വ്യക്തതയില്ലായ്മയും പരസ്പരബന്ധമില്ലായ്മയുംകൊണ്ട് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
ഫഹദിന് 'പെര്‍ഫോം' ചെയ്യാനുള്ള സ്‌പേസ് സിനിമയിലില്ല. തിരക്കഥ ആവശ്യപ്പെടുന്നത് ഫഹദ് മികച്ച രീതിയില്‍ ചെയ്തിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളും മാനറിസങ്ങളും നോര്‍ത്ത് 24 കാതം, മണിരത്‌നം തുടങ്ങിയ മുന്‍ ഫഹദ് ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട്.

വിനായകന്‍ എന്ന മികച്ച നടന്റെ കാര്യവും മറിച്ചല്ല. ചിരി തീര്‍ക്കാനാകുന്നുണ്ടെങ്കിലും റോള്‍ മോഡല്‍സില്‍ വിനായകന്‍ കൂട്ടത്തിലൊരാള്‍ മാത്രമാണ്. ഇത്തരമൊരു ആഘോഷസിനിമയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനും തരമില്ല. എങ്കില്‍ക്കൂടി കറുപ്പുനിറം, പോരായ്മകള്‍ എന്നിവ ചൂഷണം ചെയ്ത് ചിരിയുണ്ടാക്കുന്ന മലയാള ചലച്ചിത്രകാരന്മാരുടെ പതിവ് ഇവിടെയും തെറ്റിക്കുന്നില്ല. റോള്‍ മോഡല്‍സില്‍ വിനായകനാണ് ഇര. സുന്ദരമായി ഹാസ്യം പറഞ്ഞ് ചിരിപ്പിച്ചിട്ടുള്ള റാഫിക്ക് കുറവുകളും അശ്ലീലവും പറയാതെ തന്നെ ആളുകളെ ചിരിപ്പിക്കാനാവുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള അപകടങ്ങളുടെ ആവര്‍ത്തനങ്ങള്‍. നിറവും തടിയും മെലിച്ചിലുമെല്ലാം കേവലമായി ചിരിപ്പിച്ച് തൃപ്തിപ്പെടുത്തുമെങ്കിലും ജനപ്രിയമായ കലാസൃഷ്ടിയെന്ന രീതിയില്‍ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റിനിര്‍ത്തലുകള്‍ക്കും തരംതിരിക്കലുകള്‍ക്കും വലിയ തോതില്‍ വെള്ളവും വളവുമേകുന്നതാണ് ഇത്തരം പരീക്ഷണങ്ങള്‍.
ഒരു സിനിമയ്ക്കും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാവില്ല. ഒറ്റവട്ടം കണ്ടുരസിച്ച് തീയേറ്ററില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ യാതൊന്നും കൂടെപ്പോരാത്ത ചില ചിത്രങ്ങളുടെ കൂട്ടത്തിലാണ് റോള്‍ മോഡല്‍സിന്റെ സ്ഥാനം. റാഫിക്ക് തന്റെ കോമഡി കിറ്റിലെ രസക്കൂട്ട് മുഴുവന്‍ പുറത്തെടുക്കാനാകാതെ പോയ ഒരു ചിത്രം. എങ്കില്‍ക്കൂടി സാധാരണ പ്രേക്ഷകര്‍ക്ക് താത്കാലിക രസക്കാഴ്ചയൊരുക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും നടനും (റോള്‍ മോഡല്‍സില്‍ ഒരു പ്രധാന കഥാപാത്രമായി എത്തി റാഫി ചിരിപടര്‍ത്തുന്നുണ്ട്) എന്ന നിലയില്‍ റാഫി വിജയിച്ചിരിക്കുന്നു. ഒപ്പം ഫഹദ് ഫാസിലിന്റെ വാണിജ്യ താരമുഖത്തെ പരിചയപ്പെടുത്താനായി എന്ന നിലയ്ക്കും.

സ്ത്രീശബ്ദം, ജൂലൈ 2017