Saturday, 22 July 2017

ഒത്തിരി വെട്ടവുമായി മിന്നാമിനുങ്ങ്

മറ്റുള്ളവര്‍ക്ക് വഴിയും വെട്ടവുമേകാന്‍ സ്വയം എരിഞ്ഞുജീവിക്കുന്ന സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന സിനിമയാണ് മിന്നാമിനുങ്ങ്. ജീവിതപ്രാരാബ്ധങ്ങളില്‍ നട്ടംതിരിയുമ്പോഴും അവള്‍ മറ്റുള്ളവരുടെ അത്താണിയും പ്രതീക്ഷയുമാണ്. അവള്‍ ആരെയും നിരാശരാക്കുന്നുമില്ല. ഉദാത്തമായ മാതൃത്വത്തിന്റെയും പൊള്ളുന്ന ജീവിതാവസ്ഥകളുടെയും നേര്‍ക്കാഴ്ചയാണ് അനില്‍ തോമസിന്റെ മിന്നാമിനുങ്ങ്. ഒരു പൂര്‍ണ സ്ത്രീകേന്ദ്രീകൃത സിനിമയെന്ന് മിന്നാമിനുങ്ങിനെ വിശേഷിപ്പിക്കാം.
അവാര്‍ഡിനര്‍ഹമായ സിനിമ എന്ന തരത്തില്‍ മിന്നാമിനുങ്ങിനെ വിവേചിച്ചുകാണേണ്ടതില്ല. എല്ലാത്തരം പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ ഒട്ടും വിരസതയില്ലാതെയാണ് അനില്‍തോമസ് ചിത്രം ഒരുക്കിയിട്ടുള്ളത്. മനുഷ്യരുടെ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ വിഷയമാക്കുമ്പോള്‍ തന്നെ ജീവിക്കുന്ന കാലത്തോടു നീതിപുലര്‍ത്തിയുള്ള ആവിഷ്‌കരണമാണ് ചിത്രത്തിന്റേത്. മനോജ് രാംസിങ്ങാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. നാടകീയതയില്ലാതെ ജീവിതത്തോട് ഏറെ അടുത്തുനില്‍ക്കുന്നതാണ് സംഭാഷണങ്ങള്‍. തിരുവനന്തപുരത്തിന്റെ ഗ്രാമവും നഗരവുമാണ് പശ്ചാത്തലമാകുന്നത്.

ദിവസജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന ഒട്ടേറെ മനുഷ്യര്‍ ചുറ്റിലുമുണ്ട്. അവരുടെ നിറമില്ലാത്ത ജീവിതവും അതേസമയം അവര്‍ക്കുചുറ്റിലുമുള്ള നിറമുള്ള മറ്റൊരു ലോകവും മിന്നാമിനുങ്ങിലൂണ്ട്. രണ്ടു തലമുറയുടെ ജീവിതാന്തരവും അനുഭവങ്ങളുടെ വ്യത്യാസവും സിനിമയില്‍ കടന്നുവരുന്നു. എത്ര കഷ്ടപ്പെട്ടും ആശ്രയിക്കുന്നവര്‍ക്ക് തുണയാകുന്നവരും എന്തു ചെയ്തിട്ടായാലും സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന മറ്റൊരു തലമുറയെയും ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

സുരഭി ലക്ഷ്മിയുടെ പ്രകടനമാണ് ഈ സിനിമയുടെ മുതല്‍ക്കൂട്ട്. ഒരു സാധാരണ സിനിമയിലെ അസാധാരണമായ പ്രകടനം എന്ന് സുരഭിയുടെ പ്രകടനത്തെ വിലയിരുത്താനാകും. കുടുംബം നോക്കാനും മകളെ പഠിപ്പിക്കാനും അച്ഛനെ ശുശ്രൂഷിക്കാനും പെടാപ്പാടുപെടുന്ന സാധാരണക്കാരിയുടെ  പ്രതിനിധിയാണ് സുരഭിയുടെ കഥാപാത്രം. ശാരദയുള്‍പ്പടെയുള്ള പഴയകാല നടിമാര്‍ ഒട്ടേറെത്തവണ ചെയ്തിട്ടുള്ള ഈ മാതൃകയിലുള്ള കഥാപാത്രം പുതിയകാലത്തെ ഒരു നടി എങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചുവെന്നതിലാണ് പുതുമ. നാടകീയതയ്‌ക്കോ അമിതാഭിനയത്തിനോ സാധ്യതയുണ്ടാകുമായിരുന്ന കഥാപാത്രത്തെ അസാധാരണമായ കൈയ്യടക്കം കൊണ്ടാണ് സുരഭി മറികടക്കുന്നത്. ജീവിതപ്രശ്‌നങ്ങളോട് നിരന്തരം ഇടപെടേണ്ടിവരുന്ന ഒരു സാധാരണ വീട്ടമ്മയെ സുരഭി ശരീരംകൊണ്ടും ശബ്ദംകൊണ്ടും ഭാവങ്ങള്‍കൊണ്ടും മികവുറ്റതാക്കി. പ്രത്യേകിച്ചും സിനിമയിലെ ക്ലൈമാക്‌സ് സീനുകളിലും പ്രേംപ്രകാശുമൊത്തുള്ള കോമ്പോ സീനുകളിലും. ദേശീയ പുരസ്‌കാരം തീര്‍ത്തും അര്‍ഹമായ അംഗീകാരമായിരുന്നുവെന്ന് സുരഭി ഓരോ കാഴ്ചക്കാരനെക്കൊണ്ടും പറയിപ്പിക്കുമെന്ന് തീര്‍ച്ച.

പ്രേംപ്രകാശും കൃഷ്ണന്‍ ബാലകൃഷ്ണനുമാണ് ശ്രദ്ധേയപ്രകടനം നടത്തിയ മറ്റു രണ്ടു താരങ്ങള്‍. പ്രേംപ്രകാശ് തഴക്കമുള്ള അഭിനേതാവ് നടത്തുന്ന പ്രകടനം അനായാസം ആവര്‍ത്തിച്ചെങ്കില്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍ തനിക്ക് ലഭിക്കുന്ന ചെറിയ കഥാപാത്രങ്ങളില്‍ പോലും വരുത്താറുള്ള പരിപൂര്‍ണത മിന്നാമിനുങ്ങിലെ പ്രഭുവിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്. സുരഭിയുടെ മകളുടെ വേഷം ചെയ്ത റബേക്ക സന്തോഷിന്റെ പ്രകടനവും മികച്ചതായി.
പശ്ചാത്തലസംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഔസേപ്പച്ചന്റെ അനുഭവപരിചയം മിന്നാമിനുങ്ങിന് ഗുണംചെയ്യുന്നുണ്ട്. എന്‍.ഹരികുമാറിന്റെ ശബ്ദമിശ്രണവും കെ.ശ്രീനിവാസിന്റെ എഡിറ്റിങ്ങും സുനില്‍ പ്രേമിന്റെ ക്യാമറയും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റു മികവുകളാണ്.

ചിത്രഭൂമി, ജൂലൈ 22, 2017

No comments:

Post a Comment