Saturday, 14 December 2019

2018ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അവലോകനം


മലയാള സിനിമയിലെ പുതിയ മാറ്റങ്ങളെ അംഗീകരിക്കുന്നതായിരുന്നു 49ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. കഴിവുറ്റ തുടക്കക്കാർക്ക് പുരസ്‌കാര പട്ടികയിൽ ഇടം കിട്ടിയപ്പോൾ പരിചയസമ്പന്നർക്കും പ്രാതിനിധ്യം ഉറപ്പിക്കാനായി. വലിയ പരാതിക്കും വിവാദങ്ങൾക്കും ഇടനൽകാതെയായിരുന്നു പ്രഗത്ഭ സംവിധായകൻ കുമാർ സാഹ്നി അദ്ധ്യക്ഷനായ ജൂറിയുടെ അവാർഡ് നിർണയം.
    പ്രകൃതിയുടെ ഹരിതകാന്തി വീണ്ടെടുക്കാനുള്ള ആത്മസമർപ്പണത്തിന്റെയും ആദിവാസികൾ നേരിടുന്ന അവഗണനയുടെയും ആവിഷ്‌കാരമായ സി.ഷെരീഫിന്റെ 'കാന്തൻ ദി ലവർ ഓഫ് കളർ' മികച്ച കഥാചിത്രമായി. ശ്യാമപ്രസാദിന്റെ 'ഒരു ഞായറാഴ്ച'യാണ് രണ്ടാമത്തെ കഥാചിത്രം. കഥാപാത്രങ്ങളുടെ അതിസൂക്ഷ്മമായ മാനസികാപഗ്രഥനം മിഴിവോടെ അവതരിപ്പിച്ച ചലച്ചിത്രഭാഷയുടെ മികവിന് ഇതേ ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുമായി.
    ഏറ്റവും ശ്രദ്ധേയമായ മികച്ച നടൻ, നടി വിഭാഗം പുരസ്‌കാര നിർണയം പ്രേക്ഷകർ കൂടി ഉറപ്പിച്ച അവാർഡുകളായിരുന്നു. ഞാൻ മേരിക്കുട്ടി, ക്യാ്ര്രപൻ എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിൻ ഷാഹിറും മികച്ച നടന്മാർക്കുള്ള പുരസ്‌കാരം പങ്കിപ്പോൾ ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ പ്രകടനത്തിന് നിമിഷ സജയൻ മികച്ച നടിയായി. പ്രശസ്തനായ ഇന്ത്യൻ ഫുട്‌ബോളർ വി.പി സത്യനെയും ഒരു ട്രാൻസ്‌ജെൻഡറിനെയും വ്യത്യസ്തമായ ശരീരഭാഷയിൽ പകർത്തുന്ന അത്ഭുതാവഹമായ അഭിനയപാടവമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.  സ്വാഭാവികതയുടെ നൈസർഗിക സൗന്ദര്യമാണ് സൗബിൻ ഷാഹിറിന്റെ അഭിനയ സവിശേഷത. ഇരയാക്കപ്പെടുന്ന പെൺകുട്ടിയായും തുടക്കക്കാരിയുടെ പതർച്ചകളുള്ള അഭിഭാഷകയായുമുള്ള വേറിട്ട ഭാവപ്പകർച്ചകളാണ് നിമിഷയെ മികച്ച നടിയായി തിരഞ്ഞെടുക്കാൻ ജൂറിയെ പ്രേരിപ്പിച്ചത്. ചോലയിലെയും ജോസഫിലെയും വ്യത്യസ്ത പ്രകടനത്തിന് ജോജു ജോർജ് മികച്ച രണ്ടാമത്തെ നടനും, സുഡാനി ഫ്രം നൈജീരിയയിലെ നാട്ടിൻപുറത്തെ ഉമ്മമാരുടെ ജീവിതത്തനിമയാർന്ന ഭാവാവിഷ്‌കാരത്തിന് സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനും മികച്ച രണ്ടാമത്തെ നടിയുടെ പുരസ്‌കാരവും പങ്കിട്ടു.
   
     അപ്പുവിന്റെ സത്യാന്വേഷണം എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ റിഥുനും, പന്ത് എന്ന സിനിമയിലെ പ്രകടനത്തിന് അബനി ആദിയും മികച്ച മികച്ച ബാലതാരങ്ങളായപ്പോൾ കേരളീയ സമൂഹത്തിലെ കപട സദാചാര ബോധത്തിന്റെ മറനീക്കിക്കാട്ടുന്ന കഥനമികവിന് അങ്കിളിലൂടെ ജോയ് മാത്യു മികച്ച കഥാകൃത്തായി. വന്യവും നിഗൂഢവുമായ വനാന്തരീക്ഷത്തെ സമർത്ഥമായി പകർത്തിയ ഛായാഗ്രാഹണ വൈഭവത്തിന് കാർബണിലൂടെ കെ.യു മോഹനൻ മികച്ച ക്യാമറാമാനും, സുഡാനി ഫ്രം നൈജീരിയയിലൂടെ അതിർത്തികൾപ്പുറത്തുള്ള വിശാല മാനവികതയ്ക്കു വേണ്ടി ശബ്ദിക്കുന്ന തിരക്കഥയൊരുക്കിയ സക്കറിയയും മുഹ്‌സിൻ പരാരിയും മികച്ച തിരക്കഥാകൃത്തുക്കളുമായി തെരഞ്ഞെടുക്കപ്പെട്ടു. പോയ വർഷത്തെ ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ഇതേ ചിത്രത്തിലൂടെ സക്കറിയ മികച്ച നവാഗത സംവിധായകനുമായി.
    തീവണ്ടിയിലെയും ജോസഫിലെയും പാട്ടുകളെഴുതി ബി.കെ ഹരിനാരായണൻ മികച്ച ഗാനരചയിതാവും കാർബണിലെ പാട്ടുകളൊരുക്കി വിശാൽ ഭരദ്വാജ് മികച്ച സംഗീതസംവിധായകനുമായി. വിജയ് യേശുദാസും ശ്രേയാ ഘോഷാലുമാണ് മികച്ച ഗായകർ.
എം.ജയരാജിന്റെ 'മലയാള സിനിമ പിന്നിട്ട വഴികൾ'ആണ് മികച്ച സിനിമാ ഗ്രന്ഥം.
      2018ൽ പുറത്തിറങ്ങിയ  158 മലയാള ചിത്രങ്ങളിൽ കുട്ടികളുടെ നാലു ചിത്രങ്ങൾ ഉൾപ്പെടെ 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി എത്തിയത്. ഇതിൽ 57 ചിത്രങ്ങൾ പുതുമുഖങ്ങളുടേതായിരുന്നു. മൂന്നു സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും അവാർഡ് പരിഗണനയ്‌ക്കെത്തി.
    ബഹുഭൂരിപക്ഷം ചിത്രങ്ങളും സിനിമ എന്ന മാധ്യമത്തിന്റെ സർഗാത്മകമായ സാധ്യതകളെ ഉപയോഗപ്പെടുത്താതെ അലസമായ സമീപനം പുലർത്തുന്നവയായിരുന്നു എന്ന് ജൂറി ചൂണ്ടിക്കാട്ടി. സാങ്കേതിക മികവ് പുലർത്തിയ ചിത്രങ്ങൾ ഉള്ളടക്കത്തിന്റെയും പ്രമേയ പരിചരണത്തിന്റെയും കാര്യത്തിൽ ഗുണനിലവാരം പുലർത്തിയില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു.ആമിയിലൂടെ പശ്ചാത്തല സംഗീതത്തിന് ബിജിബാലും ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ചയുടെ എഡിറ്റിംഗ് മികവിന് അരവിന്ദ് മന്മഥനും പുരസ്‌കാരങ്ങൾ നേടി. വ്യത്യസ്ത കാലഘട്ടങ്ങളെയും വിഭിന്ന ഭൂഭാഗങ്ങളെയും അവതരിപ്പിച്ച കമ്മാരസംഭവത്തിന്റെ പശ്ചാത്തലമൊരുക്കിയ മികവിന് വിനേഷ് ബംഗ്ലാൻ മികച്ച കലാസംവിധായകനായി. മികച്ച സിങ്ക് സൗണ്ട്, ശബ്ദമിശ്രണ, സൗണ്ട് ഡിസൈൻ, ലബോറട്ടറി പുരസ്‌കാരങ്ങൾ കാർബണിനാണ്. അനിൽ രാധാകൃഷ്ണനും സിനോയ് ജോസഫും സി.ജദേവനും പ്രൈം ഫോക്കസുമാണ് ഈ വിഭാഗത്തിൽ അവാർഡുകൾ നേടിയത്. ജയസൂര്യയെ അസ്വാഭാവികയില്ലാതെ ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിലേക്ക് രൂപമാറ്റം വരുത്തിയ റോണക്‌സ് സേവ്യർ മികച്ച മേക്കപ്പ് മാനാപ്പോൾ കമ്മാരസംഭവത്തിലൂടെ സമീറ സനീഷ് മികച്ച വസ്ത്രാലങ്കാരകയായി. ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം നൽകി ഷമ്മി തിലകനും ലില്ലിയിൽ സംയുക്ത മേനോന് ശബ്ദം നൽകി എം.സ്‌നേഹയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാർക്കുള്ള പുരസ്‌കാരത്തിന് അർഹരായി. അരവിന്ദന്റെ അതിഥികളിലൂടെ പ്രസന്ന സുജിത്ത് മികച്ച നൃത്തസംവിധായകനായി.
   
     പനി, ആന്റ് ദി ഓസ്‌കാർ ഗോസ് റ്റു എന്നീ ചിത്രങ്ങളിലെ വൈവിധ്യമാർന്ന ദൃശ്യപരിചരണത്തിന് മധു അമ്പാട്ട് പ്രത്യേക ജൂറി പുരസ്‌കാരം നേടി.
    ജോഷി മാത്യുവിന്റെ 'അങ്ങ് ദൂരെ ഒരു ദേശത്ത്' ആണ് മികച്ച കുട്ടികളുടെ ചിത്രം. പനിയിലൂടെ സന്തോഷ് മണ്ടൂരും ചോലയിലൂടെ സനൽകുമാർ ശശിധരനും മികച്ച സംവിധായകർക്കുള്ള ജൂറി പരാമർശങ്ങൾ നേടി. സനൽകുമാർ ശശിധരന് ചോലയുടെ സൗണ്ട് ഡിസൈനിലും ജൂറി പരാമർശം നേടാനായി. ജയരാജിന്റെ രൗദ്രത്തിലെ അഭിനയത്തിന് കെ.പി.എ.സി ലീല ജൂറിയുടെ പരാമർശം നേടി.
    വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിലെന്ത് എന്ന ലേഖനത്തിലൂടെ ബ്ലെയ്‌സ് ജോണി മികച്ച ചലച്ചിത്ര ലേഖന പുരസ്‌കാരത്തിന് അർഹനാപ്പോൾ സുനിൽ സി.ഇ, രാജേഷ് എരുമേലി എന്നിവർ ഈ വിഭാഗത്തിൽ ജൂറി പരാമർശം നേടി. കന്യകയുടെ ദുർനടപ്പുകൾ എന്ന ചലച്ചിത്ര ഗ്രന്ഥത്തിലൂടെ എൻ.വി മുഹമ്മദ് റാഫിയും ജൂറി പരാമർശത്തിന് അർഹനായി.

ആകാശവാണി വാർത്താവീക്ഷണം, 2019 മാർച്ച് 11

അമിതാഭ് ബച്ചൻ; ഇന്ത്യൻ സിനിമയിലെ അതികായനും ഇതിഹാസവും




ഇന്ത്യൻ സിനിമയിലെ അതികായനും ജീവിച്ചിരിക്കുന്ന ഇതിഹാസവുമായ അമിതാഭ് ബച്ചന് ഇന്ത്യൻ സിനിമയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കേ പുരസ്‌കാരം. കഴിഞ്ഞ ഫെബ്രുവരിയിൽ അഭിനയ ജീവിതത്തിൽ അര നൂറ്റാണ്ട് തികച്ച അമിതാഭ് ബച്ചന് സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.
     ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക്, സ്റ്റാർ ഓഫ് മില്ലേനിയം, ബിഗ് ബിഎന്നിങ്ങനെയെല്ലാം ആരാധാകരും നിരൂപകരും വിശേഷിപ്പിക്കുന്ന ബച്ചൻ ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളാണ്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയജീവിതത്തിൽ ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞ ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നേടി. 'എന്താണ് എന്റെ മനസ്സിലെന്ന് എനിക്ക് അറിയാനാകുന്നില്ല. അത് എന്തുമായിക്കോട്ടെ. നന്ദിയും എളിമയും ആണ് പ്രധാനം. എല്ലാവരോടും സ്‌നേഹവും' എന്നാണ് ഫാൽക്കേ പുരസ്‌കാര നേട്ടത്തിനു ശേഷം അമിതാഭ് ബച്ചൻ ബ്ലോഗിൽ എഴുതിയത്.
     1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ നായകനായി അഭിനയിച്ച സഞ്ജീർ പുറത്തിറങ്ങിയതോടെ അമിതാഭ് ബോളിവുഡിൽ തന്റെ വരവറിയിച്ചു. അമിതാഭിന്റെ വാണിജ്യ സിനിമകളുടെ വിജയത്തോടെ ഇന്ത്യൻ സിനിമയുടെയും പ്രത്യേകിച്ച് ബോളിവുഡിന്റെയും ഫോർമുല തന്നെ മാറ്റപ്പെടുകയായിരുന്നു. ഇന്ത്യൻ കാണികളുടെ കാഴ്ചാഭിരുചിയിൽ തന്നെ അമിതാഭ് മാറ്റം വരുത്തി. അമിതാഭിനു വേണ്ടിയുള്ള സിനിമകൾ സൃഷ്ടിക്കപ്പെടുന്ന കാലമായിരുന്നു പിന്നീടുള്ള ഒരു പതിറ്റാണ്ട്.

      പ്രശസ്ത കവി ഹരിവംശ റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11 ന് ബ്രിട്ടീഷ് ഇന്ത്യയിലെ അലഹാബാദ് പ്രവിശ്യയിൽ ജനിച്ച അമിതാഭിന് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്.
    1969 ൽമൃണാൾ സെന്നിന്റെഭുവൻ ഷോമിലെ ശബ്ദസാന്നിദ്ധ്യമായിട്ടാണ് ബച്ചൻ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തിയത്. 1968ൽസിനിമാ മോഹവുമായി മുംബൈയിൽഎത്തിയ ബച്ചൻ തൊട്ടടുത്ത വർഷംഖ്വാജാ അഹമ്മദ് അബ്ബാസ്സംവിധാനം ചെയ്തസാത്ത് ഹിന്ദുസ്ഥാനിയിൽഏഴ് നായകന്മാരിൽ ഒരാളായി അഭിനയരംഗത്തും അരങ്ങേറി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. 1971 ൽ പർവാനയിലെയും സുനിൽദത്ത്‌സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറയിലെയും കഥാപാത്രങ്ങൾശ്രദ്ധ നേടി. അതേ വർഷം പുറത്തിറങ്ങിയ,ഹൃഷികേശ് മുഖർജീസംവിധാനം ചെയ്തആനന്ദ്എന്ന ചിത്രത്തിലെ ഡോക്ടർ വേഷം ബച്ചന് ആ വർഷത്തെ മികച്ച സഹനടനുള്ളഫിലിംഫെയർ പുരസ്‌കാരംനേടിക്കൊടുത്തു. മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും വാണിജ്യ വിജയങ്ങൾ ആദ്യകാലത്ത് ബച്ചനെ തേടിയെത്തിയില്ല. തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്‌ളോപ്പുകളും രണ്ട് സാമാന്യ ഹിറ്റുകളും മാത്രമുള്ള 'പരാജയപ്പെട്ട പുതുമുഖം' ആയിരുന്നു ബച്ചൻ.
        സലിം ഖാനുംജാവേദ് അക്തറുമാണ് സഞ്ജീറിലെ ക്ഷുഭിത യൗവന കഥാപാത്രത്തിലൂടെ അമിതാഭിന് ബ്രേക്ക് നൽകിയത്. അക്കാലത്ത് ബോളിവുഡ് സിനിമാ വ്യവസായത്തിൽ പ്രബലമായ റൊമാന്റിക് ഹീറോ ഇമേജിന് ഈ കഥാപാത്രം എതിരായതിനാൽ നിരവധി അഭിനേതാക്കൾ പിന്മാറിയതോടെയാണ് ബച്ചന് നറുക്ക് വീഴുന്നത്. ആയുധം കൊണ്ട് അനീതികളെ ചെറുക്കുന്ന കഥാപാത്രം അതിനു മുമ്പുള്ള റൊമാന്റിക് പ്രമേയങ്ങളുള്ള ബോളിവുഡ് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഇത് അമിതാഭിനെ ബോളിവുഡ് സിനിമയിലെ 'കോപാകുലനായ യുവാവ്' എന്ന ഒരു പുതിയ വ്യക്തിത്വത്തിൽ എത്തിച്ചു. സഞ്ജീറിലൂടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന് അമിതാഭ് നാമനിർദ്ദേശം ചെയ്യപ്പെടുകയും പിന്നീട് ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് എന്നു വിലയിരുത്തപ്പെടുകയും ചെയ്തു. സഞ്ജീർ 1973 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായി മാറി. ഈ സിനിമ ബച്ചനെ ഒരു താരമാക്കി ഉയർത്തുകയും ചെയ്തു.
     സലിം ഖാനും ജാവേദ് അക്തറും അമിതാഭ് ബച്ചനും ചേർന്നുള്ള കൂട്ടുകെട്ടിൽ തുടർന്നു വന്ന ദീവാറും ഷോലെയും വൻ വാണിജ്യ വിജയങ്ങളായി. മൻമോഹൻ ദേശായി, പ്രകാശ് മെഹ്ര,യാഷ് ചോപ്രഎന്നീ സംവിധായകരുടെ ചിത്രങ്ങളിലും തിളങ്ങിയതോടെ ബച്ചൻ ഹിന്ദി ചലച്ചിത്രമേഖലയിലെ മുൻനിര താരങ്ങളിലൊരാളായി മാറി. സഞ്ജീർ, ദീവാർ, ത്രിശൂൾ, കാലാ പഥർ, ശക്തി തുടങ്ങിയ സിനിമകളിൽ വ്യവസ്ഥയോട് പോരാടാൻ ആയുധത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന നായകനെ ബച്ചൻ അവതരിപ്പിച്ചത് സാധാരണ ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി.
     
       1973 ൽ നടിയായ ജയ ഭാദുരിയെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം ഹൃഷികേശ് മുഖർജിസംവിധാനം ചെയ്ത നമക് ഹറാമിലെ വിക്രം എന്ന കഥാപാത്രത്തിലൂടെ ബച്ചൻ രണ്ടാമത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. തുടർച്ചയായ വിജയങ്ങളിലൂടെ മുന്നേറിയ ബച്ചനെ സൂപ്പർതാര പദവിയിലേയ്ക്ക് ഉയർത്തിയ വർഷമായിരുന്നു 1975. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ബച്ചൻ അഭിനയിച്ച വർഷം കൂടിയാണിത്. യാഷ് ചോപ്രസംവിധാനം ചെയ്തദീവാർആണ് ആദ്യ ചിത്രം.  ബോക്‌സോഫീസിൽ വൻ വിജയമായി മാറിയ ദിവാറിനെ ബോളിവുഡ് സിനിമകളിൽ അവശ്യം കണ്ടിരിക്കേണ്ട മികച്ച 25 ചിത്രങ്ങളിലൊന്നായി ഇന്ത്യ ടൈംസ് മൂവീസ് വിലയിരുത്തി. 1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയഷോലെ, അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. സഞ്ജീറിലൂടെ താരമായി ഉയർന്നുവന്ന അമിതാഭിനെ ഷോലെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. ബിബിസി ഇന്ത്യ ഷോലെയെ സഹസ്രാബ്ദത്തിന്റെ ചിത്രം ആയി പ്രഖ്യാപിച്ചു. 1970 കളിലും 1980 കളിലും വ്യവസായമേഖലയിൽ അമിതാഭ് ആധിപത്യം ഉറപ്പിച്ചതിനും ദീവാർ,ഷോലെഎന്നീ ചിത്രങ്ങളുടെ സംഭാവന വലുതായിരുന്നു.
     1976 ൽകഭി കഭിഎന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് ബച്ചനെ 'കോപാകുലനായ ചെറുപ്പക്കാരൻ' എന്ന ഇമേജിൽനിന്ന് മാറ്റി റൊമാന്റിക് നായകനായി അവതരിപ്പിച്ചത്. 1977 ൽഅമർ അക്ബർ ആന്റണിയിലെഅഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. അതിൽവിനോദ് ഖന്നയ്ക്കുംറിഷി കപൂറിനുമൊപ്പംമൂന്നാമത്തെ നായകനായി ആന്റണി ഗോൺസാൽവസ് ആയിട്ടാണ് അഭിനയിച്ചത്. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഡോൺ പിന്നീട് പല ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയായി മാറി. മുക്കദർ കാ സിക്കന്ദർ, ത്രിശൂൾ, ഡോൺ, കാസ്‌മെ വാഡെ, ഗംഗാ കി സൗഗന്ധ്, ബെഷറാം എന്നീ വമ്പൻ വിജയങ്ങൾ നേടിയ 1978 അമിതാഭിന്റെ കരിയറിൽ ബോക്‌സോഫീസിലെ ഏറ്റവും വിജയകരമായ വർഷമായി കണക്കാക്കപ്പെടുന്നു.
     1979 ൽ സുഹാഗും 80 ൽദസ്താനയും അതത് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളായതോടെ തുടർച്ചയായ വർഷങ്ങളിൽ ബോളിവുഡ് ഇൻഡസ്ട്രിക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വിജയ നായകനായി അമിതാഭ് മാറുകയായിരുന്നു. 1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും അമിതാഭിന്റ ആധിപത്യത്തിൻ കീഴിലായിരുന്നതിനാൽ ഫ്രഞ്ച് സംവിധായകൻഫ്രാങ്കോയിസ് ട്രൂഫൗട്ട്അദ്ദേഹത്തെ 'വൺ മാൻ ഇൻഡസ്ട്രി' എന്ന് വിളിച്ചു. സിൽസില, ഷാൻ,റാം ബൽറാം,നസീബ്,ലാവാറിസ്,കാലിയ,യാരാന, ബർസാത് കി ഏക് രാത്ത്, ശക്തി, ദേശ് പ്രേമി, നമക് ഹലാൽ, കൂലി എന്നീ ചിത്രങ്ങളെല്ലാം ഈ കാലഘട്ടത്തിൽ വാണിജ്യവിജയം നേടി.
1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും അലഹാബാദിൽനിന്ന്‌ലോക്‌സഭയിലേയ്ക്കുതെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അലഹബാദ് സീറ്റിൽനിന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന എച്ച്.എൻ.ബഹുഗുണയെ പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയ മാർജിനുകളിലൊന്ന് നേടി പരാജയപ്പെടുത്തി. എന്നിരുന്നാലും ബച്ചന്റെ രാഷ്ട്രീയ ജീവിതം ഹ്രസ്വകാലമായിരുന്നു.
     രാഷ്ട്രീയ പ്രവേശനത്തിനു ശേഷം തിരികെ എത്തിയ ഷഹെൻഷാ വിജയമായെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത് തിരിച്ചടിയായി. ഹിറ്റുകൾ ഇല്ലായിരുന്നെങ്കിലും 1990 ൽ അഗ്‌നിപഥിലൂടെ മികച്ച നടനുള്ള തന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി. തുടർ ബച്ചൻ സിനിമയിൽ സജീവമായില്ല. ഇടയ്ക്ക് സിനിമാ രംഗത്തു നിന്ന് മാറിനിൽക്കുകയാണെന്നും പ്രഖ്യാപിച്ചു. 1996 ൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ബച്ചൻ ഒരു നിർമ്മാതാവായി മാറി. അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളിലേക്കുള്ള ബച്ചന്റെ തിരിച്ചുവരവിന് കിട്ടിയ അംഗീകാരമായിരുന്നു 2000 ൽ ആദിത്യ ചോപ്രയുടെമൊഹബ്ബത്തേനിലൂടെ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ്.
    
          സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് ആയിരുന്നു തിരിച്ചുവരവിൽ ബച്ചന്റെ മികച്ച വേഷങ്ങളിലൊന്ന്. മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള നാലാമത്തെ ഫിലിം ഫെയർ പുരസ്‌കാരവും രണ്ടാമത്തെഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡും അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. തുടർന്ന് മകൻ അഭിഷേക് ബച്ചനോടൊപ്പം അഭിനയിച്ച ബണ്ടി ഔർ ബബ്ലി, സർക്കാർ, കഭി അൽവിദ നാ കെഹ്ന എന്നീ ചിത്രങ്ങളെല്ലാം ബോക്‌സോഫീസിൽ തകർപ്പൻ വിജയങ്ങളായിരുന്നു. ബ്രിട്ടീഷ് ടെലിവിഷൻ ഗെയിം ഷോയായ ഹു വാണ്ട്‌സ് ടു ബി എ മില്യണയർ ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ അവതാരകനായതും ഇതേ കാലത്തായിരുന്നു.
പ്രൊജീരിയ ബാധിച്ച 13 വയസുകാരനായി അഭിനയിച്ച പാ എന്ന ചിത്രത്തിലെ ബച്ചന്റെ പ്രകടനം വലിയ പ്രശംസ നേടി. മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാർഡും ഈ ചിത്രത്തിലൂടെ നേടി. 2010ൽമേജർ രവിസംവിധാനം ചെയ്‌ത്മോഹൻലാൽനായകനായകാണ്ഡഹാർഎന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. അടുത്തിടെ ഏറെ നിരൂപക ശ്രദ്ധ നേടിയ പിക്കുവിലും പിങ്കിലും ശ്രദ്ധേയ വേഷങ്ങളായിരുന്നു ബച്ചന്.
      2001 ൽ ഈജിപ്തിൽ നടന്ന അലക്‌സാൻഡ്രിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആക്ടർ ഓഫ് ദി സെഞ്ച്വറി പുരസ്‌കാരം, 2007 ൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ, 2010 ലെ ഏഷ്യൻ ഫിലിം അവാർഡിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിവ ബച്ചന്റെ അന്താരാഷ്ട്ര അംഗീകാരങ്ങളിൽ ചിലതു മാത്രമാണ്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ ബച്ചൻ ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. അമിതാഭ് ബച്ചൻ: ദ ലെജന്റ്, ടു ബി ഓർ നോട്ടു ടു ബി: അമിതാഭ് ബച്ചൻ, എ.ബി  ദ ലെജന്റ്, അമിതാഭ്: ദ മേക്കിംഗ് ഓഫ് എ സൂപ്പർസ്റ്റാർ, ലുക്കിംഗ് ഫോർ ദ ബിഗ് ബി: ബോളിവുഡ് തുടങ്ങി ബച്ചനെക്കുറിച്ച് നിരവധി പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.


ആകാശവാണി, വാർത്താവീക്ഷണം
2019 സെപ്റ്റംബർ 28

പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്ന മൂത്തോൻ



Moothon never entertaints you, but it will be haunt.
 
കാണികളെ രസിപ്പിക്കുക എന്ന വാണിജ്യ സിനിമയുടെ പ്രാഥമിക തന്ത്രത്തിൽ നിന്ന് പൂർണമായി വിടുതി പ്രഖ്യാപിക്കുന്ന സിനിമയാണ് ഗീതു മോഹൻദാസിന്റെ മൂത്തോൻ. ജീവിതത്തിന്റെ നിറമില്ലായ്മയിലേക്കും യഥാതഥമായ അവസ്ഥകളിലേക്കും യാഥാർഥ്യങ്ങളിലേക്കുമാണ് അതിന്റെ സഞ്ചാരം.
     നായികയായും അല്ലാതെയും താൻ അഭിനയിച്ച മുപ്പതിലേറെ സിനിമകളെക്കാൾ ഗീതു മോഹൻദാസ് എന്ന വ്യക്തിയെ കാലം ഓർമ്മിക്കുക അവർ സംവിധാനം ചെയ്ത സിനിമകൾ കൊണ്ടായിരിക്കും. മൂത്തോൻ എന്ന മലയാളം (ജസരി)/ഹിന്ദി ചിത്രം അതിന് അടിവരയിടുകയാണ്. സിനിമയെന്ന മീഡിയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഗീതുവിന്റെ മത്തോൻ നിവിൻ പോളിയെന്ന ക്രൗഡ് പുള്ളറിനെ ഉപയോഗപ്പെടുത്തി കാണികളെ രസിപ്പിക്കുന്ന ചേരുവകളിൽ രൂപപ്പെടുത്തിയ സിനിമയല്ല. മറിച്ച് കച്ചവട സിനിമ കാണിച്ചുതരാത്ത ജീവിതത്തിന്റെ നിറമില്ലാത്ത സ്ഥലികളിലേക്കാണ് മൂത്തോന്റെ യാത്ര. പക്ഷേ, അത് കാണികളെ വിടാതെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യും. പരിചയസമ്പന്നയായ ഒരു സംവിധായികയുടെ കൈയടക്കവും നിരീക്ഷണ പാടവവും രണ്ടാമത്തെ ഫീച്ചർ ഫിലിമിൽ തന്നെ ഗീതുവിൽ കാണാം. കാണികളോട് സംവദിക്കുന്നതിൽ ആദ്യ ഫീച്ചർ ഫിലിമായ ലയേഴ്‌സ് ഡയസിനെക്കാളും മുൻപിലെത്തുന്നുമുണ്ട്.
       ലക്ഷദ്വീപും മുംബൈയും പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും കേവലം ആ സ്ഥലങ്ങളെ അടയാളപ്പെടുത്തുകയും കടലിന്റെ ദൃശ്യചാരുത പകർത്തുകയും ചെയ്യുന്നതിനപ്പുറം അവിടത്തെ മനുഷ്യരിലേക്കും സാമൂഹിക ജീവിതത്തിലേക്കും കടന്നുചെല്ലുന്നതാണ് മൂത്തോന്റെ തിരക്കഥ. ലക്ഷദ്വീപ് മുസ്ലീങ്ങളുടെ ജീവിതം മലയാളത്തിന് പുതുമയുള്ള വിഷയമാണ്. നേരത്തെ മോസയിലെ കുതിരമീനുകൾ, അനാർക്കലി, പ്രണയ മീനുകളുടെ കടൽ എന്നീ സിനിമകളിലെല്ലാം ലക്ഷദ്വീപ് മുസ്ലീങ്ങൾ കഥാപാത്രങ്ങളായിട്ടുണ്ടെങ്കിലും അവരുടെ സാമൂഹിക ജീവിതത്തിലേക്കും ആചാരാനുഷ്ടാനങ്ങളിലേക്കും കടന്നു ചെന്നിട്ടില്ല. മൂത്തോനിലെ മുസ്ലീം ജീവിത പശ്ചാത്തലം മേൽ പരാമർശിച്ച സിനിമകളേക്കാൾ ആഴവും പരപ്പും സത്യസന്ധതയുമുള്ളതാണ്. അവരുടെ മതാനുഷ്ടാനങ്ങളിലേക്കും കലകളിലേക്കും മത്തോന്റെ ക്യാമറയെത്തുന്നു. സിനിമയിലെ പ്രധാന കഥാപാത്രമുൾപ്പെടുന്ന സ്വവർഗാനുരാഗമടക്കം ഇതിനെത്തുടർന്ന് ഏറെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മലയാള സിനിമയിൽ ആൺ മനസ്സുകളുടെ സ്വവർഗ പ്രണയം ഇത്രമേൽ ഉള്ളിൽ തൊടുന്ന തരത്തിലും സുന്ദരമായും അവതരിപ്പിച്ചിരിക്കുന്നതും ഇതാദ്യമാണ്. ഒരുപക്ഷേ മലയാള സിനിമ തൊടാൻ മടിക്കുന്ന വിഷയത്തിന്റെ പ്രതിപാദനാർജ്ജവത്തിനു കൂടിയാണ് മൂത്തോൻ അതീവ ധൈര്യത്തോടെ തയ്യാറാകുന്നത്. ഗീതു മോഹൻദാസെന്ന സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരി തന്റെ സിനിമയിലൂടെ തുറന്നു പ്രഖ്യാപിക്കുന്ന നിലപാടുകളും രാഷ്ട്രീയവും ഏറെ പ്രസക്തമാണ്.
      
    ലക്ഷദ്വീപിൽ നിന്ന് അക്ബറിലൂടെയും മുല്ലയിലൂടെയും മുംബൈ നഗരപ്രാന്തത്തിലേക്ക് വളരമ്പോൾ ദൃശ്യമാകുക അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ നാനാർഥങ്ങളാണ്. മനുഷ്യക്കടത്തും മയക്കുമരുന്നും വിൽപ്പനയ്ക്കു വച്ച പെൺശരീരങ്ങളും തെരുവു ജീവിതത്തിന്റെ യാഥാർഥ്യങ്ങളാകുന്നു. ജീവിതം ചെളിയിൽ വീണും അഴുക്കു പുരണ്ടും വീണ്ടുമെണീറ്റ് ഉയർന്നു നിന്നും മന്നോട്ടു പോകുന്നു. തെരുവിൽ എത്തിച്ചേരുന്ന ഓരോരുത്തരും ഈ സമസ്യയോടെ തോളു ചേർന്നു പോകുകയും പൊരുത്തപ്പെടുകയും ചെയ്യുന്നു.
      ഗീതു മോഹൻദാസും അനുരാഗ് കശ്യപും ചേർന്ന് എഴുതിയ തിരക്കഥയിൽ വിവിധ പ്രശ്‌നങ്ങൾ ചേർന്ന് സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കും അവയുടെ തുടർച്ചയ്ക്കും സ്വാഭാവികത കൈവരുത്താനാകുന്നുണ്ട്. കഥാപാത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതും അവരുടെ മാനസിക സംഘർഷങ്ങളിലേക്ക് കടന്നു ചെന്ന് അത് അടയാളപ്പെടുത്തിയിരിക്കുന്നതും കഥാസന്ദർഭങ്ങളിൽ പുലർത്തുന്ന ഒതുക്കവും കഥ പറയാൻ തെരഞ്ഞെടുത്ത ഭൂമികകളും അഭിനന്ദനമർഹിക്കുന്നു.
   
      ശ്യാമപ്രസാദിന്റെ ഹേയ് ജൂഡിനു ശേഷം നിവിൻ പോളിയിലെ അഭിനേതാവിനെ ചൂഷണം ചെയ്ത സിനിമ കൂടിയാണ് മൂത്തോൻ. മികച്ച സംവിധായകരുടെ കൈയിൽ കിട്ടിയാൽ പാകപ്പെടാൻ ശേഷിയുള്ള നിവിനിലെ നടനെ ഗീതു നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. കുത്ത് റാത്തിബ് നടത്തുന്ന സീനിലെ വഴക്കവും പ്രകടനവും ഒന്നു മാത്രം മതി അത് വെളിവാകാൻ. സിനിമയിലുടനീളം മിതത്വവും സ്വാഭാവികതയും കാത്തുസൂക്ഷിക്കുന്ന അഭിനയം നിവിന്റെ കരിയർ ബെസ്റ്റായി വിലയിരുത്തപ്പെട്ടേക്കാം.
       മൂത്തോനു പിന്നിൽ ഗീതുവിനൊപ്പം പ്രവർത്തിച്ച അനുരാഗ് കശ്യപ്, രാജീവ് രവി, ബി.അജിത്കുമാർ, സ്‌നേഹ ഖാൻവാൽകർ, ഗോവിന്ദ് വസന്ത തുടങ്ങിയ വലിയ പേരുകളെല്ലാം സീരിയസ് പ്ലോട്ടുള്ള ഒരു സിനിമയുടെ ടോട്ടാലിക്ക് ഗുണം ചെയ്യുന്നു. പ്രത്യേകിച്ച് ഒരു പ്രധാന കഥാപാത്രത്തോളം മൂത്തോനിൽ പ്രാധാധ്യമർഹിക്കുന്ന പശ്ചാത്തല സംഗീത വിഭാഗവും ജീവിതത്തിന്റെ നിറഭേദങ്ങളും നിറമില്ലായ്മയും സൂക്ഷ്മാത്ഥത്തിൽ പകർത്തിയ രാജീവ് രവിയുടെ ക്യാമറയും.

സ്ത്രീശബ്ദം, 2019 ഡിസംബർ