Friday, 19 June 2020

കണ്ടമ്പററി ഹിറ്റ്മേക്കർ

ഒന്നര ദശാബ്ദത്തിനിടെ മലയാള സിനിമയിൽ ഏറ്റവുമധികം ഹിറ്റുകൾ തീർത്ത തിരക്കഥാകൃത്താണ് സച്ചി. സേതുവുമായി ചേർന്നെഴുതിയതും തനിച്ചെഴുതിയതും സംവിധാനം ചെയ്തതു മായ സിനിമകളെല്ലാം ഹിറ്റുകൾ. അതുകൊണ്ടുതന്നെ സച്ചിയെ കണ്ടമ്പററി ഹിറ്റ്മേക്കർ എന്നു വിളിക്കുന്നതിൽ തെറ്റില്ല.

     സമകാലിക മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള  തിരക്കഥാകൃത്തായിരുന്നു സച്ചി. സംവിധാന രംഗത്തേക്ക് കടന്നപ്പോൾ സച്ചിയുടെ മികവ് പിന്നെയും ഏറുകയായിരുന്നു. സംവിധായകൻ്റെ ക്രാഫ്റ്റ് ഉള്ളിലുള്ള സച്ചിയുടെ തിരക്കഥകൾ മറ്റു സംവിധായകർക്ക്  മിനിമം ഗാരൻ്റി ഉറപ്പുനൽകി.

       2007 ൽ ഷാഫിയുടെ ചോക്ലേറ്റിന് സച്ചിയുമൊത്ത് തിരക്കഥ നിർവ്വഹിച്ചുകൊണ്ടാണ് അഭിഭാഷകനായിരുന്ന സച്ചി സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ക്ലാസ്മേറ്റ്സിൻ്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് തിയറ്ററുകളിലെത്തിയ കാമ്പസ് ചിത്രമായ ചോക്ലേറ്റും വൻ വിജയം നേടി. പൃഥ്വിരാജിനെക്കൊണ്ട് ഹ്യൂമർ ചെയ്യിച്ച് വിജയിക്കാനും സച്ചി -സേതു - ഷാഫി കൂട്ടുകെട്ടിനായി. പൃഥ്വിരാജിൻ്റ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായും ചോക്ലേറ്റ് മാറി.

    

ചോക്ലേറ്റിൻ്റെ വൻവിജയത്തിനു പിന്നാലെയാണ് മുതിർന്ന സംവിധായകൻ ജോഷിക്കൊപ്പം സച്ചിയും സേതുവും ചേരുന്നത്. എ.ടി.എം മെഷിനിൽ നിന്നും പണം തട്ടുന്ന കള്ളൻ്റെ കഥ പറഞ്ഞ റോബിൻഹുഡ് പ്രമേയത്തിലെ പുതുമ കൊണ്ടും അവതരണത്തിലെ വേഗം കൊണ്ടും തിയറ്ററുകളിൽ തരംഗമായി. പൃഥ്വിരാജിന് മറ്റൊരു വിജയം കൂടി. ഇതോടെ സച്ചി -സേതു കൂട്ടുകെട്ടിൻ്റെ വിജയം യാദൃശ്ചികമല്ലെന്ന് ഉറപ്പായി.

     വലിയ ഹിറ്റുകളില്ലാതെ നിന്ന ജയറാമിന് മേക്കപ്പ് മാനിലൂടെ ആശ്വാസ വിജയം നേടിക്കൊടുക്കാനും സച്ചിക്കും സേതുവിനുമായി. ചോക്ലേറ്റിനു ശേഷം ഷാഫി വീണ്ടും വിജയ തിരക്കഥാകൃത്തുക്കളിൽ വിശ്വാസമർപ്പിച്ചപ്പോൾ മേക്കപ്പ് മാൻ തിയറ്റർ വിജയമായി. വൈശാഖിനൊപ്പം ചേർന്ന സീനിയേഴ്സ് സച്ചി -സേതു കൂട്ടുകെട്ടിൽ തുവരെ ഉണ്ടായതിൽ വലിയ വിജയമായി. ഹ്യൂറും ഡ്രാമയും ചേർന്ന സീനിയേഴ്സിൻ്റെ പുതുമയുള്ള സ്ക്രിപ്റ്റിംഗും അഭിനന്ദനം നേടി. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ.ജയൻ എന്നിവരുടെ കോമ്പോയും ഏറെ ശ്രദ്ധ നേടി. തുടർച്ചയായ നാലു വിജയങ്ങളോടെ സച്ചി -സേതു കൂട്ടുകെട്ട് ഇൻഡസ്ട്രിയുടെ ഹിറ്റ് സമവാക്യമായി. ഇവരുടെ തിരക്കഥയ്ക്കായി സംവിധായകരും കാത്തിരിക്കാൻ തുടങ്ങി.

     തുടർന്ന് കരിയറിലെ വലിയ പ്രൊജക്ട്. മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡബിൾസ്. പക്ഷേ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമയിൽ നിന്ന് ഹിറ്റ് തിരക്കഥാകൃത്തുക്കൾക്ക് ആദ്യ പരാജയം രുചിക്കേണ്ടിവന്നു. നദിയാ മൊയ്തുവിൻ്റെ തിരിച്ചുവരവും മമ്മൂട്ടി- നദിയാ മൊയ്തു വിൻ്റേജ് ജോഡിയെ സ്ക്രീനിൽ കാണുന്നതിലെ കൗതുകവും വിജയത്തിലെത്തിയില്ല. ഇതോടെ ഇരട്ട തിരക്കഥാകൃത്തുക്കൾ സോളോ റൈറ്റേഴ്സ് ആകാൻ തീരുമാനിച്ചു.

   

റൺ ബേബി റൺ എന്ന 2012 ലെ വലിയ ക്രൗഡ് പുള്ളർ ഒരുക്കിക്കൊണ്ടായിരുന്നു സച്ചിയുടെ ഒറ്റയ്ക്കുള്ള രംഗപ്രവേശം. ജോഷിയുടെ പുതുമയുള്ള ട്രീറ്റ്മെൻറും സച്ചിയുടെ പഴുതടച്ച സ്ക്രിപ്റ്റിംഗും ചേർന്നപ്പോൾ മോഹൻലാൽ ചിത്രം തിയറ്ററിൽ തരംഗമായി. ഹാസ്യവും ത്രില്ലറും ഡ്രാമയും കൈകാര്യം ചെയ്ത മുൻ സ്ക്രിപ്റ്റുകളിൽ നിന്നു വ്യത്യസ്തമായി മീഡിയ പൊളിറ്റിക്സിൽ കൈവച്ച സച്ചിയിൽ ഈ ജോണറും ഭദ്രമെന്ന് റൺ ബേബി റൺ തെളിയിച്ചു.

      വീണ്ടും ഹ്യൂമറിലേക്ക് പോയ സച്ചിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ചേട്ടായീസും ഹിറ്റായി. മുൻ തിരക്കഥകളുടെ കെട്ടുറപ്പില്ലായിരുന്നെങ്കിൽ പോലും എഴുത്തിലെ സച്ചിയുടെ പരിചയവും ആത്മവിശ്വാസവും ചേട്ടായീസിനെ വിജയത്തിലെത്തിച്ചു.

      നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നതിനു ശേഷം ദിലീപിന് ഇൻഡസ്ട്രിയിലേക്കുള്ള തിരിച്ചുവരവ് ഒരുക്കിയതും സച്ചിയായിരുന്നു. രാമലീലയെന്ന ഈ അരുൺ ഗോപി ചിത്രത്തിൻ്റെ വൻവിജയത്തിനു പിന്നിൽ സച്ചിയിലെ പ്രേക്ഷകൻ്റെ പൾസറിയുന്ന തിരക്കഥാകൃത്തായിരുന്നു. കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട തിരക്കഥയൊരുക്കുന്നതിൽ സച്ചിയുടെ മിടുക്ക് ഒരിക്കൽകൂടി വിജയിച്ചതോടെ ദിലീപിന് തിരിച്ചു വരവായി. രാമലീല തിയറ്ററിൽ കോടികൾ കൊയ്തു. ബിജുമേനോനെ നായകനാക്കിയ ഷെർലക്ക് ഹോംസും പൃഥിരാജ് -സുരാജ് നായക - പ്രതിനായക കോമ്പോയിൽ ആവേശം കൊള്ളിച്ച ഡ്രൈവിംഗ് ലൈസൻസും തിയറ്ററിൽ വിജയം നേടി.

   

ഇതിനിടെ സംവിധാന വേഷത്തിലേക്കുംടന്ന സച്ചിയുടെ അനാർക്കലി സുന്ദരമായ പ്രണയകാവ്യമായി പ്രേക്ഷകർ ഹൃദയത്തോടു ചേർത്തു. സംവിധായകൻ്റെയും താരങ്ങളുടെയും മനസ്സും കഴിവുമറിഞ്ഞ് തിരക്കഥയൊരുക്കുന്നതിൽ മിടുക്കനായിരുന്ന സച്ചി സംവിധായകനായപ്പോൾ അതുവരെ പരീക്ഷിക്കാതിരുന്ന പ്രമേയമാണ് സ്വീകരിച്ചത്. ലക്ഷദ്വീപിൻ്റെ പശ്ചാത്തലത്തിൽ സുന്ദരമായൊരു പ്രണയകഥ. സച്ചിയുടെ തിരക്കഥയിൽ വീണ്ടും പൃഥ്വിരാജ് നായകൻ. സച്ചിയുടെ സിനിമകളിലെ ഹ്യൂമറും ഡ്രാമയും ത്രില്ലിംഗ് എക്സ്പീരിയൻസും തിരിച്ചറിഞ്ഞിരുന്ന കാണികൾക്ക് അനാർക്കലി സുഖമുള്ളൊരു നോവായി അനുഭവപ്പെട്ടു. സച്ചിയിൽ തികഞ്ഞ ഒരു ക്രാഫ്റ്റ്മാൻ ഉണ്ടെന്നും പ്രേക്ഷകർ തിരിച്ചറിഞ്ഞു. സച്ചിയുടെ ക്രാഫ്റ്റ് പൂർണമായി തിരിച്ചറിയുന്ന സിനിമ പിന്നീടാണ് വന്നത്. അയ്യപ്പനും കോശിയും. ഡ്രൈവിംഗ് ലൈസൻസിൻ്റെ തുടർച്ച പോലെ രണ്ടു മനുഷ്യരുടെ ഈഗോയുടെയും അവർക്കിടയിലെ സംഘർഷവും വിഷയമാക്കിയ സിനിമ 2020 ലെ ആദ്യ സൂപ്പർ ഹിറ്റായി. നായക - പ്രതിനായക സംഘർഷത്തിനപ്പുറത്ത് തികഞ്ഞ സാമൂഹികമാനം കൂടി സൂക്ഷിച്ച അയ്യപ്പനും കോശിയും എല്ലാം തികഞ്ഞ എൻ്റർടെയ്നറർ എന്ന നിലയ്ക്കാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.

      

തിരക്കഥയിൽ മാന്ത്രികത കാണിച്ച സച്ചി സമകാലിക മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള ഫിലിം മേക്കർ എന്ന നിലയിലേക്കു കൂടി ഉയരുന്നതിനിടെയായാരുന്നു അപ്രതീക്ഷിതമായ അന്ത്യം. വെറും 13 വർഷം മാത്രം സിനിമയിലുണ്ടായിരുന്ന മനുഷ്യൻ ആ കാലം കൊണ്ട് സൃഷ്ടിച്ചത് അധികമാർക്കും കഴിയാതിരുന്ന അത്ഭുത വിജയങ്ങളാണ്. അതു തന്നെയാണ് സച്ചിയെന്ന ചലച്ചിത്രകാരൻ്റെ വലുപ്പവും മൂല്യവും ഏറ്റുന്നതും.

ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 19

മഹാമാരി പ്രവചിച്ച ഫ്ലൂവും കണ്ടേജിയനും

* കോവിഡ് പശ്ചാത്തലത്തിൽ ഫ്ലൂ, കണ്ടേ ജിയൻ എന്നീ സിനിമകളിലൂടെയുള്ള അന്വേഷണം


ണ്ടേജിയ എന്ന ഹോളിവുഡ് സിനിമ ഒരു പതിറ്റാണ്ട് മുമ്പുണ്ടായ പ്രവചനമാണ്. ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ കെടുതികളും ആശങ്കകളും അതേപടി പങ്കുവയ്ക്കുന്ന ഈ സിനിമ തെല്ല് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. കണ്ടേജിയനു പിന്നിലെ ക്രാന്തദർശിയായ എഴുത്തുകാരനും സംവിധായകനും അത്രമേൽ സുവ്യക്തമായാണ് വൈറസ് വ്യാപനവും രോഗത്തിൻ്റെ കെടുതികളും പ്രവചിച്ചിരിക്കുന്നത്. 

      2011 ലാണ് സ്റ്റീവൻ സോഡൻബർഗിൻ്റെ ഈ ചിത്രം പുറത്തിറങ്ങുന്നത്. പത്തു വർഷത്തിനിപ്പുറം കണ്ടേജിയൻ കാണുന്നൊരാൾക്ക് ഒരു വേള കോവിഡ് വ്യാപനത്തിൻ്റെ നേർക്കാഴ്ച തന്നെയല്ലേ ഇതെന്നു തോന്നിയേക്കാം. നിലവിൽ വൈറസ് വ്യാപനം തടയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിൽ ലോകരാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുൻകരുതൽ നടപടികളെല്ലാം സ്കോട്ട് ബേൺസ് എന്ന തിരക്കഥാകാരൻ കണ്ടേജിയനിൽ എഴുതിയിരിക്കുന്നുവെന്നത് അതിശയകരമായി മാത്രമേ കാണാനാകൂ. 

       രോഗവ്യാപനത്തിൻ്റെ ഭീതിദമോ ഭീകരമോ ആയ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ടോ അമാനുഷിക ചെയ്തികൾ കൊണ്ടോ അല്ല ഈ സർവൈവൽ ത്രില്ലർ ശ്രദ്ധേയമാകുന്നത്. ദിനംപ്രതി നിരവധി രാജ്യങ്ങളിലേക്ക് പടരുകയും ജീവനെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈറസിൻ്റെ മൂലകേന്ദ്രമെന്തെന്നും എവിടെയെന്നും എങ്ങനെ രോഗവ്യാപനം തടയാമെന്നുമുള്ള ആവലാതിയുടെയും ഭയത്തിൻ്റെയും ഗൗരവമാർന്ന അന്വേഷണമാണ് കണ്ടേജിയൻ.

    

  കോവിഡിൻ്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ നഗരമായിരുന്നുവെങ്കിൽ കണ്ടേജിയനിൽ വൈറസിൻ്റെ ഉത്ഭവം ചൈനീസ് അധിനിവേശ പ്രദേശമായ ഹോങ്കോങ് ആണ്. തുടർന്ന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വൈറസ് പ്രസരണം സംഭവിക്കുന്നു. വൈറസ് ബാധയേൽക്കുന്നവരുടെയും മരണത്തിന് കീഴടങ്ങുന്നവരുടെയും എണ്ണം ദിവസവും കൂടുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്ന വൈദ്യശാസ്ത്ര ഗവേഷക സംഘം വൈറസ് വ്യാപനം തടയാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ്. ഗവേഷണ ഫലമായി വൈറസിനെ ചെറുക്കാനുള്ള മെഡിസിൻ കണ്ടെത്തുകയും പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെങ്കിലും തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിച്ചില്ലെങ്കിൽ ഇത്തരമൊരു മഹാമാരിയെ അതിജീവിക്കുക പ്രയാസകരമാണെന്നൊരു ഓർമപ്പെടുത്തൽ കൂടി കണ്ടേജിയൻ നൽകുന്നുണ്ട്. ഈ ഓർമപ്പെടുത്തൽ തന്നെയാണ് കോവിഡ് കാലത്ത് കണ്ടേജിയൻ എന്ന ഹോളിവുഡ് സിനിമ നൽകുന്ന വലിയ സന്ദേശവും.

      റിലീസ് വേളയിൽ ലോകമറിയുന്ന തരത്തിൽ വൻ വിജയമായില്ലെങ്കിലും നിരൂപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രലോകത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കണ്ടേ ജിയൻ. സിനിമയ്ക്കു വേണ്ടിയുള്ള മെഡിക്കൽ ഡാറ്റാ കളക്ഷനും ആരോഗ്യ വിശകലനങ്ങളും ഗൗരവമാർന്ന ഗവേഷണങ്ങളും ആരോഗ്യവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിനന്ദനം നേടി. യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന, സ്ഥിരം ഹോളിവുഡ് സർവൈവൽ ത്രില്ലർ ക്ലിഷേകൾ ഒഴിഞ്ഞുപോയ ഗൗരവതരമായ ട്രീറ്റ്മെൻറ് എന്നാണ് ആരോഗ്യവിദഗ്ധർ കണ്ടേജിയനെ വിശേഷിപ്പിച്ചത്.

      കോവിഡ് മഹാമാരി ഉടലെടുത്ത ശേഷം ലോകം എറ്റവുമധികം തിരയുകയും കാണുകയും ചെയ്ത സിനിമയായി കണ്ടേജിയൻ മാറിയെന്ന് എച്ച്.ബി.ഒ, വാർണർ ബ്രോസ്, ഐ ടൂൺസ് തുടങ്ങിയവയുടെ റേറ്റിംഗും കാറ്റലോഗും വെളിപ്പെടുത്തുന്നു.

    

   കിം സംഗ് സുവിന്റെ കൊറിയൻ ചിത്രമായ 'ദി ഫ്ലൂ' വൈറസ് വ്യാപനവും മനുഷ്യൻ്റെ അതിജീവനവുമാണ് പ്രമേയമാക്കുന്നതെങ്കിലും കണ്ടേജിയനിൽ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെൻ്റാണ്. വൈറസ് വ്യാപനത്തിനിടെയുള്ള വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി കുറേക്കൂടി വൈകാരികപരമായാണ് കിം സംഗ് സു സിനിമയെ സമീപിച്ചിട്ടുള്ളത്. ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനവും കാണികളെ ആകർഷിക്കും. വലിയ തോതിൽ ലോകം കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് 2013 ൽ തിയേറ്ററിലെത്തിയ ഫ്ലൂ. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സിനിമയെപ്പറ്റി പറഞ്ഞുകേട്ട് കാണാത്തവർ വീണ്ടും ഫ്ലൂ തേടിപ്പിടിച്ച് കണ്ടുതുടങ്ങി. ഇതോടെ സിനിമയുടെ ജനപ്രീതി വീണ്ടും കൂടിയിരിക്കുകയാണ്.

      അനധികൃതമായി ഷിപ്പിംഗ് കണ്ടെയ്നറിലാക്കി ദക്ഷിണ കൊറിയയിലേക്ക് കടത്തപ്പെട്ട ആളുകൾ സിയോളിൽ എത്തുന്നതോടെയാണ് വൈറസ് വ്യാപനം ആരംഭിക്കുന്നത്. രണ്ടു പേരിൽ നിന്ന് പകർന്ന് ഒരു നഗരമാകെ ചുമച്ചും ഛർദ്ദിച്ചും വീഴുന്നു. വൈറസിന് പ്രതിവിധിയില്ലെന്നും ബാധിക്കുന്നവർ 36 മണിക്കൂറിനുള്ളിൽ മരണപ്പെടുമെന്നും മെഡിക്കൽ റിപ്പോർട്ട് വരുന്നതോടെ അതിജീവനത്തിനായുള്ള സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമങ്ങളാണ് പിന്നീട്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്നതിനു സമാനമായി നഗരം ക്വാറന്റൈന് വിധേയമാക്കുന്നു. രോഗബാധിതരെ പട്ടാളക്കാർ കൊന്നുതീർക്കുകയാണെന്ന് പരാതി ഉയരുന്നതോടെ ക്വാറൻ്റെെൻ കേന്ദ്രങ്ങളും തെരുവും കലാപബാധിതമാകുന്നു. 

      

  കണ്ടേജിയനെക്കാൾ ചലനാത്മകമാണ് ഫ്ലൂ. എന്നാൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാറ്റിക് ഘടകങ്ങൾ മാറ്റിവച്ചാൽ കോവിഡ് വൈറസ് വ്യാപനത്തിൻ്റെതിനു സമാനമായ രോഗാതുരമായ അന്തരീക്ഷവും രാജ്യങ്ങൾ ലോക്ക് ഡൗൺ ആകുന്നതിൻ്റെ ഭീതിയും ജനങ്ങളുടെ അരക്ഷിതാവസ്ഥയും ഫ്ലൂവിലേതിനെക്കാൾ സാമ്യപ്പെടുത്താനാകുക കണ്ടേജിയനിലാണ്. 

ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 17

Monday, 15 June 2020

ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് മുപ്പത്

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഡ്രാമ ത്രില്ലര്‍


ആക്ഷന്‍ സിനിമകള്‍ക്ക് സംഗീതവും സംഗീത സിനിമകള്‍ക്ക് ആക്ഷനും വര്‍ജ്ജ്യമായിരുന്ന കാലത്താണ് 30 വര്‍ഷം മുമ്പ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ പിറവി കൊണ്ടത്. സിബിമലയില്‍ -ലോഹിതദാസ് കൂട്ടുകെട്ടില്‍ ഉരുവംകൊണ്ട ഹിസ് ഹൈനസ് അബ്ദുള്ള മുഖ്യധാരാ സിനിമയില്‍ അതുവരെ നിലനിന്ന കഥപറച്ചില്‍ രീതികളെ പാടേ മാറ്റിമറിക്കുകയായിരുന്നു. ബോംബെ അധോലോകവും കേരളത്തിലെ ഒരു രാജകുടുംബവും പശ്ചാത്തലമായ സിനിമയില്‍ മോഹന്‍ലാലിന്റെ ഇരട്ടമുഖമുള്ള നായകവേഷം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ഹിസ് ഹൈനസ് അബ്ദുള്ള മാറി. 1990 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയുമായി. വേനലവധിയും വിഷുവും ലക്ഷ്യമിട്ട് റിലീസ് ചെയ്ത സിനിമ മേജര്‍ സെന്ററുകളിലെല്ലാം 100 ദിവസം പിന്നിട്ടു. ബി, സി ക്ലാസുകളിലായി ആ വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടരാനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കായി.
      ഒരേസമയം സംഗീതത്തിനും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ക്കും ഡ്രാമയ്ക്കും പ്രാധാന്യം നല്‍കിയ ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് എല്ലാത്തരം കാണികളെയും ആകര്‍ഷിക്കാനായി. സിനിമയുടെ പേരില്‍ തൊട്ടു തുടങ്ങിയ കൗതുകം ഉടനീളം കാത്തുസൂക്ഷിക്കാനായി. കഥപറച്ചിലിലെ പുതുമയും കെട്ടുറപ്പുമായിരുന്നു അബ്ദുള്ളയിലേക്ക് കാണികളെ ആകര്‍ഷിച്ചത്. ഇരുപതാം നൂറ്റാണ്ടും രാജാവിന്റെ മകനും ആര്യനും മൂന്നാം മുറയും നാടുവാഴികളുമടക്കമുള്ള മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ കണ്ടുശീലിച്ച കാണികള്‍ക്ക് അബ്ദുള്ള തീര്‍ത്തും പുതിയ അനുഭവമായി. 1980കളുടെ അവസാനത്തോടെ ബോംബെ പശ്ചാത്തലമായ ഒട്ടേറെ ആക്ഷന്‍ - ഡ്രാമ സിനിമകള്‍ മലയാളത്തിലുണ്ടായി. ഇതില്‍ നിന്ന് അബ്ദുള്ളയെ വേറിട്ടു നിര്‍ത്തിയത് നായക കഥാപാത്രത്തിന്റെ ഇരട്ട മുഖവും സിനിമ സംഗീതത്തിന് നല്‍കിയ പ്രാധാന്യവുമായിരുന്നു.
       ക്ലാസിക്കല്‍ സംഗീതം പ്രമേയമായ സിനിമകളോട് അതുവരെ കാര്യമായ പ്രതിപത്തി കാണിക്കാതിരുന്ന സാധാരണക്കാരായ കാണികള്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ സെമി ക്ലാസിക്കല്‍ പാട്ടുകള്‍ ഹൃദയത്തോടു ചേര്‍ത്തു. സിനിമയുടെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്നതായിരുന്നു പാട്ടുകളെല്ലാം. അതുകൊണ്ടുതന്നെ അനാവശ്യമായ ഏച്ചുകെട്ടലുകളോ രസംകൊല്ലികളോ ആയില്ല ഈ പാട്ടുകള്‍. രവീന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതത്തിന് അതോടെ ജനപ്രിയതയുടെ പുതിയൊരു തലത്തിലേക്ക് ഉയരാനുമായി.
        ബോംബെ നഗരത്തില്‍ നിന്ന് വാടകക്കൊലയാളിയായ അബ്ദുള്ള കേരളത്തിലെ ഒരു രാജകുടുംബാംഗത്തെ വധിക്കാന്‍ എത്തുന്നതും കൊലയാളി രക്ഷകനായി മാറുന്നതുമായിരുന്നു സിനിമയുടെ കേന്ദ്ര പ്രമേയം. അബ്ദുള്ളയും അനന്തന്‍ നമ്പൂതിരിയുമായി മോഹന്‍ലാല്‍ സിനിമയിലുടനീളം നിറഞ്ഞുനിന്നപ്പോള്‍ തുല്യപ്രാധാന്യമുള്ള ഉദയവര്‍മ്മ എന്ന രാജകുടുംബാംഗത്തിന്റെ വേഷത്തില്‍ നെടുമുടി വേണുവും തിളക്കമാര്‍ന്ന പ്രകടനം നടത്തി. നെടുമുടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. തമിഴില്‍ മുന്‍നിര നായികയായി നിറഞ്ഞുനിന്ന ഗൗതമിയുടെ ആദ്യ മലയാള ചിത്രവുമായിരുന്നു ഇത്.
           മഹാഭാരതത്തിലെ ശകുനിയുടെ മാതൃക സ്വീകരിച്ചായിരുന്നു ചിത്രത്തില്‍ തിക്കുറിശ്ശിയുടെ മതിലകത്ത് ചെറിയച്ഛന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. മലയാളത്തിലെ ഏറെ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണിത്. വലിയ പ്ലോട്ടില്‍ ഒട്ടേറെ കഥാപാത്രങ്ങളുമായി ഒരുക്കിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. പിന്നീട് ഏറെ വെട്ടിയൊരുക്കലിന് ശേഷമാണ് 156 മിനിറ്റിലേക്ക് ഒതുക്കിയത്.  
        'ദേവസഭാതലം', 'ഗോപികാവസന്തം', 'പ്രമദവനം', 'നാദരൂപിണീ', 'തൂ ബഡി മാഷാ അബ്ദുള്ള' തുടങ്ങി സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി. കൈതപ്രം- രവീന്ദ്രന്‍ കൂട്ടുകെട്ടും ഇതോടെ പ്രശസ്തമായി. ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡ് വില്പനയിലൂടെ തരംഗിണി വന്‍ ലാഭമാണ് നേടിയത്. 'നാദരൂപിണീ' എന്ന ഗാനത്തിലൂടെ എം.ജി ശ്രീകുമാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. രവീന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
          പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു അബ്ദുള്ള. ചിത്രത്തിന്റെ വന്‍വിജയത്തോടെ സിബിമലയില്‍ - ലോഹിതദാസ് -മോഹന്‍ലാല്‍ - പ്രണവം ആര്‍ട്സ് കൂട്ടുകെട്ടില്‍ നിന്ന് തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു മ്യൂസിക്കല്‍ ഡ്രാമ കൂടി പുറത്തുവന്നു, ഭരതം. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് 1992 ല്‍ കമലദളം വരുന്നത്. മലയാളത്തിന്റെ മ്യൂസിക്കല്‍ ട്രിലെജി എന്ന് പില്‍ക്കാലത്ത് ഈ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടു.
            ഹിസ് ഹൈനസ് അബ്ദുള്ളയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഇതേ കഥാപശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകളാണ് ഉണ്ടായത്. മോഹന്‍ലാലിന്റെ തന്നെ ആറാം തമ്പുരാന്‍, ഉസ്താദ് തുടങ്ങിയ സിനിമകള്‍ക്ക് അബ്ദുള്ളയെന്ന കഥാപാത്രം പ്രചോദകമായി. തമിഴില്‍ മേട്ടുക്കുടി, ആദവന്‍, കന്നടയില്‍ രാജ രാജേന്ദ്ര, ബംഗാളിയില്‍ ശിക്കാരി എന്നിവ അബ്ദുള്ളയുടെ പ്രമേയം കടംകൊണ്ട് പുറത്തിറങ്ങിയവയാണ്. ടെലിവിഷന്‍ സ്‌ക്രീനിംഗ് വഴിയും മറ്റും മലയാളി ആവര്‍ത്തിച്ചു കാണുന്ന സിനിമകളിലൊന്നായി നിലനില്‍ക്കുന്നുവെന്നതാണ് മുപ്പതു വര്‍ഷത്തിനു ശേഷവും അബ്ദുള്ളയുടെ കലാമൂല്യം ഏറ്റുന്നത്.


ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ജൂണ്‍ 11