* കോവിഡ് പശ്ചാത്തലത്തിൽ ഫ്ലൂ, കണ്ടേ ജിയൻ എന്നീ സിനിമകളിലൂടെയുള്ള അന്വേഷണം
2011 ലാണ് സ്റ്റീവൻ സോഡൻബർഗിൻ്റെ ഈ ചിത്രം പുറത്തിറങ്ങുന്നത്. പത്തു വർഷത്തിനിപ്പുറം കണ്ടേജിയൻ കാണുന്നൊരാൾക്ക് ഒരു വേള കോവിഡ് വ്യാപനത്തിൻ്റെ നേർക്കാഴ്ച തന്നെയല്ലേ ഇതെന്നു തോന്നിയേക്കാം. നിലവിൽ വൈറസ് വ്യാപനം തടയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിൽ ലോകരാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുൻകരുതൽ നടപടികളെല്ലാം സ്കോട്ട് ബേൺസ് എന്ന തിരക്കഥാകാരൻ കണ്ടേജിയനിൽ എഴുതിയിരിക്കുന്നുവെന്നത് അതിശയകരമായി മാത്രമേ കാണാനാകൂ.
രോഗവ്യാപനത്തിൻ്റെ ഭീതിദമോ ഭീകരമോ ആയ ദൃശ്യങ്ങളുടെ ധാരാളിത്തം കൊണ്ടോ അമാനുഷിക ചെയ്തികൾ കൊണ്ടോ അല്ല ഈ സർവൈവൽ ത്രില്ലർ ശ്രദ്ധേയമാകുന്നത്. ദിനംപ്രതി നിരവധി രാജ്യങ്ങളിലേക്ക് പടരുകയും ജീവനെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈറസിൻ്റെ മൂലകേന്ദ്രമെന്തെന്നും എവിടെയെന്നും എങ്ങനെ രോഗവ്യാപനം തടയാമെന്നുമുള്ള ആവലാതിയുടെയും ഭയത്തിൻ്റെയും ഗൗരവമാർന്ന അന്വേഷണമാണ് കണ്ടേജിയൻ.
കോവിഡിൻ്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ നഗരമായിരുന്നുവെങ്കിൽ കണ്ടേജിയനിൽ വൈറസിൻ്റെ ഉത്ഭവം ചൈനീസ് അധിനിവേശ പ്രദേശമായ ഹോങ്കോങ് ആണ്. തുടർന്ന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് വൈറസ് പ്രസരണം സംഭവിക്കുന്നു. വൈറസ് ബാധയേൽക്കുന്നവരുടെയും മരണത്തിന് കീഴടങ്ങുന്നവരുടെയും എണ്ണം ദിവസവും കൂടുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്ന വൈദ്യശാസ്ത്ര ഗവേഷക സംഘം വൈറസ് വ്യാപനം തടയാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ്. ഗവേഷണ ഫലമായി വൈറസിനെ ചെറുക്കാനുള്ള മെഡിസിൻ കണ്ടെത്തുകയും പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെങ്കിലും തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിച്ചില്ലെങ്കിൽ ഇത്തരമൊരു മഹാമാരിയെ അതിജീവിക്കുക പ്രയാസകരമാണെന്നൊരു ഓർമപ്പെടുത്തൽ കൂടി കണ്ടേജിയൻ നൽകുന്നുണ്ട്. ഈ ഓർമപ്പെടുത്തൽ തന്നെയാണ് കോവിഡ് കാലത്ത് കണ്ടേജിയൻ എന്ന ഹോളിവുഡ് സിനിമ നൽകുന്ന വലിയ സന്ദേശവും.
റിലീസ് വേളയിൽ ലോകമറിയുന്ന തരത്തിൽ വൻ വിജയമായില്ലെങ്കിലും നിരൂപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രലോകത്തും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കണ്ടേ ജിയൻ. സിനിമയ്ക്കു വേണ്ടിയുള്ള മെഡിക്കൽ ഡാറ്റാ കളക്ഷനും ആരോഗ്യ വിശകലനങ്ങളും ഗൗരവമാർന്ന ഗവേഷണങ്ങളും ആരോഗ്യവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിനന്ദനം നേടി. യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന, സ്ഥിരം ഹോളിവുഡ് സർവൈവൽ ത്രില്ലർ ക്ലിഷേകൾ ഒഴിഞ്ഞുപോയ ഗൗരവതരമായ ട്രീറ്റ്മെൻറ് എന്നാണ് ആരോഗ്യവിദഗ്ധർ കണ്ടേജിയനെ വിശേഷിപ്പിച്ചത്.
കോവിഡ് മഹാമാരി ഉടലെടുത്ത ശേഷം ലോകം എറ്റവുമധികം തിരയുകയും കാണുകയും ചെയ്ത സിനിമയായി കണ്ടേജിയൻ മാറിയെന്ന് എച്ച്.ബി.ഒ, വാർണർ ബ്രോസ്, ഐ ടൂൺസ് തുടങ്ങിയവയുടെ റേറ്റിംഗും കാറ്റലോഗും വെളിപ്പെടുത്തുന്നു.
കിം സംഗ് സുവിന്റെ കൊറിയൻ ചിത്രമായ 'ദി ഫ്ലൂ' വൈറസ് വ്യാപനവും മനുഷ്യൻ്റെ അതിജീവനവുമാണ് പ്രമേയമാക്കുന്നതെങ്കിലും കണ്ടേജിയനിൽ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെൻ്റാണ്. വൈറസ് വ്യാപനത്തിനിടെയുള്ള വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി കുറേക്കൂടി വൈകാരികപരമായാണ് കിം സംഗ് സു സിനിമയെ സമീപിച്ചിട്ടുള്ളത്. ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനവും കാണികളെ ആകർഷിക്കും. വലിയ തോതിൽ ലോകം കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് 2013 ൽ തിയേറ്ററിലെത്തിയ ഫ്ലൂ. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സിനിമയെപ്പറ്റി പറഞ്ഞുകേട്ട് കാണാത്തവർ വീണ്ടും ഫ്ലൂ തേടിപ്പിടിച്ച് കണ്ടുതുടങ്ങി. ഇതോടെ സിനിമയുടെ ജനപ്രീതി വീണ്ടും കൂടിയിരിക്കുകയാണ്.
അനധികൃതമായി ഷിപ്പിംഗ് കണ്ടെയ്നറിലാക്കി ദക്ഷിണ കൊറിയയിലേക്ക് കടത്തപ്പെട്ട ആളുകൾ സിയോളിൽ എത്തുന്നതോടെയാണ് വൈറസ് വ്യാപനം ആരംഭിക്കുന്നത്. രണ്ടു പേരിൽ നിന്ന് പകർന്ന് ഒരു നഗരമാകെ ചുമച്ചും ഛർദ്ദിച്ചും വീഴുന്നു. വൈറസിന് പ്രതിവിധിയില്ലെന്നും ബാധിക്കുന്നവർ 36 മണിക്കൂറിനുള്ളിൽ മരണപ്പെടുമെന്നും മെഡിക്കൽ റിപ്പോർട്ട് വരുന്നതോടെ അതിജീവനത്തിനായുള്ള സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും പരിശ്രമങ്ങളാണ് പിന്നീട്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്നതിനു സമാനമായി നഗരം ക്വാറന്റൈന് വിധേയമാക്കുന്നു. രോഗബാധിതരെ പട്ടാളക്കാർ കൊന്നുതീർക്കുകയാണെന്ന് പരാതി ഉയരുന്നതോടെ ക്വാറൻ്റെെൻ കേന്ദ്രങ്ങളും തെരുവും കലാപബാധിതമാകുന്നു.
കണ്ടേജിയനെക്കാൾ ചലനാത്മകമാണ് ഫ്ലൂ. എന്നാൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാറ്റിക് ഘടകങ്ങൾ മാറ്റിവച്ചാൽ കോവിഡ് വൈറസ് വ്യാപനത്തിൻ്റെതിനു സമാനമായ രോഗാതുരമായ അന്തരീക്ഷവും രാജ്യങ്ങൾ ലോക്ക് ഡൗൺ ആകുന്നതിൻ്റെ ഭീതിയും ജനങ്ങളുടെ അരക്ഷിതാവസ്ഥയും ഫ്ലൂവിലേതിനെക്കാൾ സാമ്യപ്പെടുത്താനാകുക കണ്ടേജിയനിലാണ്.
ട്രിവാൻഡ്രം സ്പീക്കിംഗ് ഓൺലൈൻ, 2020 ജൂൺ 17
No comments:
Post a Comment