Monday, 15 June 2020

ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് മുപ്പത്

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഡ്രാമ ത്രില്ലര്‍


ആക്ഷന്‍ സിനിമകള്‍ക്ക് സംഗീതവും സംഗീത സിനിമകള്‍ക്ക് ആക്ഷനും വര്‍ജ്ജ്യമായിരുന്ന കാലത്താണ് 30 വര്‍ഷം മുമ്പ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ പിറവി കൊണ്ടത്. സിബിമലയില്‍ -ലോഹിതദാസ് കൂട്ടുകെട്ടില്‍ ഉരുവംകൊണ്ട ഹിസ് ഹൈനസ് അബ്ദുള്ള മുഖ്യധാരാ സിനിമയില്‍ അതുവരെ നിലനിന്ന കഥപറച്ചില്‍ രീതികളെ പാടേ മാറ്റിമറിക്കുകയായിരുന്നു. ബോംബെ അധോലോകവും കേരളത്തിലെ ഒരു രാജകുടുംബവും പശ്ചാത്തലമായ സിനിമയില്‍ മോഹന്‍ലാലിന്റെ ഇരട്ടമുഖമുള്ള നായകവേഷം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റെടുത്തപ്പോള്‍ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ഹിസ് ഹൈനസ് അബ്ദുള്ള മാറി. 1990 മാര്‍ച്ച് 30 ന് റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയുമായി. വേനലവധിയും വിഷുവും ലക്ഷ്യമിട്ട് റിലീസ് ചെയ്ത സിനിമ മേജര്‍ സെന്ററുകളിലെല്ലാം 100 ദിവസം പിന്നിട്ടു. ബി, സി ക്ലാസുകളിലായി ആ വര്‍ഷം മുഴുവന്‍ തിയേറ്ററില്‍ തുടരാനും ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കായി.
      ഒരേസമയം സംഗീതത്തിനും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ക്കും ഡ്രാമയ്ക്കും പ്രാധാന്യം നല്‍കിയ ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് എല്ലാത്തരം കാണികളെയും ആകര്‍ഷിക്കാനായി. സിനിമയുടെ പേരില്‍ തൊട്ടു തുടങ്ങിയ കൗതുകം ഉടനീളം കാത്തുസൂക്ഷിക്കാനായി. കഥപറച്ചിലിലെ പുതുമയും കെട്ടുറപ്പുമായിരുന്നു അബ്ദുള്ളയിലേക്ക് കാണികളെ ആകര്‍ഷിച്ചത്. ഇരുപതാം നൂറ്റാണ്ടും രാജാവിന്റെ മകനും ആര്യനും മൂന്നാം മുറയും നാടുവാഴികളുമടക്കമുള്ള മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ കണ്ടുശീലിച്ച കാണികള്‍ക്ക് അബ്ദുള്ള തീര്‍ത്തും പുതിയ അനുഭവമായി. 1980കളുടെ അവസാനത്തോടെ ബോംബെ പശ്ചാത്തലമായ ഒട്ടേറെ ആക്ഷന്‍ - ഡ്രാമ സിനിമകള്‍ മലയാളത്തിലുണ്ടായി. ഇതില്‍ നിന്ന് അബ്ദുള്ളയെ വേറിട്ടു നിര്‍ത്തിയത് നായക കഥാപാത്രത്തിന്റെ ഇരട്ട മുഖവും സിനിമ സംഗീതത്തിന് നല്‍കിയ പ്രാധാന്യവുമായിരുന്നു.
       ക്ലാസിക്കല്‍ സംഗീതം പ്രമേയമായ സിനിമകളോട് അതുവരെ കാര്യമായ പ്രതിപത്തി കാണിക്കാതിരുന്ന സാധാരണക്കാരായ കാണികള്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ സെമി ക്ലാസിക്കല്‍ പാട്ടുകള്‍ ഹൃദയത്തോടു ചേര്‍ത്തു. സിനിമയുടെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്നതായിരുന്നു പാട്ടുകളെല്ലാം. അതുകൊണ്ടുതന്നെ അനാവശ്യമായ ഏച്ചുകെട്ടലുകളോ രസംകൊല്ലികളോ ആയില്ല ഈ പാട്ടുകള്‍. രവീന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതത്തിന് അതോടെ ജനപ്രിയതയുടെ പുതിയൊരു തലത്തിലേക്ക് ഉയരാനുമായി.
        ബോംബെ നഗരത്തില്‍ നിന്ന് വാടകക്കൊലയാളിയായ അബ്ദുള്ള കേരളത്തിലെ ഒരു രാജകുടുംബാംഗത്തെ വധിക്കാന്‍ എത്തുന്നതും കൊലയാളി രക്ഷകനായി മാറുന്നതുമായിരുന്നു സിനിമയുടെ കേന്ദ്ര പ്രമേയം. അബ്ദുള്ളയും അനന്തന്‍ നമ്പൂതിരിയുമായി മോഹന്‍ലാല്‍ സിനിമയിലുടനീളം നിറഞ്ഞുനിന്നപ്പോള്‍ തുല്യപ്രാധാന്യമുള്ള ഉദയവര്‍മ്മ എന്ന രാജകുടുംബാംഗത്തിന്റെ വേഷത്തില്‍ നെടുമുടി വേണുവും തിളക്കമാര്‍ന്ന പ്രകടനം നടത്തി. നെടുമുടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. തമിഴില്‍ മുന്‍നിര നായികയായി നിറഞ്ഞുനിന്ന ഗൗതമിയുടെ ആദ്യ മലയാള ചിത്രവുമായിരുന്നു ഇത്.
           മഹാഭാരതത്തിലെ ശകുനിയുടെ മാതൃക സ്വീകരിച്ചായിരുന്നു ചിത്രത്തില്‍ തിക്കുറിശ്ശിയുടെ മതിലകത്ത് ചെറിയച്ഛന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. മലയാളത്തിലെ ഏറെ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണിത്. വലിയ പ്ലോട്ടില്‍ ഒട്ടേറെ കഥാപാത്രങ്ങളുമായി ഒരുക്കിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നര മണിക്കൂറിലേറെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. പിന്നീട് ഏറെ വെട്ടിയൊരുക്കലിന് ശേഷമാണ് 156 മിനിറ്റിലേക്ക് ഒതുക്കിയത്.  
        'ദേവസഭാതലം', 'ഗോപികാവസന്തം', 'പ്രമദവനം', 'നാദരൂപിണീ', 'തൂ ബഡി മാഷാ അബ്ദുള്ള' തുടങ്ങി സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി. കൈതപ്രം- രവീന്ദ്രന്‍ കൂട്ടുകെട്ടും ഇതോടെ പ്രശസ്തമായി. ഓഡിയോ കാസറ്റിന്റെ റെക്കോര്‍ഡ് വില്പനയിലൂടെ തരംഗിണി വന്‍ ലാഭമാണ് നേടിയത്. 'നാദരൂപിണീ' എന്ന ഗാനത്തിലൂടെ എം.ജി ശ്രീകുമാര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. രവീന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
          പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു അബ്ദുള്ള. ചിത്രത്തിന്റെ വന്‍വിജയത്തോടെ സിബിമലയില്‍ - ലോഹിതദാസ് -മോഹന്‍ലാല്‍ - പ്രണവം ആര്‍ട്സ് കൂട്ടുകെട്ടില്‍ നിന്ന് തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു മ്യൂസിക്കല്‍ ഡ്രാമ കൂടി പുറത്തുവന്നു, ഭരതം. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് 1992 ല്‍ കമലദളം വരുന്നത്. മലയാളത്തിന്റെ മ്യൂസിക്കല്‍ ട്രിലെജി എന്ന് പില്‍ക്കാലത്ത് ഈ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടു.
            ഹിസ് ഹൈനസ് അബ്ദുള്ളയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഇതേ കഥാപശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകളാണ് ഉണ്ടായത്. മോഹന്‍ലാലിന്റെ തന്നെ ആറാം തമ്പുരാന്‍, ഉസ്താദ് തുടങ്ങിയ സിനിമകള്‍ക്ക് അബ്ദുള്ളയെന്ന കഥാപാത്രം പ്രചോദകമായി. തമിഴില്‍ മേട്ടുക്കുടി, ആദവന്‍, കന്നടയില്‍ രാജ രാജേന്ദ്ര, ബംഗാളിയില്‍ ശിക്കാരി എന്നിവ അബ്ദുള്ളയുടെ പ്രമേയം കടംകൊണ്ട് പുറത്തിറങ്ങിയവയാണ്. ടെലിവിഷന്‍ സ്‌ക്രീനിംഗ് വഴിയും മറ്റും മലയാളി ആവര്‍ത്തിച്ചു കാണുന്ന സിനിമകളിലൊന്നായി നിലനില്‍ക്കുന്നുവെന്നതാണ് മുപ്പതു വര്‍ഷത്തിനു ശേഷവും അബ്ദുള്ളയുടെ കലാമൂല്യം ഏറ്റുന്നത്.


ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍, 2020 ജൂണ്‍ 11

No comments:

Post a Comment