Tuesday, 20 April 2021

അതിജീവനത്തിന്റെ സന്ദേശമായി രജത ജൂബിലി ചലച്ചിത്ര മേള - കേരള രാജ്യാന്തര ചലച്ചിത്ര മേള അവലോകനം


കേരളത്തിന്റെ യശസ്സ് ലോക സിനിമാ ഭൂപടത്തില്‍ എത്തിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ)യ്ക്ക് 25 വയസ്സ് തികഞ്ഞു. കോവിഡ് കാലത്ത് സംഘടിപ്പിക്കപ്പെട്ട മേള അതിജീവനത്തിന്റെ സന്ദേശം മുന്നോട്ടുവച്ചാണ് കാണികളിലേക്ക് എത്തിയത്. കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്ത കാലത്താണ് രജത ജൂബിലി ചലച്ചിത്ര മേളയുടെ വരവ് എന്നതുകൊണ്ടു തന്നെ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലാതെയാണ് ഈ മഹത്തായ നേട്ടം പിന്നിടുന്നത്. ലോകത്തെ പല പ്രധാന ചലച്ചിത്ര മേളകളും കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് ചുരുക്കപ്പെട്ടപ്പോള്‍ തിയേറ്ററുകളില്‍ ലോകസിനിമ സാധ്യമാക്കിയതിലൂടെയാണ് ഐ.എഫ്.എഫ്.കെയുടെ സംഘാടനം വേറിട്ടുനിന്നത്. പതിവ് തിരക്കും ആരവങ്ങളുമൊന്നുമില്ലാതെ ചുരുക്കം കാണികളില്‍ ഒതുങ്ങിയെങ്കിലും കോവിഡ് കാലത്ത് മേള സംഘടിപ്പിക്കാനായതില്‍ കേരളത്തിന് അഭിമാനിക്കാം.

കോവിഡ് കാലത്തെ മേള

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കുറി മേളയുടെ പതിവുകള്‍ പലതും മാറ്റേണ്ടി വന്നു. ഡിസംബറില്‍ നടക്കേണ്ട മേള നടന്നത് ഫെബ്രുവരിയിലും മാര്‍ച്ചിലുമായിട്ടാണ്. ഒറ്റ വേദിയില്‍ നിന്ന് നാലിടത്തേക്ക് മേള പറിച്ചു നടപ്പെട്ടു. സ്ഥിരം കേന്ദ്രമായ തിരുവനന്തപുരത്തിനു പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായിട്ടാണ് മേള സംഘടിപ്പിക്കപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ ചുരുക്കേണ്ടി വന്നു. സാധാരണ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ പതിനായിരത്തിലേറെ പേര്‍ എത്തുന്നിടത്ത് തിരുവനന്തപുരം 2500, കൊച്ചി 2500, തലശ്ശേരി 1500, പാലക്കാട് 1500 എന്നിങ്ങനെ 8000 പാസുകളാണ് ആകെ വിതരണം ചെയ്തത്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം/ടി.വി പ്രൊഫഷണല്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, മീഡിയ എന്നിങ്ങനെ എല്ലാ വിഭാഗവും ഉള്‍പ്പെടെയാണിത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള ഷെഡ്യൂള്‍ ചെയ്തത്. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട) കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍) പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍) തലശ്ശേരി (കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്) എന്നിങ്ങനെയാണ് മേഖലകള്‍ തിരിച്ചത്.


മേള സംഘടിപ്പിച്ച എല്ലാ മേഖലകളിലും ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കിയിരുന്നു. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് പാസ് അനുവദിച്ചത്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലാക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്. 

സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി അവസാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള റിസര്‍വേഷന്‍ സമ്പ്രദായത്തിലൂടെ സിനിമ കാണാനുള്ള പ്രതിനിധികളുടെ തിരക്ക് പൂര്‍ണമായും ഒഴിവാക്കാനായി. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിനുശേഷമാണ് തിയേറ്ററിലേക്ക് പ്രവേശനം അനുവദിച്ചത്. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒന്നിടവിട്ട സീറ്റുകളില്‍ മാത്രം കാണികളെ ഇരുത്തി. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ ശ്രദ്ധിച്ചത് കോവിഡ് കാലത്തെ മേളയുടെ നടത്തിപ്പിന്റെ വിജയമായി മാറി.

മേളയുടെ ഭാഗമായി സാധാരണ നടക്കുന്ന കലാപരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കി. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്‌ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുത്തില്ല. ഇതോടെ ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കി മേള നടത്തുന്നതില്‍ സംഘാടകര്‍ വിജയം കണ്ടു. 

തിരുവനന്തപുരത്ത് സര്‍ക്കാര്‍ തിയേറ്ററുകളായ ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, കലാഭവന്‍, നിശാഗന്ധി എന്നിവയിലാണ് മേള നടന്നത്. മറ്റ് മേഖലയിലും ആറ് തിയേറ്ററുകളിലായിരുന്നു പ്രദര്‍ശനം. എറണാകുളത്ത് സരിത, സവിത, സംഗീത, ശ്രീധര്‍, കവിത, പദ്മ സ്‌ക്രീന്‍ 1 എന്നിവയിലും തലശ്ശേരിയില്‍ മൂവി കോംപ്ളെക്സിലുള്ള അഞ്ച് തിയേറ്ററുകളിലും ലിബര്‍ട്ടി മൂവി ഹൗസിലും, പാലക്കാട്ട് പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുര്‍ഗ എന്നീ തിയേറ്ററുകളിലുമായാണ് മേള നടന്നത്. സാധാരണ സ്വകാര്യ തിയേറ്ററുകള്‍ ഉള്‍പ്പെടെ 14 തിയേറ്ററുകള്‍ ഉള്‍പ്പെടുന്നിടത്താണ് ആറ് തിയേറ്ററുകളിലേക്ക് മേള ചുരുക്കിയത്. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ് നടന്നത്.


ഗൊദാര്‍ദ് ഷോ

ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗം എന്ന ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവായ സംവിധായകന്‍ ഷീന്‍ ലുക് ഗൊദാര്‍ദിനാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചത്. ഇക്കുറി മേളയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഗൊദാര്‍ദ് അതായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ലെങ്കിലും നിശാഗന്ധിയിലെ ഉദ്ഘാടന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കാണികളുടെ കരഘോഷത്തിന് ഗൊദാര്‍ദ് അര്‍ഹനായി. രണ്ടോ മൂന്നോ മിനിറ്റ് മാത്രമായിരുന്നു ഗൊദാര്‍ദിന്റെ വീഡിയോ സന്ദേശം. പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞ ഗൊദാര്‍ദ് കോവിഡ് കാലത്ത് യാത്ര ചെയ്യാനുള്ള പ്രയാസം പങ്കുവച്ചു. കേരള രാജ്യാന്തര മേളയെ പ്രശംസിച്ച അദ്ദേഹം തന്റെ സിനിമകളെ സ്‌നേഹിക്കുന്ന കാണികളോടുള്ള സന്തോഷവും പ്രകടിപ്പിച്ചു. സംസാരത്തിലുടനീളം ശരീരത്തിലെ ഒരവയവം പോലെ കൈവിരലുകളില്‍ ചുരുട്ട്. അതായിരുന്നു വീഡിയോയിലെ ആകര്‍ഷണം. സംസാരത്തിനൊടുവില്‍ ചുരുട്ടിന് തീപിടിപ്പിച്ച് ഇരുകൈകളും ക്യാമറയ്ക്കു നേരെ ഉയര്‍ത്തി. ഇതോടെ നിശാഗന്ധിയിലെ കാണികള്‍ ഇളകിമറിഞ്ഞു. വിഖ്യാത സംവിധായകനുള്ള ഉചിതമായ ആദരമായി ഇത് മാറി.

10 ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഗൊദാര്‍ദിനു വേണ്ടി മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അന്താരാഷ്ട്രതലത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ ഐ.എഫ്.എഫ്.കെ നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര സാംസ്‌കരിക മേഖലകളില്‍ കേരളം നല്‍കുന്ന പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ ഐ.എഫ്.എഫ്.കെയ്ക്കായി. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ഐ.എഫ്.എഫ്.കെ ലോകത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടത്തില്‍ ഇടം നേടിയത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കുമൊപ്പമാണ് മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

46 രാജ്യങ്ങള്‍ 80 സിനിമകള്‍

200നടുത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗം, മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ, ലോകസിനിമ, കലൈഡോസ്‌കോപ്പ്, ഹോമേജ്, റെട്രോസ്പെക്റ്റിവ് വിഭാഗം, ജൂറി സിനിമ എന്നീ വിഭാഗങ്ങളിലായി ആകെ 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ജയരാജിന്റെ നവരസപരമ്പരയിലെ 'ഹാസ്യം'  എന്ന ചിത്രവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. 

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം 'ക്വോവാഡിസ്, ഐഡ' ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു. സെര്‍ബിയന്‍ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. വെനീസ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്. കേരളത്തിന്റെ രജത ജൂബിലി ചലച്ചിത്ര മേളയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമകളില്‍ മുന്‍പന്തിയിലെത്താനും 'ക്വോവാഡിസ്, ഐഡ'യ്ക്കായി. 


അസര്‍ബൈജാനിയന്‍ ചിത്രം ബിലേസുവര്‍, വിയറ്റ്‌നാമീസ് ചിത്രം റോം, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്, മെക്‌സിക്കന്‍ ചിത്രം ബേര്‍ഡ് വാച്ചിങ്, ഹിന്ദി ചിത്രം കൊസ തുടങ്ങിയവ മത്സര വിഭാഗത്തില്‍ ജനപ്രീതി നേടിയ ചിത്രങ്ങളാണ്. പരുഷമായ ജീവിത യാഥാര്‍ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന വിയറ്റ്‌നാമീസ് ചിത്രം ആഖ്യാനത്തിലെ ചടുലത കൊണ്ടാണ് ശ്രദ്ധ നേടിയത്. മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തിലെത്തിയ ചുരുളിക്കാണ് മേളയില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. മനസ്സിന്റെ അടിസ്ഥാന ചേതനകളാല്‍ ഉഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളി. മികച്ച അഭിപ്രായം കേള്‍പ്പിക്കാന്‍ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി. മെമ്മറി ഹൗസ്, ദെയര്‍ ഈസ് നോ ഈവിള്‍, ഡെസ്റ്ററോ, ക്രോണിക്കല്‍സ് ഓഫ് സ്‌പെയ്‌സ്, ലോണ്‍ലി റോക്ക് എന്നിവയും മത്സര വിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.

വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പ്രേക്ഷക മനം നിറച്ച ഹാസ്യം മേളയുടെ പ്രധാന ആകര്‍ഷണമായി. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. മനുഷ്യന്‍ ഏറ്റവും ഭയക്കുന്ന മരണം എന്ന വികാരത്തിന്റെ വേറിട്ട ആവിഷ്‌കാരം പ്രമേയമാക്കുന്ന ചിത്രത്തില്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഒരു ഇടനിലക്കാരനാണ് കേന്ദ്ര കഥാപാത്രം.


22 സിനിമകള്‍ ഉള്‍പ്പെടുന്ന ലോക സിനിമ മേളയിലെ മുഖ്യ ആകര്‍ഷണമായിരുന്നു. മത്സര വിഭാഗം സിനിമകളേക്കാള്‍ പ്രേക്ഷകര്‍ ഏറെ താത്പര്യത്തോടെ ലോക സിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതയും അറിയാന്‍ താത്പര്യം കാട്ടി. തോമസ് വിന്റര്‍ബര്‍ഗിന്റെ 'അനദര്‍ റൗണ്ട്', കിയോഷി കുറോസാവയുടെ 'വൈഫ് ഓഫ് എ സ്‌പൈ', അഹമ്മദ് ബഹ്‌റാമിയുടെ 'ദ വേസ്റ്റ്‌ലാന്‍ഡ്', കൗദര്‍ ബെന്‍ ഹാനിയയുടെ 'ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍', റഷ്യന്‍ ചിത്രം 'ഡിയര്‍ കോമ്രേഡ്‌സ്', ജപ്പാന്‍ ചിത്രം 'വൈഫ് ഓഫ് എ സ്‌പൈ', ഇംഗ്ലീഷ് ചിത്രം 'നോ വേര്‍ സ്‌പെഷ്യല്‍ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ ശ്രദ്ധേയ സിനിമകള്‍. 'ഹൈ ഗ്രൗണ്ട്', 'ലൈല ഇന്‍ ഹൈഫ', 'ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍', 'മാളു' എന്നിവയും ലോക സിനിമാ വിഭാഗത്തില്‍ കാണികളുടെ ചര്‍ച്ചയിലിടം പിടിച്ചു.

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ തമിഴ് ചിത്രങ്ങളായ നാസിര്‍, പിഗ്, ഹിന്ദി ചിത്രം മൈല്‍ സ്റ്റോണ്‍, മറാത്തി ചിത്രം ദ ഡിസിപ്ള്‍ എന്നിവ കൈയടി നേടി.

കാണികളെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങളൊന്നും തന്നെ ഈ മേളയില്‍ ഇല്ലായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തല്‍. അസാധാരണ മികവ് പ്രകടിപ്പിക്കുന്ന ചിത്രങ്ങളെക്കാള്‍ ശരാശരി നിലവാരം പുലര്‍ത്തിയവായിരുന്നു കൂടുതലും. മേളയുടെ ജനപ്രിയ ചിത്രം എന്ന തരത്തില്‍ തൊട്ടു മുന്‍വര്‍ഷം പ്രതിനിധികള്‍ വിലയിരുത്തിയ പാരസൈറ്റ്, അതിനു മുന്‍വര്‍ഷത്തെ കാപര്‍നോം പോലെയൊരു സിനിമ ഇക്കുറി ഉണ്ടായില്ല.


മലയാള സിനിമയ്ക്ക് ഇത് അഭിമാനിക്കാവുന്ന മേളയാണ്. ഒട്ടേറെ യുവ സംവിധായകര്‍ തങ്ങളുടെ സിനിമയുമായി ഐഎഫ്എഫെകെയുടെ ലോക സിനിമാ വേദിയില്‍ എത്തിയെന്നത് പ്രശംസയര്‍ഹിക്കുന്ന കാര്യമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മലയാള സിനിമയെ പ്രതിനിധീകരിച്ച് എത്തിയവരില്‍ ഭൂരിഭാഗവും താരതമ്യേന പുതുമുഖ സംവിധായകരാണ്. 

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ 12 സിനിമകളാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, ഖാലിദ് റഹ്മാന്റെ ലവ്, മുഹമ്മദ് മുസ്തഫയുടെ 'കപ്പേള എന്നിവ കാണികളുടെ സജീവ ശ്രദ്ധ നേടി. ഖാലിദ് റഹ്മാന്റെ 'ലവ്' കഥാപാത്രങ്ങളുടെ വ്യക്തിപരവും വൈകാരികവുമായ പ്രശ്‌നങ്ങളിലൂടെ രൂപപ്പെടുന്ന സങ്കീര്‍ണത പ്രേക്ഷകനെ ആഴത്തില്‍ അനുഭവിപ്പിച്ച അനുഭവമായി. മേളയില്‍ ഏറെ മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രമാകാനും ലൗവിന് സാധിച്ചു.

അന്തരിച്ച സംവിധയകാന്‍ കിം കി ഡുക്കിന്റെ ആദരസൂചകമായി സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിംഗ്, എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. നടന്‍ ഇര്‍ഫാന്‍ ഖാന് ആദരം അര്‍പ്പിക്കുന്ന ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്‌റ്, ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ഓസ്‌കാര്‍ ജേതാവായ വസ്ത്രാലങ്കാരക ഭാനു അതയ്യക്ക് ആദരമായി നാഗ്രിക് എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെ മനം നിറച്ചു. ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്ന ചിത്രവും കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായ ഷീന്‍ ലുക് ഗൊദാര്‍ദിന്റെ ആദ്യചിത്രമായ ബ്രെത് ലെസ്സ്, ദ ഇമേജ് ബുക്ക്, ഫിലിം സോഷ്യലിസ്‌മെ, വീക്കെന്‍ഡ്, ജെഎല്‍ജി ജെഎല്‍ജി സെല്‍ഫ് പോര്‍ട്രയിറ്റ് ഇന്‍ ഡിസംബര്‍, ഫോര്‍ എവര്‍ മൊസാര്‍ട്ട് എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു.

അക്ഷരകൈരളി, 2021 മാര്‍ച്ച്‌

No comments:

Post a Comment