ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനു കാത്തിരുന്നതു പോലെ അടുത്ത കാലത്ത് മലയാളി സിനിമാ ആസ്വാദകര്‍ ഇത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു സിനിമയില്ല. 2013 ഡിസംബറില്‍ പുറത്തിറങ്ങി മലയാള സിനിമാ ചരിത്രത്തില്‍ അതുവരെയുള്ള ഏറ്റവും വലിയ ഇന്‍ഡസ്ട്രിയില്‍ ഹിറ്റ് ആയ ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമായിരുന്നില്ല അത്. കേവലമൊരു വിപണി സിനിമ എന്ന തരത്തില്‍ മാത്രമായിരുന്നില്ല മലയാളി സിനിമാസ്വാദകര്‍ ദൃശ്യത്തെ കണ്ടത്. മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലര്‍ എന്ന തരത്തിലാണ് അവര്‍ ഈ സിനിമയെ അടയാളപ്പെടുത്തിയത്.
ജോര്‍ജ്കുട്ടി എന്ന ഇടുക്കിയിലെ ഒരു സാധാരണക്കാരന്റെ കുടുംബത്തെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ദൃശ്യം മലയാളത്തില്‍ എഴുതപ്പെട്ട മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. ഈ ഫാമിലി ത്രില്ലറിന്റെ ഔന്നത്യം തിരിച്ചറിഞ്ഞത് മലയാളികള്‍ മാത്രമായിരുന്നില്ല. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ഇന്ത്യക്കു പുറത്തേക്കും ദൃശ്യത്തിന്റെ ഖ്യാതി പരന്നു. ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തിലെ പ്രധാന സിനിമാ വിപണിയായ ചൈനയില്‍ വരെ ഈ സസ്‌പെന്‍സ് ത്രില്ലര്‍ ഴോണര്‍ സിനിമയുടെ പെരുമയെത്തി. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന എന്ന പേരില്‍ ദൃശ്യത്തിന്റെ റീമേക്ക് മാന്‍ഡറിന്‍ ഭാഷയില്‍ പുറത്തിറങ്ങിയത് 2020 ലാണ്. ചൈനീസ് റിമേക്ക് ലോകതലത്തിലുള്ള സിനിമാസ്വാദകര്‍ ശ്രദ്ധിച്ചു. ഇതോടെ സിനിമാ പ്രേമികള്‍ ഈ സിനിമയുടെ ഒറിജിനലിനു വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ തിരഞ്ഞു. അങ്ങനെ ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം റീലീസായി ഏഴാം വര്‍ഷവും സജീവ ചര്‍ച്ചയിലിടം നേടി. ഇക്കാലയളവില്‍ നവമാധ്യമങ്ങളില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവിനെക്കുറിച്ചും ഏറെ ചര്‍ച്ചകളുണ്ടായി. പലരും സ്വന്തം നിലയ്ക്ക് കഥാവികസനം നടത്തി നവമാധ്യമങ്ങളില്‍ എഴുതുകയും ചിലര്‍ സംവിധായകനായ ജീത്തു ജോസഫിന് അയച്ചുകൊടുക്കുകയും വരെ ചെയ്തു. അതേസമയം ആദ്യമൊന്നും ഒരു രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാതിരുന്ന ജീത്തു ജോസഫും പതിയെ അങ്ങനെയാരു ചിന്തയിലേക്കെത്തിച്ചേര്‍ന്നു. അങ്ങനെ ദൃശ്യം-2 യാഥാര്‍ഥ്യമാകുകയും ചെയ്തു.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജോര്‍ജ്കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. എന്നെങ്കിലുമൊരിക്കല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു തെറ്റ് ചെയ്തവരാണ് ജോര്‍ജ് കുട്ടിയും കുടുംബവും. എത്ര തന്നെ ശരികളും ന്യായീകരണങ്ങളുമുണ്ടെങ്കിലും കുറ്റം കുറ്റമായിത്തന്നെ അവശേഷിക്കും. ഇത് ഏറ്റവും നന്നായി അറിയാവുന്നയാള്‍ ജോര്‍ജ് കുട്ടി തന്നെയാണ്. പോലീസ് വീണ്ടും തന്നെ തേടിയെത്തുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ജോര്‍ജ്കുട്ടി. അതിനെ നേരിടാനായി വര്‍ഷങ്ങളോളമെടുത്ത് അയാള്‍ ഒരു തിരക്കഥ തയ്യാറാക്കുന്നു. ആദ്യതവണ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതു മുതല്‍ ആരംഭിക്കുന്ന ആ തയ്യാറെടുപ്പാണ് രണ്ടാം ഭാഗത്തിന്റെ ആസ്വാദനത്തിന് കരുത്ത് പകരുന്നത്.
ത്രില്ലര്‍ സിനിമകള്‍ ചെയ്യുമ്പോള്‍ തന്നിലെ എഴുത്തുകാരന്റെയും സംവിധായകന്റെയും ബ്രില്യന്‍സ് പൂര്‍ണമായി പുറത്തെത്തുന്ന പതിവിന് ജീത്തു ജോസഫ് ഒരിക്കല്‍കൂടി അടിവരയിടുകയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍. ലോക്ക് ഡൗണില്‍ മരവിച്ചു നിന്ന സിനിമാ ഇന്‍ഡസ്ട്രിക്ക് ധൈര്യം പകരാനാണ് എളുപ്പത്തില്‍ സാധിക്കുന്ന ഒരു സിനിമ എന്ന രീതിയില്‍ ദൃശ്യത്തെ കുറിച്ച് ആലോചിച്ചതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്ര എളുപ്പത്തില്‍ സാധ്യമായ ഒരു സിനിമയല്ല ദൃശ്യം - 2 എന്ന് കണ്ടു തീരുമ്പോള്‍ പ്രേക്ഷകന് ഉറപ്പിച്ചു പറയാനാകും. സൂക്ഷ്മതയുടെയും കൈയടക്കത്തിന്റെയും കെട്ടുറപ്പുണ്ട് ഈ സിനിമയ്ക്ക്. ഓരോ സീനും ഡയലോഗും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമായ ഒരു സിനിമയുടെ രണ്ടാം ഭാഗത്തെ ഒരു പഴുതിനും ഇടനല്‍കാതെയാണ് ജീത്തു ജോസഫ് ചെത്തിക്കൂര്‍പ്പിച്ചെടുത്തിരിക്കുന്നത്. ഒന്നും ഏച്ചുകെട്ടുന്നില്ല, എവിടെയും മുഴച്ചു നില്‍ക്കുന്നുമില്ല. ജോര്‍ജ്കുട്ടിയുടെ കഥയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നിടങ്ങളെല്ലാം കൃത്യമായി പൂരിപ്പിച്ചു പോകുകയും വേണ്ടുന്ന ആകാംക്ഷയും വഴിത്തിരിവുകളും ചേര്‍ത്തുവയ്ക്കുകയും ചെയ്തിരിക്കുന്നു.
തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറയുന്ന ജോര്‍ജ് കുട്ടിയുടെ കണക്കുകൂട്ടലും ചെയ്തികളുമൊന്നും അസ്വാഭാവികമായി അനുഭവപ്പെടുന്നില്ല. ഇതു തന്നെയാണ് ജോര്‍ജ്കുട്ടിയെന്ന സാധാരണക്കാരനെക്കൊണ്ട് അസാധാരണ ക്യത്യങ്ങള്‍ ചെയ്യിപ്പിക്കാന്‍ എഴുത്തുകാരനെയും സംവിധായകനെയും പ്രേരിപ്പിക്കുന്നതും. എന്നെങ്കിലും പോലീസിന് കിഴടങ്ങേണ്ടി വരുമെന്ന് അറിയാവുന്ന ഒരാള്‍ തയ്യാറാക്കുന്ന പാതി മാത്രം വിജയ സാധ്യതയുള്ള ഒരു തിരക്കഥയാണ് ജോര്‍ജ്കുട്ടിയുടേത്. പക്ഷേ സിനിമയില്‍ സൂചിപ്പിക്കുന്നതുപോലെ നായകന്‍ വിജയിക്കുന്നതിലാണ് ജനങ്ങള്‍ക്ക് താത്പര്യം. ഐ. ജി കഥാപാത്രം പറയുന്നതു തന്നെയാണ് ജോര്‍ജ് കുട്ടിയെന്ന ക്ലാസിക്ക് ക്രിമിനലിനുള്ള അടിവര. 'സത്യത്തില്‍ നമ്മള്‍ അയാളെയല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. എനിക്കുറപ്പുണ്ട്, ഈ നിമിഷം മുതല്‍ നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയാള്‍'.
ആ സത്യം എന്നോടൊപ്പം മണ്ണടിയട്ടെ എന്നാണ് ആദ്യഭാഗത്തില്‍ ജോര്‍ജ്കുട്ടി പറയുന്നത്. എന്തു കാര്യവും ഭാര്യയോട് ആലോചിച്ചു മാത്രം ചെയ്യുന്ന ജോര്‍ജ് കുട്ടി ഭാര്യയോടു പോലും മറച്ചുവച്ച ആ സത്യത്തിനു സാക്ഷികള്‍ പ്രേക്ഷകര്‍ മാത്രമാണ്. പക്ഷേ ആദ്യഭാഗത്തില്‍ പ്രേക്ഷകരും കാണാതെ മറഞ്ഞിരുന്ന മറ്റൊരു സാക്ഷി പുതിയ ദൃശ്യത്തില്‍ എത്തുന്നുണ്ട്. കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ മൃതദേഹം രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ തന്നെ കുഴിച്ചുമൂടുന്ന ജോര്‍ജ് കുട്ടി, എന്നെങ്കിലുമൊരിക്കല്‍ ആ സത്യം പോലീസ് തിരിച്ചറിയുമെന്ന് മനസ്സിലാക്കുന്നുണ്ട്. കൃത്യത്തില്‍ പങ്കാളികളായ വീട്ടുകാരെ പോലും അറിയിക്കാതെ സ്വയം അയാള്‍ ഒരു പദ്ധതി തയ്യാറാക്കുന്നു. ചിലപ്പോള്‍ വിജയിക്കാം, അതല്ലെങ്കില്‍ പരാജയമടയാം. പക്ഷേ തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശപഥം ചെയ്തിട്ടുള്ള ജോര്‍ജ് കുട്ടിയുടെ വഴിക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ആകാംക്ഷ ജനിപ്പിക്കുന്ന സംഭവവികാസങ്ങള്‍ക്കും വഴിത്തിരിവുകള്‍ക്കും മുമ്പേ കളിചിരിയും പ്രകാശവുമുള്ള നല്ല കുടുംബത്തിന്റെ അന്തരീക്ഷം തന്നെയാണ് ആദ്യ ഭാഗത്തിലെന്ന പോലെ രണ്ടാം വരവിലും ജീത്തു ജോസഫ് ഒരുക്കി വച്ചിട്ടുള്ളത്. ജോര്‍ജ്കുട്ടിയുടെയും കുടുംബത്തിന്റെയും രസകരമായ ദിവസങ്ങളിലൂടെ കടന്നുപോയി പതിയെ കേന്ദ്ര പ്രമേയത്തിലേക്കും പിരിമുറുക്കത്തിലേക്കും എത്തിച്ചേരുന്നു. ഒടുക്കം വരാനിരിക്കുന്ന പകര്‍ന്നാട്ടങ്ങള്‍ക്ക് ബലമുള്ളൊരു അടിത്തറയൊരുക്കലാണ് തിരക്കഥാകാരന്‍ ചെയ്യുന്നത്. കഥാന്തരീക്ഷത്തോട് പ്രേക്ഷകര്‍ കൂടുതല്‍ താദാത്മ്യം പ്രാപിക്കുന്നത് കുടുംബത്തിലെ ഇഴയടുപ്പങ്ങളിലൂന്നിക്കൊണ്ടുള്ള ഈ കഥപറച്ചിലില്‍ കൂടിയാണ്.
ത്രില്ലര്‍ സിനിമകള്‍ക്ക് മുമ്പെന്നത്തേക്കാളും ആസ്വാദകരുള്ള ഒരു കാലമാണിത്. ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാര്‍ മികവുറ്റ ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഹോളിവുഡിലും സൗത്ത് കൊറിയയിലുമാണ് നിലവില്‍ മികച്ച ത്രില്ലറുകള്‍ രൂപപ്പെടുന്നത്. ഇന്ത്യയിലാകട്ടെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് കഴിഞ്ഞ ചില വര്‍ഷങ്ങളിലായി നിലവാരമുള്ള ത്രില്ലറുകള്‍ ഉണ്ടായിട്ടുള്ളത്. മലയാളത്തില്‍ തീരെ ചെറിയൊരു വിഭാഗം ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഴോണറിനോടു നീതി പുലര്‍ത്തും വിധം മികവു കാട്ടിയിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ജീത്തു ജോസഫിന്റെ മെമ്മറീസും ദൃശ്യവും ഡിറ്റക്ടീവുമുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും തിരക്കഥയിലെ മികവുകൊണ്ട് മികച്ച ത്രില്ലിംഗ് എക്‌സ്പീരിയന്‍സ് എന്ന അഭിപ്രായം കേള്‍പ്പിച്ചതോടെ ഈ സിനിമയെയും ജീത്തു ജോസഫിനെയും മറികടക്കുക എന്ന വെല്ലുവിളിയാണ് ത്രില്ലര്‍ സിനിമയൊരുക്കാനിരിക്കുന്ന മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു മുന്നിലുള്ളത്. മലയാളത്തിലെ ഏറ്റവും മികച്ച സീക്വല്‍ എന്ന നിലയ്ക്ക് അടയാളപ്പെടുത്താവുന്ന ദൃശ്യം ഇനിയും തുടര്‍ച്ച ആവശ്യപ്പെടുന്നുമുണ്ട്.
തിരക്കഥയാണ് ദൃശ്യത്തിലെ യഥാര്‍ഥ നായകന്‍. തിരക്കഥയിലെ മികവിനൊപ്പം കേന്ദ്ര കഥാപാത്രമായ മോഹന്‍ലാലിന്റെ പ്രകടനത്തിലെ അനായാസത കൂടി ചേരുമ്പോള്‍ സിനിമയ്ക്ക് പുതിയ മാനം കൈവരുന്നു. വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ജോര്‍ജ് കുട്ടിയായുള്ള മോഹന്‍ലാലിന്റെ അഭിനയ മികവ് ഒരു പടി മുന്നില്‍ തന്നെ നിന്നു. ആദ്യ ഭാഗത്തിലെന്ന പോലെ ഐ.ജി ഗീതാ പ്രഭാകര്‍ ആയുള്ള ആശാ ശരത്തിന്റെ പ്രകടനമാണ് ദൃശ്യത്തിലെ കഥാപാത്ര സൃഷ്ടികളിലെ മികവുകളിലൊന്ന്. അമ്മ, അന്വേഷണോദ്യോഗസ്ഥ, ഭാര്യ എന്നീ ഭാവങ്ങള്‍ മാറിമറിയുന്ന അതിശക്തമായ കഥാപാത്രം ചില വേളകളില്‍ നായകനെ പോലും അപ്രസക്തമാക്കുന്ന പ്രകടനം കൊണ്ടാണ് അംഗീകരിക്കപ്പെടുന്നത്.
ആദ്യ ഭാഗത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍ അത്യധികം ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയുടെ ഐ.ജി തോമസ് ബാസ്റ്റിന്‍ ആണ് നായകനെ എതിരിട്ട് നായകനോളം മികവു കാട്ടുന്ന പോലീസ് കഥാപാത്രമാകുന്നത്. സഹദേവന്‍ ഷാജോണിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നെങ്കില്‍ മുരളി ഗോപിയുടെ കരിയറിലും വഴിത്തിരിവാകുന്ന കഥാപാത്രമാണ് തോമസ് ബാസ്റ്റിന്‍. സിദ്ദിഖ്, അന്‍സിബ ഹസന്‍ എന്നിവരും മികച്ച പ്രകടനം ആവര്‍ത്തിക്കുന്നു.
100 ശതമാനം സീറ്റുകളുമായി തിയേറ്ററുകള്‍ തുറന്നിടുന്ന രോഗാതുരമല്ലാത്ത ഒരു കാലമായിരുന്നെങ്കില്‍ മലയാളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ റിലീസും നിലവിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്യുമായിരുന്ന ഒരു സിനിമയാണ് ചെറിയ സ്‌ക്രീനുകളിലെ തീരെച്ചെറിയ നാലതിരുകളില്‍ ഒതുങ്ങിപ്പോകുന്നത്. എന്നാല്‍ ദൃശ്യം പോലൊരു സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ചൈനയില്‍ വരെ റീമേക്ക് സംഭവിച്ച ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നവര്‍ മലയാളികള്‍ മാത്രമല്ലെന്നു സാരം. അപ്പോള്‍ ഈ ഒ.ടി.ടി റിലീസിന്റെ സാധ്യത ഏറെ വലുതാണെന്നും അനുമാനിക്കാം.
സ്ത്രീശബ്ദം, 2021 മാര്‍ച്ച്
No comments:
Post a Comment