Sunday, 26 September 2021

പാരമ്പര്യത്തിന്റെ ഊടും പാവും നെയ്ത് കസവുകട


യഥാര്‍ഥ കൈത്തറിക്ക് കീര്‍ത്തികേട്ട ബാലരാമപുരം കൈത്തറി ഗ്രാമത്തില്‍ നിന്നാണ് കസവുകടയുടെ പിറവി. വേരുകള്‍ സിലോണില്‍ നിന്നും. ഒരു നൂറ്റാണ്ടിനു മുമ്പാണ് സിലോണില്‍ നിന്നുള്ള നെയ്ത്തുകാരുടെ കുടുംബം തിരുവനന്തപുരം പെരിങ്ങമ്മല ഗ്രാമത്തില്‍ എത്തിയത്. സിലോണ്‍ നെയ്ത്തുകാരുടെ പാരമ്പര്യം പിന്നീട് അഞ്ച് തലമുറകളിലേക്കു പടര്‍ന്നു. കൈത്തറിയുടെയും കസവിന്റെയും അത്ഭുതങ്ങള്‍ പിറന്ന ദേശമായി പെരിങ്ങമ്മലയും സത്യസന്ധമായ നെയ്ത്തിന്റെയും അസ്സല്‍ കസവിന്റെയും അവസാന പേരായി കസവുകടയും മാറി.

ഗുണനിലവാരവും സത്യസന്ധതയും നിലനിര്‍ത്തിയാല്‍ പരാജയപ്പെടില്ല എന്നതാണ് കസവുകടയുടെ വിജയരഹസ്യം. തലമുറകളായി കൈമാറിവന്ന നെയ്ത്തു പാരമ്പര്യം അവര്‍ അതേപടി നിലനിര്‍ത്തിപ്പോരുന്നു. സ്വന്തം കൈത്തറി യൂണിറ്റുകളില്‍ നിന്നാണ് കസവുകടയിലേക്കുള്ള വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. അതിലൂടെ പതിറ്റാണ്ടുകളായി നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിപ്പോരുന്നു. തൊഴിലാളികളോടുള്ള ഇഴയടുപ്പം ഉപഭോക്താക്കളോടും പുലര്‍ത്തുന്നിടത്താണ് വിപണിയില്‍ കസവുകടയ്ക്ക് വ്യത്യസ്തയും വിശ്വാസ്യതയുമേറുന്നത്. യഥാര്‍ഥ കസവും കൈത്തറിയും കിട്ടുന്ന സ്ഥാപനം എന്ന പേര് കസവുകടയ്ക്ക് ഉപഭോക്താക്കള്‍ നല്‍കി. ആ വിശ്വാസ്യത ഇന്നും കൈവിടാതെ കാക്കുന്നു.

ഉപഭോക്താക്കളുമായി ഒരു കുടുംബ ബന്ധം സൂക്ഷിക്കുന്നതാണ് കസവുകടയുടെ പ്രത്യേകത. വെറുമൊരു ടെക്‌സ്റ്റൈല്‍സ് കച്ചവട രീതി അല്ല. ഉപഭോക്താവിന്റെ താത്പര്യമനുസരിച്ചുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കുന്നിടത്ത് തുടങ്ങുന്ന ബന്ധം എക്കാലത്തേക്കുമുള്ള ഈടുവയ്പായി മാറുന്നു. തുണിയെടുത്തു കടവിട്ടിറങ്ങുന്നതോടെ ബന്ധം അവസാനിക്കുന്നില്ല. ഇങ്ങനെ പല തലമുറകളിലേക്കു നീളുന്ന ബന്ധങ്ങള്‍ തന്നെയാണ് കസവുകടയുടെ കരുത്ത്. കസവിന് ലൈം ടൈം വാലിഡിറ്റി ഉറപ്പുനല്‍കുമ്പോള്‍ തന്നെ ഉപഭോക്താവുമായുള്ള ബന്ധത്തിലേക്കു കൂടി അതു വളരുന്നു. 

മുഹൂര്‍ത്ത സാരിയും സെറ്റ് മുണ്ടും പുടവയും യഥാര്‍ഥ കസവില്‍ നെയ്‌തെടുക്കുന്നതാണ് കസവുകടയുടെ പാരമ്പര്യം. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്നത് കസവുകട ധൈര്യസമേതം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു ഉറപ്പാണ്.

സ്വന്തം തറികളില്‍ കരവിരുതോടെ നെയ്‌തെടുത്ത് സ്വന്തം കുടുംബത്തിനെന്ന പോലെ തയ്യാറാക്കുന്നതാണ് കസവുകടയുടെ ഓരോ വസ്ത്രവും. മൃഗക്കൊഴുപ്പും കൃത്രിമക്കൊഴുപ്പും ചേര്‍ക്കില്ല. പരുത്തിനൂലില്‍ കഞ്ഞിപ്പശയും വെളിച്ചെണ്ണയും ഉപയോഗിച്ചാണ് പാവുകള്‍ ഉണ്ടാക്കുന്നത്. പ്രകൃതിയുമായി ഇഴചേര്‍ത്ത് നെയ്‌തെടുക്കുന്ന കൂട്ടുകള്‍. പുലര്‍ച്ചെ അഞ്ചു മുതല്‍ പത്തു വരെയുള്ള ഇളംവെയിലിലാണ് പാവ് ഉണക്കിയെടുക്കുന്നത്. അതുകൊണ്ട് വസ്ത്രങ്ങളുടെ തനത് നിറം മങ്ങാതെ സൂക്ഷിക്കാനാകുന്നു. കസവ് വസ്ത്രങ്ങള്‍ക്ക് നിറം പകരാനായി പച്ചിലകളും കായ്കനികളും ചേര്‍ത്തുണ്ടാക്കുന്ന ജൈവിക നിറങ്ങളാണ് ഉപയോഗിക്കുന്നത്. അങ്ങനെ നൂറു ശതമാനം പ്രകൃതിയോട് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ഇവിടെ രൂപമെടുക്കുന്നത്.

കൈത്തറി നിര്‍മ്മാണത്തില്‍ 100 വര്‍ഷത്തെയും വിപണനത്തില്‍ 50 വര്‍ഷത്തെയും പാരമ്പര്യവുമായാണ് കസവുകടയുടെ ആദ്യ ഷോറും 1993ല്‍ എറണാകുളം ചര്‍ച്ച് ലാന്റ് റോഡില്‍ ആരംഭിക്കുന്നത്. കസവുമായുള്ള മലയാളിയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യഥാര്‍ഥ കസവിന് കേരളത്തില്‍ വിപണി ഇല്ലായിരുന്നു. ആ ഇടത്തിലേക്കാണ് കസവുകടയെത്തുന്നത്. തുടക്കത്തില്‍ കച്ചവടമില്ലാതെ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഒരു വര്‍ഷത്തിനു ശേഷം കാര്യങ്ങള്‍ നേരെയായി. കസവുകടയെ തേടി ആളുകള്‍ എത്തിത്തുടങ്ങി. കൈത്തറിയുടെ യഥാര്‍ഥ സ്വഭാവം ആളുകളില്‍ എത്തിച്ചതായിരുന്നു കസവുകടയുടെ വിജയം. യഥാര്‍ഥ കസവും കൈത്തറിയും കിട്ടുന്ന കടയെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കസവുകടയെക്കുറിച്ച് ആളുകള്‍ പരസ്പരം നല്ല അഭിപ്രായം പറഞ്ഞുതുടങ്ങി. കേട്ടറിഞ്ഞവര്‍ ചര്‍ച്ച് ലാന്റ് റോഡിലെ സ്ഥാപനത്തിലേക്ക് വന്നു. ഈ ജനകീയത ആത്മവിശ്വാസമേകി.

എറണാകുളത്തെ വിജയത്തെ തുടര്‍ന്ന് കസവുകട കോഴിക്കോട്ട് തുടങ്ങി. പിന്നാലെ കോട്ടയം, തലശ്ശേരി, തൃശ്ശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, തിരുവല്ല, കോട്ടക്കല്‍ എന്നിവിടങ്ങളിലായി 11 ഷോറൂമുകള്‍ കസവുകടയുടേതായി ഉപഭോക്താക്കളിലേക്കെത്തി. 11 കടകള്‍ക്കു പുറമേ പെരിങ്ങമ്മലയില്‍ നവീകരിച്ച വിശാലമായ കൈത്തറി നിര്‍മ്മാണ യൂണിറ്റും വില്പശനശാലയും കുഴിത്തറി ഉള്‍പ്പെടെയുള്ള പഴയ നിര്‍മ്മാണ ശാലയുമുണ്ട്.

കസവും കൈത്തറിയും മധ്യവയസ്സ് പിന്നിട്ടവര്‍ക്കുള്ളതാണെന്ന സങ്കല്പം കസവുകട മാറ്റുകയായിരുന്നു. കൈത്തറിയുടെ മാഹാത്മ്യം പുതിയ തലമുറയ്ക്കും ചേരും എന്ന ആശയം അവര്‍ക്കിണങ്ങളുന്ന വസ്ത്രങ്ങള്‍ ലഭ്യമാക്കിയതിലൂടെ കസവുകട തെളിയിച്ചു. കസവ് ചുരിദാര്‍ മെറ്റീരിയലുകള്‍ വൈ ടു കെ എന്ന പേരില്‍ ആദ്യമായി പരിചയപ്പെടുത്തി. 2000ല്‍ ആയിരുന്നു ഇത്. ഇപ്പോള്‍ ഏറ്റവും പുതിയ ഫാഷന്‍ എന്ന നിലയിലേക്ക് കൈത്തറി വസ്ത്രങ്ങള്‍ മാറി. ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ ലോകത്ത് എവിടെ നിന്നും കസവുകടയിലെ വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നതും പുതുതലമുറയെ ആകര്‍ഷിക്കുന്നു. 

ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്ത് നല്‍കുന്നതിനു തുടക്കമിട്ടതും കസവുകടയാണ്. വിവാഹത്തിനായി വരന്റെയും വധുവിന്റെയും ഇഷ്ടമനുസരിച്ചുള്ള പുടവയും സാരിയും സില്‍ക്ക് സാരിയും സെറ്റ് മുണ്ടും ഡബിള്‍ മുണ്ടും മാച്ചിംഗ് ഷര്‍ട്ടുമെല്ലാം മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി വാങ്ങാനുള്ള സൗകര്യവും കസവുകടയുടെ സവിശേഷതയാണ്. കൈത്തറിക്കു വേണ്ടി മാത്രമുള്ള പരസ്യങ്ങള്‍ക്കു തുടക്കമിട്ടതും കസവുകടയാണ്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പോലും കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നത്.

ഒട്ടേറെ പരമ്പരാഗത നെയ്ത്തുതൊഴിലാളികള്‍ വീടുകളിലിരുന്ന് കസവുകടയ്ക്കു വേണ്ടി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നു. ഇവരാണ് കസവുകടയെ മുന്നോട്ടുനയിക്കുന്ന ശക്തിയെന്ന് സ്ഥാപനത്തിന്റെ ചുമതലക്കാരായ എസ്.സുശീലനും ഭാര്യ വനജ സുശീലനും പറയുന്നു. മക്കളായ നന്ദുവും ചന്തുവും അച്ഛനും അമ്മയ്ക്കുമൊപ്പം കസവുകടയുടെ നടത്തിപ്പുകാരായി സജീവമാണ്. കസവുകടയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് പരമ്പരാഗത തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതു തന്നെയാണ് ഏറ്റവും വലിയ ചാരിതാര്‍ഥ്യമെന്ന് സുശീലനും വനജയും കരുതുന്നു. അതുകൊണ്ടുതന്നെ മക്കള്‍ മറ്റൊരു തൊഴില്‍ മേഖലയിലേക്ക് പോകാതെ കസവുകടയുടെ നടത്തിപ്പുകാരായി ഉണ്ടാകണമെന്നതും അവരുടെ തീരുമാനമായിരുന്നു.

നെയ്ത്തിന് ഭാവിയില്ല എന്ന് കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് സുശീലന്‍ പറയുന്നു. പാരമ്പര്യത്തിന്റെ അടിത്തറയുള്ള സത്യമുള്ള തൊഴിലാണിത്. ഒരിക്കലും നശിക്കില്ല. ഈ തൊഴിലാളികളെ നിലനിര്‍ത്തുന്നത് കസവുകടയെ പോലെ പാരമ്പര്യമുള്ള സ്വകാര്യ സംരംഭങ്ങളാണ്. എന്നാല്‍ നെയ്ത്തുതൊഴിലിനും തൊഴിലാളിക്കും സമൂഹത്തില്‍ കൂടുതല്‍ മാന്യത ലഭിക്കുവാന്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കൂടി അര്‍ഹമായ പരിഗണന കിട്ടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നെയ്ത്തിനെ തൊഴിലധിഷ്ഠിത കോഴ്‌സ് ആയി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക വഴി അര്‍ഹമായ സ്ഥാനം സമൂഹത്തില്‍ ലഭിച്ചേക്കുമെന്നും കൈത്തറി പരിശീനത്തിനായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വപ്‌നം മനസ്സില്‍ സൂക്ഷിക്കുന്ന സുശീലന്‍ പറയുന്നു.

ഗൃഹലക്ഷ്മി, 2021 ഓഗസ്റ്റ് 1-15

Tuesday, 21 September 2021

ആഖ്യാനത്തില്‍ പുതുമ തീര്‍ക്കുന്ന ജോജി


പൂര്‍വ മാതൃകകളില്ലാത്ത ഒരു പുതിയ സിനിമ സൃഷ്ടിക്കുക എന്നത് ചലച്ചിത്രകാരനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അപൂര്‍വമായി മാത്രമാണ് അത്തരം സിനിമകള്‍ സംഭവിക്കുക. അത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇത്തരം വ്യത്യസ്ത പരിശ്രമങ്ങളെ മറികടക്കുകയെന്നതാണ് പിന്തുടര്‍ന്നു വരുന്ന സിനിമകളുടെ സാധ്യത.

തന്റെ സിനിമകളില്‍ ആഖ്യാനത്തില്‍ കൊണ്ടുവന്ന പുതുമയിലൂടെയാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ മുഖ്യധാരയിലേക്ക് ഉയരുന്നത്. മഹേഷിന്റ പ്രതികാരം എന്ന സിനിമയുടെ കഥപറച്ചില്‍ രീതി നിലനില്‍ക്കുന്ന ആഖ്യാന സമ്പ്രദായങ്ങളെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. ഒരു മാലയില്‍ മുത്തുകോര്‍ക്കുന്നതു പോലെ സീനുകള്‍ തമ്മിലുള്ള ഇഴചേര്‍ച്ച മഹേഷിന്റെ പ്രതികാരത്തിന്റെ കാഴ്ചയെ മിഴിവുറ്റതാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന രണ്ടാമത്തെ സിനിമയില്‍ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന അഖ്യാനത്തിലായിരുന്നു ദിലീഷ് പോത്തന്റെ ശ്രദ്ധ.

ചെറിയ കഥാതന്തുവിനെ വിശ്വസനീയവും രസകരവുമായി വികസിപ്പിക്കുന്ന ആഖ്യാനശൈലി കൊണ്ടാണ് ഈ രണ്ടു സിനിമകളും കാണികളോട് എളുപ്പത്തില്‍ താദാത്മ്യം പ്രാപിച്ചത്. ഓരോ ഷോട്ടിലും പുലര്‍ത്തുന്ന സൂക്ഷ്മതയും പുതുമയും അത് പ്രമേയത്തോടു ചേരുമ്പോഴുള്ള വിശ്വസനീയതയും സിനിമകളുടെ ആകെ കാഴ്ചയ്ക്കു തന്നെ ഗുണം ചെയ്തു. ചെറിയ കാര്യങ്ങളില്‍ പോലും ദിലീഷ് പോത്തന്‍ പുലര്‍ത്തിപ്പോരുന്ന ജാഗ്രതയെ ആരാധകര്‍ 'പോത്തേട്ടന്‍സ് ബ്രില്യന്‍സ്' എന്ന വിശേഷണം നല്‍കി വിളിച്ചു. സിനിമയുടെ ആഖ്യനത്തിലെ നവീനതയില്‍ ദിലീഷ് പോത്തന്‍ കൊണ്ടുവന്ന പരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമായി ഈ വിശേഷണത്തെ കാണാം.


ബ്രില്യന്‍സ് എന്ന വാക്കുമായി ദിലീഷ് പോത്തനെ കൊരുത്തിടുന്നതില്‍ അതിശയോക്തിയില്ലെന്ന് അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയും ശരിവയ്ക്കുന്നു. തന്റെ സിനിമയിലെ ഓരോ ഷോട്ടിലും അത്രയധികം സൂക്ഷ്മത പുലര്‍ത്തുകയും ആ പൂര്‍ണത കാണികള്‍ക്ക് അനുഭവിക്കാനാകുകയും ചെയ്യുന്നിടത്താണ് ഈ സംവിധായകന്റെ ബ്രില്യന്‍സ് വിജയം കാണുന്നത്. ആഖ്യാനത്തില്‍ ആവര്‍ത്തനമില്ലാത്ത ഏറ്റവും പുതിയ സിനിമ ഉണ്ടാക്കിയെടുക്കുകയെന്ന ചലച്ചിത്രകാരനു മുന്നിലെ വെല്ലുവിളി ദിലീഷ് പോത്തന്‍ ഏറ്റവും ലളിതമായി മറികടക്കുന്നു. അങ്ങനെ പൂര്‍വഭാരങ്ങളില്ലാത്ത പുതുമയാര്‍ന്ന കാഴ്ചാനുഭവം കാണികള്‍ക്ക് സാധ്യമാകുന്നു.

ദിലീഷ് പോത്തന്റെ പുതിയ സിനിമയായ ജോജി മലയാളത്തിന് അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കാവുന്ന ലോകസിനിമയാണ്. പനച്ചേല്‍ കുട്ടപ്പന്‍ എന്ന സമ്പന്നനും ഏകാധിപതിയുമായ മനുഷ്യനും അയാളുടെ ദുരാഗ്രഹികളായ മക്കളും അവരുടെ ജീവിതവും സംഘര്‍ഷങ്ങളും പതനവും ദേശത്തിനും ഭാഷയ്ക്കപ്പുറമുള്ള ബിംബങ്ങളാണ്. അങ്ങനെയാണ് ജോജി മലയാള സിനിമയുടെ അതിരില്‍ നിന്നും വളര്‍ച്ച പ്രാപിക്കുന്നതും ഷേക്സ്പീരിയന്‍ ദുരന്ത നാടകമായ മാക്ബത്തിന്റെ കഥാപരിസരത്തെ ഓര്‍മ്മിപ്പിക്കുന്നതും. മാക്ബത്തിന്റെ കേന്ദ്ര ആശയത്തിന്റെ സ്വാധീനം ഉണ്ടെന്നല്ലാതെ പ്രമേയത്തോട് ജോജിക്ക് സാമ്യമില്ല. അധ്വാനം, അധികാര മോഹം, സമ്പത്തിനോടുള്ള ആര്‍ത്തി, സ്വാര്‍ഥത, വഞ്ചന, ചതി, ബന്ധങ്ങളിലെ നിരര്‍ഥകത തുടങ്ങി മനുഷ്യന്റെ പുറന്തോടിലൂടെയും ഉള്ളറകളിലൂടെയുമാണ് ജോജിയുടെ സഞ്ചാരം. പനച്ചേല്‍ കുട്ടപ്പന്റെ മക്കള്‍ വിഭിന്ന സ്വഭാവക്കാരാണ്. മൂത്തയാള്‍ക്ക് അച്ഛന്റെ അധ്വാനശേഷി കിട്ടിയിട്ടുണ്ട്. രണ്ടാമത്തെയാള്‍ക്ക് കാര്യബോധവും. ഈ വക യാതൊരു ഗുണവുമില്ലാത്തയാളാണ് ജോജി. എന്നാല്‍ മനുഷ്യന്റെയുള്ളിലെ ധുരയും വഞ്ചനയും അയാളില്‍ ആവോളമുണ്ട്. ഈ കഥാപാത്രത്തിന്റെ നെഗറ്റീവ് ഷേഡിലേക്കു തന്നെയാണ് സിനിമയുടെ പ്രധാന നോട്ടം. അതിനെ കേന്ദ്രീകരിച്ചാണ് സംഭവങ്ങളും സംഘര്‍ഷങ്ങളും മുന്നോട്ടു പോകുന്നതും.

 പൂര്‍ണ സമയവും കാണികളുടെ ശ്രദ്ധ സ്‌ക്രീനില്‍ പതിച്ചിടുന്ന ദിലീഷ് പോത്തന്‍ മാജിക് ജോജിയിലും ആവര്‍ത്തിക്കുന്നു. ടൈറ്റില്‍ കാര്‍ഡിനൊപ്പം ഓണ്‍ലൈന്‍ ഡെലിവെറിക്കാരന്റെ ബൈക്ക് യാത്രയുടെ ഏരിയല്‍ ഷോട്ടില്‍ തുടങ്ങി റബ്ബര്‍ തോട്ടത്തിനു നടുവിലെ പനച്ചേല്‍ തറവാടിന്റെ ദൃശ്യത്തില്‍ അവസാനിക്കുന്ന ഒന്നേമുക്കാല്‍ മണിക്കൂറില്‍ ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കാണികളുടെ ശ്രദ്ധ മാറില്ല. അത്ര സൂക്ഷ്മതയും ഒഴുക്കുമുള്ള കാഴ്ചയാണ് സിനിമ സാധ്യമാക്കുന്നത്. ആദ്യ ഷോട്ടില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കാരന്‍ പനച്ചേല്‍ തറവാട്ടിലേക്ക് കൊണ്ടുവരുന്ന തോക്ക് സിനിമയിലുടനീളം സാന്നിധ്യമായി നില നില്‍ക്കുന്നു.

 


മഹേഷിന്റെ പ്രതികാരത്തില്‍ ഇടുക്കിയെയും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കാസര്‍കോടിനെയും പുതിയ ഭൂമികകളായി മലയാള സിനിമയില്‍ അവതരിപ്പിച്ച ദിലീഷ് പോത്തന്‍ ഇക്കുറി മധ്യ തിരുവിതാംകൂറിലെ എരുമേലിയാണ് കഥാ പശ്ചാത്തലമാക്കുന്നത്. മലയാള സിനിമ ചൂഷണം ചെയ്യാതിരുന്ന ഒരു പ്രദേശത്തിന് ഷൈജു ഖാലിദിന്റെ ക്യാമറ മിഴിവേറ്റുകയും ചെയ്യുന്നു. കഥാപരിസരത്ത് തുടങ്ങുന്ന പുതുമ സിനിമയുടെ മറ്റെല്ലാ ഘടകങ്ങളിലും സൂക്ഷ്മമായി അവലംബിക്കാന്‍ സാധിച്ചിട്ടുണ്ട്.

 ഓരോ ഷോട്ടിലുമുള്ള കൃത്യമായ ഉദ്ദേശ്യവും അതിന്റെ പൂര്‍ണതയും, അത് സീക്വന്‍സുകളില്‍ ഉണ്ടാക്കുന്ന ആകര്‍ഷണീയതയും തുടര്‍ച്ചയും, അവതരണത്തിലെ പുതുമ, അഭിനേതാക്കളെ തെരഞ്ഞെടുത്തതിലെ മികവ്, ഷേക്‌സപിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ തിരക്കഥയ്ക്ക് ക്ലാസിക്ക് അനുഭവം നല്‍കുന്ന പശ്ചാത്തല സംഗീതം, അനുഭവ പരിസരത്തോട് അടുത്തു നില്‍ക്കുന്ന സംഭാഷണങ്ങള്‍ എന്നിങ്ങനെ ഓരോ ഘടകങ്ങളിലും പൂര്‍ണതയുള്ള കാഴ്ചാനുഭവമായി ജോജി മാറുന്നു.

 ഈയടുത്ത് റിലീസ് ചെയ്ത ഇരുള്‍ എന്ന സിനിമയില്‍ ഫഹദിന്റെ അഭിനയശൈലി ടൈപ്പ് ചെയ്യുന്നതായി കാണികള്‍ക്ക് അനുഭവപ്പെട്ടെങ്കില്‍ ദിലീഷ് പോത്തന്റെ കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ ഇതെല്ലാം മറികടന്ന് പതിവുപടി അനായാസേന വിസ്മയം തീര്‍ക്കുന്ന നടനായി ഫഹദ് മാറുന്നു. ബാബുരാജിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രം ഉള്‍പ്പെടെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും ഈ സിനിമ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

സ്ത്രീശബ്ദം, 2021 മേയ്‌

Wednesday, 15 September 2021

ഫീല്‍ ഗുഡ് അല്ലാത്ത ജിസ് ജോയ് മൂവി


അതിശക്തമായ പ്രമേയങ്ങളൊന്നും കൈകാര്യം ചെയ്യാതെ ലളിതമായ ജീവിത സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി വിഷയത്തോട് നീതി പുലര്‍ത്തും വിധം അവതരിപ്പിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. സിനിമാ ഡബ്ബിംഗ് മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു പോന്ന ജിസ് ജോയ് 2013 ല്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെയാണ് സംവിധാന മേഖലയിലേക്ക് പ്രവേശിച്ചത്. മേക്കിംഗിലെ പുതുമയും സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനവും കൊണ്ട് വേറിട്ടു നില്‍ക്കുന്ന ചിത്രമായിരുന്നു ബൈസിക്കിള്‍ തീവ്‌സ്. പിന്നീട് ജിസ് ജോയിയുടേതായി പുറത്തുവന്ന സണ്‍ഡേ ഹോളിഡേ ആദ്യ സിനിമയേക്കാള്‍ അഭിപ്രായം നേടി. തുടര്‍ന്ന് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയും സണ്‍ഡേ ഹോളിഡേ പോലെ ലാളിത്യമുള്ള ആഖ്യാനശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകര്‍ക്ക് മടുപ്പ് നല്‍കാതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വിജയിച്ച ഈ മൂന്നു സിനിമകളും സാമാന്യം ഭേദപ്പെട്ട അഭിപ്രായവും തിയേറ്ററര്‍ വിജയവും നേടിയെടുത്തതോടെ മിനിമം ഗാരന്റിയുള്ള ഫീല്‍ ഗുഡ് സംവിധായകന്‍ എന്ന പേരെടുക്കാന്‍ ജിസ് ജോയിക്കായി.

മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ജിസ് ജോയിയുടെ പുതിയ സിനിമയില്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തിയ പ്രതീക്ഷയും ഈ മിനിമം ഗാരന്റിയും ഫീല്‍ ഗുഡ് കഥ പറച്ചില്‍ ശൈലിയും തന്നെയാണ്. എന്നാല്‍ പുതുമയില്ലാത്ത തിരക്കഥയും മുന്‍ ചിത്രങ്ങളുടെ ആഖ്യാന മാതൃക അതേപടി പിന്തുടരുകയും ചെയ്തതോടെ മോഹന്‍കുമാര്‍ ഫാന്‍സ് വിരസമായ കാഴ്ചയായി മാറുകയാണുണ്ടായത്. ഇതോടെ ആദ്യമായി ഒരു ജിസ് ജോയ് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ മുഖം തിരിച്ചു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ജിസ് ജോയ് സിനികളെല്ലാം പച്ച തൊടാറുള്ളത്. ഇത്തവണ പ്രേക്ഷകരില്‍ നിന്ന് ആ പിന്തുണ കിട്ടിയേക്കില്ല. കാണികളില്‍ പ്രത്യേകിച്ച് എന്തെങ്കിലും വികാരമോ അലയോ തീര്‍ക്കുന്നതില്‍ സിനിമ പൂര്‍ണമായി പരാജയപ്പെടുന്നു എന്നതു തന്നെയാണ് ഇതിനു കാരണം.


തന്റെ സിനിമകളില്‍ എന്തെല്ലാമാണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതു മാത്രം മുന്നില്‍കണ്ട് ജിസ് ജോയ് ഒരുക്കിയ ചിത്രമായിരുന്നു മോഹന്‍കുമാര്‍. ഇതിന്റെ പ്രശ്‌നങ്ങളെല്ലാം ഈ സിനിമയ്ക്കുണ്ട്. ചെറിയൊരു കഥാതന്തുവിനെ വികസിപ്പിക്കുകയും രസകരമായി പറഞ്ഞുപോകുകയും ചെയ്യുന്ന തന്റെ ശൈലി ഈ സിനിമയില്‍ സംവിധായകന് കൈമോശം വരുമ്പോള്‍ സിനിമയുടെ കാഴ്ചയുടെ ആകെ രസം തന്നെ ഇല്ലാതാകുന്നു. വിജയശൈലി അതേപടി പിന്തുടരുമ്പോള്‍ ഏതൊരു സംവിധായകനും സംഭവിക്കുന്നതു തന്നെയാണ് ജിസ് ജോയിക്കും ഈ സിനിമയില്‍ സംഭവിക്കുന്നത്. സംവിധായകന്‍ തന്നെ എഴുതിയ തിരക്കഥയും രസക്കൂട്ടുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയം പ്രാപിക്കുന്നു.

സാധാരണക്കാരായ മനുഷ്യരാണ് ജിസ് ജോയ് സിനിമകളിലെ കഥാപാത്രങ്ങളായി കടന്നുവരാറുള്ളത്. ഇവര്‍ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നവരും ചെറുകിട ജോലികള്‍ ചെയ്ത് ചെറിയ സന്തോഷങ്ങളുമായി കഴിഞ്ഞുപോകുന്നവരുമാണ്. മോഹന്‍കുമാറിലും ഇതിന് മാറ്റമില്ല. എന്നാല്‍ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അവരുടെ ജീവിത പശ്ചാത്തലവുമെല്ലാം മുന്‍ സിനിമകളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നിടത്താണ് പുതുമ ചോരുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പശ്ചാത്തലമാകുന്നു എന്നതാണ് മോഹന്‍കുമാറിലുള്ള ഏക പുതുമ. എന്നാല്‍ ആ കൗതുകം കൂടി രസം പകരുന്നതായി അവതരിപ്പിക്കാനാകുന്നില്ല എന്നിടത്താണ് പരാജയം. മുന്‍ സിനിമകളിലേതു പോലെ തുറന്ന ചിരിയോ നല്ല പാട്ടുകളോ പോലും മോഹന്‍കുമാര്‍ സാധ്യമാക്കുന്നില്ല. പശ്ചാത്തല സംഗീതത്തിലും സംഭാഷണങ്ങളിലും തുടങ്ങി കഥാപാത്രങ്ങളില്‍ പോലും മുന്‍ സിനിമകളിലെ ആവര്‍ത്തനം അരോചകമാകുന്നുണ്ട്. അലന്‍സിയറിന്റെയും കെ.പി.എ.സി ലളിതയുടെയുമെല്ലാം ശരീരഭാഷ സണ്‍ഡേ ഹോളിഡേയിലെ കഥാപാത്രങ്ങളിലേതു തന്നെയായി ചുരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന് പ്രത്യേകിച്ചൊരു പ്രാധാന്യവും കഥയിലില്ല. കുഞ്ചാക്കോ ബോബന്റെ താര, സാറ്റലൈറ്റ് മൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി സിനിമ ചെയ്യാനായതു കൊണ്ട് സംവിധായകന് അധികം കൈപൊള്ളില്ല.


മോഹന്‍കുമാറിന്റെ കാഴ്ചയില്‍ ചില വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമായിരിക്കും ബാക്കിനില്‍ക്കുക. ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന സിദ്ധിഖിന് മികച്ച ഭാവാഭിനയ ശേഷി പുറത്തെടുക്കാന്‍ ഒരിക്കല്‍കൂടി അവസരമൊരുക്കുന്ന സിനിമയാണിത്. സിദ്ധിഖ് നേരത്തെയും ഇതേ മാതൃകയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളതായതിനാല്‍ പുതുമ അവകാശപ്പെടാനാകില്ല. എങ്കിലും കഥാപാത്രത്തില്‍ തന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ ഈ നടനാകുന്നു. മുകേഷ് ആണ് പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്ന മറ്റൊരു നടന്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച നിര്‍മ്മാതാവ് കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പായി മോഹന്‍കുമാര്‍ ഫാന്‍സിലെ പ്രകാശ് മാത്യുവിനെ കാണാം. മെച്വേര്‍ഡ് ആക്ടിംഗ് വേണ്ടുന്ന വേഷങ്ങളില്‍ മുകേഷ് പുലര്‍ത്തുന്ന ജാഗ്രതയും കൈയടക്കവും കൊണ്ട് ഈ കഥാപാത്രവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റും. മോഹന്‍കുമാര്‍ ഫാന്‍സില്‍ ഏറ്റവുമധികം എനര്‍ജി ലെവല്‍ ഉള്ള കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റെ യംഗ് സൂപ്പര്‍സ്റ്റാര്‍ ആഘോഷ് മേനോന്‍. സിനിമയുടെ വിരസമായ കാഴ്ചയില്‍ കാണികളെ അല്പമെങ്കിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതും ഈ കഥാപാത്രത്തിന്റെ രസികത്തം നിറഞ്ഞ ഭാവഹാവാദികളാണ്. 

പുതുമ നല്‍കാന്‍ ശേഷിയുള്ള സംവിധായകനും എഴുത്തുകാരനുമെന്ന നിലയില്‍ മുന്‍പത്തെ നാലു സിനിമകളുടെയും ബാധകളൊഴിഞ്ഞ ഒരു സിനിമയായുരുക്കും ജിസ് ജോയിയില്‍ നിന്ന് ഇനി പ്രേക്ഷകര്‍ പ്രതീക്ഷിക്കുക.

സ്ത്രീശബ്ദം, 2021 ഏപ്രില്‍