അതിശക്തമായ പ്രമേയങ്ങളൊന്നും കൈകാര്യം ചെയ്യാതെ ലളിതമായ ജീവിത സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി വിഷയത്തോട് നീതി പുലര്‍ത്തും വിധം അവതരിപ്പിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. സിനിമാ ഡബ്ബിംഗ് മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു പോന്ന ജിസ് ജോയ് 2013 ല്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെയാണ് സംവിധാന മേഖലയിലേക്ക് പ്രവേശിച്ചത്. മേക്കിംഗിലെ പുതുമയും സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനവും കൊണ്ട് വേറിട്ടു നില്‍ക്കുന്ന ചിത്രമായിരുന്നു ബൈസിക്കിള്‍ തീവ്‌സ്. പിന്നീട് ജിസ് ജോയിയുടേതായി പുറത്തുവന്ന സണ്‍ഡേ ഹോളിഡേ ആദ്യ സിനിമയേക്കാള്‍ അഭിപ്രായം നേടി. തുടര്‍ന്ന് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയും സണ്‍ഡേ ഹോളിഡേ പോലെ ലാളിത്യമുള്ള ആഖ്യാനശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകര്‍ക്ക് മടുപ്പ് നല്‍കാതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വിജയിച്ച ഈ മൂന്നു സിനിമകളും സാമാന്യം ഭേദപ്പെട്ട അഭിപ്രായവും തിയേറ്ററര്‍ വിജയവും നേടിയെടുത്തതോടെ മിനിമം ഗാരന്റിയുള്ള ഫീല്‍ ഗുഡ് സംവിധായകന്‍ എന്ന പേരെടുക്കാന്‍ ജിസ് ജോയിക്കായി.
മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ജിസ് ജോയിയുടെ പുതിയ സിനിമയില്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തിയ പ്രതീക്ഷയും ഈ മിനിമം ഗാരന്റിയും ഫീല്‍ ഗുഡ് കഥ പറച്ചില്‍ ശൈലിയും തന്നെയാണ്. എന്നാല്‍ പുതുമയില്ലാത്ത തിരക്കഥയും മുന്‍ ചിത്രങ്ങളുടെ ആഖ്യാന മാതൃക അതേപടി പിന്തുടരുകയും ചെയ്തതോടെ മോഹന്‍കുമാര്‍ ഫാന്‍സ് വിരസമായ കാഴ്ചയായി മാറുകയാണുണ്ടായത്. ഇതോടെ ആദ്യമായി ഒരു ജിസ് ജോയ് സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ മുഖം തിരിച്ചു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ജിസ് ജോയ് സിനികളെല്ലാം പച്ച തൊടാറുള്ളത്. ഇത്തവണ പ്രേക്ഷകരില്‍ നിന്ന് ആ പിന്തുണ കിട്ടിയേക്കില്ല. കാണികളില്‍ പ്രത്യേകിച്ച് എന്തെങ്കിലും വികാരമോ അലയോ തീര്‍ക്കുന്നതില്‍ സിനിമ പൂര്‍ണമായി പരാജയപ്പെടുന്നു എന്നതു തന്നെയാണ് ഇതിനു കാരണം.
തന്റെ സിനിമകളില്‍ എന്തെല്ലാമാണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതു മാത്രം മുന്നില്‍കണ്ട് ജിസ് ജോയ് ഒരുക്കിയ ചിത്രമായിരുന്നു മോഹന്‍കുമാര്‍. ഇതിന്റെ പ്രശ്‌നങ്ങളെല്ലാം ഈ സിനിമയ്ക്കുണ്ട്. ചെറിയൊരു കഥാതന്തുവിനെ വികസിപ്പിക്കുകയും രസകരമായി പറഞ്ഞുപോകുകയും ചെയ്യുന്ന തന്റെ ശൈലി ഈ സിനിമയില്‍ സംവിധായകന് കൈമോശം വരുമ്പോള്‍ സിനിമയുടെ കാഴ്ചയുടെ ആകെ രസം തന്നെ ഇല്ലാതാകുന്നു. വിജയശൈലി അതേപടി പിന്തുടരുമ്പോള്‍ ഏതൊരു സംവിധായകനും സംഭവിക്കുന്നതു തന്നെയാണ് ജിസ് ജോയിക്കും ഈ സിനിമയില്‍ സംഭവിക്കുന്നത്. സംവിധായകന്‍ തന്നെ എഴുതിയ തിരക്കഥയും രസക്കൂട്ടുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയം പ്രാപിക്കുന്നു.
സാധാരണക്കാരായ മനുഷ്യരാണ് ജിസ് ജോയ് സിനിമകളിലെ കഥാപാത്രങ്ങളായി കടന്നുവരാറുള്ളത്. ഇവര്‍ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നവരും ചെറുകിട ജോലികള്‍ ചെയ്ത് ചെറിയ സന്തോഷങ്ങളുമായി കഴിഞ്ഞുപോകുന്നവരുമാണ്. മോഹന്‍കുമാറിലും ഇതിന് മാറ്റമില്ല. എന്നാല്‍ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അവരുടെ ജീവിത പശ്ചാത്തലവുമെല്ലാം മുന്‍ സിനിമകളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നിടത്താണ് പുതുമ ചോരുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പശ്ചാത്തലമാകുന്നു എന്നതാണ് മോഹന്‍കുമാറിലുള്ള ഏക പുതുമ. എന്നാല്‍ ആ കൗതുകം കൂടി രസം പകരുന്നതായി അവതരിപ്പിക്കാനാകുന്നില്ല എന്നിടത്താണ് പരാജയം. മുന്‍ സിനിമകളിലേതു പോലെ തുറന്ന ചിരിയോ നല്ല പാട്ടുകളോ പോലും മോഹന്‍കുമാര്‍ സാധ്യമാക്കുന്നില്ല. പശ്ചാത്തല സംഗീതത്തിലും സംഭാഷണങ്ങളിലും തുടങ്ങി കഥാപാത്രങ്ങളില്‍ പോലും മുന്‍ സിനിമകളിലെ ആവര്‍ത്തനം അരോചകമാകുന്നുണ്ട്. അലന്‍സിയറിന്റെയും കെ.പി.എ.സി ലളിതയുടെയുമെല്ലാം ശരീരഭാഷ സണ്‍ഡേ ഹോളിഡേയിലെ കഥാപാത്രങ്ങളിലേതു തന്നെയായി ചുരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന് പ്രത്യേകിച്ചൊരു പ്രാധാന്യവും കഥയിലില്ല. കുഞ്ചാക്കോ ബോബന്റെ താര, സാറ്റലൈറ്റ് മൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി സിനിമ ചെയ്യാനായതു കൊണ്ട് സംവിധായകന് അധികം കൈപൊള്ളില്ല.
മോഹന്‍കുമാറിന്റെ കാഴ്ചയില്‍ ചില വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമായിരിക്കും ബാക്കിനില്‍ക്കുക. ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന സിദ്ധിഖിന് മികച്ച ഭാവാഭിനയ ശേഷി പുറത്തെടുക്കാന്‍ ഒരിക്കല്‍കൂടി അവസരമൊരുക്കുന്ന സിനിമയാണിത്. സിദ്ധിഖ് നേരത്തെയും ഇതേ മാതൃകയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളതായതിനാല്‍ പുതുമ അവകാശപ്പെടാനാകില്ല. എങ്കിലും കഥാപാത്രത്തില്‍ തന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ ഈ നടനാകുന്നു. മുകേഷ് ആണ് പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്ന മറ്റൊരു നടന്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരം എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച നിര്‍മ്മാതാവ് കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പായി മോഹന്‍കുമാര്‍ ഫാന്‍സിലെ പ്രകാശ് മാത്യുവിനെ കാണാം. മെച്വേര്‍ഡ് ആക്ടിംഗ് വേണ്ടുന്ന വേഷങ്ങളില്‍ മുകേഷ് പുലര്‍ത്തുന്ന ജാഗ്രതയും കൈയടക്കവും കൊണ്ട് ഈ കഥാപാത്രവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റും. മോഹന്‍കുമാര്‍ ഫാന്‍സില്‍ ഏറ്റവുമധികം എനര്‍ജി ലെവല്‍ ഉള്ള കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റെ യംഗ് സൂപ്പര്‍സ്റ്റാര്‍ ആഘോഷ് മേനോന്‍. സിനിമയുടെ വിരസമായ കാഴ്ചയില്‍ കാണികളെ അല്പമെങ്കിലും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതും ഈ കഥാപാത്രത്തിന്റെ രസികത്തം നിറഞ്ഞ ഭാവഹാവാദികളാണ്.
പുതുമ നല്‍കാന്‍ ശേഷിയുള്ള സംവിധായകനും എഴുത്തുകാരനുമെന്ന നിലയില്‍ മുന്‍പത്തെ നാലു സിനിമകളുടെയും ബാധകളൊഴിഞ്ഞ ഒരു സിനിമയായുരുക്കും ജിസ് ജോയിയില്‍ നിന്ന് ഇനി പ്രേക്ഷകര്‍ പ്രതീക്ഷിക്കുക.
സ്ത്രീശബ്ദം, 2021 ഏപ്രില്‍
No comments:
Post a Comment