പൂര്‍വ മാതൃകകളില്ലാത്ത ഒരു പുതിയ സിനിമ സൃഷ്ടിക്കുക എന്നത് ചലച്ചിത്രകാരനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അപൂര്‍വമായി മാത്രമാണ് അത്തരം സിനിമകള്‍ സംഭവിക്കുക. അത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇത്തരം വ്യത്യസ്ത പരിശ്രമങ്ങളെ മറികടക്കുകയെന്നതാണ് പിന്തുടര്‍ന്നു വരുന്ന സിനിമകളുടെ സാധ്യത.
തന്റെ സിനിമകളില്‍ ആഖ്യാനത്തില്‍ കൊണ്ടുവന്ന പുതുമയിലൂടെയാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ മുഖ്യധാരയിലേക്ക് ഉയരുന്നത്. മഹേഷിന്റ പ്രതികാരം എന്ന സിനിമയുടെ കഥപറച്ചില്‍ രീതി നിലനില്‍ക്കുന്ന ആഖ്യാന സമ്പ്രദായങ്ങളെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. ഒരു മാലയില്‍ മുത്തുകോര്‍ക്കുന്നതു പോലെ സീനുകള്‍ തമ്മിലുള്ള ഇഴചേര്‍ച്ച മഹേഷിന്റെ പ്രതികാരത്തിന്റെ കാഴ്ചയെ മിഴിവുറ്റതാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന രണ്ടാമത്തെ സിനിമയില്‍ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന അഖ്യാനത്തിലായിരുന്നു ദിലീഷ് പോത്തന്റെ ശ്രദ്ധ.
ചെറിയ കഥാതന്തുവിനെ വിശ്വസനീയവും രസകരവുമായി വികസിപ്പിക്കുന്ന ആഖ്യാനശൈലി കൊണ്ടാണ് ഈ രണ്ടു സിനിമകളും കാണികളോട് എളുപ്പത്തില്‍ താദാത്മ്യം പ്രാപിച്ചത്. ഓരോ ഷോട്ടിലും പുലര്‍ത്തുന്ന സൂക്ഷ്മതയും പുതുമയും അത് പ്രമേയത്തോടു ചേരുമ്പോഴുള്ള വിശ്വസനീയതയും സിനിമകളുടെ ആകെ കാഴ്ചയ്ക്കു തന്നെ ഗുണം ചെയ്തു. ചെറിയ കാര്യങ്ങളില്‍ പോലും ദിലീഷ് പോത്തന്‍ പുലര്‍ത്തിപ്പോരുന്ന ജാഗ്രതയെ ആരാധകര്‍ 'പോത്തേട്ടന്‍സ് ബ്രില്യന്‍സ്' എന്ന വിശേഷണം നല്‍കി വിളിച്ചു. സിനിമയുടെ ആഖ്യനത്തിലെ നവീനതയില്‍ ദിലീഷ് പോത്തന്‍ കൊണ്ടുവന്ന പരീക്ഷണങ്ങള്‍ക്കുള്ള അംഗീകാരമായി ഈ വിശേഷണത്തെ കാണാം.
ബ്രില്യന്‍സ് എന്ന വാക്കുമായി ദിലീഷ് പോത്തനെ കൊരുത്തിടുന്നതില്‍ അതിശയോക്തിയില്ലെന്ന് അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയും ശരിവയ്ക്കുന്നു. തന്റെ സിനിമയിലെ ഓരോ ഷോട്ടിലും അത്രയധികം സൂക്ഷ്മത പുലര്‍ത്തുകയും ആ പൂര്‍ണത കാണികള്‍ക്ക് അനുഭവിക്കാനാകുകയും ചെയ്യുന്നിടത്താണ് ഈ സംവിധായകന്റെ ബ്രില്യന്‍സ് വിജയം കാണുന്നത്. ആഖ്യാനത്തില്‍ ആവര്‍ത്തനമില്ലാത്ത ഏറ്റവും പുതിയ സിനിമ ഉണ്ടാക്കിയെടുക്കുകയെന്ന ചലച്ചിത്രകാരനു മുന്നിലെ വെല്ലുവിളി ദിലീഷ് പോത്തന്‍ ഏറ്റവും ലളിതമായി മറികടക്കുന്നു. അങ്ങനെ പൂര്‍വഭാരങ്ങളില്ലാത്ത പുതുമയാര്‍ന്ന കാഴ്ചാനുഭവം കാണികള്‍ക്ക് സാധ്യമാകുന്നു.
ദിലീഷ് പോത്തന്റെ പുതിയ സിനിമയായ ജോജി മലയാളത്തിന് അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കാവുന്ന ലോകസിനിമയാണ്. പനച്ചേല്‍ കുട്ടപ്പന്‍ എന്ന സമ്പന്നനും ഏകാധിപതിയുമായ മനുഷ്യനും അയാളുടെ ദുരാഗ്രഹികളായ മക്കളും അവരുടെ ജീവിതവും സംഘര്‍ഷങ്ങളും പതനവും ദേശത്തിനും ഭാഷയ്ക്കപ്പുറമുള്ള ബിംബങ്ങളാണ്. അങ്ങനെയാണ് ജോജി മലയാള സിനിമയുടെ അതിരില്‍ നിന്നും വളര്‍ച്ച പ്രാപിക്കുന്നതും ഷേക്സ്പീരിയന്‍ ദുരന്ത നാടകമായ മാക്ബത്തിന്റെ കഥാപരിസരത്തെ ഓര്‍മ്മിപ്പിക്കുന്നതും. മാക്ബത്തിന്റെ കേന്ദ്ര ആശയത്തിന്റെ സ്വാധീനം ഉണ്ടെന്നല്ലാതെ പ്രമേയത്തോട് ജോജിക്ക് സാമ്യമില്ല. അധ്വാനം, അധികാര മോഹം, സമ്പത്തിനോടുള്ള ആര്‍ത്തി, സ്വാര്‍ഥത, വഞ്ചന, ചതി, ബന്ധങ്ങളിലെ നിരര്‍ഥകത തുടങ്ങി മനുഷ്യന്റെ പുറന്തോടിലൂടെയും ഉള്ളറകളിലൂടെയുമാണ് ജോജിയുടെ സഞ്ചാരം. പനച്ചേല്‍ കുട്ടപ്പന്റെ മക്കള്‍ വിഭിന്ന സ്വഭാവക്കാരാണ്. മൂത്തയാള്‍ക്ക് അച്ഛന്റെ അധ്വാനശേഷി കിട്ടിയിട്ടുണ്ട്. രണ്ടാമത്തെയാള്‍ക്ക് കാര്യബോധവും. ഈ വക യാതൊരു ഗുണവുമില്ലാത്തയാളാണ് ജോജി. എന്നാല്‍ മനുഷ്യന്റെയുള്ളിലെ ധുരയും വഞ്ചനയും അയാളില്‍ ആവോളമുണ്ട്. ഈ കഥാപാത്രത്തിന്റെ നെഗറ്റീവ് ഷേഡിലേക്കു തന്നെയാണ് സിനിമയുടെ പ്രധാന നോട്ടം. അതിനെ കേന്ദ്രീകരിച്ചാണ് സംഭവങ്ങളും സംഘര്‍ഷങ്ങളും മുന്നോട്ടു പോകുന്നതും.
പൂര്‍ണ സമയവും കാണികളുടെ ശ്രദ്ധ സ്‌ക്രീനില്‍ പതിച്ചിടുന്ന ദിലീഷ് പോത്തന്‍ മാജിക് ജോജിയിലും ആവര്‍ത്തിക്കുന്നു. ടൈറ്റില്‍ കാര്‍ഡിനൊപ്പം ഓണ്‍ലൈന്‍ ഡെലിവെറിക്കാരന്റെ ബൈക്ക് യാത്രയുടെ ഏരിയല്‍ ഷോട്ടില്‍ തുടങ്ങി റബ്ബര്‍ തോട്ടത്തിനു നടുവിലെ പനച്ചേല്‍ തറവാടിന്റെ ദൃശ്യത്തില്‍ അവസാനിക്കുന്ന ഒന്നേമുക്കാല്‍ മണിക്കൂറില്‍ ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കാണികളുടെ ശ്രദ്ധ മാറില്ല. അത്ര സൂക്ഷ്മതയും ഒഴുക്കുമുള്ള കാഴ്ചയാണ് സിനിമ സാധ്യമാക്കുന്നത്. ആദ്യ ഷോട്ടില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കാരന്‍ പനച്ചേല്‍ തറവാട്ടിലേക്ക് കൊണ്ടുവരുന്ന തോക്ക് സിനിമയിലുടനീളം സാന്നിധ്യമായി നില നില്‍ക്കുന്നു.
മഹേഷിന്റെ പ്രതികാരത്തില്‍ ഇടുക്കിയെയും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കാസര്‍കോടിനെയും പുതിയ ഭൂമികകളായി മലയാള സിനിമയില്‍ അവതരിപ്പിച്ച ദിലീഷ് പോത്തന്‍ ഇക്കുറി മധ്യ തിരുവിതാംകൂറിലെ എരുമേലിയാണ് കഥാ പശ്ചാത്തലമാക്കുന്നത്. മലയാള സിനിമ ചൂഷണം ചെയ്യാതിരുന്ന ഒരു പ്രദേശത്തിന് ഷൈജു ഖാലിദിന്റെ ക്യാമറ മിഴിവേറ്റുകയും ചെയ്യുന്നു. കഥാപരിസരത്ത് തുടങ്ങുന്ന പുതുമ സിനിമയുടെ മറ്റെല്ലാ ഘടകങ്ങളിലും സൂക്ഷ്മമായി അവലംബിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഓരോ ഷോട്ടിലുമുള്ള കൃത്യമായ ഉദ്ദേശ്യവും അതിന്റെ പൂര്‍ണതയും, അത് സീക്വന്‍സുകളില്‍ ഉണ്ടാക്കുന്ന ആകര്‍ഷണീയതയും തുടര്‍ച്ചയും, അവതരണത്തിലെ പുതുമ, അഭിനേതാക്കളെ തെരഞ്ഞെടുത്തതിലെ മികവ്, ഷേക്‌സപിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ തിരക്കഥയ്ക്ക് ക്ലാസിക്ക് അനുഭവം നല്‍കുന്ന പശ്ചാത്തല സംഗീതം, അനുഭവ പരിസരത്തോട് അടുത്തു നില്‍ക്കുന്ന സംഭാഷണങ്ങള്‍ എന്നിങ്ങനെ ഓരോ ഘടകങ്ങളിലും പൂര്‍ണതയുള്ള കാഴ്ചാനുഭവമായി ജോജി മാറുന്നു.
ഈയടുത്ത് റിലീസ് ചെയ്ത ഇരുള്‍ എന്ന സിനിമയില്‍ ഫഹദിന്റെ അഭിനയശൈലി ടൈപ്പ് ചെയ്യുന്നതായി കാണികള്‍ക്ക് അനുഭവപ്പെട്ടെങ്കില്‍ ദിലീഷ് പോത്തന്റെ കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ ഇതെല്ലാം മറികടന്ന് പതിവുപടി അനായാസേന വിസ്മയം തീര്‍ക്കുന്ന നടനായി ഫഹദ് മാറുന്നു. ബാബുരാജിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രം ഉള്‍പ്പെടെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും ഈ സിനിമ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
സ്ത്രീശബ്ദം, 2021 മേയ്
No comments:
Post a Comment