Saturday, 20 November 2021

കമല്‍ഹാസന്‍ സ്വപ്‌നം കണ്ടു; കോവിഡ് നടപ്പിലാക്കി- സിനിമകള്‍ ഒടിടിയിലേക്ക് പോകുമ്പോള്‍


2013 ല്‍ വിശ്വരൂപം എന്ന തന്റെ സിനിമയുടെ റിലീസ് വേളയില്‍, സിനിമകള്‍ നേരിട്ട് വീടുകളില്‍ റിലീസ് ചെയ്യുന്നതിന്റെ സാധ്യതയെപ്പറ്റി കമല്‍ഹാസന്‍ പറഞ്ഞിരുന്നു. വിശ്വരൂപം റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ അക്കാലത്തുതന്നെ യാഥാര്‍ഥ്യമായിരുന്ന രീതി അനുവര്‍ത്തിക്കുകയെന്ന ആശയമാണ് കമല്‍ഹാസന്‍ പങ്കുവച്ചത്. വിശ്വരൂപത്തിന്റെ റിലീസിന് തിയേറ്ററുകള്‍ അനുവദിച്ചില്ലെങ്കില്‍ ഹോം തിയേറ്റര്‍ സങ്കല്പം യാഥാര്‍ഥ്യമാക്കി തന്റെ സിനിമ റിലീസ് ചെയ്യാനായിരുന്നു കമലിന്റെ ആലോചന. സാങ്കേതികവിദ്യ ഇത്രകണ്ട് ജനകീയമാകാതിരുന്ന കാലത്ത് കമലിന്റെ നൂതനാശയത്തിന് സിനിമാലോകത്തില്‍നിന്ന് ഉള്‍പ്പെടെ വേണ്ടത്ര പിന്തുണ കിട്ടുകയുണ്ടായില്ല. വിശ്വരൂപം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ ആദ്യം റിലീസ് ചെയ്യുകയും വിവാദം കെട്ടടങ്ങിയതോടെ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതോടെ 'സിനിമ ഡയറക്ട് ടു ഹോം' എന്ന ചര്‍ച്ചയ്ക്ക് താത്കാലിക വിരാമമാകുകയും ചെയ്തു.

കേവലം എട്ടു വര്‍ഷത്തിനു ശേഷം ഒരു ഇന്‍ഡസ്ട്രിയിലെ സിനിമകളില്‍ പകുതി പങ്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി വീടുകളില്‍ ആളുകളുടെ സ്മാര്‍ട്ട് ഫോണില്‍ നേരിട്ട് റിലീസ് ചെയ്യുകയെന്ന രീതിയിലേക്ക് സിനിമാ വ്യവസായം മാറി. ഇത് തിയേറ്ററില്‍ നിന്ന് മാറിയുള്ള മറ്റൊരു തരം ആസ്വാദനശീലം ഉണ്ടാക്കിയെടുക്കുകയും ആളുകളെ കുറേക്കൂടി സിനിമ കാണുന്നവരാക്കി മാറ്റുകയും ചെയ്തു. സിനിമ കാണാന്‍ വേണ്ടത്ര തയ്യാറെടുപ്പുകളോ യാത്രയോ ഇല്ലാതെ അവനവന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് സ്മാര്‍ട്ട് ഫോണിലോ സ്മാര്‍ട്ട് ടെലിവിഷന്‍ സ്‌ക്രീനിലോ ഹോം തിയേറ്ററിലോ സിനിമ കാണാന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു ഈ മാറ്റം. 

കോവിഡ് പ്രതിസന്ധി രൂപപ്പെടുത്തിയ സാധ്യത

നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ മെട്രോകളിലും വ്യാപകമായിരുന്ന ഒടിടി സംസ്‌കാരം 2020 ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങളും തൊഴിലിടങ്ങളും അടച്ചിട്ടതോടെയാണ് ഇന്ത്യയില്‍ വ്യാപകമായത്. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തങ്ങിയ കാലത്ത് നേരമ്പോക്കിന് സിനിമ കാണുന്ന ശീലത്തിന് പൊതുവേ ഏറ്റമുണ്ടായി. ടെലിവിഷന്‍ ചാനലുകള്‍ വഴിയും ടെലിഗ്രാം പോലുള്ള ഷെയറിംഗ് ആപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നുള്ള ഡൗണ്‍ലോഡിംഗ് വഴിയും സിനിമ കാണുന്നവരുടെ എണ്ണത്തിലും കോവിഡ് കാലത്ത് വന്‍ വര്‍ധനവാണുണ്ടായത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ആഗോള ഒടിടി പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് സാമാന്യജനത്തിനിടയില്‍ ചര്‍ച്ചകള്‍ രൂപപ്പെട്ടതും ലോകം അടഞ്ഞുകിടന്ന ഈ നാളുകളിലാണ്. നേരത്തെ ഈ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നവരില്‍ നിന്നും ഗൂഗിള്‍ വഴി വിവരങ്ങള്‍ തേടിയും ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രൈബര്‍ ആകാന്‍ ആളുകള്‍ തിരക്കു കൂട്ടി. വലിയ ചെലവില്ലാതെ സിനിമകള്‍ കാണാമെന്നതായിരുന്നു ആളുകളെ ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് അടുപ്പിച്ചത്. 

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നത് തിരിച്ചറിഞ്ഞതോടെ നേരത്തെ വെബ് സീരീസുകളിലും വിനോദ പരിപാടികളിലും ഹോളിവുഡ് ഉള്‍പ്പെടെയുള്ള ആഗോള സിനിമകളുടെ മാര്‍ക്കറ്റിംഗിലും ശ്രദ്ധിച്ചിരുന്ന ഒടിടി ഭീമന്മാര്‍ പുതിയതും പഴയതുമായ പ്രാദേശിക സിനിമകളുടെ പ്രമോഷന്‍ കൂടി ഏറ്റെടുത്തു. ഇതോടെ ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന ചലച്ചിത്ര വ്യവസായങ്ങളിലെ പഴയ സൂപ്പര്‍ ഹിറ്റുകളെല്ലാം യൂ ട്യൂബിലേതിനേക്കാള്‍ 'ഹൈ ക്വാളിറ്റി'യുമായി ആമസോണ്‍ ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അവതരിച്ചു. ഇതിനു സമാന്തരമായി കോവിഡില്‍ റീലിസ് മുടങ്ങിക്കിടന്ന സിനിമകളുടെ റിലീസും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുത്തു. കോവിഡ് പ്രതിസന്ധി അയഞ്ഞ് തിയേറ്ററുകള്‍ എന്നു തുറക്കുമെന്ന് ഉറപ്പില്ലാതെ നഷ്ടത്തില്‍ കഴിഞ്ഞിരുന്ന ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു പിടിവള്ളിയായി. തിയേറ്റര്‍ റിലീസ് മാത്രമെന്ന് ഉറപ്പിച്ചിരുന്ന സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെയുള്ള സിനിമകള്‍ അതോടെ ഒടിടി റിലീസിന് തയ്യാറായി മുന്നോട്ടുവന്നു. ഒടിടിക്ക് വേണ്ടി മാത്രം നിര്‍മ്മിക്കപ്പെടുന്ന ഉള്ളടക്കത്തോടു കൂടിയ സിനിമകളും കോവിഡ് കാലത്തിന്റെ സൃഷ്ടിയായി. കോവിഡ് ഇളവുകളുടെ ഭാഗമായി ഇടയ്ക്ക് തുറന്നെങ്കിലും ഒന്നര വര്‍ഷത്തോളം ഒഴുക്ക് നഷ്ടപ്പെട്ട തിയേറ്ററുകള്‍ പഴയപടി ഊര്‍ജ്ജം ഇനിയും വീണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിലനില്പ് നിലവില്‍ സുസജ്ജമാണ്.


തിയേറ്റര്‍ മേഖലയില്‍ ഉയരുന്ന ആശങ്ക

ഒടിടികള്‍ പ്ലാറ്റ്‌ഫോമുകള്‍ വേരുറപ്പിച്ചു തുടങ്ങിയതോടെ ആശങ്ക സിനിമാ വ്യവസായത്തിനാകെയാണ്. പ്രത്യേകിച്ച് സിനിമയുടെ സാമ്പത്തിക ക്രയവിക്രയവുമായി ഏറ്റവുമടുത്തു നിലകൊള്ളുന്ന നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഉള്‍പ്പെടെയുള്ളവര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റം ഇവരില്‍ ഉണ്ടാക്കിയ ആശങ്ക അത്ര ചെറുതല്ല. കോവിഡ് വ്യാപനത്തിന് അയവു വന്നതോടെ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ തകര്‍ന്നുനില്‍ക്കുന്ന വ്യവസായത്തെ നേരെനിര്‍ത്താന്‍ പോന്ന സൂപ്പര്‍താര സിനിമകളിലായിരുന്നു ഇവരുടെയെല്ലാം നോട്ടം. ആദ്യഘട്ടത്തില്‍ ദൃശ്യം-2 പോലെ മലയാള സിനിമാ വ്യവസായത്തിന് ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന സിനിമകളിലൊന്ന് ആമസോണ്‍ പ്രൈമിലേക്ക് പോയി. പിന്നീട് പ്രതീക്ഷ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ടീമിന്റെ മാലിക്ക് എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലായിരുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം നീണ്ടതോടെ ഈ സിനിമയുടെ റിലീസും ഒടിടിയിലേക്കായി. കേരളത്തിലെ തിയേറ്റര്‍ വ്യവസായത്തിന് വലിയ തിരിച്ചടിയായിരുന്നു ഈ രണ്ട് സിനിമകളും ഒടിടിയിലേക്ക് പോയത്. എന്നാല്‍ ഇതിനേക്കാളൊക്കെ തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും ഉള്ളില്‍ തീ കോരിയിട്ടത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമില്‍ നിന്നുള്ള മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഒടിടി കച്ചവടമായിരുന്നു. 100 കോടി മുതല്‍മുടക്കുള്ള സിനിമ ഏകദേശം അത്രതന്നെ തുകയ്ക്ക് ആമസോണ്‍ പ്രൈമുമായി കച്ചവടത്തിലാകുകയായിരുന്നു. പ്രീ, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞ് പുറംലോകം കാണിക്കാനാകാതെ ഒന്നര വര്‍ഷത്തിലേറെയിരുന്ന ചിത്രം എങ്ങനെയും വിറ്റ് നഷ്ടം സംഭവിക്കാതെ നോക്കുകയെന്നതായിരുന്നു നിര്‍മ്മാതാവിനെ സംബന്ധിച്ച് പ്രധാനം. കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും 50 ശതമാനം സീറ്റിംഗ് മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ വലിയ ബഡ്ജറ്റ് ചിത്രം വച്ച് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത് അപകടകരമാണെന്നായിരിക്കണം നിര്‍മ്മാതാവിന്റെ പക്ഷം. 

സൂപ്പര്‍താര സിനിമകള്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമിനേക്കാള്‍ സാധ്യത തിയേറ്ററുകള്‍ തന്നെയാണ്. എന്നാല്‍ നിലവിലെ കോവിഡ് പ്രതിസന്ധി കാരണം പകുതി സീറ്റുകളിലെ സിനിമ വലിയ മുതല്‍മുടക്കുള്ള സിനിമകള്‍ക്ക് തിരിച്ചടിയാണ്. വൈഡ് റിലീസിംഗ് കാലത്തെ സൂപ്പര്‍താര സിനിമകള്‍ ലക്ഷ്യമിടുന്നത് ആദ്യദിവസങ്ങളിലെ വലിയ കളക്ഷനാണ്. പരമാവധി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമ ആദ്യ ദിവസങ്ങളില്‍ പരമാവധി ഷോകളും ഹൗസ് ഫുള്‍ ഷോകളും കളിച്ച് ലാഭമുറപ്പിക്കാനാണ് ശ്രമിക്കുക. ആദ്യദിവസത്തെ കളക്ഷന്‍, വീക്കെന്‍ഡ് കളക്ഷന്‍, ഫസ്റ്റ് വീക്ക് കളക്ഷന്‍ എന്നിവ ഈ സിനിമകള്‍ളുടെ ലാഭത്തില്‍ നിര്‍ണായകമാണ്. അത്ര മികച്ചഅഭിപ്രായം കേള്‍പ്പിക്കാത്ത സൂപ്പര്‍താര സിനിമകള്‍ക്കു പോലും ആദ്യ ആഴ്ചയില്‍ വലിയ കളക്ഷന്‍ ലഭിക്കാറുണ്ട്. സിനിമ നല്ലതാണെങ്കില്‍ തുടര്‍ന്നും നല്ല കളക്ഷന്‍ ലഭിക്കും. ആദ്യദിവസങ്ങളിലെ യൂത്ത് ഓഡിയന്‍സില്‍ നിന്ന് കുടുംബങ്ങള്‍ സിനിമ ഏറ്റെടുക്കുന്നതോടെ കളക്ഷന്‍ പിന്നെയും വര്‍ധിക്കും. ലൂസിഫര്‍, പുലിമുരുകന്‍, കായംകുളം കൊച്ചുണ്ണി, ദൃശ്യം, പ്രേമം തുടങ്ങിയ വൈഡ് റീലീസിംഗ് കാലത്തെ വമ്പന്‍ ഹിറ്റ് സിനിമകളെല്ലാം ഇത്തരത്തില്‍ തിയേറ്റര്‍ കളക്ഷന്‍ കൊണ്ട് വന്‍ലാഭം നേടിയവയാണ്. ഈ സിനിമകളെല്ലാം സൂപ്പര്‍താര സമ്പന്നമാണ്. അതിനാല്‍ തന്നെ കോവിഡ് ഇളവുകളില്‍പെടുത്തി 100 ശതമാനം കപ്പാസിറ്റിയില്‍ തിയേറ്ററുകള്‍ തുറക്കുന്നതോടെ സൂപ്പര്‍താര സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുകയും പഴയ ആരവവും ലാഭവും തിരിച്ചുപിടിക്കാനാണ് സാധ്യത.

50 ശതമാനം കപ്പാസിറ്റിയില്‍ തിയേറ്റര്‍ തുറന്നപ്പോള്‍ വലിയ മുതല്‍മുടക്കുള്ള താരസിനിമകള്‍ക്ക് അത് ഫലപ്രദമല്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ലാഭം മുന്‍കൂട്ടി ഉറപ്പുനല്‍കുന്ന വന്‍കിട ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍മ്മാതാക്കള്‍ കൈകൊടുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായ സല്‍മാന്‍ ഖാന്റെ രാധേ, ഇന്ത്യയില്‍ ഏറ്റവുമധികം പരസ്യമൂല്യമുള്ള സൂപ്പര്‍താരങ്ങളിലൊരാളായ അക്ഷയ്കുമാറിന്റെ ലക്ഷ്മി, ബെല്‍ബോട്ടം എന്നിവ ഇത്തരത്തില്‍ കോവിഡ് കാലത്ത് ഒടിടിയില്‍ വിറ്റ പ്രധാന സിനിമകളാണ്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരെ പോലെ ആഗോള വിപണി മൂല്യമുള്ള താരങ്ങളുടെ സിനിമകള്‍ക്ക് ലഭിക്കാത്ത കച്ചവട സ്വീകാര്യതയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാറിന് ആമസോണ്‍ പ്രൈം നല്‍കിയിട്ടുള്ളത്. ഇത് താരമൂല്യത്തിനുപരി പ്രാദേശികതയ്ക്ക് വന്‍കിട ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന പരിഗണനയെയാണ് സൂചിപ്പിക്കുന്നത്. 


ഒടിടിയിലെ പ്രാദേശികത

മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ നേരത്തെ വേരുറപ്പിച്ചിട്ടുള്ള ഒടിടി ഭീമന്മാരുടെ അടുത്ത ലക്ഷ്യം പ്രാദേശികമായ ജനകീയതയാണ്. കോവിഡ് കാലത്ത് ഇതു തിരിച്ചറിഞ്ഞതോടെ പ്രാദേശിക ഭാഷകളിലെ സിനിമകള്‍ക്കും പ്രാദേശിക ഇന്‍ഡസ്ട്രികളിലെ താരമൂല്യമുള്ളവര്‍ക്കും വലിയ പ്രാധാന്യം നല്‍കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. മോഹന്‍ലാലിനെപ്പോലെ മലയാളത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള നടനും പ്രിയദര്‍ശനെ പോലെ രാജ്യത്ത് ശ്രദ്ധേയനായ സംവിധായകനും ഒരുമിക്കുന്ന ചരിത്രസിനിമയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കച്ചവടകരാറിന് ആമസോണ്‍ സന്നദ്ധത പ്രകടിപ്പിച്ചത് അതുകൊണ്ടാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, കന്നട ഭാഷകളിലെ താരസിനിമകളിലും പ്രമേയതലത്തില്‍ വ്യത്യസ്തയുള്ള താരമൂല്യമില്ലാത്ത സിനിമകളിലും വന്‍കിട ഒടിടികള്‍ക്ക് താത്പര്യമേറെയാണ്.

ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, സി 5, സോണി ലൈവ്, ജിയോ സിനിമ തുടങ്ങിയ വന്‍കിട ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ മലയാള സിനിമയ്ക്ക് വലിയ ജനപ്രീതിയുണ്ട്. ഉയര്‍ന്ന ജീവിത നിലവാരവും ഗാഡ്ജറ്റുകളും പുതിയ സാങ്കേതിക സംവിധാനങ്ങളും എളുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന ശീലവുമുള്ള മലയാളികളി ജനസംഖ്യയില്‍ മുക്കാല്‍ പങ്ക് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും അതില്‍ പകുതിയോളം ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രൈബേഴ്‌സുമാണ്. ഉപഭോക്താക്കളുടെ ഈയൊരു എണ്ണപ്പെരുക്കത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കണ്ണുവയ്ക്കുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ കുറവു വരാത്ത വിധത്തിലുള്ള ആകര്‍ഷകമായ ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ ഇവര്‍ സദാ ജാഗരൂകരാണ്. 

വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കു പുറമേ നിരവധി പ്രാദേശിക ഒടിടികളും ഇപ്പോള്‍ സജീവമാണ്. ഇതോടെ താരസിനിമകള്‍ക്കു പുറമേയുള്ള ചെറിയ ബജറ്റ് സിനിമകള്‍ക്കും സമാന്തര സിനിമകള്‍ക്കും തിയേറ്ററില്‍ പ്രദര്‍ശനവിജയം ഉറപ്പില്ലാത്ത സിനിമകള്‍ക്കുമെല്ലാം പ്രദര്‍ശനവേദിയുണ്ട്. ഇത്തരം സിനിമകള്‍ ചെറിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തി മികച്ച അഭിപ്രായം ഉണ്ടാക്കിയാല്‍ വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഒടിടി കാലത്ത് സമൂഹമാധ്യമങ്ങളുടെ സാധ്യത സിനിമയുടെ പ്രമോഷനില്‍ നിര്‍ണായക സാന്നിധ്യമായിക്കഴിഞ്ഞു. നീ സ്ട്രീം, പ്രൈം റീല്‍സ്, കൂടെ, കേവ് ഇന്ത്യ, റൂട്‌സ്, ഫിലിമി, സൈന പ്ലേ, സി ഹോം സിനിമ, ഹൈ ഹോപ്പ്, മാറ്റിനി, ഫസ്റ്റ് ഷോ, സി കേരള, യുഎഫ്ഒ, ലൈംലൈറ്റ് തുടങ്ങിയ നിരവധി പ്ലാറ്റ്‌ഫോമുകളാണ് പുതിയ മലയാള സിനിമകള്‍ ഔട്ട് റേറ്റ് പര്‍ച്ചേസ്, ഷെയര്‍ ബേസ് വ്യവസ്ഥകളില്‍ റിലീസ് ചെയ്യാന്‍ മത്സരിക്കുന്നത്. ഒരു നിശ്ചിത തുക നല്‍കി നിര്‍മ്മാതാക്കളില്‍ നിന്ന് സിനിമയുടെ ഒടിടി അവകാശം വാങ്ങുന്നതാണ് ഔട്ട് റൈറ്റ് പര്‍ച്ചേസ് രീതി. കാണുന്ന ആള്‍ക്കാര്‍ നല്‍കുന്ന വരിസംഖ്യ നിശ്ചിത അനുപാതത്തില്‍ നിര്‍മ്മാതാക്കളും പ്ലാറ്റ്‌ഫോമും പങ്കുവയ്ക്കുന്നതാണ് ഷെയര്‍ ബേസ്.


ഒടിടി സാധ്യമാക്കുന്ന വിശാലത

മലയാളം പോലെ തീരെച്ചെറിയൊരു വിഭാഗത്തെ പ്രതിനിധീകരീക്കുന്ന പ്രാദേശിക ഭാഷയ്ക്കും ആ ഭാഷയിലെ സിനിമയ്ക്കും വിശാലമായ ജനസഞ്ചയത്തിനു മുന്നില്‍ പ്രദര്‍ശന സാധ്യത തേടുന്നതില്‍ നേരത്തെ ഏറെ പരിമിതിയുണ്ടായിരുന്നു. ലോക ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളല്ലാതെ മറ്റു മലയാള സിനിമകള്‍ കാണാന്‍ കേരളത്തിനു പുറത്തെ കാണികള്‍ക്ക് അവസരം കുറവായിരുന്നു. മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതാകട്ടെ ഭാഷയിലെ സമാന്തര ശ്രേണിയെ പ്രതിനിധീകരിക്കുന്ന ഏതാനും സിനിമകള്‍ മാത്രമായിരിക്കും. കേരളത്തിനു പുറത്തുള്ളവര്‍ക്ക് മലയാള സിനിമ കാണാന്‍ നിരന്തരം അവസരം നല്‍കുന്നുവെന്നതാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ സാധ്യത. 

ചെറിയ ഇന്‍ഡസ്ട്രിയുടെ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും ത്രിഡി, സിനിമാസ്‌കോപ്പ്, 70 എം എം, ഔട്ട്‌ഡോര്‍, റിയലസ്റ്റിക്, കളര്‍, അനിമേഷന്‍, ഡിജിറ്റല്‍, 8 ഡി തുടങ്ങി സിനിമയുടെ ശ്രദ്ധേയ സാങ്കേതിക പരിവര്‍ത്തങ്ങള്‍ വിജയകരമായി പരീക്ഷിക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാള സിനിമയെ അത്ഭുതത്തോടെയാണ് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ചലച്ചിത്ര വിപണികള്‍ വീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സിനിമയിലെ അക്കാലത്തെ വന്‍ പരീക്ഷണ സിനിമകള്‍ കേരളത്തിനു പുറത്ത് കാണാന്‍ സാധിച്ചവര്‍ വളരെ കുറവായിരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അന്യഭാഷകളിലെ ഇത്തരം പരീക്ഷണങ്ങളും പുതുമയുള്ളതുമായ സൃഷ്ടികള്‍ കാണാന്‍ അവസരമുണ്ടാകുമ്പോഴും സാധാരണ പ്രേക്ഷകര്‍ക്ക് ഇത് അന്യമായിരുന്നു. 

കേരളത്തിലെ എഴുന്നൂറോളം തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ക്ക് ഒടിടി വന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്താന്‍ സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ മാറ്റം. 20 വര്‍ഷം മുമ്പ് വരെ മലയാള സിനിമകള്‍ റിലീസ് വേളയില്‍ കാണാന്‍ അന്യസംസ്ഥാന, വിദേശ മലയാളികള്‍ക്ക് അവസരമില്ലായിരുന്നു. ബംഗളൂരു ഉള്‍പ്പെടെ മലയാളികള്‍ കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളിലെ തിയേറ്ററുകളില്‍ മലയാള സിനിമ സ്ഥിരമായി റിലീസ് ചെയ്തു തുടങ്ങിയിട്ടും അധികമായിട്ടില്ല. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ ഒരേസമയം ആഗോള മലയാളിയെ പ്രതിനിധീകരിക്കാന്‍ ഇവയ്ക്കാകുന്നു. കേരളത്തിനു പുറത്തുള്ള 35 ലക്ഷത്തോളം മലയാളികളെയാണ് അധികമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്നത്. മികച്ച ചിത്രങ്ങള്‍ക്ക് മലയാളികളെ കൂടാതെയുള്ള ഇതര ഭാഷാ കാണികളെ (വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ) ആകര്‍ഷിക്കാനും സാധിക്കുന്നുണ്ട്. അടുത്തിടെ തിയേറ്ററിലും ഒടിടിയിലുമായി റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ കുമ്പളങ്ങി നൈറ്റ്‌സ്, സീ യു സൂണ്‍, ദൃശ്യം 2, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട്, ജോജി, ഹോം എന്നിവയ്ക്ക് വിദേശത്തുള്‍പ്പെടെ ഒടിടി പ്ലാറ്റ്‌ഫോം വഴി വലിയ തോതില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാനായെന്നത് ആഗോള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മലയാള സിനിമകള്‍ക്ക് നല്‍കിയ പരിഗണനയെ കാണിക്കുന്നു. ഇന്ത്യയിലെ തന്നെ മറ്റു സിനിമാ ഇന്‍ഡസ്ട്രികളുമായി താരതമ്യം ചെയ്താല്‍ താരതമ്യേന തീരെച്ചെറിയതാണ് മലയാള സിനിമാ മേഖല. ഇവിടത്തെ താരങ്ങളും കേരളത്തിനു പുറത്തെ പ്രേക്ഷകര്‍ക്ക് പരിചിതരല്ല. എന്നിട്ടും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കു പിന്നില്‍ പ്രാദേശിക ഭാഷാ സിനിമകളെ പരിഗണിക്കുകയെന്ന ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കച്ചവടതാത്പര്യത്തിനു പുറമേ മെച്ചപ്പെട്ട സൃഷ്ടികളുടെ സ്വീകാര്യത എന്നതു കൂടിയാണ്


തിയേറ്റര്‍ എന്ന സംസ്‌കാരം

തിയേറ്ററില്‍ പോകുകയെന്നാല്‍ കേവലം സിനിമ കാണുക എന്നതിനപ്പുറം ഒരു സംസ്‌കാരം കൂടിയാണ്. സിനിമ കാണാന്‍ പോകുന്നതിനു മുമ്പുള്ള തയ്യാറെടുപ്പ്, സിനിമാ തിയേറ്ററിലേക്കുള്ള യാത്ര, ടിക്കറ്റെടുക്കല്‍, സീറ്റ് കണ്ടെത്തല്‍, പരസ്പരം അറിയാത്തെ വലിയൊരു സമൂഹത്തിന് ഒപ്പമിരുന്നുകൊണ്ടുള്ള കലാസ്വാദനത്തിന്റെ സാധ്യമാകല്‍, വലിയ ഹാളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരേ സ്‌ക്രീനിലേക്കുള്ള കണ്ണുകളുടെ കേന്ദ്രീകരണം തുടങ്ങി ഭിന്ന രൂപഘടനയുള്ള സാംസ്‌കാരിക വിനിമയമാണ് തിയേറ്റര്‍ സിനിമാസ്വാദനം സാധ്യമാക്കുന്നത്.

തിയേറ്ററില്‍ സിനിമ കാണുന്ന ശീലത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അത് എളുപ്പം മാറുന്ന ഒന്നല്ല. സിനിമയുടെ സാങ്കേതികതയിലും കാഴ്ചശീലത്തിലും പല കാലത്തുമുണ്ടായ നിരവധി പരീക്ഷണങ്ങളില്‍ ഒന്നാണ് ഒടിടി. മുമ്പ് ടെലിവിഷന്‍ സംസ്‌കാരം ബിഗ് സ്‌ക്രീനിനെ ബാധിക്കും എന്ന ആശങ്കയും ചര്‍ച്ചയും വലിയ തോതില്‍ സമൂഹത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആശങ്കകളെ തിയേറ്റര്‍ മറികടക്കുന്നതാണ് പിന്നീട് കണ്ടത്. ടെലിവിഷന്‍ ചാനലുകള്‍ എന്ന പുതുമയെ ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഏറെ താത്പര്യത്തോടെ ഏറ്റെടുത്തെങ്കിലും നല്ല സിനിമകള്‍ക്ക് എക്കാലത്തും ബിഗ് സ്‌ക്രീനില്‍ കാണികളുണ്ടായിരുന്നു. ഇതാണ് തിയേറ്റര്‍ സിനിമകളെ സംബന്ധിച്ച കേവലയുക്തിയും യാഥാര്‍ഥ്യവും. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തിയേറ്ററുകള്‍ക്ക് ശക്തമായ ഒരു ബദല്‍ എന്ന നിലയ്ക്ക് നേരത്തെ ഉയര്‍ന്നുകേട്ട ടെലിവിഷന്‍ സംസ്‌കാരത്തേക്കാള്‍ പ്രബലമാണ്. ടെലിവിഷന്‍ ചാനലുകള്‍ സീരിയലുകളും തിയേറ്ററില്‍ ഓടിത്തീര്‍ന്ന സിനിമകളുമാണ് സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സാധ്യമാക്കുന്നത് ഏറ്റവും പുതിയ സിനിമകളുടെ റിലീസുകളാണ്. ഈ വ്യത്യാസം ആളുകളെ എങ്ങനെ സ്വാധീനിക്കുമെന്ന് വിലയിരുത്താറായിട്ടില്ല.

ഒടിടി വഴിയുള്ള സിനിമാ വിതരണം നേരത്തെ തുടങ്ങിയ രാജ്യങ്ങളിലൊന്നും ഇത് തിയേറ്ററുകളുടെ നിലനില്പിനെ ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. തിയേറ്റര്‍-ടെലിവിഷന്‍-ഒാണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിങ്ങനെ മൂന്നു തട്ടുകളായി അവിടങ്ങളിലെ ആസ്വാദനം നിലകൊള്ളുന്നു. താത്പര്യമുള്ളത് തെരഞ്ഞെടുക്കാനുള്ള സാധ്യത ജനങ്ങളില്‍ നിക്ഷിപ്തമാണ്. മൊബൈല്‍ സ്‌ക്രീനിലെ തീരെച്ചെറിയ ചതുരവടിവില്‍ ആസ്വാദനം പൂര്‍ണമാകുന്നില്ലെന്ന് തോന്നുന്നവര്‍ തിയേറ്ററിലേക്കു തന്നെ എത്തുന്നുണ്ട്. ഈയിടെ റിലീസ് ചെയ്ത ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' പോലുള്ള ആഗോള സിനിമകള്‍ക്കെല്ലാം പിന്നില്‍ ജനത്തിന്റെ ഈ കാത്തിരിപ്പും തിയേറ്റര്‍ സിനിമ പിന്തുടരുകയെന്ന സംസ്‌കാരവുമുണ്ടായിരുന്നു.

തിയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്യാനുള്ള ബദല്‍ എന്ന നിലയ്ക്ക് മാത്രം ഒടിടിയെ കാണുന്ന ഒരു വിഭാഗം പ്രബലമാണ്. കോവിഡ് ഇളവുകള്‍ വന്ന് വലിയ റിലീസുകള്‍ വരുന്നതോടെ മാത്രമേ തിയേറ്റര്‍-ഒടിടി താരതമ്യം പൂര്‍ണമായി വിലയിരുത്താനാകൂവെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തല്‍. തിയേറ്ററുകള്‍ പഴയപടി സജീവമാകുമ്പോള്‍ മാത്രമേ ഒടിടിയുടെ നിലനില്പ് എങ്ങനെ, തിയേറ്ററിന്റെ നിലനില്പ് എങ്ങനെ എന്നും ഏത് മുന്നോട്ടുപോകുമെന്നും പറയാനാകൂവെന്ന് വ്യക്തം.

സാങ്കേതികവിദ്യയുടെ പുരോഗതിയോടെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ പുരോഗതി സംഭവിച്ചതിനൊപ്പം സിനിമ വിഭിന്ന ഫോര്‍മാറ്റുകളിലേക്ക് പരീക്ഷണ വിധേയമാകുകയും ചെയ്തു. അതോടെ ആളുകളുടെ വിരല്‍ത്തുമ്പില്‍ സാധ്യമാകുന്ന ഒന്നായി സിനിമ മാറി. ബിഗ് സ്‌ക്രീനിനു വേണ്ടി മാത്രം നിര്‍മ്മിക്കപ്പെടുന്ന ഫോര്‍മാറ്റില്‍ നിന്ന് ടെലിവിഷന്‍ സ്‌ക്രീനിനും മൊബൈല്‍ സ്‌ക്രീനിനു പരുവപ്പെടുന്ന രീതിയിലേക്ക് സിനിമയുടെ ഷോട്ട് ആംഗിളുകള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു.

സിനിമയുടെ രൂപഘടനയില്‍ പല കാലങ്ങളില്‍ ഉണ്ടായ വിവിധ മാറ്റങ്ങളില്‍ ഒന്നു മാത്രമാണ് ഒടിടി പരിവര്‍ത്തനം. ആത്യന്തികമായി ബിഗ് സ്‌ക്രീനില്‍ പൂര്‍ണത പ്രാപിക്കുന്ന ഒരു കലാരൂപം എന്ന നിലയില്‍ കാണേണ്ട സിനിമ മൊബൈല്‍ ഫോണിന്റെ തീരെച്ചെറിയ നാലതിരിലേക്കും സ്മാര്‍ട്ട് ടെലിവിഷന്‍ സ്‌ക്രീനിലേക്കും ചുരുക്കുകയാണ് ഒടിടി ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ തന്നെ സിനിമ കാണണമെന്നില്ല എന്നുള്ളവര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഏറെ ഉപകാരപ്രദമാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ സ്മാര്‍ട്ട് ഫോണിലോ, സ്മാര്‍ട്ട് ടിവിയിലോ അവരവര്‍ക്ക് ഇഷ്ടമുള്ള സമയത്ത് സൗകര്യപ്രദമായി സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഇതു നല്‍കുന്നു.


ഒടിടി വ്യവസായത്തിന്റെ നിലനില്പ്

കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള ജനങ്ങള്‍ വീട്ടിലിരുന്നതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പെട്ടെന്നുള്ള വളര്‍ച്ച നേടിയത്. ചലച്ചിത്ര മേഖലയില്‍ കച്ചവട സാധ്യതയുള്ള ഒരു വ്യവസായം എന്ന നിലയില്‍ വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം ചെറുകിട ഒടിടികളും ഈ കാലയളവില്‍ രൂപപ്പെട്ടു. കോവിഡിന്റെ ആദ്യഘട്ട വ്യാപനം തൊട്ട് കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ 15 മുതല്‍ 20 വരെ പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകളാണ് തുടങ്ങിയത്. കോവിഡ് കാലത്തിനു ശേഷവും ഒടിടിയില്‍ സിനിമ കാണുന്ന ശീലം ജനം തുടരുന്നതോടെ പ്രാദേശിക പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ വന്‍ ബിസിനസുകള്‍ സാധ്യമാകാതെ ഇവയ്ക്ക് എത്രകണ്ട് പിടിച്ചുനില്‍ക്കാനാകുമെന്നതു സംശയകരമാണ്. 240 രാജ്യങ്ങളില്‍ ഒരേസമയം കാണാനാകുമെന്ന വലിയ സാധ്യതയാണ് ആമസോണ്‍ പ്രൈം എന്ന രാജ്യാന്തര പ്ലാറ്റ്‌ഫോം പ്രേക്ഷകര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. ഇത്തരമൊരു വലിയ പ്ലാറ്റ്‌ഫോമിനോടാണ് ചെറുകിട ഒടിടികള്‍ക്ക് മത്സരിക്കേണ്ടത്.

പ്രാദേശിക ഭാഷകളില്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ രൂപം കൊള്ളുകയും പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് ആഗോളതലത്തില്‍ പ്രസക്തി ഉണ്ടാകുകയും ചെയ്തതോടെ ആമസോണ്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രാദേശിക സിനിമകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പ്രാദേശിക ഭാഷകളിലെ സൂപ്പര്‍താര സിനിമകള്‍ക്കൊപ്പം കലാമൂല്യവും പ്രമേയാടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ കാണാന്‍ സാധ്യതയുള്ളതുമായ സിനിമകള്‍ ഇപ്പോള്‍ ആമസോണും നെറ്റ്ഫ്‌ളിക്‌സും ഹോട്ട്‌സ്റ്റാറും സോണി ലൈവുമടക്കമുള്ള വലിയ പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി ഭാഷകളും വമ്പന്‍ ഒടിടികള്‍ക്ക് താത്പര്യമുള്ള ഇന്‍ഡസ്ട്രികളാണ്. 2019 ല്‍ പ്രാദേശിക ഭാഷകള്‍ക്ക് 35 ശതമാനം കാഴ്ചക്കാരെങ്കില്‍ 2025ല്‍ 50 ശതമാനം കടക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കുറഞ്ഞ മുതല്‍മുടക്കില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നതാണ് സാങ്കേതിക പരിമിതി. ചില പ്രാദേശിക പ്ലാറ്റ്‌ഫോമുകള്‍ മൊബൈല്‍ വഴി മാത്രമേ സിനിമ നല്‍കുന്നുള്ളൂ. ഒടിടി വിപണന രംഗത്തെ സാധ്യതയെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ മിക്ക പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ളൂ. ആവശ്യത്തിന് വരിക്കാരും നിര്‍മ്മാതാവിന് മുതലാകുന്ന വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാനും സാധിച്ചെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. ആമസോണും നെറ്റ്ഫ്‌ളിക്‌സും അടക്കമുള്ള വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ ഇങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നത്. ഇവര്‍ക്ക് ലക്ഷക്കണക്കിന് വരിക്കാരുണ്ട്. വലിയ പര്‍ച്ചേസ് നടത്താന്‍ തക്ക മൂലധനവും സ്വന്തമായുണ്ട്. അതുകൊണ്ടു തന്നെ വന്‍ മുതല്‍മുടക്കുള്ള സൂപ്പര്‍താര ചിത്രങ്ങള്‍ ഇവര്‍ക്ക് കച്ചവടം ചെയ്യാന്‍ സാധിക്കും. പ്രാദേശിക ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേവലം ചില ചെറിയ ചിത്രങ്ങള്‍ കരാറിലായാല്‍ തന്നെ എത്രകാലം ലാഭകരമായി മുന്നോട്ടു പോകാന്‍ സാധിക്കുമെന്നത് സംശയകരമാണ്. ഉയര്‍ന്ന സാങ്കേതികനിലവാരമുള്ള ഒടിടി പ്ലാറ്റ്‌ഫോമിന്റെ മുതല്‍മുടക്ക് ഒരു കോടി മുതല്‍ മൂന്നു കോടി വരെയാണ്. ചെറുകിട പ്ലാറ്റ്‌ഫോമുകള്‍ക്ക് 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ നിക്ഷേപം ആവശ്യമായി വരും. ഇങ്ങനെ ചെറിയ മുതല്‍മുടക്കിലുള്ള വ്യവസായം എന്നുകണ്ട് ഈ രംഗത്ത് ലാഭം ലക്ഷ്യമിട്ട് ഇറങ്ങുന്നവര്‍ക്ക് എത്രമാത്രം വിജയിക്കാനാകുമെന്നതിലും ഉറപ്പില്ല. 

സിനിമാ തിയേറ്ററുകളിലേതു പോലെ തന്നെ വലിയ കാന്‍വാസിലും സൂപ്പര്‍താര സാന്നിധ്യവും ഉള്ള സിനിമകള്‍ക്കാണ് ഒടിടി പ്ലാറ്റ്‌ഫോമിലും പ്രേക്ഷകര്‍ പ്രഥമ പരിഗണന നല്‍കുന്നത്. സൂപ്പര്‍താര സിനിമകള്‍ സ്വന്തമാക്കാന്‍ വലിയ പ്ലാറ്റ്‌ഫോമുകള്‍ മുന്നോട്ടുവരികയും ചെയ്യും. അതേസമയം താരസമ്പന്നമല്ലാത്ത ചെറിയ സിനിമകള്‍ പ്രമേയത്തിന്റെയും സാങ്കേതിക മികവിന്റെയും മികവില്‍ വിജയിച്ച കഥകളും ഒടിടിക്ക് പറയാനുണ്ട്. ഒടിടിയില്‍ ഉള്ളടക്കത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. തിയേറ്ററില്‍ താരമൂല്യം പ്രധാനമാണെങ്കില്‍ ഒടിടിക്ക് രണ്ടിലും വിപണന സാധ്യതയുണ്ട്.

മാതൃഭൂമി ഓണ്‍ലൈന്‍, 2021 നവംബര്‍ 10

No comments:

Post a Comment