Thursday, 11 November 2021

ജയലളിതയുടെ പാതിജീവിതം പറയുന്ന തലൈവി


രാഷ്ട്രീയത്തേയും ജീവിതത്തേയും ആചാരാഘോഷങ്ങളേയും ഭാഷയേയും അതിവൈകാരികമായി സമീപിക്കുന്ന ജനതയാണ് തമിഴ്‌നാട്ടിലേത്. തമിഴ് സാമൂഹ്യ ജീവിതവും രാഷ്ട്രീയവും സിനിമയും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ സമൂഹത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോന്നവരായി അടയാളപ്പെടുത്തപ്പെടുന്നു. ജാതിരാഷ്ട്രീയം അത്രമേല്‍ ശക്തം. ഇത്തരമൊരു സാമൂഹിക ഘടനയും രാഷ്ട്രീയവും വിട്ട് തമിഴ് സിനിമയ്ക്ക് അത്രകണ്ട് മുന്നോട്ടു പോകാനാകില്ല. തമിഴ് രാഷ്ട്രീയത്തിലെ പ്രബലമായ പേരുകള്‍ പലതും സിനിമയോടു കൂടി കണ്ണി ചേര്‍ക്കപ്പെട്ടവയാണ്. കരുണാനിധി, എംജിആര്‍, ജയലളിത എന്നിവരിലൂടെ ശക്തമായ സാന്നിധ്യം കാണിച്ച് വിജയകാന്തിലും രജനീകാന്തിലും കമല്‍ഹാസനിലും തുടര്‍ന്ന് വിജയിന്റെ താരപ്പെരുമയിലും ഉദയനിധി സ്റ്റാലിന്റെ കുടുംബ പാരമ്പര്യത്തിലും എത്തിനില്‍ക്കുന്നു അത്.

രാഷ്ട്രീയവും സിനിമയും തമ്മിലുള്ള അനിഷേധ്യമായ ഈ കെട്ടുപാടിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും അഭിനേത്രിയുമായിരുന്ന ജെ.ജയലളിതയുടെ ജീവിതം കേന്ദ്രമാക്കി പുറത്തിറങ്ങിയ എ.എല്‍ വിജയ് ചിത്രം തലൈവിയെ കാണേണ്ടത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പ്രത്യേകമായാണ് തലൈവിയുടെ തിരക്കഥ തയ്യാറാക്കിയത്. 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച തലൈവി പക്ഷേ സംഭവബഹുലമായ ജയലളിതയുടെ ജീവിതത്തിന് പൂര്‍ണത നല്‍കി അവതരിപ്പിക്കുന്നതില്‍ പിറകോട്ടുപോയി.

ജയലളിതയുടെ മരണശേഷം അവരുടെ ജീവിതം പശ്ചാത്തലമാക്കി വരുന്ന ആദ്യ സിനിമയാണ് തലൈവി. ഈ സിനിമയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും മുതല്‍ സവിശേഷമായ മാധ്യമ, ജന ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ് രാഷ്ട്രീയത്തിലും സമൂഹത്തിലും ഇത്രയധികം സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് സ്വാഭാവികമായും വരേണ്ട അംഗീകാരവും ജനകീയതയും തലൈവിക്ക് ലഭിക്കുകയുണ്ടായില്ല. കോവിഡിനു ശേഷം തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നിട്ടു കൂടി തലൈവിക്ക് പ്രേക്ഷകരെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക് ഉയരായില്ല.തമിഴ് ജനത അമ്മ എന്ന വിളിയാല്‍ അവരുടെ വൈകാരിക പരിസരത്ത് കൊണ്ടാടിയ പേരായിരുന്നു ജയലളിതയുടേത്. എം.ജി.ആറിന്റെ മരണശേഷം പാര്‍ട്ടിയിലെ അനിഷേധ്യ ശക്തിയായ ജയയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും വിവാദങ്ങളും സമാനതകളില്ലാത്തതായിരുന്നു. ജയലളിതയുമായുള്ള തമിഴ് ജനതയുടെ വൈകാരികതലത്തെ ബന്ധിപ്പിക്കുന്നതിലും ജയലളിതയുടെ രാഷ്ട്രീയജീവിതം സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതിലുമാണ് തലൈവി പരാജയപ്പെടുന്നത്. 


ജയലളിതയുടെ സിനിമാഭാനയ ജീവിതം മുതല്‍ ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തുന്നതു വരെയുള്ള കാലമാണ് തലൈവി പ്രമേയമാക്കുന്നത്. മുഖ്യമന്ത്രിയായതു തൊട്ടുള്ള ജയയുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തേയും വിവാദങ്ങളേയും സ്പര്‍ശിക്കാന്‍ സിനിമ തയ്യാറാകുന്നില്ല. അതേസമയം സിനിമയിലേക്കുള്ള ജയയുടെ വരവും മുന്‍നിര നായികയിലേക്കും നര്‍ത്തകിയിലേക്കുമുള്ള വളര്‍ച്ചയും എംജിആറുമായി ഉണ്ടായിരുന്ന വൈകാരിക അടുപ്പവും രാഷ്ട്രീയ പ്രവേശത്തിലേക്കു നയിച്ച വിഷയങ്ങളും പ്രമേയതലത്തില്‍ കൊണ്ടുവരുന്നതില്‍ തലൈവി വിജയിക്കുന്നുമുണ്ട്. എന്നാല്‍ തമിഴ് ജനതയുടെ ഉള്ളിലുള്ള ജയലളിതയെന്ന അതിശക്തയായ രാഷ്ട്രീയ സാന്നിധ്യത്തേയും അമ്മ എന്ന വികാരത്തെയും അടയാളപ്പെടുത്തുന്നതിലുള്ള അപൂര്‍ണതയാണ് തലൈവിയുടെ ആസ്വാദനത്തെ പിന്നോട്ടടിപ്പിക്കുന്നത്. 

എംജിആര്‍-ജയലളിത ബന്ധത്തെ അടയാളപ്പെടുത്തുന്ന സീക്വന്‍സുകളിലാണ് തലൈവി ഏറ്റവുമധികം ആസ്വാദ്യകരമാകുന്നത്. ഇതിന് അരവിന്ദ് സ്വാമിയുടെയും കങ്കണയുടെയും പ്രകടനമികവ് വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ട്. എംജിആറിന്റെ വേഷത്തില്‍ അസാധാരണ മികവാണ് അരവിന്ദ് സ്വാമി പുറത്തെടുത്തിരിക്കുന്നത്. അസ്വാഭാവികതയോ അമിത നാടകീയതയോ തോന്നിപ്പിക്കാത്ത പ്രകടനമാണ് അദ്ദേഹത്തിന്റേത്. ശരീരത്തിന്റെ ചലനങ്ങളിലും മുഖത്തിന്റെയും ചുണ്ടുകളുടെയും ക്ലോസപ്പുകളിലും അരവിന്ദ് സ്വാമി അടിമുടി എംജിആറായി മാറുന്നു. എംജിആറിന്റെ ഭാവഹാവാദികളെ കേവലമായി അനുകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം തന്റേതായ ശൈലി ഈ കഥാപാത്രത്തിനു പകര്‍ന്നുനല്‍കാന്‍ അരവിന്ദ് സ്വാമിയിലെ നടനു സാധിച്ചിരിക്കുന്നു. അരവിന്ദ് സ്വാമിയെ ചമയത്തിലൂടെ എംജിആറാക്കി മാറ്റിയ പട്ടണം റഷീദിന്റെ മികവും ചെറുതല്ല. സിനിമയുടെ ആദ്യപകുതിയില്‍ കങ്കണയുടെ ജയയേക്കാള്‍ അരവിന്ദ് സ്വാമിയുടെ എംജിആര്‍ ആണ് സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതും പ്രകടനമികവിനാല്‍ അത്ഭുതപ്പെടുത്തുന്നതും.


അതേസമയം സമകാലിക ഇന്ത്യന്‍ സിനിമയില്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വൈവിധ്യം കൊണ്ടുവരുന്നതില്‍ മുന്‍നിരയിലുള്ള കങ്കണ ജയലളിതയാകാനുള്ള പരിശ്രമത്തിലും പിന്നോട്ടുപോകുന്നില്ല. കഴിഞ്ഞ വര്‍ഷം കങ്കണയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ വേഷങ്ങളില്‍ പംഗയിലേത് കുടുംബിനിയായ കായികതാരത്തിന്റെയും മണികര്‍ണികയിലേത് ചരിത്രത്തിലെ രാജ്ഞിയുടേതുമായിരുന്നു. ഇപ്പോള്‍ തലൈവിലാകട്ടെ ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായും. ഈ വേഷം തന്റെ സ്വാഭാവികാഭിനയം കൊണ്ട് മികവുറ്റതാക്കാന്‍ കങ്കണയ്ക്ക് സാധിച്ചിട്ടുണ്ട്. കങ്കണയുടെ ഹിന്ദി ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്‌തേക്കാം. എന്നാല്‍ ജയലളിതയെ വൈകാരിക തലത്തില്‍ സൂക്ഷിക്കുന്ന തമിഴ് ജനത അന്യഭാഷയില്‍ നിന്നുള്ള ഒരു നടിയുടെ തലൈവിയായുള്ള പരകായപ്രവേശത്തെ അത്രകണ്ട് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നത് സിനിമയോടുള്ള അവരുടെ സമ്മിശ്ര പ്രതികരണത്തില്‍ നിന്ന് മനസ്സിലാകും.

മുഖ്യമന്ത്രിയായതിനു ശേഷം തമിഴ്‌നാടിന്റെ ഏകസ്വരവും ദേശീയ രാഷ്ട്രീയത്തില്‍ വരെ ഇടപെടാന്‍ തക്ക സാന്നിധ്യമായി ഉയര്‍ന്ന, ജനങ്ങള്‍ക്ക് ആനുകൂല്യങ്ങളും സമ്മാനപ്പൊതികളും നല്‍കിയുള്ള വോട്ട് ബാങ്ക് രാഷ്ട്രീയം സമര്‍ഥമായി ഉപയോഗിച്ച, തമിഴ് മക്കളില്‍ അമ്മയെന്ന വികാരത്തള്ളിച്ച തീര്‍ത്ത് വിഗ്രഹമായിത്തീര്‍ന്ന, സമാനതകളില്ലാത്ത ആഡംബര ജീവിതം നയിച്ച, തോല്‍വിയും ജയവും അഴിമതിയും ജയിലും വിവാദങ്ങളും ഉയര്‍ച്ചതാഴ്ചകള്‍ തീര്‍ത്ത ജയലളിതയുടെ സംഭവബഹുലമായ ജീവിതം തലൈവിയില്‍ കാണില്ല. സിനിമയിലേക്കുള്ള ജയയുടെ പ്രവേശവും എം.ജി.ആര്‍ സിനിമകളിലൂടെ മുന്‍നിര നായിക എന്ന നിലയിലേക്കുള്ള വളര്‍ച്ചയും പറഞ്ഞുപോകാനാണ് തലൈവി ശ്രമിക്കുന്നത്. അങ്ങനെ ജയലളിതയുടെ ജീവിതം പകുതിയില്‍ പറഞ്ഞുനിര്‍ത്തുന്ന സിനിമയായി തലൈവി ചുരുങ്ങിപ്പോകുന്നു.

തിരക്കഥയിലെ അപൂര്‍ണത അഭിനേതാക്കളെ കഥാപാത്രങ്ങളായി മുദ്ര പതിപ്പിക്കാന്‍ കഴിയുന്നതിലൂടെയാണ് തലൈവി മറികടക്കുന്നത്. കങ്കണയുടേയും അരവിന്ദ് സ്വാമിയുടേയും മികവുറ്റ പ്രകടനത്തിനു പുറമേ നാസറിന്റെ കരുണാനിധിയാണ് ശ്രദ്ധേയമായ മറ്റൊരു വേഷം. നാസറിന് സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും പതിവുപോലെ മികവുറ്റ പ്രകടനം പുറത്തെടുക്കുന്നതില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്യുന്നില്ല. സമുദ്രക്കനിയുടെ ആര്‍.എം. വീരപ്പന്‍ ആണ് സൂക്ഷ്മാഭിനയം കൊണ്ട് ശ്രദ്ധ നേടുന്ന മറ്റൊരു കഥാപാത്രം. ശശികലയുടെ വേഷത്തിലെത്തുന്ന ഷംന കാസിമിന് പക്ഷേ യഥാര്‍ഥ ജീവിതത്തിലെ ജയലളിതയുടെ തോഴിയുടെ പ്രാധാന്യം സിനിമ നല്‍കുന്നില്ല. പിതാവ് എം.ആര്‍ രാധയുടെ വേഷത്തില്‍ രാധാരവി എത്തുന്നുവെന്ന പുതുമയുമുണ്ട്. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷത്തില്‍ പിതാവിന്റെ മാനറിസങ്ങള്‍ പകര്‍ത്തുന്നതില്‍ രാധാരവി വിജയിക്കുന്നു.

സ്ത്രീശബ്ദം, 2021 നവംബര്‍

No comments:

Post a Comment