Tuesday, 7 November 2023

തേവര്‍, ഗൗണ്ടര്‍ നായക നാമങ്ങള്‍ മാമന്നന്‍മാര്‍ക്ക് വഴിമാറുമ്പോള്‍



തേവര്‍, ഗൗണ്ടര്‍, വണ്ണിയര്‍, നായ്ക്കര്‍ തുടങ്ങി തമിഴ്‌നാട് വോട്ട് ബാങ്കില്‍ നിര്‍ണായക സ്വാധീനമുള്ളവരും ഭൂവുടമകളുമായ ഭൂരിപക്ഷ സമുദായങ്ങളാണ് തമിഴ് ഗ്രാമങ്ങളെ ഇപ്പോഴും പരോക്ഷമായെങ്കിലും നിയന്ത്രിച്ചുപോരുന്നത്. അതത് പ്രദേശങ്ങളില്‍ ജനങ്ങളില്‍ നിര്‍ണായക സ്വാധീനവും നേതൃശേഷിയും പരമ്പരയായി കൈമാറിപ്പോരുന്ന രക്ഷകര്‍തൃത്വവുമുള്ള ഈ നാട്ടുപ്രമാണിമാരെ മാറ്റിനിര്‍ത്തി തമിഴ്‌നാട് കക്ഷിരാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്ക് സാധ്യമല്ല. രാഷ്ട്രീയവും ജാതിസമുദായ സമവാക്യങ്ങളും സിനിമയും ഒന്നിനൊന്ന് വേറിട്ടല്ലാതെ ഇഴചേര്‍ന്നു പോകുന്ന തമിഴ് മണ്ണിന്റെ കീഴ്‌വഴക്കത്തിന് ഒട്ടു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ബ്രാഹ്മണ്യത്തെ എതിര്‍ത്തുകൊണ്ടുള്ള ദ്രാവിഡബോധം വേരുറച്ചതോടെയാണ് ഭൂവുടമകളായ ജാതിവിഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രബലമാകുന്നത്. അങ്ങനെ കൊങ്കുനാട്ടില്‍ ഗൗണ്ടര്‍ വിഭാഗവും തെക്കന്‍ തമിഴ്‌നാട്ടില്‍ തേവരും വടക്കന്‍ ജില്ലകളില്‍ വണ്ണിയരും, മധുര, തേനി പ്രദേശങ്ങളില്‍ നായ്ക്കരും ഭൂരിപക്ഷ സാന്നിധ്യങ്ങളായി. സമൂഹത്തിന്റെ പരിച്ഛേദമെന്നോണം ഭൂരിപക്ഷ നേതൃ സമുദായങ്ങളുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ നിന്ന് തമിഴ് സിനിമ മാറിനില്‍ക്കുകയുണ്ടായില്ല. തത്ഫലമായി ഗൗണ്ടര്‍, തേവര്‍ നാമങ്ങള്‍ സ്വീകരിച്ച നിരവധിയായ സിനിമകളാണ് പ്രാരംഭകാലം തൊട്ട് തമിഴിലുണ്ടായത്. ഇത്തരം സിനിമകളില്‍ മിക്കതും ദ്രാവിഡ, തമിഴ് മക്കള്‍ പ്രാദേശിക വാദത്തെ മുറുകെപ്പിടിക്കുന്നതും ജാതീയതയ്‌ക്കെതിരെ ശബ്ദിക്കുന്നവയുമാണെങ്കില്‍ക്കൂടി ഭൂരിപക്ഷ സമുദായങ്ങളുടെ വാഴ്ത്തുപാട്ടു ശീലത്തില്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല.

ജെമിനി ഗണേശനും ശിവാജി ഗണേശനും എംജിആറും ഉള്‍പ്പെടുന്ന തലമുറ നായകന്‍മാര്‍ ഇത്തരം ജന്‍മ കഥാപാത്രങ്ങളെയും ജന്‍മി കുടുംബത്തിലെ അംഗങ്ങളെ പ്രതിനിധീകരിക്കുന്നവരുമായി നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവാസദനം, ഉത്തമപുത്രന്‍, സഭാപതി, വാഴ്‌കൈ. നല്ല തമ്പി തുടങ്ങി ഒട്ടനവധി സിനിമകളാണ് 1950 കളിലും 60 കളിലും ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. മുഖ്യധാരാ ഇന്ത്യന്‍ സിനിമ തുടര്‍ന്നുപോന്ന കുടുംബ, പ്രണയ സംഘര്‍ഷങ്ങള്‍ പശ്ചാത്തലമായ സ്ഥിരം ഡ്രാമകളായിരുന്നു അക്കാലത്തെ ഭൂരിഭാഗം സിനിമകളുടെയും കേന്ദ്രപ്രമേയമെങ്കിലും സമുദായപ്പേരുകള്‍ പരാമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ തേവര്‍, ഗൗണ്ടര്‍ നാമങ്ങള്‍ ബോധപൂര്‍വ്വം കടന്നുവന്നു. ഈ പതിവ് പതിറ്റാണ്ടുകളോളം തമിഴ് സിനിമ തുടര്‍ന്നു പോന്നു.  


ഈ ഭൂരിപക്ഷ മേല്‍ജാതികളെ പ്രകീര്‍ത്തിച്ചും വണങ്ങിയും പോരുന്നവരാണ് ഇതര കീഴ്ജാതികളെല്ലാം. ഓരോ ഗ്രാമത്തിലും നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ഈ സമുദായത്തലവന്‍മാര്‍ നേതൃത്വം നല്‍കുന്ന നാട്ടുപഞ്ചായത്തുകളാണ്. തമിഴ്‌നാട്ടില്‍ തലമുറകളായി നിലനിന്നുപോരുന്ന ഈ ബദല്‍ ഭരണ മാതൃകയാണ് സിനിമയും അതേപടി പകര്‍ത്തിയത്. കമല്‍ഹാസനും രജനീകാന്തും വിജയകാന്തുമടക്കം തമിഴ് സിനിമയിലും ജനതയിലും നിര്‍ണായക സ്വാധീനമുള്ള നായക•ാരും സിനിമയുടെ വിജയത്തിനായി ഈ മാതൃക തന്നെയാണ് പിന്തുടര്‍ന്നത്. തമിഴ് സാമുദായിക ജീവിതവും കക്ഷിരാഷ്ടീയവും സിനിമയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ ഇതില്‍നിന്ന് വിട്ടുമാറിയുള്ള പ്രമേയങ്ങളില്‍ സിനിമ നിര്‍മ്മിക്കുന്നതിലുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ മിക്കവരും തയ്യാറായതുമില്ല. 

ഭാരതീരാജയുടെ വേദം പുതിത് (1987) എന്ന ശ്രദ്ധേയ ചിത്രത്തില്‍ സത്യരാജ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ ബാലു തേവര്‍ പുരോഗമന ചിന്താഗതിക്കാരനാണ്. അയാള്‍ ജാതീയതയെ ശക്തമായി എതിര്‍ക്കുകയും തുല്യതയ്ക്കും നീതിക്കും വേണ്ടി വാദിക്കുന്നുമുണ്ട്. എന്നാല്‍ സമുദായത്തിന്റെ ഉള്‍പ്പെടെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്ന തേവര്‍ക്ക് സാമുദായിക സംഘര്‍ഷത്തില്‍ മരണം വരിക്കേണ്ടി വരുന്നു. ഈ മരണം കൊണ്ടെങ്കിലും സമൂഹത്തിന്റെ മേലാള-കീഴാള മനസ്ഥിതിയില്‍ മാറ്റം വരുമോയെന്നും പുതു തലമുറ മാറിച്ചിന്തിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമ അവസാനിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ തലമുറകള്‍ കൈമാറിപ്പോരുന്ന സമുദായ - രാഷ്ട്രീയ കൂട്ടുകെട്ടില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. മുതല്‍ മര്യാദൈ, സിവപ്പു മല്ലി, അലൈ ഒസൈ തുടങ്ങി ഇതേ കാലത്തിറങ്ങിയ മറ്റു ചില സിനിമകളും ജാതി അടിച്ചമര്‍ത്തലിനെതിരെ ശബ്ദമുയര്‍ത്തിയവയാണ്. 


സേലം, കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന കൊങ്കുനാട്ടില്‍ ഭൂരിപക്ഷമുള്ള ഗൗണ്ടര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സമുദായത്തലവന്റെ കഥയായിരുന്നു വിജയകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചിന്ന ഗൗണ്ടറിന്റെ (1992) പ്രതിപാദ്യം. ഈ ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് നിരവധി ഗൗണ്ടര്‍ അപദാന കഥകള്‍ക്കാണ് തമിഴ് സിനിമ ജന്‍മം നല്‍കിയത്. ഇതേ കാലയളവിലാണ് കമല്‍ഹാസന്റെ തേവര്‍ മകന്‍ തിയേറ്ററിലെത്തുന്നത്. ഈ ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ഗൗണ്ടര്‍, തേവര്‍ ജന്‍മിത്ത വീര്യത്തെയും നേതൃഗുണത്തെയും നന്‍മയെയും പ്രകീര്‍ത്തിക്കുന്ന സിനിമകളുടെ പരമ്പരയ്ക്കാണ് 1990 കള്‍ സാക്ഷ്യം വഹിച്ചത്. തേവര്‍ മകനിലെ പുരോഗമന ചിന്താഗതിക്കാരനായ ശക്തിവേല്‍ എന്ന നായകന്‍ വിദേശ പഠനം കഴിഞ്ഞ് തിരിച്ചെത്തി സന്ദര്‍ഭവശാല്‍ ആണെങ്കില്‍ പോലും സമുദായത്തിന്റെ രക്ഷകസ്ഥാനം ഏറ്റെടുക്കുകയാണ്. അതോടെ അയാള്‍ക്കും പാരമ്പര്യത്തെയും നാട്ടുനടപ്പിനെയും വിട്ടു സഞ്ചരിക്കാനാകുന്നില്ല. ഇത്തരം സിനിമകളും നായകന്മാരുമാണ് പില്‍ക്കാലത്ത് ജനപ്രിയവും വീരാരാധനയ്ക്ക് പാത്രവുമായി മാറിയത്. രജനീകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി അക്കാലത്തെ മുന്‍നിര നായകന്‍മാരെല്ലാം ഇത്തരം സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളായി. കിഴക്ക് ചീമയിലെ, തേവര്‍ വീട്ട് പൊണ്ണ്, ഭാരതിക്കണ്ണമ്മ, പെരിയ ഗൗണ്ടര്‍ പൊണ്ണ്, യജമാന്‍, നാട്ടാമൈ, മറവന്‍, പെരിയ മരുത്, പശുംപൊന്‍, സൂര്യവംശം, മറുമലര്‍ച്ചി, തിരുനെല്‍വേലി, മായി, വിരുമാണ്ടി തുടങ്ങി നിരവധി സിനിമകളാണ് മേല്‍-കീഴ് ജാതി, അഭിമാന-ദുരഭിമാന, പ്രാമാണിത്ത - അടിമത്ത ദ്വന്ദ്വങ്ങള്‍ മുഖമുദ്രയാക്കി ഇതിനെ തുടര്‍ന്ന് നിര്‍മ്മിക്കപ്പെട്ടത്.

ജാതി സാമൂഹിക യാഥാര്‍ഥ്യമാണ്. സിനിമ ഈ ജാതി സമൂഹത്തിന്റെ പ്രതിഫലനവും. സമൂഹത്തിന്റെ മാറ്റങ്ങളെയും സമൂഹം മാറേണ്ടതിന്റെയും ആവശ്യകത കൂടി ചൂണ്ടിക്കാട്ടേണ്ട ഉത്തരവാദിത്തം സിനിമയ്ക്കുണ്ട്. മുഖ്യധാരാ നായകന്‍മാരുടെ സിനിമകള്‍ മുമ്പ് ചെയ്യാതിരുന്നതും ജാതിക്കോയ്മയെ തൊടാതെ അവര്‍ തെരഞ്ഞെടുത്ത സുരക്ഷിതമായ അതിര്‍വരമ്പും ലംഘിച്ചാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ തമിഴ് സിനിമയില്‍ വേറിട്ട വഴി വെട്ടാന്‍ ഒരുമ്പെട്ടത്. അങ്ങനെയാണ് ദളിതന്റെ അവകാശ സംരക്ഷണത്തിനും തുല്യനീതിക്കും വേണ്ടി ചോദ്യങ്ങളെയ്യുന്ന കഥാപാത്രങ്ങളും സിനിമകളും സൃഷ്ടിക്കപ്പെടുന്നത്. മദ്രാസ് (2014), വിസാരണൈ (2015), പരിയേറും പെരുമാള്‍ (2018), അസുരന്‍ (2019), കര്‍ണന്‍, ജയ് ഭീം (2021) തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ വിജയിക്കുന്നത് വെട്രിമാരനും പാ രഞ്ജിത്തും ജ്ഞാനവേലും മാരി സെല്‍വരാജും ഉള്‍പ്പെടെയുള്ള പുതുതലമുറ സംവിധായകര്‍ നേതൃത്വം നല്‍കുന്ന സിനിമയിലെ കീഴാള മുന്നേറ്റം കൂടിയാണ്.


ഇങ്ങനെയൊരു പുതുതലമുറ സിനിമയെ പുതുക്കിപ്പണിയുന്നത് ശ്രദ്ധേയമാണ്. തേവര്‍ മകനില്‍ വടിവേലു അവതരിപ്പിച്ച ഇസൈക്കി എന്ന ഭൃത്യ കഥാപാത്രത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ ആണ് ഒരു തരത്തില്‍ മാരി സെല്‍വരാജിന്റെ മാമന്നന്‍ എന്ന സിനിമയും ടൈറ്റില്‍ കഥാപാത്രവും. തേവര്‍ മകന്‍ ചലച്ചിത്രാവിഷ്‌കാര ഭാഷ എന്ന നിലയില്‍ മികച്ചു നില്‍ക്കുമ്പോഴും അത് തന്നില്‍ വേദനയുണ്ടാക്കിയ ചിത്രം കൂടിയാണെന്ന് മാമന്നന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസന്റെ സാന്നിധ്യത്തില്‍ മാരി സെല്‍വരാജ് പറഞ്ഞിരുന്നു. തേവര്‍ മകന്‍ കണ്ടപ്പോള്‍ മാരി സെല്‍വരാജിന് തോന്നിയ ഈ മനോവിഷമത്തില്‍ നിന്നു കൂടിയാണ് മാമന്നന്റെ പിറവികൊള്ളല്‍. തേവരുടെ ഭൃത്യനും കീഴാളനുമായ ഇസൈക്കി അവരുടെ മുന്നില്‍ തോര്‍ത്ത് അരയില്‍കെട്ടി കുമ്പിട്ടു നില്‍ക്കുകയല്ലാതെ ഇരിക്കുന്നില്ല. മണ്ണ് എന്ന മാമന്നനും കീഴ്ജാതിക്കാരനാണ്. അയാളും കുടുംബവും അയാള്‍ പ്രതിനിധീകരിക്കുന്ന ജാതിയില്‍ ഉള്‍പ്പെട്ടവരും മേല്‍ജാതിക്കാരുടെ പീഡനവും അങ്ങേയറ്റത്തെ നീതിനിഷേധവും അനുഭവിക്കുന്നുമുണ്ട്. ഒരു സവിശേഷ സന്ദര്‍ഭത്തില്‍ രാഷ്ട്രീയത്തിലേക്കും അതുവഴി ജനപ്രതിനിധി എന്ന സ്ഥാനത്തിലേക്കും ഉയരുമ്പോഴും തങ്ങളുടെ പ്രദേശത്ത് കക്ഷിയെ നിയന്ത്രിക്കുന്ന മേല്‍ജാതിക്കാരുടെ മുന്നില്‍ അയാള്‍ ഇരിക്കുന്നില്ല. ഇരിപ്പിടം നിഷേധിച്ചു കൊണ്ടുള്ള ഈ നീതിനിഷേധം അയാളെപ്പോലുള്ള കീഴ്ജാതിക്കാരെ മേല്‍ജാതിക്കാര്‍ കാലങ്ങളായി ശീലിപ്പിച്ചു പോന്നിട്ടുള്ളതാണ്. കുറേക്കാലം കഴിയുമ്പോള്‍ ആ നില്‍പ്പ് അവര്‍ക്ക് ഒരു ശീലമായി മാറുകയും ചെയ്യും. ഒരു വേള മകന്റെ നിര്‍ബന്ധത്താല്‍ മേല്‍ജാതിക്കാരന്റെ മുന്നില്‍ ഇരിക്കുന്നതോടെയാണ് മണ്ണ് തന്നിലെ വിവേചന ശേഷിയുള്ള സ്വതന്ത്ര മനുഷ്യനെ തിരിച്ചറിയുന്നതും മാമന്നനിലേക്ക് വളര്‍ച്ച പ്രാപിക്കുന്നതും.

'ആര്‍ക്കു മുന്നിലും നിന്നുകൊണ്ട് സംസാരിക്കരുത്. ഇരുന്നു സംസാരിക്കണം' എന്നാണ് മാമന്നന്‍ മറ്റുള്ളവരോട് പറയുന്നത്. താന്‍ അനുഭവിച്ച നീതിനിഷേധം മറ്റാര്‍ക്കും വന്നുപോകരുത് എന്ന നിഷ്‌കര്‍ഷ അയാളിലുണ്ട്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളിലും ജ്ഞാനവേലിന്റെ ജയ് ഭീമിലും ഈ 'ഇരുത്തം' കടന്നുവരുന്നുണ്ട്. അംബേദ്കറും പെരിയാറും മുന്നോട്ടുവച്ച തുല്യതയെന്ന ആശയമാണ് ഈ പുതുതലമുറ സംവിധായകരെല്ലാം തങ്ങളുടെ സിനിമയിലെ ഇത്തരം ബിംബങ്ങളിലൂടെ ബോധപൂര്‍വ്വം നടപ്പിലാക്കുന്നത്. മുമ്പ് തേവര്‍, ഗൗണ്ടര്‍ വാഴ്ത്തലുകളെ ഒളിച്ചുകടത്തിയിരുന്ന അതേ ഭാഷാ സിനിമയുടെ മറ്റൊരു തലത്തിലും വിതാനത്തിലുമുള്ള കുറേക്കൂടി മെച്ചപ്പെട്ട സമൂഹത്തിനായുള്ള പ്രേരണ നല്‍കലാണ് ഇതിലൂടെ സാധ്യമാകുന്നത്. പരിയേറും പെരുമാളിലും കര്‍ണനിലും ഇതേ രാഷ്ട്രീയമാണ് മാരി സെല്‍വരാജ് മുന്നോട്ടു വയ്ക്കുന്നത്. 


സമൂഹത്തിലെ ജാതി എന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നു കൊണ്ടുതന്നെ ജനപ്രിയ കല എന്ന നിലയില്‍ സിനിമ സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിലാണ് മാരി സെല്‍വരാജ് ഉള്‍പ്പെടെയുള്ള ദളിത് മുന്നേറ്റവും തുല്യനീതിയും സ്വപ്‌നം കാണുന്ന നവ തമിഴ് സംവിധായകര്‍ പ്രതീക്ഷ വയ്ക്കുന്നത്. തേവര്‍ മകന്‍ പോലുള്ള ഒരു സിനിമ മുപ്പത് വര്‍ഷമായി ആഘോഷിക്കപ്പെടുമ്പോള്‍ ആ സിനിമ ഒളിച്ചുകടത്തുന്ന ഭൂരിപക്ഷ സമുദായ വാഴ്ത്തലുകള്‍ കൂടിയാണ് അതിനൊപ്പം ജനങ്ങളെ സ്വാധീനിച്ചു പോരുന്നത്. ഈ നിശ്ചയം ഒന്നുകൊണ്ടു തന്നെയാണ് 'തേവര്‍ മകന്‍ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ സംവിധായകരും ആ സിനിമയെ മാതൃകയാക്കാറുണ്ട്. അതേസമയം ആ സിനിമയുടെ ഉള്ളടക്കം എന്നിലുണ്ടാക്കിയ വേദന തീവ്രമായിരുന്നു. ഈ പ്ലോട്ടില്‍ എന്റെ അച്ഛന്‍ ഇരുന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. ഇത് എന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണ്.' എന്ന് മാരി സെല്‍വരാജ് മാമന്നനെ കുറിച്ച് പറയുന്നത്. 

ജാതീയമായ ഉച്ചനീചത്വം അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ തീവ്രത കൂടുതല്‍ വ്യക്തമാകൂ. മഹാരാഷ്ട്രയിലെ ജാതിവിവേചനങ്ങളും ദുരഭിമാനക്കൊലയും വിഷയമാക്കി ഫാന്‍ട്രി (2013), സൈറാത്ത് (2016) എന്നീ സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മറാത്തി സംവിധായകന്‍ നാഗ്‌രാജ് മഞ്ജുളെ ഇത് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആ സിനിമകള്‍ പ്രേക്ഷകരിലേക്ക് അത്രമേല്‍ തുളച്ചുകയറുന്നതായി മാറുന്നതും നടപ്പ് സാമൂഹിക യാഥാര്‍ഥ്യം എന്നതു കൊണ്ടു തന്നെ. വെട്രിമാരന്റെ വിസാരണൈ, മാരി സെല്‍വരാജിന്റെ കര്‍ണന്‍, ജ്ഞാനവേലിന്റെ ജയ് ഭീം എന്നീ സിനിമകളെല്ലാം യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ളവയാണെന്നു തിരിച്ചറിയുമ്പോഴാണ് നമ്മള്‍ ജീവിക്കുന്ന കാലത്ത് നിലനില്‍ക്കുന്ന ജാതീയതയുടെയും നീതിനിഷേധത്തിന്റെയും ഭീകരത വെളിപ്പെടുന്നത്. അങ്ങനെയാണ് ഈ സിനിമകളും അത് മുന്നോട്ടുയ്ക്കുന്ന ചിന്തകളും കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നത്. ഈ സിനിമകളെല്ലാം മുഖ്യധാരാ, വാണിജ്യ സങ്കല്‍പ്പങ്ങളെ കൂടി തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന നിലയിലാണ് അതിന്റെ വിജയം പൂര്‍ണത നേടുന്നത്. ഈയൊരു നിര്‍മ്മാണരീതിയും മാര്‍ക്കറ്റിംഗും വഴി ഈ സിനിമകള്‍ കൃത്യമായി ജനങ്ങളിലെത്തുന്നു. മേല്‍പ്രസ്താവിച്ച സിനിമകളെല്ലാം നിരൂപക ചര്‍ച്ചകളില്‍ മാത്രമൊതുങ്ങാതെ വാണിജ്യവിജയങ്ങള്‍ കൂടിയായിരുന്നു എന്നതാണ് ഏറ്റവും അഭിമാനകരം. ജീവിക്കുന്ന സമൂഹത്തിന്റെ യാഥാര്‍ഥ്യം സിനിമയില്‍ കൂടി അറിയുമ്പോള്‍ ഒരു വിഭാഗം ജനത അനുഭവിക്കുന്ന വിവേചനത്തിന്റെ പൊള്ളലിന് തീവ്രതയേറും. അതാണ് ഈ സിനിമകള്‍ പ്രാപ്യമാക്കുന്നതും.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ജൂലൈ 14, ഷോ റീല്‍ -43

Monday, 12 June 2023

ഹാസ്യനടന്റെ ലേബലില്ലാതെ ചിരിതീര്‍ത്ത നായകന്മാര്‍


കാണികളെ രസിപ്പിക്കാന്‍ ഹാസ്യകഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന പതിവ് സിനിമ പണ്ടു തൊട്ടേ ശീലിച്ചു പോന്നിട്ടുണ്ട്. മുഖ്യപ്രമേയത്തോട് ചേര്‍ന്നും അല്ലാതെയും ഇത്തരം കഥാപാത്രങ്ങളെ സനിമ വാര്‍ക്കുന്നതു കാണാം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹോളിവുഡില്‍ ബസ്റ്റര്‍ കീറ്റണും ചാര്‍ലി ചാപ്ലിനും ഉള്‍പ്പെടെയുള്ളവരുടെ ഹാസ്യനായകന്മാര്‍ ലോകമൊട്ടാകെയുള്ള പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ളവരാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഹാസ്യകഥാപാത്രങ്ങളെ പ്രത്യേകം സൃഷ്ടിക്കാതെ തന്നെ നിറഞ്ഞ ചിരി സൃഷ്ടിക്കുകയായിരുന്നു ചാപ്ലിനും കീറ്റണും. തൊഴിലില്ലായ്മ, സ്വത്വ പ്രതിസന്ധി, വിവേചനം, ദരിദ്ര-സമ്പന്ന അന്തരം തുടങ്ങി ചുറ്റുപാടില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു ഈ സിനിമകള്‍. ഈ മാതൃക പില്‍ക്കാലത്ത് ലോകമെമ്പാടുമുള്ള മുഖ്യധാരാ സിനിമ അംഗീകരിക്കുകയും പിന്തുടര്‍ന്നു പോരുകയും ചെയ്യുന്നതാണ്.

ഹോളിവുഡിനെ അപേക്ഷിച്ച് ചിരിപ്പിക്കുന്ന നായകന്മാരെ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ സിനിമ പിന്നെയും ഏറെക്കാലമെടുത്തു. മുഖ്യധാരാ ഇന്ത്യന്‍ സിനിമയിലെ നായകന്മാര്‍ ഗൗരവമാര്‍ന്ന കഥാപാത്രങ്ങളെയും റൊമാന്റിക്, ആക്ഷന്‍ ഡ്രാമകളിലെ സ്ഥിരം സാന്നിധ്യവുമായപ്പോള്‍ അപൂര്‍വ്വം ചില മുന്‍നിര നായകന്മാര്‍ക്ക് മാത്രമാണ് പ്രേക്ഷകരില്‍ ചിരി സൃഷ്ടിക്കാന്‍ സാധിച്ചത്.

ഇന്ത്യന്‍ വാണിജ്യ സിനിമ അതിന്റെ പ്രാംരംഭകാലം തൊട്ട് പാട്ടുകള്‍ക്കും സ്റ്റണ്ട് ചിത്രീകരണങ്ങള്‍ക്കുമൊപ്പം കാണികളെ ആകര്‍ഷിക്കാന്‍ തമാശ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന പതിവ് തുടര്‍ന്നു പോന്നു. ഇത് കേന്ദ്ര പ്രമേയത്തോടു ചേര്‍ന്നും പലപ്പോഴും പ്രമേയത്തോട് ബന്ധമില്ലാതെയും ചേര്‍ത്തിരുന്നു. ആളുകളെ ചിരിപ്പിക്കുക എന്ന ഉദ്ദേശം വച്ച് മാത്രം ചേര്‍ക്കുന്ന ഈ രംഗങ്ങളിലൂടെ ഹാസ്യനടന്മാര്‍ എന്ന പ്രബല വിഭാഗം തന്നെ സിനിമയിലുടലെടുക്കുകയും ചെയ്തു. ഹിന്ദി സിനിമ തുടക്കമിട്ട ഈ ശൈലി പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമകളുടെ തിരക്കഥാ രചനാ ഘട്ടത്തിലും നിര്‍ണായക ഇടം നേടി. ആദ്യകാലത്ത് പ്രഹസനങ്ങളിലും നാടകങ്ങളിലും വിദൂഷക, ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അതേ ചുമതലയാണ് സിനിമയിലെ ഹാസ്യനടന്മാര്‍ക്കുമുണ്ടായിരുന്നത്. മുതുകുളം, നാണപ്പന്‍, വാണക്കുറ്റി, എസ് പി പിള്ള തുടങ്ങിയവര്‍ മലയാള സിനിമയുടെ തുടക്കത്തിലും പിന്നീട് ബഹദൂര്‍, അടൂര്‍ ഭാസി തുടങ്ങിയവരിലൂടെ തുടര്‍ന്ന് അജു വര്‍ഗീസിലും ഹരീഷ് കണാരനിലുമെത്തി നില്‍ക്കുന്നു ഇത്. നായകന്‍ ഗൗരവതരമായ കാര്യങ്ങള്‍ ചെയ്യുകയും ഈ ഗൗരവ കാഴ്ചകളുടെ ആധിക്യത്തില്‍ നിന്ന് കാണികളെ തെല്ല് ലഘൂകരിച്ച് രസിപ്പിക്കുന്നതാണ് ഹാസ്യതാരങ്ങളുടെ ചുമതല.


ഹാസ്യനടന്മാരില്ലാതെ തന്നെ കാണികളെ ചിരിപ്പിക്കുന്ന ദൗത്യം മലയാള സിനിമയില്‍ ആദ്യം ഏറ്റെടുക്കുന്ന മോഹന്‍ലാല്‍ ആണ്. നായക നിരയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിനായക, ഉപനായക കഥാപാത്രങ്ങള്‍ക്കൊപ്പം ഹാസ്യരസപ്രദായിയായ വേഷങ്ങള്‍ കൂടി അണിയാന്‍ മോഹന്‍ലാല്‍ തയ്യാറായി. നേരത്തെ മുതുകുളം രാഘവന്‍ പിള്ളയും ബഹദൂറും അടൂര്‍ ഭാസിയുമെല്ലാം മുഴുനീള ടൈറ്റില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നായക നിരയില്‍ നില്‍ക്കുന്നൊരാള്‍ ഹാസ്യ കേന്ദ്രീകൃത വേഷങ്ങളിലേക്ക് മാറുന്നത് 1980 കളിലെ മലയാള സിനിമയ്ക്ക് പുതുമയായിരുന്നു. വാണിജ്യ, മധ്യവര്‍ത്തി, സമാന്തര ധാരകളിലെല്ലാം മലയാള സിനിമയുടെ സുവര്‍ണകാലമായ 1980 കള്‍ സ്വതവേ കലാപരമായി ഗൗരവ സ്വഭാവവും സാമൂഹികതയും പുലര്‍ത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ മോഹന്‍ലാലിന് തൊട്ടുമുമ്പുള്ള നായകന്മാരെല്ലാം ഉത്തരവാദിത്തങ്ങള്‍ പേറുന്നവരും ഗൗരവ പ്രകൃതിക്കാരുമായിട്ടാണ് കാണാനാകുക. റൊമാന്റിക് നായകന്മാരില്‍ പോലും ഹാസ്യരസങ്ങള്‍ പ്രായേണ കുറവായിരുന്നു.

ആദ്യകാല പ്രിയദര്‍ശന്‍ കഥാപാത്രങ്ങളാണ് മോഹന്‍ലാലിലെ ചിരിപ്പിക്കുന്ന നായകനെ ആദ്യം കണ്ടെത്തുന്നത്. വില്ലത്തരങ്ങളും സംഘര്‍ഷങ്ങളുമായി മുന്നോട്ടുനടന്ന നടനിലെ ചിരിയെ പ്രിയദര്‍ശന്‍ പുറത്തെടുത്തു. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തി ഈ ഗണത്തിലെ ആദ്യത്തേതാണ്. തുടര്‍ന്നുവരുന്ന ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ മുകേഷിനെയും ശ്രീനിവാസനെയുമാണ് പ്രിയദര്‍ശന്‍ ചിരിപ്പിക്കുന്ന നായകന്മാരാക്കുന്നത്. ബോയിങ് ബോയിങ്, അരം പ്ലസ് അരം സമം കിന്നരം എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മോഹന്‍ലാലിലെയും മുകേഷിലെയും അനായാസതയെ പ്രിയദര്‍ശന്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി. മലയാളികള്‍ ആവര്‍ത്തിച്ചുകാണുന്ന ഹാസ്യസിനിമകളുടെ കൂട്ടത്തിലാണ് 38 വര്‍ഷത്തിനു ശേഷവും ഇവ രണ്ടിന്റെയും ഇടം. ധീം തരികിട തോം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, അയല്‍വാസി ഒരു ദരിദ്രവാസി എന്നീ സിനിമകളാണ് തുടര്‍ന്ന് ഈ രണ്ട് നായകന്മാരുടെയും ഹാസ്യത്തിലെ അനായാസത വെളിവാക്കുന്നവയായി വരുന്നത്. 


ഈ സിനിമകള്‍ സൃഷ്ടിച്ച ചിരിയും ജനപ്രിയതയും കൈമുതലാക്കിയാണ് 1980 കളുടെ രണ്ടാം പകുതിയില്‍ മറ്റ് സംവിധായകരും നായകന്മാരെക്കൊണ്ട് ഹാസ്യം ചെയ്യിപ്പിക്കാന്‍ തയ്യാറാകുന്നത്. അഭിനയിച്ചു ഫലിപ്പിക്കാന്‍ അങ്ങേയറ്റം പ്രയാസകരമായ ഹാസ്യരസം എല്ലാ നായകന്മാര്‍ക്കും വഴങ്ങുന്നതായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് മോഹന്‍ലാലിനെയും മുകേഷിനെയും ശ്രീനിവാസനെയും തൊട്ടുപിന്നാലെ ജയറാമിനെയും ജഗദീഷിനെയും സിദ്ധിഖിനെയും തേടി ഹാസ്യരസ പ്രധാനമായ നായക വേഷങ്ങള്‍ എത്തുന്നത്. ഒട്ടേറെ ഹാസ്യചിത്രങ്ങള്‍ ഈ ധാരയില്‍ ഉടലെടുത്തെങ്കിലും ഗൗരവതരമാര്‍ന്ന കഥാപശ്ചാത്തലങ്ങള്‍ ഹാസ്യത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി അവതരിപ്പിക്കുന്ന ശൈലിയാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്. ഇതിന് മികച്ച ഉദാഹരണങ്ങളാണ് പ്രിയദര്‍ശന്റെ താളവട്ടവും ചിത്രവും. ഈ സിനിമകളും അതിലെ നായകന്മാരും കുറേയധികം ചിരിപ്പിച്ച് ഒടുവില്‍ പ്രേക്ഷകരില്‍ നൊമ്പരം അവശേഷിപ്പിച്ച് മടങ്ങുന്നവരാണ്. ചിത്തരോഗാശുപത്രിയും രോഗികളും പശ്ചാത്തലമാകുന്ന താളവട്ടവും, കൊലക്കയറിലേക്ക് ചുരുക്കം ചില നാളുകള്‍ മാത്രം ബാക്കിയുള്ള ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രവും ഹാസ്യത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതീവ ഗൗരവമാര്‍ന്ന സിനിമകള്‍ മാത്രമായി മാറുമായിരുന്നു. അവ പ്രേക്ഷകര്‍ ഇത്രകണ്ട് സ്വീകരിക്കപ്പെടണമെന്നുമില്ല. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, അക്കരെയക്കരെയക്കരെ എന്നീ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ സിനിമകളെല്ലാം മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളികളുടെ ആവര്‍ത്തനക്കാഴ്ചയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതും അവയുണ്ടാക്കിയ ചിരിയിലൂടെല്ലാതെ മറ്റൊന്നുമല്ല. ഈ സിനിമകളിലെല്ലാം അനായാസമായി ചിരി സൃഷ്ടിക്കുന്ന മോഹന്‍ലാലിനെ നായക കഥാപാത്രത്തെയാണ് സംവിധായകന്‍ പ്രയോജനപ്പെടുത്തുന്നത്. ചിരിപ്പിക്കുന്ന സഹകഥാപാത്രങ്ങള്‍ കഥാപശ്ചാത്തലത്തില്‍ വേറെയുമുണ്ടായിരുന്നെങ്കിലും ഈ ചിരിക്ക് നായകന്‍ തന്നെ നേതൃത്വം നല്‍കുന്നത് പ്രേക്ഷകര്‍ക്ക് പുതുമയായിരുന്നു. മലയാളത്തില്‍ മറ്റേതു നായക നടന്മാരേക്കാള്‍ പ്രേക്ഷകാംഗീകാരവും ആരാധനയും മോഹന്‍ലാല്‍ നേടിയെടുക്കാനും നിലനിര്‍ത്താനും കാരണം ഹാസ്യരംഗങ്ങളിലെ ഈ അനായാസതയും അനുകരിക്കാനാകാത്ത ഈ ശൈലിയും ഉണ്ടാക്കിയ അടിത്തറയായിരുന്നു. മറ്റു നായകന്മാര്‍ക്കാര്‍ക്കും ഹാസ്യരംഗങ്ങളിലെ ഈ അസാമാന്യ മിഴിവും ഒഴുക്കും അവകാശപ്പെടാനാകില്ല. അത് ഹാസ്യനടന്മാരുടെ മാത്രം കുത്തകയായി അവശേഷിച്ചു. ഹാസ്യനടന്മാര്‍ മോഹന്‍ലാലിന്റെ കോമ്പോ ആയി വരുമ്പോള്‍ ആ സീക്വന്‍സുകള്‍ക്ക് ഉണ്ടാകുന്ന ഊര്‍ജ്ജം ഒന്നു വേറെയാണ്. പപ്പുവും മാളയും മാമുക്കോയയും ജഗതിയും ഇന്നസെന്റും ശ്രീനിവാസനും മുകേഷും ജഗദീഷും തൊട്ട് ഏറ്റവും പുതിയ തലമുറയിലെ ഹാസ്യതാരങ്ങള്‍ക്കൊപ്പം വരെയുള്ള ഹാസ്യരംഗങ്ങള്‍ ഇതിന് നിദര്‍ശകമാണ്. ശ്രീനിവാസനും മുകേഷും ഉള്‍പ്പെടെ നന്നായി ഹാസ്യം വഴങ്ങുന്ന നടന്മാരുടെ മികച്ച പ്രകടനങ്ങള്‍ക്കും മോഹന്‍ലാലിനൊപ്പമുള്ള കോമ്പോ സീനുകളാണ് സാക്ഷ്യം. 

ഉത്തരവാദിത്തമുള്ള തൊഴിലോ സ്ഥാനമാനങ്ങളോ ഏറ്റെടുക്കേണ്ടിവരുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ പോലും ചിരിയുണ്ടാക്കുന്നുണ്ട്. പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചിരിയുടെ ഈ മേല്‍വിലാസത്തില്‍ നിന്നാണ് തൊഴിലന്വേഷകനും ജീവിതപ്രാരാബ്ധങ്ങളും എന്നാല്‍ ശുഭപ്രതീക്ഷ സൂക്ഷിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ പ്രതീകങ്ങളായ കഥാപാത്രങ്ങളെ സത്യന്‍ അന്തിക്കാട് സൃഷ്ടിക്കുന്നത്. ഈ നായക കഥാപാത്രങ്ങളെല്ലാം ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ഥ്യങ്ങളെ ചിരി കൊണ്ട് നേരിട്ടവരായിരുന്നു. ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേല്‍പ്പ്, മഴവില്‍ക്കാവടി, തലയണമന്ത്രം തുടങ്ങിയ സിനിമകളെയെല്ലാം മധ്യവര്‍ത്തി മലയാളി ജീവിതത്തിന്റെ തത്രപ്പാടുകളുടെ നേര്‍ചിത്രമെന്നതിനൊപ്പം നിറചിരിയോടെയാണ് പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ചെയ്ത നായക കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് പിന്നീട് ശ്രീനിവാസനും ജയറാമും ചെയ്യുന്നത്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍, പാവം പാവം രാജകുമാരന്‍, എന്നോടിഷ്ടം കൂടാമോ, ആയുഷ്‌കാലം തുടങ്ങിയ കമലിന്റെ ജനപ്രിയ ചിത്രങ്ങളിലെല്ലാം ശ്രീനിവാസന്‍, ജയറാം, മുകേഷ് എന്നിവരുടെ നായക കഥാപാത്രങ്ങള്‍ ചിരിപ്പിക്കുന്നവര്‍ കൂടിയാണ്.


മോഹന്‍ലാലില്‍ തുടങ്ങിയ ചിരിപ്പിക്കുന്ന നായക കഥാപാത്രങ്ങളുടെ തുടര്‍ച്ച 1990 കളില്‍ തുടങ്ങുന്ന പതിറ്റാണ്ടിലുടനീളം കാണാം. ജഗദീഷും സിദ്ധിഖും അടക്കമുള്ളവര്‍ ഈ പട്ടികയില്‍ ചേരുന്നതും ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. മോഹന്‍ലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയും ചിരിപ്പിക്കുന്ന നായകന്മാര്‍ക്കൊപ്പം ചെറിയ ബജറ്റിലുള്ള ഒട്ടേറെ ചിത്രങ്ങളാണ് 1990 കളുടെ ആദ്യപകുതിയില്‍ സിദ്ധിഖും ജഗദീഷും ഉള്‍പ്പെടെയുള്ള തൊട്ടു താഴേ നിരയിലുള്ള നായകന്മാരില്‍ നിന്നുണ്ടായത്. സിദ്ധിഖ് ലാലിന്റെ റാംജിറാവ് സ്പീക്കിങ്ങിന്റെ അത്ഭുത വിജയമാണ് ഹാസ്യം മികച്ച രീതിയില്‍ വഴങ്ങുന്ന നായകന്മാരെ പ്രേക്ഷകര്‍ കുറേക്കൂടി ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. ഈ കൂട്ടുകെട്ടിന്റെ തന്നെ ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറും വന്‍വിജയങ്ങളായതോടെ മുകേഷും ജഗദീഷും സിദ്ധിഖുമെല്ലാം ഹാസ്യനായക•ാരായി. തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ കോമഡി ചിത്രങ്ങളുടെ തരംഗം സൃഷ്ടിക്കാന്‍ ഉതകുന്നതായിരുന്നു ഈ സിദ്ധിഖ് ലാല്‍ ചിത്രങ്ങളുടെ തുടര്‍വിജയം. ഈ മാതൃക പിന്തുടര്‍ന്ന് വിജിതമ്പി, അനില്‍ബാബു, തുളസീദാസ്, സുനില്‍, ഹരിദാസ്, രാജസേനന്‍, നിസാര്‍ തുടങ്ങി നിരവധി സംവിധായകര്‍ ഹാസ്യസിനിമകളൊരുക്കി. മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒട്ടേറെ മികച്ച സിനിമകള്‍ക്ക് തൊണ്ണൂറുകളില്‍ പിറവിയെടുത്തെങ്കിലും ഹാസ്യ സിനിമകളുടെ എണ്ണപ്പെരുക്കത്തിനു കൂടിയാണ് ഈ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്.

കിലുക്കം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങള്‍ 1990 കളില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ചിരിത്തുടര്‍ച്ചയായി. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുകയും ആവര്‍ത്തിച്ചു കാണുകയും ചെയ്യുന്ന ചിത്രങ്ങളുടെ കൂട്ടത്തിലുള്ള ഇവയ്‌ക്കെല്ലാമുള്ള സാമ്യത അവയിലുള്ളടങ്ങിയിരിക്കുന്ന നിറഞ്ഞ ചിരിയാണ്. നായകനില്‍ തുടങ്ങുന്ന ചിരി ഓരോ ചെറു കഥാപാത്രങ്ങളിലേക്കും പടരുന്നു. അങ്ങനെ ആ ചിരി പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്കും നിറയുന്നു. യോദ്ധാ, വിയറ്റ്‌നാം കോളനി, ബട്ടര്‍ഫ്‌ളൈസ്, മണിച്ചിത്രത്താഴ്, മാന്ത്രികം, ഹരികൃഷ്ണന്‍സ്, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിലും തൊണ്ണൂറുകളില്‍ ലാല്‍ചിരി തുടര്‍ന്നു.


മോഹന്‍ലാലിനു പുറമേ ചിരിയില്‍ തീര്‍ത്ത ജയറാമിന്റെ നായക വേഷങ്ങളാണ് 1990 കളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയത്. കുടുംബ സദസ്സുകളുടെ നായകനെന്ന് അക്കാലത്ത് പേരെടുത്ത ജയറാമിന്റെ കഥാപാത്രങ്ങളിലെല്ലാം ഈ ഹാസ്യരസം ഗുണം ചെയ്തു. മോഹന്‍ലാലിനെയും മുകേഷിനെയും പോലെ ഹാസ്യരംഗങ്ങളിലെ അനായാസതയും ടൈമിംഗുമാണ് ജയറാമിന്റെ നായക വേഷങ്ങളെയും തുണച്ചത്. മിമിക്രി വേദിയിലെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ അനുഭവപരിചയം ഹാസ്യരംഗങ്ങളിലെ വഴക്കത്തിന് ജയറാമിനെ സഹായിച്ചു. ജീവിതപ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന സാധാരണക്കാരനായ നായകന്റെ ആവലാതികളിലെല്ലാം ചിരി മുന്നിട്ടുനിന്നു. രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ വന്‍വിജയം ജയറാമിന്റെ താരമൂല്യം ഉയര്‍ത്തി. തുടര്‍ന്ന് കാവടിയാട്ടം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പുതുക്കോട്ടയിലെ പുതുമണവാളന്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, അരമനവീടും അഞ്ഞൂറേക്കറും, സൂപ്പര്‍മാന്‍, തൂവല്‍ കൊട്ടാരം, ദില്ലിവാല രാജകുമാരന്‍, കിലുകില്‍ പമ്പരം, ദി കാര്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, പട്ടാഭിഷേകം, ഫ്രണ്ട്‌സ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ തൊണ്ണൂറുകളിലെ സിനിമകളിലെ ജയറാമിലെ ചിരിപ്പിക്കുന്ന നായകനെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

ജയറാമിന്റെ നേര്‍തുടര്‍ച്ചയായിരുന്നു ദിലീപിന്റെ നായക വേഷങ്ങള്‍. ജയറാം വേണ്ടെന്നുവച്ച റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബിഹൗസിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായി. 2000 ത്തിന്റെ തുടക്കത്തില്‍ നരസിംഹത്തിന്റെ അഭൂതപൂര്‍വ്വമായ വിജയത്തോടെ മോഹന്‍ലാലും മലയാള സിനിമയും നായകസങ്കല്‍പ്പങ്ങളുടെ മറ്റൊരു ദിശയിലേക്ക് മാറുകയും ഈ തരംഗത്തെ പിന്തുടരാന്‍ ഇന്‍ഡസ്ട്രി നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. വാര്‍പ്പുമാതൃകയില്‍ മെനഞ്ഞെടുത്ത അമാനുഷികവൃത്തികളുമായി ഇതിനെ പിന്തുടര്‍ന്നുവന്ന സിനിമകള്‍ക്ക് തുടര്‍പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ഈ വേളയില്‍ മലയാള സിനിമാ വ്യവസായത്തെ താങ്ങിനിര്‍ത്തിയത് ദിലീപിന്റെ ഹാസ്യനായക കഥാപാത്രങ്ങളായിരുന്നു. ഈ പറക്കുംതളിക, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം, കുബേരന്‍, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, തിളക്കം, സിഐഡി മൂസ, വെട്ടം, കൊച്ചിരാജാവ്, പാണ്ടിപ്പട, ചാന്ത്‌പൊട്ട്, വിനോദയാത്ര തുടങ്ങിയ സിനിമകളെല്ലാം തിയേറ്ററില്‍ വന്‍വിജയങ്ങളായി. അനായാസം ഹാസ്യം കൈകാര്യം ചെയ്യാനാകുന്ന നായകന് എല്ലാത്തരം പ്രേക്ഷകരെയും എളുപ്പത്തില്‍ ആകര്‍ഷിക്കാനായി. വലിയ ശരീരമായിട്ടു പോലും അതിനെ അനായാസമായി കൈകാര്യം ചെയ്യുന്നതിലാണ് ജയറാം വിജയിച്ചതെങ്കില്‍ ചാര്‍ലി ചാപ്ലിനെയും ബസ്റ്റര്‍ കീറ്റണെയും പോലെ ചെറിയ ശരീരത്തിന്റെ സാധ്യത ഹാസ്യത്തിനായി ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ് ദിലീപ് വിജയകരമായി പരീക്ഷിച്ചത്. സംഭാഷണങ്ങള്‍ കൊണ്ടല്ലാതെ ശരീരത്തിന്റെ കുറവുകളിലും, ശരീരത്തിന്റെ വഴക്കം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓട്ടത്തിലും ചാട്ടത്തിലും തെന്നിവീഴലിലുമെല്ലാം ദിലീപ് ചിരി സൃഷ്ടിച്ചു.


മോഹന്‍ലാല്‍ മുതല്‍ ദിലീപ് വരെയുള്ള ഹാസ്യം മികച്ച രീതിയില്‍ വഴങ്ങുന്ന ഈ നായകന്മാരെ പിന്തുണയ്ക്കുന്നതിനായി ഹാസ്യരംഗങ്ങളില്‍ ചില താരങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു. കുതിരവട്ടം പപ്പുവും മാമുക്കോയയും ഇന്നസെന്റും ജഗതി ശ്രീകുമാറും ശ്രീനിവാസനും ജഗദീഷും ഇന്ദ്രന്‍സും പ്രേംകുമാറും കലാഭവന്‍ മണിയും ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും സലിംകുമാറും സുരാജ് വെഞ്ഞാറമൂടും അടക്കമുള്ളവര്‍ ഈ റോളില്‍ തിളങ്ങിയവരാണ്. എന്നാല്‍ ഈ ഹാസ്യരസം ഉടലെടുക്കുന്നതിനായി നായകന്‍ എപ്പോഴും മുന്നണിയിലുണ്ടാകുന്നുവെന്നതാണ് സവിശേഷത.

ദിലീപിനു ശേഷം ജയസൂര്യ, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിരി സൃഷ്ടിക്കുന്നതില്‍ വിജയിച്ച നായകന്മാര്‍. സ്വപ്‌നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ചോക്കളേറ്റ്, ലോലിപോപ്പ്, ഇവര്‍ വിവാഹിതരായാല്‍, ഗുലുമാല്‍, ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, ത്രീ കിംഗ്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, ആട്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ജയസൂര്യയുടെ ചിരിപ്പിക്കുന്ന നായകനെ കാണാം. സംഭാഷണങ്ങളിലും പെരുമാറ്റത്തിലുമുള്ള സ്വാഭാവിക നര്‍മ്മമാണ് ചിരിപ്പിക്കാനായി ജയസൂര്യ പ്രയോജനപ്പെടുത്തുന്നത്. ഗൗരവതരമായ കഥാപാത്രങ്ങള്‍ കൂടുതലായി ചെയ്യുന്ന നടനാണ് ജയസൂര്യ. എന്നാല്‍ അതിന്റെ ഇടവേളകളില്‍ തേടിയെടുത്തുന്ന കഥാപാത്രങ്ങളിലും ഹാസ്യത്തിന്റെ വഴക്കം കൈവിടാതെ സൂക്ഷിക്കാന്‍ കഴിയുന്നതിലാണ് ഈ നടന്റെ വിജയം.


അയല്‍പക്കത്തെ പയ്യന്‍ ഇമേജാണ് പോയ പതിറ്റാണ്ടില്‍ നിവിന്‍ പോളിയിലെ നായകനെ ജനപ്രിയനാക്കിയത്. കരിയരിന്റെ തുടക്കത്തില്‍ വലിയ പ്രത്യേകതകളൊന്നുമില്ലാതെ കൂട്ടത്തിലൊരു നായകന്‍ എന്ന ഇമേജില്‍ നിന്ന് തട്ടത്തിന്‍ മറയത്ത് എന്ന സിനിമയാണ് സാധാരണക്കാരന്റെ മുഖവും സംസാരശൈലിയും നര്‍മ്മഭാവങ്ങളും കൊണ്ട് നിവിന്‍പോളിയെ ശ്രദ്ധേയനാക്കുന്നത്. നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം തുടങ്ങിയവ നിവിന്‍ പോളിക്ക് ഈ ഇമേജ് നിലനിര്‍ത്തുന്നതില്‍ സംഭാവന ചെയ്ത സിനിമകളാണ്. അജു വര്‍ഗീസാണ് ഹാസ്യരംഗങ്ങളില്‍ നിവിന്‍പോളിയുടെ പെര്‍ഫെക്ട് കോമ്പോ എന്ന നിലയില്‍ പേരെടുത്തത്.

മെട്രോ ബോയ് ഇമേജില്‍ നിന്ന് ഫഹദ് ഫാസില്‍ നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനാകുന്നത് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയോടെയാണ്. ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയവയാണ് കഥാപാത്രത്തിന് യോജിക്കും വിധം സ്വാഭാവിക ഹാസ്യം കൊണ്ട് ഫഹദ് ശ്രദ്ധേയനാകുന്ന മറ്റു സിനിമകള്‍.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ജൂണ്‍ 9, ഷോ റീല്‍ 42

Monday, 29 May 2023

മയക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയിലെ പരകായപ്രവേശം

 

കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു യാത്രയ്ക്കു പോയി തിരികെ വരും വഴി ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ പറഞ്ഞ് അപരിചിതമായ ഒരു സ്ഥലത്ത് ഇറങ്ങി, അവിടം ചിരപരിചിതമെന്ന പോലെ നടന്നുപോകുന്ന ഒരാള്‍. ആ ഗ്രാമവഴികളെല്ലാം അയാള്‍ക്ക് പരിചിതമാണ്. റോഡില്‍ നിന്നിറങ്ങി വയലു കടന്ന് കൃത്യമായൊരു ലക്ഷ്യം വച്ച് അയാള്‍ മുന്നോട്ടു നടക്കുന്നു. അതിനിടെ ഗ്രാമത്തിലെ പരിചിതമായ കോവിലും വീടുകളും അയാള്‍ കാണുന്നു. മനുഷ്യരും കന്നുകാലികളുമെല്ലാം അയാളെ കടന്നുപോകുന്നു. ഏറെ നാളുകള്‍ക്കു ശേഷം തനിക്ക് എത്തിച്ചേരേണ്ട ലക്ഷ്യം മാത്രമായിരിക്കണം അയാളുടെ മനസ്സില്‍. അതാണ് ധൃതിപ്പെട്ടുള്ള, എന്നാല്‍ സ്ഥലകാല, ചരാചരങ്ങളെ കണ്ടുകൊള്ളുള്ള ആ നടത്തം. അങ്ങനെ നടന്ന് അയാള്‍ അടുത്തടുത്തിരിക്കുന്ന ഒരുപാട് വീടുകള്‍ക്കിടയിലെ തന്റെ ലക്ഷ്യസ്ഥാനമായ ആ വീട്ടില്‍ ചെന്നുകയറുന്നു. ഉടുത്തിരുന്ന തുണി മാറ്റി അയയില്‍ കിടന്ന മറ്റൊരു കൈലിയെടുത്ത് ഉടുത്ത് ആ വീട്ടിലെ അംഗത്തെ പോലെ തന്നെ അയാള്‍ പെരുമാറാന്‍ തുടങ്ങുന്നു. ഭാര്യയെയും മകളെയും പേരു ചൊല്ലി വിളിക്കുന്നു. മറ്റ് കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തുന്നു. അടുക്കളയില്‍ ചായയിടാന്‍ കയറുന്നു. അടുക്കള സാധനങ്ങള്‍ തീര്‍ന്നതു കണ്ട് സഞ്ചിയുമെടുത്ത് സ്‌കൂട്ടറില്‍ കയറി ചന്തയിലേക്ക് പോകുന്നു. അവിടെ പരിചയക്കാരെ കാണുന്നു, ചായ കുടിക്കുന്നു, വിശേഷങ്ങള്‍ പറയുന്നു. കൃഷിയിടത്തിലേക്ക് പോകുന്നു, വിളവുകള്‍ നോക്കുന്നു. പിന്നെയും പല ആവശ്യങ്ങള്‍ക്ക് ഗ്രാമവഴിയേ സഞ്ചരിക്കുന്നു. ദിനചര്യകള്‍ പലതും ചെയ്യുന്നു. അതിനിടെ താന്‍ ഗ്രാമത്തില്‍ വന്നിറങ്ങിയ ബസ്സിനെയും അയാള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ ആ വാഹനത്തെ അയാള്‍ തിരിച്ചറിയുന്നില്ല. പതിവു സഞ്ചാരങ്ങളെല്ലാം തീര്‍ത്ത് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചെത്തുന്നു. അത്താഴം കഴിക്കുന്നു. ഉമ്മറത്ത് പായ വിരിച്ചു കിടക്കുന്നു. ഈ ചെയ്തികളെല്ലാം ചെയ്യുന്നയാളെ ആ ദേശത്തെയും വീട്ടിലെയും മറ്റാരും തിരിച്ചറിയുന്നില്ല. എല്ലാവരും അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് അയാളെയും അയാളുടെ പ്രവൃത്തികളെയും നോക്കിക്കാണുന്നത്. പക്ഷേ അയാള്‍ എല്ലാവരേയും തിരിച്ചറിയുന്നുമുണ്ട്. അതുകൊണ്ടു തന്നെ പലരും എന്താണ് തന്നെ എന്താണിങ്ങനെ അന്യനെ പോലെ നോക്കുന്നതെന്നാണ് അയാള്‍ ആശങ്കപ്പെടുന്നത്. വീട്ടിലെ വളര്‍ത്തുനായ പക്ഷേ അയാളെ തിരിച്ചറിയുകയും അടുപ്പം കാണിക്കുകയും ചെയ്യുന്നുണ്ട്. വീട്ടിലെ കണ്ണുകാണാത്ത വൃദ്ധയ്ക്കും അയാളുടെ സവിശേഷ സാന്നിധ്യം അകക്കണ്ണാലേ മനസ്സിലാകുന്നുണ്ട്.

യാത്രയ്ക്കിടെ ഒരു മയക്കത്തിന്റെ ഇടവേളയില്‍ ഒരിടത്തിറങ്ങി ആ ദേശവാസിയും അവിടത്തെ ഒരു വീട്ടിലെ കാണാതായ ഗൃഹനാഥനുമായി സ്വയം മാറുന്ന ഒരാള്‍. ഇത്തരമൊരു മയകത്തിലെയും സ്വപ്നത്തിലെയും യാഥാര്‍ഥ്യായഥാര്‍ഥങ്ങളുടെ അടരുകള്‍ വേര്‍പെടുത്തുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഏറ്റവും പുതിയ സിനിമയായ നന്‍പകല്‍ നേരത്ത് മയക്കത്തില്‍. നേര്‍ക്കാഴ്ചയില്‍ ഈയൊരു പ്രമേയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുമ്പോള്‍ തന്നെ ഭിന്നവിതാനത്തിലുള്ള കാഴ്ചയ്ക്കും ചിന്തയ്ക്കുമുള്ള ഇടങ്ങള്‍ ഒഴിച്ചിടുന്നതാണ് നന്‍പകലിന്റെ ആഖ്യാനം. ഇക്കാര്യത്തില്‍ ലിജോയുടെ മറ്റു സിനിമകളേക്കാള്‍ പൂരണ സാധ്യത അധികമാണ് നന്‍പകലിന്. കാണിക്ക് സംവദിക്കാനും ഇടപെടാനുമുള്ള ഇടം കൃത്യമായി ഒഴിച്ചിട്ടു കൊണ്ടുള്ള ഈ ആഖ്യാനം തന്നെയാണ് നന്‍പകല്‍ സാധ്യമാക്കുന്ന സവിശേഷതയും.


തമിഴ്‌നാട്ടുകാരനായ സുന്ദരമായി മാറുന്ന മൂവാറ്റുപുഴക്കാരന്‍ ജെയിംസിനൊപ്പം വേളാങ്കണ്ണി യാത്രയ്ക്കുള്ള ബസ്സില്‍ സഞ്ചരിക്കുന്നവരാണ് നേര്‍ക്കാഴ്ചയില്‍ സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. വേളാങ്കണ്ണി മാതാവിനെ ദര്‍ശിച്ച് തിരികെയുള്ള യാത്രയിലാണ് ജെയിംസ് സുന്ദരമായി മാറി മറ്റൊരു ദേശത്തേക്കും വീട്ടിലേക്കും ഇറങ്ങിപ്പോകുന്നത്. അതേസമയം സാരഥി തിയേറ്റേഴ്‌സിലെ നാടക നടീനടന്മാരാണ് ഈ ബസ്സിലുള്ളവരെല്ലാം. 'ഒരിടത്ത്' എന്ന നാടകമാണ് അവര്‍ ആ സീസണില്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ നടീനടന്മാര്‍ വേഷമിടുന്ന ഒരു നാടകമായും ഈ കൂടുവിട്ട് കൂടുമാറ്റത്തെ കാണാനാകും. നാടകവും ജീവിതവും മനുഷ്യരും അരങ്ങിലെ കഥാപാത്രങ്ങളും രണ്ടല്ലാതായി മാറുന്നു ഇവിടെ. വേളാങ്കണ്ണിയില്‍ നിന്ന് തിരികെയുള്ള യാത്രയില്‍ ജെയിംസ് മാത്രമല്ല, എല്ലാവരും ഒരുപോലെ മയക്കത്തിലാണ്. എല്ലാവരും ചേര്‍ന്ന് കാണുന്ന സുന്ദരമായ ഒരു സ്വപ്‌നവുമായിരിക്കാമിത്. മയക്കത്തിന്റെ ഇടവേള പിന്നിട്ട ശേഷം എല്ലാവരും പിന്നെയും ബസ്സില്‍ യാത്ര തുടരുകയാണ്.

വേളാങ്കണ്ണി മാതാവുമായി ബന്ധപ്പെടുത്തിയുള്ള വിവിധങ്ങളായ അത്ഭുതകഥകള്‍ പ്രചാരത്തിലുണ്ട്. വേളാങ്കണ്ണി മാതാവിനെ ദര്‍ശിച്ചുള്ള ഈ മടക്കയാത്രയില്‍ മാതാവ് പ്രവര്‍ത്തിച്ച അത്ഭുതപ്രവൃത്തികളിലൊന്നായി സുന്ദരമായുള്ള ജെയിംസിന്റെ പരകാശപ്രവേശത്തെ കാണാനാകും. വിശ്വാസാവിശ്വാസത്തിനപ്പുറത്തെ സുന്ദരമായ കെട്ടുകഥകളുടെ പാരായണക്ഷമതയുടെയും കേള്‍വിയുടെയും സാധ്യതയുമാണിത്. ഒരു ദിവസം പതിവുപടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ സുന്ദരം പിന്നീട് തിരിച്ചുവരുന്നില്ല. ഒരു ദിവസം മറ്റൊരാള്‍ വന്ന് സുന്ദരമായി പെരുമാറുകയും വീട്ടുകാരില്‍ സുന്ദരത്തിന്റെ ഓര്‍മ്മകള്‍ നിറയ്ക്കുകയും ഒരു വേള ആ വിടവ് നികത്തുന്നുവെന്ന് ചിന്തിപ്പിക്കുക കൂടി ചെയ്യുന്നു പുതുതായി കയറി വന്നയാള്‍. ഒരു മയക്കത്തിനു ശേഷം സുന്ദരമായി മാറുകയും മറ്റൊരു മയക്കത്തിനു ശേഷം ജെയിംസിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്യുന്ന കൂടുമാറ്റം ജെയിംസിന്റെ മാത്രമല്ല, ആരുടെയും തോന്നലാകാം. സുന്ദരത്തിന്റെ അസാന്നിധ്യത്തില്‍ ഭാര്യ പൂങ്കുഴലിയുടെ ദിവാസ്വപ്‌നവുമാകാം ജെയിംസിന്റെ അപ്രതീക്ഷിത കടന്നുവരവും സുന്ദരത്തിന്റേതു മട്ടുള്ള പെരുമാറ്റവും. മകള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ സുന്ദരത്തിന്റെ മരണസൂചനയും യഥാര്‍ഥ സുന്ദരം ഇനി തിരിച്ചുവരില്ലെന്നും ജെയിംസിലൂടെ ബലിച്ചോറാണ് ഉണ്ണുന്നതെന്ന സൂചനയും നല്‍കുന്നു.


തന്റേതു മാത്രമായ സിനിമകള്‍ സൃഷ്ടിക്കുക എന്നതാണ് ലിജോ ജോസ് പെല്ലിയുടെ മതം. സിനിമ ചെയ്തുകഴിഞ്ഞ് അത് കാഴ്ചക്കാര്‍ക്ക് വിട്ടുകൊടുക്കുന്നു. പിന്നെ അതിന്റെ ഭിന്ന വിതാനത്തിലുള്ള ആസ്വാദന സാധ്യതകള്‍ തിരയേണ്ടതും കണ്ടെത്തേണ്ടതും പ്രേക്ഷകരാണ്. ചലച്ചിത്ര വ്യവസായത്തില്‍ നിലനില്‍ക്കുന്ന വിജയ പ്രവണതകള്‍ ഈ സംവിധായകനെ അലട്ടാറില്ല. അതുകൊണ്ടു തന്നെ സിനിമയുടെ വാണിജ്യ വിജയാപജയങ്ങളെക്കുറിച്ചുള്ള അല്ലലുകളും അയാളെ ബാധിക്കുന്നില്ല. നന്‍പകല്‍ പോലെയുള്ള സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലേക്കു നല്‍കുമ്പോള്‍ ലിജോ തുറന്നിടുന്ന സാധ്യത ഇതാണ്. ഓരോരുത്തരും കാണുന്നത് വ്യത്യസ്ത സിനിമയായിരിക്കും. അവരവരുടെ ധാരണയിലും ആസ്വാദനക്ഷമതയിലും മുന്നോട്ടു പോകാം. തുറന്ന ക്ലൈമാക്‌സ് മാത്രമല്ല, ഓരോ സീക്വന്‍സിലും തുറന്നിടുന്ന ഈ പൂരണസാധ്യത തന്നെയാണ് പ്രേക്ഷകന്റെ ആസ്വാദന ക്ഷമതയെ കൂടി പരിഗണിക്കുന്ന സിനിമയായി നന്‍പകലിനെ മാറ്റുന്നത്. ഇക്കാര്യത്തില്‍ ഈ സംവിധായകന്റെ മുന്‍സിനിമകളേക്കാള്‍ വ്യത്യസ്ത തലത്തിലുള്ള ആസ്വാദനമാണ് നന്‍പകല്‍ നേരത്ത് മയക്കം സാധ്യമാക്കുന്നത്. എന്നാല്‍ ഇവിടെ എല്ലാത്തരം പ്രേക്ഷകരെയും പരിഗണിക്കാന്‍ സംവിധായകന്‍ മെനക്കെടുന്നുമില്ല. ഇവ്വിധം ലിജോയുടെ വിനോദമൂല്യവും വേഗതയും മികച്ച ആസ്വാദനക്ഷമതയുള്ള സിനിമകള്‍ നേരത്തേ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ലിജോ സിനിമകളില്‍ താരതമ്യേന മന്ദതാളമാണ് നന്‍പകലിന്റേത്. നാടകത്തിന്റെയും ജീവിതത്തിന്റെയും സ്ഥായിയായ താളമാണത്. അതിനെ സുഖദമായ ഒരു പകല്‍മയക്കത്തില്‍ യാഥാര്‍ഥ്യമോ അയഥാര്‍ഥമോ എന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ദിവാസ്വപ്നത്തിനോടാണ് ചേര്‍ത്തുവയ്ക്കാനാകുക.

അക്ഷരകൈരളി, 2023 ഏപ്രില്‍

Tuesday, 23 May 2023

പ്രേക്ഷകരായിരുന്നില്ല സിനിമയായിരുന്നു കാണികളില്‍ നിന്ന് അകന്നത്; 2018 ഓര്‍മ്മപ്പെടുത്തുന്നത്


ബിഗ് സ്‌ക്രീനില്‍ തന്നെ കാണണം എന്നു തോന്നിപ്പിക്കുന്ന ഒരു സിനിമ വന്നാല്‍ പ്രേക്ഷകര്‍ മൊബൈല്‍ ഫോണിന്റെ ചെറു ചതുരത്തില്‍ നിന്ന് തിയേറ്ററിലേക്ക് തിരിച്ചെത്തും. കാണികള്‍ ഒരിക്കലും സിനിമയില്‍ നിന്ന് അകന്നിരുന്നില്ല. സിനിമയാണ് അവരില്‍ നിന്ന് അകന്നത്. എന്തെങ്കിലും പുതുമ സമ്മാനിക്കുന്ന ഒന്നാണെന്ന് തോന്നിയാല്‍ ആ സിനിമയെ പ്രേക്ഷകര്‍ കൈവിടാറില്ല. ഈ വര്‍ഷം മേയ് മാസം വരെ മലയാളത്തില്‍ സംഭവിച്ച ഏക തിയേറ്റര്‍ ഹിറ്റായ രോമാഞ്ചം തന്നെ ഇതിലെ ഏറ്റവും പുതിയ ഉദാഹരണം. ഈ പുതുമയോ ആസ്വാദനക്ഷമതയോ നല്‍കുന്നതില്‍ ജനപ്രിയകല പരാജയപ്പെടുമ്പോഴാണ് ആളുകള്‍ അതില്‍ നിന്ന് അകലുന്നതും.

കോവിഡ് രൂപപ്പെടുത്തിയ പ്രതിസന്ധിയും കോവിഡ് കാലത്ത് ആളുകളുടെ സിനിമാസ്വാദന ശീലത്തെ നിലനിര്‍ത്തിയ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും ജനകീയതയും പാടേ തളര്‍ത്തിയ തിയേറ്റര്‍ വ്യവസായം പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. കാണികളെ ആകര്‍ഷിക്കും വിധമുള്ള സിനിമകളൊരുക്കി ഒടിടി, ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം കൂടിയായിരുന്നു കോവിഡാനന്തര ചലച്ചിത്ര, തിയേറ്റര്‍ വ്യവസായത്തിന് ഉണ്ടായിരുന്നത്. ബിഗ് ബജറ്റ്-പോപ്പുലര്‍ കാരക്ടര്‍ സിനിമകള്‍ നിര്‍മ്മിച്ചാണ് ലോകമെങ്ങുമുള്ള സിനിമാ വിപണി ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചത്. സ്‌പൈഡര്‍മാന്‍, ജെയിംസ്‌ബോണ്ട്, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍, ജുറാസിക് വേള്‍ഡ്, അവതാര്‍ സീരിസുകള്‍ കോവിഡിനു ശേഷം തിയേറ്ററിലെത്തിച്ചാണ് ഹോളിവുഡ് മാന്ദ്യത്തെ മറികടന്നത്. ഇന്ത്യന്‍ സിനിമയും ഈ മാതൃകയാണ് തിയേറ്ററിലേക്ക് പ്രേക്ഷകരെ തിരികെയത്തിക്കാന്‍ അവലംബിച്ചത്. തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികള്‍ കുറേക്കൂടി വേഗത്തില്‍ വന്‍ ബജറ്റ് സിനിമകളിലൂടെ ഇതു നേടിയെടുത്തെങ്കിലും ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലൂടെയാണ് ബോളിവുഡ് ദീര്‍ഘകാലം നീണ്ടുപോയ മാന്ദ്യത്തെ മറികടന്നത്. 

മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് താരതമ്യേന വലിയ മുതല്‍മുടക്കിലുള്ള സിനിമകള്‍ അത്രകണ്ട് ഫലപ്രദമല്ലാത്ത മലയാളത്തിന് കാണികളെ തിരികെയെത്തിക്കാന്‍ പിന്നെയും സമയമെടുത്തു. കോവിഡിനു ശേഷമുള്ള കാലയളവില്‍ ഹിറ്റുകളുണ്ടായെങ്കിലും ദിവസങ്ങളോളം കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം സൂപ്പര്‍ ഹിറ്റാകുകയും ചെയ്യുന്നൊരു സിനിമയുണ്ടാകാന്‍ ഈ വര്‍ഷം പകുതിയോളമെടുത്തു. കേരളം നേരിട്ട 2018 ലെ വലിയ പ്രളയദുരിതത്തിന്റെ ചലച്ചിത്രഭാഷ്യമൊരുക്കി ജൂഡ് അന്റണി ജോസഫ് ആണ് പ്രേക്ഷകരെ വീണ്ടും തിയേറ്ററിലെത്തിക്കാന്‍ മുന്‍കൈയടുത്തത്. കഴിഞ്ഞ ആറു മാസക്കാലത്തിനിടെ ഒറ്റ ഹിറ്റ് മാത്രമുണ്ടായ മലയാളത്തിന് കോവിഡിനു ശേഷമുള്ള കാലയളവില്‍ പുലിമുരുകനോ ലൂസിഫറോ പോലെ തിയേറ്ററുകളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും അതിവേഗം 100 കോടി ക്ലബ്ബില്‍ ഇടം നേടാനും സാധിക്കുന്നൊരു സിനിമ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. ഈ കാലയളവില്‍ 100 കോടി ക്ലബ്ബ് നേട്ടം അവകാശപ്പെട്ട സിനിമകളാകട്ടെ സാറ്റലൈറ്റ്, ഒടിടി, മറ്റ് പരസ്യ, വിപണന സാധ്യതകളിലൂടെയാണ് ഈ മാജിക്കല്‍ നമ്പറിലെത്തിയത്. 


തങ്ങളെ എന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കാത്ത സിനിമകളെ പ്രേക്ഷകര്‍ കൈയൊഴിയുകയും അവര്‍ ഒടിടി സ്ട്രീമിങ്ങുകളിലേക്ക് ചുരുങ്ങുകയുമായിരുന്നു. ഇതോടെ കേരളത്തിലെ തിയേറ്റര്‍ വ്യവസായം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. മിക്ക തിയേറ്ററുകളിലും ആളില്ലാതെ പ്രദര്‍ശനം മുടങ്ങുന്നത് പതിവായി. മാളുകള്‍ ഉള്‍പ്പെടെയുള്ളവയിലെ മള്‍ട്ടി സ്‌ക്രീനുകളില്‍ പലതും പ്രദര്‍ശനം നിലച്ച അവസ്ഥയിലായിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു പല തിയേറ്ററുകളെയും അല്‍പ്പമെങ്കിലും നിലനിര്‍ത്തിയത്. സാധാരണ പ്രധാന റിലീസുകള്‍ എത്തുന്ന വിഷു-ഈസ്റ്റര്‍-പെരുന്നാള്‍ ഉത്സവകാലത്തും വേനലവധിക്കാലത്തും തിയേറ്ററുകളുടെ തത്സ്ഥിതി തുടര്‍ന്നു. ഏപ്രില്‍ അവസാനം റിലീസ് ചെയ്ത മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍-2, അഖില്‍ സത്യന്റെ ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്നിവ സാമാന്യവിഭാഗം കാണികളെ ആകര്‍ഷിച്ചെങ്കിലും വന്‍ജനപ്രീതിയും വിജയവും നേടാനായില്ല. അന്യഭാഷകളില്‍ നിന്നുള്ള വന്‍ ബജറ്റ്-സൂപ്പര്‍-മള്‍ട്ടിതാര സിനിമകള്‍ തുടക്കനാളുകളില്‍ കാണികളെ തിയേറ്ററിലെത്തിക്കുന്ന പതിവാണ് പൊന്നിയന്‍ സെല്‍വന്‍- 2 ഉം ആവര്‍ത്തിച്ചത്. മാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ തെല്ലെങ്കിലും ആളനക്കം സൃഷ്ടിച്ചത് ഈ സിനിമയാണ്. എന്നാല്‍ മേയ് ആദ്യവാരം 2018 പ്രദര്‍ശനത്തിന് എത്തിയതോടെയാണ് കേരളത്തിലെ തിയേറ്ററുകള്‍ അതിന്റെ സുവര്‍ണകാലത്തെ ഓര്‍മ്മപ്പെടുത്തിയത്. നാടും നഗരവും അറിയുന്ന സിനിമ എന്ന തലത്തിലേക്ക് ഉയരാനും, ഒടിടി, സാറ്റലൈറ്റ്, പരസ്യം തുടങ്ങിയ വരുമാനങ്ങളിലൂടെയല്ലാതെ പ്രേക്ഷകര്‍ ടിക്കറ്റെടുത്ത് തുടര്‍ച്ചയായി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഈ സിനിമ മലയാള സിനിമയെ ഉറക്കച്ചടവ് വിട്ട് ഉണര്‍ത്തിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചയിലെത്തുമ്പോഴും വാരാന്ത്യങ്ങളില്‍ ഭൂരിഭാഗം തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകള്‍ നിലനിര്‍ത്താന്‍ ഈ സിനിമയ്ക്കാകുന്നു. ഇതര മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളിലൂടെയല്ലാതെ തന്നെ പ്രേക്ഷകര്‍ തിയേറ്ററിലെത്തിയതു കൊണ്ടു മാത്രം ഒരു സിനിമ സൂപ്പര്‍ഹിറ്റാകുന്നുവെന്ന സന്തോഷമാണ് ഇതിലൂടെ തിയേറ്റര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വ്യവസായത്തിനും സാധ്യമാകുന്നത്. 

യഥാര്‍ഥത്തില്‍ പ്രേക്ഷകരല്ലായിരുന്നു സിനിമയായിരുന്നു പ്രേക്ഷകരില്‍ നിന്ന് അകന്നത് എന്ന് ഈ സിനിമ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്താതായപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെയും സോഷ്യല്‍ മീഡിയയെയും യുട്യൂബേഴ്‌സിനെയുമെല്ലാം പ്രതിപക്ഷത്ത് നിര്‍ത്താനാണ് പലപ്പോഴും ശ്രമമുണ്ടായത്. ടെലിവിഷന്‍ വന്നപ്പോള്‍, സീരിയലുകള്‍ ജനപ്രിയമായപ്പോള്‍, മൊബൈല്‍ ഫോണ്‍ വ്യാപകമായപ്പോള്‍ എല്ലാം സിനിമാ തിയേറ്ററുകളെ നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്കയും സിനിമാ വിപണിയുടെ തകര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം മികച്ച വാണിജ്യ വിജയങ്ങളിലൂടെയാണ് തിയേറ്റര്‍ വ്യവസായം തിരിച്ചുവരവ് നടത്തിയത്. കോവിഡ്, ഒടിടി തീര്‍ത്ത പ്രതിസന്ധിയിലും മലയാള സിനിമയ്ക്ക് വേണ്ടിയിരുന്നത് ദിവസങ്ങളോളം പ്രേക്ഷകരുടെ സാന്നിധ്യം തിയേറ്ററില്‍ നിലനിര്‍ത്തുന്ന വിജയങ്ങളായിരുന്നു. അതിനാണ് 2018 എന്ന സിനിമ തുടക്കമിടുന്നത്. ഈ ആത്മവിശ്വാസം കൈമുതലാക്കി വേണം മലയാള സിനിമ മുന്നോട്ടുപോകാന്‍.


എന്തിന് തിയേറ്ററില്‍ പോകണം എന്ന ചോദ്യം ഇടക്കാലത്ത് മലയാളി പ്രേക്ഷകരില്‍ ഉയര്‍ന്നിരുന്നു. ഇൗ ചിന്തയ്ക്ക് കാരണം സിനിമകളുടെ നിലവാരമില്ലായ്മ തന്നെയായിരുന്നു. യാതൊരു പുതുമയും സമ്മാനിക്കാത്ത വിരസത മാത്രം നല്‍കുന്ന സിനിമകളുടെ എണ്ണപ്പെരുക്കമാണ് കാണികളെ തിയേറ്ററില്‍ നിന്ന് അകറ്റിയത്. ഒടിടി വില്‍പ്പന മാത്രം ലക്ഷ്യമിട്ട് സിനിമകളെടുക്കുന്ന പ്രവണത കൂടിയായപ്പോള്‍ നിലവാരം പിന്നെയും താഴോട്ടായി. സിനിമയുടെ ഉള്ളടക്കത്തിലെ ഗുണനിലവാരമോ കാണികളുടെ ആസ്വാദനക്ഷമതയെയോ പരിഗണിക്കാതെയുള്ള ഇത്തരം സിനിമകള്‍ കച്ചവട ലാഭം മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. തിയേറ്ററില്‍ കാണികളെത്തിയില്ലെങ്കിലും മറ്റ് വിപണന സാധ്യത കൈവന്നതോടെ മലയാള സിനിമ അഭിമാനിച്ചിരുന്ന 'ക്വാളിറ്റി കണ്ടെന്റ് ഇമേജ്' കൂടിയാണ് കൈമോശം വന്നത്. ഇതോടെ ഒടിടി കമ്പനികളും നല്‍കുന്ന പണം കുറച്ചു. തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടിയാലോ മികച്ച കണ്ടെന്റിനോ മാത്രം കൂടുതല്‍ പണം നല്‍കുകയെന്ന രീതി അവര്‍ സ്വീകരിച്ചതോടെ കച്ചവട ലാഭം മാത്രം ലക്ഷ്യമിട്ടിരുന്നവര്‍ക്ക് തിരിച്ചടിയായി.

തിയേറ്ററിലെ ഇരുട്ടില്‍ വലിയ സ്‌ക്രീനില്‍ നിറഞ്ഞ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് ഓരോരുത്തരും ഏകാകിയായി ചിരിച്ചും കരഞ്ഞും കൈയടിച്ചും ആസ്വദിക്കുമ്പോഴാണ് സിനിമ അതിന്റെ പൂര്‍ണാര്‍ഥം പ്രകടിപ്പിക്കുന്ന കലയായി മാറുന്നത്. കാണികളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കും വിധം അവരുടെ ആസ്വാദനത്തെ പരിഗണിച്ച് ചിട്ടപ്പെടുത്തിയ സൃഷ്ടികള്‍ക്കു മാത്രമേ ഇങ്ങനെ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനും അവരുടെ ആനന്ദം ഏറ്റുവാങ്ങാനും സാധിക്കൂ. ഇത്തരം ക്രൗഡ്പുള്ളറുകള്‍ സൃഷ്ടിക്കുന്നതില്‍ ഇടക്കാലത്ത് മലയാള സിനിമ മറന്നുപോയതോടെയാണ് തിയേറ്ററുകളിലെ ആള്‍പെരുക്കം ഇല്ലാതായത്. ഒടിടി വരുമാനം ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ മിക്കതും തിയേറ്ററില്‍ കാണികളെ എത്തിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി. ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര സിനിമയ്‌ക്കോ, തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന ആകര്‍ഷണമുള്ള ഒരു സിനിമയ്‌ക്കോ മാത്രമേ ഈ വരള്‍ച്ചയില്‍ നിന്ന് മലയാള സിനിമയെ മോചിപ്പിക്കാനാകുമായിരുന്നുള്ളൂ. കോവിഡ് ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ ഭൂരിഭാഗവും ഈ ലക്ഷ്യത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് സിനിമകള്‍ മാത്രമാണ് തിയേറ്ററില്‍ ആളെ കയറ്റിയത്. ഭൂരിഭാഗം സിനിമകളും കാണികളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട് അവരെ ഒടിടി വ്യൂവേഴ്‌സ് മാത്രമാക്കി ഒതുക്കി. മാസങ്ങളായി തുടര്‍ന്നുപോരുന്ന ഈ കാഴ്ചശീലത്തെയാണ് 2018 എന്ന സിനിമയിലൂടെ കാണികള്‍ മുറിച്ചുകടക്കുന്നത്. 


കേരളം സാക്ഷ്യം വഹിച്ച സമാനതകളില്ലാത്ത പ്രളയദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ് 2018 അവതരിപ്പിച്ചത്. തങ്ങള്‍ അനുഭവിച്ച യാഥാര്‍ഥ്യം വെള്ളിത്തിരയില്‍ കാണാന്‍ ആളുകള്‍ കൂട്ടമായെത്തി. നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന ദുരിതത്തിന്റെയും നഷ്ടങ്ങളുടെയും അതില്‍നിന്നുള്ള കൂട്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുഭവം കാണികള്‍ക്ക് വികാരത്തള്ളിച്ചയുടേതു കൂടിയായിരിക്കും. പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്ന ഒരു മാജിക്ക് ഈ സിനിമയിലുണ്ടായിരുന്നു. നേരിലറിഞ്ഞ സംഭവത്തിന്റെ നോവും നൊമ്പരവും ഉള്‍ക്കൊള്ളുന്ന ഒരു അനുഭവം സമ്മാനിക്കാന്‍ ഈ സിനിമയ്ക്കാകുന്നതാണ് അതിന്റെ വിജയം. താരമൂല്യമുള്ള നിരവധി അഭിനേതാക്കള്‍ ഈ സിനിമയിലുണ്ടെങ്കിലും അവരെല്ലാം പ്രളയദുരിതത്തിനൊപ്പം ജീവിച്ച മനുഷ്യരുടെ പ്രതിനിധികള്‍ തന്നെയാകുന്നു. വലിയ പരസ്യപ്രചാരണങ്ങളില്ലാതെ എത്തിയ ചിത്രം ആദ്യദിവസം ശരാശരി കളക്ഷനും മൗത്ത് പബ്ലിസിറ്റി കൊണ്ട് രണ്ടാംദിവസം മുതല്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കിനുമാണ് സാക്ഷ്യം വഹിച്ചത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തിയ സിനിമയായി 2018 മാറി. നേരത്തെ 100 കോടി ക്ലബ്ബിലെത്തിയതില്‍ പുലിമുരുകനും ലൂസിഫിറിനുമല്ലാതെ മറ്റു സിനിമകള്‍ക്കൊന്നും ഇവ്വിധം ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായിരുന്നില്ല. 

തങ്ങളുടെ ആസ്വാദനക്ഷമതയെ വിരസമാകാതെ പരിഗണിക്കുകയും, മികച്ച ദൃശ്യാനുഭവങ്ങളും സമ്മാനിക്കുകയാണെങ്കില്‍ പ്രേക്ഷകര്‍ ഒടിടി, ടെലിവിഷന്‍ സ്ട്രീമിംഗിനു വേണ്ടി കാത്തിരിക്കില്ല. അവര്‍ തിയേറ്ററിലെത്തും. നല്ല സിനിമകള്‍ തുടര്‍ച്ചയായി നല്‍കിയാല്‍ ഇടക്കാലത്ത് നേരിട്ട വരള്‍ച്ചയെ മലയാള സിനിമയ്ക്ക് മറികടക്കാനാകും. 2018 പോലുള്ള സിനിമകള്‍ ഉണ്ടാക്കിയെടുക്കുന്ന ആത്മവിശ്വാസവും വിജയവും കെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 മേയ് 23, ഷോ റീല്‍ 41

Monday, 24 April 2023

എന്തിന് തിയേറ്ററില്‍ പോകണം? പ്രേക്ഷകരെ പരിഗണിക്കാത്ത ഒടിടി കാലത്തെ മലയാള സിനിമ


സ്മാര്‍ട്ട് ഫോണിനും ഓണ്‍ലൈന്‍ സ്ട്രീമിംഗിനും പ്രചാരമേറിയതോടെ എന്തിന് തിയേറ്ററില്‍ പോയി സിനിമ കാണണം എന്ന് കാണികള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരു സിനിമാസ്വാദന കാലത്തിലൂടെയാണ് മലയാള സിനിമാ വ്യവസായവും പ്രേക്ഷകരും കടന്നുപോകുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക സിനിമാ വ്യവസായത്തെ ബാധിച്ച മാന്ദ്യം താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തിന്റെ മുന്നോട്ടുപോക്കിലും കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട്. വലിയൊരു വിഭാഗം പ്രേക്ഷകരെ ഒന്നിച്ച് ആകര്‍ഷിക്കുന്ന വന്‍ബഡ്ജറ്റ് ദൃശ്യവിസ്മയങ്ങളിലൂടെയാണ് ഹോളിവുഡ് ഉള്‍പ്പെടെയുള്ള വലിയ ഇന്‍ഡസ്ട്രികള്‍ ഈ മാന്ദ്യത്തെയും പോസ്റ്റ് കോവിഡ്-ഒടിടി വെല്ലുവിളിയെയും അതിജീവിക്കാന്‍ പരിശ്രമിക്കുന്നത്. ഇതാണ് ബോളിവുഡും തെലുങ്ക്, തമിഴ്, കന്നട ഇന്‍ഡസ്ട്രികളും മാതൃകയാക്കുന്നതും. എന്നാല്‍ ഈ വലിയ ബഡ്ജറ്റ് ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത മലയാള സിനിമ 'ക്വാളിറ്റി കണ്ടെന്റ്' എന്ന പ്രയോഗത്തിലാണ് ശ്രദ്ധയൂന്നുന്നത്. കലാമേന്മയുള്ള സിനിമകളിലൂടെ പണ്ടുതൊട്ടേ ഇതര ദേശ ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിനന്ദനം നേടിയിട്ടുള്ള മലയാളം സിനിമ കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ക്വാളിറ്റി കണ്ടെന്റ് വഴിയാണ് അന്യഭാഷാ കാണികളുടെ ശ്രദ്ധ നേടിയത്.

കോവിഡിനു ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും ക്വാളിറ്റി കണ്ടെന്റ് നല്‍കാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ആകാത്തതും തിയേറ്റര്‍ വ്യവസായത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഒടിടികളെ ലക്ഷ്യം വച്ചുള്ള സിനിമാ നിര്‍മ്മാണം വ്യാപകമാകുകയും ഗുണനിലവാരം ഇടിയുകയും ചെയ്തതോടെ ഒടിടി കമ്പനികള്‍ സിനിമകള്‍ ഏറ്റെടുക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചു തുടങ്ങി. ഇതോടെ തിയേറ്ററിനും ഒടിടിക്കും ഇടയില്‍പെട്ട് പാതി വെന്ത സിനിമകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത്. ഇത് കൊള്ളണോ തള്ളണോ എന്ന ആശയക്കുഴപ്പത്തില്‍ വെറുതേ കണ്ടുപോകാവുന്ന കുറേ സിനിമകളാണ് അവര്‍ക്കിടയിലുള്ളത്. തിയേറ്ററില്‍ പോയി ഇത്തരം സിനിമകള്‍ കണ്ട തിരിച്ചടിയില്‍ അവര്‍ സ്വാഭാവികമായും ഒടിടി പ്ലാറ്റ്‌ഫോമിലേക്കും മൊബൈല്‍ ഫോണിന്റെ ചെറുചതുരത്തിലേക്കും ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നുമില്ല എന്നതാണ് വാസ്തവം. 


കോവിഡിനു ശേഷം വലിയ തോതില്‍ മലയാളി പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമകളെല്ലാം അന്യഭാഷകളില്‍ നിന്നുള്ള വന്‍ ബഡ്ജറ്റ് സിനിമകളായിരുന്നു. ആര്‍ആര്‍ആറും കെജിഎഫ് രണ്ടാം ചാപ്റ്ററും വിക്രമും കാന്താരയും പൊന്നിയിന്‍ സെല്‍വനുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇതും തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കുമെന്ന് തീര്‍ച്ച. എന്നാല്‍ ഇത്തരത്തില്‍ വലിയ ബഡ്ജറ്റിലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ മലയാളം പോലൊരു ഇന്‍ഡസ്ട്രിക്ക് സാധിക്കില്ല. മറ്റു ഭാഷകളില്‍ വന്‍ ബഡ്ജറ്റ് സിനിമകള്‍ വരുമ്പോഴും പാന്‍ ഇന്ത്യന്‍ തലത്തില്‍ ആകര്‍ഷിക്കപ്പെടുമ്പോഴും, നമ്മുടേത് ഈ പാറ്റേണ്‍ സിനിമകളല്ല, ക്വാളിറ്റി കണ്ടെന്റ് ആണ് നമ്മുടെ നട്ടെല്ല് എന്നായിരുന്നു പരക്കെയുള്ള ധാരണ. മലയാളത്തിന്റെ ഈ ക്വാളിറ്റിയിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകളും അന്യനാടുകളിലെ സിനിമാസ്വാദകരും വിശ്വാസം പുലര്‍ത്തിയിരുന്നതും. എന്നാല്‍ ഉള്ളടക്കത്തിലെ ഗുണനിലവാരം താഴോട്ടുപോകുന്നതായിട്ടാണ് കഴിഞ്ഞ കുറേ മാസങ്ങളായി മലയാള സിനിമയില്‍ കാണുന്നത്. നിലവാരമുള്ള സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ സംഭവിക്കുന്നില്ല. തന്മൂലം തിയേറ്ററുകള്‍ വലിയ നഷ്ടത്തിലേക്ക് പോകുന്നു. 

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രാരംഭകാലത്തിലേതു പോലെ ആകര്‍ഷകമായ പാക്കേജ് വച്ചുനീട്ടാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. തിയേറ്ററില്‍ വിജയിച്ച സിനിമകള്‍ക്ക് മാത്രമാണ് ഒടിടി കമ്പനികളുടെ ബിസിനസിലും സ്വീകാര്യത ലഭിക്കുന്നത്. തിയേറ്ററില്‍ ഓടാത്ത താരമൂല്യമുള്ള സിനിമകള്‍ക്കു പോലും ഒടിടിയില്‍ നിന്ന് വലിയ തുക ലഭിക്കുന്നില്ല. ഒടിടിയെ ലക്ഷ്യമിട്ടുള്ള സിനിമകളുടെ നിര്‍മ്മാണം വ്യാപകമായതോടെയാണ് നിലവാരത്തകര്‍ച്ച കാര്യമായി സംഭവിച്ചത്. ഒടിടിക്ക് വേണ്ടി നിര്‍മ്മിക്കപ്പെടുകയും ക്വാളിറ്റി കണ്ടെന്റ് അല്ലാത്തതിനാല്‍ നിരാകരിക്കപ്പെടുകയും, നിലവാരമില്ലാത്ത ഈ സിനിമ പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതമാകുകയും വലിയ പരാജയമേറ്റു വാങ്ങുകയും ചെയ്യുന്ന ഗതികേടാണ് പല സിനിമകള്‍ക്കും സംഭവിക്കുന്നത്. കാണികളുടെ ആസ്വാദന നിലവാരത്തെ ഒരു തരത്തിലും പരിഗണിക്കാത്ത സിനിമകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തരം സിനിമകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പോലും കണ്ട് സമയം മെനക്കെടുത്താന്‍ കാണികള്‍ തയ്യാറല്ല.


മികച്ച രീതിയില്‍ എഴുതപ്പെട്ട തിരക്കഥകളുടെ അഭാവം സിനിമയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാണികള്‍ക്ക് ഓര്‍ത്തുവയ്ക്കാന്‍ തക്ക യാതൊന്നും നല്‍കാന്‍ പുതിയ സിനിമകള്‍ക്കാകുന്നില്ല. വെറുതെ കണ്ടുപോകാവുന്ന, അല്ലെങ്കില്‍ ഓടിച്ച് കാണാവുന്ന, വിരസമായാല്‍ മാറ്റാവുന്ന സിനിമകള്‍ എന്നാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ഥിരമായി സിനിമ കാണുന്ന കാണികളുടെ അഭിപ്രായം. തിയേറ്റര്‍ സ്‌ക്രീനില്‍ മികച്ച നിലവാരത്തിലുള്ള ആസ്വാദനം സാധ്യമാക്കുന്ന സിനിമയാണെന്ന് തോന്നിയാല്‍ കാണികള്‍ മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്ന് തിയേറ്ററിലേക്കെത്തും. മികച്ച ആസ്വാദനമൂല്യമുള്ള ചെറിയ ചില സിനിമകള്‍ തിയേറ്ററില്‍ വിജയം നേടിയത് ഇതിനെ സാധൂകരിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങുകയും തിയേറ്ററില്‍ വിജയിക്കുകയും ചെയ്ത മാളികപ്പുറം സാധാരണ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥിരം വിജയ സമവാക്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ്. അതില്‍ കവിഞ്ഞുള്ള പുതുമ ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ല. എന്നാല്‍ തങ്ങളുടെ കാഴ്ചയെ വിരസമാക്കാത്ത ഈ സ്ഥിരം സമവാക്യം കാണാന്‍ കാണികളെത്തി. ഇത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു മാളികപ്പുറത്തിന്റെ തിയേറ്റര്‍ വിജയം. പ്രമേയത്തില്‍ പുതുമയില്ലാത്ത, അവതരണത്തില്‍ പുതുമയുള്ള രോമാഞ്ചത്തിന്റെ തിയേറ്റര്‍ അനുഭവവും പ്രേക്ഷകര്‍ ഏറ്റെടുത്തത് ഇങ്ങനെയാണ്. ഇരട്ട, പ്രണയവിലാസം പോലുള്ള സിനിമകള്‍ ഈ വര്‍ഷം തിയേറ്ററില്‍ നിശ്ചിത ശതമാനം പ്രേക്ഷകരെ ആകര്‍ഷിച്ചെങ്കിലും വലിയ വിജയത്തിലേക്കെത്തിയില്ല.

തിയേറ്ററില്‍ കണ്ടില്ലെങ്കിലും ഒടിടിയില്‍ എത്തുമ്പോള്‍ കാണാം എന്നതാണ് വലിയൊരു വിഭാഗം പ്രേക്ഷകരെ തിയേറ്ററില്‍ വരുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. ഇതു പരിഹരിക്കാന്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാമെന്ന നിബന്ധന നടപ്പിലാക്കിയിട്ടും പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനായില്ല. തിയേറ്ററില്‍ തന്നെ കാണണമെന്ന് പ്രേക്ഷകര്‍ക്ക് പ്രേരണ നല്‍കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വലിയ ബഡ്ജറ്റ് സിനിമകളല്ലെങ്കില്‍ പോലും എന്തെങ്കിലും ആകര്‍ഷകത്വം ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തും എന്നതിന്റെ തെളിവാണ് മാളികപ്പുറവും രോമാഞ്ചവും നേടിയ വിജയം. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 14 വരെ പുറത്തിറങ്ങിയ 73 സിനിമകളില്‍ രോമാഞ്ചത്തിന് മാത്രമാണ് തിയേറ്റര്‍ വിജയം നേടാനായത് എന്നത് മലയാള സിനിമാ വ്യവസായത്തിന്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നത്. ഇതില്‍ എലോണ്‍, ക്രിസ്റ്റഫര്‍, നന്‍പകല്‍ നേരത്ത് മയക്കം, ആയിഷ, തങ്കം, വെള്ളരിപ്പട്ടണം, തുറമുഖം, പകലും പാതിരാവും, മഹേഷും മാരുതിയും, എന്താടാ സജി തുടങ്ങി താരമൂല്യമുള്ള നായികാ, നായകന്മാരുടെ സിനിമകള്‍ക്കു പോലും കാണികളെ ആകര്‍ഷിക്കാനായില്ല. 


ഒടിടി പ്ലാറ്റ്‌ഫോമിന്റെ സാധ്യത കൂടി വന്നതോടെ ലാഭം ലക്ഷ്യമിട്ട് സിനിമാ നിര്‍മ്മാണത്തിനായി കൂടുതല്‍ പേര്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായിട്ടുണ്ട്. ഇവരെല്ലാം ലക്ഷ്യമിടുന്നത് എളുപ്പത്തില്‍ ലാഭമുണ്ടാക്കുക എന്നതാണ്, ക്വാളിറ്റി കണ്ടെന്റ് ലക്ഷ്യമല്ല. കൈയിലുള്ള പണത്തിനനുസരിച്ച് താരമൂല്യമുള്ള ഒന്നോ രണ്ടോ നായകന്മാരെ കണ്ടെത്തുകയും അവര്‍ക്കായി സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. അതിലുപരി ക്വാളിറ്റി കണ്ടെന്റിനനുസരിച്ച് സിനിമ വാര്‍ക്കുന്ന രീതി നിലനില്‍ക്കുന്നില്ല. അതുകൊണ്ടു തന്നെ സിനിമ കാണികളിലേക്കെത്തുന്നത് അവരുടെ ആസ്വാദനത്തെ യാതൊരു വിധത്തിലും പരിഗണിക്കാത്ത രൂപത്തിലായിരിക്കും. ഇത് കാണികളെ സിനിമകാണലില്‍ നിന്ന് കാര്യമായി പിറകോട്ടടിപ്പിക്കുന്നുണ്ട്. ആസ്വാദനത്തിനു വേണ്ടി കാണുന്ന സിനിമകള്‍ വിരസമായ അനുഭവമായി മാറുന്നതോടെയാണ് ഈ പിന്മടക്കം.

ഒടിടി വിപണനസാധ്യതയില്‍ തങ്ങളുടെ താരമൂല്യത്തെ ചൂഷണം ചെയ്ത് പരമാവധി ലാഭം നേടാമെന്ന ചിന്തയില്‍ എല്ലാ മുന്‍നിര നായകന്മാരും നിര്‍മ്മാണ, വിതരണ മേഖലയിലേക്ക് കടന്നിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ പരീക്ഷണത്തിലൂടെ പലരും പിന്‍വാങ്ങുകയാണുണ്ടായത്. സിനിമയ്ക്ക് കാണികളെ ആകര്‍ഷിക്കാനാകാത്തതും പ്രതീക്ഷിച്ചതു പോലെ ലാഭം കിട്ടുന്നില്ല എന്നതുമാണ് ഈ പിന്മാറ്റത്തിനു പിന്നില്‍. ഈ അവസരത്തിലാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ലാഭം ലക്ഷ്യമിടാവുന്ന വ്യവസായം എന്ന നിലയില്‍ സിനിമാ മേഖലയില്‍ മുന്‍പരിചയമില്ലാത്തവര്‍ നിര്‍മ്മാണത്തിലേക്ക് കടന്നുവരുന്നത്. ഇവര്‍ ലക്ഷ്യമിടുന്നത് തിയേറ്റര്‍, ഓവര്‍സീസ്, ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവ വഴി പെട്ടെന്നുള്ള റിട്ടേണ്‍ എന്നല്ലാതെ മലയാള സിനിമയുടെ കലാമേന്മയോ വളര്‍ച്ചയോ അല്ല. സിനിമകളുടെ എണ്ണപ്പെരുക്കം സംഭവിക്കുന്നുവെന്നല്ലാതെ മലയാള സിനിമയ്ക്ക് ഇത്തരം സിനിമകള്‍ ഒരു ഗുണവും ചെയ്യുന്നില്ല. ലാഭക്കൊതി എക്കാലത്തും സിനിമാ വ്യവസായത്തില്‍ ഉണ്ടായിരുന്നെങ്കിലും ഗുണനിലവാരത്തില്‍ വലിയ വീഴ്ച സംഭവിക്കുന്നത് ഒടിടിയുള്‍പ്പടെ വിവിധ വിപണന സാധ്യതയിലെ ലാഭം കണ്ടുകൊണ്ടുള്ള നിര്‍മ്മാണപ്രക്രിയ സജീവമായതോടെയാണ്. ഒടിടിക്ക് വേണ്ടതും ക്വാളിറ്റി കണ്ടെന്റുകളാണ്. അതാണ് അവര്‍ താരമൂല്യത്തേക്കാളേറെ ഗുണനിലവാരം മാനദണ്ഡമാക്കുന്നത്. വെറുതേ പണം മുടക്കാന്‍ അവരും തയ്യാറല്ല. ഒടിടി കമ്പനികള്‍ മാനദണ്ഡങ്ങള്‍ വയ്ക്കുന്നതിലൂടെ ഈ മേഖലയിലെ ലാഭം മാത്രം ലക്ഷ്യമിട്ടുള്ളവരുടെ വരവിന് അല്‍പ്പം ആക്കമുണ്ടായേക്കും.


തുടര്‍ച്ചയായ പരാജയങ്ങള്‍ സിനിമാ വ്യവസായത്തെ അടിമുടി ബാധിക്കുമെന്ന് ഉറപ്പാണ്. ഇടക്കാലത്ത് മികച്ച നിലവാരത്തിലുള്ള മള്‍ട്ടിസ്‌ക്രീന്‍ തിയേറ്ററുകളുടെ വരവോടെ കേരളത്തിലെ എല്ലാ ചെറുപട്ടണങ്ങളിലും സിനിമകള്‍ റിലീസ് ചെയ്യാനും പ്രേക്ഷകരെ ആകര്‍ഷിക്കാനുമായിരുന്നു. കോവിഡിന്റെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വരവും സിനിമകളുടെ എണ്ണം പെരുകുകയും ഗുണനിലവാരം താഴുകയും ചെയ്തതോടെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള ഈ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നഷ്ടത്തിലായ തിയേറ്ററുകള്‍ കല്യാണമണ്ഡപമാക്കുന്ന പതിവാണ് മുമ്പ് ഉണ്ടായിരുന്നത്. മള്‍ട്ടി, സിനിപ്ലക്‌സുകളുടെയും മാളുകളുടെയും വരവ് ഈ സാധ്യത ഇല്ലാതാക്കി. തിയേറ്ററില്‍ ഓടുന്ന മികച്ച സിനിമകള്‍ തുടര്‍ച്ചയായി ഉണ്ടായാലേ ഇവര്‍ക്കും പിടിച്ചുനില്‍ക്കാനാകൂ. ഉത്സവകാലത്തു പോലും പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. ഈ വിഷുക്കാലത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന വലിയ പ്രൊഡക്ഷനുകളൊന്നും തന്നെ മലയാളത്തില്‍ ഉണ്ടായില്ല. തന്മൂലം ഈ അവധിക്കാലത്തും തിയേറ്ററുകള്‍ ആള്‍പ്പെരുക്കത്തിന്റേതല്ല. 'തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന' എന്ന പഴയ പ്രയോഗത്തിന്റെ സാധുതയൊക്കെ പൊടിതട്ടിയെടുക്കാന്‍ മലയാള സിനിമ ഏറെ പണിപ്പെടേണ്ടതുണ്ട്. കേരളത്തിലെ തിയേറ്ററുകളെ ഏറ്റവുമധികം ആഘോഷമാക്കാന്‍ ശേഷിയുള്ള മോഹന്‍ലാലിനു പോലും ലൂസിഫറിനു ശേഷം മികച്ചൊരു വ്യാവസായിക വിജയം മലയാളത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റു മുന്‍നിര താരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മികച്ച സിനിമയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ പ്രതികരണം ആദ്യദിവസം മുതല്‍ ലഭിച്ചുതുടങ്ങും. ഇത് മറ്റ് പരസ്യപ്രചാരണങ്ങളേക്കാള്‍ സിനിമയ്ക്ക് ഗുണം ചെയ്യും. അതല്ലാതെ സോഷ്യല്‍മീഡിയ പ്രചാരണങ്ങളും റിവ്യൂകളുമാണ് സിനിമയെ തകര്‍ക്കുന്നതെന്ന പരാതിയില്‍ വലിയ കഴമ്പില്ല. മികച്ച സിനിമകള്‍ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് സോഷ്യല്‍ മീഡിയ പബ്ലിസിറ്റി കൊണ്ട് ഉണ്ടാകുന്നത്. എന്നാല്‍ കാര്യമായ പരസ്യപ്രചാരണങ്ങള്‍ ഇല്ലാതെ വരുന്ന സിനിമകള്‍ മികച്ചതാണെങ്കില്‍ പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പതിവുമുണ്ട്.


സിനിമാ വ്യവസായത്തില്‍ നിന്ന് ആകെ ലാഭമുള്ളത് താരമൂല്യമുള്ള മുന്‍നിര അഭിനേതാക്കള്‍ക്കു മാത്രമാണെന്നതാണ് നിലവിലെ വാസ്തവം. ഇവര്‍ ഓരോ സിനിമയ്ക്കും കോടികള്‍ പ്രതിഫലം വാങ്ങുന്നുണ്ട്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം കുറയ്ക്കുന്നുമില്ല. തിയേറ്ററില്‍ നിന്ന് മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത നിര്‍മ്മാതാക്കളില്‍ പലരും ഒടിടിയില്‍ പടം വിറ്റുപോകുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്. എന്നാല്‍ മുടക്കിയ പണം പലപ്പോഴും തിരിച്ചുകിട്ടുന്നുമില്ല.

മലയാള സിനിമാ വ്യവസായം നേരിടുന്ന ഈ പ്രതിസന്ധി മറികടക്കാന്‍ കണ്ടെന്റില്‍ വരുത്തേണ്ട കൃത്യമായ ഗുണനിലവാര പരിശോധന ഉള്‍പ്പെടെയുള്ളവ അനിവാര്യമായിരിക്കുന്നു. അല്ലാതെ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ അപകടനിലയിലേക്കെത്തിക്കും. ഇപ്പോള്‍തന്നെ തിയേറ്ററില്‍ നിന്ന് അകന്നുതുടങ്ങിയ പ്രേക്ഷകര്‍ കൂടുതലായി അകലുന്നതോടെ നല്ല സിനിമകള്‍ കൂടി തിരിച്ചറിയപ്പെടാതെ പോകും. ഇത് സിനിമാ വ്യവസായത്തിന്റെ ഭാവിക്ക് ഒട്ടും ഗുണകരമാകില്ല. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നവര്‍, എല്ലാ ആഴ്ചയിലും സിനിമ കാണുന്നവര്‍, എല്ലാ വാരാന്ത്യത്തിലും കുടുംബവുമൊത്ത് സിനിമയ്ക്ക് പോകുന്നവര്‍, മികച്ച സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നവര്‍ തുടങ്ങി തിയേറ്ററില്‍ സിനിമ ആസ്വദിക്കുന്ന വ്യത്യസ്തരായ കാണികളെ ഉള്‍ക്കൊള്ളുന്ന ഒരു കാഴ്ചസംസ്‌കാരം കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇവരെയെല്ലാം നിലനിര്‍ത്തുന്നതിനൊപ്പം ഡിജിറ്റല്‍ കാലത്തെ പുതിയ പ്രവണതകളോടും അഭിരുചികളോടും കൂടി മത്സരിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് തിയേറ്റര്‍ സിനിമാ വ്യവസായത്തിനുള്ളത്.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഏപ്രില്‍ 19, ഷോ റീല്‍ 40

Monday, 3 April 2023

മലയാളി സിനിമാസ്വാദനത്തില്‍ ദേവാസുരത്തിന്റെ 30 വര്‍ഷങ്ങള്‍


ഹൃദയശംഖില്‍ കോരിയെടുത്ത ഗംഗാതീര്‍ഥം പോലെ..സഹസ്രദള പത്മത്തില്‍ വീണ മഞ്ഞുതുള്ളി പോലെ.. നമ്മള്‍ കൊതിയോടെ, നിറവോടെ ലാളിച്ചുപോയി! മലയാളിയുടെ സിനിമാസ്വാദന ശീലത്തെ പോഷിപ്പിച്ച എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ദേവാസുരത്തിന്റെ നൂറാംദിന പോസ്റ്ററിലെ പരസ്യവാചകമാണിത്. ഈ വിഷുക്കാലത്ത് ദേവാസുരം എന്ന ജനപ്രിയ സിനിമ മലയാളി ജീവിതത്തിനൊപ്പം 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇക്കഴിഞ്ഞുപോയ മുപ്പതാണ്ടും മലയാളിയുടെ സിനിമാസ്വാദനത്തിലും ചര്‍ച്ചയിലും ദേവാസുരവും അതിലെ കഥാപാത്രങ്ങളും സജീവമായി ഉണ്ടായിരുന്നു. അതിനിടയില്‍ തലമുറ പലതു കടന്നുപോയി. ആഖ്യാന, സാങ്കേതിക, ആസ്വാദന ശൈലിയിലെ നിരവധിയായ മാറ്റങ്ങള്‍ക്ക് സിനിമ വിധേയമായി. അപ്പോഴെല്ലാം മേല്‍പരാമര്‍ശിച്ച നൂറാംദിന പോസ്റ്റര്‍ വാചകത്തിലെ അതേ ലാളിത്യവും പൂര്‍ണതയും തന്നെയാണ് മലയാളി ദേവാസുരമെന്ന സിനിമയോട് സൂക്ഷിച്ചുപോരുന്നത്.

അപൂര്‍വ്വം ചില സിനിമകള്‍ക്കു മാത്രമാണ് ഇവ്വിധം വര്‍ഷങ്ങളോളം ഒരു പ്രേക്ഷകസമൂഹത്തിന്റെ കാഴ്ചശീലത്തിന്റെ ഭാഗമാകാനും ദിനംദിനം നവ്യമാകുന്ന അനുഭൂതി ഭിന്ന തലമുറ കാണികള്‍ക്ക് പ്രദാനം ചെയ്യാനുമാകാറുള്ളത്. അത്തരമൊരു സിനിമാനുഭവമാണ് മലയാളിക്ക് ദേവാസുരം എന്ന ഐ.വി. ശശി-രഞ്ജിത് സിനിമ. വര്‍ഷങ്ങള്‍ക്കിപ്പുറവും ദേവാസുരത്തിന്റെ കാഴ്ചക്കാരില്‍ കുറവുണ്ടായിട്ടില്ല. സിനിമയിലെ ഓരോ രംഗവും പശ്ചാത്തലവും കഥാപാത്രങ്ങളും സംഭാഷണവും അവര്‍ക്ക് കാണാപ്പാഠമാണ്. മംലഗശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും ഭാനുമതിയും വാര്യരുമെല്ലാം അവര്‍ക്ക് തൊട്ടു പരിചിതവട്ടത്തുള്ള മനുഷ്യരാണ്. ഏഴിലക്കര ദേശവും ഭഗവതിയും ഉത്സവവും മംഗലശ്ശേരി തറവാടുമെല്ലാം കേവലം സിനിമയിലെ ഭൂമികയും പശ്ചാത്തലങ്ങളും മിത്തുകളുമല്ല, തങ്ങളുടെ ദേശപരിധിയിലുള്ളവ തന്നെയായി മാറുന്നു. സിനിമയെന്ന കലാരൂപത്തിന്റെ ജനപ്രിയത എത്രത്തോളമെന്നതിന് കാണികള്‍ സാക്ഷ്യംവയ്ക്കുന്ന നിദര്‍ശകമാകുന്നു ദേവാസുരം. വര്‍ഷങ്ങള്‍ കഴിയുന്തോറും വീര്യമേറുന്നൊരു വീഞ്ഞാണീ സിനിമ. അതിലെ കഥാപാത്രങ്ങളുടെ വീരസ്യത്തിനും ഗരിമയ്ക്കും പൊലിമ കുറഞ്ഞിട്ടേയില്ല. അവരുടെ സംഭാഷണങ്ങളുടെ മൂര്‍ച്ചയ്ക്കും ബന്ധങ്ങളുടെ ഇഴയടുപ്പത്തിനും വൈരത്തിന്റെ വീര്യത്തിനും യാതൊരു മാറ്റവുമില്ല.


ഒരു സിനിമ അതിന്റെ ഉളളടക്കം, ആഖ്യാനം, കഥാപാത്ര നിര്‍മ്മിതി, കഥാപശ്ചാത്തലം, ലൊക്കേഷന്‍ തുടങ്ങിയവയില്‍ ഏതിലെങ്കിലും പില്‍ക്കാല സിനിമകള്‍ക്ക് പ്രചോദനമേകുന്ന വിധം ശ്രദ്ധേയമാകുമ്പോഴാണ് അവയെ ട്രെന്‍ഡ് സെറ്റര്‍ എന്നു സിനിമാ വ്യവസായം വിളിക്കാറ്. മുപ്പതു വര്‍ഷം മുന്‍പ് റിലീസ് വേളയില്‍ ദേവാസുരം ഇപ്പറഞ്ഞ ഘടകങ്ങളിലെല്ലാം തന്നെ തരംഗം തീര്‍ക്കുകയായിരുന്നു. പൂര്‍വ്വമാതൃകയില്ലാത്ത സൃഷ്ടിയായിരുന്നു ദേവാസുരം. നിലനിന്നിരുന്ന വിജയഘടകങ്ങള്‍ യോജിപ്പിച്ച് ഗ്രാമീണ-ഹാസ്യ-കുടുംബ ചിത്രങ്ങള്‍ ഒരുക്കിപ്പോന്ന രഞ്ജിത്തിലെ തിരക്കഥാകാരന്‍ മുല്ലശ്ശേരി രാജഗോപാല്‍ എന്ന മനുഷ്യന്റെ ജീവിതത്തെ ദേവാസുരത്തിന്റെ കഥാപരിസരത്തിലേക്ക് മാറ്റിയെഴുതുകയായിരുന്നു. അത് രഞ്ജിത്തിന്റെ ഏറ്റവും പണിക്കുറ തീര്‍ന്ന ശില്‍പ്പമായി അടയാളപ്പെടുത്തപ്പെട്ടു. യഥാര്‍ഥ ജീവിതത്തില്‍ നിന്ന് സിനിമാറ്റിക്കായ അംശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് രാജഗോപാലിനെ നീലകണ്ഠനെന്ന പേരില്‍ സൃഷ്ടിച്ചു. നീലകണ്ഠന് എതിരിടാന്‍ മുണ്ടയ്ക്കല്‍ ശേഖരനെന്ന സാങ്കല്‍പ്പിക വൈരിയുടെ നിര്‍മ്മിതിയും നടത്തി. വള്ളുവനാടിന്റെയും ഭാരതപ്പുഴയുടെയും ഭൂമികയിലേക്ക് മലയാള സിനിമയുടെ ക്യാമറയെ കുറേക്കൂടി ആഴത്തില്‍ പറിച്ചുനടുക കൂടിയായിരുന്നു ഈ പാത്രസൃഷ്ടികള്‍ക്കൊപ്പം രഞ്ജിത്തും ഐ.വി ശശിയും സാധ്യമാക്കിയത്. അതില്‍പിന്നെ വള്ളുവനാടിന്റെയും ഭാരതപ്പുഴമണലിന്റെയും കേരളീയതയില്‍ നിന്ന് ഇതര കേരളീയ ഭൂപ്രകൃതിയിലേക്കും വീടകങ്ങളിലേക്കും മാറാന്‍ മലയാള സിനിമ പിന്നെയും ഏറെ വര്‍ഷങ്ങളെടുത്തു.

കുലം, ജാതി, നിലം, സമ്പത്ത്, തറവാട്ടുമഹിമ, പ്രൗഢി, തലയെടുപ്പ്, ബന്ധു-സുഹൃദ് വലയം എന്നിവയിലെല്ലാം ഏഴിലക്കര ദേശത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പാത്രസൃഷ്ടിയായിരുന്നു നീലകണ്ഠനും ശേഖരനും. ദേവനും അസുരനും എന്ന് എളുപ്പം രൂപപ്പെടുത്താവുന്ന ദ്വന്ദ്വങ്ങളില്‍ ഇവരെ സമം ചേര്‍ക്കുമ്പോഴും ആരാണ് ദേവനെന്നും അസുരനെന്നും ഒരു വേള സംശയം തോന്നുന്ന പാത്രസൃഷ്ടികളാകുന്നു ഇവ. ദേവാസുര സങ്കല്‍പ്പങ്ങളിലെ നന്മതിന്മ ദ്വന്ദ്വങ്ങള്‍ ഇരുവരിലും ഒരുപോലെ ആവേശിച്ചിട്ടുണ്ട്. ശേഖരനാണ് അസുരന്‍. എന്നാല്‍ നീലകണ്ഠനിലും പ്രതിനായക സ്വഭാവമുണ്ട്. അതേസമയം പൊറുക്കാനും സഹിക്കാനുമാകുന്ന, തെറ്റു പറ്റുകയും തെറ്റിന് പ്രായശ്ചിത്തം ചെയ്യാനും പുതിയ ജീവിതം നയിക്കാനും തയ്യാറാകുന്ന സാധാരണ മനുഷ്യനാണ് നീലകണ്ഠന്‍. മുണ്ടയ്ക്കല്‍ ശേഖരനെന്ന പ്രതിനായകന്‍ കേവലം പ്രതിനായകന്‍ മാത്രമാകുന്നില്ല, നായകനെപ്പോലെ അസ്ഥിത്വമുള്ള കഥാപാത്ര നിര്‍മ്മിതിയാണതും. അതുകൊണ്ടുതന്നെ നായകനു പോന്ന പ്രതിനായകനെയും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്നു. മുണ്ടയ്ക്കല്‍ ശേഖരനില്ലാതെ മംഗലശ്ശേരി നീലകണ്ഠന് പൂര്‍ണതയില്ല. തിരിച്ചുമങ്ങനെ തന്നെ. കൊണ്ടും കൊടുത്തും ജയിച്ചും തോറ്റും മല്ലിട്ടും തളര്‍ന്നും പിന്നെയും അവര്‍ത്തിക്കുന്ന ചാക്രികസഞ്ചാരത്തിന്റെ പാരസ്പര്യമുണ്ട് ഇവരുടെ ജീവിതത്തിന്. തനിക്കു താന്‍ പോന്ന ഈ ദ്വന്ദ്വ കഥാപാത്ര നിര്‍മ്മിതിയുടെ വിജയം പില്‍ക്കാലത്ത് ഒട്ടനവധി സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നതു കണ്ടു. 


മലയാളത്തിലെ എക്കാലത്തെയും കരുത്തുറ്റ നായകസൃഷ്ടികളിലൊന്നാണ് നീലകണ്ഠന്‍. മോഹന്‍ലാലിന്റെ അഭിനയജീവിതത്തെ മറ്റൊരു വിതാനത്തിലേക്ക് പറിച്ചുനടുക കൂടിയായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം ചെയ്തത്. നീലകണ്ഠന് മുമ്പും ശേഷവും എന്ന രീതിയില്‍ മോഹന്‍ലാലിനെ അടയാളപ്പെടുത്താവുന്ന നായക ബിംബവത്കരണമാണ് ഈ കഥാപാത്രം സാധ്യമാക്കിയത്. നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണത എന്ന ടാഗ്‌ലൈന്‍ പിന്നീട് പൂവള്ളി ഇന്ദുചൂഡന്‍ എന്ന നരസിംഹത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ് നല്‍കിയതെങ്കിലും അതിനേക്കാള്‍ കുറേക്കൂടി പൂര്‍ണത അവകാശപ്പെടാനാകുക നീലകണ്ഠനാണ്. ഇന്ദുചൂഡന്‍ നായകത്വത്തിലെ അതിമാനുഷികതയിലാണ് പരിപൂര്‍ണത കൈവരിക്കുന്നതെങ്കില്‍ ഒരേസമയം ദേവ, അസുര ഭാവങ്ങള്‍ ഉള്ളിലാവാഹിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നയാളാണ് നീലകണ്ഠന്‍. അമാനുഷികനാകാന്‍ വേണ്ടി അമാനുഷിക പ്രവൃത്തികള്‍ ചെയ്യുന്നില്ല നീലകണ്ഠന്‍. സന്ദര്‍ഭവശാലുള്ള കേവല മാനുഷിക പ്രതികരണങ്ങളാണ് അയാള്‍ നടത്തുന്നതെല്ലാം. ആത്മാഭിമാനം വ്രണപ്പെട്ട് തകര്‍ന്നു പോകുകയും പൊട്ടിക്കരയുകയും നിരാശനാകുകയും പരാജയമടയുകയും പരിഹാസമേല്‍ക്കുകയും എല്ലാം സഹിക്കുകയും ഒടുക്കം ഹതാശനായി ഒരിക്കല്‍ താന്‍ അപഹസിച്ച് ഇറക്കിവിടുകയും പിന്നീട് അഭയം നല്‍കിയവളുമായവളുടെ തോളില്‍ ചാഞ്ഞ് പിച്ചവച്ച് ജീവിതത്തിലേക്ക് തിരിച്ചു നടന്നുതുടങ്ങുകയും ചെയ്യുന്നു അയാള്‍. ദേവനും അസുരനുമല്ലാത്ത, എല്ലാം സഹിക്കാനും മറക്കാനുമാകുന്ന മണ്ണില്‍ കാലുതൊട്ട പച്ച മനുഷ്യന്റെ ഭാവമാണ് നീലകണ്ഠനെ കൂടുതല്‍ ഉദാത്ത നായക സങ്കല്‍പ്പമാക്കുന്നത്. വിജയം മാത്രം ശീലിച്ചയാളല്ല നീലകണ്ഠന്‍. ധീരോദാത്തനും അതിപ്രതാപവാനും ഉന്നതകുല ജാതനുമായ മഹാകാവ്യ നായകന്റെ ലക്ഷണഗുണങ്ങളടങ്ങിയ നായകന്‍ എതിര്‍ക്കപ്പെടാത്ത വീരസ്യത്തില്‍നിന്ന് നിനച്ചിരിക്കാതെ താഴേക്കു നിപതിക്കുന്നു. ഈ വേദനയില്‍ പാടേ തകര്‍ന്ന് ഉള്ളുരുകിപ്പോകുന്നുണ്ടയാള്‍. ജയത്തിന്റെ മഹത്വംപോലെ പരാജയത്തിന്റെയും നിരാശയുടെയും ഒറ്റപ്പെടലിന്റെയും വേദനയും അയാള്‍ക്കറിയാം. വീരസ്യത്തിനൊപ്പം ഈ ഉള്ളുരുക്കവും ഒറ്റപ്പെടലും മനുഷ്യന്റെ മഹാസങ്കടങ്ങളും ദൗര്‍ബല്യങ്ങളുമാണ് നീലകണ്ഠനെ ഉദാത്ത നായകനാക്കുന്നതും പ്രേക്ഷകമനസ്സില്‍ നിലനിര്‍ത്തുന്നതും. അന്തിമ വിജയത്തിനോ വീരനോ അമാനുഷികനോ ആകാന്‍ വേണ്ടിയോ അല്ല, സ്വസ്ഥമായി ജീവിക്കാന്‍ വേണ്ടിയാണ് ഒടുക്കം അയാള്‍ ശേഖരന്റെ ഒരു കൈ വെട്ടിയെടുക്കുന്നത്.

നീലകണ്ഠനും ശേഖരനുമെന്ന പോല്‍ ദേവാസുരത്തിലെ മറ്റൊരു ദ്വന്ദമാണ് ഭാനുമതിയും നീലകണ്ഠനും. ഒരിക്കല്‍ ഭാനുമതിയെയും അവളുടെ കലാസപര്യയെയും അവഹേളിച്ച നീലകണ്ഠന്‍ ജീവിതത്തില്‍ വീണുപോകുമ്പോള്‍ കൈത്താങ്ങാകുന്നത് അവള്‍ തന്നെയാണ്. നീലകണ്ഠന് ജീവിതത്തിലെ തെറ്റുകള്‍ തിരുത്താനും മറ്റൊരു മനുഷ്യനാകാനുമുള്ള അവസരമാകുന്നു അത്. ആ സാന്നിധ്യമില്ലെങ്കില്‍ നീലകണ്ഠന് ഒരു രണ്ടാം ജീവിതം സാധ്യമാകില്ലായിരുന്നു. നീലകണ്ഠനിലെ മനുഷ്യനും നായകസങ്കല്‍പ്പത്തിനും പൂര്‍ണത പകരുന്നത് ഭാനുമതിയാണ്. ഭാനുമതി കരുത്തയായ സ്ത്രീയാണ്. നീലകണ്ഠനു പോലും അവളുടെ കത്തുന്ന കണ്ണുകള്‍ക്കും തീക്ഷ്ണതയ്ക്കും കണ്ഠക്ഷോഭത്തിനും മുന്നില്‍ തലകുനിക്കേണ്ടിയും മറുപടിവാക്കില്ലാതെയുമാകുന്നുണ്ട്. ഈ സ്ത്രീസാന്നിധ്യത്തിന്റെ ശക്തിയൊന്നു കൊണ്ടു തന്നെ ദേവാസുരം രണ്ട് പുരുഷപ്രജകളുടെ തലയെടുപ്പിന്റെയും വീരസ്യത്തിന്റെയും പോരാട്ടത്തിന്റെയും കഥ മാത്രമാകുന്നില്ല, കരുത്തയായൊരു സ്ത്രീയുടെ കനല്‍ കെടാത്ത പ്രോജ്ജ്വലതയുടെ അധ്യായം കൂടിയായി അത് നിലകൊള്ളുന്നു. 'ഇനിയീ കാലില്‍ ചിലങ്കയണിയില്ല' എന്ന ഭാനുമതിയുടെ പ്രഖ്യാപനത്തിലാണ് നീലകണ്ഠന്റെ സിംഹാസനം ആദ്യമായി കുലുങ്ങിത്തുടങ്ങുന്നത്. ആ ശാപവാക്കുകളില്‍ നിന്നാണ് പിന്നീടുള്ള നീലകണ്ഠന്റെ അപചയങ്ങള്‍ക്ക് തുടക്കമാകുന്നത്. ഒടുക്കം കാവ്യനീതി പോലെ നീലകണ്ഠന്റെ ഉള്ളുരുക്കങ്ങള്‍ കെടുത്തുന്ന പുണ്യതീര്‍ഥമായി ഭാനുമതി മാറുകയും ചെയ്യുന്നു.


മനുഷ്യജീവിതത്തിലെ ഭിന്ന സംഭവ ഗതികളും ഉയര്‍ച്ചതാഴ്ചകളും സംഘര്‍ഷങ്ങളും താള-ക്രമബദ്ധമായി അവതരിപ്പിച്ചിടത്തായിരുന്നു ദേവാസുരം കാണികളോടു സംവദിക്കുന്നതില്‍ വിജയിച്ചത്. നീലകണ്ഠന്റെയും ബന്ധപ്പെട്ടു വരുന്നവരുടെയും ജീവിതം പറഞ്ഞുപോകുന്നതില്‍ സുഭദ്രമായൊരു തുടര്‍ച്ചയുണ്ടായിരുന്നു. ഒരു നൂലിഴയില്‍ മുത്തു കൊരുക്കും പോലെ ശ്രദ്ധാപൂര്‍വ്വം ചെയ്തുവച്ച ഈ കര്‍മ്മമാണ് ദേവാസുരത്തെ വര്‍ഷങ്ങള്‍ക്കിപ്പുറം പഴക്കം ചെല്ലാത്തതും പുതുമ ചോരാത്തതുമായ കലാസൃഷ്ടിയായി നിലനിര്‍ത്തിയത്. ആവര്‍ത്തന കാഴ്ചാമൂല്യം കാത്തുസൂക്ഷിക്കുന്ന ഏതൊരു സിനിമയ്ക്കും മികച്ച രീതിയില്‍ എഴുതപ്പെട്ട തിരക്കഥയുടെയും അതിനോട് പൂര്‍ണനീതി പുലര്‍ത്തുന്ന ആഖ്യാനത്തിന്റെയും പിന്‍ബലമുണ്ടായിരിക്കും. ദേവാസുരം കാലാതിവര്‍ത്തിയാകുന്നത് ഇത്തരമൊരു തിരക്കഥയുടെയും അവതരണത്തിന്റെയും പൂര്‍ണതയിലാണ്. 

ആത്മാവുള്ള കഥാപാത്രങ്ങളാണ് ദേവാസുരത്തിന്റെ നട്ടെല്ല്. സുപ്രധാന കഥാപാത്രങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി നിലകൊള്ളുമ്പോള്‍ തന്നെ ചെറിയ കഥാപാത്രങ്ങളിലും ഈ ദൃഢത വിട്ടുകളയുന്നില്ല. വെറുതെ വന്നുപോകുന്ന ഒരു കഥാപാത്രത്തെയും ഈ സിനിമയില്‍ കാണാനാകില്ല. കേന്ദ്രപ്രമേയത്തോട് ബന്ധമില്ലാത്ത പെരിങ്ങോടന്‍ എന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രം പോലും പില്‍ക്കാലത്ത് എത്രമാത്രം ജനകീയമായി മാറിയെന്നത് ഈ സിനിമയിലെ ഉദാത്ത പാത്രസൃഷ്ടിക്കുള്ള നീതീകരണമാണ്. സിനിമ ആവശ്യപ്പെടുന്ന ഒരു സന്ദര്‍ഭത്തിലാണ് പെരിങ്ങോടന്റെ പ്രത്യക്ഷപ്പെടല്‍. ജീവിതത്തില്‍ തിരിച്ചടികളേറ്റ് കഴിയുന്ന വേളയില്‍ വാര്യരെയും ഭാനുമതിയെയും മറ്റ് ഉറ്റസൗഹൃദങ്ങളെയും പോലെ നീലകണ്ഠന് ഔഷധമാകുന്നു പെരിങ്ങോടന്റെയും സാന്നിധ്യം. ക്ഷേത്രസന്നിധിയില്‍ കൊട്ടിപ്പാടുന്നത്രയും പവിത്രമായാണ് പെരിങ്ങോടന്‍ നീലകണ്ഠന്റെ മുമ്പില്‍ നിന്നു പാടുന്നത്. 'വന്നോ ഊരുതെണ്ടി' എന്ന നീലകണ്ഠന്റെ പരിചയപ്പെടുത്തലില്‍ ഉണ്ട് പെരിങ്ങോടന്‍ അലഞ്ഞ ജീവിതമത്രയും. ഇങ്ങനെ തിരക്കഥയുടെ നൂലിഴയില്‍ സശ്രദ്ധം കോര്‍ത്തെടുത്ത കഥാപാത്രങ്ങളോരോന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നു. അങ്ങനെ ദേവാസുര കഥയിലെ അപ്രധാനികള്‍ പോലും കനപ്പെട്ട സാന്നിധ്യങ്ങളായി മാറുന്നു.


പ്രേക്ഷകരെ സംബന്ധിച്ച് അവരുടെ വിനോദ താത്പര്യത്തെ തൃപ്തിപ്പെടുത്തുന്ന ആസ്വാദന ഗുണങ്ങള്‍ ഒത്തുചേരുന്ന സിനിമയാണ് ദേവാസുരം. അവര്‍ ഈ സിനിമ ആവര്‍ത്തിച്ചു കാണാന്‍ താത്പര്യപ്പെടുന്നുണ്ട്. ഒരു സിനിമ ആവര്‍ത്തിച്ചു കാണുന്നതിനുള്ള അളവുകോലായി പ്രേക്ഷകര്‍ സാധാരണ കണക്കാക്കിപ്പോരുന്നത് അതിന്റെ വിനോദമൂല്യവും വിരസതയില്ലായ്മയും ഹാസ്യരസവുമാണ്. ടെലിവിഷന്‍ സ്‌ക്രീനിങ്ങിലും മറ്റ് സ്‌ക്രീനിങ് പ്ലാറ്റ്‌ഫോമുകളിലും ആവര്‍ത്തിച്ചു കാണപ്പെടുന്ന സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത് ഹാസ്യരസപ്രദാനങ്ങളായ സിനിമകളായിരിക്കും. ഇത്തരുണത്തില്‍ തമാശ രംഗങ്ങള്‍ ഒട്ടുമേ ഇല്ലാത്ത അതീവഗൗരവമാര്‍ന്ന ജീവിത സന്ദര്‍ഭങ്ങള്‍ വിളക്കിച്ചേര്‍ത്ത സിനിമയായ ദേവാസുരത്തിന് പ്രേക്ഷകരുടെ ആസ്വാദനമൂല്യത്തെ പ്രചോദിപ്പിക്കുന്ന ചില ഗുണങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. അതില്‍ സുപ്രധാനം, വ്യക്തികള്‍ക്കിടയില്‍ ഒരിക്കലും തീരാത്ത ദ്വന്ദ്വ സംഘര്‍ഷം എന്ന ഘടകം തന്നെയാണ്. ഇത്തരമൊരു ചോദന ഏതൊരു മനുഷ്യനിലും ഉള്ളടങ്ങിയിട്ടുണ്ട്. കൊണ്ടും കൊടുത്തുമുള്ള ഈ സംഘര്‍ഷത്തിന്റെ കയറ്റിറക്കങ്ങളാണ് ദേവാസുരത്തിന്റെ കേന്ദ്രപ്രമേയം. അതിന് പശ്ചാത്തലമാകുന്നതാകട്ടെ കാവുകളും ദേവീസാന്നിധ്യവും ആചാരപ്പെരുമയുമുള്ള വള്ളുവനാടന്‍ ഗ്രാമീണ ദേശവും. തങ്ങളെപ്പോലുള്ള മനുഷ്യരും, ആചാരവും വിശ്വാസവും മൂപ്പിളമത്തര്‍ക്കങ്ങളും കാവും ഉത്സവവുമെല്ലാം കാണികള്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടുത്താനാകും. അതിശയോക്തിയുടെ ചേര്‍പ്പില്ലാതെ വ്യക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്കും ഊഷ്മളമായ ബന്ധങ്ങള്‍ക്കുമൊപ്പം ഒരു ദേശത്തിന്റെ കഥ കൂടിയാണ് ദേവാസുരം പറയുന്നത്.

എം.ടി തുടങ്ങിവയ്ക്കുകയും മറ്റു തിരക്കഥാകാര•ാര്‍ പിന്തുടരുകയും ചെയ്ത വള്ളുവനാടന്‍ ജീവിതവും മിത്തുകളും ആചാരപ്പെരുമയും നായര്‍ തറവാടുകളും ഭാരതപ്പുഴയും മലയാള സിനിമയ്ക്ക് വേറിട്ടൊരു ദേശചരിത്രത്തെയും രീതിശാസ്ത്രത്തെയും അടയാളപ്പെടുത്തുകയായിരുന്നു. ഇതിനെയാണ് രഞ്ജിത്ത് മറ്റൊരു വിതാനത്തില്‍ പുന:പ്രതിഷ്ഠാപനം നടത്തുന്നത്. ദേവാസുരത്തിന്റെ ജനപ്രിയതയോടെ വള്ളുവനാടന്‍ ശൈലി മലയാള സിനിമയില്‍ കുറേക്കൂടി പ്രബലമാകുകയായിരുന്നു. കാവും അമ്പലവും ഉത്സവങ്ങളും നായര്‍ തറവാടുകളും അതിനുമുമ്പ് ഇത്രമേല്‍ ആഘോഷമാക്കിയിട്ടില്ല മലയാള സിനിമ. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട വള്ളുവനാടന്‍ പശ്ചാത്തല തരംഗത്തിന് തുടക്കമിടുകയായിരുന്നു ദേവാസുരം. ഏഴിലക്കരയെന്ന സാങ്കല്‍പ്പിക ദേശത്തെ മംഗലശ്ശേരി, മുണ്ടയ്ക്കല്‍ തുടങ്ങിയ പ്രബല നായര്‍ തറവാടുകളിലെ മാധവമേനോന്‍, നീലകണ്ഠന്‍, ശേഖരന്‍ തുടങ്ങി തലപ്പൊക്കമുള്ള നായന്മാരെ സൃഷ്ടിച്ചതിലൂടെ ജന്മിത്തം നിലനിന്നിരുന്ന ഒരു കാലത്തെ ഫ്യൂഡല്‍ മാടമ്പിത്തത്തെ ഓര്‍മ്മിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുകയായിരുന്നു ദേവാസുരം. ഈ സിനിമ സൃഷ്ടിച്ച ജനപ്രിയത ഇത്തരത്തിലുള്ള നിരവധിയായ ഫ്യൂഡല്‍ നായക-പ്രതിനായക ബിംബങ്ങളുടെ ജനനത്തിന് മലയാള സിനിമയുടെ പില്‍ക്കാല പതിറ്റാണ്ട് സാക്ഷ്യം വഹിച്ചു. നീലകണ്ഠനെന്ന ദൈവനാമം പിന്നീട് ജഗന്നാഥന്‍, പരമേശ്വരന്‍, ഇന്ദുചൂഡന്‍ തുടങ്ങി നിരവധിയായ പേരുകളില്‍ പുനരവതരിക്കപ്പെട്ടു. ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട് ഈ ജനപ്രിയതയുടെ പിന്‍തുടര്‍ച്ച.


ദേവാസുരവും അതിനെ പിന്‍പറ്റി പുറത്തുവന്ന സമാന മാതൃകയിലുള്ള സിനിമകളും വള്ളുവനാടിന്റെ ഭൂമികയെ സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ ജനപ്രിയമാക്കുകയായിരുന്നു. അതുവരെ എണ്ണം കൊണ്ട് ഒരു സിനിമയുടെ ചിത്രീകരണത്തിന് മാത്രം സാക്ഷ്യം വഹിച്ച വരിക്കാശ്ശേരി മനയ്ക്ക് ദേവാസുരത്തില്‍ നീലകണ്ഠന്റെ മംഗലശ്ശേരി തറവാടായതോടെ പെരുമയേറി. പിന്നീട് സിനിമാ ചിത്രീകരണത്തിനും മന നേരില്‍ കാണാനുമുള്ള തിരക്കിനും മുപ്പതാണ്ടിലെത്തുമ്പോഴും ശമനമില്ല. ദേവാസുരത്തിന് പശ്ചാത്തലമായ വള്ളുവനാടന്‍ ഗ്രാമങ്ങളിലേക്കും ക്ലൈമാക്‌സ് ചിത്രീകരിച്ച പരിയാനമ്പറ്റ ഭഗവതി ക്ഷേത്രമടക്കമുള്ള വള്ളുവനാടന്‍ കാവുകളിലേക്കുള്ള സഞ്ചാരങ്ങള്‍ സിനിമാസ്വാദകര്‍ക്ക് തീര്‍ഥാടനം പോലെയാണ്. ഒരു സിനിമയ്ക്ക് വെള്ളിത്തിരയ്ക്കകത്തും പുറത്തും പ്രേക്ഷകരെ എത്രത്തോളം സ്വാധീനിക്കാനും പിന്തുടരാനുമാകുമെന്നതിന്റെ പ്രഖ്യാതമായ സൂചകമാണ് മുപ്പതാണ്ട് പിന്നിട്ടിട്ടും തുടരുന്ന ദേവാസുരത്തിന്റെ ജനപ്രിയത.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 മാര്‍ച്ച് 27 ഷോ റീല്‍ 39

Monday, 27 March 2023

കരിസ്മയെന്നത് വെറുമൊരു പ്രയോഗമല്ല; കിംഗ് ഖാന്‍ ബോളിവുഡിന് നല്‍കുന്ന ആത്മവിശ്വാസം


സിദ്ധാര്‍ഥ് ആനന്ദിന്റെ പത്താനില്‍ ടെയ്ല്‍ എന്‍ഡ് ആയി കാണിക്കുന്നത് ഷാരൂഖ് ഖാന്റെ റോ ഏജന്റ് കഥാപാത്രവും സല്‍മാന്‍ ഖാന്റെ ടൈഗര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ്. നമ്മള്‍ തുടങ്ങിയിട്ട് 30 വര്‍ഷം കഴിഞ്ഞുവല്ലേ, ഇനി മതിയാക്കണോ. നമുക്ക് പകരക്കാര്‍ വേണ്ടേ, ആരായിരിക്കും നമ്മുടെ പകരക്കാര്‍? അയാളാണോ?, അല്ല മറ്റേയാള്‍? അതോ ഇനി മറ്റേ ചങ്ങാതിയായിരിക്കുമോ? ഇങ്ങനെ പലരേയും കുറിച്ചുള്ള സന്ദേഹങ്ങള്‍ പങ്കുവച്ച് കൃത്യമായ പകരക്കാരനെക്കുറിച്ച് ഉത്തരം ലഭിക്കാതെ ഒടുവില്‍, വാ നമുക്ക് ഇനിയും മുന്നോട്ടുപോകാം എന്നു പറഞ്ഞ് റെയില്‍പാതയിലൂടെ നടക്കുകയാണ് ഇരുവരും. റോ ഏജന്റുമാരായ പത്താനും ടൈഗറും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതും അവര്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന യുവ ഏജന്റുമാരെ നിര്‍ദേശിക്കുന്നതും ഒടുവില്‍ ഭീഷണികള്‍ക്കെതിരെ പോരാടാന്‍ സ്വയം തീരുമാനിക്കുന്നതുമാണ് സിനിമയിലെ ഈ വാല്‍ക്കഷ്ണം. എന്നാല്‍ മറിച്ചൊരര്‍ഥത്തില്‍ ഈ സംഭാഷണം മൂന്നു പതിറ്റാണ്ടു പിന്നിട്ട ബോളിവുഡിലെ ഇരുവരുടെയും പ്രബല സാന്നിധ്യത്തെയും തങ്ങള്‍ക്ക് പകരക്കാര്‍ ആരെന്ന ചര്‍ച്ചയും തന്നെയാണ്. ഇക്കാലയളവില്‍ ബോളിവുഡില്‍ ഖാന്‍മാരോളം താരമൂല്യം ഉയര്‍ത്താനും പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ പോന്നവരും ഇനിയുമുണ്ടായിട്ടില്ലെന്ന നേര്‍യാഥാര്‍ഥ്യമാണ് ഇവിടെ പറയാതെ പറയുന്നത്.

കരിസ്മയെന്നത് വെറുമൊരു വാക്കോ പ്രയോഗമോ അല്ലെന്നതിന് പത്താനിലെ പ്രകടനത്തിലൂടെയും ഈ സിനിമയുണ്ടാക്കിയ വലിയ വിജയത്തിലൂടെയും ഷാരൂഖ് ഒരിക്കല്‍കൂടി അടിവരയിടുകയാണ്. ഒരു സൂപ്പര്‍ താരത്തിന്റെ സാന്നിധ്യം സ്‌ക്രീനില്‍ എത്രത്തോളം പ്രതീക്ഷ നിറയ്ക്കുന്നുവെന്നും പ്രബലമാകുന്നുവെന്നും സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ അസെറ്റ് ആയ ഷാരൂഖ് തെളിയിക്കുന്നു. ഒരു നോട്ടത്തില്‍, കണ്ണിലും ചുണ്ടിലും വിരിയുന്ന ചിരപരിചിതമായ ആ ചിരിയില്‍, നടത്തത്തില്‍, ഇരുകൈകളും വിടര്‍ത്തിക്കൊണ്ടുള്ള ആ സിഗ്നേച്ചര്‍ നില്‍പ്പില്‍.. എല്ലാം ഷാരൂഖ് തനിക്കു മാത്രം പോന്ന അടയാളപ്പെടുത്തലുകള്‍ ആവര്‍ത്തിക്കുകയാണ്. അങ്ങനെ സര്‍വ്വ മേഖലകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും സകല മനുഷ്യര്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ സ്വീകാര്യനായ ഈ ആഗോളതാരം തന്റെ വാണിജ്യ മൂല്യത്തിനോ ജനപ്രീതിക്കോ തരിമ്പു പോലും കോട്ടം തട്ടിയിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നു. 


    ഇന്ത്യന്‍ സിനിമയ്ക്ക് ഷാരൂഖ് ഖാന്‍ എന്താണെന്നും ബോളിവുഡിന് പത്താന്‍ പോലൊരു ബിഗ് ബഡ്ജറ്റ് ചിത്രം തീര്‍ക്കുന്ന വാണിജ്യവിജയം എത്രമാത്രം അനിവാര്യമാണെന്നുമാണ് ഈ വിജയത്തെ പ്രസക്തമാക്കുന്ന ഘടകം. ദക്ഷിണേന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ചും തെലുങ്ക്, കന്നട ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിക്ക് ഭീഷണി ഉയര്‍ത്തി വിജയം നേടുന്ന പുതിയ പ്രവണത രൂപപ്പെട്ട സാഹചര്യത്തില്‍ ദിവസങ്ങളോളം തിയേറ്റര്‍ നിറയ്ക്കുന്നൊരു സിനിമ ബോളിവുഡില്‍ സംഭവിക്കണമായിരുന്നു. അതാണ് പത്താനിലൂടെ ഷാരൂഖ് സാധ്യമാക്കി ഹിന്ദി സിനിമാ വ്യവസായത്തിനാകെ നല്‍കുന്ന ഉണര്‍വ്. ബോളിവുഡിന് ഇത് നേടിക്കൊടുക്കുന്നതില്‍ ഏറ്റവും പ്രാപ്തനായത് കിംഗ് ഖാന്‍ അല്ലാതെ മറ്റാരുമല്ല താനും. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് പത്താന്‍ 1000 കോടി ക്ലബ്ബിലേക്ക് എത്തുമ്പോള്‍ അത് ബോളിവുഡിന്റെയാകെ തലയുയര്‍ത്തല്‍ കൂടിയാണ്.

ഹോളിവുഡും ചൈനയും ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന സിനിമാ ഇന്‍ഡസ്ട്രികളും മലയാളവും തമിഴും പോലുള്ള പ്രാദേശിക സിനിമാ വിപണികളും തുടര്‍ പരാജയങ്ങള്‍ വഴിവയ്ക്കുന്ന സമാനമായ മാന്ദ്യകാലത്തിലൂടെ കടന്നുപോയിട്ടുണ്ട്. വലിയൊരു വാണിജ്യ വിജയത്തിലൂടെയാണ് അതത് സിനിമാ ഇന്‍ഡസ്ട്രികള്‍ ഇതിനെ  മറികടന്നിട്ടുള്ളത്. മിക്കപ്പോഴും സൂപ്പര്‍സ്റ്റാര്‍, മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെയോ പുതിയൊരു താരത്തിന്റെ ആവിര്‍ഭാവത്തിലൂടെയോ ഒക്കെയാണ് ഈ തിരിച്ചുവരവ് ഫിലിം ഇന്‍ഡസ്ട്രികള്‍ സാധ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനു പുറത്ത് അധികം ശ്രദ്ധിക്കപ്പെടുകയോ കോടി ക്ലബ്ബുകളില്‍ ഇടംപിടിക്കുകയോ ചെയ്തിട്ടില്ലാത്ത കന്നട വാണിജ്യ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തിയത് കെജിഎഫ് എന്ന ഒറ്റ സിനിമയായിരുന്നു. ഇതോടെയാണ് കന്നട ഫിലിം ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ വാണിജ്യ സിനിമ ശ്രദ്ധിച്ചു തുടങ്ങിയത്.


കോവിഡില്‍ നിശ്ചലമാകുകയും ഒടിടിയിലൂടെ മറ്റൊരു വിതാനത്തിലുള്ള സിനിമാസ്വാദനത്തിന്റെ സാധ്യത തുറന്നിടുകയും ചെയ്ത സിനിമാ വ്യവസായത്തിന് വലിയൊരു തിയേറ്റര്‍ വിജയത്തിലൂടെ മാത്രമേ പഴയ ഉണര്‍വിലേക്ക് എത്താനാകുമായിരുന്നുള്ളൂ. ആര്‍ആര്‍ആറിലൂടെ തെലുങ്ക് ഇന്‍ഡസ്ട്രിയും കെജിഎഫിലൂടെയും കാന്താരയിലൂടെയും കന്നട ഇന്‍ഡസ്ട്രിയും വിക്രത്തിലൂടെ തമിഴ് ഇന്‍ഡസ്ട്രിയും ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ സാധിച്ചെടുത്തത് അതാണ്. മഹാമാരിക്ക് ശേഷമുള്ള ഘട്ടത്തില്‍ ഹിന്ദി സിനിമയ്ക്ക് നേടാനാകാതെ പോയതും ഇത്തരമൊരു വാണിജ്യ വിജയമാണ്. നാലു വര്‍ഷം മുമ്പാണ് ഷാരൂഖ് നായകനായുള്ള ഒരു സിനിമ റിലീസ് ചെയ്ത്. സീറോ എന്ന ആനന്ദ് എല്‍ റേയുടെ ഈ സിനിമയ്ക്ക് അതിന്റെ ശീര്‍ഷകം പോലെ തന്നെ തിയേറ്ററില്‍ യാതൊരു ചലനങ്ങളുമുണ്ടാക്കാനായില്ല. കോവിഡ് തീവ്രത കുറഞ്ഞ ഇടവേളകളിലായി തിയേറ്ററിലെത്തിയ വലിയ സിനിമകളില്‍ സല്‍മാന്‍ഖാനും ആമീര്‍ഖാനും അക്ഷയ്കുമാറും ഉള്‍പ്പെടെയുള്ള വലിയ പേരുകളുണ്ടായിരുന്നെങ്കിലും ഒരു വന്‍ വിജയം നേടി ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയെ താങ്ങിനിര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കുമായില്ല. അക്ഷയ്കുമാറിന് പരാജയങ്ങളുടെ പരമ്പര തന്നെ ഏറ്റുവാങ്ങേണ്ടിയും വന്നു. ആമീര്‍ഖാന്റെ ലാല്‍ സിംഗ് ചദ്ദാ വിവാദങ്ങള്‍ക്കൊപ്പം കനത്ത പരാജയവുമായി. സല്‍മാന്‍ ഖാന്റെ രാധേയും ആന്റിമും പരാജയങ്ങളായി. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഉത്തരേന്ത്യയിലുള്‍പ്പെടെ തിയേറ്റര്‍ വിജയം നേടുകയും ബോളിവുഡിന് ദക്ഷിണേന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ ചലനങ്ങളിലേക്ക് നോക്കിയിരിക്കേണ്ടതായും വന്നു. 

പ്രാരംഭകാലം തൊട്ട് ഹിന്ദി വാണിജ്യ സിനിമകള്‍ ഉള്‍ക്കൊണ്ടുപോന്ന പാന്‍ ഇന്ത്യന്‍ സ്വഭാവം തന്നെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നുമുണ്ടായത്. ഒരു കാലത്ത് ഹിന്ദി സിനിമ ഉപേക്ഷിച്ച ചരിത്ര സിനിമകള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പൊടി തട്ടിയെടുക്കപ്പെടുകയും വിജയം വരിക്കുകയും ചെയ്തപ്പോള്‍ അതിനെ അനുകരിക്കാന്‍ വരെ ബോളിവുഡ് ശ്രമിക്കുകയുണ്ടായി. ബാഹുബലി സീരിസിന്റെ വന്‍വിജയത്തെ തുടര്‍ന്ന് ഒട്ടേറെ ചരിത്രസിനിമകള്‍ ബോളിവുഡില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ടത് ഓര്‍മ്മിക്കുക. മികച്ച ദക്ഷിണേന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ക്കായും ബോളിവുഡ് കാത്തിരുന്നു. ദൃശ്യം സീരീസാണ് റീമേക്ക് ചെയ്ത് ഹിന്ദിയില്‍ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട പ്രധാന സിനിമകളിലൊന്ന്. ഇങ്ങനെ പിറകോട്ടടിപ്പിക്കുന്ന നിരവധി സാഹചര്യങ്ങളില്‍ ബോളിവുഡിനാകെ ഉണര്‍വ്വ് പകര്‍ന്നാണ് ഷാരൂഖും പത്താനും എഴുന്നുനില്‍ക്കുന്നത്. ഈ വിജയം ബോളിവുഡിനാകെ പ്രചോദനമാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്‌ക്രീനില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന ഷാരൂഖിന്റെ ഒരു പ്രകടനത്തിനായിട്ടാണ് ആരാധകര്‍ കാത്തിരുന്നത്. അതാണ് പത്താനിലൂടെ സാധ്യമാകുന്നത്. ഷാരൂഖും ഈ സിനിമയും ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ നിന്നുകൊണ്ടാണ് ഇനി ബോളിവുഡിന് മുന്നോട്ടു നടക്കേണ്ടത്. 


പതിവ് ആക്ഷന്‍ ഡ്രാമകള്‍ തുടര്‍ന്നു പോരുന്ന ആഖ്യാന ശൈലിയെങ്കിലും ഒരു നിമിഷം പോലും കാണികളുടെ ശ്രദ്ധ ചോര്‍ത്താതെ പിടിച്ചിരുത്തുന്നതിലാണ് പത്താന്റെ വിജയം. ഷാരൂഖിന്റെ സാന്നിധ്യവും അപാരമായ സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് പത്താന്റെ മുഖ്യ ആകര്‍ഷണമാകുന്നത്. കരിസ്മയെന്നത് എല്ലാവര്‍ക്കും സാധ്യമാകുന്ന വ്യക്തിത്വവിശേഷമല്ല. ക്രിക്കറ്റ് ഗ്രൗണ്ടില്‍ സച്ചിനോ കോലിക്കോ ധോണിക്കോ ഒക്കെ സാന്നിധ്യം കൊണ്ട് മാത്രം തീര്‍ക്കാനാകുന്ന കരിസ്മയുണ്ട്. മെസിക്കും ക്രിസ്റ്റിയാനോയ്ക്കും നെയ്മറിനുമെല്ലാം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സാധ്യമാകുന്നതും മറ്റൊന്നല്ല. ഒരു വ്യക്തിക്ക് കേളീമികവിന്/അഭിനയ പ്രകടനത്തിന് ഉപരിയായി അയാളുടെ കേവല സാന്നിധ്യവും ശരീരഭാഷയും പ്രസന്നതയും ചലനങ്ങളും ഭാവഹാവാദികളും കൊണ്ട് നിര്‍മ്മിക്കാനാകുന്ന ചില സവിശേഷങ്ങളായ പ്രത്യേകതകളും മൂല്യങ്ങളുമുണ്ട്. ഇത് എല്ലാവര്‍ക്കും പ്രാപ്യമാകുന്നതല്ലെന്നു മാത്രമല്ല അനുകരിക്കാനാകുന്നതുമല്ല. മൂന്നു പതിറ്റാണ്ടായി ഷാരൂഖ് സ്‌ക്രീനിലും പുറത്തും ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നത് ഈ സവിശേഷതയാണ്.

ഒരു വ്യക്തിക്ക് ഒരാള്‍ക്കൂട്ടത്തെ തന്നെ ആകര്‍ഷിക്കാനാകുന്നു, ആ സാന്നിധ്യം അവര്‍ക്ക് നല്‍കുന്ന അവാച്യമായ സന്തോഷം ആരവത്തിന്റേയും ആര്‍പ്പുവിളികളുടേതുമാകുന്നു. അതത് സിനിമാ ഇന്‍ഡസ്ട്രികളില്‍ ഈ കരിസ്മ പുലര്‍ത്താനാകുന്ന താരങ്ങളാണ് സൂപ്പര്‍താരങ്ങളെന്ന പേരില്‍ വാഴ്ത്തപ്പെടുന്നത്. ഈ കരിസ്മ കൊണ്ട് ദശലക്ഷക്കണക്കിന് മനുഷ്യരെ തന്റെ ആരാധകരാക്കി മാറ്റാന്‍ ഷാരൂഖിന് ആയിട്ടുണ്ട്. ഷാരൂഖ് ഖാനെ പോലെ പ്രണയിച്ചവരായിരുന്നു പോയ പതിറ്റാണ്ടുകളിലെ പ്രണയികളെല്ലാം. ആ പ്രണയ, വീര നായകന്‍ പിന്നീട് ആക്ഷന്‍ ഹീറോയായും അമാനുഷികനായും വളരുന്നത് നമ്മള്‍ കണ്ടു. അപ്പോഴൊക്കെയും ആ ഇഷ്ടത്തിന്റെ തോത് കൂടുതല്‍ വലിയ ആരാധനയിലേക്ക് വഴി മാറിയതല്ലാതെ തെല്ലും കുറയുകയുണ്ടായില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ആരാധന തോന്നുകയും എല്ലാവര്‍ക്കും പ്രാപ്യനാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന നടന, പെരുമാറ്റ സവിശേഷതകളാണ് ഷാരൂഖിന്റേത്. അതുകൊണ്ടു തന്നെയാണ് പല നാടുകളിലെ വ്യത്യസ്തരായ നിരവധി മനുഷ്യരും പല തലമുറകളും അയാളുടെ ആരാധകനായി മാറിയതും.

മാതൃഭൂമി ഓണ്‍ലൈന്‍, 2023 ഫെബ്രുവരി 13, ഷോ റീല്‍ 38