Monday, 1 July 2024

നാടോടിക്കഥയുടെ ദൃശ്യചാരുത.. തേന്മാവിന്‍ കൊമ്പത്തിന്റെ 30 വര്‍ഷങ്ങള്‍


മാണിക്യന്‍, കാര്‍ത്തുമ്പി, ശ്രീകൃഷ്ണന്‍, അപ്പക്കാള, യശോദാമ്മ, ഗിഞ്ചിമൂട് ഗാന്ധാരി.. ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകള്‍ ഇങ്ങനെ. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത പേരുകളായിരുന്നു ഇവയെല്ലാം. ഉപകഥാപാത്രങ്ങളുടെ പേരും വ്യത്യസ്തമല്ലായിരുന്നു. കുയിലി, കണ്ണയ്യന്‍, ചിന്നു, കാര്‍ത്തു, ചാക്കുട്ടി, തിമ്മയ്യന്‍, മല്ലിക്കെട്ട്.. അങ്ങനെ പോകുന്നു അത്. കേള്‍ക്കുന്നവര്‍ക്ക് ഒരു മുത്തശ്ശിക്കഥയിലെയോ സാരോപദേശ കഥയിലെയോ കഥാപാത്രങ്ങളുടെ പേരുകള്‍ പോലെ തോന്നിച്ചു ഇവയെല്ലാം. ഈ പേരുകള്‍ പോലെ കൗതുകമുണര്‍ത്തുന്നതായിരുന്നു കഥയുടെ ആഖ്യാനവും അതിന് ഉപയോഗപ്പെടുത്തിയ ഭൂമികയും. നമ്മള്‍ മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും കഥ കേട്ടുതുടങ്ങിയിട്ട് മുപ്പതാണ്ടു കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിന്റെ പുതുമ തെല്ലും ചോര്‍ന്നിട്ടില്ല. അതിനിപ്പോഴുമാ മുത്തശ്ശിക്കഥയുടെയും നാടോടിക്കഥയുടെയും കൗതുകമുണ്ട്. 'തേന്മാവിന്‍ കൊമ്പത്ത്'. പേരുപോലെ മധുരിക്കുന്ന മലയാളിയുടെ പ്രിയസിനിമ മൂന്നു പതിറ്റാണ്ടിലെത്തിയിരിക്കുന്നു. 

ഇപ്പോഴും കണ്ണിമ വെട്ടാതെ കണ്ടിരിക്കാന്‍ തോന്നുന്നത്രയും പുതുമയുണ്ട് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക്. പറയുന്നതെന്ത് എന്നതിനേക്കാള്‍ എങ്ങനെ പറഞ്ഞിരിക്കുന്നു എന്ന പ്രമാണത്തിലെ മേന്മ വിലയിരുത്തുകയാണെങ്കില്‍ തേന്മാവിന്‍ കൊമ്പത്തിന് മുഴുവന്‍ മാര്‍ക്കാണ്. ത്രികോണ പ്രണയകഥയും അവിഹിത ഗര്‍ഭവും എല്ലാവരാലും തെറ്റുകാരനാക്കപ്പെട്ട് നിസ്സഹായനാകുന്ന നായകനും ഒടുവില്‍ മറ്റുള്ളവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ട് നായകന്റെ നന്മ തിരിച്ചറിയുന്നതും എല്ലാവരുടെയും സ്‌നേഹവും സഹതാപവും അയാള്‍ക്ക് ലഭിക്കുന്നതുമായ കഥ തന്നെയായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റേതും. എന്നാല്‍ കഥപറച്ചില്‍ രീതിയും അതിനായി തെരഞ്ഞെടുത്ത ഭൂമികയും തൊട്ട് സകലതിലും പുതുമ കൊണ്ടുവരാന്‍ ഈ സിനിമയ്ക്കായി. 


മലയാളവും കന്നടയും ഇഴചേര്‍ന്ന സംസ്‌കാരമുള്ള അതിര്‍ത്തി ഗ്രാമീണ ദേശമായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റെ കഥാപശ്ചാത്തലം. പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായിരുന്നു ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. പതിവു കേരളീയ ദേശങ്ങള്‍ വിട്ടുകൊണ്ടുള്ള തേന്മാവിന്‍ കൊമ്പത്തിന്റെ ഭൂമിക മലയാള സിനിമ അത്രകണ്ട് ഉപയോഗപ്പെടുത്തിയിട്ടില്ലായിരുന്നു. ദേശത്തിലെ പുതുമ അവിടത്തെ മനുഷ്യരിലെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും സംസാരത്തിലും അവര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കളിലുമെല്ലാം ഉണ്ടായിരുന്നു. തനി ഗ്രാമീണരായ ഒരു കൂട്ടം മനുഷ്യര്‍. ജാതിയിലും ധനത്തിലും മുന്നിലുള്ള ജന്മിമാരും അവരുടെ കൃഷിയിടങ്ങളില്‍ വേലചെയ്യുന്ന അടിയാളന്മാരും അവിടെയുണ്ടായിരുന്നു. കൃഷിയും ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവവും കാളച്ചന്തയും കാളപൂട്ട് മത്സരവുമെല്ലാം ഈ പ്രദേശത്തിന് തനത് മുഖമേകി. തമിഴ് ഗൗണ്ടര്‍-നായ്ക്കര്‍-തേവര്‍ സിനിമകളില്‍ കണ്ടുപരിചയമുള്ളതാണ് ഇൗ പശ്ചാത്തലം. എന്നാല്‍ മലയാള സിനിമയ്ക്കിത് പുതുമയായിരുന്നു. പില്‍ക്കാലത്ത് കേരളത്തിന്റെ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്ന് കഥപറയുന്ന ഒട്ടേറെ സിനിമകള്‍ക്ക് വിളനിലമേകാന്‍ തേന്മാവിന്‍ കൊമ്പത്തിന്റെ പശ്ചാത്തലം നിമിത്തമായി.


കഥയിലെ മേന്മയേക്കാള്‍ ആവിഷ്‌കാരത്തിന്റെ മികവായിരുന്നു തേന്മാവിന്‍ കൊമ്പത്തിനെ വേറിട്ടു നിര്‍ത്തിയതെന്ന് സൂചിപ്പിച്ചുവല്ലോ. പ്രേക്ഷകന് പുതുമയുള്ള ദൃശ്യാനുഭവം നല്‍കുന്ന സിനിമയെന്ന നിലയില്‍ അതുവരെ നിലനിന്ന കച്ചവട സിനിമകളില്‍ പൊളിച്ചെഴുത്ത് നടത്താനും പുതിയ തരംഗം സൃഷ്ടിക്കാനും തേന്മാവിന്‍ കൊമ്പത്തിനായി. നിശ്ചല പ്രകൃതി ദൃശ്യങ്ങളും പെയിന്റിംഗുകളും പോലെ ആകര്‍ഷണീയമായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റെ ഫ്രെയിമുകള്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ മനസ്സില്‍ കണ്ടത് കെ.വി ആനന്ദ് എന്ന ഛായാഗ്രാഹകന്‍ പതിന്മടങ്ങ് മികവുറ്റതായി പകര്‍ത്തി നല്‍കി. ഫലം, മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഛായാഗ്രാഹണ മികവുകളിലൊന്നിന് സാക്ഷ്യമായി തേന്മാവിന്‍ കൊമ്പത്ത് മാറി. കാര്‍ത്തുമ്പിയുടെയും മാണിക്യന്റെയും യാത്രയിലുടനീളം ഈ ദൃശ്യചാരുത ആവോളം കൂട്ടിനെത്തി. അതു കാണികള്‍ക്ക് കണ്ണിനു കുളിര്‍മയായി. മാണിക്യനും കാര്‍ത്തുമ്പിയും ആടിപ്പാടിയതിനെല്ലാം ചാരുതയേറ്റിയത് ഈ പ്രകൃതിചിത്രങ്ങള്‍ കൂടിയായിരുന്നു. 'നിലാപ്പൊങ്കലായേലോ' എന്ന മാല്‍ഗുഡി ശുഭയുടെ  വേറിട്ട ആലാപനത്തിനൊപ്പം അരണ്ട വെളിച്ചത്തില്‍ കാളവണ്ടിയുടെ സഞ്ചാരവും റാന്തല്‍ വിളക്കിന്റെ ആട്ടവും തൊട്ട് കാണുന്ന പശ്ചാത്തല സൗന്ദര്യം സിനിമയിലുടനീളം തുടര്‍ന്നുപോരുന്നു. ഉത്സവനാടകത്തിന്റെ രംഗ പശ്ചാത്തലത്തില്‍ 'എന്തേ മനസ്സിനൊരു നാണം' എന്ന പാട്ടിലെ നിഴലും വെളിച്ചവും ഇഴചേരുന്നതിന്റെ ആവിഷ്‌കാരത്തിലെ സൗകുമാര്യമാണ് പിന്നീടു കാണുന്നത്. കാടും കാട്ടരുവികളും പുഴയും വയലും കടന്നുള്ള മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും രാവും പകലും സന്ധ്യയും പുലര്‍കാലവും കടന്നുചെല്ലുന്ന യാത്രയിലുടനീളം നമ്മളും കാഴ്ചകാണാന്‍ ഒരുമ്പെട്ടിറങ്ങുന്നു. നിറങ്ങളുടെ അതിമനോഹരമായ കൂടിച്ചേരല്‍ ഈ കാഴ്ചയ്ക്ക് ഇമ്പമേറ്റുന്നു. ഫ്രെയിമുകളില്‍ ചുവപ്പു നിറത്തിന്റെ പല തരംതിരിവുകള്‍ മുമ്പെങ്ങും കാണാത്ത വിധം നിറയുന്നു. മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും പ്രണയത്തിനൊപ്പം 'കറുത്ത പെണ്ണേ' എന്ന് ആടിപ്പാടമ്പോള്‍ പച്ചപ്പിന്റെ സൗന്ദര്യത്തിനൊപ്പം കാണികളുടെയും ഉള്ളു നിറയുന്നു. അവിടെ കാര്‍ത്തുമ്പിയുടെയും മാണിക്യന്റെയും വേഷഭൂഷകള്‍ പോലും സാധാരണയില്‍ കവിഞ്ഞ് സുന്ദരമായി മാറുന്നു. 'മാനം തെളിഞ്ഞേ വന്നാല്‍' എന്ന ഗാനത്തില്‍ കാണുക നിറങ്ങളുടെയും നിറവിന്റെയും കുറേക്കൂടി സമ്പന്നമായ ഉത്സവാഘോഷമാണ്. ഇങ്ങനെ ദൃശ്യഭംഗി നിറച്ചുവച്ച ഫ്രെയിമുകളുടെ ആകെത്തുകയാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമ. ഇത് സിനിമയുടെ ആകെ കാഴ്ചയെ കുറേക്കൂടി ഉയര്‍ന്ന വിതാനത്തിലെത്തിക്കുന്നു. അന്നത്തെ ഏറ്റവും മികച്ച സാങ്കേതിക നിലവാരത്തില്‍ പണിക്കുറ തീര്‍ത്ത ഈ ദൃശ്യനിറവുകള്‍ തന്നെയാണ് ഈ സിനിമയെ മുപ്പതു വര്‍ഷത്തിനിപ്പുറം സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലത്തിലും പുതുമയുള്ളതായി നിലനിര്‍ത്തുന്നത്. ഇപ്പോഴും ഏറ്റവും പുതിയ സിനിമയെന്നോണം തേന്മാവിന്‍ കൊമ്പത്തിന്റെ ആസ്വാദനം പുതുമയുള്ളതായി നിലകൊള്ളുന്നു. ഈ സിനിമയിലെ ഛായാഗ്രാഹണ കലയിലൂടെ കെ.വി ആനന്ദിന് ലഭിച്ച ദേശീയാംഗീകാരം അങ്ങനെ കാലങ്ങള്‍ക്കിപ്പുറവും ഏറ്റവും തെളിമയുള്ളതായി മാറുന്നു.


പാട്ടുകളുടെ മികവും അവയുടെ ദൃശ്യാവിഷ്‌കാരവും ഒരു സിനിമയുടെ ആസ്വാദനം എപ്രകാരം മികവുറ്റതാക്കി മാറ്റുന്നു എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു തേന്മാവിന്‍ കൊമ്പത്തിനു വേണ്ടി ബേണി ഇഗ്നേഷ്യസും ഗിരീഷ് പുത്തഞ്ചേരിയും ചേര്‍ന്ന് ഒരുക്കിയ ഗാനങ്ങള്‍. ബേണി ഇഗ്നേഷ്യസിന്റെ ആദ്യസിനിമ കൂടിയായിരുന്നു ഇത്. തേന്മാവിന്‍ കൊമ്പത്തിലെ അഞ്ചു ഗാനങ്ങളും ജനപ്രിയമായതിനു പിന്നില്‍ എഴുത്തിനും സംഗീതത്തിനുമപ്പുറം ദൃശ്യാവിഷ്‌കാരത്തിന്റെ മികവ് കൂടിയുണ്ടായിരുന്നു. ഗാനചിത്രീകരണത്തില്‍ മലയാള സിനിമയില്‍ പുതുമകള്‍ കൊണ്ടുവന്ന പ്രിയദര്‍ശന്റെ ഏറ്റവും മികച്ച ഗാനദൃശ്യാവിഷ്‌കാരം കണ്ടത് തേന്മാവിന്‍ കൊമ്പത്തില്‍ ആയിരുന്നു. ഓരോ ഗാനവും പ്രമേയത്തിനും സന്ദര്‍ഭത്തിനും ഉതകും വിധം വ്യത്യസ്തമായി ചിത്രീകരിക്കുന്നതിലെ മികവിനും ഈ സിനിമ പാഠപുസ്തകമായി. ഡാന്‍സ് കൊറിയോഗ്രാഫി മലയാള സിനിമ അത്രകണ്ട് പ്രയോജനപ്പെടുത്തിട്ടില്ലാത്ത കാലത്താണ് 'മാനം തെളിഞ്ഞേ വന്നാല്‍' എന്ന പാട്ടിന് അതിമനോഹരമായ നൃത്തസംവിധാനം ഒരുക്കിയത്. പാട്ടുകള്‍ ഇവ്വിധം മികച്ചു നില്‍ക്കുമ്പോള്‍ മറ്റൊരു ചിത്രത്തിലെ പാട്ടില്‍ നിന്നാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക് ആ പേര് ലഭിച്ചതെന്നതും കൗതുകമാണ്. തേന്മാവിന്‍ കൊമ്പത്തിന് നാലു മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ഫാസിലിന്റെ മണിച്ചിത്രത്താഴിനു വേണ്ടി മധു മുട്ടം എഴുതിയ 'പലവട്ടം പൂക്കാലം' എന്ന ഗാനത്തിലെ 'നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ്  - എന്റെ കരളിലെ തേന്മാവിന്‍ കൊമ്പ്' എന്ന വരികളില്‍ നിന്നായിരുന്നു താന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയതെന്ന് പ്രിയദര്‍ശന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.


ഒരു സിനിമയുടെ മുഴുവന്‍ യൂണിറ്റും ഒരുപോലെ മികച്ചുനില്‍ക്കുമ്പോഴാണ് ഒരു ടോട്ടല്‍ സിനിമ ഉണ്ടാകുന്നത്. മലയാളത്തിലെ സമ്പൂര്‍ണ കൊമേഴ്‌സ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് തേന്മാവിന്‍ കൊമ്പത്തിന്റെ സ്ഥാനം. ഇതിനു കാരണം അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് മുതല്‍ ഓരോ യൂണിറ്റിലും കാണിച്ച മികവാണ്. കെ.വി ആനന്ദിനെ സ്വതന്ത്ര ഛായാഗ്രാഹകനായും ബേണി- ഇഗ്നേഷ്യസുമാരെ സംഗീത സംവിധായകരായും അരങ്ങേറ്റി അത്ഭുതം സൃഷ്ടിച്ച പ്രിയദര്‍ശന്‍ സാബു സിറിളിനെയാണ് തേന്മാവിന്‍ കൊമ്പത്തിന്റെ കലാസംവിധാനം ഏല്‍പ്പിച്ചത്. നാടോടിക്കഥയിലെ ഗ്രാമചിത്രം പോലെ കൗതുകമാര്‍ന്ന ഭൂപ്രദേശവും മനുഷ്യരും ഉള്‍ക്കൊള്ളുന്ന സിനിമയ്ക്ക് അനുയോജ്യമാര്‍ന്ന കലാചാരുത ഒരുക്കുന്നതില്‍ അദ്ദേഹം അതീവ മികവു കാട്ടി. മാണിക്യനും കാര്‍ത്തുമ്പിയുമായുള്ള മോഹന്‍ലാലിന്റെയും ശോഭനയുടെയും കോമ്പോ മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരമായ നായികാനായക കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളിലൊന്നാണ്. അവരിരുവരും പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം സിനിമയിലാകെ പടരുന്നു. കവിയൂര്‍ പൊന്നമ്മയുടെയും നെടുമുടി വേണുവിന്റെയും മികച്ച പ്രകടനങ്ങളിലൊന്നിനും തേന്മാവിന്‍ കൊമ്പത്ത് സാക്ഷ്യം വഹിക്കുന്നു. ശോഭനയ്ക്കു പുറമേ നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, പപ്പു എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ കോമ്പോയും ഈ സിനിമയുടെ സവിശേഷതയാണ്. നെടുമുടി വേണു-കവിയൂര്‍ പൊന്നമ്മ, ശോഭന-നെടുമുടി വേണു കോമ്പോ സീനുകളും തേന്മാവിന്‍ കൊമ്പത്തിലെ ആകര്‍ഷണീയതയായി മാറി. 

പ്രിയദര്‍ശന്റെ സ്ഥിരം എഡിറ്ററായിരുന്ന എന്‍ ഗോപാലകൃഷ്ണനാണ് തേന്മാവിന്‍ കൊമ്പത്ത് നിര്‍മ്മിച്ചത്. ഗോപാലകൃഷ്ണന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം വ്യത്യസ്ത പശ്ചാത്തലത്തില്‍ ഒരുക്കാമെന്ന നിര്‍ദേശം പ്രിയദര്‍ശന്‍ മുന്നോട്ടുവച്ചു. സിനിമയുടെ എഴുത്തും പ്രിയദര്‍ശന്‍ തന്നെ ഏറ്റെടുത്തു. മികച്ച സിനിമയായിരുന്നിട്ടും മിഥുനത്തിന് പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യത ലഭിക്കാത്തതിനാല്‍ (പില്‍ക്കാലത്ത് കള്‍ട്ട് സ്റ്റാറ്റസ് നേടിയെങ്കിലും) പുതിയ ചിത്രം വ്യത്യസ്തതയ്‌ക്കൊപ്പം വലിയ വിജയവും നേടണമെന്ന ആഗ്രഹം പ്രിയനുണ്ടായിരുന്നു. കാണികള്‍ക്ക് ഒരു നിമിഷം പോലും വിരസത നല്‍കാത്ത പുതുമയാര്‍ന്ന ആവിഷ്‌കാരം കൊണ്ട് തലമുറകള്‍ കൈമാറി കാണുന്ന സിനിമയായി തേന്മാവിന്‍ കൊമ്പത്തിനെ മാറ്റാന്‍ പ്രിയദര്‍ശനായി.

1994 മേയ് 13 ന് റിലീസ് ചെയ്ത തേന്മാവിന്‍ കൊമ്പത്ത് 250 ദിവസമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ഓടിയത്. ആ വര്‍ഷം കമ്മീഷണറിനൊപ്പം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി തേന്മാവിന്‍ കൊമ്പത്ത്. 1994 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥന അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു. മലയാളത്തിലെ 'റിപ്പീറ്റ് വാച്ച് വാല്യു' ഉള്ള സിനിമകളുടെ മുന്‍പന്തിയിലാണ് തേന്മാവിന്‍ കൊമ്പത്തിന്റെ സ്ഥാനം.


തേന്മാവിന്‍ കൊമ്പത്തിന്റെ വന്‍ ജനപ്രീതിയെ തുടര്‍ന്ന് 1994 ലെ ഓണക്കാലത്ത് ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടിലെ കോമഡി-പാരഡി കാസറ്റിനു പേര് 'ദേ മാവേലി കൊമ്പത്ത്' എന്നായിരുന്നു. ഈ സീരിസിന് പിന്നീട് വര്‍ഷങ്ങളോളം തുടര്‍ച്ചയുമുണ്ടായി. തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക്ക് ആയ 'മുത്തു' രജനീകാന്തിന്റെ താരപദവിയും വിപണിമൂല്യവും ഉയര്‍ത്തിയ സിനിമയാണ്. ഹിന്ദിയില്‍ സാത് രംഗ് കേ സപ്‌നേ, ബംഗാളിയില്‍ രാജ, കന്നടയില്‍ സഹുകാരാ എന്നീ റീമേക്കുകളും തേന്മാവിന്‍ കൊമ്പത്തിനുണ്ടായി.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജൂണ്‍ 30, ഷോ റീല്‍ -53

No comments:

Post a Comment