Wednesday, 31 July 2024

റീ മാസ്റ്റര്‍ പതിപ്പുകളില്‍ വീണ്ടെടുക്കുന്ന കാഴ്ചവസന്തം/ തിരുത്തലോടെ ദേവദൂതന്‍, വല്ല്യേട്ടനും ആറാം തമ്പുരാനുമൊക്കെ കാത്തുവെക്കുന്ന സസ്‌പെന്‍സ് എന്താവും?


പല വിതാനത്തില്‍ സാധ്യമാകുന്നതാണ് സിനിമാസ്വാദനം. പ്രദര്‍ശന നേരം മാത്രം രസിപ്പിക്കുകയും തിയേറ്റര്‍ വിടുന്നതോടെ കാണിയില്‍ നിന്ന് പിടിയയഞ്ഞു പോകുന്നതുമായ കേവലാനന്ദം പ്രദാനം ചെയ്യുന്ന സിനിമകളുണ്ട്. ആസ്വാദനത്തെ പാടേ വിരസമാക്കുന്ന സിനിമകളുണ്ട്. ഇത്തരം സിനിമകളെ ഒറ്റക്കാഴ്ച കൊണ്ട് എന്നേക്കുമായി വിസ്മരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായേക്കും. ഇനിയൊരു വിഭാഗമുണ്ട്. ആസ്വാദനത്തെ പൂര്‍ണമായി തൃപ്തിപ്പെടുത്തുകയും ആവര്‍ത്തിച്ചു കാണാന്‍ താത്പര്യം ജനിപ്പിക്കുകയും കാലങ്ങള്‍ക്കു ശേഷവും കാഴ്ചമൂല്യം ശേഷിപ്പിക്കുന്നതുമായവ. അത്തരം സിനിമകളില്‍ തിയേറ്ററില്‍ വിജയിച്ചവയുണ്ട്. അതേസമയം നല്ല സിനിമയായിട്ടു കൂടി റിലീസ് വേളയില്‍ നിശ്ചിത വിഭാഗം കാണികളെ മാത്രം ആകര്‍ഷിക്കുകയും മറഞ്ഞു പോകുകയും ചെയ്തവയുമുണ്ട്. മറിച്ച് ഒരു വിഭാഗം കാണികള്‍ ഈ സിനിമയിലേക്ക് എത്തുന്നത് വളരെ വൈകിയായിരിക്കും. എന്നാല്‍ തിയേറ്ററില്‍ നിന്ന് മറഞ്ഞുപോയ ഈ സിനിമകളെ കുറിച്ച് അധികം വൈകാതെ പ്രേക്ഷകര്‍ വീണ്ടും ചര്‍ച്ച ചെയ്തു തുടങ്ങും. അങ്ങനെ ആ സിനിമയുടെ ഗുണങ്ങളും ആകര്‍ഷണീയ ഘടകങ്ങളെക്കുറിച്ചും കാണികള്‍ പരക്കെ അറിഞ്ഞു തുടങ്ങുന്നു. അതിന് വീണ്ടും കാഴ്ചക്കാരുണ്ടാകുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ചയിലും അതിന് മൂല്യമുണ്ടാകുന്നു. പലപ്പോഴും ഇപ്രകാരം കള്‍ട്ട് സ്റ്റാറ്റസിലേക്ക് എത്തുന്ന സിനിമകള്‍ ടെലിവിഷന്‍ സ്‌ക്രീനിലോ മൊബൈല്‍ ചതുര വടിവിലോ കണ്ട് തൃപ്തിപ്പെടേണ്ടി വരികയാണ് പതിവ്. തിയേറ്ററില്‍ പരാജയപ്പെട്ട നിരവധി സിനിമകള്‍ ഇങ്ങനെ മിനി സ്‌ക്രീനില്‍ കള്‍ട്ട് പദവിയില്‍ എത്തിയ ചരിത്രമുണ്ട്.

എന്നാല്‍ ഇങ്ങനെ കാണാതെ പോയതും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതുമായ വിജയിച്ചതും വിജയിക്കാതെയും പോയ സിനിമകള്‍ തിയേറ്ററില്‍ തന്നെ പുനരവതരിപ്പിക്കുന്ന പതിവിലേക്ക് മാറുകയാണ് സിനിമാ വിപണി. വിഖ്യാത സിനിമകളും കാണികള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്യുന്ന ഈ രീതി ലോകമെങ്ങും സ്വീകരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഫിലിം ആര്‍ക്കൈവ്‌സുകളും അക്കാദമികളും സ്റ്റുഡിയോകളും വഴി ഇത് മുന്നോട്ടുനീക്കുമ്പോള്‍ വാണിജ്യ സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കളും സംവിധായകരുമാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ലോക സിനിമയിലെ ക്ലാസിക്കുകളിലൊന്നായ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഗോഡ് ഫാദര്‍, സിനിമയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ല്‍ 4കെയില്‍ റീ റിലീസ് ചെയ്തിരുന്നു. ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കും 4കെയില്‍ റീമാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്തിട്ടുണ്ട്. റീ മാസ്റ്റേര്‍ഡ് സിനിമാ പതിപ്പുകള്‍ക്ക് മലയാളത്തില്‍ തുടക്കമായിട്ട് അധികമായിട്ടില്ല. ജി അരവിന്ദന്റെ കുമ്മാട്ടിയും തമ്പും പോലുള്ള ക്ലാസിക്ക് സിനിമകളുടെ പ്രിന്റുകള്‍ കണ്ടെത്തിയതും റിസ്‌റ്റോര്‍ പതിപ്പ് ലോകത്തെ വിഖ്യാത ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അരവിന്ദന്റെ കുമ്മാട്ടിയുടെ റീസ്റ്റോര്‍ഡ് 4 കെ പതിപ്പ് കാന്‍ ചലച്ചിത്രമേളയിലും 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ കാലത്തെ സിനിമാസ്വാദകര്‍ക്ക് വലിയ അവസരമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഈ പ്രദര്‍ശനത്തിലൂടെ സാധ്യമായത്. 43 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ചിത്രമാണ് ഇങ്ങനെ വീണ്ടെടുത്തത്. ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെയ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് കുമ്മാട്ടിയെ നവരൂപത്തില്‍ സജ്ജമാക്കിയത്.


ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശിവേന്ദ്ര സിംഗ് ദുംഗര്‍പൂറിന്റെ നേതൃത്വത്തില്‍ ആയിരുന്നു അതീവ ജാഗ്രതയും സാവകാശവും പണച്ചെലവുമുള്ള കുമ്മാട്ടിയുടെ ഈ വീണ്ടെടുക്കല്‍ പ്രക്രിയ സാധ്യമാക്കിയത്. പ്രസാദ് ഫിലിം ലാബില്‍ ആയിരുന്നു കുമ്മാട്ടിയുടെ പ്രിന്റ്. അത് കണ്ടെത്തിയപ്പോള്‍ നെഗറ്റീവുകള്‍ എല്ലാം കുഴമ്പ് രൂപത്തില്‍ ആയിരുന്നുവെന്നും പകുതി പ്രിന്റുകള്‍ ഇരുന്ന പെട്ടികള്‍ തുറക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ശോചനീയമായിരുന്നു അതിന്റെ അവസ്ഥയെന്നും ദുംഗര്‍പൂര്‍ പറയുന്നു. ''അരവിന്ദന്റെ സിനിമകളുടെ ഒരു നെഗറ്റീവ് പോലും കാലത്തെ അതിജീവിച്ചില്ല. ആരും അതിനെ കുറിച്ച ആശങ്കാകുലര്‍ ആയിരുന്നില്ല എന്ന് വേണം കരുതാന്‍. പിന്നീട് ഫിലിം ആര്‍കൈവില്‍ നിന്ന് അരവിന്ദന്‍ ചിത്രങ്ങളുടെ യൂട്യൂബ് പതിപ്പ് കാണുകയും, തുടര്‍ന്ന് സ്‌കോര്‍സിസ്സെ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ചെയ്തു.'' ശിവേന്ദ്ര സിംഗ് ദുംഗര്‍പൂറിന്റൈ വാക്കുകള്‍.

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റീഡിസ്‌കവറിങ് ദി ക്ലാസിക്‌സ് വിഭാഗത്തിലാണ് കുമ്മാട്ടി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഐഎഫ്എഫ്‌കെയിലാണ് കുമ്മാട്ടിയുടെ ഈ 4 കെ പതിപ്പ് പ്രദര്‍ശിപ്പിക്കുന്നത്. സെനഗല്‍ ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രം ജിബ്രില്‍ ദിയോപ് മംബെറ്റിയുടെ ദി ജേര്‍ണി ഓഫ് ദി ഹൈന, അര്‍മേനിയന്‍ കവി സയത് നോവയുടെ ജീവിതം പ്രതിപാദിക്കുന്ന ദി കളര്‍ ഓഫ് പൊമേഗ്രനേറ്റ്‌സ്, എഡ്വേര്‍ഡ് യാങ് സംവിധാനം ചെയ്ത തായ്വാന്‍ ചിത്രം തായ്‌പേയ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍ റീമാസ്റ്റര്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചു. മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍ സംരക്ഷിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പദ്ധതിയുടെ ഭാഗമായി ഓളവും തീരവും, കാവ്യമേള, യവനിക, വാസ്തുഹാര, ഓര്‍മ്മകളുണ്ടായിരിക്കണം, ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകള്‍ റീസ്‌റ്റൊറേഷന്‍ ചെയ്തിട്ടുണ്ട്.


1995 ല്‍ റിലീസ് ചെയ്ത ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം ആണ് മലയാളത്തിലെ വാണിജ്യ സിനിമകളില്‍ റീ മാസ്റ്റേര്‍ഡ് തരംഗത്തിന് തുടക്കമിട്ടത്. 2023 ഫെബ്രുവരി 9 ന് റീ റിലീസ് ചെയ്ത സ്ഫടികം ആദ്യ ദിവസം 77 ലക്ഷം രൂപയാണ് കളക്ഷന്‍ നേടിയത്. രണ്ടാം റിലീസില്‍ 4.85 കോടി രൂപയാണ് ചിത്രം ആകെ നേടിയ കളക്ഷന്‍. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം 3.05 കോടി ലഭിച്ചു. ഒരു റീ റിലീസ് ചിത്രത്തിന്റെ റെക്കോര്‍ഡ് കളക്ഷനാണിത്. കേരളത്തിലെ 150 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആകെ 500 തിയേറ്ററുകളിലാണ് സിനിമ റീ റിലീസ് ചെയ്തത്.

സ്ഫടികത്തിന്റെ വിപണി വിജയം റീ റിലീസിങ് എന്ന പുതിയ പ്രവണതയ്ക്ക് തുടക്കമിടുന്നതായിട്ടാണ് കാണിക്കുന്നത്. സിബി മലയില്‍-മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ ആണ് സ്ഫടികത്തെ തുടര്‍ന്ന് തിയേറ്ററിലെത്തുന്ന ചിത്രം. സ്ഫടികത്തെ പോലെ തിയേറ്റര്‍ വിജയമായിരുന്നില്ല ദേവദൂതന്‍. എന്നാല്‍ പ്രേക്ഷകരുടെ നിരന്തര ചര്‍ച്ചയില്‍ ഇടം നേടിയ ചിത്രമാണിത്. സമൂഹമാധ്യമ കാലത്ത് ഇത്തരം റിപ്പീറ്റ് വാല്യു ഉള്ള സിനിമകളെയും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളെയും കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ദേവദൂതനും മണിച്ചിത്രത്താഴും സ്ഫടികവുമൊക്കെ ഈ പട്ടികയില്‍ സജീവമായി ചര്‍ച്ചയ്‌ക്കെത്താറുള്ള സിനിമകളാണ്. സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി. ദേവദൂതന്‍ എന്തുകൊണ്ട് തിയേറ്ററില്‍ പരാജയപ്പെട്ടുലെന്ന് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നതു കണ്ടാണ് റീ മാസ്റ്റര്‍ ചെയ്യാന് തീരുമാനിച്ചതെന്ന് സംവിധായകന്‍ സിബി മലയില്‍ അഭിപ്രായപ്പെട്ടിരുന്നു. ആറു മാസമെടുത്താണ് ഈ സിനിമയുടെ റീ മാസ്റ്റര്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. 4 കെ ദൃശ്യമികവോടെ ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിസ്മയത്തില്‍ എത്തുന്ന ദേവദൂതന്റെ റീമാസ്‌റ്റേര്‍ഡ് പതിപ്പിന് ഈ സിനിമയുടെ മിസ്റ്ററി-ഹൊറര്‍ പശ്ചാത്തലത്തോട് കൂടുതല്‍ ദൃശ്യ-ശ്രവ്യ നീതി പുലര്‍ത്താനാകും. ഇത് പ്രേക്ഷകര്‍ക്കും പുതിയ അനുഭവമാകും. അങ്ങനെ തിയേറ്ററില്‍ പരാജയമായ ഒരു സിനിമയുടെ പുനരവതരണമെന്ന പ്രത്യേകതയ്ക്കും ദേവദൂതന്‍ നിമിത്തമാകും. 


ഒരു സിനിമ റിലീസ് ചെയ്ത കാലത്ത് അത് തിയേറ്ററില്‍ നിന്ന് കാണാന്‍ സാധിച്ചവര്‍ക്കും അതിനു ശേഷം ജനിച്ചവര്‍ക്കും ഒരുമിച്ചിരുന്ന് അതേ സിനിമ വീണ്ടും തിയേറ്ററില്‍ കാണാനുള്ള അവസരമാണ് റീ റിലീസിങ് പ്രവണതയിലൂടെ സാധ്യമാകുന്ന പുതുമ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഫാസിലിന്റെ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. സ്ഫടികത്തേക്കാള്‍ വലിയ റിലീസ് ആയിരിക്കും മണിച്ചിത്രത്താഴ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഈ സിനിമ ആവര്‍ത്തിച്ചു കാണുവാന്‍ താത്പര്യപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. കഴിഞ്ഞ വര്‍ഷം കേരളീയം പരിപാടിയില്‍ മണിച്ചിത്രത്താഴിന് പ്രദര്‍ശന വേളയില്‍ ലഭിച്ച സ്വീകാര്യതയും ആവര്‍ത്തിച്ചുള്ള സ്‌ക്രീനിങ്ങും ഇത് സാധൂകരിക്കുന്നു. ദൃശ്യ, ശബ്ദ പരിചരണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ സിനിമയുടെ പരിഷ്‌കരിച്ച പതിപ്പ് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായേക്കും. ഓഗസ്റ്റ് 17 ന് മാറ്റിനി നൗവും ഇ 4ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് തിയേറ്ററില്‍ എത്തിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി ആവര്‍ത്തന കാഴ്ചയില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ സാധിക്കുന്ന സിനിമകളും വന്‍ തിയേറ്റര്‍ വിജയങ്ങളായ സിനിമകളുമാണ് റീ റിലീസിങ് സാധ്യത മുന്നോട്ടു വയ്ക്കുന്നത്. ഇത്തരം സിനിമകളാണ് കാണികള്‍ തിയേറ്ററില്‍ ആവശ്യപ്പെടുന്നതും. ഒരു വടക്കന്‍ വീരഗാഥ, കിരീടം, 1921, ദേവാസുരം, കാലാപാനി, ആറാം തമ്പുരാന്‍, വല്യേട്ടന്‍, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകള്‍ ഈ മാതൃകയില്‍ റീ റിലിസിന് ഒരുങ്ങുകയാണ്.


മലയാള സിനിമയ്ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാനായ വര്‍ഷമാണ് 2024. എന്നാല്‍ ഈ വര്‍ഷം പ്രതിസന്ധി നേരിട്ട തമിഴ് സിനിമാ വിപണി പഴയകാല ഹിറ്റുകള്‍ റീ റിലീസ് ചെയ്താണ് മാന്ദ്യത്തെ മറികടക്കാന്‍ ശ്രമിച്ചത്. ഇതില്‍ വിജയ്‌യുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ഗില്ലി റെക്കോര്‍ഡ് കളക്ഷനാണ് രണ്ടാം വരവില്‍ നേടിയത്. റീമാസ്റ്റര്‍ ചെയ്ത പതിപ്പ് രണ്ടാഴ്ച കൊണ്ട് 30 കോടി നേടി തമിഴ് സിനിമാ വ്യവസായത്തെ താങ്ങിനിര്‍ത്തി. മുത്തു, ആളവന്താന്‍, ബില്ല, വല്ലവന്‍, പോക്കിരി, മിന്നലെ, വിണ്ണൈത്താണ്ടി വരുവായാ, വാരണം ആയിരം, വേട്ടയാട് വിളയാട്, ബാബ, മങ്കാത്ത, ത്രീ തുടങ്ങിയ സിനിമകളും വീണ്ടും തിയറ്ററിലെത്തി. കമല്‍ഹാസന്‍- മണിരത്‌നം കൂട്ടുകെട്ടിലെ പ്രശസ്ത ചിത്രം നായകന്റെ റി മാസ്റ്റേര്‍ഡ് പതിപ്പ് കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തിയിരുന്നു. 2012 ലാണ് തമിഴില്‍ റീ റിലീസ് രീതിക്ക് തുടക്കമിട്ടത്. കോവിഡിനു ശേഷം പഴയ പ്രതാപത്തിലേക്ക് പൂര്‍ണമായി തിരിച്ചെത്താന്‍ സാധിക്കാത്ത ബോളിവുഡും പഴയ ഹിറ്റ് സിനിമകളുടെ പരിഷ്‌കരിച്ച പതിപ്പിന്റെ റിലീസുകളിലേക്ക് എത്തിയിട്ടുണ്ട്.

സിനിമയുടെ ലഭ്യമായ ഏറ്റവും നല്ല ഫിലിം പ്രിന്റ് കണ്ടെത്തുകയെന്നതാണ് റീ മാസ്റ്റര്‍ പതിപ്പിനു വേണ്ട പ്രാഥമിക കര്‍ത്തവ്യം. പ്രിന്റിനെ അനലോഗില്‍ നിന്നും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് സ്‌കാന്‍ ചെയ്യുന്നതാണ് ലഘുവായി പറഞ്ഞാല്‍ റീ മാസ്റ്റര്‍ പ്രവര്‍ത്തനം. എന്നാല്‍ ഇത് അതിസങ്കീര്‍ണവുമാണ്. പഴയ മിക്ക സിനിമകളുടെയും പ്രിന്റുകള്‍ ലഭ്യമല്ല. പലതും കാലങ്ങളായി പെട്ടികളിലടഞ്ഞ് തുരുമ്പെടുത്തും കാലപ്പഴക്കത്താലും നശിച്ചവയാണ്. പ്രിന്റിന് കേടുപാട് സംഭവിച്ചാല്‍ റീ മാസ്റ്റര്‍ പ്രവര്‍ത്തനവും അത്രതന്നെ സങ്കീര്‍ണമാകും, ഫിലിമില്‍ ദൃശ്യത്തിനായി ചെയ്ത പോലെത്തന്നെ സിനിമയുടെ ശബ്ദത്തിലും ഈ ഡിജിറ്റല്‍ സ്‌കാനിങ് പ്രക്രിയ നടക്കും. ഒടുവില്‍ കളര്‍ ഗ്രേഡിങ്ങും നടത്തിയാണ് സിനിമയുടെ 4കെ പതിപ്പ് തയ്യാറാക്കുന്നത്. സൈനയും മാറ്റിനി നൗവും പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ഈ മാതൃകയില്‍ നിരവധി പഴയ സിനിമകള്‍ യുട്യൂബ് ചാനലിനു വേണ്ടി മികച്ച കാഴ്ചനിലവാരത്തില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്.


കുറേക്കൂടി മികച്ച ശബ്ദ, ദൃശ്യ നിലവാരത്തില്‍, എന്നാല്‍ സിനിമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാനാകുന്നു എന്നതാണ് റി മാസ്റ്ററിങ്ങിന്റെ സാധ്യതകളിലൊന്ന്. സിനിമ റിലീസ് ചെയ്ത കാലഘട്ടത്തിന് ആവശ്യമായതും എന്നാല്‍ ഇപ്പോള്‍ റീ റിലീസിന് ആവശ്യമില്ലെന്നു തോന്നുന്നതുമായ ചില സീക്വന്‍സുകളെങ്കിലും വെട്ടിമാറ്റാനുള്ള സാധ്യതയും ഇത് തുറന്നിടുന്നുണ്ട്. ദേവദൂതന്റെ റീ റിലീസില്‍ അത്തരമൊരു സാധ്യത പ്രയോജനപ്പെടുത്തിയതായി സിബി മലയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കറുപ്പിലും വെളുപ്പിലും ഉള്‍പ്പെടെ വന്ന പഴയ ക്ലാസിക്കുകളില്‍ ചിലതിനെങ്കിലും ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും തനിമ നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയും റീ മാസ്റ്ററിങ്ങില്‍ നിലനില്‍ക്കുന്നു.

മാതൃഭൂമി ഓണ്‍ലൈന്‍, 2024 ജൂലൈ 28, ഷോ റീല്‍ -54

No comments:

Post a Comment