ലോക രാജ്യങ്ങളിലെ കായിക പ്രതിഭകളുടെ മാത്സര്യവീര്യത്തിന് സാക്ഷ്യം വഹിച്ച് 33-ാമത് ഒളിമ്പിക്സിന് പാരീസില്‍ സമാപനം. ജൂലൈ 26 ന് നഗരത്തിലെ സീന്‍ നദിയിലെയും തീരത്തെയും തുറന്ന വേദിയിലെ പ്രൗഢോജ്ജ്വല ചടങ്ങോടെ ആരംഭിച്ച ഒളിമ്പിക്സിന് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയോടെയാണ് സമാപനമായത്. നാലു വര്‍ഷത്തിനു ശേഷം ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സിന്റെ ദീപശിഖ തെളിയുക.
അമേരിക്കയാണ് പാരീസ് ഒളിമ്പിക്സിലെ ചാമ്പ്യന്മാര്‍. 126 മെഡലുകളോടെയാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമതെത്തിയത്. തുടര്‍ച്ചയായ നാലം തവണയാണ് അമേരിക്ക ഒളിമ്പിക് ചാമ്പ്യന്മാരാകുന്നത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലെ സുവര്‍ണ നേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും പല മത്സരങ്ങളിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ഇന്ത്യന്‍ കായിക സംഘം പാരീസ് വിട്ടത്. ലോസ് അഞ്ചലസില്‍ മെഡല്‍ നേട്ടം വര്‍ധിപ്പിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ നിലനിര്‍ത്തി നിരവധി ഭാവിതാരങ്ങളെ സംഭാവന നല്‍കാനും ഈ ഒളിമ്പിക്സിലൂടെ ഇന്ത്യക്കായി.
ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കര്‍ മുതല്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വരെ ഇന്ത്യയുടെ അഭിമാനമായി മാറിയപ്പോള്‍ ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടും ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ കണ്ണീരായി. ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ ഒളിമ്പിക്സില്‍ സുവര്‍ണ നേട്ടം സമ്മാനിച്ച നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തി.
വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റലിലും 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് മത്സരത്തില്‍ സരബ്‌ജ്യോത് സിങ്ങിനൊപ്പവും വെങ്കല മെഡല്‍ നേട്ടം കൊയ്ത മനു ഭാകറാണ് ഇത്തവണ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിലെ ഏറ്റവും ശ്രദ്ധേയ താരം. പാരീസില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലും മനു ഭാകറിലൂടെയായിരുന്നു. മനു ഭാകറിന് മൂന്നാമതൊരു മെഡല്‍ കൈയെത്തും ദൂരത്ത് നഷ്ടമാകുന്നതിനും പാരീസ് സാക്ഷ്യം വഹിച്ചു.
50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്നില്‍ കുശാലെയിലൂടെയും പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്തിലൂടെയും പുരുഷ ഹോക്കിയിലൂടെയും ഇന്ത്യ വെങ്കല മെഡലുകള്‍ സ്വന്തമാക്കി. സ്പെയിനിനെ കീഴടക്കിയായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കലം നേടിയത്. അമന്‍ സെഹ്‌റാവത്താണ് ഇന്ത്യയുടെ അവസാന മെഡല്‍ നേടിയത്. ഒളിമ്പിക് മെഡല്‍ നേടുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നിലയിലാണ് അമന്‍ ഷെരാവത്ത് ശ്രദ്ധേയനായത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ എട്ടാം മെഡല്‍ നേട്ടമാണിത്.
മെഡല്‍ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയ അമേരിക്കയും ചൈനയും ആദ്യ ദിനം മുതല്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ഒന്നും രണ്ടും സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മാറിമറിഞ്ഞ മുന്നേറ്റം കാഴ്ചവച്ച ഇരു രാജ്യങ്ങളും അവസാന ദിനം വരെ ഇത് തുടര്‍ന്നു. ഫോട്ടോ ഫിനിഷിലാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തിയത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും ഉള്‍പ്പെടെയാണ് അമേരിക്ക ആകെ 126 മെഡലുകള്‍ നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ചൈനയ്ക്കും 40 സ്വര്‍ണ മെഡലുകളുണ്ട്. എന്നാല്‍ 27 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടുന്ന ചൈനയുടെ ആകെ മെഡല്‍ നേട്ടം 91 ല്‍ അവസാനിച്ചതോടെയാണ് അമേരിക്ക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. അവസാന ദിനം നടന്ന നിര്‍ണായക മത്സരങ്ങളിലെ സ്വര്‍ണ നേട്ടമാണ് അമേരിക്കയ്ക്ക് തുണയായത്. അവസാന ദിനത്തെ മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ ചൈനയായിരുന്നു മുന്നില്‍.
ചൈനയ്ക്ക് പിന്നില്‍ 39 സ്വര്‍ണവുമായി അമേരിക്ക ഒളിമ്പിക്സ് മെഡല്‍ നേട്ടം അവസാനിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന വേളയിലാണ് വനിതാ ബാസ്‌കറ്റ് ബോള്‍ ടീം അനിവാര്യമായിരുന്ന സ്വര്‍ണമെഡല്‍ കരസ്ഥമാക്കി അമേരിക്കയെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെയാണ് അമേരിക്ക തോല്‍പ്പിച്ചത്. ഈ ഒളിമ്പിക്സിലെ അവസാന മത്സരമായിരുന്നു ഇത്. ഇതോടെ കപ്പിനും ചുണ്ടിനുമിടയില്‍ ഒളിമ്പിക് ചാമ്പ്യന്‍ പട്ടം ചൈനയ്ക്ക് നഷ്ടമായി. 2008 ല്‍ സ്വന്തം നാട്ടില്‍ നടന്ന ബീജിങ് ഒളിമ്പിക്സിലാണ് അവസാനമായി ചൈന കിരീടം നേടിയത്. അന്ന് അമേരിക്കയായിരുന്നു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പിന്നീട് തുടര്‍ച്ചയായ നാലു വര്‍ഷം അമേരിക്ക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.
പാരീസില്‍ അത്ലറ്റിക്സിലും നീന്തലിലുമാണ് അമേരിക്ക സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. ഡൈവിങ്, ഷൂട്ടിങ്, ടേബിള്‍ ടെന്നീസ്, ഭാരദ്വേഹനം എന്നിവയില്‍ നിന്നാണ് ചൈനയ്ക്ക് ഭൂരിഭാഗം സ്വര്‍ണ മെഡലുകളും ലഭിച്ചത്. മെഡല്‍ പട്ടികയില്‍ 20 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്ത് എത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി 71-ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ തവണ ടോക്യോയില്‍ സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളുണ്ടായിരുന്നു.
നീന്തലില്‍ നാലു സ്വര്‍ണം നേടി ഫ്രഞ്ച് താരം ലിയോണ്‍ മര്‍ച്ചന്റ് ഈ ഒളിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയതാരങ്ങളിലൊരാളായി. ഒളിമ്പിക്സിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍ ഹീറ്റ്സില്‍ അമേരിക്കയുടെ നോവാ ലയേഴ്സ്, വനിതകളില്‍ സെന്റ് ലൂസിയയുടെ ജെ. ആല്‍ഫ്രഡ്, 200 മീറ്ററില്‍ ബോട്സ്വാനയുടെ എല്‍ ടെബോഗോ, വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ഗബ്രിയേലെ തോമസ് എന്നിവര്‍ സുവര്‍ണ താരങ്ങളായി. ഈ ഒളിമ്പിക്സില്‍ ഗബ്രിയേലേയുടെ ആകെ സ്വര്‍ണ നേട്ടം മൂന്നാണ്. 400 മീറ്റര്‍ ഹര്‍ഡ്ലിസില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അമേരിക്കയുടെ സിഡ്നി മക് ലോഗ്ലിന്‍ ലെവോണ്‍ ആണ് പാരീസ് ഒളിമ്പിക്സിന്റെ മറ്റൊരു സുവര്‍ണ താരം.
കലാ-കായിക-സാങ്കേതിക പ്രകടനങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷങ്ങളോടെയായിരുന്നു ലോക കായിക മേളയ്ക്ക് സമാപനം കുറിച്ചത്. ചരിത്ര പ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്‍സിലായിരുന്നു സമാപന ചടങ്ങുകള്‍ നടന്നത്. 1998 ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം ചൂടിയത് ഈ ഗ്രൗണ്ടിലാണ്. എണ്‍പതിനായിരത്തോളം കാണികളാണ് സമാപന ചടങ്ങിന് സ്റ്റേഡിയത്തില്‍ എത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയും ചടങ്ങില്‍ പങ്കെടുത്തു. ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളുടെയും താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് ലോക കായിക മേളയുടെ പ്രൗഢി വിളിച്ചോതുന്നതായി. ഈ ഒളിമ്പിക്സോടെ വിരമിച്ച ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാകറുമാണ് ഇന്ത്യക്കായി ദേശീയപതാകയേന്തിയത്.
ലോക ഭൂപടത്തിന്റെ മാതൃകയില്‍ തീര്‍ത്ത സ്റ്റേഡിയത്തില്‍ പറന്നിറങ്ങിയ ഹോളിവുഡ് താരം ടോം ക്രൂസ് സമാപന ചടങ്ങില്‍ ആവേശമായി. തന്റെ പ്രശസ്തമായ ആക്ഷന്‍ സീക്വന്‍സുകള്‍ അനുകരിച്ച് ക്രൂസ് സ്റ്റേഡിയത്തിലെ പ്രേക്ഷകരെ അമ്പരപ്പിച്ചു. അമേരിക്കന്‍ റോക്ക് ബാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, ഫ്രഞ്ച് ബാന്‍ഡ് ഫിനിക്സിസ് എന്നിവയുടെ സംഗീത പരിപാടിയായിരുന്നു മറ്റൊരാകര്‍ഷണം. ലോകമെമ്പാടുമുള്ള അനേക ലക്ഷം കായികപ്രേമികള്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെയും ഈ വിസ്മയക്കാഴ്ചയ്ക്ക് സാക്ഷികളായി. ലോസ് ആഞ്ചലസ് ബീച്ചുകളില്‍ നിന്നുള്ള തത്സമയ സംപ്രേഷണം സമാപന ചടങ്ങിന് മനോഹാരിത വര്‍ധിപ്പിച്ചു.
പാരീസ് മേയര്‍ ആനി ഹിഡല്‍ഗോയില്‍ നിന്ന് അടുത്ത ഒളിമ്പിക്സ് നടക്കുന്ന ലോസ് ആഞ്ചലസ് നഗരത്തിന്റെ മേയര്‍ കരന്‍ ബസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ട്യൂലറികളില്‍ നിന്ന് പ്രയാണം ചെയ്ത ഒളിമ്പിക് ജ്വാല അണഞ്ഞപ്പോള്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് ഔദ്യോഗികമായി പാരിസ് ഒളിമ്പിക്സ് അവസാനിച്ചതായി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം ലോസ് ആഞ്ചലസില്‍ ഒത്തുചേരാന്‍ അദ്ദേഹം ലോകത്തെ ക്ഷണിച്ചു.
ഇനി നാലു വര്‍ഷത്തെ കാത്തിരിപ്പ്. കായിക താരങ്ങളുടെ പോരാട്ട വീര്യത്തിന്റെ മാറ്റുരയ്ക്കലിനും പുതിയ കായിക പ്രതിഭകളുടെ ഉയിര്‍ത്തേല്‍പ്പിനും ലോസ് ആഞ്ചലസ് നഗരവും ലോകവും സാക്ഷിയാകും.
https://www.youtube.com/watch?v=fiL-666COgg
ആകാശവാണി, വാര്‍ത്താവീക്ഷണം, 2024 ആഗസ്റ്റ് 12
No comments:
Post a Comment