ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ വിഖ്യത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഓര്‍മ്മയായി. ഛായാഗ്രാഹണ കലയിലൂടെ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് നിര്‍ണായക സംഭാവന നല്‍കുകയും സമാന്തര സിനിമാ ധാരയില്‍ വേറിട്ട വഴി വെട്ടിത്തുറക്കുകയും ചെയ്ത മഹാനായ ചലച്ചിത്രകാരനെയാണ് ഷാജി എന്‍ കരുണിന്റെ നിര്യാണത്തോടെ മലയാളത്തിന് നഷ്ടമാകുന്നത്. അഞ്ചു പതിറ്റാണ്ട് കാലം ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയിലെ നിറസാന്നിധ്യമാകാന്‍ അദ്ദേഹത്തിനായി. സര്‍ഗാത്മക മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ടു പോകുമ്പോഴും മലയാള സിനിമയുടെ മികവിനും പുരോഗതിക്കുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിലും ഷാജി എന്‍ കരുണ്‍ മുന്നില്‍ നിന്നു.
സംവിധാനം നിര്‍വ്വഹിച്ച ആദ്യ സിനിമയായ പിറവി, തുടര്‍ന്ന് സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകളിലൂടെയാണ് ഷാജി മലയാളത്തിന്റെ വിതാനം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിയത്. സംവിധായകനാകുന്നതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ജി. അരവിന്ദന്റെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ഷാജിയുടെ ഛായാഗ്രാഹണ മികവ് പതിഞ്ഞിരുന്നു. 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത പിറവി, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വം, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ ഷാജി എന്‍. കരുണിനായി.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചില സിനിമകള്‍ ഒരുക്കുകയും ഒട്ടേറെ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഷാജി എന്‍ കരുണ്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രാഹണത്തില്‍ സ്വര്‍ണ മെഡലോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ജോലി ചെയ്യവേയാണ് ജി. അരവിന്ദനൊപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ഒരിടത്ത്, ചിദംബരം തുടങ്ങിയ വിഖ്യാത സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയത് ഷാജി ആയിരുന്നു. മലയാള സിനിമയിലെ ഛായാഗ്രാഹണ കലയെ വേറിട്ട വിതാനത്തില്‍ പ്രതിഷ്ഠിക്കാനും കലാപരമായ ഔന്നത്യം നല്‍കാനും ഷാജിയുടെ ക്യാമറക്കായി. കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ കവിഞ്ഞ് അതിന് മിഴിവും ആഴവും നല്‍കാനും അതിലൂടെ സിനിമയുടെ ആസ്വാദന തലത്തിന്റെ മികവ് കൂട്ടാനും ഷാജിക്കായി. കൂടെവിടെ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, പഞ്ചവടിപ്പാലം, മീനമാസത്തിലെ സൂര്യന്‍, മംഗളം നേരുന്നു, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒന്നുമുതല്‍ പൂജ്യം വരെ, സര്‍ഗം തുടങ്ങിയ ശ്രദ്ധേയ സിനിമകളും ഷാജിയുടെ ഛായാഗ്രാഹണ മികവിന് ദൃഷ്ടാന്തമാണ്.
1970 കളില്‍ മലയാള സിനിമ നവതരംഗത്തിലേക്ക് പ്രവേശിക്കുകയും ശക്തമായ സമാന്തരധാര വെട്ടിത്തുറക്കുകയും ചെയ്ത കാലത്ത് ഛായാഗ്രാഹണ കലയിലൂടെ അതിന് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നയാളായിരുന്നു ഷാജി എന്‍ കരുണ്‍. ഫ്രെയിമില്‍ കടുംചായങ്ങള്‍ക്കു പകരം മിതത്വമുള്ളതും പ്രമേയം ആവശ്യപ്പെടുന്നതുമായ ദൃശ്യപരിചരണ രീതിയായിരുന്നു ഷാജിയുടേത്. ഹരിഹരന്‍, കെ.ജി ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടേത് ഉള്‍പ്പെടെ 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ഷാജി പ്രവര്‍ത്തിച്ചു.
ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച പിറവി മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ലോക ചലച്ചിത്ര ഭൂപടത്തില്‍ മലയാളത്തെ പ്രതിഷ്ഠിച്ച ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. പിറവിയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഷാജിയെ തേടിയെത്തി. പിറവിക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാന്‍ ചലച്ചിത്ര മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളായി ഷാജി എന്‍ കരുണ്‍ മാറി.
പ്രമേയ സ്വീകരണത്തിലെയും ആവിഷ്‌കാരത്തിലെയും പുതുമയാണ് ഷാജി എന്‍ കരുണ്‍ എന്ന സംവിധായകനെ വേറിട്ടു നിര്‍ത്തിയത്. പൂര്‍വ്വമാതൃകകള്‍ ഇല്ലാത്തതും അനുകരിക്കാന്‍ സാധിക്കാത്തതുമായ ശൈലി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിലെ സമാന്തര സിനിമാ ധാരയിലെ പ്രഥമ ഗണനീയരിലൊരാളായി അദ്ദേഹത്തെ വിലയിരുത്തുന്നു. ഓരോ സിനിമയ്ക്കുമിടയില്‍ കൃത്യമായ ഇടവേള സൂക്ഷിക്കുകയും പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയും ചെയ്യുന്നതായിരുന്നു ഷാജിയുടെ രീതി. ദീര്‍ഘമായ കരിയറില്‍ ഏഴ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ അടിയന്തരാവസ്ഥകാലത്തെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പിറവിക്ക് ഇതിവൃത്തമായപ്പോള്‍ ഏകാകിയായ സ്ത്രീയുടെ സംഘര്‍ഷങ്ങളായിരുന്നു സ്വമ്മില്‍ പ്രമേയമായത്. കഥകളി കലാകാരനായ കുഞ്ഞികുട്ടന്റെ ആത്മസംഘര്‍ഷങ്ങളാണ് വാനപ്രസ്ഥത്തില്‍ ആവിഷ്‌കരിക്കുന്നത്. ഘടനാപരമായി നാല് വ്യത്യസ്ത പശ്ചാത്തലങ്ങളായി തിരിച്ചിരിക്കുന്ന ആഖ്യാനമായിരുന്നു കുട്ടിസ്രാങ്കിന്റേത്
പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്നുതവണയും ഷാജിയെ തേടിയെത്തി. സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.
പത്മശ്രീ ബഹുമതിക്കും ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്' പുരസ്‌കാരത്തിനും ഈ സംവിധായക പ്രതിഭ അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍.കരുണിനെ തേടിയെത്തിയത് 2023 ലാണ്.
1952 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975 ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ച ഷാജി 1976 ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. 1998 ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു ഷാജി എന്‍ കരുണ്‍. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മല്‍സരവിഭാഗം ആരംഭിച്ചത്.
മലയാള സിനിമയുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുകയും ചെയ്തുകൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണം.
ഷാജി എന്‍ കരുണിന്റെ വിടവാങ്ങലിലൂടെ കലാമൂല്യമുള്ള സൃഷ്ടികളുടെ പ്രബലമായ കണ്ണിയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. മലയാള സിനിമയുടെ ഔന്നത്യം ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് വളര്‍ത്തിയ അനശ്വര ചലച്ചിത്രകാരന് ആകാശവാണിയുടെ പ്രണാമം.
ആകാശവാണി, വാര്‍ത്താവീക്ഷണം, 2025 ഏപ്രില്‍ 30












_poster.jpg)